‘വിദ്യാർത്ഥികളെ പറിച്ച് നടുമ്പോൾ!’
ഡോ. ജോൺ പനയ്ക്കൽ
നാട്ടിലും ഇവിടെയുമുള്ള വിദ്യാർത്ഥികളെ ചില പ്രത്യേക സാഹചര്യങ്ങളിൽ സ്ഥലം മാറ്റി പഠിപ്പിക്കേണ്ട അവസ്ഥയുണ്ടാകുന്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും ശരിയായ ഗൃഹപാഠം നടത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈയിടെയായി കൗൺസിലിംഗിനെത്തുന്ന വിദ്യാർത്ഥികളിൽ നല്ലൊര വിഭാഗം നാടു മാറി പഠിക്കാൻ നിർബന്ധിതരായതിന്റെ കേടും പാടും പേറുന്നവരാണ്. ചില അനുഭവങ്ങൾ പങ്കുവെയ്ക്കുന്പോൾ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു കർമ്മമാണ് ‘വിദ്യാർത്ഥികളെ പറിച്ചു നടുന്ന കർമ്മം’ എന്ന് മനസ്സിലാകും. പാടത്ത് ഞാറ് പറിച്ചു നടുന്നതു പോലെ ലളിതമല്ല ഈ പറിച്ചു നടീൽ. ഒരു പ്രവാസിയുടെ കടുത്ത മനോസംഘർഷത്തെക്കുറിച്ച് പറയട്ടെ. മൂന്ന് പെൺമക്കളാണ് അദ്ദേഹത്തിന്. 11ലും 9ലും 7ലും പഠിക്കുന്നു. ഇവിടെ പ്രവാസലോകത്ത് കുടുംബമായി താമസിക്കുന്നതിനുള്ള വരുമാനം അദ്ദേഹത്തിനില്ല. എങ്കിലും ഈ മൂന്ന് കുട്ടികളെയും അവരുടെ അമ്മയെയും ഇവിെട കൊണ്ടുവരാൻ അദ്ദേഹം നിർബന്ധിതനായി. നാട്ടിൽ അവർ അത്രയ്ക്ക് ‘അടിപൊളി’ ജീവിതമായിരുന്നു. അശക്തയായ അമ്മയെ അനുസരിക്കില്ല. മൂന്നുപേർക്കും പ്രേമബന്ധം. പഠിത്തത്തിൽ ശ്രദ്ധയില്ല. സ്കൂളിൽ നിന്ന് നിരന്തരം പരാതി. പിന്നെ പറിച്ചു നടുകയല്ലാതെ എന്തു പോംവഴി. മിച്ചമായി ഒന്നും മാസാന്ത്യത്തിൽ ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നിട്ടും കുഞ്ഞുങ്ങളുടെ ഭാവിയെയും നല്ല നടപ്പിനെയും കരുതി അവരെ ഇവിടെ എത്തിച്ച് സ്കൂളിൽ ചേർത്തു. ഇവിടത്തെ സ്കൂളിന്റെ സാഹചര്യവുമായി ഒത്തുചേരാൻ അവർക്ക് സമയമെടുക്കേണ്ടി വന്നു. ഭാഷയായിരുന്നു പ്രധാന പ്രശ്നം. നാട്ടിൽ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നുവെങ്കിലും ഇവിടുത്തെ കുട്ടികളുടെ ആംഗലേയഭാഷാ പ്രാവീണ്യത്തിന്റെ അടുത്തെങ്ങും അവർക്കെത്താൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ഒരുതരം അപകർഷതാ ബോധം മൂന്നു പേരിലും ഉടലെടുത്തു. പുതിയ കൂട്ടുകെട്ടുകൾക്കായി ശ്രമിച്ചെങ്കിലും ആരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെട്ട ദ്വീപു പോലെയായി അവർ. അദ്ധ്യാപകൻ ക്ലാസിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ പോലും ഗ്രഹിക്കാൻ അവർക്ക് പ്രയാസം. ക്ലാസ് പരീക്ഷകളിൽ വളരെ താഴ്ന്ന ശതമാനം മാർക്കുകൾ മാത്രം. മൂന്നുപേരും ബഹളമുണ്ടാക്കി അവർക്ക് തിരികെ പോകണമെന്ന്. നാട്ടിലെപ്പോലെ പുറത്തിറങ്ങി നടക്കുവാനോ ആളുകളെ കണ്ടുമുട്ടി കുശലം പറയുവാനോ തുലോം അവസരങ്ങൾ ഇവിടെ ചുരുക്കം. കരയിലെത്തിയ മത്സ്യത്തിന്റെ വീർപ്പുമുട്ടൽ. നാട്ടിൽ തിരികെപ്പോകാൻ അച്ഛൻ അനുവദിക്കാത്തതു കൊണ്ട് മൂന്നു പേരും വീട്ടിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. ഗത്യന്തരമില്ലാതെ അച്ഛൻ അവരെ മൂന്നിനെയും എന്റെടയുത്ത് എത്തിച്ചു. ഞാൻ അച്ഛന്റെ തീരുമാനത്തിന് ഓശാന പാടുമെന്ന് കരുതി ആദ്യം അവർ മനസ് തുറന്നില്ല. ഒടുവിൽ തുറക്കേണ്ടി വന്നു. അവരുടെ വാദത്തിൽ ന്യായമുണ്ട്. അച്ഛന്റെ നിലപാട് അംഗീകരിക്കുകയല്ലാതെ നിവൃത്തിയുമില്ല. ഒരു പരീക്ഷണമായി ഒരു വർഷമെങ്കിലും ഇവിടെ തുടരാമെന്ന് എല്ലാവരും ചേർന്ന് സമ്മതിച്ചു. പക്ഷേ പ്രശ്നങ്ങളെല്ലാം ബാക്കിയായി നിൽക്കുന്നു. വിദ്യാർത്ഥികളെ പറിച്ച് നടുന്പോൾ ശ്രദ്ധിക്കേണ്ടി നിരവധി ഘടകങ്ങളുണ്ട്. നമ്മുടെ മനോസംതൃപ്തിക്കും സൗകര്യത്തിനുമനുയോജ്യമായി ഏകപക്ഷീയമായ ഒരു തീരുമാനമെടുക്കുന്നത് കുഞ്ഞുങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. നാട്ടിൽ നിന്നും പ്രവാസത്തിലേക്കാണ് പഠിത്തം മാറ്റി പ്രതിഷ്ഠിക്കുന്നത്. എങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1. 8ാം തരം മുതൽ മുകളിലോട്ടുള്ള കുട്ടിയാണെങ്കിൽ കുട്ടിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഇവിടത്തെ നിലവാരത്തിലെത്താൻ സാധ്യതയുള്ളതാണോ എന്ന് പരിശോധിക്കുക. ഇതിന് അദ്ധ്യാപകരുടെയും ട്യൂഷൻ മാസ്റ്ററുടെയും കൂട്ടുകാരുടെയും അഭിപ്രായം തേടാം. താരതമ്യേന നാട്ടിലെ കുട്ടികളുടെ ഭാഷാപരിചയം കുറവായിരിക്കും ഭൂരിപക്ഷത്തിനും. പ്രത്യേകിച്ച് ഗ്രാമീണാന്തരീക്ഷത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പട്ടണങ്ങളിലെ നിലവാരം ഉണ്ടാകാറില്ല. അങ്ങനെയുള്ളവരെ ഇവിെട കൊണ്ടുവന്നാൽ ക്ലച്ച് പിടിക്കാൻ സമയമെടുക്കും. ചിലപ്പോൾ ക്ലാസിലെ പെർഫോർമെൻസ് ചാർട്ടിൽ അവർ അന്ത്യപട്ടികയിൽ സ്ഥാനം പിടിക്കും. ആ വിദ്യാലയത്തിൽ നിന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങൾ മാത്രമല്ല ഒരു വിദ്യാർത്ഥി പഠിച്ചെടുക്കുന്നത് ആ വിദ്യാലയത്തിനു തന്നെ ഒരു സംസ്കാരമുണ്ട്. അവിടത്തെ പരിതസ്ഥിതി, അദ്ധ്യാപകർ, സഹപാഠികൾ, ഭരണകർത്താക്കൾ എന്നിവയെല്ലാം ആ സംസ്കാരത്തിന്റെ ഭാഗമാണ്. ഒരു പ്രായം കഴിഞ്ഞ് കുട്ടികളെ, അവർ ചെറുപ്പം മുതൽ ഇടപഴകി വന്ന സംസ്കാരത്തിൽ നിന്ന് പറിച്ച് നടുന്നത് വളർച്ച മുറ്റിയ ഒരു ചെടി പറിച്ച് നടുന്നതിന് തുല്യമായിരിക്കും. പുതിയ മണ്ണിൽ വേരുറയ്ക്കാതെ ആ ചെടി വാടിപ്പോകുന്നതു പോലെ കുട്ടികളുടെ ഗ്രഹണ ശക്തിക്കും അപ്പുറത്തുള്ള സർഗ്ഗവാസനകൾക്ക് ക്ലിപ്പ് ഇടുന്ന പ്രതീതിയുണ്ടാകും.
താഴ്ന്ന ക്ലാസുകളിലെ കഥ നേെര മറിച്ചാണ്. ആയതിനാൽ സ്ഥലം മാറ്റി പഠിപ്പിക്കാൻ പ്രേരിതമാകുന്ന മാതാപിതാക്കൾ കഴിയുമെങ്കിൽ കുട്ടി ഏഴാം ക്ലാസിലെത്തുന്നതിന് മുന്പ് അത് നിർവ്വഹിക്കുന്നതായിരിക്കും നല്ലത്.
2. നാട്ടിൽ നിന്നും ഇവിടേയ്ക്ക് പറിച്ചു നടുന്ന കുട്ടികൾക്ക് ബോറടിക്കാതിരിക്കുന്നതിനുള്ള സംവിധാനങ്ങൾ അവർ ഇവിടേയ്ക്ക് എത്തുന്നതിന് മുന്പു തന്നെ കണ്ടുപിടിച്ച് സജ്ജമാക്കിയിരിക്കണം. ആരാധനാലയങ്ങൾ, സാമുദായിക സാമൂഹ്യ സംഘടനകൾ, സ്പോർട്സ് ക്ലബ്ബ്, ശക്തമായ ഒരു കുടുംബ വലയം ഇവ അത്തരം സംവിധാനങ്ങളിൽ പെടും. തങ്ങളുടെ പ്രായത്തിലും തരത്തിലുമുള്ള കുറെ കൂട്ടുകാർ ഇവിെടയും ഉണ്ട് എന്ന പ്രതീതി ആദ്യം മുതലേ അവരിൽ ഉളവാക്കണം. ഇല്ലെങ്കിൽ കുട്ടി ഒറ്റപ്പെട്ടു പോകും. ഈ ഒറ്റപ്പെടൽ സ്കൂളിലും സമൂഹത്തിലും കൂടെയാകുന്പോൾ സമനില തെറ്റും.
പത്താം ക്ലാസുവരെ നാട്ടിൽ പഠിച്ച ഒരു പെൺകുട്ടിയെ ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മാതാപിതാക്കൾ ഇവിടെകൊണ്ട് വന്ന് 11ാം ക്ലാസിൽ ചേർത്തു. ഭാഷാദാരിദ്ര്യം, ഒരു കൈ അകലെ മാത്രം നിർത്തുന്ന സഹപാഠികൾ, ഒരു കുടുംബസുഹൃത്തു പോലുമില്ലാത്ത ജീവിതം, ചില ചോദ്യങ്ങൾക്ക് കൃത്യമായി മറ്റു കുട്ടികളെപ്പോലെ ഉത്തരം പറയാത്തതിൽ ടീച്ചറുടെ നിരന്തരമായ കളിയാക്കൽ, കറുത്ത നിറം ഉള്ളതുകൊണ്ട് മറ്റു കുട്ടികളുടെ ‘ജാക്കീ’ എന്ന വിളി ഇവയൊക്കെ കൊണ്ട് അവൾ നിരാശയിലായി. മുടി കുറവായതിനാൽ കഷണ്ടിയുണ്ടാകുമെന്ന കൂട്ടുകാരുെട കമന്റ്, ആൺകുട്ടിയുടെ ലക്ഷണമാണ് കൂടുതലും എന്ന വേദനിപ്പിക്കുന്ന പരിഹാസ വാക്ക് ഇവ കൂടെയായപ്പോൾ അവൾ പഠിത്തം നിറുത്തി. സ്കൂളിൽ പോകാൻ അവൾ വിസമ്മതിച്ചു. നാട്ടിലേക്ക് തിരിച്ചു വിടുകയില്ലെന്ന് മാതാപിതാക്കളും ശാഠ്യം പിടിച്ചു. അങ്ങനെ രണ്ടുവർഷം ആ പെൺകുട്ടി തന്നെത്തന്നെ വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുക്കി. ഒരുതരം ജയിൽവാസമായിരുന്നു അത്. രണ്ടുവർഷങ്ങൾക്കു ശേഷം പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് കാട്ടി ഡിഗ്രിക്ക് പഠിക്കാവുന്ന ഒരു ഇന്ത്യൻ യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാന്പസ് സെന്ററിൽ ഡിഗ്രിക്ക് ചേർന്നു. 4 വർഷം തള്ളി നീക്കി. ഒടുവിൽ ഡിഗ്രി കിട്ടി. പക്ഷേ ഇന്നും ജനത്തെ അഭിമുഖീകരിക്കുവാൻ അവൾക്ക് മടി. ഒറ്റയാനായി കഴിയാനാണ് ഇഷ്ടം. വൈവാഹിക ജീവിതത്തോട് താല്പര്യമേ ഇല്ല. മുരടിച്ചുപോയ വ്യക്തിത്വത്തിന്റെ ഉടമയായി അവൾ മാറി. പക്ഷേ തൂലിക ചലിപ്പിക്കും. ഇന്നത്തെ സാഹചര്യങ്ങൾക്കും സമൂഹത്തിന്റെ കാഴ്ചപ്പാടുകൾക്കുമെതിരായിട്ടാണ് എന്നു മാത്രം. അസംതൃപ്തമായ ഒരു മനുഷ്യാത്മാവിന്റെ ജീവിത ഞരക്കം അവളുടെ വാക്കുകളിലുണ്ട്. ഈ അവസ്ഥയ്ക്ക് ആരെ പഴിക്കണം? കൗമാര പ്രായത്തിലെത്തിയ ഒരു പെൺകുട്ടിയുടെ വികാരവിചാരങ്ങൾക്ക് അവ അർഹിക്കുന്ന വില കൽപ്പിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങൾ അവരെപ്പറ്റിയും അവരുടെ ഭാവിയെപ്പറ്റിയും സ്വീകരിക്കുന്ന മാതാപിതാക്കൾ ഉറക്കെ ചിന്തിക്കണം. നിങ്ങളുടെ ഉദ്ദേശശുദ്ധിയെ ഈ ലേഖനം ചോദ്യം ചെയ്യുന്നില്ല. പക്ഷെ, അനിയന്ത്രിതമായി ചെത്തി വെടിപ്പാക്കപ്പെടുന്ന ഒരു ചെടി തളിർക്കാതെ മുരടിച്ചു നിൽക്കുന്ന അവസ്ഥാ വിശേഷത്തെപ്പോലെ, നിങ്ങളുടെ മക്കൾ നിങ്ങളുടെ ശേഷിക്കുന്ന ജീവിതത്തിന് മുന്നിൽ ഒരു ചുവന്ന ചോദ്യചിഹ്നമായി നിൽക്കുന്നതിന് നിങ്ങളുടെ ഈ ദൃശ്യതീരുമാനങ്ങൾ വഴിത്തരിയിടുമെങ്കിൽ നിങ്ങളുടെ സായംകാല ജീവിതത്തിന്റെ സ്വസ്ഥത നശിക്കുന്നതിനുള്ള ഉത്തരവാദികൾ നിങ്ങൾ തന്നെ ആയിരിക്കും.
ഇനി പ്രവാസത്തിൽ നിന്ന് നാട്ടിലേയ്ക്ക് പറിച്ചു നടുന്ന കുട്ടികളുടെ കാര്യമെടുക്കാം. മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഫെയ്സ് ബുക്ക്, ഇവയിലുണ്ടായ അമിതാസക്തി മൂലം പല അനാവശ്യബന്ധങ്ങളിലും കുരുങ്ങിയപ്പോൾ ഒരു പത്താം ക്ലാസുകാരിയെ രക്ഷാകർത്താക്കൾ നാട്ടിലേയ്ക്ക് വിട്ടു, 11ൽ പഠിക്കാനായി. ഇവിടെ തുടർന്നാൽ പിടിവിട്ടു പോകുമെന്ന് ഭയന്നിട്ടാണവർ അങ്ങനെ ചെയ്തത്. വീടിനടുത്തുള്ള ഒരു സ്കൂളിൽ അഡ്മിഷനും തരപ്പെടുത്തി.വീട്ടിൽ മുത്തച്ഛനും മൂത്തമ്മയും വേലക്കാരിയും മാത്രം.
മുത്തച്ഛൻ ഒരു പട്ടാളക്കാരനായിരുന്നു. ഇപ്പോഴും വീട്ടിൽ പട്ടാളച്ചിട്ടയാണ്. മകളെ മെരുക്കിയെടുക്കാൻ പറ്റിയ ആളാണ് അദ്ദേഹം എന്ന് കരുതിയാണ് മാതാപിതാക്കൾ ഈ സാഹസത്തിന് മുതിർന്നത്. സ്കൂളിന്റെ നിലവാരം മോശം. മണിമണിയായി ഇംഗ്ലീഷ് തട്ടിവിടുന്ന ഈ കുട്ടി ക്ലാസിൽ ഒറ്റപ്പെട്ടു. ഒറ്റക്കുട്ടുകാരൻ മാത്രം. അവനും ഇതുപോലെ ഗൾഫിൽ നിന്നും പുറംതള്ളപ്പെട്ടവനാണ്. അവർ തമ്മിൽ മാത്രം ആശയവിനിമയം നടത്താൻ തുടങ്ങി. അദ്ധ്യാപകരും സഹപാഠികളും പ്രേമമെന്ന് അതിനെ വ്യാഖ്യാനിച്ചു. അങ്ങനെയെങ്കിൽ അങ്ങനെയെന്ന് അവരും തീരുമാനിച്ചു. പെൺകുട്ടിയുടെ പട്ടാളം മുത്തച്ഛൻ വിവരമറിഞ്ഞു. ആൺകുട്ടിയുടെ വീട്ടുകാരുമായി പടപ്പുറപ്പാട്. അവിടത്തെ മുത്തച്ഛനും പട്ടാളം തന്നെ. പട്ടാളവും പട്ടാളവും തമ്മിലുള്ള പിരിമുറുക്കത്തിൽ നാട്ടിൽ മുഴുവൻ വാർത്ത പാട്ടായി. മകൾ ആത്മഹത്യാഭീഷണി മുഴക്കി. ഗൾഫിലുള്ള മാതാപിതാക്കൾ വിമാനം കയറി. പെൺകുട്ടിയെ രമ്യമാക്കാൻ കിണഞ്ഞു പരിശ്രമിച്ചു. പട്ടണത്തിലേക്ക് പഠിത്തം മാറ്റാമെന്നും ഹോസ്റ്റലിൽ ചേർക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ അവൾ നിരസിച്ചു. അവൾക്ക് ആ സ്കൂൾ തന്നെ മതി. അവളുടെ അദ്ധ്യാപകരോടും സഹപാഠികളോടും അവൾക്ക് ‘വിശുദ്ധപ്രതികാരം’ ചെയ്യണം. പുകച്ച് പുറത്തു ചാടിക്കാൻ ശ്രമിച്ചിട്ടും പിടിച്ച് നില്ക്കുന്ന ധീരയുവതി എന്ന പേര് അവൾക്ക് കിട്ടണമെന്നാണ് വാശി. ആ പിടിവാശിയുടെ മുന്നിൽ സർവ്വരും നമ്രശിരസ്കരായി. വീടിന്റെ തൊട്ടടുത്തു തന്നെ ഒരു വീട് വാടകയ്ക്കെടുത്ത് അമ്മയും മകളും മാത്രമായി താമസം തുടങ്ങി. അച്ഛൻ ഒറ്റയ്ക്ക് പ്രവാസത്തിലേക്ക് മടങ്ങി. അവളുടെ ഇപ്പോഴത്തെ അവസ്ഥ! എങ്ങുമെത്തിയിട്ടില്ല. സ്നേഹിച്ച പയ്യനെ വിവാഹം കഴിക്കണം. മനസിന്റെ സ്വസ്ഥത നശിച്ച അവൾ സൈക്കോളജി ഐച്ഛിക വിഷയമെടുത്ത് ഡിഗ്രിക്ക് പഠിക്കുന്നു. ജീവിതത്തിൽ വലിയ പ്രതീക്ഷകൾ ഒന്നുമില്ല. ഒരുമാതിരി മരവിച്ച അവസ്ഥ.
ഗൾഫിൽ പഠിച്ചിരുന്ന കാലത്ത് സുഖസൗകര്യങ്ങൾ പരമാവധി ആസ്വദിക്കട്ടെയെന്ന് കരുതി ചോദിച്ചതിലും അതിലുപരിയും നൽകിയും മാതാപിതാക്കൾ പിന്നീട് മകളുടെ അപഥസഞ്ചാരത്തെക്കുറിച്ച് ആകുലപ്പെട്ട് അവൾക്ക് അനിഷ്ടമായ പള്ളിക്കൂടമാറ്റത്തിന് ഏകപക്ഷീയമായ തീരുമാനമെടുത്തതിന്റെ പരിണിതഫലങ്ങളല്ലേ പിന്നീട് നാം കണ്ടത്. അനുസരണക്കേടുള്ള മക്കൾ മറിച്ചൊരു സാഹചര്യത്തിലെത്തുന്പോൾ മെരുങ്ങണമെന്ന് കരുതുന്നതു തന്നെ തെറ്റ്. മാതാപിതാക്കൾക്ക് അവളെ അനുനയിപ്പിച്ച് വരുതിയിലാക്കാനുള്ള മനസില്ലായിരുന്നു എന്നു വേണം വ്യാഖ്യാനിക്കാൻ. കൗമാരത്തിന്റെ കടുംപിടുത്തം കാട്ടുന്ന കുട്ടികളെ ഭയന്ന് പിടിവിടുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക; കുട്ടികൾ നിങ്ങളുടേതെങ്കിൽ സ്നേഹമെന്ന മാധ്യമത്തിലൂടെ അവരെ നേർവഴിയിലാക്കുവാനുള്ള ഉത്തരവാദിത്തവും നിങ്ങളുടേതാണ്. നിങ്ങളുടേത് മാത്രമാണ്. അതിന് നിങ്ങളെ സഹായിക്കാൻ സന്നദ്ധസംഘടനകളും ഉപദേശകരും പുരോഹിതരും കൗൺസിലേഴ്സും നിങ്ങളുടെ ചുറ്റുമുണ്ട്. അവരുടെ സഹായം തേടുന്നത് ഒരു കുറച്ചിലാണെന്ന ദുരഭിമാനം ഉണ്ടാകെതെയിരിക്കട്ടെ.
‘പെണ്ണു വളർന്നു വരുന്നു കെട്ടിക്കാൻ പ്രായമായി. ഇനിയെങ്കിലും പത്ത് പുത്തൻ ഉണ്ടാക്കണം. അതുകൊണ്ട് ഇനിയും അവർ (മകൾ) (ഭാര്യ) നാട്ടിൽ നിൽക്കട്ടെ’ എന്ന് സംതൃപ്തിയോടെ കമന്റടിച്ച ഒരു സ്നേഹിതനെ ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ യുക്തിന്യായങ്ങളിലേയ്ക്ക് ഒന്ന് കണ്ണോടിക്കുക. െപണ്ണു വളർന്നു എന്ന ആധി, കാശില്ല എന്ന വ്യാധി ഇവ രണ്ടും കാരണമായെടുത്ത് ഒരു കുടുംബത്തിന്റെ സാന്നിദ്ധ്യസാമീപ്യം കളഞ്ഞു കളിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം െചയ്തേ മതിയാവൂ. മകൻ 12ാം ക്ലാസു കഴിയുന്നതു വരെ മാതാപിതാക്കളുടെ നേരിട്ടുള്ള സംരക്ഷണയിലായിരുന്നാൽ മാത്രമേ കുടുംബത്തിന്റെ ജീവിതമൂല്യങ്ങൾ ഒപ്പിയെടുക്കാൻ മക്കൾക്ക് സാധിക്കൂ. ഇല്ലെങ്കിൽ െവറും ഭൗതിക സൗകര്യങ്ങളുടെ ദായകരായി മാതാപിതാക്കളെ മക്കൾ കരുതിപ്പോകും. കടപ്പാടുകൾക്ക് വിലകൽപ്പിക്കാത്ത ശൈലിയിലേക്ക് അവർ എത്തിപ്പോകും. മണ്ണിനേയും മാതാവിനേയും ദാതാവിനേയും മറക്കാത്തവനാണ് മലയാളി. ഓർമ്മയിലിരിക്കട്ടെ.