‘കുടുംബം മനുഷ്യമൃഗങ്ങളുടെ തൊഴുത്തായാൽ?’...
മനുഷ്യൻ അടിസ്ഥാനപരമായി മൃഗമാണ്. ബൗദ്ധിക ചിന്താമണ്ധലമാണ് മനുഷ്യമൃഗത്തെ മനുഷ്യനാക്കുന്നത്. ആ ചിന്താശക്തിയില്ലാത്തവൻ മൃഗതുല്യനാണ്. മക്കളും മാതാപിതാക്കളുമായുള്ള ബന്ധത്തെ സംബന്ധിച്ച് ധാരാളം തർക്കം നടക്കുന്ന കാലഘട്ടമാണിത്. മാതാപിതാക്കളും മക്കളും ഒരുപോലെ മൃഗതുല്യരായാൽ ആ കുടുംബം മനുഷ്യമൃഗങ്ങളുടെ തൊഴുത്തല്ലാതെ മറ്റെന്ത്?
മക്കൾ ഈശ്വരന്റെ ദാനമാണ്. അവരുടെ ഉടമസ്ഥാവകാശം ദൈവത്തിന് ഉള്ളതാണ്. കുട്ടികളെ വളർത്തി വലുതാക്കി സൂക്ഷ്മതയോടെ പരിപാലിക്കാൻ ഈശ്വരൻ മാതാപിതാക്കളെ ഏൽപ്പിച്ചിരിക്കുന്നു. വിശ്വസ്തതയോടെയും സമർപ്പണത്തോടെയും ആ ദൗത്യം നിർവ്വഹിക്കാൻ മാതാപിതാക്കൾ കടപ്പെട്ടിരിക്കുന്നു. മക്കളില്ലാത്ത ദന്പതിമാരോട് ചോദിച്ചാൽ മക്കളുടെ മഹത്വമറിയാം. എന്നാൽ ഇന്നും എന്നും ചില മാതാപിതാക്കൾ, അവർ മക്കളെ വളർത്താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പ്രതിഫലം ആഗ്രഹിക്കുന്നു. എന്തിനാണിത്ര കഷ്ടപ്പെട്ട് മക്കളെ വളർത്തുന്നത് എന്ന ചോദ്യത്തിന് ചിലർ മറുപടി പറയും, അവർ വളർന്ന് വലുതായി മിടുക്കരായിട്ട് പ്രായമാകുന്പോൾ തങ്ങളെ സംരക്ഷിക്കണം. ഈ മനോഭാവം ഒരു തരത്തിൽ കച്ചവട മനോഭാവമാണ്. കൊടുക്കുന്നതിന് അനുസൃതമായ പ്രതിഫലം പ്രതീക്ഷിക്കുന്നത് മറ്റെന്ത് മനോഭാവമാണ്? ഇത് മക്കൾ മനസ്സിലാക്കുന്പോൾ മനുഷ്യത്വപരമായ ആത്മാർത്ഥത നഷ്ടപ്പെടും. നേരെമറിച്ച് ഇതെന്റെ കടമയാണ് എന്ന വിശ്വാസത്തോടെ മക്കളെ വളർത്തുന്ന മാതാപിതാക്കളോട് മക്കൾക്ക് അവാച്യമായ ആത്മബന്ധമുണ്ടാകും.
ദക്ഷിണ ധ്രുവത്തിലുള്ള പെൻഗ്വിൻ പക്ഷികൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്നത് ശ്രദ്ധേയമാണ്. കൊടും തണുപ്പിൽ പെൺപക്ഷി മുട്ടയിട്ടു കഴിഞ്ഞാൽ ആൺപക്ഷിയുടെ ജോലിയാണ് മുട്ട വിരിയിച്ചെടുക്കുകയെന്നത്. തന്റെ കാലിലെ ചർമ്മം കൊണ്ട് മുട്ടപൊതിഞ്ഞ് ചൂടു കൊടുത്ത് ആൺപക്ഷി ദിവസങ്ങളോളം ഒറ്റ നിൽപ്പാണ്. ഭക്ഷണമില്ല, വിശ്രമമില്ല, ഒറ്റ നിൽപ്പ്. എന്തിനുവേണ്ടി? ഭാവിതലമുറയെ വാർത്തെടുക്കുവാനുള്ള ത്യാഗമാണത്. വിരിഞ്ഞ് വരുന്ന കുഞ്ഞ് തന്നെ സംരക്ഷിക്കണമെന്ന പ്രതീക്ഷയിലല്ല ഈ ത്യാഗം. മൃഗങ്ങളും പക്ഷികളും എല്ലാം ഭാവിതലമുറ തങ്ങളെ സംരക്ഷിച്ചു കൊള്ളും എന്ന ധാരണയിലല്ല സന്താനങ്ങളെ സംരക്ഷിക്കുന്നത്. സ്വാർത്ഥനായ മനുഷ്യൻ പക്ഷിമൃഗാദികളെക്കാൾ ചിന്താസൗഭഗമില്ലാതെ വികലമായ ഉദ്ദേശ്യത്തോടെ കുടുംബം പുലർത്തുന്പോൾ അത് മനുഷ്യമൃഗങ്ങളുടെ കാലിത്തൊഴുത്തല്ലാതെ മറ്റെന്താണ്?
മക്കളുമായുള്ള ബന്ധം, സഹോദരങ്ങൾ തമ്മിലുള്ള ബന്ധം ഇവയെല്ലാം രക്തബന്ധത്തിൽ (Blood Relation) നാം ഉറപ്പിച്ചിരിക്കുകയാണ്. അതാണ് ജന്മം കൊണ്ട് കിട്ടിയ ബന്ധം. പക്ഷേ രക്തബന്ധത്തെക്കാളുപരി ചിന്താമണ്ധലത്തിലാണ് (Cognitive level) ബന്ധം ശക്തിപ്പെടുന്നത്. ജന്മം കൊണ്ട് സാമൂഹ്യകാഴ്ചപ്പാടിൽ ഒരു ബന്ധം അടിച്ചേൽപ്പിക്കപ്പെടുകയാണ്. എന്നാൽ ശരിയായ ബന്ധം ബൗദ്ധിക തലത്തിൽ രൂപപ്പെടുത്തിയെടുക്കുന്നതാണ്. ഒരുവനെ ശ്രദ്ധിക്കുകയും അയാളുടെ പ്രതീക്ഷകൾക്കും താൽപര്യങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നവരോട് അയാൾക്ക് നല്ല ബന്ധമായിരിക്കും. ബാഹ്യമായ അടുപ്പത്തേക്കാൾ മാനസികമായ അടുപ്പമാണ് ബന്ധം പുലർത്താൻ ആവശ്യമായിട്ടുള്ളത്. ജീവിതകാലം മുഴുവൻ രക്തബന്ധം ശക്തമായിരിക്കുമെന്ന് കരുതരുത്. രക്തബന്ധത്തിലുള്ളവർ തമ്മിൽ ലൈംഗികബന്ധം ഇന്ന് വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. പിന്നെ മനുഷ്യൻ മൃഗമാകാതെയിരിക്കുന്നതെങ്ങനെ?
മക്കളുടെ ബാല്യം, കൗമാരം, യൗവനം തുടങ്ങിയ ഓരോ ഘട്ടത്തിലും അതിനനുയോജ്യമായ രീതിയിലുള്ള സമീപനം മാതാപിതാക്കളിൽ നിന്ന് ഉണ്ടാകണം. ബാല്യത്തിലെപ്പോലെയുള്ള അടുപ്പം കൗമാരത്തിലും യൗവനത്തിലും പാടില്ല. അത് വൈകാരിക വളർച്ചയെ തടസ്സപ്പെടുത്തും. ജന്മനാ അച്ഛനോടും അമ്മയോടുമുള്ള ബന്ധം ഓരോ ഘട്ടം കഴിയുന്തോറും മാറിക്കൊണ്ടിരിക്കും. ഈ മാറ്റമില്ലെങ്കിൽ ബന്ധം അരുതാത്ത തലങ്ങളിലേയ്ക്ക് വഷളാകുന്നു. മക്കൾക്ക് ലഘു ശിക്ഷകൾ നൽകുന്നത് നന്നായിരിക്കും. എന്നാൽ മാതാപിതാക്കളുടെ ദേഷ്യം തീർക്കാനോ ഈഗോ തൃപ്തിപ്പെടുത്താനോ ആയിട്ട് മക്കളെ ശിക്ഷിക്കാൻ പാടില്ല. അത്തരം ശിക്ഷകൾ കുട്ടികളുടെ വൈകാരിക തലത്തിൽ പോറലുകളുണ്ടാക്കും. തെറ്റു ചെയ്താൽ കുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം നിഷേധിച്ചാൽ മതി. അതാണ് നല്ല ശിക്ഷ. ജിറാഫിന്റെ കുട്ടി പിറന്ന് വീണുകഴിയുന്പോൾ നിലത്തു കിടന്നുകൊണ്ട് പാലിനായി കരയും. ജിറാഫ് താഴ്ന്നു കൊടുക്കില്ല. കുറെ കരഞ്ഞു കഴിയുന്പോൾ ഒരു തൊഴി കൊടുക്കും. കുട്ടി പെട്ടെന്ന് ചാടി എഴുന്നേറ്റ് പാല് കുടിക്കും. വീണ്ടും നിലത്ത് കിടക്കും. വിശക്കുന്പോൾ വീണ്ടും കരയും. തൊഴി ആവർത്തിക്കും. ചാടി എഴുന്നേൽക്കും. അങ്ങനെ പല ആവർത്തി തൊഴി കിട്ടിക്കഴിയുന്പോൾ ജിറാഫിന്റെ കുഞ്ഞിന് മനസ്സിലാകും, പാല് കുടിക്കണമെങ്കിൽ എഴുന്നേൽക്കണമെന്ന്. ഇതുപോലെ ചെറിയ ശിക്ഷകളിലൂടെ കുട്ടികളെ ശീലങ്ങൾ അഭ്യസിപ്പിക്കാം. കടുത്ത ശിക്ഷകൾ വിപരീതഫലമായിരിക്കും പുറപ്പെടുവിക്കുന്നത്. ശാന്തമായ കുടുംബാന്തരീക്ഷം മാനസികാരോഗ്യമുള്ള കുട്ടികളെ സൃഷ്ടിക്കും. എപ്പോഴും സംഘർഷമുള്ള അന്തരീക്ഷത്തിൽ വളരുന്ന കുട്ടിക്ക് ധൈര്യമില്ലായ്മ, തീരുമാനമെടുക്കാനുള്ള താമസം, ഏകാഗ്രതക്കുറവ് ഇവ അനുഭവപ്പെടും. ആരോഗ്യകരമായ കുടുംബാന്തരീക്ഷം കുട്ടിക്ക് വൈകാരിക പക്വത ഉണ്ടാക്കും. ഇതിലൂടെ മാതാപിതാക്കളുമായി നല്ല ബന്ധം ശക്തിപ്പെടുത്താൻ സാധിക്കും. ഭാവിയിൽ ഈ കുട്ടിയുടെ മാതാപിതാക്കളോടുള്ള സമീപനം ഈ വൈകാരിക ബന്ധത്തെ ആശ്രയിച്ചിരിക്കും. പണ്ടൊക്കെ സ്വത്തു വിഭജനം മക്കളെ നിയന്ത്രിക്കാൻ മാതാപിതാക്കൾക്കുണ്ടായിരുന്ന തുറുപ്പു ചീട്ടായിരുന്നു. ഇന്ന് മക്കളുടെ എണ്ണം കുറഞ്ഞു. മാതാപിതാക്കളുടെ സ്വത്തിനേക്കാൾ കൂടുതൽ മക്കൾക്കായി. അതുകൊണ്ട് ആ തുറുപ്പു ചീട്ടിന് ഇന്ന് ഫലമില്ല.
അടിച്ചമർത്തി നിയന്ത്രണത്തിൽ വളരുന്ന കുട്ടിക്ക് തന്റെ കഴിവുകൾ പൂർണ്ണമായി വളർത്തിയെടുക്കാൻ കഴിയുന്നില്ല. ഇവരിൽ ഭയം കൂടുതലായിരിക്കും. മറ്റുള്ളവരെ നേരിടാനുള്ള ധൈര്യവും താരതമ്യേന കുറവായിരിക്കും. തുറന്ന് പറയാനുള്ള കഴിവ് (Assertiveness) കുറയും. ചെറുപ്പത്തിൽ ‘നല്ല അനുസരണയുള്ള കുട്ടി’ എന്ന പേരു കിട്ടും. പക്ഷെ എന്തിനും ഏതിനും അച്ഛനമ്മമാരെ ആശ്രയിക്കുന്ന സ്വഭാവക്കാരനായി പിൽക്കാലത്ത് മാറും. എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം മക്കൾക്ക് നൽകണം. വികാരവിചാരങ്ങൾ അടിച്ചമർത്തി വെച്ചാൽ പരബന്ധത്തിലേയ്ക്ക് വഴുതിവീഴാൻ സാധ്യതയുണ്ട്. കുട്ടികളുടെ സ്വതസിദ്ധമായ സംശയങ്ങൾ ക്ഷമയോടെ കേട്ടിരുന്ന് തീർത്തു കൊടുക്കണം. അവരുടെ കൗമാരഘട്ടത്തിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ ഫലമായുണ്ടാകുന്ന സന്ദേഹങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കളുമായുള്ള നല്ല ബന്ധത്തിലൂടെ സാധിക്കണം. വൈകാരിക ഊഷ്മളത, സാന്ത്വനം ഇവ വീട്ടിൽ നിന്നു തന്നെ കിട്ടണം.
മക്കളോട് സ്നേഹം പ്രകടിപ്പിക്കണം. പ്രകടിപ്പിക്കാത്ത സ്നേഹം കൊണ്ട് എന്തു പ്രയോജനം? പഠിക്കാനുള്ള സൗകര്യങ്ങൾ, പണം, വസ്ത്രം, ഭക്ഷണം ഇവയൊക്കെ നൽകിക്കഴിഞ്ഞാൽ കടമ തീർന്നുവെന്ന് കരുതരുത്. സ്നേഹമസൃണമായ നോട്ടം, ഭാവം, വാക്കുകൾ, പ്രവർത്തി ഇവയിലൂടെ നിങ്ങളുടെ പ്രതിരൂപങ്ങളായി മക്കളെ മാറ്റിയെടുക്കുമെങ്കിൽ നിങ്ങളുടെ വാർദ്ധക്യത്തിൽ പോലും അവർ നിങ്ങളുടെ കിടക്കയ്ക്കും മേശയ്ക്കും ചുറ്റും അനുസരണയുള്ള ചുണക്കുട്ടികൾ ആയിരിക്കും.
ഹയർ സെക്കന്ററിയിൽ പഠിക്കുന്ന മകനുമായി അവന്റെ വിധവയായ അമ്മ കൗൺസിലിംഗിനെത്തി. ഏകമകൻ, പറഞ്ഞാൽ അനുസരണയില്ല. തിരിഞ്ഞു നിൽക്കും. വീട്ടിൽ അമ്മയും മകനും മാത്രം. എന്നാൽ മകന് വീട്ടിൽ കഴിയുന്പോൾ വലിയ വീർപ്പുമുട്ടാണ്. അയാൾക്ക് എപ്പോഴും കൂട്ടുകാരുമൊത്ത് വെളിയിൽ കഴിയണം. രാത്രി വളരെ വൈകിയേ വീട്ടിൽ എത്തുകയുള്ളൂ. അത്യാവശ്യത്തിന് മദ്യപാനവും പുകവലിയും അവിശുദ്ധ ബന്ധവുമുണ്ട്. സ്കൂളിൽ നിന്ന് അദ്ധ്യാപകരുടെ നിരന്തരമായ പരാതി പ്രവാഹം. കൗൺസിലിംഗിന് പോകാൻ അയാൾക്ക് മനസ്സില്ല. എങ്കിലും അമ്മയുടെ ആത്മഹത്യാ ഭീഷണിക്ക് മുന്പിൽ അയാൾക്ക് വഴങ്ങേണ്ടി വന്നു. വായ് തുറക്കാതെ എല്ലാം കേട്ടുകൊണ്ടിരുന്ന ഈ യുവാവ് അമ്മയുടെ അസാന്നിദ്ധ്യത്തിൽ മനസു തുറക്കാൻ തുടങ്ങി. അവന്റെ അച്ഛൻ ഹൃദയാഘാതം മൂലമാണ് അകാലത്ത് മരിച്ചത്. അതിന് കാരണക്കാരി അമ്മയാണെന്ന് അവൻ വിശ്വസിക്കുന്നു. “അല്പമൊക്കെയേ അച്ഛൻ മദ്യപിക്കുക ഉള്ളായിരുന്നു. എങ്കിലും ഒരു നിമിഷം പോലും എന്റെ അച്ഛന് അമ്മ സ്വസ്ഥത നൽകിയിരുന്നില്ല. അച്ഛൻ ജീവിച്ചിരുന്നപ്പോൾ എന്നെയും അച്ഛനേയും ഒരുമിച്ച് അമ്മ ശപിക്കുകയും കുറ്റം പറയുകയും ചെയ്യുമായിരുന്നു. എന്റെ ബാല്യകാല ജീവിതത്തിൽ ഒരു സ്വസ്ഥതയും അമ്മ നൽകിയിട്ടില്ല. എന്നാൽ അച്ഛന്റെ ചങ്കു പൊട്ടിയുള്ള മരണശേഷം അമ്മ എന്നെ സ്നേഹിക്കാൻ തുടങ്ങി. വാർദ്ധക്യത്തിൽ അമ്മയെ സംരക്ഷിക്കാൻ മറ്റാരുമില്ലെന്നും ഞാൻ പഠിച്ച് ഒരു ജോലി കരസ്ഥമാക്കിയശേഷം അമ്മയ്ക്ക് ജോലി രാജിവെച്ച് സ്വസ്ഥയാകണമെന്നുമുള്ള പ്ലാനും പദ്ധതിയുമാണുള്ളത്. പക്ഷേ എന്റെ മനസ് അമ്മയോട് പൊരുത്തപ്പെടുന്നില്ല. ഒരു കാരണവുമില്ലാതെ അച്ഛനെ മാനസിക ദണ്ധത്തിന് വിധേയനാക്കി കൊന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഞാൻ അമ്മയ്ക്ക് നൽകിക്കഴിഞ്ഞു. അവരോട് ഇങ്ങനെ മാത്രമേ എനിക്ക് പ്രതികാരം ചെയ്യുവാൻ ഇപ്പോൾ സാധിക്കുകയുള്ളൂ. ശേഷിക്കുന്ന ജീവിതകാലം മുഴുവൻ കണ്ണീര് പൊഴിച്ചാലും അതിനൊന്നും എന്റെ അച്ഛന്റെ പീഢനക്കറ മായിച്ചു കളയാൻ സാധ്യമല്ല. അതുകൊണ്ട് സാറിതിൽ ഇടപെടരുത്. ഇതെന്റെ പ്രതികാരമാണ്. ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസിന്റെ സമനില തെറ്റും.” അവൻ എഴുന്നേറ്റ് എന്റെ മുന്പിൽ നിന്ന് തിരിഞ്ഞു നടന്ന് യാത്രയായി. ബാല്യത്തിൽ മുറിവേറ്റ ഹൃദയവുമായി കൗമാരത്തിലേക്ക് പ്രവേശിച്ച ആ ചെറുപ്പക്കാരൻ എത്ര വർഷങ്ങൾക്ക് ശേഷമാണ് പ്രതികരിക്കാൻ തുടങ്ങിയത്. ആ മുറിവ് ഉണക്കാൻ സ്വന്തം അമ്മയ്ക്ക് കഴിയുകയുമില്ല!
ബാല്യത്തിൽ പൂർണ്ണമായും കൗമാരത്തിൽ ഭാഗികമായും മാതാപിതാക്കളെ ആശ്രയിക്കുന്ന മക്കൾ, യൗവനത്തിലേയ്ക്ക് കടക്കുന്പോൾ സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാൻ തുടങ്ങും. എന്തിനും ഏതിനും മാതാപിതാക്കൾ തീരുമാനമെടുത്തിരുന്ന സ്ഥാനത്ത് സ്വന്തമായ തീരുമാനങ്ങൾ വരുന്നു. ഇത് ഇഷ്ടപ്പെടാത്ത മാതാപിതാക്കളുണ്ട്. തങ്ങളുടെ കുട്ടിയിലെ മാനസിക മാറ്റങ്ങൾ അവർ അറിയുന്നില്ല. അവർ പറയും, ‘പണ്ടൊക്കെ ഇവൻ എല്ലാം ഞങ്ങളോട് ചോദിച്ച് ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല.’ വീട്ടിൽ മക്കളുടെ മേൽ സർവാധിപത്യം ഉണ്ടായിരുന്ന ഇവർക്ക് തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന ഉത്കണ്ഠ ഉണ്ടാകാം. അങ്ങനെയെങ്കിൽ കുടുംബത്തിലെ മാതാപിതാക്കൾ, എല്ലാറ്റിന്റെയും താക്കോലുമേന്തി നടക്കുന്ന ‘നിധി കാക്കുന്ന ഭുതങ്ങൾ’ ആയി മാറും.
മക്കളെ നന്നേ ചെറുപ്പത്തിലെ തന്നെ ബോർഡിംഗിൽ ആക്കുന്നതിൽ തൽപ്പരരായ മാതാപിതാക്കളുണ്ട്. ജോലിയുടെ തിരക്കോ, വീട്ടിലെ അസൗകര്യങ്ങളോ മറ്റ് ഏതെങ്കിലും കാതലായ കാരണങ്ങൾ മൂലമോ ആയിരിക്കാം ഇങ്ങനെയുള്ള തീരുമാനത്തിൽ അവർ എത്തുന്നത്. പക്ഷേ മാതാപിതാക്കളോടൊപ്പം കുറഞ്ഞ പക്ഷം ബാല്യകാലത്തെങ്കിലും വളരേണ്ട കുട്ടികൾ ബോർഡിംഗിൽ ആകുന്പോൾ അവർക്ക് ലഭിക്കേണ്ട പൈതൃകമായ സ്നേഹം, വാത്സല്യം, അംഗീകാരം, ആത്മധൈര്യം, സാന്ത്വനം, സുരക്ഷിതത്വം ഇവ നഷ്ടമാകുന്നു. ഒരുതരം ഏകാന്തത അവരുടെ ഉപബോധ മനസിൽ അവർ പോലും അറിയാതെ രൂപപ്പെടും. അപ്പോൾ അവരുടെ പെരുമാറ്റത്തിൽ വൈകൃതം കാണാം. മാതാപിതാക്കളോടുള്ള താൽപര്യവും അടുപ്പവും കുറയും.
അടുത്തയിടെ നാട്ടിലെ ഒരു സ്കൂളിൽ 12ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത വിവരമറിയാം. അവന്റെ മാതാപിതാക്കൾ വിദേശത്ത്. അവൻ വർഷങ്ങളായി ബോർഡിംഗിൽ. മുത്തച്ഛനായിരുന്നു ലോക്കൽ ഗാർഡിയൻ. അഞ്ച് ദിവസത്തെ പിക്നിക്ക് കഴിഞ്ഞു വന്നതിന്റെ പിറ്റേദിവസം അവൻ ആത്മഹത്യ ചെയ്തു. ഇവൻ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു, “വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന ഏകാന്തത എനിക്ക് താങ്ങാനാകുന്നില്ല, സ്വാതന്ത്ര്യത്തിന്റെ ലോകത്തേയ്ക്ക് ഞാൻ പോകുന്നു.” സത്യത്തിൽ അവന്റെ എല്ലാ ആവശ്യങ്ങൾക്കും മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു. അവർ വർഷത്തിലൊരിക്കൽ അവധിക്ക് വരുമായിരുന്നു. പക്ഷേ ഇതൊന്നും അവനെ തൃപ്തിപ്പെടുത്തിയില്ല. അവരുടെ സാമീപ്യവും സാന്ത്വനവും അവന്് വേണമായിരുന്നു. കുട്ടികൾക്ക് ആവശ്യമായ വൈകാരികാനന്ദം നൽകുന്നതിൽ മാതാപിതാക്കൾ പരാജയപ്പെട്ടാൽ അവർ മറുവഴി ചിന്തിക്കും.
മക്കളുടെ മനസിൽ അച്ഛനമ്മമാരുടെ ചിത്രം എങ്ങനെയുണ്ടെന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. ഒരിക്കൽ ഒരു കൊച്ചുകുട്ടിയോട് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തികളുടെയും ജീവികളുടെയും പടം വരയ്ക്കാൻ ആവശ്യപ്പെട്ടു. കുട്ടി വരച്ചു വന്നപ്പോൾ അച്ഛൻ അതിലില്ല. കുട്ടികളുടെ മനസ്സിൽ മാതാപിതാക്കളുടെ ചിത്രം ശക്തമാണെന്ന് ഉറപ്പുവരുത്തണം. അവരിൽ കാണുന്ന പല മാനസിക രോഗങ്ങൾക്കും വൈകല്യങ്ങൾക്കും കാരണം മാതാപിതാക്കളിൽ നിന്ന് അവർക്ക് ലഭിക്കേണ്ടത് ലഭിക്കാത്തതിനാലാണ്. ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം (Enuresis) അച്ഛനമ്മമാരുടെ സ്നേഹവും വാത്സല്യവും പിടിച്ചു പറ്റാൻ ഉപബോധ മനസ് കാണിക്കുന്ന പണിയാണ്. ഭാര്യാഭർത്താക്കന്മാർ ശണ്ഠ കൂടുന്പോൾ കുട്ടികളിലുണ്ടാകുന്ന അരക്ഷിതത്വം ഇതിന് കാരണമാകുന്നു. കുട്ടികൾ വിരൽ വായിലിട്ട് കുടിയ്ക്കുന്നതു കണ്ടാൽ മനസ്സിലാക്കുക, അവരുടെ ന്യായമായ ചില അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. വിശപ്പ്, പരിഭ്രമം, അപമാനം, ക്ഷീണം, ഏകാന്തത, അരക്ഷിതത്വം ഇവയൊക്കെ അലട്ടുന്പോൾ അവർ വിരലിൽ അഭയപ്പെടാറുണ്ട്.
അച്ഛനമ്മമാർ മക്കൾക്ക് റോൾ മോഡലാവണം. അടിച്ച് പിടിച്ച് നിർബന്ധിച്ച് കാര്യങ്ങൾ ചെയ്യിക്കരുത്. ചെറുപ്പത്തിലേ മക്കളുമായി നല്ല വൈകാരികബന്ധമില്ലെങ്കിൽ പ്രായമാകുന്പോൾ അവർ തനിയെ നമ്മെ തഴയും. മക്കൾക്കു വേണ്ടി ചെയ്തതൊക്കെ അക്കമിട്ട് അവരുടെ മുന്പിൽ നിരത്തരുത്. അവർക്കു വേണ്ടി തിരക്കേറിയ ദിവസങ്ങളാണെങ്കിൽ പോലും കുറെ സമയം നീക്കിവെയ്ക്കണം. നക്ഷത്രങ്ങളെ ചുംബിക്കാനായി വെന്പൽ കൊള്ളുന്ന യുവജനതയ്ക്ക് കഴുകന്റെ കുഞ്ഞുങ്ങളെപ്പോലെ അനന്തവിഹായസ്സിൽ ചിറകടിച്ചുയരണമെങ്കിൽ അതിനാവശ്യമായ ശക്തിയും ധൈര്യവും നൽകുന്നതോടൊപ്പം മാതാപിതാക്കൾ അവരുമായുള്ള വൈകാരികബന്ധത്തിനെ ഇഴ പൊട്ടിപ്പോകാതെ സൂക്ഷിക്കുകയും വേണം. ഇല്ലെങ്കിൽ ഉറപ്പാണ്, നിങ്ങളുടെ ഭവനം മനുഷ്യമൃഗങ്ങളുടെ തൊഴുത്ത്.