പെ­ൻ­സി­ലും റബ്ബറും തമ്മിൽ എന്തു­ ബന്ധം?


വർഷങ്ങൾക്കു മുന്പ് എഴുത്തിന്റെയും വരയുടെയും ലോകത്ത് ആധിപത്യം പുലർത്തിയിരുന്നത് പെൻസിൽ ആയിരുന്നു. ഇപ്പോഴും അത് തുടരുന്നു. പെൻസിലിന്റെ സഹചാരിയാണ് ഒരു റബ്ബർ കഷണം. ‘ബോൾപോയിന്റ്’ വിപ്ലവം വരുന്നതിന് മുന്പ് വിദ്യാലയങ്ങളിൽ പെൻസിൽ മാത്രമാണ് ഉപയോഗിച്ചിരുന്നത്. കൈയക്ഷരം നന്നാവുന്നതിന് പെൻസിൽ സഹായിക്കുമെന്ന് ഇപ്പോഴും വിശ്വസിക്കപ്പെടുന്നു. ‘ബോൾപെൻ’ ഉപയോഗിച്ചാൽ കൈയക്ഷരം വികൃതമാകുമെന്ന ആശങ്കയിലാണ് ഈ വിശ്വാസം ഉടലെടുത്തത്. എഴുത്തുകാരുടെ കുലപതി തകഴി പെൻസിൽ കൊണ്ടാണ് എഴുതിയിരുന്നത് എന്ന് കേട്ടിട്ടുണ്ട്. ആദ്യകാലത്ത് ലഭിച്ചിരുന്ന പെൻസിൽ ജപ്പാൻ അല്ലെങ്കിൽ ജർമ്മൻ നിർമ്മിതമായിരുന്നു. പിന്നീടാണ് ഇന്ത്യൻ നിർമ്മിത പെൻസിൽ രംഗത്തെത്തുന്നത്. സന്തതസഹചാരികളായ പെൻസിലും റബ്ബറും തമ്മിൽ നടക്കാവുന്ന ഒരു സംഭാഷണം ശ്രദ്ധിക്കൂ:

പെൻസിൽ: എനിക്ക് ഖേദമുണ്ട്; എന്നോട് ക്ഷമിക്കണം.

റബ്ബർ: എന്തിന്? താങ്കൾ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ? പിന്നെ എന്തിന് ക്ഷമ ചോദിക്കുന്നു എന്നോട്?

പെൻസിൽ: എനിക്ക് ഖേദമുണ്ട്. ഞാൻ മൂലം നിനക്ക് ക്ഷതവും നഷ്ടവും സംഭവിക്കുന്നു. തെറ്റ് വരുത്തിയാൽ നീ അപ്പോഴൊക്കെ നിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെടുത്തുന്നു. ഓരോ പ്രാവശ്യം ഇങ്ങനെ ചെയ്തു കഴിയുന്പോൾ നീ ചെറുതായി ചെറുതായി ഒടുവിൽ വ്യക്തിത്വവും പ്രവർത്തനശേഷിയും ശോഷിച്ചു കഴിയുന്പോൾ നിന്നെ ആർക്കും വേണ്ട, അല്ലേ?

റബ്ബർ: അത് ശരിതന്നെ. പക്ഷേ ഞാൻ അത് സാരമാക്കുന്നില്ല. എന്റെ സൃഷ്ടി തന്നെ ഈ ദൗത്യനിർവഹണത്തിനാണെങ്കിൽ, ഞാൻ പിന്നെ എന്തിന് പരിതപിക്കുന്നു. എന്നെ നിർമ്മിച്ചിരിക്കുന്നതു തന്നെ താങ്കൾ എപ്പോൾ തെറ്റു ചെയ്താലും അത് തിരുത്താൻ താങ്കളെ സഹായിക്കുന്നതിനാണ്. എനിക്കറിയാം തേഞ്ഞുമാഞ്ഞ് ഒരു ദിവസം ഞാൻ ഇല്ലാതായിത്തീരുമെന്ന്. അപ്പോൾ നിങ്ങൾ മറ്റൊരാളെ കണ്ടെത്തും. എങ്കിലും എന്റെ ജോലിയിൽ ഞാൻ തികച്ചും സംതൃപ്തനാണ്. അതുകൊണ്ട് എന്നെ ഓർത്ത് താങ്കൾ കുണ്ഠിതപ്പെടേണ്ടാ. താങ്കളെ വിഷാദമൂകനായി കാണുന്നത് എനിക്ക് പ്രയാസമുളവാക്കുന്നു.

ഈ സംഭാഷണം വായിച്ചപ്പോൾ നിങ്ങളുടെ മനസിൽ കൂടെ കടന്നുപോയ ചിന്ത എന്തായിരിക്കാം! റബ്ബർ കഷണത്തെ മാതാപിതാക്കളുടെ സ്ഥാനത്തും പെൻസിലിനെ മക്കളുടെ സ്ഥാനത്തും പ്രതിഷ്ഠിച്ച് ചിന്തിക്കുക. അവർ തമ്മിലുള്ള ഉദാത്തമായ ബന്ധത്തിന്റെ ഊഷ്മളമായ ഒരു ആവിഷ്കരണമല്ലേ ഇത്! മാതാപിതാക്കൾ ജീവിക്കുന്നതും അദ്ധ്വാനിക്കുന്നതും എല്ലാം മക്കൾക്കു വേണ്ടി. മക്കളുടെ അഭിവൃദ്ധിയും വളർച്ചയുമാണ് മാതാപിതാക്കൾക്കുള്ള വലിയ സംതൃപ്തി. മക്കൾ എന്തെങ്കിലും തെറ്റ് വരുത്തിയാൽ അത് തിരുത്തി അവരെ നേരായ പാതയിൽ നയിക്കാൻ ശ്രമിക്കാത്ത മാതാപിതാക്കളുണ്ടോ? അവർ കുഴപ്പത്തിലകപ്പെട്ടാൽ സ്വയം മറന്നും എല്ലാം നഷ്ടപ്പെടുത്തിയും അവരുടെ ഉയർച്ചയ്ക്കായി പ്രയന്തിക്കുന്നവരല്ലേ അച്ഛനമ്മമാർ. മക്കളുടെ ഉന്നമനത്തിനായി അവർ സ്വയം ഇല്ലാതാകുന്നു. പ്രായമാകുന്നതു വരെ അവരുടെ ഊർജ്ജമെല്ലാം മക്കൾക്കായി ചെലവഴിച്ച് അവസാനം ഈ ലോകത്തിൽ നിന്ന് ബാക്കിപത്രമൊന്നും കൈവശം വയ്ക്കാതെ കടന്നുപോകുന്നു. തേഞ്ഞുമാഞ്ഞ് ചെറുതായ റബ്ബറിനെ വിട്ട് പെൻസിൽ വേറൊന്നിനെ സ്വീകരിക്കുന്നു.

മക്കൾ ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിയുന്പോൾ മാതാപിതാക്കളോടുള്ള കർത്തവ്യം വിസ്മരിക്കുന്നു; കുറേപ്പേരെങ്കിലും വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ അവഗണിക്കുന്ന പ്രവണതയാണ് ഇന്നത്തെ സമൂഹത്തിന്റെ ഒരു പ്രത്യേകത. സമൂഹത്തിൽ ഇന്ന് വൃദ്ധർ നിരാശരും മാനസികവ്യഥ അനുഭവിക്കുന്നവരുമായിത്തീരുന്നു. അവർ മക്കൾക്കായി ജീവിച്ചു, മക്കൾക്കായി സന്പാദിച്ചു, മക്കൾക്കായി അദ്ധ്വാനിച്ചു, മക്കളിലുള്ള വിശ്വാസം നിമിത്തം സന്പാദ്യമെല്ലാം മക്കൾക്കായി നൽകി. സ്വന്തമായിട്ടൊന്നും അവർ മാറ്റിവച്ചില്ല. മെഴുകുതിരി എരിഞ്ഞ് തീരുന്നതുപോലെ മക്കൾക്കുവേണ്ടി അവർ കത്തിയെരിഞ്ഞ് ഇല്ലാതായിത്തീരുന്നവരാണ്.

ഒരു പരിധി വരെ മക്കൾ മാതാപിതാക്കളോട് അനുചിതമായി പെരുമാറുന്നതിന് മാതാപിതാക്കൾ തന്നെ ഉത്തരവാദികളാണ് എന്ന് പറയേണ്ടി വരും. കുടുംബബന്ധങ്ങൾ ശിഥിലമാകുന്നത് പശ്ചാത്യലോകത്തെപ്പോലെ നമ്മുടെ സമൂഹത്തിലും ഇന്ന് വ്യാപകമായി കൊണ്ടിരിക്കുകയാണ്. ആജീവനാന്ത ബന്ധം എന്നത് ഒരു സങ്കല്പമായി മാറിയിരിക്കുന്നു എന്നുപോലും തോന്നിപ്പോകുമാറ് ബന്ധങ്ങൾക്ക് ഒരു വിലയുമില്ലാതായിത്തീർന്നിരിക്കുന്നു. ഒരു മെക്കാനിക്കായി ജോലി ആരംഭിച്ച് ഒരു മോട്ടോർ വ്യവസായി ആയിത്തീർന്ന വ്യക്തിയോട് അദ്ദേഹത്തിന്റെ കുടുംബ ജീവിതവിജയ രഹസ്യമെന്തെന്ന് ചോദിച്ചപ്പോൾ ലഭിച്ച മറുപടി കാർ കച്ചവടശൈലിയിൽ തന്നെ ആയിരുന്നു. ‘It is the same formula I have always used in dealing with cars- just stick to one model’ ഒരു മോഡൽ മാത്രം പിന്തുടരുക. ഒരു മോഡലിനോട് മാത്രം പഥ്യം പുലർത്തുക. ഇതൊരു ശ്രേഷ്ഠതത്വമാണ്. ജീവിതത്തിൽ ലഭിച്ച ഏക പങ്കാളിയോട് വിശ്വസ്തതയും ആത്മാർത്ഥതയും പുലർത്തി വിവാഹത്തകർച്ച കൂടാതെ പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും ജീവിച്ചാൽ ആ സംസ്കാര ശൈലി കണ്ട് വളരുന്ന കുട്ടികൾ മറിച്ചൊന്ന് ചിന്തിക്കാൻ ഒരുന്പെടാറില്ല. കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾക്കു കാരണമെന്തെന്ന് മറ്റൊരാൾ വ്യാഖ്യാനിക്കുന്നത് EMS എന്ന ഷോർട്ട് ഫോമിലൂടെയാണ്. Extra Marital Sex. വിവാഹേതര ബന്ധങ്ങളാണ് പലപ്പോഴും കുടുംബത്തിലെ ആഭ്യന്തര കലഹങ്ങൾക്ക് കാരണം. EMS ഒഴിവാക്കിയാൽ മക്കൾക്കും സ്വസ്ഥത ലഭിക്കും. അപ്പോൾ ബന്ധങ്ങൾ ഊഷ്മളമാകും. അല്ലെങ്കിൽ തല തിരിഞ്ഞ മക്കളായി അവർ തീരും. ചുരുക്കത്തിൽ അച്ഛനമ്മമാർ തമ്മിലുള്ള പൊരുത്തം മക്കൾ ഒപ്പിയെടുക്കുന്ന കുടുംബങ്ങളിൽ പെൻസിലും റബ്ബറും തമ്മിലുള്ള ബന്ധം ക്രിയാത്മകവും ഊഷ്മളവുമായിരിക്കും.

ഹൃദ്യവും സ്നേഹാ‍‍ർദ്രവുമായ സംഭാഷണം വ്യക്തിബന്ധങ്ങളെയും തദ്വാരാ കുടുംബബന്ധങ്ങളെയും ഉത്തേജിപ്പിക്കും. വിജയപ്രദമായ കുടുംബജീവിതം നയിക്കുന്ന ഭാര്യാഭർത്താക്കന്മാരോട് വിജയരഹസ്യം ആരാഞ്ഞപ്പോൾ ഭർത്താവിന്റെ മറുപടി: ഞങ്ങളുടെ വിവാഹദിവസം ചടങ്ങുകൾ കഴിഞ്ഞപ്പോൾ എന്റെ ഭാര്യാപിതാവ് എന്നെ മാറ്റി നിറുത്തി എന്റെ കൈയിൽ ഒരു പാരിതോഷികം വച്ചിട്ട് ഇങ്ങനെ പറഞ്ഞു. സന്തോഷകരമായ വിവാഹജീവിതത്തിന് ആവശ്യമായ കാര്യം ഈ പാരിതോഷികത്തിൽ അടക്കം ചെയ്തിട്ടുണ്ട്. ഉത്കണ്ഠയും ജിജ്ഞാസയും പരിഭ്രമവും നിറഞ്ഞ അനുഭവത്തിൽ വിറയ്ക്കുന്ന വിരൽത്തുന്പു കൊണ്ട് ഞാൻ ആ പായ്ക്കറ്റ് അഴിച്ചു. ചുറ്റിക്കെട്ടിയ റിബണും ഭംഗിയായി പൊതിഞ്ഞ വർണ്ണക്കടലാസും സാവധാനം മാറ്റി. അതിന്റെ ഉള്ളിൽ ഒു ചെറിയ പെട്ടി. അതു തുറന്നപ്പോൾ മനോഹരമായ ഒരു സ്വർണ്ണവാച്ച്. അതിന്റെ ചില്ലിൽ ചെറിയ അക്ഷരത്തിൽ, എന്നാൽ വ്യക്തമായി വായിക്കാവുന്ന വിധത്തിൽ ഉല്ലേഖനം ചെയ്തിരിക്കുന്നു. Say something nice to Sara − സാറായോട് ഹൃദ്യമായി സംസാരിക്കുക സാറായെന്നാണ് എന്റെ ഭാര്യയുടെ പേര്. സമയം അറിയാൻ വാച്ചിൽ നോക്കുന്പോഴെല്ലാം ദൃഷ്ടിയിൽ പെടുന്ന ലിഖിതമാണ് അവരുടെ ദാന്പത്യത്തിന്റെ വിജയരഹസ്യമെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. 

പരുക്കൻ ഭാഷയും അപ്രിയ സംഭാഷണശൈലിയും വ്യക്തികളെ അകറ്റാതിരിക്കില്ല. കുടുംബജീവിതത്തിലായാലും ഇത് സത്യമാണ്. പരസ്പര ബഹുമാനത്തോടും ആർദ്ര ഹൃദയത്തോടും കുടുംബാംഗങ്ങൾ സംസാരിക്കുന്പോൾ ആദരിക്കപ്പെടുകയും കരുതപ്പെടുകയും ചെയ്യുക മാത്രമല്ല, ബന്ധങ്ങൾ ശക്തമാവുകയും ചെയ്യും. അങ്ങനെയെങ്കിൽ കുടുംബാംഗങ്ങളോട് വിശ്വസ്തത പുലർത്തുകയും ഹ‍ൃദ്യമായ ആശയവിനിമയം നടത്തുകയും ചെയ്യുന്പോൾ ബന്ധങ്ങളുടെ കണ്ണികളിലെ വിടവുകൾ മാറി മുറുക്കപ്പെടും. അവിടെ റബ്ബർ തേഞ്ഞ് ഇല്ലാതാവുന്നതിനെപ്പറ്റി പരിഭവമോ പെൻസിൽ കൂടെക്കൂടെ തെറ്റുവരുത്തുന്നതിനെക്കുറിച്ചുള്ള പരാതികൾക്കോ സ്ഥാനമില്ല. മനുഷ്യജീവിതത്തിലെ ഒരുഭാഗമാണത് എന്ന് ഉൾക്കൊള്ളുവാൻ അപ്പോൾ ഓരോരുത്തർക്കും കഴിയും.

മക്കൾക്ക് മാതൃക ആരാണ്? കുടുംബമാണ് പ്രഥമ പാഠശാല. ഒരു അമ്മ രണ്ട് മക്കളുമായി ഒരു കോമഡി ഫിലിം കാണാൻ പോയി. തിയേറ്ററിന്റെ കൗണ്ടറിലെത്തിയപ്പോൾ ഒരു ടിക്കറ്റിന് എത്ര രൂപയാണെന്ന് അമ്മ അന്വേഷിച്ചു. മറുപടി കിട്ടി. മുതിർന്ന ആളിന് അൻപതു രൂപ. അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. ഇവരുടെ ഒരു കുട്ടിക്ക് മൂന്നു വയസും മറ്റേതിന് ആറും. അമ്മ നൂറുരൂപാ നേട്ടു നീട്ടി രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് വിൽപ്പനക്കാരൻ കമന്റടിച്ചു. ‘നിങ്ങൾക്ക് ലോട്ടറി അടിച്ചോ? അതോ ആരുടെയെങ്കിലും പണം വെറുതെ കിട്ടിയോ? അന്പത് രൂപാ നിങ്ങൾക്ക് ലാഭിക്കാമായിരുന്നു. നിങ്ങളുടെ മൂത്ത കുട്ടിയ്ക്ക് അഞ്ച് വയസ് എന്ന് പറഞ്ഞാൽ മതി. ആരും അത് അവിശ്വസിക്കയില്ല. അമ്മ പറഞ്ഞു. ‘മറ്റാരും അവിശ്വസിക്കുകയോ അവന്റെ വയസിനെക്കുറിച്ച് അറിയുകയോ ഇല്ലായിരിക്കാം. പക്ഷേ എന്റെ കുഞ്ഞുങ്ങൾക്ക് മനസിലാകും ഞാൻ കള്ളം പറയുകയാണെന്ന്. അവർക്ക് കളവ് പറയാനോ കളവ് കാണിക്കാനോ ഞാൻ പ്രേരണയാവരുത്.’

ഇവിടെ അന്പത് രൂപാ ലാഭിക്കാമെന്നത് ശരിയാണ്. പക്ഷേ ആ കുഞ്ഞുങ്ങൾക്ക് തെറ്റായ ഒരു മാതൃക ആ മാതാവ് അതുവഴി കാണിക്കുമായിരുന്നു. കുഞ്ഞുങ്ങളിൽ മൂല്യബോധവും നീതിനിഷ്ഠയും സത്യസന്ധതയും രൂപം കൊള്ളുന്നത് അവരുടെ മാതാപിതാക്കളുടെ ഉത്തമമാതൃകയിൽ കൂടെയാണ്. ശൈശവത്തിലും ബാല്യത്തിലും ലഭിക്കുന്ന സൽപ്രേരണകളും ദൃഷ്ടാന്തവും ഒരു വ്യക്തിയിൽ സ്ഥായിയായ സ്വാധീനം വരുത്തും.

സാന്പത്തികവും സാമൂഹികവും ഔന്നിത്യം നേടിയ ഒരു വ്യക്തി സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരെടുത്തിട്ടുണ്ട്. ഒരു ദിവസം അദ്ദേഹത്തെ ഫോണിൽ ആരോ വിളിക്കുന്നു. ഒരു പരിപാടിയെപ്പറ്റി ചർച്ച ചെയ്യുന്നതിനായിരുന്നു ഫോൺ വിളിച്ചത്. ഫോൺ എടുത്തത് അദ്ദേഹത്തിന്റെ ആറു വയസുള്ള മകൻ. ഫോണിലൂടെയുള്ള സംഭാഷണത്തിന് ചില ക്രമങ്ങളും മര്യാദകളും പഠിക്കേണ്ടതുണ്ടല്ലോ. ഫോൺ വിളിക്കുന്ന ആളാണ് ആദ്യമേ പരിചയപ്പെടുത്തേണ്ടത്. അതുപോലെ ഫോൺ എടുക്കുന്ന ആളും ആരാണെന്ന് സ്വയം വെളിപ്പെടുത്തണം. എന്നാൽ പലരും ഫോൺ വിളിക്കുന്പോൾ സ്വയം വെളിപ്പെടുത്താതെ ‘ഒരാൾ’ എന്ന് പറഞ്ഞ് ആരംഭിക്കാറുണ്ട്. ഇവിടെ ഫോൺ വിളിച്ച ആൾ സ്വയം വെളിപ്പെടുത്താതെ ആ കൊച്ചു കുട്ടിയോട് ഡാഡി ഉണ്ടോ എന്ന് ചോദിക്കുന്നു. അപ്പോൾ ആ കുട്ടി പതുക്കെ ചോദിക്കുന്നത് കേൾക്കാമായിരുന്നു ‘ഡാഡി ഉണ്ടെന്ന് പറയണോ അതോ ഇല്ലെന്ന് പറയണോ?’ ഡാഡി വീട്ടിൽ ഉള്ളപ്പോൾ തന്നെ ഇല്ലെന്ന് പറയാനുള്ള ശീലം ആ കുട്ടിക്ക് ലഭിച്ചിട്ടുള്ളതു കൊണ്ടാണല്ലോ ഈ വിധം അവൻ പിതാവിനോട് അഭിപ്രായം ചോദിച്ചത്. ഉടൻ അച്ഛൻ പറഞ്ഞു, ‘ആരാണ് വിളിക്കുന്നത് എന്ന് ചോദിക്കൂ’ അപ്രകാരം അവൻ ചെയ്തു. ഉടൻ വിളിച്ചയാൾ പേരു പറഞ്ഞു, ‘ഉണ്ടെന്ന് പറയാൻ’ അനുവാദവും കിട്ടി. ഈ സംഭാഷണമത്രയും ഫോണിൽ കേൾക്കാമായിരുന്നു. ഇതൊരു ചെറിയ സംഭവമെങ്കിലും കളവ് പറയാനുള്ള പൈതൃകമായ അംഗീകാരവും പ്രോത്സാഹനവും ആ കുട്ടിക്ക് ലഭിച്ചു എന്ന ദുഃഖസത്യം മറച്ചു വെയ്ക്കുന്നതെന്തിന്! 

മൂല്യച്യുതിയും ധാർമ്മിക ഭ്രംശവും നിറഞ്ഞ ഒരു സമൂഹമെന്ന ദുഷ്കീർത്തി നാം നേടിക്കഴിഞ്ഞു. നിയമങ്ങൾ എത്ര ശക്തമായിരുന്നാലും അതിനെയൊക്കെ മറികടക്കാനുള്ള വക്രവഴികളും നാം കണ്ടെത്തും. എന്തെങ്കിലും ഒക്കെ പഴുതുകൾ കണ്ടെത്താൻ കഴിയുന്ന ‘മിടുക്കന്മാർ’ കടന്നുവരും. കുടുംബമാണ് മൂല്യബോധത്തിന്റെയും ധർമ്മനിഷ്ഠയുടെയും പ്രാഥമിക കളരി. അവിടെ നിന്ന് ലഭിക്കാതെ പോയാൽ വലിയ സാമൂഹിക വിപത്തായി അത് മാറും. റാൽഫ് വാൾഡോ എമേഴ്സൻ എന്ന ചിന്തകന്റെ അത്യന്തം ശ്രദ്ധേയമായ ഒരു പ്രസ്താവന ഇപ്രകാരമാണ്. “നിങ്ങൾ ആരായിരിക്കുന്നു എന്നുള്ളത് ഉച്ചത്തിൽ വെളിപ്പെടുത്തുന്നതു കൊണ്ട്, നിങ്ങൾ പറയുന്നത് എനിക്ക് കേൾക്കാൻ കഴിയുന്നില്ല.” പെൻസിലും റബ്ബറും പരസ്പര പൂരകങ്ങളായി വർത്തിക്കുന്നതു പോലെ നമ്മുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും വലിയ വലിപ്പ വ്യത്യാസമില്ലാതെ പരസ്പര ധാരണയോടെ ബഹുമാനത്തോടെ പെരുമാറുന്പോൾ പെൻസിൽ വരുത്തുന്ന തെറ്റുകളുടെ എണ്ണം കുറയും. റബ്ബർ ദീർഘനാൾ ഉപയോഗപ്രദമാവുകയും ചെയ്യും.

You might also like

Most Viewed