ചില്ലറയ്ക്കായി നേർച്ചപ്പെട്ടികൾ തുറന്ന് വെച്ചാൽ?
ചില നോട്ടുകളുടെ നിരോധനം മൂലം ചില്ലറയ്ക്കായി പരക്കം പായുന്ന പാവപ്പെട്ടവരെ നാട്ടിന്റെ നിരത്തുകളിൽ നെടുകെ കാണാം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾക്ക് കടലാസു വിലപോലുമില്ലാതായി തീർന്നു ഒരു പാതിരാത്രിയിൽ. ഈ നോട്ടുംപുറത്ത് എന്തൊക്കെ കളികളിച്ചവരാണ് നാമൊക്കെ? എത്ര പേരെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്തിട്ടുണ്ട് പലപ്പോഴായി നമ്മിൽ ചിലരൊക്കെ ഈ ആയിരവും അഞ്ഞൂറും ഉയർത്തിക്കാട്ടിയിട്ട്! എത്ര കറപുരണ്ടതായിരുന്നാലും നോട്ടിന് വിലയും പിടിച്ചുപറിയും ആയിരുന്നു. മൂല്യം അസാധുവാക്കപ്പെട്ടപ്പോൾ വില ഇടിഞ്ഞത് ഒരു യാഥാർത്ഥ്യമായി നാം അംഗീകരിക്കാൻ നിർബന്ധിതരായിരിക്കുന്നു.
ചെറിയ നോട്ടുകൾക്കും ചില്ലറയ്ക്കുമായി പരതി നടക്കുന്പോൾ ചിന്തിപ്പിക്കുന്ന ഒരു കർമ്മം കൊണ്ട് കേരളത്തിലെ ഒരു ദേവാലയത്തിലെ പ്രധാന വൈദികൻ മാതൃകയായിരിക്കുന്നു. അദ്ദേഹം ദേവാലയത്തിന്റെ മുന്പിൽ വിശ്വാസികൾക്കായി നേർച്ച ഇടാൻ വെച്ചിരിക്കുന്ന നേർച്ചപ്പെട്ടി മലർക്കെ തുറന്ന് വെച്ചിരിക്കുന്നു. സാധാരണ ദേവാലയങ്ങളിൽ വന്പൻ കറൻസി നോട്ടുകൾ നേർച്ചയായി വന്ന് വീഴാറില്ല. ചെറിയ നോട്ടുകളാണ് കൂടുതലും. ചെറിയ നോട്ടുകൾ കുന്നുകൂടി കിടക്കുന്ന നേർച്ചപ്പെട്ടി വളരെ സുരക്ഷിതത്വത്തിൽ കള്ളന്മാരെ പേടിച്ച് ഉറപ്പിച്ച് ആണ് വെയ്ക്കാറുള്ളത്. പെട്ടെന്ന് തുറക്കാനാകാത്ത പൂട്ടും സംഘടിപ്പിച്ചിട്ടുണ്ടാകും. അത്തരമൊരു നേർച്ചപ്പെട്ടിയാണ് ഒരു സുപ്രഭാതത്തിൽ മലർക്കെ തുറന്നിട്ടിരിക്കുന്നത്. ഉദ്ദേശം ശുദ്ധമത്രെ! ആർക്കെങ്കിലും ചില്ലറയുടെ ആവശ്യമുണ്ടെങ്കിൽ ഈ പെട്ടിയിൽ നിന്നും യഥേഷ്ടം എടുത്തുകൊണ്ട് പോകട്ടെ! പണം ദൈവത്തിന്റേതല്ലേ? വലിയ നോട്ട് ഉടൻ നിക്ഷേപിക്കാൻ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല; പണമുണ്ടാകുന്പോൾ തിരികെ നിക്ഷേപിച്ചാൽ മതിയാകും! സർവ്വവും അറിയുകയും ദർശിക്കുകയും ചെയ്യുന്ന ഈശ്വരന്റെ കണ്ണുകളിൽ ഇതൊക്ക പതിയപ്പെടും. മനഃസാക്ഷിയുള്ളവർ തിരികെ പണം നിക്ഷേപിക്കുമെന്ന ഉറച്ചവിശ്വാസം ആ വൈദികനുണ്ട്. വാർത്ത കേൾക്കുന്പോൾ അതിശയമുണ്ടാകാമെങ്കിലും അപഗ്രഥിക്കുന്പോൾ നമ്മെ ഉറക്കെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കർമ്മമാണിത്. എല്ലാ നേർച്ചപ്പെട്ടികളും ഇങ്ങനെ ഒരു സംവിധാനത്തിൽ ആയിരുന്നുവെങ്കിൽ എന്നുവരെ ചിന്തിച്ചു പോകും! മനുഷ്യമനസിന്റെ ശാന്തിക്കും ഉപകാര സ്മരണയ്ക്കുമായി ദേവാലയത്തിൽ കൊണ്ട് നിക്ഷേപിക്കപ്പെടുന്ന ഈ കാണിക്കയുടെ ചെപ്പ് മലർക്കെ തുറന്നിട്ടിരിക്കുന്ന ചിത്രം വിശാല മനസ്ഥിതിയുള്ള ഒരു വ്യക്തിത്വത്തോട് ഉപമിക്കുന്നതിൽ എന്താണ് തെറ്റ്?
ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടറുടെ അടയാളം അദ്ദേഹത്തിന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന െസ്റ്റതസ്കോപ്പ് ആണ്. പഴയകാലത്ത് ഇതിനെ നാട്ടുഭാഷയിൽ ‘കുഴൽ’ എന്ന് വിളിച്ചിരുന്നു. ഡോക്ടർ കുഴൽ വെച്ച് പരിശോധിച്ചു എന്നു പറഞ്ഞാൽ പരിശോധനയെക്കുറിച്ചുള്ള ഒരുതരം സംതൃപ്തിയാണ് അതിലുള്ളത്. ഇന്ന് രോഗനിർണ്ണയത്തിന് ശാസ്ത്രീയമായ നിരവധി സാങ്കേതികവിദ്യകളുണ്ടെങ്കിലും െസ്റ്റതസ്കോപ്പ് ഒരു ഡോക്ടറുടെ മൗലികോപകരണം തന്നെയാണ്.
ഇതിന്റെ കണ്ടുപിടുത്തം സംബന്ധിച്ച് രസകരമായ ഒരു കഥയുണ്ട്. പാരീസിലുള്ള തിയഡോർ ലെനക്ക് എന്ന ഡോക്ടർ ഒരിക്കൽ ഹൃദ്രോഗമുള്ള ഒരു സ്ത്രീയെ പരിശോധിക്കുകയായിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം എങ്ങനെയെന്നറിയാൻ ഡോക്ടറുടെ ചെവി രോഗിയുടെ നെഞ്ചിൽ ചേർത്തു പിടിച്ച് ഹൃദയസ്പന്ദനം മനസിലാക്കുന്ന പതിവാണ് അന്നുണ്ടായിരുന്നത്. ഡോക്ടർ ലെനക്ക് മേൽപ്പറഞ്ഞ രോഗിയെ അപ്രകാരം പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ആ സ്ത്രീക്ക് വല്ലാത്ത വീർപ്പുമുട്ടലും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. കാരണം ഒരു പുരുഷൻ തന്റെ നെഞ്ചോട് ചേർത്ത് ചെവി പിടിക്കുന്നതായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഡോക്ടർ കുഴങ്ങി. പെട്ടെന്ന് അദ്ദേഹത്തിന് ഒരു വിദ്യ തോന്നി. ഒരു കടലാസ് ചുരുട്ടി കുഴൽ രൂപത്തിലാക്കി. അതിന്റെ ഒരറ്റം സ്വന്തം ചെവിയിലും മറ്റേയറ്റം രോഗിയുടെ നെഞ്ചിലും ചേർത്തു വെച്ചു. ആ കടലാസ് കുഴലിലൂടെ രോഗിയുടെ നെഞ്ചിടിപ്പ് മനസിലാക്കുവാൻ ഡോക്ടർ ലെനക്കിന് കഴിഞ്ഞു. ഇത് 1819ൽ ആയിരുന്നു. സാന്ദർഭികമായി പ്രയോഗിച്ച ഈ വിദ്യ ഒരു വലിയ നേട്ടത്തിന്റെ പ്രാരംഭം കുറിയ്ക്കുകയായിരുന്നു. അന്നത്തെ ആ കടലാസു കുഴലിൽ നിന്നാണ് െസ്റ്റതസ്കോപ് എന്ന ഹൃദയസ്പന്ദന മാപിനിയുടെ കണ്ടുപിടുത്തത്തിൽ ഡോക്ടർ ലെനക്ക് എത്തിച്ചേർന്നത്. ഇന്ന് പല നിലവാരത്തിലുള്ള െസ്റ്റതസ്കോപ്പുകൾ ഉണ്ടെങ്കിലും എല്ലാറ്റിന്റെയും അടിസ്ഥാന പ്രയോജനം ഒന്നു തന്നെ. രോഗിയുടെ ഹൃദയസ്പന്ദനം കൃത്യമായി പരിശോധകന്റെ ചെവിയിലെത്തിക്കുകയാണ് അതിന്റെ ധർമ്മം. ഹൃദയത്തിന്റെ സ്പന്ദനം അന്തരീക്ഷത്തിലെ ബാഹ്യശബ്ദങ്ങളുമായി കൂടിക്കലരാതെ കലർപ്പില്ലാതെ പരിശോധകന്റെ കാതുകളിലെത്തുന്നു. അത് ഉറപ്പാക്കുന്നതിനാണ് ചെവിയിൽ െവയ്ക്കുന്ന രണ്ടു തണ്ടുകളുടെയും അഗ്രങ്ങൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത്. ഇതുപോലെ, തുറക്കപ്പെട്ട ഒരു മനസിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുക്കാൻ മനഃശാസ്ത്രജ്ഞന്മാർ കതാർസിസ് (cathersis) എന്ന തെറാപ്പി നടത്തി തുറക്കപ്പെട്ട മനസിലെ വികാരവിചാരങ്ങൾ പുറത്തു കൊണ്ടുവന്ന് ആ മനസ് ശുദ്ധീകരിക്കുന്നു. കാണിക്കപ്പെട്ടി തുറന്നിരിക്കുന്പോൾ അതിലെ നാണയങ്ങൾ സ്വന്തമാക്കണമെന്ന ചിന്ത ക്രമേണ അന്യമായിപ്പോകുന്നതു പോലെ മനസിലെ അവിശുദ്ധ ചിന്തകളും ഉരുകി ഇല്ലാതെയായിത്തീരുമെന്ന് അനുമാനിക്കാം.
കാണിക്കപ്പെട്ടി മലർക്കെ തുറന്നിട്ടിരിക്കുന്നതിന്റെ പിന്നിലെ രസതന്ത്രം കൂടെ മനസിലാക്കുക. ഒന്നും ആരുടെയും സ്വന്തമല്ല. എല്ലാം എല്ലാവർക്കും അവകാശപ്പെട്ടതാണ് താനും. നാണയത്തുട്ടുകളെ ജീവിതമൂല്യങ്ങളുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് ചിന്തിക്കുന്പോൾ മേൽപ്പറഞ്ഞ പ്രസ്താവനയിൽ കഴന്പുള്ളതായി തോന്നും. ഒരു വ്യക്തിയുടെ ഉപബോധ മനസിലെ സംഘർഷങ്ങൾ ബോധമനസിലേക്ക് കൊണ്ടുവന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന പ്രക്രിയയാണ് ശുദ്ധീകരണം. (cathersis) എങ്കിൽ അതിന് കാണിക്കപ്പെട്ടിയായ മനസ് മലർക്കെ തുറക്കണം. ഇത് സാധ്യമാകണമെങ്കിൽ ഓരോ വ്യക്തിയുടെയും നിലവാരത്തിൽ നിന്നുകൊണ്ട് വിലക്കുകളും തടസ്സങ്ങളുമില്ലാതെ നാണയത്തുട്ടുകളായ വികാരങ്ങൾ പുറത്തെടുത്ത് പകരം സദ്ചിന്തയുടെ നോട്ടുകൾ നിക്ഷേപിക്കണം. തുറന്നിട്ടിരിക്കുന്ന കാണിക്കപ്പെട്ടിയിൽ നിന്ന് പണം കവർന്നെടുക്കാനല്ല. അടച്ചു ഭദ്രമായി വെച്ചിരുന്ന പെട്ടി പൊതുവിൽ മലർക്കെ തുറന്നതിന്റെ സാംഗത്യം ഉൾക്കൊള്ളുവാൻ പൊതുജനം തയ്യാറാവുന്പോഴാ
ണ് ‘ഞാനും നിങ്ങളും’ എന്ന വേർതിരിവിന്റെ ചിന്തമാറി ‘നാം, നമ്മൾ’ എന്ന സാർവ്വത്രിക ചിന്തയിലേക്ക് സമൂഹം എത്തുന്നത്. അവിടെയപ്പോൾ കള്ളവുമില്ല, കളവുമില്ല; പൊളിവചനം എള്ളോളം പോലും ഇല്ലാതാകും.
ഒരു ചെറിയ മെഴുകുതിരിയും കത്തിച്ച് ഒരാൾ ലൈറ്റ് ഹൗസിന്റെ പടികൾ ചവിട്ടി മുകളിലേയ്ക്ക് കയറുന്നു. അപ്പോൾ ആ മെഴുകുതിരി അത് വഹിച്ച ആളിനോട് ഒരു ചോദ്യം ചോദിച്ചു. “നാം എവിടേക്കാണ് പോകുന്നത്? നമ്മുടെ ഈ പോക്കിന്റെ ഉദ്ദേശമെന്ത്?” അയാൾ മറുപടി നൽകി. “നാം ഈ പ്രകാശഗോപുരത്തിന്റെ മുകൾത്തട്ടിലേക്ക് ആണ് പോകുന്നത്. അവിടെ ഒരു വലിയ കാര്യം നമുക്ക് ചെയ്യുവാനുണ്ട്. വിശാലമായ സമുദ്രത്തിൽ കൂടി യാത്ര ചെയ്യുന്ന ചെറുതും വലുതുമായ കപ്പലുകൾക്ക് മാർഗ്ഗദർശനം നൽകുവാനുണ്ട്. ഈ പ്രകാശഗോപുരത്തിൽ നിന്ന് ലഭിക്കുന്ന വെളിച്ചമാണ് കപ്പൽക്കാർക്ക് ദിശാബോധം വരുത്തുന്നത്. അതു കണ്ടാണ് അവർ ലക്ഷ്യത്തിലേയ്ക്ക് യാത്ര തുടരുന്നത്.” അപ്പോൾ മെഴുകുതിരിയുടെ സംശയം: “എന്ത്? അതെങ്ങനെ സാധിക്കും? എന്റെ ഈ ചെറിയ ദീപനാളത്തിൽ നിന്നുള്ള പ്രകാശം എത്ര ചെറുതാണ്. കൂറ്റൻ കപ്പലുകൾക്ക് ദൂരെ നിന്ന് എന്റെ പ്രകാശം എങ്ങനെ ദൃശ്യമാകും? കേവലം ഒരു മിന്നാമിനുങ്ങ് എന്ന് അവർ എന്നെ തെറ്റിദ്ധരിക്കുകയില്ലേ?” അയാളുടെ മറുപടി, “നിന്റെ അഭിപ്രായമാണ് നീ വെളിപ്പെടുത്തിയത്. നിനക്കും ചെയ്യാവുന്ന കാര്യങ്ങളുണ്ട്. നിന്റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട്. നിന്റെ പ്രകാശം ചെറുതായിക്കൊള്ളട്ടെ. നീ ചെയ്യേണ്ടത് ഒന്നുമാത്രം. എരിഞ്ഞ് പ്രകാശിച്ചു കൊണ്ടേ ഇരിക്കുക. ശേഷം കാര്യം ഞാൻ നോക്കിക്കൊള്ളാം.”
അൽപസമയത്തിനുള്ളിൽ അവർ ലൈറ്റ് ഹൗസിന്റെ മുകൾത്തട്ടിലെത്തി. അവിടെ ഒരു വലിയ വിളക്ക് ഉണ്ട്. അയാൾ മെഴുകുതികി നാളം കൊണ്ട് ആ വിളക്ക് കത്തിച്ചു. അവിടെ അപ്പോൾ വലിയ പ്രകാശം ജ്വലിച്ചു. അത് ദൂരക്കൂടെ പോകുന്ന കപ്പലുകൾക്ക് വ്യക്തമായി കാണാൻ സാധിക്കുന്നതായിരുന്നു. നമ്മുടെ ജീവിതത്തിൽ പലപ്പോഴും നമ്മുടെ പരിമിതികളെപ്പറ്റിയും നിസ്സാരതയെപ്പറ്റിയും ആകുലപ്പെടാറുണ്ട്. നമ്മുടെ കടമകളെയും കർത്തവ്യങ്ങളെയും ധീരതയോടെ നേരിടാൻ ഇത് തടസ്സമായി നിൽക്കുന്നു. നമ്മുടെ ചിന്ത, നമ്മുടെ ജീവിതം ആ ചെറിയ മെഴുകുതിരി പോലെ മാത്രമാണ് എന്നതാണ്. പക്ഷേ ആ ചെറു ജീവിതത്തിന്റെ നന്മയെ ഒരു വലിയ സാധ്യതയിലേയ്ക്ക് പകരുന്പോൾ ഒരു പ്രകാശഗോപുരം രൂപമെടുക്കും. ആ ലൈറ്റ് ഹൗസുകാരൻ മെഴുകുതിരിയ്ക്ക് നൽകിയ നിർദേശം ശ്രദ്ധേയമാണ്. നിന്റെ ചെറിയ പ്രകാശം അണയാതെ ജ്വലിക്കട്ടെ. കാണിക്കപ്പെട്ടി പൊതുജന മദ്ധ്യത്തിൽ മലർക്കെ തുറന്നിടുവാൻ മുതിർന്ന ആ വൈദികന്റെ മനസിലെ മെഴുകുതിരി ഒരു വലിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ആ ചെറുപെട്ടിയിലുള്ള തുലോം തുച്ഛമായ ചില്ലറകാശ് ഒരു സമൂഹത്തിന്റെ ആവശ്യത്തിന് അപര്യാപ്തമാണെന്ന് അദ്ദേഹത്തിനറിയാം. എങ്കിലും ഇത്തരം പല കാണിക്കപ്പെട്ടികളുമില്ലേ മുക്കിലും മൂലയിലും. അവയൊക്കെ ഇതുപോലെ തുറക്കപ്പെടുമോ? ഉറക്കെ ചോദിച്ചു കൊണ്ടേ ഇരിക്കുക.!
എന്റെ രണ്ട് അനുഭവങ്ങൾ കൂടെ കൂട്ടി വായിക്കുമല്ലോ? വീടിന്റെ മുന്പിലുള്ള പഞ്ചായത്ത് വിളക്ക് അണഞ്ഞിട്ട് ഏറെ നാളുകളായി. ഒരു ക്ഷേത്രത്തിന്റെയും സണ്ടേ സ്കൂൾ കെട്ടിടത്തിന്റെയും കവലയിലുള്ള ഇലക്ട്രിക് പോസ്റ്റിലെ ബൾബിനെക്കുറിച്ചാണ് എന്റെ പരാമർശം. നാളുകളായി പ്രകാശിക്കാതെ ഫ്യൂസായി കിടക്കുന്ന ബൾബിനെപ്പറ്റി ലൈൻമാനോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിൽ നിന്ന് കിട്ടിയ മറുപടി ജുഗുപ്സാവഹമായിരുന്നു. “അത് ഫ്യൂസാക്കുന്നതാണ് സാറെ.” കുറെ തലതെറിച്ച യുവാക്കളുടെ ഇരുട്ടിലെ വികൃതികൾക്ക് ആ വിളക്ക് കത്തി നിന്നാൽ പ്രതിബന്ധമാകും പോലും ശക്തിയേറിയ പ്രകാശം കിട്ടുന്ന ഗൾഫിൽ നിന്നും കൊണ്ടുപോയ ഒരു ബൾബ് ലൈൻമാന്റെ സഹായത്തോടെ ഞാൻ അവിടെ മാറ്റി ഇടുവിപ്പിച്ചു; അയാൾക്ക് കൈമടക്കും നൽകി. എന്നാൽ പിറ്റേദിവസം രാവിലെ നോക്കുന്പോൾ ബൾബ് അവിടെ ഇല്ല. തവിടുപൊടിയായി നിലത്ത് ചിതറിക്കിടക്കുന്നു. അപ്പോൾ ആ സ്ഥാനത്ത് ഒരു കാണിക്കപ്പെട്ടി തുറന്നു വെച്ചാലുണ്ടാവുന്ന അവസ്ഥ വായനക്കാർക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.
രണ്ടാമത്തെ അനുഭവം കുറെ നാളുകൾക്ക് മുന്പ് ഉണ്ടായതാണ്. വാഴക്കുല പുരയിടത്തിൽ അളവിൽ കവിഞ്ഞ് ഉണ്ടായപ്പോൾ നല്ല മനസ്സു തോന്നി രണ്ട് വലിയ കുലകൾ വെട്ടി പഴുക്കാൻ വെച്ചു. കുല പഴുത്ത് കഴിഞ്ഞപ്പോൾ ഒരു ‘ഐഡിയാ’ മനസിലുണ്ടായി. അടുത്തുള്ള ഗവൺമെന്റ് പ്രൈമറി സ്കൂളിൽ കുറേ പാവപ്പെട്ട കുട്ടികൾ പഠിക്കുന്നുണ്ട്. അവരൊക്കെ എന്റെ വീടിന്റെ മുന്നിലുള്ള റോഡിലൂടെ നടന്നാണ് സ്കൂളിലേക്ക് രാവിലെ പോകുന്നത്. കുട്ടികളല്ലേ, പഴം പഴുത്തില്ലേ, അവർ കഴിച്ചു കൊള്ളട്ടെ എന്ന് കരുതി പഴുത്ത വാഴക്കുല രണ്ടും റോഡരികിൽ കെട്ടിത്തൂക്കി. നടന്നു പോകുന്ന കുട്ടികൾക്ക് പഴം അടർത്തിയെടുക്കത്തക്ക ഉയരത്തിലായിരുന്നു അവ കെട്ടിത്തൂക്കിയത്. ഏതാണ്ട് 15 മിനുട്ടിനുള്ളിൽ എന്റെ കണ്ണുവെട്ടിയപ്പോൾ കുല രണ്ടും അപ്രത്യക്ഷമായി. അപ്പോൾ ആ സ്ഥാനത്ത് ഒരു കാണിക്കപ്പെട്ടി തുറന്ന് െവച്ചാൽ എന്തായിരിക്കും സ്ഥിതി എന്നു കൂടി കൂട്ടി വായിക്കുക.
ഇതാണ് നാം സമൂഹമെന്ന് വിളിക്കുന്ന കൂട്ടരുടെ ഒരു മുഖം. അപ്പോൾ സദുദ്ദേശത്തോടെ നമ്മുടെ വൈദികൻ കാട്ടിയ കാണിക്കപ്പെട്ടി തുറന്ന് വെച്ച നടപടി ഇപ്പോൾ എവിടെയെത്തിക്കാണുമെന്ന് ഞാൻ അനുമാനിക്കുന്നു. ഒന്നുകിൽ അദ്ദേഹത്തെക്കൊണ്ട് പ്രമാണിമാർ ആ കാണിക്കപ്പെട്ടി ഉടൻ അടപ്പിച്ച് സീല് ചെയ്തു കാണും. അല്ലെങ്കിൽ അദ്ദേഹത്തിന്റെ മേലധികാരികൾ ‘ഈ അധികപ്രസംഗ’ത്തിന് അദ്ദേഹത്തിന് മേൽ നടപടികൾ സ്വീകരിച്ചു കാണും.
നമ്മുടെ പ്രാപ്തിയോ അപ്രാപ്തിയോ അല്ല ജീവിതമൂല്യത്തിന് ആധാരമായിട്ടുള്ളത്. നമ്മുടെ സമർപ്പണഭാവമാണ്. കാണിക്കപ്പെട്ടികൾ തുറക്കപ്പെടട്ടെ. ഒരു പുതുസന്ദേശം അതിലൂടെ സമൂഹം ഉൾക്കൊള്ളട്ടെ.