‘ചിറകുണ്ടെങ്കിലും പറക്കാത്ത പറവകൾ’
ഡോ.ജോൺ പനയ്ക്കൽ
നാട്ടിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന പക്ഷിയാണ് ഗരുഡൻ. ഉയരങ്ങളിലേയ്ക്ക് പറക്കാനുള്ള കഴിവും അഴകാർന്ന ശരീരഘടനയും ഗരുഡന്റെ പ്രത്യേകതകളാണ്. പക്ഷിരാജൻ എന്ന അപരനാമധേയത്തിന് ഗരുഡൻ അർഹനായത് കൗതുകമുണർത്തുന്ന ശരീരഭംഗിയും വാൾമുന പോലെ മൂർച്ചയുള്ള ചുണ്ടും ഉയരങ്ങളിലേക്ക് പറക്കാനുള്ള കഴിവും മൂലമാണ്. ഗരുഡനെ ഉൾപ്പെടുത്തി വിനോദമത്സരങ്ങൾ പോലും ചില സ്ഥലങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.
നമ്മുടെ നാട്ടിലെ ധനികനായ ഒരു മനുഷ്യന് അന്യനാട്ടിൽ നിന്ന് രണ്ട് ഗരുഡന്മാരെ പാരിതോഷികമായി ലഭിച്ചു. ഏറ്റവും മുന്തിയവർഗ്ഗത്തിൽ പെട്ടവയായിരുന്നു അവ. അവയെ ശരിയായി പരിചരിച്ച് പരിശീലിപ്പിക്കാൻ ധനികൻ വിദഗ്ദ്ധനായ ഒരു പരിശീലകനെ നിയമിച്ചു. കുറെ നാളുകൾക്ക് ശേഷം ഗരുഡന്മാരുടെ വിവരം ധനികൻ പരിശീലകനോട് ആരാഞ്ഞപ്പോൾ ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു. “അവയിൽ ഒരെണ്ണം വിമാനം പറക്കുന്നതിന് തുല്യമായി ആകാശത്ത് പറന്നുയരുന്നു. ആകാശത്ത് ചിറക് വിരിച്ച് അത് പറക്കുന്നതു കാണാൻ നല്ല ഭംഗിയാണ്. എന്നാൽ മറ്റേ ഗരുഡൻ എത്ര പണിപ്പെട്ടിട്ടും അതിരിക്കുന്ന മരക്കൊന്പിൽ നിന്നും അനങ്ങുന്നില്ല. കൊണ്ടുവന്ന ദിവസം മുതൽ അത് അള്ളിപ്പിടിച്ച് ഒറ്റ ഇരുപ്പാണ്. സത്യാഗ്രഹത്തിന് ചില ആളുകൾ ഇരിക്കുന്നത് പോലെ.” ധനികന് മനഃപ്രയാസമായി. പക്ഷി നിരീക്ഷണത്തിലും സംരക്ഷണത്തിലും വിദഗ്ദ്ധരായ മറ്റു പലരേയും വരുത്തി. അവരുടെ പരിശ്രമത്തിനും ഫലമുണ്ടായില്ല. ചികിത്സകരേയും വരുത്തി നോക്കി. എന്നിട്ടും ഗരുഡൻ ഒറ്റ ഇരുപ്പു തന്നെ.
അവസാനം ധനികൻ ഗരുഡനെ മെരുക്കാൻ നാട്ടിൻപുറത്തെ സാഹചര്യങ്ങളും അനുഭവവിശേഷങ്ങളും പരിചയമുള്ള ഒരു കർഷകനെ വരുത്തി. കർഷകൻ എത്തി ഉടൻ തന്നെ സന്തോഷവാർത്തയെത്തി. പറക്കാത്ത ഗരുഡൻ പ്രൗഢിയോടെ പറന്നുയരുന്നു. ധനികൻ അത് നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടു. ഈ വലിയ നേട്ടം എങ്ങനെ സാധ്യമായി എന്ന് ധനികൻ കർഷകനോട് ചോദിച്ചപ്പോൾ കർഷകന്റെ മറുപടി. “അത് വളരെ ചെറിയ ഒരു കാര്യം മാത്രമായിരുന്നു. ഞാൻ ആ പക്ഷി ഇരുന്ന മരക്കൊന്പ് മുറിച്ചു കളഞ്ഞു. ഗരുഡൻ പറക്കുന്നതിന് നിർബന്ധിതനായി തീർന്നു.”
പറന്നുയരാൻ കരുതപ്പെട്ടവരും വിധിക്കപ്പെട്ടവരുമാണ് നാമെല്ലാം. അതിനുള്ള ഊർജവും കഴിവും സൃഷ്ടികർത്താവ് നമുക്ക് നൽകിയിട്ടുണ്ട്. സൃഷ്ടിയുടെ സമയത്ത് അവ നമ്മിൽ നിക്ഷേപിച്ചിട്ടുമുണ്ട്. പക്ഷേ അവ തക്ക സമയത്ത് പ്രയോജനപ്പെടുത്തി മുന്നേറാൻ ഉത്സാഹിക്കേണ്ടതിന് പകരം ആയിരിക്കുന്ന അവസ്ഥയിൽ ഇഴുകിചേർന്ന് അവിടെ അള്ളിപ്പിടിച്ചിരിക്കുന്ന രീതിയാണ് നമ്മിൽ പലരുടേതും. പരിചയിച്ച ഭവനാന്തരീക്ഷവും ഇടപഴകിയ സുഹൃത്തുക്കളും ചെയ്തു പോന്ന അതേ പ്രവർത്തിയും മാത്രമായി വർഷങ്ങൾ തള്ളിനീക്കുന്ന മനുഷ്യപ്പുറ്റുകളാണ് അവർ. അങ്ങനെയുള്ളവർക്ക് ജീവിതത്തിൽ ‘റിസ്ക്ക്’ എടുക്കാൻ ധൈര്യമില്ല, മനസുമില്ല. ഇത്തരക്കാരെയാണ് ചിറകുണ്ടെങ്കിലും പറക്കാത്ത പറവകളെപ്പോലെ കരുതേണ്ടത്.
ഇരുന്ന മരക്കൊന്പ് മുറിച്ചുമാറ്റപ്പെട്ടപ്പോൾ ഗരുഡൻ പറന്നുയർന്നതുപോലെയുള്ള ചില അനുഭവങ്ങളാണ് നമ്മിൽ മറഞ്ഞിരിക്കുന്ന കഴിവ് മനസ്സിലാക്കാനും അവ പ്രയോഗിച്ച് നോക്കാനും നമ്മെ നിർബന്ധിതരാക്കുന്നത്. ബിസിനസ് രംഗത്ത് സമർത്ഥയായ ഒരു വനിതയെ പരിചയപ്പെടാൻ ഇടയായി. ഒരു വലിയ സൂപ്പർമാർക്കറ്റും അനുബന്ധമായ ബിസിനസും ഒരുമിച്ച് നടത്തുന്ന അവർ വന്നെത്തുന്ന എല്ലാവരോടും കുശലം പറയുന്നു. വിൽപ്പനയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. വീട്ടിൽ മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവർക്കും യഥോചിതമായ നിർദേശങ്ങൾ നൽകുന്നു. ഇത്ര കാര്യശേഷിയുള്ള ആ വനിതയെ അഭിനന്ദിച്ചപ്പോൾ അവരുടെ മറുപടി, “എനിക്ക് ഈവക കാര്യങ്ങളെക്കുറിച്ച് അൽപം പോലും അറിവില്ലായിരുന്നു. അറിയാനൊട്ട് താൽപര്യവുമില്ലായിരുന്നു. ഞാനൊരു നാട്ടിൻപുറത്തുകാരി വീട്ടമ്മ മാത്രമായിരുന്നു. എല്ലാ കാര്യങ്ങളും വിദഗ്ദ്ധമായി ചുക്കാൻ പിടിച്ച് നടത്തിയിരുന്ന എന്റെ ഭർത്താവ് പെട്ടെന്ന് ഒരുദിവസം ഹൃദയസ്തംഭനം മൂലം വിട്ടുപിരിഞ്ഞു. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങൾ. വലിയ ഒരു വ്യാപാര സ്ഥാപനം. അതിന്റെ നടത്തിപ്പിനെപ്പറ്റി ഒന്നും അന്നുവരെ അന്വേഷിച്ചിട്ടില്ല, ഒന്നും അറിയില്ലായിരുന്നു. പക്ഷേ മുന്നോട്ടുള്ള യാത്രയ്ക്ക് പതറാതെ പറന്നുയരുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു.”
മരക്കൊന്പിൽ അള്ളിപ്പിടിച്ചിരുന്ന ഗരുഡൻ പറന്നുയരാൻ നിർബന്ധിതമായ സാഹചര്യം തന്നെ ഈ വനിതക്കും നേരിടേണ്ടി വന്നു. അതുവരെ പ്രദർശിപ്പിക്കാതെയും പ്രയോഗിക്കാതെയും ഇരുന്ന കഴിവും അഭിരുചിയും അപ്പോൾ പുറത്ത് വെളിവായി വന്നു. ദുരന്തങ്ങളിൽ മാത്രം പ്രശോഭിക്കുന്ന പ്രതിഭയെക്കുറിച്ചല്ല, ഉള്ളിലുള്ള കഴിവുകൾ പുറത്തെടുക്കാതെ സുഖസുഷുപ്തിയിൽ കഴിയുന്നവരെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ആയിരിക്കുന്ന ചുറ്റുവട്ടത്തോട് ഇഴുകിച്ചേർന്ന്, ഒരു മാറ്റവും വരുത്താൻ ഇഷ്ടപ്പെടുകയോ അതിനായി പരിശ്രമിക്കുകയോ ചെയ്യാതെ കഴിയുന്ന ഒട്ടേറെപ്പേർ നമുക്ക് ചുറ്റിനുമുണ്ട്. ഒരുപക്ഷേ, നാം തന്നെ അങ്ങനെയായിരിക്കാം. നമുക്കും നമ്മോട് ചുറ്റിപ്പറ്റി നിൽക്കുന്നവർക്കും നാം ഒരു ഭാരമായി തീർന്നിട്ടുണ്ടോ എന്ന് ഉറക്കെ ചിന്തിക്കുക. ഉണ്ടെങ്കിൽ ചിറകുണ്ടായിട്ടും പറക്കാത്ത പറവകളാണ് നാം.
പറക്കാനുള്ള ഉത്സാഹം കെടുത്തി, അള്ളിപ്പിടിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന കൊന്പുകൾ പലതും നമുക്കൊക്കെ ഉണ്ടാകാം. നാട്ടിൻപുറത്തുകാരൻ കർഷകൻ ചെയ്തതുപോലെ അവ വെട്ടിമാറ്റാൻ നമുക്ക് കഴിയണം. അപ്പോൾ പറന്നുയരാൻ ആവേശമുണ്ടാകും. ഉയരങ്ങൾ വെട്ടിപ്പിടിക്കാനുള്ള ത്രാണിയും അവസരവും ലഭിക്കും. ജീവിതത്തിൽ പ്രതിസന്ധികളും പ്രശ്നങ്ങളുമുണ്ടാകുന്നത് സർവ്വസാധാരണമാണ്. അവയിൽ ചിലതൊക്കെ നമ്മുടെ അശ്രദ്ധ കൊണ്ടും മറ്റ് ചിലത് ആകസ്മികമായും സംഭവിക്കുന്നതാകാം. പലപ്പോഴും സാഹചര്യങ്ങളാണ് ഇത്തരം പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കും പ്രധാന ഉത്തരവാദികൾ. അവയോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതനുസരിച്ചായിരിക്കും നമ്മുടെ മുന്നോട്ടുള്ള പ്രയാണം. അള്ളിപ്പിടിച്ചിരുന്ന് ‘ഇതൊക്കെ എന്റെ വിധിയാണ്’ എന്ന് ജല്പനം നടത്തി നിരാശയുടെ പടുകുഴിയിൽ കിടന്നാൽ പറന്നുയരാൻ എങ്ങനെ കഴിയും? ശാരീകമോ മാനസികമോ ആയ ക്ലേശങ്ങൾ നേരിടുന്പോൾ അടിപതറാതെ മുന്നേറുവാനുള്ള ആത്മധൈര്യവും ഇച്ഛാശക്തിയുമാണ് നമുക്ക് വേണ്ടത്. അപ്പോൾ അദൃശ്യമായ ഒരു ശക്തി നന്മയിലേയ്ക്ക് നയിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസം നമുക്ക് നൽകും. അത് നമ്മുടെ ശക്തിസ്രോതസായി മാറും.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ സൈന്യം ചൈന ആക്രമിച്ചു. ചൈനയിലെ കോംഗ്സോ ഗ്രാമത്തിൽ ജനിച്ച തയോഫോംഗ് എന്ന ചൈനക്കാരൻ കൂട്ടുകാരുമായി ഒത്തുചേർന്ന് ജപ്പാൻ സൈന്യത്തിനെതിരായി ഗറില്ലാ യുദ്ധം ചെയ്യാൻ ഒരുന്പെട്ടു. കുന്നുകളിലും താഴ്്വരകളിലും ഒളിച്ചിരുന്ന് അവർ പോരാടി. അവസാനം അവർ ജപ്പാൻകാരുടെ കൈയിലകപ്പെട്ടു. വളരെ ക്രൂരമായ ശിക്ഷയ്ക്ക് അവർ വിധേയരായി. കൊല്ലുന്നതിന് പകരം അംഗവൈകല്യം വരുത്തി അവരെ ഒന്നിനും കൊള്ളരുതാത്തവരാക്കി. തയോഫോംഗിന്റെ രണ്ടു കാലുകളും രണ്ടും കൈകളും അവർ ഛേദിച്ചുകളഞ്ഞു. വേദനയും നടുക്കവും വിട്ടുമാറാതെ ആ സംഭവത്തെ അദ്ദേഹം അനുസ്മരിക്കുന്നു. "ആശുപത്രിയിൽ വെച്ച് ബോധം തിരിച്ചു കിട്ടിയപ്പോഴാണ് എന്റെ പരിമിതികളെക്കുറിച്ചെനിക്ക് ബോധ്യപ്പെട്ടത്. ജീവിതത്തിലെ ദുഃഖകരമായ നിമിഷങ്ങൾ! തലയും ഉടലും മാത്രം ബാക്കി. ഒരു ജോലിയും ചെയ്യാനാവില്ല. ആഹാരം കഴിക്കാൻ പോലും. കപ്പോ സ്പൂണോ എങ്ങനെ പിടിക്കും? ഷർട്ടിടാനോ മുടി ചീകാനോ പല്ലുതേക്കാനോ തലയൊന്ന് ചൊറിയാൻ പോലുമോ പറ്റാത്ത ദുരവസ്ഥ! കണ്ണുകളിൽ കൂടെ പൊടിച്ചു വന്നത് ചോരയോ കണ്ണീരോ എന്നുവരെ സംശയം. നിരാശയുടെ നീർച്ചുഴി വക്കത്തായിരുന്നു ഞാൻ അപ്പോൾ. ഏത് നിമിഷവും അതിന്റെ അഗാധതയിലേയ്ക്ക് ഞാൻ വീണുപോകുമായിരുന്നു. ജീവിക്കണമോ മരിക്കണമോ എന്ന ചിന്ത എന്നെ അലട്ടിയപ്പോൾ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന സത്യം എന്റെ മനസ്സിലുളവായി. തുടർന്ന് ജീവച്ചേ മതിയാകൂ എന്ന തീവ്രമായ വാശി എനിക്കുണ്ടായി. എന്റെ ഇച്ഛാശക്തി കരുത്താർജ്ജിച്ചു. എന്നിലുള്ള ഊർജ്ജം ജ്വലിച്ചു. ഞാൻ ജീവിക്കാൻ തുടങ്ങി.”
പത്തൊന്പതുകാരനായ തയോഫോംഗ് ജീവിക്കാൻ ഉറച്ചു. വിദഗ്ദ്ധ ചികിത്സ കൊണ്ട് മുറിവുകൾ കരിഞ്ഞു. മുദ്രകൾ (Seal) ഉണ്ടാക്കുകയായിരുന്നു അയാളുടെ ജോലി. ഒരു വിനോദത്തിന് ആരംഭിച്ച തൊഴിലായിരുന്നു അത്. സീലുകൾ നിർമ്മിക്കാനുള്ള വൈദഗ്ദ്ധ്യമുണ്ടെങ്കിലും ഇപ്പോൾ കൈകളില്ല. യന്ത്രത്തിന്റെ തണ്ട് തന്റെ പല്ലുകൾക്കിടയിൽ കടിച്ച് പിടിച്ചു കൊണ്ട് കുറ്റിക്കൈകൊണ്ട് അതിനെ നിയന്ത്രിച്ച് സീല് ഉണ്ടാക്കിത്തുടങ്ങി. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും പിന്മാറാതെ നിരന്തരമായി ശ്രമിച്ചതുകൊണ്ട് ഭംഗിയായി ജോലി ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ക്രമേണ ജോലി ഹോങ്കോംഗിലേയ്ക്ക് മാറ്റി. ആളുകൾ തയോഫോംഗിന്റെ നിർമ്മാണ വൈദഗ്ദ്ധ്യവും കലാചാതുരിയും തിരിച്ചറിഞ്ഞു. ആയിരക്കണക്കിന് സീലുകളുടെ ഓർഡർ കിട്ടി. സഹതാപത്തിന്റെ പേരിലല്ല ഇത്രയും ഓർഡറുകൾ കിട്ടിയത്. കഴിവിന്റെ പേരിലാണ്. വിദേശിയർ പോലും സീലുകൾക്കായി തെയോഫോംഗിനെ സമീപിച്ച് തുടങ്ങി.
വിവാഹിതനാകാൻ തീരുമാനിച്ചപ്പോൾ പ്രതിശ്രുത വധുവിനോട് അദ്ദേഹം ചോദിച്ചു. “എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സഹതാപം കൊണ്ടാണോ?” ‘അല്ല’ എന്ന ഉത്തരം കിട്ടിയപ്പോഴാണ് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചത്. പ്രശസ്തിയുടെ പടവുകൾ കയറിയ തെയോഫോംഗ് മൂന്ന് കുട്ടികളുടെ പിതാവാണിന്ന്. തികച്ചും സംതൃപ്തമായി ആ കുടുംബം കഴിയുന്നു. ജീവിതത്തിൽ ആകസ്മികമായ ആഘാതങ്ങളും തിക്താനുഭവങ്ങളും നമുക്കൊക്കെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അപ്പോൾ സമനില തെറ്റി ജീവിതം തന്നെ അവസാനിപ്പിക്കാൻ ചിലർ ശ്രമിച്ചു എന്നുവരാം. പക്ഷേ, ‘എനിക്കും ജീവിക്കണം; ജീവിച്ചേ മതിയാകൂ’ എന്ന ഉറച്ച തീരുമാനത്തിലെത്തി അന്തഃരംഗം തളരാതെ ഇച്ഛാശക്തി വീണ്ടെടുത്ത് പറന്നുയരാൻ കഴിയുമെങ്കിൽ നമ്മുടെ ജീവിതത്തിന് ഒരു പുതിയ മാനവും അർത്ഥവുമുണ്ടാകും.
ജപ്പാൻകാർക്ക് പൊതുവെ കടൽഭക്ഷ്യം (sea food) പ്രിയമാണ്. പക്ഷേ അത് പുതുമത്സ്യമായിരിക്കണം. ജീവനുള്ള പിടയ്ക്കുന്ന മത്സ്യം. ഫ്രീസറിൽ വച്ചതിനോട് അവർക്ക് കന്പമില്ല. അതുകൊണ്ട് കടൽ ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്ന ചില ഹോട്ടലുകളിൽ ജീവനുള്ള മത്സ്യം, ഞണ്ട്, കൊഞ്ച് തുടങ്ങിയവയെ സ്ഫടികം കൊണ്ടുള്ള ജലസംഭരണികളിൽ സൂക്ഷിച്ചിരിക്കും. ചൂണ്ടിക്കാണിക്കുന്നതിനെ തൽക്ഷണം പാകം ചെയ്ത് കൊടുക്കും. ജലസംഭരണികളിൽ സൂക്ഷിച്ചിരിക്കുന്ന മത്സ്യം നീന്തിത്തുടിച്ച് ആദ്യമൊക്കെ നടക്കുമെങ്കിലും പിന്നീട് ചൈതന്യമറ്റ് മന്ദിച്ച അവസ്ഥയിലാകും. അത്തരം മത്സ്യങ്ങൾക്ക് രുചി കാണുകയില്ല. അവയുടെ ചൈതന്യം നഷ്ടപ്പെടുന്നതു കൊണ്ടാണ് രുചി കുറയുന്നത്. ഇത് മനസിലാക്കിയ ജപ്പാൻകാർ ജലസംഭരണികളിൽ ഒരു ചെറിയ സ്രാവിനെ (shark) കൂടി നിക്ഷേപിക്കും. സ്രാവ് ചെറുമത്സ്യങ്ങളെ തിന്നും. പക്ഷേ മറ്റു മത്സ്യങ്ങൾ സ്രാവിന്റെ വെല്ലുവിളിയെ ഭയന്ന് എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. ഒരു ശത്രു കൂടെയുള്ളത് ജാഗ്രത പുലർത്താനും സജീവരായി ചരിക്കുവാനും അവയെ നിർബന്ധിതരാക്കുന്നു. അതുകൊണ്ട് തന്നെ അവയ്ക്ക് നല്ല രുചിയുമായിരിക്കും.
ജലസംഭരണിയിൽ കഴിയുന്ന മത്സ്യത്തിന്റെ അവസ്ഥയിലായിരിക്കാം ചിലപ്പോൾ നാം. നമ്മുടെ സാഹചര്യങ്ങളും അവസ്ഥാ വിശേഷങ്ങളും അതിന് സമാനമാകാൻ സാധ്യതയുണ്ട്. പലപ്പോഴും നാം ഉദാസീനമായും അലസമായും അശ്രദ്ധയോടെ ജീവിക്കുന്നു. ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന അവസ്ഥയിൽ ഉണ്ടും ഉറങ്ങിയും ഇരുട്ടി വെളുപ്പിച്ചും ദിവസങ്ങൾ കഴിയുന്നു. എന്നാൽ സ്രാവിന്റെ സാന്നിദ്ധ്യം ജലസംഭരണിയിലെ മത്സ്യങ്ങളെ എപ്രകാരം ജാഗ്രതയും ചൈതന്യവുമുളവാക്കി മാറ്റിയോ അതുപോലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നമ്മെ ജാഗ്രതയുള്ളവരാക്കുന്ന മുഖാന്തിരങ്ങളാക്കി മാറ്റണം. ജീവിതം കൂടുതൽ രുചിപ്രദവും ഹൃദ്യവുമാക്കാൻ അത്തരം ‘സ്രാവുകൾ’ ഉപകരിക്കും.
ചിറകുണ്ടെങ്കിലും ചിറകിന്റെ ഉപയോഗമറിയാതെ വൃക്ഷക്കൊന്പിൽ കണ്ണും നട്ടിരിക്കുന്ന ഗരുഡനെപ്പോലെ ജീവിതം മുരടിപ്പിക്കാനുള്ളതല്ല. പ്രതികൂലതകളിൽ പോലും ചിറകടിച്ച് നഭസിലേക്ക് പറന്ന് ഉയരാനുള്ളതാണ് ഒരിക്കലായി ലഭിച്ച ഈ ജീവിതം.