ഉറു­മ്പി­നെ­ നോ­ക്കി­ പഠി­ക്കു­ക


ഡോ. ജോൺ പനയ്ക്കൽ

രിത്രത്താളുകളിൽ മഹാജ്ഞാനി ആയിരുന്ന സോളമൻ രാജാവ് ഒരു വലിയ പ്രകൃതി നിരീക്ഷകൻ കൂടെയായിരുന്നു. പ്രകൃതിയിലുണ്ടാകുന്ന വ്യതിയാനങ്ങളെയും ഗതിവിഗതികളെയും പക്ഷിമൃഗാദികളുടെ പെരുമാറ്റങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് സാരോപദേശ ശകലങ്ങൾക്ക് രൂപം കൊടുക്കുവാൻ സോളമൻ ജാഗരൂകനായിരുന്നു. വളരെ നിസാരമെന്നു തോന്നുന്ന ചെറുപ്രാണികൾ പോലും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ വലിയ നിരീക്ഷണ പരീക്ഷണങ്ങൾക്ക് വിധേയമായിരുന്നു. അതിനൊരു ഉദാഹരണമാണ് ഉറുന്പ്. ഉറുന്പ്  എവിടെയുമുണ്ട്. എവിടെയും ഒരു പ്രശ്നക്കാരനാണ് ഉറുന്പ്. ഉറുന്പിന്റെ സാന്നിദ്ധ്യം ആരും ഇഷ്ടപ്പെടുന്നില്ല. വീട്ടമ്മമാർക്കും പരിചാരകർക്കും കുട്ടികൾക്കും അവയുടെ കടന്നുകയറ്റം ഒരു തലവേദനയാണ്. അതുകൊണ്ടു തന്നെ നാം അവയെ ഉപദ്രവകാരികൾ ആയി കാണുകയും അവയെ ഇല്ലായ്മ ചെയ്യുവാൻ കീടനാശിനികൾ പ്രയോഗിക്കുകയും ചെയ്യുന്നു.

എന്നാൽ സോളമൻ മഹാരാജാവ് അവയുടെ ചേഷ്ടകളിലൂടെ ചില ജീവിതപാഠങ്ങൾ കണ്ടെത്തുന്നു. അതാണല്ലോ സാധാരണക്കാരും ജ്ഞാനികളും തമ്മിലുള്ള വ്യത്യാസം. ജ്ഞാനികൾ കിഴിഞ്ഞു കയറി വീക്ഷിച്ച് വിശകലനം ചെയ്യുന്നു. സാധാരണക്കാരന്  ഉപരിപ്ലവമായ വീക്ഷണവും വിശദീകരണവും മാത്രം. സോളമൻ തന്റെ സദൃശ്യവാക്യങ്ങളെന്ന സാരോപദേശ സമാഹാരത്തിലൂടെ ആഹ്വാനം ചെയ്യുന്നു: ഉറുന്പിനെ  നോക്കി പഠിക്കുക, അമൂല്യങ്ങളും സനാതനങ്ങളുമായി ചില സാധനപാഠങ്ങൾ ഉപദ്രവകാരിയെന്ന് തോന്നുന്ന ഈ പ്രാണിയിൽ നിന്ന് പഠിക്കാനുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. അത് എന്തൊക്കെയെന്ന് ഒന്ന് പരിശോധിക്കാം.

1. ഉറുന്പ്  പ്രതിബന്ധങ്ങളുടെ മുൻപിൽ  പിൻമാറുന്നില്ല. ഒരു ലക്ഷ്യത്തിലേയ്ക്ക് അവ മുന്നേറുന്പോൾ അവയെ തടയാൻ ശ്രമിച്ചാൽ അവ വേറെ വഴി കണ്ടെത്തി അതേ ലക്ഷ്യത്തിലേയ്ക്ക് മുന്നേറും. പിന്മാറുന്ന പ്രശ്നമേ ഇല്ല. ഒന്നുകിൽ മുകളിലൂടെ അല്ലെങ്കിൽ താഴെക്കൂടെ. അതുമല്ലെങ്കിൽ ചുറ്റിത്തിരിഞ്ഞാവും അവ മുന്നേറുന്നത്. ഉറുന്പ്  എപ്പോഴും മറുവഴി തേടുന്നു. അത് കണ്ടെത്തി മുന്നേറുന്നു. നമ്മിൽ പലരും ഒരു വഴി അടഞ്ഞാൽ മറുവഴി തേടില്ല. അതുകൊണ്ട് ലക്ഷ്യത്തിലെത്താതെ പരാജയത്തിൽ പതറി നിൽക്കും. പർവ്വതാരോഹകർ ഒരു വഴി സുഗമമല്ല എന്ന് കണ്ടാൽ മറുവഴി കണ്ടെത്തി ഗിരിശൃംഗങ്ങളിൽ എത്തിച്ചേരുന്നു. എന്നാൽ അതിനുള്ള നിശ്ചയദാർഢ്യവും ലക്ഷ്യബോധവും സ്ഥിര പരിശ്രമവും കൂടിയേ തീരു. ചെറുപ്രാണിയായ ഉറുന്പ്  കൂട്ടത്തോടെയും ഒത്തൊരുമയോടെയും പരിശ്രമിച്ച് മറുവഴി തെളിച്ച് ലക്ഷ്യം നേടുന്നത് ബുദ്ധിമാനെന്നഭിമാനിക്കുന്ന മനുഷ്യൻ കണ്ട് പഠിക്കണം. അലസന്മാ‍ർ അന്നും ഇന്നും എന്നുമുണ്ട്. അങ്ങനെയുള്ളവരെ സംബോധന ചെയ്തു കൊണ്ട് സോളമൻ സംസാരിക്കുന്നു. “മടിയാ, ഉറുന്പിൻ്റെ  അടുക്കൽ ചെല്ലുക. അതിന്റെ വഴികളെ നോക്കി ബുദ്ധി അഭ്യസിക്കുക.” ഏത് ഉദ്യമനത്തിനും തടസങ്ങളും വൈഷമ്യങ്ങളും പ്രതീക്ഷിക്കാം. എന്നാൽ അവയിൽ പലതും മുൻകൂട്ടി കാണുവാനും അതിനനുസൃതമായി മുൻകരുതൽ എടുക്കുവാനും കഴിയും. അതുകൊണ്ടാണ് ആസൂത്രണം ലക്ഷ്യപ്രാപ്തിയ്ക്ക് ആവശ്യമെന്ന് പറയാറുള്ളത്.

2. ഉറുന്പിന്റെ  ശിക്ഷണവും സംഘടനാബോധവും അപാരമാണ്. നേതാവ് തെളിക്കുന്ന വഴിയിൽ കൂടി അണമുറിയാതെ അവ പിന്നണി ചേരുന്നു. അവിടെ പാര വയ്പ്പില്ല. മുന്പേ പോകുന്ന നേതാവിന്റെ പിന്പെ അണികൾ ഒറ്റക്കെട്ടായി പിറുപിറുപ്പില്ലാതെ കൂട്ടം വിടാതെ ചേരുന്നു. പട്ടാളം മാർച്ചു ചെയ്യുന്നതു പോലെ ക്രമമായും ചിട്ടയായും സഹകരണത്തോടെയും അവ മുന്നേറുന്നു. ഉറുന്പിന്റെ  വഴിത്താര കാണുവാൻ തന്നെ എന്തു രസമാണ്? ഒരു ഭക്ഷ്യകേന്ദ്രം കണ്ടെത്തിയാൽ മറ്റുള്ളവയെ അവിടേക്ക് നയിക്കുന്ന സഹകരണഭാവമാണ് ഉറുന്പിന്. ഉറുന്പിന്റെ  ബലവും വിജയവും അവയുടെ കൂട്ടായ പ്രവർത്തനത്തിലാണ്. നേതൃത്വത്തെ അംഗീകരിക്കുവാനും ശിക്ഷണ ബോധത്തോടെയും സഹകരണ മനോഭാവത്തോടെയും പ്രവ‍ർത്തിക്കുവാനും കഴിഞ്ഞിട്ടുള്ള പ്രസ്ഥാനങ്ങൾ ഏത് സമൂഹത്തിലായാലും വിജയിക്കും എന്നത് സത്യമല്ലേ? ആദ്ധ്യാത്മിക മണ്ധലത്തിലെ അതികായന്മാരെന്ന് അഭിമാനിക്കുന്നവരുടെ ഇടയിൽ പോലും ഭിന്നതയും തർക്കവും കലഹവും തലപൊക്കുന്നത് നേതൃത്വത്തെ അംഗീകരിക്കാനും ശിക്ഷണവും സ്നേഹത്തിൽ അധിഷ്ഠിതമായ സഹകരണവും വെളിപ്പെടുത്താൻ  കഴിയാത്തപ്പോഴാണ്. ചില കുടുംബങ്ങളിലെ പടലപ്പിണക്കങ്ങൾക്കും കാരണം അതുതന്നെ. ഞാനാണ് വലിയവൻ, എന്റെ അഭിപ്രായമാണ് വിലപ്പോകേണ്ടത് എന്ന അഹംഭാവത്തിൽ കഴിയുന്നവർ ഉറുന്പിനെ  നോക്കി പഠിക്കേണ്ടിയിരിക്കുന്നു.

3. ഉറുന്പിന്  ശീതകാലത്തെക്കുറിച്ചുള്ള മുൻകരുതൽ ഉണ്ട്. വേനൽക്കാലത്താണല്ലോ ധാന്യക്കൊയ്ത്ത്. അന്ന് ഏത് പാടത്തു നിന്നും ധാന്യം ശേഖരിക്കാം. എവിടെയും വിഹരിക്കാം, മഴക്കാലവും മഞ്ഞുറഞ്ഞു കിടക്കുന്നതുമായ ശീതകാലവും സഞ്ചാര സൗകര്യമില്ലാത്ത കാലങ്ങളാണ് ഉറുന്പിനെ  സംബന്ധിച്ച്. അന്ന് പാടശേഖരങ്ങളിൽ നിന്ന്  ഉറുന്പിന്  ഒന്നും ലഭിക്കാനില്ല. ഇതറിയാവുന്ന ഉറുന്പ്  കൊയ്ത്തുകാലത്ത് തന്നെ ശീതകാലത്തേയ്ക്കുള്ള  ഭക്ഷണം സംഭരിച്ച് വെയ്ക്കുന്നു, ‘കിട്ടുന്പോൾ അടിച്ചു പൊളിച്ച് ജീവിക്കുക; കിട്ടാത്തപ്പോൾ കൈ നീട്ടി നടക്കുക.’ എന്ന ജീവിതശൈലി സ്വീകരിച്ചിട്ടുള്ള പലരും നമ്മുടെ ഇടയിലുണ്ട്. ദൗർലഭ്യമുള്ള ജീവിതത്തിലെ ‘ശീതകാലത്തെ’ക്കുറിച്ച് ഒരു ചിന്തയുമില്ലാതെ ‘വ‍ർത്തമാന’ത്തിൽ ജീവിച്ച് മതിക്കുന്നവർക്ക് ഉറുന്പ്  ഒരു മാതൃകയാകണം. യാഥാർത്ഥ്യബോധത്തോടെ ഭാവിയെപ്പറ്റി ചിന്തിക്കുകയും മുൻകരുതലെടുക്കുകയും ചെയ്യുവാൻ മറക്കുന്നവൻ മഠയൻ തന്നെ. അവർ ബുദ്ധിയുള്ള ഉറുന്പിനെ  കണ്ട് പഠിക്കട്ടെ. ധൂർത്തടിക്കുന്ന ജീവിതശൈലി, അമിതമായ ആഡംബരങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിൽ, അയലത്തുകാരനെ അസൂയപ്പെടുത്താനുള്ള പുറംപൂച്ചുകൾ ഇവയൊക്കെ ‘അടിപൊളി’ ജീവിത്തിന്റെ ഭാഗമാണ്. വസന്തം എന്നും വരവാകയില്ല എന്ന സത്യത്തെ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം. ഭൂതകാലത്തിലെ ഇല്ലായ്മകളെ അയവിറക്കാതെ, ഭാവിയിലെ പ്രതീക്ഷകൾക്ക് കരുതാതെ, വർത്തമാനകാലത്തിൽ മാത്രം മതി മറന്ന് ജീവിക്കുന്നവർ കളപ്പുരകൾ കെട്ടാറില്ല; കെട്ടിയാലൊട്ട് അവ നിറയാറുമില്ല.

4. ഉറുന്പിന്  വസന്തം വന്നണയുമെന്ന് ശുഭപ്രതീക്ഷയുണ്ട്. ശീതകാലത്ത് മരവിപ്പിക്കുന്ന തണുപ്പും പുറത്തിറങ്ങാൻ കഴിയാത്ത കാലാവസ്ഥയുമാണ്. എന്നാൽ അത് കുറേക്കാലത്തേക്കു മാത്രമേയുള്ളൂ. വൈകാതെ അത് അവസാനിക്കും. ഉന്മേഷവും ഉത്സാഹവും ഉണർത്തുന്ന വസന്തവും വേനലും അതിന്റെ പിന്നാലെ വന്നണയും. ഈ ശുഭപ്രതീക്ഷയാണ് ശീതകാലത്തിന്റെ ദുർ‍വഹതയെ അതിജീവിക്കാൻ ഉറുന്പിനെ സഹായിക്കുന്നത്. രാത്രിയുടെ ഭീകരകതയും നിശബ്ദതയും ഏകാന്തതയും നീങ്ങി പ്രകാശം നിറഞ്ഞതും പ്രവർത്തനനിരതവുമായ പകൽ വന്നെത്തുന്നമെന്നുള്ള മനുഷ്യമനസിന്റെ പ്രത്യാശയാണ് പ്രതിസന്ധി നിറഞ്ഞ ഇരുൾ ജീവിതത്തെ അതിജീവിക്കാൻ മനുഷ്യനെ സജ്ജമാക്കേണ്ടത്. അന്ധകാരത്തിനപ്പുറം പ്രകാശമുണ്ട് എന്നത് സജീവമായ ഒരു സത്യമായി ഉൾക്കൊള്ളാൻ കഴിഞ്ഞാൽ ഏത് വൈധരണിയേയും ധൈര്യമായി നേരിടുവാൻ നമുക്ക് കഴിയും. നിഷേധാത്മക ചിന്ത പുലർത്താതെ സർഗ്ഗാത്മകമായി ചിന്തിക്കുവാൻ നമുക്ക് കഴിയണം.

5. ഉറുന്പ് കഴിവുള്ളത്രയും  പരമാവധി പ്രവർത്തിക്കുന്ന ശൈലിയുള്ള ഒരു ചെറുജീവിയാണ്. പരിധി കൽപ്പിച്ചു കൊണ്ടല്ല അവ പ്രവർത്തിക്കുകയോ ധാന്യം ശേഖരിക്കുകയോ ചെയ്യുന്നത്. തങ്ങളുടെ കഴിവിന്റെ പൂർണ്ണതയിൽ പ്രവർത്തിക്കുക എന്നതാണ് അവയുടെ ശൈലി. ഉറുന്പിന്റെ  ഈ ദർശനം ബുദ്ധിയുള്ളവരെന്ന് വീന്പിളക്കുന്ന നാം നിശ്ചയമായും പുലർത്തേണ്ടതാണ്. നമ്മുടെ കഴിവിന്റെ ഒരംശം മാത്രമേ പലപ്പോഴും നാം ഉപയോഗിക്കാറുള്ളൂ എന്ന് സ്വയാവലോകനം നടത്തിയാൽ വ്യക്തമാകും. കഴിവിന്റെ പരമാവധി പ്രയോഗിക്കുന്നവർക്ക് മാത്രമേ വിജയത്തിന്റെ സോപാനം പ്രാപിക്കാൻ കഴിയൂ. ‘കഴിവില്ല’ എന്നതല്ല നമ്മുടെ പ്രശ്നം; അത് വേണ്ടവിധം പ്രയോഗിക്കുവാൻ നമുക്ക് മനസില്ല എന്നതാണ് നമ്മുടെ പ്രശ്നം. മടിയോ, ഉദാസീനതയോ ബാധിച്ചു പോയാൽ നിഷേധാത്മക ചിന്തകളുടെ കൂടാരമായി നമ്മുടെ ഉപബോധ മനസ് തീരും. അത്തരം ചിന്തകളെ ആട്ടിപ്പുറത്താക്കി ക്രിയാത്മക ചിന്തകളെക്കൊണ്ട് അവിടം നിറയ്ക്കുകയാണ്‌ അഭികാമ്യം. അതിന് ഉറുന്പിനെ  നോക്കി പഠിക്കണം.

ഒരു ആന സ്വസ്ഥമായി ഒരു വൃക്ഷത്തിന് സമീപം നിന്ന് തുന്പിക്കൈ  നീട്ടി ആ വൃക്ഷത്തിന്റെ ചില്ലകൾ ഒടിച്ച് ഭക്ഷിക്കുകയായിരുന്നു. ഒരു ഈച്ച പറന്നുവന്ന് ആനയുടെ ചെവിക്ക് മേൽ സ്ഥാനം പിടിച്ചു. മുറംപോലുള്ള ചെവി ചലിപ്പിച്ച് ആന ഈച്ചയെ അകറ്റാൻ ശ്രമിച്ചു. ഈച്ച ഒന്നിളകിയ ശേഷം വീണ്ടും ചെവിയിൽ ഇരുപ്പുറപ്പിച്ചു. ആന വീണ്ടും ചെവി ചലിപ്പിച്ച് ഈച്ചയെ ഓടിച്ചു. ആനയ്ക്കുണ്ടായ അനുഭവം നമുക്ക് അപരിചിതമല്ല. നമ്മുടെ മൂക്കിന്റെ അറ്റത്ത് വന്നിരിക്കുന്ന ഈച്ചയെ കൈകൊണ്ട് തട്ടുന്പോൾ  അത് ഒന്നിളകിപ്പറന്നിട്ട് ചെവിയുടെ അറ്റത്തോ നെറ്റിയിലോ സ്ഥാനം പിടിക്കും. പല പ്രാവശ്യം തട്ടി നീക്കിയാലും അത് വിട്ടുമാറാതെ പറന്ന് പറ്റുന്നത് നമുക്ക് അനുഭവമുള്ളതാണ്. ഓടിച്ചാലും തട്ടിമാറ്റിയാലും വിട്ടുമാറാതെ വീണ്ടും വീണ്ടും ഈച്ച നമ്മെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.

ഇവിടെ അക്ഷോഭ്യനായ ആന ഈച്ചയോട് ചോദിച്ചു, “നീ എന്താണ് ഇത്ര അസ്വസ്ഥനായി ശബ്ദം ഉണ്ടാക്കുകയും ചുറ്റിപ്പറക്കുകയും ചെയ്യുന്നത്? നിനക്കെന്തു കൊണ്ട് ഒരു സ്ഥലത്ത് കുറേ സമയം സ്വസ്ഥമായി ഇരുന്നു കൂടാ?” ഈച്ച ഉത്തരം പറഞ്ഞു. “ഞാൻ കാണുന്നതും കേൾക്കുന്നതും മണക്കുന്നതുമായ എന്തിനോടും ആകൃഷ്ടനാണ്. എന്റെ അഞ്ച് ഇന്ദ്രിയങ്ങളും എന്നെ എല്ലാ ഭാഗത്തേക്കും വലിച്ചിഴക്കുന്നു. എനിക്കത് നിയന്ത്രിക്കാൻ സാധ്യമല്ല. എല്ലാം കാണുവാനും കേൾക്കുവാനും ആസ്വദിക്കുവാനുമുള്ള അദമ്യമായ ആഗ്രഹം എന്നിൽ ശക്തമാണ്. ആകട്ടെ താങ്കളുടെ ജീവിതരഹസ്യം എന്താണ്? എങ്ങനെയാണ് ശാന്തമായും സ്വസ്ഥമായും ചാഞ്ചാട്ടമൊന്നുമില്ലാതെയും അടങ്ങിയൊതുങ്ങി ഇങ്ങനെ നിൽക്കാൻ കഴിയുന്നത്?” ആന തീറ്റി നിർത്തി ഉത്തരം നൽകി. “എന്റെ അഞ്ച് ഇന്ദ്രിയങ്ങളും എന്റെ ശ്രദ്ധ ആകർഷിക്കുകയോ നിയന്ത്രിക്കുകയോ െചയ്യുന്നില്ല. ഞാൻ എന്തു ചെയ്താലും അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതിൽ തന്നെ മുഴുകുന്നു. ഇപ്പോൾ ഞാൻ തീറ്റ തിന്നുകയാണ്. അതും ഞാൻ പൂർണ്ണമായി അതിൽ മുഴുകി ചെയ്യുന്നു. അതുമൂലം എനിക്ക് ഭക്ഷണം നന്നായി ചവച്ചരച്ച് അതിന്റെ രുചി പൂർണ്ണമായി ആസ്വദിച്ച് അകത്താക്കാൻ കഴിയുന്നു. എന്റെ ശ്രദ്ധ ഞാൻ നിയന്ത്രിക്കുന്നു. മറിച്ചല്ല സംഭവിക്കുന്നത്.”

നാം ഈ സംഭാഷണത്തിൽ നിന്ന് മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ‍ഞാൻ എന്റെ ശ്രദ്ധയും അഭിലാഷങ്ങളും നിയന്ത്രിക്കുമെങ്കിൽ എന്റെ മനസ് ശാന്തമാകും. ബാഹ്യമായ വസ്തുക്കളും വിഷയങ്ങളും ധാരാളമുണ്ട് ചുറ്റിനും. എന്റെ പഞ്ചേന്ദ്രിയങ്ങളെ ഞാൻ നിയന്ത്രിക്കാതെ അവയുടെ പിന്നാലെ പായാൻ വിട്ടാൽ എന്റെ മനസ് സ്വസ്ഥമാകില്ല. അത് തിരമാല പോലെ ഇളകിമറിഞ്ഞു കൊണ്ടിരിക്കും. നമ്മുടെ ചുറ്റുപാടുകളെ നമുക്ക് ചിലപ്പോൾ നിയന്ത്രിക്കാൻ അസാദ്ധ്യമായി വന്നേക്കാം. എന്നാൽ നമുക്ക് നമ്മുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനാകും. ശരീരവും മനസും കീഴടക്കാനാകുന്നത് പഞ്ചേന്ദ്രിയങ്ങളുടെയും നിയന്ത്രണത്തിൽ കൂടി മാത്രമാണ്. ഉറുന്പിനെ നോക്കി പഠിക്കുക.

You might also like

Most Viewed