‘ചക്കിക്കൊത്തൊരു ചങ്കരൻ, ധിം തരികിട തോം’
ഭാര്യഭർത്താക്കന്മാരായ ചക്കിയും ചങ്കരനും ദിവസക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികളാണ്. ഒരു കൊച്ചു കുടിലിൽ ആണ് അവരുടെ താമസം. നാല്പതുകളിലെത്തിയിട്ടും മക്കളില്ല. ചക്കിയുടെ ദിവസക്കൂലി ചങ്കരന്റേതിനെക്കാൾ കുറവാണ്. രണ്ടുപേരും രാവിലെ 8 മണിയാവുന്പോഴേക്കും ജോലിക്കായി കുടിലിൽ നിന്ന് പുറപ്പെടും. ചക്കി നേരത്തെ വീട്ടിലെത്തും. എന്നിട്ട് ചങ്കരനായി കാത്തിരുപ്പാണ്. ചങ്കരൻ ജോലി ഒക്കെ കഴിഞ്ഞ് വേതനവും കൈക്കലാക്കി വൈകീട്ട് നേരെ അടുത്തുള്ള കള്ളുഷാപ്പിലേക്ക് നീങ്ങും. തെങ്ങിൻ കള്ളല്ലാതെ മറ്റൊരു മദ്യവും അയാൾ ഉപയോഗിക്കില്ല. രണ്ട് മൂന്ന് കുപ്പി തെങ്ങിൻ രസായനം അകത്താക്കി ഒരു കുപ്പി നിറയെ കള്ളുമായി വൈകീട്ടത്തേക്കുള്ള അരിയും കപ്പയും അനുബന്ധ സാധനങ്ങളും വാങ്ങി ആറ് മണിയോടെ ചങ്കരൻ വീട്ടിലെത്തും. കൈയിൽ കരുതിയ ഒരു കുപ്പി കള്ള് ചക്കിക്കാണ്. രണ്ടുപേരും കൂടെ കപ്പ പുഴുങ്ങി കഞ്ഞിയും വെച്ച് അടുത്തുള്ള തോട്ടിൽ പോയി കുളിയും കഴിഞ്ഞ് വരുന്പോഴേയ്ക്കും മണി രാത്രി എട്ട്. ചക്കി കള്ള് സേവിക്കുന്പോൾ തുള്ളി ചങ്കരനും കൊടുക്കും. പിന്നെ ഗാനമേളയായി. ചെമ്മീനിലെ ‘മാനസമൈനേ വരൂ....’ എന്ന ഗാനമാണ് പ്രാരംഭ ഗാനം. രണ്ടു പേരും കൂടെ ഒരുമിച്ചാണ് പാടുന്നത്. പാടിക്കൊണ്ടിരിക്കുന്പോൾ കൂടെ കഞ്ഞിയും കുടിക്കും. ഒടുവിൽ ചങ്കരന്റെ ഒരു കമന്റ്, ‘ചക്കിക്കൊത്തൊരു ചങ്കരൻ’ ചക്കിയുടെ മറുപടി ‘ധിം തരികിട തോം’ പിന്നെ ഉറക്കമായി. സുഖമായ ഉറക്കം. ഉറക്കഗുളികകൾ അവർക്കു വേണ്ട. മസാജും വേണ്ട പിരിമുറുക്കം മാറാൻ. കാരണം അവർക്ക് മാനസിക പിരിമുറുക്കമില്ല. എന്തോരു സുഖം! നാളെയെക്കൊണ്ട് ലവലേശം ഭാരമോ ക്ലേശമോ അവർക്കില്ല. കടാപ്പുറത്ത് ആടിപ്പാടി നടക്കുന്ന പരീക്കുട്ടിയേയും കറുത്തമ്മയേയും പോലെ അവരും ജീവിതമാസ്വദിക്കുന്നു. മനക്കോട്ടകളില്ല, മനഃപ്രയാസവുമില്ല. എല്ലാ ദിവസവും അവർക്ക് ഒരുപോലെ, ധിം തരികിട തോം!
വിദ്യാഭ്യാസമില്ലാത്ത, സൗന്ദര്യമില്ലാത്ത, ബാങ്കു ബാലൻസില്ലാത്ത ആ കുടിലിലെ ശാന്തതയും സമാധാനവും നമ്മുടെ ഇടയിൽ ഇന്ന് എത്ര കുടുംബങ്ങളിലുണ്ട്? തുലോം ചുരുക്കം! സ്ത്രീ പുരുഷ മനസുകളുടെ ശാസ്ത്രമറിയാതെ കലഹിക്കുന്ന കുടുംബങ്ങളാണ് ചുറ്റിനും. പുരുഷൻ വിലകൽപ്പിക്കുന്നത് അധികാരം, കാര്യക്ഷമത, കഴിവ്, നേട്ടം എന്നിവയ്ക്കാണ്. എന്നാൽ സ്ത്രീ കൂടുതൽ വില കൊടുക്കുന്നത് സ്നേഹം, ആശയവിനിമയം, സൗന്ദര്യം, ബന്ധങ്ങൾ എന്നിവയ്ക്കാണ്. സമ്മർദ്ദം വരുന്പോൾ പുരുഷൻ തന്നിലേയ്ക്ക് ഒതുങ്ങും. എന്നാൽ സ്ത്രീ വാചാലയാകും. പുരുഷനോട് നേരിട്ട് ആവശ്യപ്പെടുന്ന കാര്യങ്ങളേ അയാൾ ശ്രദ്ധിക്കൂ. സ്ത്രീയെ സംബന്ധിച്ചിടത്തോളം ആവശ്യപ്പെടാതെ ചെയ്യണമെന്നുള്ളതാണ്, താൻ വിശ്വസ്തനാണ് എന്ന ഭാര്യയിലുള്ള ധാരണ പുരുഷന് സന്തോഷം നൽകുന്നു. പുരുഷൻ അംഗീകാരം, പ്രശംസ, നായകത്വം, പ്രോത്സാഹനം ഇവ ആഗ്രഹിക്കുന്പോൾ സ്ത്രീ ബഹുമാനം, സ്വകാര്യത, ശ്രദ്ധ, ഭിന്നതയില്ലായ്മ ഇവ ഇഷ്ടപ്പെടുന്നു.
പ്രസിദ്ധ മനഃശാസ്ത്രജ്ഞൻ യൂങ്ങ് പറയുന്നത് “സ്ത്രീകൾ പുരുഷന്മാരേക്കാൾ കഠിനഹൃദയരാണ്. മാലാഖയുടെ മുഖമുള്ള ചില സ്ത്രീകൾ നിസ്സാഹയതയും ബലഹീനതയും പ്രകടിപ്പിക്കാറുണ്ട്. അവരാണ് ഏറ്റവും കഠിന ഹൃദയർ. അധികം വർത്തമാനം പറയുന്ന സ്ത്രീകൾ വളരെ കുറച്ചേ ചിന്തിക്കുന്നുള്ളൂ. സുന്ദരിയായ സ്ത്രീ പുരുഷന് ഒരു ഭീഷണിയാണ്. പൊതുവേ സുന്ദരിമാർ നിരാശയ്ക്കിട വരുത്തും. സുന്ദരമായ ശരീര പ്രകൃതിയും സുന്ദരമായ വ്യക്തിത്വവും വളരെ ചുരുക്കമായേ ഒരാളിൽത്തന്നെ ഒത്തിണങ്ങൂ” യൂങ്ങിനെ എതിർക്കുന്നവർ ധാരാളമുണ്ട്. വിയോജിപ്പ് പ്രകടിപ്പാക്കൊനൊരുന്പെടുന്നവർ ഉറക്കെ ചിന്തിക്കുന്നത് നന്നായിരിക്കും. പക്ഷേ, ഈ മനഃശാസ്ത്രമൊന്നുമറിഞ്ഞു കൂടാത്ത നമ്മുടെ ചങ്കരൻ ചക്കിയെ കരുതുകയും ചക്കി ചങ്കരനെ അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്യുന്ന സജീവകഥയ്ക്ക് എന്റെ ബാല്യകാലം സാക്ഷിയാണ്! കാലം പോയ പോക്കേ! ധിം തരികിട തോം.
പുരുഷന്റെ പ്രതീക്ഷ: എന്നോട് സഹകരിക്കണം, ഞാൻ തളരുന്പോൾ എന്നെ ആശ്വസിപ്പിക്കണം, ഞാൻ വിജയിക്കുന്പോൾ എന്നെ അഭിനന്ദിക്കണം, എന്റെ മുന്പിൽ എപ്പോഴും പ്രസന്നവദനയായിരിക്കണം, എന്നെ അനുസരിക്കണം; എതിർത്ത് സംസാരിക്കരുത്, എനിക്കുള്ളവരെ അവളുടെ സ്വന്തമായി കരുതണം, പണം ചെലവഴിക്കുന്പോൾ എന്റെ താൽപര്യം നോക്കണം, തൊട്ടതിനൊക്കെ പരാതി പറയരുത്, എന്റെ പ്രശ്നങ്ങൾ മനസിലാക്കി പെരുമാറണം, എന്റെ മേൽ കൂടുതൽ നിയന്ത്രണങ്ങളുമായി വരരുത്.
സ്ത്രീയുടെ പ്രതീക്ഷ: എന്റെ വ്യക്തിത്വം അംഗീകരിക്കണം, എന്നെ കുറ്റം പറയരുത്, ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എന്നെ അഭിനന്ദിക്കണം, എന്റെ മുന്നിൽ സന്തോഷവാനായിരിക്കണം, മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യരുത്, എന്റെ വീട്ടുകാരെ സ്വന്തമായി കാണണം, മറ്റു സ്ത്രീകളുമായി ഇടപെടുന്നത് എനിക്കു കൂടി തൃപ്തികരമായി വേണം. ഞാനറിയാതെ രഹസ്യ ഇടപാടുകൾ പാടില്ല, എന്റെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കണം, എന്നെ പൂർണ്ണമായി വിശ്വസിക്കണം.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ശ്രദ്ധിക്കാനും ശ്രദ്ധിക്കപ്പെടാനും ഉള്ള അഭിവാഞ്ച എല്ലാ മനുഷ്യനുമുണ്ട്. മനുഷ്യന്റെ ഏറ്റവും ശക്തമായ വികാരമായ ലൈംഗിക തൃഷ്ണ നിറവേറണം. ഭാവിയെപ്പറ്റി സുരക്ഷിതത്വ ബോധമുണ്ടാകണം. കുടുംബം സാമൂഹ്യ സുരക്ഷിതത്വത്തിന്റെ കളിയരങ്ങ് ആകണം. ഇവയെല്ലാം ഭാര്യാഭർതൃ ബന്ധത്തിൽ ഉൾപ്പെടുന്നു. പക്ഷേ ഇന്ന് വിവാഹങ്ങൾ പെട്ടെന്ന് വിവാഹമോചനത്തിലെത്തുന്നു. പീഡനങ്ങൾ വർദ്ധിക്കുന്നു. ആത്മഹത്യയുടെ എണ്ണം പെരുകുന്നു. തന്മൂലം കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയും അവർ ക്രിമിനലുകളും മനോരോഗികളും സാമൂഹ്യദ്രോഹികളുമായി മാറുകയും ചെയ്യുന്നു.
12ാം ക്ലാസിൽ പഠിക്കുന്ന സമർത്ഥയായ ഒരു വിദ്യാർത്ഥിനിയുടെ പരിവേദനം ഇവിടെ പ്രസക്തമാണ്. വീട്ടിലെ ഏകമകളാണവൾ. അച്ഛൻ ഒരു നല്ല കന്പനിയുടെ അക്കൗണ്ടൻ്റ്. അമ്മ സ്കൂൾ അദ്ധ്യാപിക. അല്ലലില്ലാത്ത ജീവിത സാഹചര്യം. പക്ഷേ അച്ഛനും അമ്മയും തമ്മിൽ തല്ലു കൂടാത്ത ദിവസമില്ല. ഇപ്പോഴൊന്നും തുടങ്ങിയതല്ല ഇത്. അവൾക്ക് ഓർമ്മയായ കാലം മുതൽ അവർ തമ്മിൽ അങ്ങനെയാണ്. ഇണങ്ങിയിരിക്കുന്നവർ പൊടുന്നനെ പിണങ്ങും. സ്വരമുയരും, ശകാരവർഷമാകും പിന്നെ. ശാരീരികമർദ്ദനവും. വീട്ടിൽ വന്നാൽ ഒരു സമാധാനവുമില്ല. അച്ഛൻ മകളോട് സംസാരിക്കാറേ ഇല്ല. അമ്മയോടാണ് ആ കുട്ടി വല്ലപ്പോഴും മനസ് തുറക്കുന്നത്. അച്ഛൻ വീട്ടിലില്ലാത്തപ്പോൾ അമ്മയ്ക്ക് മകളോട് വലിയ സ്നേഹമാണ്; ചക്കര വാക്കുകളാണ്. അച്ഛന്റെ തലവെട്ടം കാണുന്പോൾ മുതൽ അമ്മയുടെ മകളോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകും. പിന്നെ ലോഹ്യമില്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ ശകാരം. എല്ലാ വിഷയങ്ങൾക്കും പരമാവധി മാർക്കു വാങ്ങിയാണ് ആ കുട്ടി പഠിച്ചു മുന്നേറുന്നത്. എങ്കിലും മാതാപിതാക്കൾ തൃപ്തരല്ല. ഒരു സ്വാതന്ത്ര്യവും അവൾക്ക് ആ വീട്ടിലില്ല. അവധിക്കാലത്ത് കൂട്ടുകാരികളുമൊത്ത് പകൽ ഒരു സിനിമ കാണാൻ തിയേറ്ററിൽ പോകണമെന്ന ആഗ്രഹം രണ്ടുപേരും പാടേ നിരസിച്ചു. മറുപടി എന്തായിരുന്നുവെന്ന് അറിയേണ്ടേ? ‘ഗോവിന്ദച്ചാമിയെ അറിയാമോ? എന്താ, ഒരു സൗമ്യയാകാൻ പ്ലാനുണ്ടോ?’ കുത്തുവാക്കുകളാണ് എപ്പോഴും. മാതാപിതാക്കൾ തമ്മിലുള്ള അസ്വാരസ്യത്തിന്റെ വിഴുപ്പലക്കുന്നത് ഈ പാവം പെൺകുട്ടിയുടെ അടുത്താണ്. ഗതിമുട്ടി അവൾ അമ്മയോടാവശ്യപ്പെട്ടു. ‘എന്നെ ഒരു കൗൺസിലിംഗിന് കൊണ്ടുപോകണം. ഇല്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിച്ചുപോകും.’ അച്ഛനറിയാതെ അമ്മ മകളുമായി കൗൺസിലിംഗിനെത്തി. നീറുന്ന ഹൃദയവുമായി വന്ന ആ പെൺകുട്ടിയുടെ അണപൊട്ടിയ കണ്ണീർത്തുള്ളികളുടെ മുന്നിൽ ഏത് ഹൃദയവും വിങ്ങിപ്പോകും. മണിക്കൂറുകൾ എടുത്തു അവൾ ഹൃദയം തുറന്ന് പറയാനുള്ളതെല്ലാം പറഞ്ഞു. ആത്മഹത്യാ പ്രവണത രൂഡമൂലമായിട്ടുണ്ട് ആ മനസ്സിൽ. അതിനു പോലും കൃത്യമായ ഒരു പ്ലാൻ അവൾ തയ്യാറാക്കിയിരിക്കുന്നു. ഈ കൗൺസിലിംഗ് കഴിഞ്ഞയുടൻ അവൾക്ക് മരിക്കണം പോലും! അച്ഛനെ ഒന്നു കാണാൻ എനിക്ക് താൽപ്പര്യമുണ്ട് എന്ന സന്ദേശവുമായി ഭാരപ്പെട്ട ആ മനസിന് അല്പം ആശ്വാസം പകർന്ന് ഞാൻ ആ കുട്ടിയെ പറഞ്ഞയച്ചു. കൗൺസിലിംഗിന് പോയ വിവരം അറിഞ്ഞപ്പോൾ അച്ഛൻ പൊട്ടിത്തെറിച്ചു. അദ്ദേഹത്തിന്റെ മകളെ കൗൺസിലിംഗിന് വിധേയയാക്കാൻ ഒരുന്പെട്ട എന്റെ മൺമറഞ്ഞ പിതാവിന്റെ ആത്മാവിനെപ്പോലും വേദനിപ്പിക്കുമാറ് അദ്ദേഹം മോശമായി പ്രതികരിച്ചു. ഈ ലേഖനം അദ്ദേഹം വായിക്കുകയില്ല എന്നെനിക്കറിയാം. പക്ഷേ ആരിലൂടെയെങ്കിലും ഇതിെനക്കുറിച്ചറിവ് കിട്ടുമെങ്കിൽ ഞാൻ ധന്യനായി. ബഹുമാന്യനായ സാറേ, അറുപതോ, എഴുപതോ ഏറെയായാൽ എൺപത്. അത്രയല്ലേ നമുക്കൊക്കെ ഈ ഭൂമണ്ധലത്തിൽ ജീവിതകാലം. താങ്കൾ ഇത്രയ്ക്ക് ക്ഷുഭിതനാകുന്നതുകൊണ്ട് ആയുസ് കുറയുകയേ ഉള്ളൂ. ജന്മം നൽകിയ കുഞ്ഞിന്റെ ഭാവിയും കരിഞ്ഞുപോകും. വീണ്ടുവിചാരമുണ്ടാകാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ദാന്പത്യജീവിതത്തിലെ പാളിച്ചകൾ മൂലം ജീവിതമില്ലാതായിത്തീരുന്നത് ദാന്പത്യത്തിലേയ്ക്ക് പ്രവേശിക്കാത്ത ഒരു സാധുപെൺകുട്ടിയുടേതാണിവിടെ. ഇങ്ങനെ എത്ര കഥകൾ!
ഭാര്യാഭർതൃബന്ധത്തിന് എല്ലാ മതങ്ങളും പരിപാവനതയും പരിശുദ്ധിയും കല്പിച്ചിട്ടുണ്ട്. മരണം വരെ നിലനിൽക്കേണ്ട ഈ ബന്ധം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു പളുങ്കു പാത്രം പോലെയാണ്. തേച്ചു മിനുക്കി വെച്ചിരുന്നാൽ മനോഹരം. താഴെ വീണാൽ പൊട്ടിത്തകരും. ജീവിതപങ്കാളിയെ ആയിരിക്കുന്ന അവസ്ഥയിൽ ഉൾക്കൊള്ളാനുള്ള മനസില്ലാത്തപ്പോഴാണ് കുടുംബജീവിതത്തിൽ പ്രശ്നങ്ങളുടെ തീപ്പൊരി പറക്കുന്നത്. ഈ സത്യം അറിയിക്കുന്നതിനാണ് ഇന്ന് പരക്കെ വിവാഹത്തിന് മുന്പ് കൗൺസിലിംഗ് (premarital) നടത്തുന്നത്. വിവാഹത്തിനു മുന്പുള്ള സങ്കല്പങ്ങൾ വിവാഹശേഷമുള്ള യാഥാർത്ഥ്യങ്ങളുമായി പൊരുത്തമില്ലാതെ വരുന്പോൾ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുവാനുള്ള ഹൃദയവിശാലത കൈവരിക്കുന്നതിന് നമുക്ക് സാധിക്കണം. ഇവിടെ നമ്മുടെ ചക്കിയും ചങ്കരനും പൂർവ്വവിവാഹ കൗൺസിലിംഗിനൊന്നും പോയിട്ടില്ല. അവർ തമ്മിലുള്ള ആഴമായ ബന്ധത്തിന്റെ രഹസ്യമെന്തായിരുന്നു. ‘ഞാനൊന്നുമല്ല, ഞാനൊന്നുമായിട്ടുമില്ല’ ഈ വലിയ സത്യം ആ സാധുക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞു. ഇന്ന് നമ്മുടെ കുടുംബങ്ങളിൽ ചക്കിക്കൊത്ത ചങ്കരന്മാരില്ല. ധിം തരികിട തോം ഉണ്ട്, മറ്റുള്ളവരുടെ പിടലിയിൽ കാലുറപ്പിച്ചുള്ള ‘ധിം തരികിടതോം’