മടു­ത്തു­ പോ­കാ­തെ­ ജീ­വി­ച്ച് മു­ന്നേ­റു­ക


രുടെ ജീവിതത്തിലും പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഏതു സമയത്തും ഉയരാം. അവയോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. സർഗാത്മകമായി ചിന്തിക്കുന്നവരും ക്രിയാത്മകമായി പ്രതികരിക്കുന്നവരും കയ്പിനെ മധുരമാക്കി മാറ്റും. തങ്ങളുടെ പരിമിതികളെക്കുറിച്ചുള്ള പൂർണ്ണബോദ്ധ്യത്തിൽ ഉറച്ച് നിന്ന് വിജയത്തിന്റെ ഉപാധികൾ അവർ വെട്ടിത്തെളിക്കും. സ്വന്തം ജീവിതത്തെ തിളക്കമാർന്നതാക്കുന്നു എന്നു മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തെ പ്രകാശപൂർണ്ണമാക്കാനും അവർക്ക് കഴിയും. അന്ധരുടെ ലോകത്തിൽ അത്ഭുതം സൃഷ്ടിച്ച് വിജ്ഞാനത്തിന്റെ വാതായനങ്ങൾ അവർക്ക് തുറന്ന് കൊടുത്ത ലൂയി ബ്രെയിലി എത്ര വലിയ സേവനമാണ് തന്റെ പരിമിതികൾക്കുള്ളിലൊതുങ്ങി മടുത്തു പോകാതെ നിർവഹിച്ചിരിക്കുന്നത്.

ആരായിരുന്നു ഈ ബ്രെയിലി? ലൂയി ബ്രയിലി ജനിച്ചത് ഫ്രാൻസിൽ. അച്ഛൻ കരകൗശല വിദഗ്ദ്ധനായിരുന്നു. കുതിരകളുടെ ചമയങ്ങളും അവയുടെ മേൽ വെയ്ക്കുന്ന ഇരിപ്പിടങ്ങളും തുകൽ കൊണ്ട് നിർമ്മിക്കുന്നതിൽ വിരുത് നേടിയ ആളായിരുന്നു അദ്ദേഹം. ലൂയിക്ക് മൂന്ന് വയസുള്ളപ്പോൾ ഒരു ദിവസം അവൻ അച്ഛന്റെ വർക്്ഷോപ്പിലിരുന്ന ജോലി വീക്ഷിക്കുകയായിരുന്നു. ഏതോ ആവശ്യത്തിന് അച്ഛൻ പുറത്തേക്ക് പോയപ്പോൾ ലൂയി അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ ഉളി എടുത്ത് കൽകഷണത്തിൽ കുത്തി. ഇത് തെന്നിമറിഞ്ഞ് ലൂയിയുടെ കണ്ണിൽ കുത്തി കയറി. മുറിവ് ആഴത്തിലായിരുന്നു. മരുന്നും ചികിത്സയുമൊക്കെ ചെയ്തെങ്കിലും ഇൻഫെക്ഷൻ ബാധിച്ച് രണ്ടു കണ്ണുകളുടെയും കാഴ്ച നിശേഷം നഷ്ടപ്പെട്ടു. അങ്ങനെ മൂന്നാം വയസ്സിൽ ലൂയി ബ്രെയിലി അന്ധനായിത്തീർന്നു. അവന്റെ ഉള്ളിൽ വായനയ്ക്ക് അദമ്യമായ ആഗ്രഹമുണ്ടായിരുന്നു. വിജ്ഞാനത്തിന്റെ ഭണ്ധാരം തന്റെ മുന്നിൽ അടയ്ക്കപ്പെട്ടതായി അവന് അനുഭവപ്പെട്ടു. വളരുന്തോറും അറിവ് നേടാനുള്ള അഭിലാഷം അവനിൽ ബലപ്പെടുകയായിരുന്നു. സമപ്രായക്കാർ വായിച്ചും പഠിച്ചും മുന്നേറുന്പോൾ അവന് നിരാശയും അസൂയയമുണ്ടായി.

പാരീസിൽ അന്ധവിദ്യാർത്ഥികൾക്കായുള്ള ഒരു വിദ്യാലയത്തിൽ അവൻ ചേർന്നു. അപ്പോഴേയ്ക്കും അവന്റെ മനസ്സിൽ അന്ധർക്ക് വായിക്കാൻ സഹായകരമായ ഒരു ലിപി കണ്ടെത്തണമെന്ന തീവ്രമായ ആഗ്രഹമുണ്ടായി. തന്റെ ഉത്സാഹത്തിനും ഉദ്യമത്തിനും പ്രായപരിധി തടസമായി നിൽക്കാൻ അവൻ അനുവദിച്ചില്ല. കഠിനശ്രമവും സ്ഥിരോത്സാഹവും ശുഭാപ്തി ചിന്തയും ഒത്തു ചേർന്നപ്പോൾ ലൂയിക്ക് 20 വയസായപ്പോൾ പുതിയ ലിപി അവൻ കണ്ടുപിടിച്ചു. അത് 1824ൽ ആയിരുന്നു. കടലാസിൽ ആണികൾ കൊണ്ട് കുത്തി ഉയർന്നു നിൽക്കുന്ന കുത്തുകൾ ഉണ്ടാക്കുക. ആ കുത്തുകളുടെ ഘടനയും യോജിപ്പും അക്ഷരങ്ങളെ ദ്യോതിപ്പിക്കുന്ന രീതിയിലായിരുന്നു. രണ്ട് വരികളിലായി ആറു കുത്തുകൾ വീതമുള്ള യൂണിറ്റാണ് അക്ഷരങ്ങൾക്ക് രൂപം നൽകുന്നത്. വിരൽ തുന്പിന്റെ സ്പർശനത്താൽ വാക്കുകൾ വായിക്കുവാനും പൂർണ്ണവിരാമവും കോമയുമെല്ലാം മനസിലാക്കുവാനും കഴിയും.

ഇംഗ്ലീഷിലേക്കുള്ള ബ്രെയിലി കോഡ് 1932ലാണ് സാധ്യമായത്. ഇന്ന് ലോകത്തിലുള്ള എല്ലാ പ്രധാന ഭാഷകളിലും ‘ബ്രെയിലി’കടന്നെത്തിരിക്കുന്നു. മാത്രമല്ല, സംഗീതത്തിന്റെ നൊട്ടേഷനും ഈ ലിപിയിൽ ഇന്ന് ചെയ്യുന്നുണ്ട്. ഈ വിജയത്തിലൂടെ ലോകത്തിന് ലൂയി ഒരു സന്ദേശം നൽകുന്നു. ‘സ്വന്തം പരിമിതികളെ ഓർത്ത് നിരാശപ്പെട്ട് നിഷ്ക്രിയത്വത്തിലേയ്ക്ക് വഴുതിപ്പോവുകയോ ജീവിതത്തിൽ നിന്ന് ഒളിച്ചോടിപ്പോവുകയോ ചെയ്യരുത്. ഓരോ വ്യക്തിയിലും പരിമിതികളെ അതിജീവിക്കാനുള്ള കഴിവ് നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് ആവശ്യം. അന്ധനായിരുന്ന ഒരു ബാലൻ ഒരു ലക്ഷ്യം മുന്നിൽ വെച്ചു കൊണ്ട് അഹോരാത്രം അദ്ധ്വാനിച്ച് മുന്നേറിയപ്പോൾ സാധ്യതകൾ അവനെ തേടിയെത്തി.

ഒരു അമ്മയും മകളും. മകൾ അമ്മയോട് ഹൃദയം തുറന്ന് ദിവസേന സംസാരിക്കാറുണ്ട് മുടക്കം കൂടാതെ. ഒരു ദിവസം അവൾ അമ്മയോട് പറഞ്ഞു, ‘എനിക്ക് മടുത്തു. എന്റെ ജീവിതത്തിൽ എല്ലാം പ്രശ്നങ്ങളാണ്. ഒന്ന് കഴിയുന്പോൾ മറ്റൊന്ന്. ഓരോന്നും ശക്തമായിട്ടാണ് കടന്നുവരിക. എല്ലാംകൊണ്ടും ഞാനിപ്പോൾ വീർപ്പുമുട്ടലിലും വഴിമുട്ടിയ അവസ്ഥയിലുമാണ്.’ ഈ മകളുടെ മാനസികാവസ്ഥയിലൂടെ നമ്മിൽ പലരും കടന്നുപോയിട്ടില്ലെ? ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ മാത്രം നേരിടേണ്ടി വരുന്പോൾ നിരാശ ബാധിച്ച് തളർന്നു പോകും. ചിലപ്പോൾ എന്തെങ്കിലും സാഹസം കാട്ടിയാലോ എന്ന്് വരെ ചിന്തിച്ചേക്കാം. അത്തരം സാഹചര്യങ്ങൾ മകൾ ചെയ്തതു പോലെ ഏറ്റവും അടുപ്പമുള്ള ആളോട് ഹൃദയം തുറക്കുകയാണ് വേണ്ടത്. മനസ് തുറക്കാതെ അടച്ചുവച്ച് സംഘർഷം വ‍ർദ്ധിപ്പിക്കരുത്.

ഇവിടെ അമ്മ എന്താണ് ചെയ്തത് എന്ന് നോക്കാം. അമ്മ മകളെ അടുക്കളയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. മൂന്ന് പാത്രത്തിൽ വെള്ളമെടുത്ത് മൂന്ന് അടുപ്പിൽ വെച്ച് തീ കത്തിച്ചു. വെള്ളം പതുക്കെ ചൂടായി തിളയ്ക്കുന്നതിന് മുന്പ് അമ്മ കുറെ ക്യാരറ്റുകൾ ആദ്യത്തെ പാത്രത്തിൽ ഇട്ടു. രണ്ടാമത്തേതിൽ മൂന്ന് കോഴിമുട്ടകളും മൂന്നാമത്തേതിൽ കുറെ കാപ്പിപ്പൊടിയും. മൂന്നും നന്നായി തിളക്കാൻ അനുവദിച്ചു. കുറെക്കഴിഞ്ഞ് ഒന്നാമത്തെ പാത്രത്തിലെ ക്യാരറ്റുകൾ ഒരു പ്ലേറ്റിലേയ്ക്ക് മാറ്റി. മുട്ടകളും മറ്റൊരു പാത്രത്തിലാക്കി. കാപ്പി രണ്ടു കപ്പുകളിലേക്കും പകർന്നു. ‘മോളേ, നീ എന്തു കാണുന്നു’ എന്ന അമ്മയുടെ ചോദ്യത്തിന് മകളുടെ മറുപടി. ‘ഞാൻ ക്യാരറ്റും മുട്ടയും കാപ്പിയും കാണുന്നു’ എന്നായിരുന്നു. ഒന്നാമത്തെ പാത്രം മകളുടെ അടുക്കൽ പിടിച്ചിട്ട് ക്യാരറ്റ് ഒന്ന് ഞെക്കി നോക്കാൻ പറഞ്ഞു. അത് വെന്ത് മാർദ്ദവമുളളതായി തീർന്നിരിക്കുന്നു. ഒരു മുട്ട എടുത്ത് പൊട്ടിക്കാൻ പറഞ്ഞു. അതിന്റെ അകം കട്ടിപിടിച്ചിരിക്കുന്നതായി കണ്ടു. കാപ്പിയും രുചിച്ചുനോക്കി കാപ്പിയ്ക്ക് നല്ല മണമുണ്ടായിരുന്നു.

ഇത്രയുമായപ്പോൾ മകൾ അമ്മയോട് ചോദിച്ചു. “എന്താണ് അമ്മ ഈ ചെയ്യുന്നത്? എനിക്കൊന്നും മനസിലാവുന്നില്ല. എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശ്യം?” സ്കൂളിലെ അദ്ധ്യാപികയെപ്പോലെ സാധന പാഠമായിട്ടാണ് അമ്മ ഇതൊക്കെ ചെയ്തത്. അമ്മ വിശദീകരിച്ചു. ക്യാരറ്റും മുട്ടയും കാപ്പിപ്പൊടിയും ഒരേ ശത്രുവിനെയാണ് നേരിട്ടത്. തിളയ്ക്കുന്ന വെള്ളം മൂന്ന് സാധനങ്ങളുടെയും പ്രതികരണം മൂന്ന് വിധത്തിലായിരുന്നു. കട്ടിയുള്ള ക്യാരറ്റ് വെന്ത് ശക്തിയില്ലാത്ത മാർദ്ദവാസ്ഥയിലെത്തി. മുട്ടയാകട്ടെ അകത്ത് ദ്രവരൂപത്തിലിരുന്നത് കട്ടിയുള്ളതായി തീർന്നു. കാപ്പിപ്പൊടി തിളച്ച വെള്ളത്തെ ഹരം പിടിപ്പിക്കുന്ന ഒരു പാനീയമായിത്തീർന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുന്പോൾ വിഷമതരങ്ങളായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്പോൾ നീ ഇതിൽ ഏതിനെപ്പോലെയാണ് പ്രതികരിക്കുന്നത്? തിളയ്ക്കുന്ന വെള്ളത്തെ നേരിടുന്പോൾ വെന്ത് പോയിട്ട് കരുത്ത് നഷ്ടപ്പെടുന്ന അവസ്ഥയാണോ ആ ക്യാരറ്റിനെപ്പോലെ? പ്രശ്നങ്ങൾ വന്നെത്തുക പലവിധത്തിലും രൂപത്തിലുമാകാം. ചില സംരംഭങ്ങളിൽ തിരിച്ചടികൾ; പ്രതീക്ഷയ്ക്കു വിപരീതമായി പരാജയമാകാം; വിശ്വാസമർപ്പിച്ച ചില‍ർ വഞ്ചിച്ചതാകാം. കർമ്മനിരതമായി നീങ്ങുന്പോൾ കടന്നുവന്ന ഏതെങ്കിലും രോഗമാകാം; ഇങ്ങനെയുള്ള പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. ഇവയിൽ ഏതെങ്കിലുമൊക്കെ നേരിടാത്തവർ ആരുമില്ല. എന്നാൽ നാം ‘ആ തിളയ്ക്കുന്ന വെള്ളത്തെ’ എങ്ങനെ നേരിടുമെന്നതാണ് പ്രധാനം. ക്യാരറ്റിന് സംഭവിച്ചതുപോലെ ശക്തി ക്ഷയിച്ച് തളർച്ചയിലായിത്തീരുമോ? അതോ മുട്ടയ്ക്ക് സംഭവിച്ചതുപോലെ, ആദ്യം ദ്രവരൂപത്തിൽ എങ്ങോട്ടും ഒഴുകിപ്പോകാവുന്ന അവസ്ഥയിൽ ആയിരുന്നെങ്കിൽ പിന്നീട് കഠിനപ്പെട്ടു പോകാം. കുടുംബത്തിലെ ചില ദുരന്തങ്ങളോ വേ‍‍ർപിരിയലുകളോ, പ്രതിസന്ധികളോ നമ്മെ കഠിനഹൃദയരും വികാരശൂന്യരുമാക്കി മാറ്റി എന്നു വരാം. ഹൃദയം മരവിച്ച അവസ്ഥയിൽ നമ്മിലുള്ള മൃദുല ഭാവങ്ങളും സൗമ്യ വികാരങ്ങളും ഇല്ലാതായി എന്ന് വരാം. നമുക്ക് പുറമെയുള്ള ഭാവത്തിലും രൂപത്തിലും വ്യത്യാസമില്ലായിരിക്കാം. പക്ഷേ അകമേ മുട്ടയുടെ അനുഭവം പോലെ, കയ്പ് നിറഞ്ഞവരും കാർക്കശ്യമുള്ളവരുമായി മാറിപ്പോകും. അല്ലെങ്കിൽ വെള്ളം നന്നായി തിളയക്കുന്നതുവരെ കാപ്പിയുടെ ഹൃദ്യമായ മണവും രുചിയും പുറപ്പെടുവിപ്പിക്കുന്ന ദ്രാവകമായി മാറാൻ കാപ്പിപ്പൊടിയ്ക്ക് കഴിഞ്ഞതു പോലെ പ്രയാസങ്ങളുടെ മധ്യത്തിലും മൂല്യബോധമുള്ളവരായ സുഗന്ധവാഹികളായിത്തീരുവാൻ കഴിയണം. നമ്മിൽ നൈസർഗ്ഗികമായി കുടികൊള്ളുന്ന കഴിവുകളും നന്മകളും പുറത്തുവരാൻ പ്രതിസന്ധികൾ കാരണമായിത്തീരണം. ചിലരിലെ അഹന്തയും താൻപോരിമയും ദ്രോഹചിന്തകളും മാറ്റി ഹൃദയത്തിൽ വിനയവും സൗമ്യതയും നിറയ്ക്കാൻ ‘തിളച്ച വെള്ളത്തിലെ’ അനുഭവങ്ങൾ സഹായിക്കണം.

കടൽത്തീരത്ത് പല ധന്യാത്മാക്കളും ധ്യാനനിമിഷങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കടൽക്കാറ്റേറ്റ് ആഴിയുടെ പരപ്പിലേയ്ക്ക് നോട്ടമിട്ട് ജീവിതത്തിന്റെ അഗാധതയിലേയ്ക്കും പ്രകൃതിയുെട നിഗൂഢതയിലേയ്ക്കും സർവ്വ ചരാചരങ്ങളിലും വ്യപരിക്കുന്ന പരാശക്തിയിലേക്കുമൊക്കെ ചിന്ത വ്യാപരിപ്പിക്കാൻ അവർക്ക് അവസരം ലഭിക്കുന്നു. അപ്പോൾ അവരുടെ നീരിക്ഷണത്തിൽപ്പെടുന്ന ഒരു യാഥാർത്ഥ്യമുണ്ട്. സമുദ്രം നിശ്ചലമായും നിശബ്ദമായും കഴിയുന്ന നിമിഷങ്ങൾ വളരെ വിരളം. എപ്പോഴും ഉയരുന്ന തിരമാലകൾ അലറുന്ന ശബ്ദത്തോടെ കരയിലേയ്ക്ക് ആഞ്ഞടിക്കുകയാണ്. പക്ഷേ ഈ കടന്നുകയറ്റം അധികം നീണ്ടുനിൽക്കുന്നില്ല. കടന്നുവന്ന വേഗത്തോടെ പിൻവാങ്ങുകയും ചെയ്യുന്നു. അല്പ നിമിഷത്തെ ശാന്തതയ്ക്കു ശേഷം വീണ്ടും ഭയപ്പെടുത്തി ആഞ്ഞടിച്ച് കയറിവരുന്നു.

കടലിന്റെ ഈ പ്രതിഭാസത്തെ ദാർശനികനും ആദ്ധ്യാത്മിക ചിന്തകനും ജീവനകലയുടെ ആചാര്യനുമായ ശ്രീ ശ്രീ രവിശങ്കർ മനുഷ്യജീവിതാനുഭവത്തോട് സാക്ഷ്യപ്പെടുത്തി പരിചിന്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ചോദ്യം: കൊടുങ്കാറ്റ് ഉയർത്തുന്ന തിരമാലകളിൽ നിന്ന് സമുദ്രം മുക്തമാണോ? അല്ല എന്നതാണ് സത്യം. പ്രാപഞ്ചിക ജീവിതത്തിലെ അടിസ്ഥാന പ്രശ്നവും അതുതന്നെ. അതുകൊണ്ട്, ആദ്യമായി നാം ഈ അടിസ്ഥാന പ്രശ്നത്തെപ്പറ്റി ബോധമതികളാവുക. അതെപ്പറ്റി ഉത്കണ്ഠ ജനിപ്പിച്ച് കുണ്ഠിതപ്പെട്ടിരിക്കുന്നതിന് പകരം അതൊരു ജീവിതയാഥാർത്ഥ്യമായി അംഗീകരിക്കുക. വൻമതിൽ കെട്ടി കൊട്ടരാത്തിൽ പാർക്കുന്നവനും ചെറ്റക്കുടിലിൽ അന്തിയുറങ്ങുന്നുവനും  ഓരോ വിധത്തിലുള്ള തിരയടി നേരിടുവാനുണ്ട്. രണ്ടാമത് ചിന്തിക്കാനുള്ളത്, തിരമാലകൾ ആഞ്ഞടിക്കുന്നതു പോലെ, താമസം വിനാ അത് പിന്മാറുന്നു എന്ന സത്യമാണ്. അത് സ്ഥിരമായി അങ്ങനെ നിലകൊള്ളുന്നില്ല. വേഗത്തിൽ മടങ്ങിപ്പോകുന്നു. അപ്പോൾ കുളിർമ്മയും ശാന്തതയുമുള്ള ഒരു അനുഭവം കൈവരുന്നു. ഓരോരുത്തരിലും ഒരു ജീവിതപാഠം നൽകിയിട്ടാണ് തിരമാല പിൻവലിയുന്നത്. രോഗങ്ങളുടെ കടന്നാക്രമണമോ സാന്പത്തിക പ്രതിസന്ധികളോ ഔദ്യോഗികതലത്തിലെ വെല്ലുവിളികളോ തിരമാലകളായി പ്രത്യക്ഷപ്പെടാം. എതിർക്കാതെ അവയെ ഉൾക്കൊള്ളുവാൻ തയ്യാറായാൽ സ്വാഭാവികമായ ഒരു ശാന്തത ആത്യന്തികമായി ലഭിക്കും. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ യഥാർത്ഥരൂപം പുറത്തു കൊണ്ടുവന്ന് ശുദ്ധീകരണ പ്രക്രിയയ്ക്ക് നമ്മെ വിധേയരാക്കുവാൻ നമ്മുടെ പ്രശ്നങ്ങൾ സഹായിക്കും. തീരത്ത് ആഞ്ഞടിക്കുന്ന തിരമാലകൾ അവിടെ ഉറഞ്ഞു കിടക്കുന്ന മാലിന്യക്കൂന്പാരത്തെ ഒഴുക്കിയെടുത്ത് വെടിപ്പാക്കുന്നതുപോലെ നമ്മുടെ വ്യക്തിത്വത്തിൽ അലിഞ്ഞു ചേർന്ന അഹന്തയും സ്വാർത്ഥതയും പരനിന്ദയും വിദ്വേഷവുമൊക്കെ കോരിക്കളഞ്ഞ് മനസിന്റെ തീരം വെടിപ്പാക്കുവാൻ പ്രതിസന്ധികൾ സഹായകമായിത്തീരണം.

You might also like

Most Viewed