കുടുംബമാകട്ടെ മാതൃകാവിദ്യാലയം
ഡോ. ജോൺ പനയ്ക്കൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുടെ കുട്ടികളുടെ സ്വഭാവ രൂപവൽക്കരണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പണ്ട് ഇന്നത്തെപ്പോലെ മുക്കിനും മൂലയ്ക്കും വിദ്യാലയങ്ങളില്ലായിരുന്നു. ആശാൻ പള്ളിക്കൂടത്തിലായിരുന്നു എഴുത്തിനിരുത്തും അക്ഷരം പഠിക്കലും. അത് കഴിഞ്ഞ് പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് വരെ. പ്രൈമറിക്ക് ശേഷം മിഡിൽ സ്കൂൾ, ഏഴാം തരം വരെ. പിന്നീട് ഹൈസ്കൂൾ. ഇന്ന് ഭാവവും രൂപവും മാറി. പന്ത്രണ്ടാം തരം വരെയുള്ള ഹയർ സെക്കണ്ടറികൾ. പ്രീ.കെ.ജിയിലാണ് തുടക്കമെങ്കിലും രണ്ട് വയസ് മുതലുള്ള വിവിധ നഴ്സറികളും രംഗത്തുണ്ട്. കുരുന്നുകളെ മെരുക്കിയെടുക്കാനാണെന്ന മുദ്രാവാക്യവുമായി പടുത്തുയർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുമിളു പോലെ മുളയ്ക്കുന്ന കാഴ്ച കണ്ട് കണ്ണും നട്ടിരിക്കുകയാണ് രക്ഷാകർത്തൃ വൃന്ദം. ഇതിനിടയിൽ കമ്യൂണിറ്റി സ്കൂളുകളുടെ മാനേജ്മെന്റുകളിലെ പടലപ്പിണക്കവും സർവ്വസാധാരണമത്രേ. പത്രതാളുകളിൽ നാളുകളായി പ്രസ്താവനകളും മറു പ്രസ്താവനകളും നിറഞ്ഞ് നിൽക്കുന്നു. എല്ലാ കക്ഷികളുടെയും ലക്ഷ്യം വിദ്യാർത്ഥികളെ മെരുക്കി നല്ല സമൂഹമാക്കുക എന്നതാണെങ്കിലും വിദ്യാർത്ഥികൾ നന്നാവുന്നുണ്ടോ?
സമ്മർദ്ദ തന്ത്രത്തിന് വിധേയരാകുന്ന വേണ്ടത്ര പ്രതിഫലവും ആനുകൂല്യങ്ങളും ലഭിക്കാത്ത അദ്ധ്യാപകർ കുട്ടികളുടെ സ്വാഭാവ രൂപവൽക്കരണത്തിൽ ശ്രദ്ധിക്കേണ്ടവരെങ്കിലും അവരുടെ ഈ രംഗത്തെ ആത്മാർത്ഥ അളന്നു നോക്കിയാൽ തുലോം ചുരുക്കം! അതിനവരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ജോലിഭാരം, അധികാരികളിൽ നിന്നുള്ള അട്ടഹാസം, സ്വജന പക്ഷപാതം, ആത്മാർത്ഥയ്ക്ക് വേണ്ടത്ര അംഗീകാരമില്ലായ്മ ഇവയുടെ നീർച്ചുഴിയിൽ പെട്ട് ശ്വാസം മുട്ടുന്ന പാവം അദ്ധ്യാപകർ. അനുസരണമില്ലാത്ത വിദ്യാർത്ഥികൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ, ഇവരെന്തു തെറ്റു ചെയ്തു? ഇവരെ ക്രൂശിലേറ്റുന്നതെന്തിന്? ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ ചില ചെയ്തികൾ വ്യാഖ്യാനിക്കുന്പോൾ മേൽപ്പറഞ്ഞ ചോദ്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നുവെങ്കിൽ ഈ ലേഖകന്റെ വിമർശിക്കുന്നതു കൊണ്ട് തൃപ്തിയടയാമെങ്കിൽ ആകട്ടെ, വിമർശിച്ചോളൂ. പക്ഷേ സ്റ്റുഡൻസ് കൗൺസിലിംഗ് രംഗത്ത് നാലു പതിറ്റാണ്ടിലധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ വിധിക്കപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ ചില യാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കാൻ പ്രായം അനുവദിക്കുന്നില്ല. അദ്ധ്യാപകരിൽ കുട്ടികളുടെ സ്വഭാവരൂപവൽക്കരണത്തിന്റെ ഉത്തരവാദിത്വം പൂർണ്ണമായി കെട്ടിവെയ്ക്കാൻ മാതാപിതാക്കൾ മുതിരുന്നത് ശരിയല്ല. നാട്ടിലും ഇവിടെ പ്രവാസലോകത്തും വിദ്യാലയങ്ങളുടെ എണ്ണം പെരുകുന്നു എന്ന സത്യം ഉൾക്കൊണ്ടു തന്നെ പ്രസ്താവിക്കട്ടെ. ഓരോ രക്ഷാകർത്താവിന്റെയും ആഗ്രഹം തന്റെ കുട്ടി ഏറ്റവും നല്ല വിദ്യാലയത്തിൽ പഠിക്കണമെന്നാണ്. വീടിന് സമീപം വിദ്യാലയമുണ്ടെങ്കിലും നിലവാരം കൂടിയ സ്ഥാപനം തേടി ദൂരക്കൂടുതലായാലും സാന്പത്തിക ബാദ്ധ്യത വർദ്ധിക്കുമെങ്കിലും മുന്തിയ വിദ്യാലയങ്ങൾ തിരഞ്ഞെടുക്കാൻ നാം പിന്നിലല്ല.
എന്നാൽ ഒരു ശിശുവിന്റെ പ്രഥമ വിദ്യാലയം അതിന്റെ ഭവനമാണ് എന്ന സത്യം അധികം പേരും സൗകര്യപൂർവ്വം വിസ്മരിക്കുന്നു. സ്വന്തം ഭവനത്തിലാണ് ഒരു കുട്ടി പ്രാഥമിക പഠനം ആരംഭിക്കുന്നത്. സ്ഥായിയായ പല പരിശീലനങ്ങളും അവിടെ നിന്നാണ് ലഭിക്കുക. ഒരു കുട്ടിയുടെ പ്രാഥമികാദ്ധ്യാപിക അതിന്റെ മാതാവാണ്. അമ്മയുടെ മുഖത്ത് നിന്നും മുലപ്പാലിലൂടെയുമാണ് ഒരു കുഞ്ഞ് അറിവിന്റെ ‘ഹരിശ്രീ’ കുറിക്കുന്നത്. ജീവിതത്തിൽ നേട്ടങ്ങളുടെ കൊടുമുടികൾ കീഴടക്കിയവർക്കും ഔന്നിത്യത്തിന്റെ പടവുകൾ ചവിട്ടിക്കയറിയവർക്കും സാക്ഷിക്കാനുള്ളത് അവരുടെ ഭവനമെന്ന ഉത്തമവിദ്യാലയത്തെക്കുറിച്ചും പ്രഥമാദ്ധ്യാപികയായ അമ്മയെക്കുറിച്ചുമായിരിക്കും.
അമേരിക്കൻ ജനത മാത്രമല്ല, ലോകമെങ്ങും ആദരിക്കപ്പെടുന്ന മഹാനാണ് എബ്രഹാം ലിങ്കൺ. അദ്ദേഹം ജനിച്ചു വളർന്ന കുടുംബത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചും അറിയുന്പോഴാണ് നമുക്ക് വിസ്മയമുണ്ടാവുക. കെന്റക്കിയിലെ കാട്ടുപ്രദേശത്ത് ഒറ്റമുറി മാത്രമുള്ള ഒരു മരക്കുടിലിൽ ആണ് ലിങ്കൺ ജനിച്ചതും വളർന്നതും. വേട്ടയാടി ഉപജീവനം നടത്തിയിരുന്ന ഒരു സാധുവായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ പേര് തോമസ്. തോമസിന്റെ ഭാര്യയുടെ പേര് നാൻസി. അവർക്കുണ്ടായ ആദ്യപുത്രി സാറായ്ക്കു ശേഷം രണ്ട് വർഷം കഴിഞ്ഞാണ് ലിങ്കൺ ജനിച്ചത്. അമ്മ നാൻസി കാട്ടുപ്രദേശത്ത് ജനിച്ചു വളർന്നുവെങ്കിലും ഉൽകൃഷ്ടയായ ഒരു സ്ത്രീ രത്നമായിരുന്നു. പ്രതാപമോ ആഢംബരമോ സുഖസൗകര്യങ്ങളോ അവർക്ക് അന്യമായിരുന്നു. എന്നാൽ കുലീനത്വവും ശാലീനതയും അവർക്ക് കൈമുതലായുണ്ടായിരുന്നു. വീട്ടിലേക്ക് ആവശ്യമുള്ള വസ്ത്രം അവർ തന്നെ സ്വയം നെയ്തെടുക്കുമായിരുന്നു. ഒറ്റമുറിയുള്ള വീടിന്റെ തറ മണ്ണിട്ട് തല്ലി നിരപ്പാക്കിയ അവസ്ഥയിലായിരുന്നു. അടച്ചു ഭദ്രമാക്കാൻ കതകില്ലാത്ത വീടായിരുന്നു അത്. പലകയിൽ തുരന്നുണ്ടാക്കിയ ദ്വാരമായിരുന്നു ജനലായി കരുതിയിരുന്നത്. വീട്ടുപകരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.
അമ്മ നാൻസിക്ക് മൺവെട്ടി കൊണ്ട് പണിയെടുക്കാനറിയാവുന്നതു പോലെ വേട്ടയാടാനും അറിയാമായിരുന്നു. പച്ചക്കറികൾ അവരുടെ വീടിന് ചുറ്റിനും കൃഷി ചെയ്ത് ഉപയോഗിക്കുമായിരുന്നു. മണ്ണു കൊണ്ടുണ്ടാക്കിയ അടുപ്പിൽ തീ കത്തിച്ച് രാത്രി വെളിച്ചമുണ്ടാക്കിയിരുന്നു. മെഴുകുതിരി വാങ്ങാൻ പണമില്ലായിരുന്നു. ഇതൊക്കെയായിരുന്നുവെങ്കിലും അവർ എഴുത്തും വായനയും എങ്ങനെയോ വശമാക്കി. മക്കളെ രണ്ടു പേരെയും അവർ വായനയുടെയും എഴുത്തിന്റെയും ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു. അന്ന് അവിടെ വിദ്യാലയങ്ങൾ ഒന്നുമില്ലായിരുന്നു. സഞ്ചാരിയായ ഒരു അദ്ധ്യാപകൻ ഓരോ കേന്ദ്രത്തിലും എത്തി ഏതാനും ആഴ്ചകൾ അവിടെ താമസിച്ചു കൊണ്ട് കുട്ടികളെയും അവരോടൊപ്പം മുതിർന്നവരെയും പഠിപ്പിക്കുന്ന സംവിധാനമേ ഉണ്ടായിരുന്നുള്ളൂ. മാതാവിൽ നിന്നും ഈ അദ്ധ്യാപകനിൽ നിന്നും ലഭിച്ച അടിസ്ഥാന വിദ്യാഭ്യാസമാണ് എബ്രഹാം ലിങ്കന്റെ ജീവിതോന്നമനത്തിന് അടിത്തറ പാകിയത്.
ഒരു വീട്ടിലെ ആഡംബരമോ സുഖസൗകര്യങ്ങളോ സജ്ജീകരണങ്ങളോ അല്ല കുട്ടികളുടെ സ്വഭാവരൂപവൽക്കരണത്തിന് പ്രധാനമായിട്ടുള്ളത്. അവ ചിലപ്പോൾ പ്രതിബന്ധങ്ങളായി മാറിയേക്കാം. വീട്ടിലെ സമാധാന പൂർണ്ണമായ അന്തരീക്ഷമാണ് പ്രധാനം. അവിടത്തെ സ്നേഹത്തിന്റെയും കരുതലിന്റെയും പരസ്പര സഹകരണത്തിന്റെയും അന്തരീക്ഷമാണ് കുട്ടികളെ ജീവിതത്തിന്റെ പ്രാഥമിക പാഠങ്ങൾ ഗ്രഹിക്കാൻ സഹായിക്കുന്നത്. അവ ലഭ്യമായില്ലെങ്കിൽ അവരുടെ ഭാവി ഭാസുരമാകയില്ല. നിയന്ത്രണമില്ലാതെ പറപ്പിച്ച പട്ടം പോലെ കുട്ടികളുടെ നിയന്ത്രണം കൈവിട്ടു പോകും. ഓഫീസിലെ ജോലിത്തിരക്കും വീട്ടിലെ ഉത്തരവാദിത്വങ്ങളും ഉയർത്തുന്ന ഭാരിച്ച തിരക്കിനിടയിലും മക്കളുടെ ആവശ്യങ്ങൾക്കും പഠനകാര്യങ്ങൾക്കും പെരുമാറ്റ രീതികൾക്കും സമയം മാതാപിതാക്കൾ കണ്ടെത്തിയേ മതിയാവൂ. അത് മറ്റൊരാളിലേക്ക് കൈമാറാവുന്ന ഒരു കർത്തവ്യമല്ല. സാമൂഹ്യ രാഷ്ട്രീയ വേദികളിൽ ഇന്ന് വനിതാപങ്കാളിത്തം കൂടുതലായുള്ളത് നല്ല മുന്നേറ്റം തന്നെ. എന്നാൽ വീടിനോടും മക്കളോടുമുള്ള പ്രതിബദ്ധതയെ വിസ്മരിച്ചു കൊണ്ട് സമൂഹത്തിൽ വെട്ടിത്തിളങ്ങിയതു കൊണ്ട് എന്ത് പ്രയോജനം? എബ്രഹാം ലിങ്കനെ മഹാനായ മനുഷ്യസ്നേഹിയും ആദർശധീരനായ രാഷ്ട്രനായകനുമാക്കി തീർത്തതിൽ അദ്ദേഹം ജനിച്ചു വളർന്ന കെന്റക്കിയിലെ മരക്കുടിലിനും മൂല്യബോധമുള്ള മാതാവിനും വലിയ പങ്കുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് അനുമാനിക്കാം സ്വന്തം വീടാണ് ഉത്തമമായ മാതൃകാ വിദ്യാലയമായിത്തീരേണ്ടത്. മാതാപിതാക്കളാണ് മാതൃകാ അദ്ധ്യാപകരായി പരിണമിക്കേണ്ടത്.
മുപ്പതുകളിലെത്തിയ ഭാര്യാഭർത്താക്കന്മാർ കൗൺസിലിംഗിനെത്തിയപ്പോൾ ഉണ്ടായ സംഭവം കൗതുകമുണർത്തുന്നതായിരുന്നു. മൂന്ന് വയസുള്ള ഒരു മകളും അവരോടൊപ്പമുണ്ടായിരുന്നു. കൗൺസിലിംഗ് പുരോഗമിക്കുന്നതിനിടയിൽ കുട്ടിയെ ശ്രദ്ധിക്കാൻ ആർക്കും സാധിച്ചില്ല. ഒരു ബ്രേക്ക് ലഭിച്ചപ്പോൾ കുട്ടി എവിടെ എന്ന അന്വേഷണമായി. അവൾ ആ മുറിയിലുള്ള കട്ടിലിന്റെ അടിയിൽ കയറി ഒളിഞ്ഞിരിക്കുന്പോൾ ഉറങ്ങിപ്പോയി. സംഭവത്തിന്റെ ഗൗരവത്തെ ചൂണ്ടിക്കാട്ടിയപ്പോൾ അമ്മയുടെ മറുപടി. “ഞാനും എന്റെ ഭർത്താവും തമ്മിൽ കലശലായ വാക്ക് പയറ്റു നടക്കുന്പോഴും ശബ്ദമുയർത്തി സംസാരിക്കുന്പോഴും പരസ്പരം ശാരീരികമായി തല്ലു കൂടുന്പോഴും നന്നേ ചെറുപ്പം മുതലേ ഈ കുട്ടി അതൊക്കെ കേട്ടും കണ്ടും ഭയന്ന് കട്ടിലിന്റെ അടിയിൽ കയറി ഒളിച്ചിരിക്കുമായിരുന്നു. അവിടെ കിടന്ന് അവൾ ഉറങ്ങുമായിരുന്നു. കാരണം അവളെ അന്വേഷിക്കാൻ എനിക്ക് ഒരു സ്വസ്ഥത കിട്ടുമായിരുന്നില്ല. പിന്നെപ്പിന്നെ അവൾക്ക് ഉറങ്ങണമെങ്കിൽ അവൾ തനിയെ കട്ടിലിന്റെ കീഴിൽ കയറുമായിരുന്നു. എങ്കിലേ അവൾക്ക് ഉറക്കം വരികയുള്ളൂ. ഞാനത് വിലക്കിയിട്ടുമില്ല.” എത്ര വിചിത്രമായ വിശദീകരണം. മാതാപിതാക്കളുടെ സംഗമം ഭയപ്പെടുന്ന മക്കൾ, മാതാപിതാക്കളുടെ സാന്നിദ്ധ്യം ഒരു പേടിസ്വപ്നമാക്കി തീർത്ത ആ കുരുന്ന് സമൂഹത്തിലെ ഒരു തീക്കൊള്ളിയായി പിൽക്കാലത്ത് മാറിയെങ്കിൽ അതിശയിക്കേണ്ടതില്ല. ഭവനത്തിൽ സുരക്ഷിതത്വബോധമില്ലാത്ത മക്കൾ സാന്ത്വനത്തിനായി പുറമെയുള്ള മേച്ചിൽപുറങ്ങൾ തേടുന്പോൾ അവരെ കുറ്റപ്പെടുത്തിയിട്ട് എന്തുകാര്യം?
ഇന്നത്തെ കുമാരീകുമാരന്മാർ തലതെറിച്ചവരാണെന്ന് പറഞ്ഞ് അവരെ കുറ്റപ്പെടുത്താനും എഴുതിത്തള്ളാനും നമുക്കൊക്കെ വൈദഗദ്ധ്യമുണ്ട്. പക്ഷേ അവർ തലതിരിഞ്ഞവരായിത്തീർന്നതിൽ മാതാപിതാക്കളായ നമുക്ക് എത്രമാത്രം പങ്കുണ്ട് എന്ന് ഉറക്കെ ചിന്തിക്കണം. വീട്ടിലേക്ക് കയറിവരുന്പോൾ വാത്സല്യം കൊണ്ട് പുളകമണിയിക്കുന്ന അമ്മയുടെ സ്നേഹവായ്പുകളുടെ മുന്നിൽ, കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും വാക്കുകൾ കൊണ്ട് കുളിർമ്മ നൽകുന്ന അച്ഛന്റെ സാമീപ്യത്തിന്റെ തണലിൽ കീഴടങ്ങാത്ത ഏത് കുമാരീകുമാരനാണുള്ളത്? എന്റെ മാതാപിതാക്കളുടെ കരുത്തുള്ള കരങ്ങളുടെ കീഴിൽ ഞാൻ സുരക്ഷിതനാണ് എന്ന ഉറച്ച വിശ്വാസമുള്ള മകനും മകളും വിദ്യാലയങ്ങളിൽ യശസ്സുയർത്തുന്ന പ്രതിഭകളായി പരിശോഭിക്കും. അവരെയോർത്ത് അദ്ധ്യാപകർ അഭിമാനം കൊള്ളും, അങ്ങനെയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ചതു കൊണ്ട്.
സമീപകാലത്ത് വിവാഹിതരായ യുവമിഥുനങ്ങൾ ഹണിമൂൺ യാത്രയോട് അനുബന്ധമായി ഒരു വഞ്ചി യാത്രയ്ക്ക് പുറപ്പെട്ടു. ഭർത്താവ് തന്നെ വഞ്ചി തുഴയാൻ തുടങ്ങി. ഭാര്യയ്ക്ക് അത് കൗതുകമുണർത്തി. മധുവിധുവിന്റെ എല്ലാ ഊഷ്മളതയും അവിരിരുവരെയും പുളമണിയിച്ചു. അപ്പോഴാണ് അപ്രതീക്ഷിതമായി ശക്തമായി കാറ്റുവീശിയത്. വഞ്ചി ഉലയാൻ തുടങ്ങി. ഭാര്യ പരിഭ്രാന്തയായി നിലവിളി കൂട്ടാൻ തുടങ്ങി. എന്നാൽ ഭർത്താവ് തികച്ചും ശാന്തനായിരുന്നു. അയാളുടെ സൗമ്യത ഭാര്യയെ ആശ്ചര്യപ്പെടുത്തി. അവൾ ചോദിച്ചു, “നിങ്ങൾക്ക് പേടിയില്ലേ? ഈ ചുഴലിക്കാറ്റിനെക്കുറിച്ച് നിങ്ങൾക്ക് അശേഷവും കൂസലില്ലാത്തത് എന്തുകൊണ്ട്? ഈ വഞ്ചി ഏത് നിമിഷവും മുങ്ങിപ്പോകാം. അങ്ങനെ സംഭവിച്ചാൽ നമ്മൾ രണ്ടും മരിക്കുകയില്ലേ?” ഇത് കേട്ട മാത്രയിൽ യുവാവ് ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഭാര്യയുടെ നെഞ്ചിന് നേരെ കാട്ടി. ആ പ്രവർത്തിയിൽ അവൾ തികച്ചും അക്ഷോഭ്യയായി കാണപ്പെട്ടു. അപ്പോൾ ഭർത്താവ് ചോദിച്ചു. “നിനക്ക് ഭയമില്ലേ? കത്തി നിന്റെ നെഞ്ചിന് നേരെ ഉയർന്നിട്ടും നിനക്ക് പരിഭ്രാന്തി ഇല്ലാത്തത് എന്തുകൊണ്ട്?” അവൾ പറഞ്ഞു: “ഞാൻ എന്തിന് പരിഭ്രമിക്കണം? കത്തി ചൂണ്ടിയിരിക്കുന്നത് നിങ്ങളല്ലേ? നിങ്ങൾ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. എനിക്കൊന്നും സംഭവിക്കയില്ല.” ഭർത്താവ് പറഞ്ഞു: “ഭാര്യേ, ഞാൻ ഒരു തികഞ്ഞ ഈശ്വരവിശ്വാസിയാണ്. എന്റെ ദൈവത്തിന്റെ കരങ്ങളിൽ ഞാൻ സുരക്ഷിതനാണ്. ജീവിച്ചാലും മരിച്ചാലും. പിന്നെ ഞാനീ ചുഴലിക്കാറ്റിനെക്കണ്ട് എന്തിന് ഭയപ്പെടണം.?” ഒരു വ്യക്തിയുടെ ജീവിതത്തെയും ഭാവിയേയും കരുപ്പിടിപ്പിക്കുന്നത് ഇത്തരത്തിലുള്ള കരുത്തുറ്റ വിശ്വാസമാണ്. എന്നെ സ്നേഹിക്കാനും കരുതാനും വാർത്തെടുക്കാനും എന്റെ മാതാപിതാക്കൾ മതിയായവരാണ് എന്ന അചഞ്ചലമായ വിശ്വാസം മക്കൾക്ക് ഉണ്ടാകുമെങ്കിൽ അവർ സുഗന്ധവാഹികളായ സുരഭിലങ്ങളായ ശൂശാനപുഷ്പങ്ങളായി എവിടെയും പരിലസിക്കും. അതിന് മാതൃകാ പാഠശാലകളായി ഭവനങ്ങൾ തീരണം. അവിടത്തെ സ്നേഹവൃഷ്ടി പൊഴിക്കുന്ന അദ്ധ്യാപകരായി മാതാപിതാക്കൾ മാറണം. അപ്പോൾ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.