ജോലി സ്ഥലത്തെ അസ്വസ്ഥത കൊണ്ട് കാലുറയ്ക്കാത്തവർ
ഇന്നത്തെ ചുറ്റുപാടിൽ തൊഴിലാളി ആയാലും മുതലാളി ആയാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകണമെങ്കിൽ പരസ്പര ബന്ധം നന്നായിരിക്കണം. ഇന്ന് മത്സരം ശക്തമായിരിക്കുന്പോൾ, സ്ഥാപനങ്ങൾ നിലനിൽക്കണമെങ്കിൽ അതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ മാനവവിഭവശേഷി മെച്ചപ്പെട്ടതായിരിക്കണം. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളിന് ഉയർന്നു വരണമെങ്കിൽ അയാളുടെ മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും സന്ദർശകരുമായുള്ള ബന്ധം നന്നായിരിക്കണം. ഇത് തൊഴിൽ രംഗത്ത് മാത്രമല്ല, രാഷ്ട്രീയം, വിദ്യാഭ്യാസം, ആത്മീയം തുടങ്ങി എല്ലാ മേഖലകളിലും ഇന്ന് അനിവാര്യമാണ്. ബന്ധപ്പെടുന്ന മേഖലയിലുള്ള എല്ലാവരുമായി നല്ല ബന്ധം സ്ഥാപിച്ച് മുന്നോട്ടു പോകുന്നതിനുള്ള ഒരുവന്റെ കഴിവിനെ സോഫ്റ്റ് സ്കിൽ എന്ന് പറയുന്നു. ഒരാളിന്റെ താൽപര്യം മനസിലാക്കി അതിനനുസരിച്ച് സംസാരിക്കാനും പ്രതികരിക്കാനും കഴിവുള്ള ആളിന് മാത്രമേ മറ്റൊരാളിനെ തൃപ്തിപ്പെടുത്താൻ സാധിക്കൂ. നല്ല ബുദ്ധി, കഴിവ്, പാണ്ധിത്യം, ബിരുദങ്ങൾ എല്ലാമുള്ള ചിലയാളുകളെ ചിലർക്ക് ഇഷ്ടമല്ല. അവർക്കില്ലാത്തത് സോഫ്റ്റ് സ്കിൽ ആണ്. ഇത് സ്വയം ആർജിക്കാവുന്നതാണ്. ഇത് ജന്മനാ കിട്ടാൻ ബുദ്ധിമുട്ടാണ്. ജീവിത വിജയത്തിന് ഇന്നത്തെ സാഹചര്യത്തിൽ ഇത് വളരെ ആവശ്യമാണ്. നാം മറ്റൊരാളിനെപ്പറ്റി ചിന്തിക്കുന്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത് അയാളുടെ നമ്മോടുള്ള പെരുമാറ്റമാണ്. മറ്റു കാര്യങ്ങൾക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ. ജോലിയിൽ മിടുക്കനായിരിക്കാം. കഠിനാദ്ധ്വാനിയായിരിക്കാം. ബുദ്ധിമാനായിരിക്കാം. എല്ലാം കൊള്ളാം. പക്ഷെ താനുമായി ബന്ധപ്പെടുന്നവരെ തൃപ്തിപ്പെടുത്തി ഇടപെടാനറിയില്ല. നാടൻഭാഷയിൽ പറഞ്ഞാൽ ‘മണിയടിക്കാൻ അറിയില്ല.’ എനിക്കാരേയും മണിയടിക്കേണ്ട കാര്യമില്ല എന്ന് വീന്പടിക്കുന്നവരുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ നമുക്ക് ഈ ലോകത്ത് ഒറ്റയ്ക്ക് എന്തൊക്കെ ചെയ്യാൻ കഴിയും! തുലോം ചുരുക്കം കാര്യങ്ങൾ മാത്രം. മറ്റുള്ളവർ നമ്മെ സഹായിക്കത്തക്കവണ്ണം നമ്മുടെ മനസ് നാം മാറ്റിയെടുക്കണം. എങ്കിലേ നാം ഏർപ്പെടുന്ന മേഖലയിൽ നമുക്ക് വിജയിക്കാൻ സാധിക്കൂ.
കൂട്ടു ജോലിക്കാരുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത ഒരു ചെറുപ്പക്കാരന്റെ സ്ഥിതി ശോചനീയമാണ്. അവധി ദിവസങ്ങളിൽ അയാൾക്ക് ഒരു അസ്വസ്ഥതയുമില്ല. പ്രവർത്തി ദിവസങ്ങളിൽ തലവേദന, സന്ധിവേദന, വിശപ്പില്ലായ്മ, അമിതമായ ശാരീരിക ക്ഷീണം ഇവയാണ്. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കപ്പെട്ടപ്പോൾ ഒരു രോഗവുമില്ലാത്ത ആൾ എന്ന് വിധിയെഴുതപ്പെട്ടു. പിന്നെ എന്താണിത്? മനസിന്റെ മടുപ്പു മൂലം മനസുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ! കൂട്ടു ജോലിക്കാർ അയാൾക്ക് എതിരാണെന്നും അയാളെപ്പറ്റി വേണ്ടാത്തതൊക്കെ മേലുദ്യോഗസ്ഥരുടെ അടുത്ത് പറഞ്ഞു കൊടുക്കുന്നുവെന്നും അയാൾ ദൃഢമായി വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ നിരാശമൂലം അയാൾ ഒരു മദ്യപാനിയായി. ഒറ്റയ്ക്കിരുന്നാണ് മദ്യപാനം. ജോലിസ്ഥലത്തെ അസ്വസ്ഥത മൂലം കാലുറയ്ക്കാത്ത ഒരു ജോലിക്കാരനായി അയാൾ മാറി. നാമൊക്കെ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ഇങ്ങനെ ചിലരെയെങ്കിലും നമുക്ക് കണ്ടുമുട്ടാൻ സാധിക്കും. നല്ല ശന്പളമുണ്ടായിട്ടും, ആനുകൂല്യങ്ങൾ പലതുമുണ്ടായിട്ടും വിമുഖതയോടെ പണിയെടുക്കുന്ന ഇക്കൂട്ടർ കൂട്ടുസംഘത്തിന് ഒരു തലവേദനയായിരിക്കും. അവർ ഒരു ജോലി സ്ഥലത്തും പിടിച്ച് നിൽക്കുകയില്ല. കൂടെക്കൂടെ ജോലി മാറിക്കൊണ്ടിരിക്കും.
ഇത്തരം അസ്വസ്ഥതകൾ ഉള്ളവർ മനസിലാക്കിയിരിക്കേണ്ട ചില ജോലിസ്ഥല മര്യാദകളുണ്ട്. മേലധികാരികളോട് ഇടപെടുന്പോൾ പ്രകടിപ്പിക്കേണ്ട വിധേയത്വം, വിശ്വസ്തതയോടെ പ്രദർശിപ്പിക്കാൻ മറക്കരുത്. ഒരുപക്ഷേ മേലധികാരിയേക്കാൾ കൂടുതൽ യോഗ്യതയും കഴിവും ഉള്ള ആളായിരിക്കാം നിങ്ങൾ, എങ്കിലും മേലധികാരിയെ കടത്തിവെട്ടുന്ന രീതിയിൽ മത്സരബുദ്ധിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യരുത്. അതായത് അദ്ദേഹത്തിന് ഒരു ഭീഷണിയായി നിങ്ങൾ തീരരുത്. അങ്ങനെയങ്കിൽ അദ്ദേഹത്തിനുണ്ടാകുന്ന അസ്വസ്ഥതയേക്കാൾ കൂടുതൽ അസ്വസ്ഥത നിങ്ങൾക്കുണ്ടാകുമെന്നത് ഉറപ്പാണ്. നാം പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിൽ നാം ഇഴുകിച്ചേരണം. നമ്മുടെ കഴിവുകൾ, ബുദ്ധി, സമയം, ഇവയെല്ലാം പാഴാക്കാതെ പ്രസ്ഥാനത്തിനു വേണ്ടി സമർപ്പിക്കണം. ഒരു ജോലിസ്ഥലത്ത് നാലുതരം ജോലിക്കാർ ഉണ്ടാകാമെന്നാണ് പറയപ്പെടുന്നത്.
1. ഒരു ഗ്ലാസു വെള്ളത്തിൽ ഒരു പാറക്കല്ല് ഇട്ടതുപോലെയുള്ളവർ. വെള്ളത്തിനു കല്ലിനും ഒരു മാറ്റവുമില്ല. ഇത്തരക്കാരെക്കൊണ്ട് ആ സ്ഥാപനത്തിന് യാതൊരു ഗുണവുമില്ല.
2. ഒരു ഗ്ലാസ് വെള്ളത്തിൽ മണ്ണിടുന്നതു പോലെയുള്ളവർ. വെള്ളം ഉപയോഗ ശൂന്യമാകും. പ്രാസ്ഥാനത്തെ ദുഷിപ്പിക്കുന്ന പ്രകൃതമുള്ളവരാണ് ഇത്തരക്കാർ.
3. ഒരു ഗ്ലാസ് വെള്ളത്തിൽ പഞ്ഞി ഇട്ടതുപോലെയുള്ളവർ. വെള്ളം വലിച്ചെടുത്ത് പഞ്ഞി വീർക്കും. വെള്ളം അപ്രത്യക്ഷമാകും. പ്രസ്ഥാനം ഇല്ലാതെയാകും. അവർ വളരും.
4. ഒരു ഗ്ലാസ് വെള്ളത്തിൽ ഉപ്പ് ഇട്ടതു പോലെയുള്ളവർ. ഉപ്പ് വെള്ളത്തിൽ ലയിച്ചു ചേരും. ഉപ്പ് അപ്രത്യക്ഷമാകും. വെള്ളത്തിന് രുചി പകരും. ഇത്തരക്കാർ പ്രസ്ഥാനത്തിൽ ലയിച്ചു ചേരും. അവരുടെ ഗുണം പ്രസ്ഥാനത്തിന് ലഭിക്കും.
ഒരു വ്യക്തി നാം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരാവശ്യത്തിനായി വരുന്പോൾ അയാളുടെ മാനസികനില മോശമാണെങ്കിൽ അയാൾ അതിനനുസരിച്ചേ പെരുമാറൂ. നമുക്കപ്പോൾ ഒന്നും ചെയ്യാൻ കഴിയുകയില്ല. അയാൾക്ക് മുന്പ് നമ്മുടെ പ്രസ്ഥാനത്തിൽ നിന്ന് കിട്ടിയ അനുഭവങ്ങൾ മോശമായിരിക്കാം. അയാളുടെ പ്രതീക്ഷകൾ കൂടുതലായിരിക്കാം. ഒരു ഇടപാടുകാരനുമായി ബന്ധപ്പെടുന്പോൾ ഈവക കാര്യങ്ങൾ പ്രധാനപ്പെട്ടതാണ്. മെഷീനുകൾ വളരെ വേഗം സർവീസ് കൊടുക്കും. എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്നത് വ്യക്തിഗത സർവീസുകളാണ്. ഒരു വ്യക്തിക്ക് മാത്രമേ നമ്മെ സന്തോഷിപ്പിക്കാൻ കഴിയുകയുള്ളൂ.
പലയാളുകൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്പോൾ ജോലി വീതിച്ചു കൊടുക്കേണ്ടി വരും (Delegation). എല്ലാം ഞാൻ ചെയ്തെങ്കിലേ ശരിയാകൂ എന്ന ധാരണ വെച്ചുപുലർത്തുന്നവരുണ്ട്. ‘എനിക്ക് ശേഷം പ്രളയം’ ഇതാണവരുടെ തോന്നൽ. മറ്റുള്ളവരെ വിശ്വാസത്തിലെടുത്ത് ജോലി അവർക്ക് കൂടെ നൽകിയെങ്കിലെ, നമ്മുടെ സമയം കാര്യമായി ഉപയോഗിക്കാൻ സാധിക്കൂ. അടിസ്ഥാനപരമായി രണ്ടു തരത്തിൽ ജോലി പങ്കുവെയ്ക്കാം. ആദ്യത്തേത് പറഞ്ഞു കൊടുത്ത് ജോലി ചെയ്യിപ്പിക്കുക. (Gofer Delegation) രണ്ടാമത്തേത് ജോലി നടത്തിപ്പ് ചുമതലപ്പെടുത്തുക. (Stewardship Delegation) ഈ രണ്ട് രീതികൾക്കും അംഗങ്ങൾ തമ്മിൽ സ്വരുമ (Rapport) അത്യാവശ്യമാണ്. ഒറ്റയാന്മാർക്ക് രക്ഷയില്ലെന്ന് അർത്ഥം. ജോലി സ്ഥലത്ത് ഒരു ഒറ്റയാനായി തീർന്നാൽ കാലിടറുകയും അസ്വസ്ഥത ബാധിക്കുകയും ചെയ്യും. ഉപ്പിനെപ്പോലെ വെള്ളത്തിൽ ലയിക്കാൻ കഴിയുന്ന തൊഴിലാളിക്ക് മാത്രമേ തൊഴിലിൽ സംതൃപ്തിയും തൊഴിൽ സ്ഥലത്ത് സമാധാനവും ലഭിക്കൂ.
തന്റെ കീഴിൽ ജോലി ചെയ്യുന്നവർക്ക് പറയാനുള്ള കാര്യങ്ങൾ അതീവ ശ്രദ്ധയോടെ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾക്ക് വേണ്ടത്ര വില കൽപ്പിക്കുകയും ചെയ്യുന്ന ഒരു മേലുദ്യോഗസ്ഥനോട് കീഴ് ജീവനക്കാർക്ക് മതിപ്പുണ്ടാകും. മറ്റുള്ളവരുമായി സ്വതന്ത്രമായി ഇടപെടാതെ ഗൗരവം നടിച്ച് കഴിയുന്നതാണ് തങ്ങളുടെ പ്രതാപവും പദവിയും നിലനിറുത്താനുപകരിക്കുന്നത് എന്ന ധാരണ വച്ചു പുലർത്തുന്ന ചില മേലധികാരികളുണ്ട്. കീഴ് ജീവനക്കാരന്റെ പ്രശ്നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും അങ്ങനെ അവരെ സഹായിക്കാനും ഉദ്യമിക്കുന്ന ഒരു മേൽജീവനക്കാരനോട് കീഴ് ജീവനക്കാർക്ക് എന്തെന്നില്ലാത്ത സ്നേഹാദരവുകളാണ് ഉണ്ടാവുക. ഇതുമൂലം ജീവനക്കാരുടെ ഇടയിൽ പരസ്പരം ഒരു സ്വാധീനശക്തി ഉടലെടുക്കും. ഈ സ്വാധീനശക്തിയാണ് അധികാരത്തിനേക്കാൾ വശ്യത ഉളവാക്കുന്നത്.
സ്വാധീനശക്തിയുള്ള മേലുദ്യോഗസ്ഥന്മാർക്ക് പൊതുവെ ഒരു സവിശേഷതയുണ്ടാകും പറയുന്നതിനേക്കാൾ കേൾക്കുവാനായിരിക്കും അവർക്ക് താൽപര്യം. ആദ്യകാലങ്ങളിൽ ഭടന്മാരോട് നയതന്ത്രപരമായി പെരുമാറുന്നതിൽ നെപ്പോളിയൻ അതിസമർത്ഥനായിരുന്നു. സൈന്യത്തിലുണ്ടായിരുന്ന ഓരോ ഭടന്റെയും പേരും മറ്റ് വിവരങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. തങ്ങൾ നെപ്പോളിയന്റെ കണ്ണിലുണ്ണികളാണെന്ന വിശ്വാസം ഭടന്മാരിലുണ്ടായിരുന്നു. ഇതായിരുന്നു നെപ്പോളിയന്റെ ആദ്യകാല വിജയരഹസ്യം.
ചെയ്യുന്ന തൊഴിലിൽ തൃപ്തി കണ്ടെത്താൻ ശ്രമിക്കണം. എങ്കിലേ നല്ല ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിയൂ. അസംതൃപ്തമായ മനസോടെ ജോലി ചെയ്യുന്പോൾ, നല്ല ബന്ധങ്ങൾ മെനഞ്ഞെടുക്കാൻ പരാജയപ്പെടും. സ്ഥാപനത്തോടുള്ള വിധേയത്വം പ്രധാന ഘടകമാണ് മേൽപ്പറഞ്ഞ തൃപ്തി കൈവരിക്കാൻ. എനിക്ക് പറ്റിയ പദവി അല്ല ഇത്, അല്ലെങ്കിൽ എനിക്ക് പറ്റിയ സ്ഥാപനമല്ല ഇത് എന്ന് തോന്നുന്നുവെങ്കിൽ, എത്രയും നേരത്തെ വേറൊന്ന് നോക്കുക. വ്യക്തിപരമായ താൽപര്യങ്ങളെക്കാളുപരി സ്ഥാപനത്തിന്റെ താൽപര്യത്തിന് വേണം മുൻതൂക്കം നൽകുവാൻ. സ്വകാര്യദുഃഖങ്ങൾ മുഖത്ത് പ്രകടമാക്കാതെ ഊർജസ്വലനായി പ്രസന്നവദനനായിരിക്കാൻ ശ്രമിക്കണം. നമ്മുടെ അസാന്നിദ്ധ്യം മറ്റുള്ളവർ ശ്രദ്ധിക്കണം. നമ്മുടെ സാന്നിദ്ധ്യം മറ്റുള്ളവർക്ക് ഉന്മേഷം പകരുന്നതാകണം. ഒരാളുടെ സ്വഭാവം ഇരട്ടത്താപ്പും ആത്മാർത്ഥതയില്ലായ്മ നിറഞ്ഞതുമാണെങ്കിൽ കൂട്ടുജോലിക്കാർ ആത്മാർത്ഥമായി നമ്മോട് സഹകരിക്കാൻ മടിക്കും. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്പോൾ, എന്നെപ്പറ്റി മറ്റുള്ളവരുടെ ധാരണ എന്താണ് എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. സ്വയംബോധം മാറ്റങ്ങൾക്ക് സഹായിക്കും. നമ്മുടെ ധാരണ പോലെ ആയിരിക്കണമെന്നില്ല മറ്റുള്ളവർ നമ്മെ വിലയിരുത്തുന്നത്. മറ്റുള്ളവരുടെ മുന്നിൽ പൊള്ളയായ പല അഭിനയങ്ങളും നാം ചിലപ്പോൾ നടത്തിയേക്കാം. നമ്മുടെ ധാരണ മറ്റുള്ളവർക്ക് നമ്മുടെ അഭിനയം മനസിലാകുന്നില്ല എന്നായിരിക്കാം. പലപ്പോഴും അവർ അതൊക്കെ മനസിലാക്കിയിട്ടുണ്ടാകും, അവരും അഭിനയിക്കുകയാണ്.
ഒരു ഓഫീസിൽ പുതുതായി ചാർജ് എടുത്ത ഓഫീസർ. ആദ്യദിവസമാണ്. കാര്യമായി ഒന്നും ചെയ്യാനില്ല. ഒരാൾ അദ്ദേഹത്തിന്റെ മുറിയിലെത്തി. തനിക്ക് പണിയൊന്നുമില്ല എന്ന് വന്നയാൾ ധരിക്കാതിരിക്കാൻ ഓഫീസർ ഫോണെടുത്ത് വെറുതെ ഓരോന്ന് സംസാരിക്കാൻ തുടങ്ങി. കുറെക്കഴിഞ്ഞ് ഫോൺ സംഭാഷണം നിറുത്തിയിട്ട് ഓഫീസർ സന്ദർശകനോട് പറഞ്ഞു. ‘ഞാൻ ഇന്ന് ചാർജ് എടുത്തതേയുള്ളൂ. എല്ലാം കുത്തഴിഞ്ഞ് കിടക്കുകയാണ്. കുറെയാളുകളെ വിളിക്കാനുണ്ടായിരുന്നു. അതിനാൽ തിരക്കിലായിപ്പോയി. എന്താണ് വന്നത്?’ ആഗതൻ മറുപടി പറഞ്ഞു. ‘സർ ഞാൻ ടെലിഫോൺ ഡിപ്പാർട്ടുമെന്റിൽ നിന്നും വരികയാണ്. ഇന്നലെയാണ് ഈ ഫോൺ കൊണ്ടുവച്ചത്. അത് ഒന്ന് കണക്ട് ചെയ്യാൻ വന്നതാണ്.’ ഓഫീസറുടെ മുഖത്തെ ജാള്യത മനസിലാക്കാവുന്നതേ ഉള്ളൂ. ഇല്ലാത്തത് ഉണ്ടെന്ന് ഭാവിക്കുന്നവരെ മറ്റുള്ളവർ പെട്ടെന്ന് തിരിച്ചറിയും. ഊതി വീർപ്പിച്ച സ്വന്തം പ്രതിച്ഛായ, ചീട്ടുകൊട്ടാരം പോലെ പെട്ടെന്ന് നിലംപതിക്കും.
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്പോൾ ആത്മനിയന്ത്രണം വളരെ ആവശ്യമാണ്. ജോലിയിൽ സാമർത്ഥ്യവും കഴിവും ഉണ്ടാകാം. പക്ഷേ ഒട്ടും ആത്മനിയന്ത്രണമില്ലെങ്കിൽ മറ്റുള്ളവർ നമ്മെ ഇഷ്ടപ്പെടുകയില്ല. ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെറിയ വീഴ്ചകളിൽ തകരുകയും സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യുന്പോൾ അവ നമ്മെ വിപരീതമായി ബാധിക്കും. അമിതമായ മദ്യപാനം, ലൈംഗികാസക്തി, നിയമനുസൃതമല്ലാത്ത പ്രവർത്തനങ്ങൾ ഇവ മറ്റുള്ളവരുടെ മനസിൽ മോശമായ പ്രതിച്ഛായ ഉണ്ടാക്കും. ഇതുപോലെ ഹാനികരമാണ് പരദൂഷണം പറയുക എന്നത്. പരദൂഷണം കേൾക്കുന്നത് മറ്റുള്ളവർ ഇഷ്ടപ്പെട്ടേക്കാമെങ്കിലും പരദൂഷണം പറയുന്ന ആളിനെ അവർ വെറുക്കും.
ജോലി സ്ഥിരത ഇന്ന് കുറഞ്ഞുവരികയാണ്, നാട്ടിൽ പോലും. പണ്ട് സർക്കാർ ജോലിയോടുള്ള ആകർഷണം ജോലി സ്ഥിരത ആയിരുന്നു. കേറിക്കഴിഞ്ഞാൽ സമയാസമയം പ്രൊമോഷൻ, ഇൻക്രിമെന്റ്, അവധി, പെൻഷൻ എന്നിവ. മത്സരമില്ല, ടെൻഷനില്ല, സുഖം! സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരം ഇന്ന് ശക്തമായപ്പോൾ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാതെ നിവർത്തിയില്ല. ജോലിയുടെ സുരക്ഷിതത്വം പതുക്കെ അപ്രത്യക്ഷമാവുകയാണിന്ന്. വ്യക്തിഗത പ്രവർത്തനം സസൂക്ഷ്മം വീക്ഷിച്ച് ശന്പളവും പ്രൊമോഷനും നൽകുന്ന രീതി പരക്കെ നിലവിൽ വന്നുകഴിഞ്ഞു. അപ്പോൾ ആത്മാർത്ഥതയും സമർപ്പണവുമാണ് അത്യാവശ്യമായി ഉണ്ടാകേണ്ടത്. മാറി വന്ന തൊഴിൽ സാഹചര്യങ്ങളിൽ ‘Survival of the fittest’ സിദ്ധാന്തം പരക്കെ പ്രാവർത്തികമാക്കിക്കഴിഞ്ഞു. പ്രവാസ ലോകത്ത് ഇത് സർവ്വസാധാരണമാണിന്ന്. ആത്മവിശ്വാസമില്ലാത്ത പ്രവാസി തൊഴിലാളികൾ, തങ്ങളെ പിരിച്ചു വിടുകയോ ശന്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യുമെന്ന് ഭയപ്പെടുന്നു. ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠയിൽ വിഷാദരോഗികളായി മാറുന്നവരുടെ എണ്ണം ഇവിടെ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്തണം. പ്രശ്നങ്ങളെ സൗമ്യമായി നേരിടാനും പ്രശ്നങ്ങൾ ബന്ധങ്ങളെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം. സമ്മർദ്ദങ്ങളെ നേരിടാൻ മനസിനെ ഒരുക്കണം.
അല്ലെങ്കിൽ ആസക്തിയുടെ പടുകുഴിയിൽ ചെന്ന് പതിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അപ്പോൾ കാലുറയ്ക്കാത്ത ജോലിക്കാരായി തീരാനും സാധ്യതകളുണ്ട്. ഉറച്ച മനസ്, ആത്മവിശ്വാസം, വെല്ലുവിളികളെ ധീരമായി നേരിടുന്നതിനുള്ള ചങ്കൂറ്റം ഇവയുണ്ടെങ്കിൽ സ്വസ്ഥമായി ഒരു പ്രാവിനെപ്പോലെ ഉറങ്ങാൻ കഴിയും.