മി­ടു­ക്കന്മാ­രു­ടെ­ ഇടയി­ലൊ­രു­ മണ്ടൻ


ലോകത്തിൽ എല്ലാവരും മിടുക്കന്മാരായിരുന്നുവെങ്കിൽ ലോകാവസാനം പണ്ടേ നടക്കുമായിരുന്നു. മണ്ടന്മാരുണ്ടിവിടെ. ഒരു വ്യക്തിക്ക് തന്നെ എപ്പോഴും മിടുക്കനാകാൻ കഴിയുകയില്ല. ചിലപ്പോഴൊക്കെ ഏത് മിടുക്കനും മണ്ടനായിപ്പോകും. നമ്മുടെ ഇടയിൽ മണ്ടന്മാരുള്ളതുകൊണ്ടാണ് നാം മിടുക്കന്മാരായി നെഞ്ചു വിരിച്ച് അഹങ്കരിക്കുന്നത്. ഇരുട്ടാണ് സത്യം. ഇരുട്ടിനെ അകറ്റുന്ന പ്രകാശം വരുന്പോഴാണ് നാം ജ്വലിക്കാറുള്ളത്. അതുപോലെ മണ്ടത്തരമാണ് സത്യം. ചിലപ്പോഴൊക്കെ, ചിലയിടങ്ങളിൽ ഒരു മണ്ടനായിക്കൊടുക്കുന്നതു മിടുക്കാണ്. സാവകാശം ചിന്തിക്കുക. എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ എപ്പോഴെങ്കിലും മിടുക്കന്മാരുടെ ഇടയിലെ ഒരു മണ്ടനായി തീരേണ്ടി വന്നിട്ടുണ്ടോ?

എട്ടു വയസ്സുകാരൻ തോമസ് കൃശഗാത്രനും അനാരോഗ്യവാനുമായിരുന്നു. ഭാഗികമായ ബധിരതയും അവനെ അലട്ടി. അതുകൊണ്ട് തന്നെ സ്കൂളിൽ പഠനവിഷയങ്ങളിൽ അവൻ പിന്നിലായിരുന്നു. കാര്യഗ്രഹണ ശക്തി നന്നേ കുറവായിരുന്നു. സഹപാഠികൾ നിരന്തരം അവനെ കളിയാക്കുകയും ചിലപ്പോഴൊക്കെ അപഹസിക്കുകയും ചെയ്തിരുന്നു. അവർ‍ക്ക് അവൻ ഒരു ഹാസ്യ കഥാപാത്രമായിരുന്നു. അദ്ധ്യാപകർക്കും അവനോട് താൽപര്യമില്ലായിരുന്നു. അവർക്ക് അവനോട് അരിശവും അമർഷവുമായിരുന്നു. എല്ലാവരും അവനെ ബുദ്ധിമാന്ദ്യമുള്ളവനായി മുദ്രകുത്തി വേർതിരിച്ചിരുന്നു. മിടുക്കന്മാരുടെ ഇടയിലെ ഒരു മണ്ടൻ! സ്നേഹവും സഹതാപവും ദയയും ഒട്ടും ലഭിച്ചിട്ടില്ലാത്ത ഒരു സാധു പയ്യൻ, തോമസ്? 

എന്നാൽ അവന്റെ അമ്മയുടെ വാത്സല്യവും കരുതലും ശ്രദ്ധാപൂർവ്വമായ പരിചരണവും അവനിൽ പ്രത്യാശ ഉണർത്തി. അവന്റെ അമ്മ തോമസിന്റെ പരിമിതികളെപ്പറ്റി വിമർശിച്ച് പരാതിപ്പെടുകയും നിരാശയുടെ വാക്കുകൾ ഉച്ചരിക്കുകയും ചെയ്യാതെ ഉന്മേഷത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും അവനെ  വളർത്തി. അച്ഛന്റെ കൈത്താങ്ങൽ ഉണ്ടായിരുന്നെങ്കിലും അമ്മയുടെ സ്വാധീനമായിരുന്നു അവനെ പ്രതികൂലതകളിൽ പിടിച്ച് നിൽക്കാൻ പ്രേരിപ്പിച്ചത്. ദിവസവും സ്കൂളിൽ നിന്നും മടങ്ങിയെത്തുന്പോൾ അന്നന്നത്തെ അനുഭവങ്ങൾ തോമസ് അമ്മയോട് പങ്കുവെയ്ക്കുമായിരുന്നു. അമ്മ കൗതുകത്തോടെ അവന് കാത് കൊടുക്കുകയും ചെയ്യുക പതിവായിരുന്നു.

ഒരുദിവസം തോമസ് സ്കൂളിൽ നിന്നു വരുന്പോൾ അവന്റെ കൈയിൽ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ ഒരു കത്തും ഉണ്ടായിരുന്നു. അവനെ സ്കൂളിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു എന്ന് മാതാപിതാക്കളെ അറിയിക്കുന്ന കത്തായിരുന്നു അത്. അതിന് കാരണമായി പറഞ്ഞിരിക്കുന്നത് അവന്റെ ബുദ്ധിമാന്ദ്യം മറ്റുള്ള കുട്ടികൾക്ക് പ്രയാസമുണ്ടാകുന്നു എന്നതായിരുന്നു. മിടുക്കരിലെ മണ്ടൻ. ഇന്ന് സ്ഥിതി മാറി. ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ള കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം ഇരുത്തി പഠിപ്പിക്കുക എന്ന മനഃശാസ്ത്ര വീക്ഷണമാണ് ഇന്ന് നമ്മുടെ സ്കൂളുകളിലുള്ളത്. വൈകല്യമുള്ളവർക്ക് മറ്റു കുട്ടികളെ കണ്ട് ഉത്സാഹവും പഠിക്കാനുള്ള ഊർജവും ലഭിക്കുമെന്ന ദർശനമാണ് ഇന്നത്തെ ഈ നിലപാടിന് കാരണം. എന്നാൽ അന്ന് സ്ഥിതി മറിച്ചായിരുന്നു. തോമസ് പഠിച്ച പത്തൊന്പതാം നൂറ്റാണ്ടിലെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു.

ഹെഡ്മാസ്റ്ററുടെ കത്ത് തോമസിന്റെ അമ്മ വായിച്ചു തീർത്തു. അവരിൽ പരിഭ്രാന്തിയോ മനഃസ്ഥാപമോ ഉണ്ടായില്ല. അവർ തോമസിനെ വാത്സല്യത്തോടെ കെട്ടിപ്പുണർന്നു. അവനെ സാന്ത്വനപ്പെടുത്തി പ്രോത്സാഹിപ്പിച്ചു. കാര്യങ്ങൾ ഗ്രഹിക്കാൻ തോമസിന് മന്ദഗതിയിലെ സാധിക്കൂ എന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു. സ്നേഹവും ക്ഷമയും കരുതലും നൽകുമെങ്കിൽ അവന് കാര്യങ്ങൾ ഗ്രഹിക്കുമായിരുന്നുവെന്ന തിരിച്ചറിവ് ആ അമ്മയ്ക്കുണ്ടായിരുന്നു. അങ്ങനെ പ്രൈമറി സ്കൂളിലെ അഭ്യസനത്തോടെ തോമസിന്റെ ഔപചാരിക പഠനം അവസാനിച്ചു. അമ്മ വീട്ടിലിരുത്തി ക്ഷമയോടെ അവനെ അവർക്കാവുന്നത്ര വിഷയങ്ങൾ പഠിപ്പിച്ചു. അതിന്റെ ഫലം കാണാനും തുടങ്ങി, തോമസിന് പത്തു വയസ്സുള്ളപ്പോൾ തന്നെ വീടിന്റെ ഒരു ഭാഗത്ത് അമ്മ അവനുവേണ്ടി ഒരു ചെറിയ പണിപ്പുര തയ്യാറാക്കി. തോമസ് ചെറിയ കണ്ടുപിടുത്തങ്ങളൊക്കെ നടത്തി. പന്ത്രണ്ടാം വയസ്സിൽ പണമുണ്ടാക്കാൻ വേണ്ടി ന്യൂസ് പേപ്പർ വിൽപ്പന നടത്തി. ട്രെയിനിൽ മിഠായി വിറ്റ് കാശുണ്ടാക്കി. പതിനഞ്ചു വയസ്സായപ്പോൾ ടെലിഗ്രാഫർ ആയി ജോലി നോക്കി. അതിനുശേഷം തോമസ് പൂർണ്ണമായും കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും പാതയിലേയ്ക്ക് തിരിഞ്ഞു. ഭാഗികമായ ബധിരത തനിക്ക് ഒരു പ്രതിബന്ധമായി അയാൾ കണ്ടില്ല. ഹൈസ്കൂളിലോ കോളേജിലോ ലഭിക്കുന്ന വിദ്യാഭ്യാസം തനിക്കില്ല എന്നതും ഒരു പോരായ്മയായി അവൻ കരുതിയില്ല. ആത്മവിശ്വാസത്തോടും സ്ഥിരോത്സാഹത്തോടും അവൻ മുന്നേറി.

1931 ഒക്ടോബ‍ർ 18ന് എൺപത്തിനാലാം വയസിൽ തോമസ് മരിക്കുന്പോൾ അമേരിക്കയിൽ എങ്ങും ഒരു മിനുട്ടു നേരത്തേക്ക് ഇലക്ട്രിക് വിളക്കുകൾ എല്ലാം അണച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയുണ്ടായി. ഈ തോമസിനെയാണ് സ്കൂളിൽ നിന്ന് മന്ദബുദ്ധി എന്നാക്ഷേപിച്ച് പുറത്താക്കിയത്. സഹപാഠികളുടെ പരിഹാസവും ആക്ഷേപവും സഹിച്ചതും ഈ തോമസ് തന്നെ. ആ വ്യക്തിയാണ് ‘തോമസ് ആൽവാ എഡിസൺ’ എന്ന മുഴുവൻ പേരിൽ ഇന്ന് ലോകം മുഴുവൻ ആദരിക്കുന്ന ഇലക്ട്രിക് ബൾബിന്റെ കണ്ടുപിടുത്തക്കാരനും ഫോണോഗ്രാഫിന്റെ ജനയിതാവും.

ഈ വ്യക്തിചരിതം ചില ജീവിതയാഥാർത്ഥ്യങ്ങളെ മുന്നറിയിപ്പായി നമുക്ക് നൽകുന്നു. ഒന്നിനെയും തുച്ഛീകരിച്ചു കാണരുത്. നമ്മെക്കാൾ അറിവിലോ, പ്രായത്തിലോ, അനുഭവത്തിലോ ചെറിയവരായവർ നമ്മോട് ചേർന്ന് നിൽപ്പുണ്ടാകാം. ‘മണ്ടന്മാർ’ എന്ന് മുദ്ര കുത്തി അവരെ ചെറുതാക്കരുത്. അങ്ങനെയെങ്കിൽ അവരെക്കാൾ വലിയ മണ്ടന്മാരായി നാം മാറും. ഓരോ വ്യക്തിയിലും അന്തർലീനമായിക്കുന്ന മഹത്വത്തെ മാനിക്കുവാൻ നമുക്ക് കഴിയണം. തോമസ് എഡിസന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ അമ്മ കൈവരിച്ച സ്വാധീനവും നൽകിയ പ്രോത്സാഹനവും നിർണായകങ്ങളായിരുന്നു. സ്കൂളിൽ നിന്നുണ്ടായ തിരിച്ചടികളെ അതിജീവിക്കാനും ജീവീതത്തിൽ ശുഭാപ്തി വിശ്വാസം പുലർത്തുവാനും ആ അമ്മ എഡിസനെ അഭ്യസിപ്പിച്ചു. മക്കളുടെ പരിമിതികളെയും പ്രയാസങ്ങളെയും മനസിലാക്കാനും സഹാനുഭൂതിയോടെ അവരെ സമീപിച്ച് പ്രോത്സാഹിപ്പിക്കുവാനും മാതാപിതാക്കൾക്ക് കഴിയണം. വീട്ടിൽ നിന്ന് ലഭിക്കുന്ന സ്വച്ഛമായ അന്തരീക്ഷവും യഥോചിതമായ പ്രോത്സാഹനവും വ്യക്തിജീവിതങ്ങളെ ഉയർന്ന മേഖലകൾ വെട്ടിപ്പിടിക്കാൻ സഹായിക്കും. മിടുക്കരുടെ ഇടയിൽ ഒരു മണ്ടനായിരിക്കുന്നത് എന്ത് സുഖം!

സമൂഹത്തിൽ മണ്ടന്മാരെന്ന് കാണുന്നവരെ പുറംതള്ളുന്ന പ്രവണത അന്നും ഇന്നും ഉണ്ട്. കഴിവുള്ളവനും കയ്യൂക്കുള്ളവനും കാര്യക്കാരൻ എന്ന പഴമൊഴി നാമൊക്കെ പ്രവർത്തിയിലൂടെ അന്വർത്ഥമാക്കാറുണ്ട്. ഒരു വീട്ടിൽത്തന്നെയായിരുന്നാലും സമർത്ഥരായ മക്കളോട് കൂടുതൽ പ്രതിപത്തിയും താരതമ്യേന കഴിവില്ലാത്തവരോട് വിവേചനപരമായ സമീപനവും പ്രദർശിപ്പിക്കുന്ന മാതാപിതാക്കളുണ്ട്. പത്തൊന്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ കലാകാരനായിരുന്നു ഡാന്റെ ഗബ്രിയൽ റോസറ്റി. കവിതാരചനയിലും ചിത്രകലയിലും മികവ് റോസറ്റി പ്രകടിപ്പിച്ചിരുന്നു. ഒരിക്കൽ റോസറ്റിയെ ഒരു വൃദ്ധൻ സമീപിച്ച് അദ്ദേഹം രചിച്ച ചിത്രങ്ങൾ കാണിച്ച് റോസറ്റിയുടെ അഭിപ്രായം ആരാഞ്ഞു. ആ ചിത്രങ്ങൾക്ക് ഒരു നിലവാരവും ഇല്ലായിരുന്നു. സൗമ്യനും  മിതഭാഷിയുമായ റോസറ്റി വിനയപൂർവ്വം പറഞ്ഞു. ‘ഈ ചിത്രങ്ങൾക്ക് ഒരു നിലവാരവുമില്ലെന്ന് പറയുന്നതിൽ ഞാൻ ഖേദിക്കുന്നു. നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.’ വൃദ്ധൻ റോസറ്റിയോട് യുവാവായ ഒരുവൻ വരച്ച ചിത്രങ്ങൾ കാട്ടി ഒന്ന് വിലയിരുത്താമോ എന്ന് ചോദിച്ചു. റോസറ്റി ആ ചിത്രങ്ങളിൽ നോക്കിയിട്ട് വിസ്മയത്തോടെ പറഞ്ഞു, ‘ഇവ വളരെ നന്നായിരിക്കുന്നു. ഈ യുവ പ്രതിഭ വളരെ ടാലന്റ് ഉള്ളവനാണ്. അയാൾക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകേണ്ടതാണ്. അയാൾ ഒരു നല്ല ചിത്രകാരനായിത്തീരുമെന്നതിൽ ഒരു സംശയവും വേണ്ട.’ ഇത്രയും കേട്ടപ്പോൾ വൃദ്ധൻ വികാരാധീതനായി. റോസറ്റി ചോദിച്ചു, ‘ഈ യുവപ്രതിഭ ആരാണ്? നിങ്ങളുടെ മകനാണോ?’ വൃദ്ധൻ മറുപടി നൽകി. ‘അല്ല ഇത് ഞാൻ തന്നെ. നാൽപത് വർഷം മുന്പ് അങ്ങയുടെ ഈ പ്രശംസാ വാക്കുകൾ എനിക്ക് ലഭിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ഇപ്പോൾ ആശിച്ചു പോകുന്നു. അന്ന് ചിലർ എന്റെ ഈ ചിത്രങ്ങൾ കണ്ട് എന്നെ നിരുത്സാഹപ്പെടുത്തുകയും നിരാശനാക്കുകയും ചെയ്തു. ഒരു മണ്ടന്റെ കൈവേലയെന്ന് പറഞ്ഞ് എന്ന കളിയാക്കി. അതോടെ വരയോട് ഞാൻ വിടപറഞ്ഞു. ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ച് സമയം കിട്ടിയപ്പോൾ വീണ്ടും വരച്ച് നോക്കിയതാണ്.’ റോസറ്റി അത്ഭുതപ്പെട്ടു പോയി.

ഈ സംഭവകഥയിൽ നിന്ന് തെളിയുന്ന സത്യം നമ്മുടെ കണ്ണ് തുറപ്പിക്കുന്നു. ഉചിതമായ പ്രോത്സാഹനം തക്ക സമയത്ത് നൽകാതെയിരുന്നാൽ ആരുടെയും കഴിവുകൾ വാടിപ്പോകും. പ്രതിഭ പ്രകാശം കാണാതെ കൂന്പടയും. പ്രോത്സാഹനം ലഭിച്ചാൽ പ്രതിഭ തഴച്ച് വളരുകയും പുഷ്പിക്കുകയും ചെയ്യും. നിരാശയുടെ അനുഭവത്തിൽ വളർന്ന പലരും പരിഭവപ്പെടുന്നത് പ്രോത്സാഹനമില്ലായ്മയെപ്പറ്റിയാണ്. എന്നാൽ ചിലർ അഭിമാനത്തോടും കൃതജ്ഞതയോടും യഥാസമയം അവർക്ക് ലഭിച്ച പ്രോത്സാഹനത്തെക്കുറിച്ച് അനുസ്മരിക്കും. ഇത് ഇന്നത്തെ രക്ഷാകർത്താക്കളും സാമൂഹ്യനേതാക്കളും ഗുരുജനങ്ങളും ഗ്രഹിക്കേണ്ടിയിരിക്കുന്നു. ഒരു ചെടിക്ക് വളരാൻ വായുവും വെള്ളവും വെളിച്ചവും വളവും ആവശ്യമെന്നതുപോലെ ചെറുപ്പക്കാർക്ക് പ്രോത്സാഹനം ആവശ്യമാണ്.  അത് അവരുടെ ആത്മവിശ്വാസം വളർത്തും. ചേതന ഉണർത്തും. കഴിവുകളെ ഉയർത്തും. നിരാശപ്പെടുത്തുന്ന വാക്കുകൾ ഉച്ചരിക്കാതെ ചെറിയ നേട്ടങ്ങൾക്കു പോലും അഭിനന്ദനവും പ്രശംസയും നൽകുമെങ്കിൽ കൂന്പുകൾ വിടരും. തങ്ങളെ സ്നേഹിക്കുന്നവരിൽ നിന്ന് അത്തരം വാക്കുകൾ കേൾക്കുന്പോൾ അവരിൽ ഉത്സാഹം ഉണരും. േദനിപ്പിക്കുന്നതോ ആകാതെ സൂക്ഷിക്കുക. 

ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും ഒരുപറ്റം വിദ്യാർത്ഥികളെ അടുത്തുള്ള ആദിവാസി കേന്ദ്രത്തിലേയ്ക്ക് പഠന റിപ്പോർട്ട് തയ്യാറാക്കാനായി വിട്ടു. വിദ്യാർത്ഥികൾ ആദിവാസികളുമായി സംസാരിച്ച് അവരുടെ ജീവിത രീതികളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചുമൊക്കെ ചർച്ച നടത്തി റിപ്പോർട്ട് തയ്യാറാക്കി. ആ റിപ്പോർട്ടിൻ പ്രകാരം അവിടെയുള്ള ആദിവാസികളിൽ ഭൂരിഭാഗം പേരും കുറെ വർഷങ്ങൾക്കുള്ളിൽ ജയിലിൽ പോകുമെന്ന് കുറിച്ചിരുന്നു. ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം ആ യൂണിവേഴ്സിറ്റി അതേ സ്ഥലത്ത് അന്നത്തെ മറ്റൊരു കൂട്ടം വിദ്യാർത്ഥികളെ ആദിവാസികളുടെ മനോവികാരവും അവസ്ഥയും അളക്കുവാൻ നിയോഗിച്ചു. ആ കൂട്ടരും ആദിവാസി പ്രദേശത്ത് പോയി വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കി. പഴയ ആദിവാസികളിൽ രണ്ടുപേർ മാത്രമേ ജയിലിൽ പോകേണ്ടി വന്നുള്ളൂ എന്നും മറ്റുള്ളവ‍ർ പരസ്പരസ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്നതായും ആ റിപ്പോ‍‍ർട്ടിൽ കുറിച്ചിരിക്കുന്നു. ഇതിന് കാരണമെന്തെന്ന് യൂണിവേഴ്സിറ്റി അന്വേഷിച്ചപ്പോൾ പ്രൊഫസ‍ർമാർക്ക് ലഭിച്ച വിവരം ആ ആദിവാസ പ്രദേശത്ത് ഒരു അദ്ധ്യാപിക ഉണ്ടെന്നും അവരാണ് പഴയ ആദിവാസികളെ ഇത്തരത്തിൽ രൂപാന്തരപ്പെടുത്തിയതെന്നും അറിയാൻ കഴിഞ്ഞു. അദ്ധ്യാപികയെ കണ്ടുപിടിച്ച് ഈ വിജയരഹസ്യമെന്തെന്ന് അന്വേഷിച്ചപ്പോൾ അവരുടെ മറുപടി വിചിത്രമായിരുന്നു. ‘അവരെ രൂപാന്തരപ്പെടുത്താൻ സാധിക്കാത്ത തരത്തിൽ അവർ വഷളരും ദുർമനസും ഉള്ളവരുമായിരുന്നു. എനിക്ക് അവരിൽ ഒരു സ്വാധീനവും ചെലുത്തുവാൻ സാധിച്ചില്ല. ഞാൻ ഒന്നു മാത്രം ചെയ്തു എന്ന് എനിക്ക് ബോദ്ധ്യമുണ്ട്. ഞാൻ ആ കുട്ടികളെ ആത്മാർത്ഥമായി സ്നേഹിച്ചു.’ മണ്ടന്മാരെ സ്നേഹത്തിലൂടെ മിടുക്കരാക്കിയ അദ്ധ്യാപക ശ്രേഷ്ഠയാണവർ.

മണ്ടന്മാർ മിടുക്കന്മാരും മിടുക്കന്മാർ മണ്ടന്മാരും ആയിത്തീരാം കാലചക്രത്തിരിവിൽ. ഗ്രഹിപ്പാൻ ത്രാണിയുള്ളവർ ഗ്രഹിക്കട്ടെ!

 

ജോൺ പനക്കൽ 

You might also like

Most Viewed