ഞാൻ ഒറ്റപ്പെടുന്ന സന്ദർഭങ്ങളിൽ...
ഞാൻ എന്റെ സമൂഹത്തിൽ, കുടുംബത്തിൽ, ഓഫീസിൽ എപ്പോഴെങ്കിലും ഒറ്റപ്പെടേണ്ടി വന്നിട്ടുണ്ടോ? കൂടെ നിൽക്കുമെന്ന് കരുതിയവർ പോലും തള്ളിപ്പറഞ്ഞിട്ടുണ്ടോ? ആത്മാർത്ഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവർ പിറകിൽ നിന്ന് കുത്തി നോവിച്ച അനുഭവമുണ്ടായിട്ടുണ്ടോ? ഇവയൊക്കെ ഉണ്ടായിക്കാണാതിരിക്കാൻ വഴിയില്ല. എങ്കിൽ ഇതിന് കാരണമെന്താണ്. ഈ ലേഖനത്തിന്റെ ഉദ്ദേശം ആ വക കാരണങ്ങൾ ചികഞ്ഞു പിടിക്കുക എന്നതാണ്.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ഉച്ചത്തിൽ സംസാരിക്കുകയും തൊട്ടതിനും പിടിച്ചതിനുമൊക്കെ ക്രമപ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നവരുണ്ട്. പ്രത്യേകിച്ച് മീറ്റിംഗുകൾ നടക്കുന്പോൾ ഈക്കൂട്ടർ കൂടുതൽ സ്മാർട്ടാകും. ആത്മാർത്ഥത ഉള്ളവരാണ് അവർ എങ്കിൽക്കൂടെയും ഇവരുടെ പ്രകടനം കാണുന്പോൾ ചിലർ അവരെ ഇഷ്ടപ്പെടുന്നില്ല. പക്വതയോടെ ഇടപെടുന്നവരെയാണ് ജനത്തിന് ഇഷ്ടം. ബഹളക്കാർ പതിയെ തഴയപ്പെടും. അവർ ഒറ്റപ്പെടും. ശാന്തസ്വഭാവമുള്ളവർ രംഗം കീഴടക്കും.
ഞാൻ ബുദ്ധിമാനും കഴിവുള്ളവനുമാണ് എന്നുള്ള തോന്നൽ നമ്മെ ചുറ്റുമുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തും. ഇത്തരക്കാരോട് അടുക്കാൻ ആളുകൾക്ക് മടിയായിരിക്കും. എന്നെക്കാൾ ഉയരത്തിൽ നിൽക്കുന്ന ആളെന്ന് സ്വയം വീന്പിളക്കുന്ന ആളിനോട് മറ്റുള്ളവർ എങ്ങനെ ബന്ധപ്പെടും? താഴെ വന്നേ സമ്മാനമുള്ളൂ!
മർക്കടബുദ്ധി, കടുംപിടുത്തം ഇവ ബന്ധങ്ങളെ ഉലയ്ക്കും. സാഹചര്യമനുസരിച്ച് മാറ്റത്തിന് സ്വയം കീഴ്പ്പെടണം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കാതെ സ്വന്തം അഭിപ്രായത്തിൽ കടിച്ചുതൂങ്ങുന്നവരോട് ബന്ധപ്പെടാൻ ആളുകൾ മടിക്കും. വിട്ടുവീഴ്ചകൾ ബന്ധങ്ങളുടെ സുഗമമായ സംരക്ഷണത്തിന് അനിവാര്യമാണ്. വൈകാരിക സമ്മർദ്ദത്തിന് അടിമപ്പെട്ട് നിലവിലുള്ള പെരുമാറ്റം (Emotional break down) പലപ്പോഴും ബന്ധങ്ങളെ തകർക്കും. 2006ലെ ലോക കപ്പ് ഫുട്ബോൾ മത്സരത്തിൽ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ട്രോഫി ഫ്രാൻസിന്റെ ക്യാപ്റ്റൻ സിദാന് ലഭിച്ചു. ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ കളിക്കാരൻ മറ്റരാസിയെ തല കൊണ്ട് നെഞ്ചത്തടിച്ച് വീഴ്ത്തിയതിന്റെ പേരിൽ ചുവപ്പു കാർഡ് കണ്ട് സിദാൻ പുറത്തായി. മറ്റരാസി സിദാനെ മനഃപൂർവ്വം പ്രകോപിതനാക്കാനായി ശ്രമിച്ചു. അതിൽ അയാൾ വിജയിച്ചു. സിദാന് വൻനഷ്ടമുണ്ടായി. ഫ്രാൻസ് ആയിരുന്നു ആ കളിയിൽ ജയിച്ച് ട്രോഫി വാങ്ങേണ്ടിയിരുന്നത്. ക്യാപ്റ്റൻ പുറത്തായതോടെ ടീം തോറ്റു. നല്ല കളിക്കാരന്റെ ഗോൾഡൻ ട്രോഫി വാങ്ങാൻ സിദാന് കോർട്ടിൽ കയറാൻ പറ്റാതായി.
എല്ലാറ്റിനെയും മുൻവിധിയോടെ കാണുന്നത് ചിലരുടെ സ്വഭാവമാണ്. ഈ ലോകം, വസ്തുക്കൾ, വ്യക്തികൾ ഇവയൊക്കെ നിരന്തര മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കും. ഒരു തയ്യൽക്കാരന് എന്ത് തയ്ക്കാൻ കൊടുത്താലും പതിവുകാരനായാൽ പോലും അളവെടുക്കും. കഴിഞ്ഞ തവണ എടുത്തതിനാൽ ഇത്തവണ അളവെടുക്കാതിരിക്കില്ല. ശാരീരികാളവ് മാറുന്നത് പോലെ ഒരുവന്റെ ഇഷ്ടാനിഷ്ടങ്ങളും മാറിക്കൊണ്ടിരിക്കും. മുൻവിധിയുടെ സ്ഥാനത്ത് ശ്രദ്ധയാണ് വേണ്ടത്. ഗൾഫ് രാജ്യങ്ങൾ നമ്മുടെ സന്പദ്ഘടനയിലും കാഴ്ചപ്പാടിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാന്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന പല കുടുംബങ്ങളും വിദേശരാജ്യങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ട് പച്ച പിടിച്ചിട്ടുണ്ട്. നാമൊക്കെ അതിൽപ്പെടും. നമ്മെ കാണുന്പോൾ ഒരു നാടൻ മലയാളി ‘ഇവനാ പഴയ .... അല്ലേ?’ എന്ന് നമ്മെ നോക്കി ഒരു കമന്റടിച്ചാൽ നമ്മുടെ മനോഃവികാരം അപ്പോൾ എന്തായിരിക്കും അയാളെപ്പറ്റി? മാറ്റങ്ങളെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന ഒരു മനസാണ് ആ നാടൻ പ്രമാണിയ്ക്കുള്ളത്. ഇത് അവർ തമ്മിലുള്ള ബന്ധത്തെ ബാധിക്കും. മുൻവിധിയോടെ ഇടപെടുന്നവർ കാലത്തിന്റെ ഒഴുക്കിൽ ഒറ്റപ്പെട്ടു പോകും.
ചിലർ പറയാറുണ്ട്, ‘എന്നെ ആരും സ്നേഹിക്കുന്നില്ല’ എന്ന് ഒരിക്കലും സ്നേഹിക്കപ്പെട്ടിട്ടില്ലായെന്ന് പറയാറുണ്ടെങ്കിലും സത്യത്തിൽ ഒരിക്കലെങ്കിലും എല്ലാവരും സ്നേഹിക്കപ്പെടുന്നുണ്ട്. സ്നേഹത്തോടെയുള്ള പരിചരണങ്ങളും ലാളനയും കിട്ടുന്നില്ലെങ്കിൽ ശിശുക്കൾ ക്രമേണ മെലിഞ്ഞുണങ്ങി മരിച്ചു പോകും. failure to thrive syndrome എന്നയവസ്ഥ. ശിശുവിന് പോഷകാഹാരപരമായ ആവശ്യം നിറവേറ്റുന്നതോടൊപ്പം സ്നേഹിക്കപ്പെടുന്നില്ലെങ്കിൽ നിലനിൽപ്പില്ല. നിങ്ങൾ ജീവിക്കുന്നതിനർത്ഥം ആരൊക്കെയോ നിങ്ങളെ സ്നേഹിച്ചിരുന്നു എന്നതിനാലാണ്. ഓരോ വ്യക്തിയും അവന്റെ ജീവിതം ആടിത്തീർക്കുന്നത് മൂന്ന് രംഗങ്ങളിലൂടെയാണ്. ഒന്ന് കുടുംബം, രണ്ട് തൊഴിൽ, മൂന്ന് സമൂഹം. ഈ മൂന്നിൽ ഏതെങ്കിലും ഒന്നിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരാണധികവും. ചിലർ കുടുംബകാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നു. (family centered) ചിലർ തൊഴിൽപരമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നു. (occupation centered) മൂന്നാമത്തെ കൂട്ടർ സാമൂഹ്യബന്ധങ്ങളിൽ മാത്രം താൽപര്യം കാണിക്കുന്നു (society centered). മൂന്നു രംഗങ്ങളും സന്ദർഭങ്ങളുമായി ഇണക്കിച്ചേർത്ത് പോകാൻ കഴിയുന്നവർക്കേ വിജയമുള്ളൂ.
ഇന്ന് കുടുംബം ശരാശരി അഞ്ചു മണിക്കൂർ സമയം ഒരു ദിവസം ടെലിവിഷന് മുന്നിൽ ചെലവഴിക്കുന്നു എന്ന് സർവ്വേ ഫലങ്ങൾ പറയുന്നു. പഴയകാലത്ത് വ്യക്തിബന്ധങ്ങൾക്കും സൗഹൃദ കൂട്ടായ്മകൾക്കുമായി മാറ്റി വെച്ചിരുന്ന സമയമാണ് ഇന്ന് ടി.വി, കന്പ്യൂട്ടർ, ഇന്റർനെറ്റ് ഇവ കവർന്നത്. ഇന്ന് ചിലർ അയൽവാസികളെ അറിയില്ല. ഇന്റർനെറ്റിലൂടെ അമേരിക്കയിലുള്ളവരെ ശരിക്കും അറിയും.
ഭാര്യാഭർതൃ ബന്ധത്തിനിടയിൽ മറ്റാരെയും കടക്കാൻ അനുവദിക്കരുത്. കടന്നാൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. പലപ്പോഴും സുഹൃത്തുക്കൾ മാതാപിതാക്കൾ, മറ്റു ബന്ധുക്കൾ ഇവരൊക്കെ ഇടയിൽക്കയറി പ്രശ്നങ്ങൾ സൃഷ്ടിക്കും. ‘ഞാൻ പറയുന്നതിനേക്കാൾ വിശ്വാസം സ്വന്തം ബന്ധുക്കൾ പറയുന്നതാണ്’ എന്ന് ഭർത്താവിനെക്കുറിച്ച് ഭാര്യ പറയുന്നുവെങ്കിൽ അവിടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ‘എന്റെ ഭർത്താവിന് സുഹൃത്തുക്കളാണ് പ്രധാനം’ ‘എന്റെ ഭാര്യയ്ക്ക് അവരുടെ മാതാപിതാക്കളാണ് എല്ലാമെല്ലാം’ എന്നിത്യാദി കമന്റുകൾ ഉയരുന്ന ഭവനങ്ങളിൽ ഒറ്റപ്പെടൽ അല്ലാതെ മറ്റൊന്നുമില്ല. ഇന്ന് ബന്ധങ്ങൾ തകർക്കുന്നതിൽ മൊബൈൽ ഫോണിനു വലിയ പങ്കുണ്ട്. ഒരു കുടുംബത്തിന്റെ സമാധാന സുസ്ഥിരതയ്ക്ക് പരസ്പര വിശ്വാസം അത്യന്താപേക്ഷിതമാണ്. കല്യാണം കഴിഞ്ഞാൽ ഭാര്യയുടെ അച്ഛനും അമ്മയ്ക്കും ഒരു സഹായവും ചെയ്യാൻ പാടില്ല എന്ന് വിശ്വസിക്കുന്നവരുണ്ട്. ഒരു ഭാര്യയുടെ പരാതി “ഞാൻ മാസം ഒരു ലക്ഷം രൂപാ ശന്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥ ആണ്. എന്റെ ശന്പളം കൊണ്ടാണ് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും രക്ഷപ്പെട്ടത്. എന്റെ വീട്ടുകാർക്ക് ഒന്നും കൊടുക്കുന്നത് ഭർത്താവിന് ഇഷ്ടമല്ല. കഴിഞ്ഞ മാസം അദ്ദേഹമറിയാതെ 5000 രൂപ എന്റെ അമ്മയ്ക്ക് ഞാൻ അയച്ചു. അതറിഞ്ഞതു മുതൽ വീട്ടിൽ പ്രശ്നമാണ്. കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളെ വിവാഹത്തോടെ അകറ്റിക്കളയാൻ ശ്രമിക്കുന്പോഴാണ് ഭാര്യാഭർതൃ ബന്ധത്തിൽ വിള്ളലുണ്ടാകുന്നത്. ഇവിടെ ഭർത്താവ് കണ്ടുപിടിച്ച ന്യായം ‘അവൾക്ക് നല്ല വരുമാനമുള്ള രണ്ട് സഹോദരന്മാരുണ്ട്. അവർക്ക് സഹായിച്ചു കൂടെ’ എന്നാണ്.
പൊരുത്തപ്പെടലിന് തയ്യാറാകാതെ വരുന്പോൾ പ്രശ്നങ്ങൾ ഉടലെടുക്കും. ദാന്പത്യ ജീവിതം തുടങ്ങുന്പോൾ അതുവരെ പാലിച്ചു വന്ന ശീലങ്ങൾ, രീതികൾ ഇവയിൽ പലതും മാറ്റേണ്ടി വരും. എഞ്ചിനിയറിംഗ് ബിരുദധാരിയായ പെൺകുട്ടി, കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ പിണങ്ങിപ്പോരാൻ കാരണം പറഞ്ഞത്. “എന്റെ അമ്മായിയമ്മ എന്നോട് രാവിലെ ചായയിടാൻ പറഞ്ഞു. എന്റെ വീട്ടിൽ ഞാൻ അടുക്കളപ്പണിയൊന്നും ചെയ്തിട്ടില്ല. ഞാൻ എന്റെ അമ്മയെ വിളിച്ച് പറഞ്ഞു. അമ്മ പറഞ്ഞതിങ്ങനെയാണ്. പത്തു ലക്ഷം രൂപാ സ്ത്രീധനവും ഒരു കാറും തന്ന് എഞ്ചിനീയറായ നിന്നെ അവിടേക്ക് അയച്ചത് അടുക്കളപ്പണിക്കല്ല. അതിനാൽ നിന്നെ ഞാൻ വന്ന് കൂട്ടിക്കൊണ്ട് പോന്നോളാം. അമ്മ വന്നു കൂട്ടിക്കൊണ്ടു പോന്നു.” ഇവിടെ മകൾ വിവാഹിതയാകുന്പോൾ ഭർത്താവിന്റെ വീട്ടിൽ എങ്ങനെ പെരുമാറണമെന്ന് അമ്മ പഠിപ്പിച്ചില്ല. പാചകം എല്ലാ സ്ത്രീകളും വശമാക്കിയിരിക്കേണ്ട ഒരു കലയാണ്. ആ കുട്ടിയെ അത് പഠിപ്പിക്കാൻ മറന്നുപോയ മാതാപിതാക്കളാണ് കുറ്റക്കാർ. മകളെ തിരികെ വിളിച്ചു കൊണ്ടു വന്നതിലൂടെ പ്രശ്നം വലുതാക്കുകയാണവർ ചെയ്തത്.
സഹനം ദാന്പത്യത്തിലെ ഒരു ഭാഗമാണ്. പണ്ടൊക്കെ സ്ത്രീകൾ സഹനത്തിൽ ഒരുപാട് മുൻപന്തിയിലായിരുന്നു. കാരണം അവർക്ക് പണ്ട് സ്വയം പര്യാപ്തത കുറവായിരുന്നു. ഇന്ന് സ്ഥിതി അതല്ല. ജോലിയുണ്ട്, സാന്പത്തിക സ്ഥിരതയുണ്ട്. എനിക്ക് സഹിച്ച് കഴിയേണ്ട കാര്യമില്ല എന്ന് ചിന്തിക്കുന്നവരാണ് അധികവും. അതുകൊണ്ട് തന്നെ വിവാഹമോചനക്കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ മനസിലിട്ട് താലോലിച്ച് അതിനനുസരിച്ച് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന സംശയരോഗികൾ ദാന്പത്യ ജീവിതത്തിന്റെ സമനില തെറ്റിക്കും. കുടുംബജീവിതം അവിടെ തകിടം മറിയുന്നു. മനഃശാസ്ത്ര ചികിത്സയ്ക്ക് അങ്ങനെയുള്ളവർ വിധേയപ്പെടണം.
മറ്റൊരാളിന്റെ സ്ഥാനത്ത് നിന്ന് ചിന്തിച്ച് അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള മനസിന്റെ ഭാവത്തെയാണ് തദനുഭുതി (Empathy) എന്ന് പറയുന്നത്. ഗൾഫിൽ ജോലിയുള്ള ഒരു എഞ്ചിനീയർ. 15 വർഷമായി ഈ ജോലി ആരംഭിച്ചിട്ട്. ഇഷ്ടം പോലെ പണമുണ്ടാക്കി. നാട്ടിലേയ്ക്ക് മടങ്ങി ഒരു നല്ല സാമൂഹ്യജീവിതം നയിക്കണമെന്ന ആഗ്രഹം. പക്ഷേ നാട്ടിലുള്ള അച്ഛൻ സമ്മതിക്കുന്നില്ല. ഇനിയും പണമുണ്ടാക്കണം എന്ന ആഗ്രഹമാണ് അച്ഛന്. ഇതിന്റെ പേരിൽ അച്ഛനും മകനും തമ്മിൽ പിണങ്ങി. വീട്ടുകാർ അച്ഛന്റെ ഭാഗത്താണ്. എഞ്ചിനീയർ ഒറ്റപ്പെട്ടു. കടുത്ത മാനസികവ്യഥ. വർദ്ധിച്ച ഉത്കണ്ഠാ രോഗം (Anxiety disorder) അയാളെ ബാധിച്ചു. അച്ഛന് മകന്റെ അവസ്ഥയോട് പൊരുത്തപ്പെട്ടു തദനുഭൂതി ഉളവാക്കാൻ സാധിക്കാത്തതിനാൽ മകൻ ഒറ്റപ്പെട്ടു. മകന് ചികിത്സ വേണ്ടി വന്നു. അച്ഛനും മകനുമായുള്ള തുറന്ന ചർച്ചയിൽ മകന്റെ മനസുമായി താദാത്മ്യം പ്രാപിക്കാൻ അച്ഛന് കഴിഞ്ഞു.
എല്ലാവരെയും കുറ്റം പറയുന്ന, എപ്പോഴും ദേഷ്യപ്പെടുന്ന, വിമർശിക്കാൻ മാത്രമറിയാവുന്ന ചിലരുണ്ട്. ഈ മാനസികാവസ്ഥയ്ക്ക് Hypomania രോഗവുമായി ബന്ധമുണ്ട്. ഇത്തരക്കാർക്ക് നല്ല ബന്ധം പ്രയാസമാണ്. നന്നാകാൻ വേണ്ടിയാണ് പറയുന്നത് എന്ന് ഇത്തരക്കാർ ആമുഖമായി പറയും. എന്നാൽ മറ്റുള്ളവർ കേൾക്കെ പരസ്യമായി കുറ്റം ചൂണ്ടിക്കാണിക്കുകയും പരുഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യും. പരസ്യമായ കുറ്റപ്പെടുത്തലുകളും വിമർശനങ്ങളുമുണ്ടാകുന്പോൾ എതിർക്കാനുള്ള പ്രവണത രൂപപ്പെടും. ഇത് ഒറ്റപ്പെടലിൽ ചെന്ന് അവസാനിക്കും. പ്രതിസന്ധികളിൽ താങ്ങും തണലുമാകേണ്ട ബന്ധങ്ങൾ പലപ്പോഴും എരിതീയിൽ എണ്ണ ഒഴിക്കുന്നതു പോലെ ആയിത്തീരാറുണ്ട്.
ക്ലബ്ബുകൾ, സാമൂഹ്യസംഘടനകൾ ഇവയിലൊക്കെ ചേരുന്പോഴുള്ള വ്യക്തിയുടെ ആഗ്രഹം കൂടുതൽ ആളുകളുമായി ബന്ധമുണ്ടാക്കണം, അംഗീകാരം വേണം, സുരക്ഷിതത്വം വേണം എന്നിവയൊക്കെ ആണ്. നിർഭാഗ്യവശാൽ ഇത്തരം സംഘടനകളിലുള്ള അംഗങ്ങളുടെ പരസ്പര ബന്ധം ഇന്ന് വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിയിലായി കാണാം. ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ, മറ്റൊരാളിനെ അംഗീകരിക്കുവാനുള്ള വിമുഖത, അസൂയ, പരദൂഷണം തുടങ്ങിയ നിഷേധാത്മക കാര്യങ്ങളെല്ലാം ചില സംഘടനകളിൽ സർവ്വസാധാരണമാണ്. സ്ഥാനമാനങ്ങൾ ആഗ്രഹിക്കാതെ മറ്റുള്ളവരുടെ താൽപര്യങ്ങൾ മാനിച്ചു പോകുന്നവർക്കേ സംഘടനകളിൽ നിലനിൽക്കാനാവൂ. അല്ലെങ്കിൽ ബന്ധങ്ങളുടെ ഇഴ അറ്റ് ഒറ്റപ്പെടും. അംഗീകാരം എല്ലാവരും ആഗ്രഹിക്കുന്നു. അവഗണിക്കുന്നുവെന്ന തോന്നൽ ബന്ധങ്ങളിൽ അസ്വാരസ്യം ഉണ്ടാക്കും. കാതലായ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ സഹായിക്കാനായി ഓടിയെത്തേണ്ടവർ വരാതിരുന്നാൽ അത് അവഗണനയുടെ അനുഭവമാണ്.
തൊഴിലിൽ അമിതമായി മുഴുകുന്നത് പലരുടെയും ജീവിതത്തിൽ പ്രതിബന്ധങ്ങളുണ്ടാക്കുന്നു. കുടുംബജീവിതം വിലപ്പെട്ടതാണ് എന്ന തിരിച്ചറിവ് ഉണ്ടാകണം. ഞാനെപ്പോഴും ഉയർന്നു നിൽക്കണമെന്ന ഔന്നത്യഭാവം നല്ല ബന്ധത്തിന് തടസ്സമാണ്. മുഖ്യസ്ഥാനത്തിനായി കണ്ണും നട്ടിരിക്കുന്നത് വികല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ അഹംഭാവം സിംഹത്തിനാണ്. സിംഹം ഒറ്റ തിരിഞ്ഞേ നടക്കൂ. താനാണ് എല്ലാവരിലും ശക്തൻ എന്നുള്ള ഭാവം. ആടുകളെ നോക്കുക. കൂട്ടംകൂട്ടമായി നടക്കും. വെട്ടുക്കിളികൾ പറ്റം പറ്റമായി പോകുന്നു. ലയനഭാവമുള്ള ജീവികളാണിവ. ലയിച്ചു ചേരാൻ, സാഹചര്യങ്ങളുമായി ലയിച്ചു ചേരാൻ കഴിവില്ലാത്ത വ്യക്തി തികച്ചും ഒറ്റപ്പെട്ടവനായിരിക്കും. മനോഃസ്വസ്ഥത അങ്ങനെയുള്ളവർക്ക് ലഭിക്കുകയില്ല. എന്നെ മറ്റാർക്കും ഒറ്റപ്പെടുത്താൻ സാധിക്കുകയില്ല. ഞാനാണ്, എന്റെ ചെയ്തികളാണ് എന്നെ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തുന്നത്. ഈ തിരിച്ചറിവ് നമുക്കുണ്ടായാൽ നന്ന്.