ശ്മശാനത്തിലെ പൊരുത്തമില്ലാത്ത ശവകുടീരങ്ങൾ
ലോകത്തിലെ രണ്ടാമത്തെ വലിയ ശ്മശാനമാണ് ഫിലിപ്പൈൻസിലെ മനീല നഗരമദ്ധ്യത്തിലുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ അന്പതിനായിരം ഭടന്മാരുടെ ശവകുടീരമാണത്. അന്പതിനായിരം വെള്ളക്കുരിശുകൾ ഒരേ വലിപ്പത്തിൽ ഉയർത്തി നിൽക്കുന്ന പൊരുത്തമുള്ള ശവകുടീരങ്ങൾ. ആസ്വാദനഭംഗിയും നിശബ്ദതയുമാണ് ആ ശവപ്പറന്പിന്റെ വലിയ ആകർഷണീയത.
നമ്മുടെ നാട്ടിലെ സെമിത്തേരികളുടെ രൂപം ഭാവനയിലെടുത്താൽ ശവകുടീരങ്ങൾ തമ്മിൽ പൊരുത്തക്കേടുകളാണ്. ജീവിച്ചിരുന്നപ്പോൾ മാതാപിതാക്കളെ ഗൗനിക്കാൻ കൂട്ടാക്കാതിരുന്ന മക്കൾ, മരണശേഷം മാതാപിതാക്കളുടെ ശവകുടീരങ്ങൾ പ്രതാപത്തിന്റെ സർവ്വേക്കല്ലുകളായി മോടി പിടിപ്പിച്ച് സമൂഹമദ്ധ്യത്തിൽ ‘കുബേരത്വം’ ചമയുന്ന കാഴ്ച കണ്ടിട്ടില്ലേ. അപരന്റെ കുടുംബക്കല്ലറയേക്കാൾ എത്ര മോഹനീയമാണ് എന്റെ കുടുംബക്കല്ലറ എന്ന് വീന്പിളക്കുന്നവരുമുണ്ട്. ഈ വക പൊരുത്തക്കേട് ശവപ്പറന്പുകളിൽ മാത്രമല്ല, നമ്മുടെ സമൂഹത്തിലും ജോലിസ്ഥലത്തും എന്തിനേറെ കുടുംബങ്ങളിൽ പോലും മുഴച്ചു നിൽക്കുന്ന കാഴ്ച ഇന്നിന്റെ സാധാരണത്വം മാത്രമാണ്.
നല്ല വേതനം ലഭിക്കുന്ന ഒരു എഞ്ചിനീയർ, ആറു മാസമേ ആയിട്ടുള്ളൂ ജോലി കിട്ടിയിട്ട്. ഒരു മുൻനിരക്കന്പനിയിലാണ് ജോലി. മറ്റുള്ളവർക്ക് അസൂയ ഉളവാക്കുന്ന തരത്തിലുള്ള സ്ഥാനമാനങ്ങൾ. പക്ഷേ ജോലിയിൽ തുടരാൻ അദ്ദേഹത്തിന് താല്പര്യമില്ല. യാതൊരു ശാരീരിക അസ്വാസ്ഥ്യവുമില്ലാത്ത ആ മനുഷ്യന് എപ്പോഴും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നത് കൊണ്ട് ചികിത്സയ്ക്ക് വിധേയനായി. ഒടുവിൽ മാനസിക വിഭ്രാന്തിയാണെന്ന് ഡോക്ടർമാർ വിധിയെഴുതി. ജോലി സ്ഥലവുമായി ഒത്തുചേർന്നു പോകാനുള്ള പൊരുത്തക്കേടു മൂലമാണിത് സംഭവിച്ചത്.
പഠിക്കാൻ അതിസമർത്ഥനായ ഒരു കുമാരൻ. യാതൊരു സ്വഭാവദൂഷ്യവുമില്ലാത്തവൻ. വീടു വിട്ടാൽ സ്കൂൾ അല്ലെങ്കിൽ കോളേജ്. ഒരു ശല്യവുമുണ്ടാക്കാത്തവൻ. കൂട്ടുകാർ കുറവ്. അയൽവാസികളും നാട്ടുകാരുമായിപ്പോലും കാര്യമായ അടുപ്പമില്ല. എല്ലാവർക്കും നല്ലവൻ. പക്ഷേ യഥാർത്ഥ ജീവിതത്തിൽ പരാജയം. ഇന്നു പൊതുവേ കാണുന്ന സാമൂഹ്യമായ പൊരുത്തക്കേട് (Problem in social adjustment) ആണ് പ്രശ്നം. വ്യത്യസ്തമായ, അപരിചിതമായ സാഹചര്യങ്ങളിൽ പൊരുത്തപ്പെടാൻ പറ്റാതെ വിഷമിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്ന് വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുന്പോഴുണ്ടാകുന്ന മാനസിക സമ്മർദ്ദം ഓരോരുത്തരിലും പല രീതിയിലും പ്രതികരണമുണ്ടാക്കും. ചിലർ പൊട്ടിത്തെറിക്കും. ചിലർ ദേഷ്യം ഉള്ളിലൊതുക്കും. ചിലർ സംശയത്തോടെ മറ്റുള്ളവരെ വിക്ഷീക്കും. മറ്റുള്ളവരൊക്കെ തനിക്കെതിരാണ് എന്ന മനോഭാവമാണ് കൂടുതലും അങ്ങനെയുള്ളവരിലുണ്ടാക്കുന്നത്. അതുമൂലം മറ്റുള്ളവരുമായി ഇടപഴകാതെ അവർ ഒഴിഞ്ഞു മാറാൻ ശ്രമിക്കും. ചിലർ ആസക്തികൾക്ക് അടിമകളായി മാറുന്നു. എന്തായിരുന്നാലും മോചനത്തിനായി വെന്പുന്ന മനസുകളാണിവയൊക്കെ.
ഏതു സാഹചര്യവുമായി പൊരുത്തപ്പെട്ട് പോകുവാൻ തക്കവിധത്തിലാണ് മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഘടന. എന്നാൽ മനുഷ്യൻ വരുത്തിക്കൂട്ടിയ മാറ്റങ്ങളുടെ പ്രതിഫലനമായി ഒത്തിരി പൊരുത്തക്കേടുകൾ വന്നു കൂടി. അപരിചിതരായ ആളുകളോടും പരിചയമില്ലാത്ത സാഹചര്യങ്ങളോടും ഇണങ്ങിച്ചേർന്ന് പോകാൻ കഴിയാത്ത ആളിന് ജീവിതം ദുഃസഹമായിത്തീരും. വൈകാരികമായ പക്വതയും മാനസികമായ ആരോഗ്യവും ഇവിടെ പ്രസക്തമാണ്. യുവാവായിട്ടും കൊച്ചുകുട്ടികളുടെ വൈകാരികാവസ്ഥ വെച്ചു പുലർത്തുന്നവരുണ്ട്. പൊരുത്തപ്പെടലുകൾ കൂടുതൽ ശീലിക്കേണ്ടത് കൗമാരത്തിലാണ്. അണു കുടുംബ സംസ്കാരം ഇതിന് പ്രതിബന്ധമാണ്. ആരോഗ്യകരമല്ലാത്ത മത്സരങ്ങളും പ്രതീക്ഷകളും കൗമാരത്തിലെ പൊരുത്തക്കേടുകളുടെ ആക്കം കൂട്ടുന്നു. മുറിയിൽ കതകടച്ചിരുന്ന് ഏകാന്തതയുടെ ലോകത്ത് സ്വപ്നജീവിയായി മാറുന്പോൾ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളുമായി ചേർന്നു പോകാൻ അവസരം ലഭിക്കുന്നില്ല. വീട്ടിലെ സന്ദർശകരുമായി സംസാരിക്കാൻ പോലും തയ്യാറാകാത്ത കുട്ടികൾക്ക് നഷ്ടപ്പെടുന്നത് വൈകാരിക വളർച്ചയാണ്. ബുദ്ധിശക്തികൊണ്ടും പഠനത്തിലെ മികവു കൊണ്ടും എല്ലാം നേടാമെന്ന തോന്നൽ ഉള്ള പലരുമുണ്ട്. അച്ഛനും അമ്മയും സഹോദരീ സഹോദരന്മാരും മാത്രമല്ല ലോകം.
സാമൂഹ്യജീവിയായ മനുഷ്യന്റെ നിലനിൽപ്പും വളർച്ചയും സഹജീവികളെ ആശ്രയിച്ചിരിക്കുന്നു. മറ്റുള്ളവരുടെ സഹായമില്ലാതെ ആർക്കും ഒന്നും നേടാനോ ചെയ്യാനോ സാധിക്കില്ല. ബാല്യവും കൗമാരവും കടന്ന് യുവത്വത്തിലേക്ക് കടക്കുന്പോൾ അതുവരെയുണ്ടായിരുന്ന സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ഒരുവൻ കടന്നുപോകേണ്ടി വരും. ഒരു ജോലിയിൽ പ്രവേശിക്കുന്പോൾ അവിടെ പാലിച്ചിരിക്കേണ്ട പ്രത്യേകതകൾ ഉണ്ട്. സ്വതന്ത്രമായി വളർന്നു വന്ന ആളിന് അവിടെ പല സമ്മർദ്ദങ്ങളേയും നേരിടേണ്ടി വന്നേക്കാം. വ്യക്തികളുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടാനും മറ്റുമായി ഇഷ്ടമില്ലാത്ത പലതിനും പ്രേരിതമായേക്കാം. വൈകാരിക പക്വതയില്ലാത്ത ഒരാളിന് ഇത് ദുഷ്കരമാണ്. അതുപോലെ തന്നെയാണ് വൈവാഹിക ജീവിതവും. തന്റെ ജീവിതം മുഴുവനായും മറ്റൊരാളുമായി പങ്കുവെച്ച് പൊരുത്തപ്പെടുന്ന അവസ്ഥ ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ഇങ്ങനെ മാനസിക സമ്മർദ്ദമനുഭവിക്കുന്നവരുമുണ്ട്. എന്നാൽ വൈകാരിക വളർച്ചയിലെത്തിയ ഒരാൾക്ക് ഈ പൊരുത്തപ്പെടൽ സുസാദ്ധ്യമാണ്. ആദ്യരാത്രി കൊണ്ടു തന്നെ ബന്ധം വേർപെടുത്തുന്ന ദന്പതികളുടെ എണ്ണം കൂടി വരുന്നു. ആദ്യരാത്രി പൊരുത്തപ്പെടലിനായി മാത്രം പ്രയോജനപ്പെടുത്തണമെന്ന് മനോവിദഗ്ദ്ധർ പറയുന്നു. എന്നാൽ ഒരാളിന്റെ സുരക്ഷിത മേഖലയിലേക്കുള്ള മറ്റേയാളിന്റെ കടന്ന് കയറ്റം വൈകാരികമായി പരസ്പരം ഉൾക്കൊള്ളാൻ കഴിയാതെ വരുന്പോൾ പൊരുത്തക്കേടുകളുണ്ടാക്കുന്നു. എന്റെ നിലനില്പിന്, സുഗമമായ മുന്നോട്ടുള്ള ജീവിതത്തിന് ഈ പൊരുത്തപ്പെടൽ ആവശ്യമാണെന്നുള്ള ഉൽക്കടമായ ആഗ്രഹം ഉള്ളിലുണ്ടാക്കുന്പോൾ പൊരുത്തപ്പെടൽ ബന്ധങ്ങളിൽ അനുഭവപ്പെടും. എന്നാൽ സംശയങ്ങളുടെയും ഭയത്തിന്റെയും വികലമായ ഉൾക്കാഴ്ചയുടെയും നിഴലിൽ മറ്റുള്ളവരെ അപഗ്രഥിക്കുന്പോൾ പൊരുത്തപ്പെടൽ ദുസ്സഹമാകും.
ഒരു കോളേജ് അദ്ധ്യാപികയുടെ ജീവിതാനുഭവം മേൽപ്പറഞ്ഞ പൊരുത്തമില്ലായ്മയിലേക്ക് വിരൽ ചൂണ്ടുന്നു. ഭർത്താവിന് വിദേശത്ത് ജോലി. രണ്ട് ആൺകുട്ടികൾ. ‘ആർക്കും എന്നെ വേണ്ടാ’ എന്നതാണ് ആ വനിതയുടെ വിലാപം. മക്കൾ പറയുന്നു. ‘അമ്മ എവിടെയെങ്കിലും പോയി മരിക്ക്!’ ഭർത്താവ് ഫോണിൽ കൂടെ ശകാരമാണ്. കോളേജ് പ്രിൻസിപ്പലുമായി പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. ചുറ്റുമുള്ളവർ അവർക്ക് ‘പാര’ പണിയുകയാണെന്നാണ് അവരുടെ ചിന്ത. അമ്മയും അനുജത്തിയും ചെറുപ്പം മുതലേ അവർക്കെതിരാണ്. അച്ഛൻ മനുഷ്യത്വമുള്ളയാളായിരുന്നു. പക്ഷേ മരിച്ചുപോയി. സ്വന്തം വീട്ടിലായിരുന്നപ്പോഴും സ്നേഹം കിട്ടിയിട്ടില്ല. വിവാഹം കഴിയുന്പോൾ ജീവിതം സന്തോഷപ്രദമാകുമെന്ന് കരുതി. പക്ഷേ നിരാശയാണുണ്ടായത്. ഭർത്താവ് ഒരു സംശയരോഗിയാണ്. അദ്ദേഹത്തിന്റെ വീട്ടിലുള്ളവരെല്ലാം ഇവരെ ഒരു ശത്രുവിനെപ്പോലെ കരുതുന്നു. ഒരു വിധത്തിലും ആരുമായും ഒത്തുചേർന്ന് പോകാൻ പറ്റാത്ത ജീവിതം. മരുന്നുകൊണ്ടും ആഹാര നിയന്ത്രണം കൊണ്ടും രക്തത്തിലെ കൊളസ്ട്രോൾ ലവൽ കുറയുന്നില്ല. എന്തിനാണ് ഒരു കുറവ്, വിദ്യാഭ്യാസമുണ്ട്, നല്ല ജോലിയുണ്ട്, ജീവിതസൗകര്യങ്ങൾ എല്ലാമുണ്ട്. എങ്കിലും സദാ വേദനിക്കാനായി വിധിക്കപ്പെട്ട ഒരു സ്ത്രീ. ഇങ്ങനെ ചുറ്റുപാടുമുള്ളവരെല്ലാം സ്വന്തം മക്കൾ പോലും എതിരാകാൻ കാരണമെന്ത്? നന്നെ ചെറുപ്പം മുതൽ തനിയ്ക്ക് ചുറ്റും ഒരു വേലി കെട്ടി ജീവിച്ച ഈ വനിത ആരോടും മനസു തുറന്നിട്ടില്ല. ചുറ്റും വെള്ളത്താൽ മൂടപ്പെട്ടു കിടക്കുന്ന ഒരു ദ്വീപു പോലെ വളർന്നവരാണ് അവർ. മറ്റുള്ളവരുടെ ഹൃദയവികാരങ്ങളെ അടുത്തറിയാൻ ഒരു ശ്രമവും അവർ നടത്തിയിട്ടില്ല. അവർക്ക് അവർ മാത്രം. പൊരുത്തക്കേടിന്റെ ഒരു നല്ല ഉദാഹരണമാണവരുടെ ജീവിതം. പൊരുത്തത്തിന്റെ പ്രാധാന്യം ഇപ്പോഴാണ് മനസിലാവുന്നത്. വിവാഹ സമയത്ത് ചിലർ നക്ഷത്രങ്ങളെ സാക്ഷി നിറുത്തി പൊരുത്തം നോക്കുന്നതിന്റെ പൊരുൾ ഇപ്പോഴാണ് തെളിയുന്നത്.
മാതാപിതാക്കളുടെ മരണത്തോടെ തകരുന്ന സഹോദരബന്ധം സർവ്വ സാധാരണമായിരിക്കുകയാണ് ഇക്കാലത്ത്. സ്കൂൾ അദ്ധ്യാപകനായി, സാമൂഹ്യപ്രവർത്തകനായി, മറ്റുള്ളവർക്ക് മാർഗ്ഗദർശിയായി ജീവിച്ച ഒരു ഗൃഹനാഥന്റെ മരണത്തോടെ ആ കുടുംബത്തിൽ സംഭവിച്ച മാറ്റങ്ങൾ ശ്രദ്ധിക്കുക. ആറ് മക്കൾ; മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളും. പെൺമക്കളിൽ മൂത്തയാളെ അച്ഛന്റെ കാലത്തു തന്നെ വിവാഹം നടത്തി അയച്ചിരുന്നു. മറ്റു രണ്ടുപേർ അവിവാഹിതർ. വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്നു. മൂത്തമകൻ തലതിരിഞ്ഞ സ്വഭാവക്കാരനാണ്. ഇളയ മറ്റ് രണ്ടു ആൺമക്കളും ഗവൺമെന്റ് ഉദ്യോഗസ്ഥരാണ്. വിവാഹം കഴിഞ്ഞ് അവർ ഭാര്യമാരുടെ വീട്ടിൽ ചേക്കേറി. ഇതൊക്കെ മൂത്ത മകന്റെ ശല്യം സഹിക്കാൻ നിവർത്തിയില്ലാത്തതുകൊണ്ടായിരുന്നു. അച്ഛനുണ്ടാക്കിയ പണം മുഴുവൻ അമ്മയെ സ്വാധീനിച്ച് അയാൾ കൈക്കലാക്കി ധൂർത്തടിച്ചു. അമ്മയ്ക്ക് മൂത്ത മകനെ പേടിയായിരുന്നു. സ്വന്തം വീടു പോലും വിറ്റിട്ട് വാടകവീട്ടിലേക്ക് മാറി. വീട് വിറ്റ് കിട്ടിയ പണവും അയാൾ ധൂർത്തടിച്ചു. സഹോദരിമാർക്ക് വരുന്ന ആലോചനകളൊക്കെ മൂത്ത സഹോദരൻ തെറ്റിക്കുന്നു. എന്തൊരു വിരോധാഭാസം. ഗത്യന്തരമില്ലാത്ത അതിൽ ഒരു സഹോദരി ഒരു അന്യജാതിക്കാരനുമായി റജിസ്റ്റർ വിവാഹം നടത്തി. അതിൽ അരിശപ്പെട്ട് മൂത്ത സഹോദരൻ അവളെ പടിയടച്ച് പിണ്ധം വെച്ചു. ആരോടും പൊരുത്തപ്പെടാൻ സാധിക്കാത്ത ഈ മനുഷ്യൻ അവിവാഹിതനായി, മദ്യത്തിനടിമയായി ജീവിതം കരിച്ചു കളയുകയാണിന്ന്. മനംപൊട്ടി ആ അമ്മ ആത്മഹത്യ ചെയ്തു. അലയുന്ന ആത്മാക്കളുടെ കൂടാരമാണിന്ന് ആ കുടുംബം. ഇതിനൊക്കെ ഉത്തരവാദി ആര്? മൂത്തമകന്റെ പാഴ് ജന്മം. ആരോടും ലോഹ്യമാകാൻ കൂട്ടാക്കാത്ത അയാളുടെ കർക്കശമായ നിലപാടുകൾ എത്ര ജന്മങ്ങളെ പാഴാക്കി? പൊരുത്തപ്പെടാത്ത മനുഷ്യക്കോലങ്ങളുള്ള പല ഭവനങ്ങളും ഇതുപോലെ നമ്മുടെ സമൂഹത്തിലുണ്ട്.
ഉയർന്ന വിദ്യാഭ്യാസവും മാന്യമായ ജോലിയും ഒക്കെയുള്ള കുടുംബങ്ങളിൽ പോലും പൊരുത്തക്കേടു മൂലം ബന്ധങ്ങൾ തകരുന്നു. ഭാര്യയും ഭർത്താവും ഡോക്ടർമാർ. രണ്ട് പെൺമക്കളും ഡോക്ടർമാർ. അറിയപ്പെടുന്ന വിലയും നിലയുമുള്ള കുടുംബം. ഭർത്താവ് തികഞ്ഞ മദ്യപാനിയായി മാറുന്നു. മദ്യപിച്ച് കഴിഞ്ഞാലുള്ള ശല്യം കാരണം അദ്ദേഹത്തെ മറ്റുള്ളവർ വീട്ടിൽ നിന്നും പുറത്താക്കി. അദ്ദേഹം വാടകവീട്ടിൽ ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ മൂത്തമകളുടെ വിവാഹമായി. ഭാര്യയുടെ സ്ഥലത്തു വെച്ചായിരുന്നു വിവാഹം. അതിന് ഭർത്താവിന്റെ സ്ഥലക്കാർ പലരും പോയി സംബന്ധിച്ചു. അച്ഛൻ വിവാഹ വിവരമറിഞ്ഞില്ല. അറിയിച്ചുമില്ല. ഹോസ്പിറ്റലിൽ വെച്ച് മറ്റുള്ളവർ പറഞ്ഞാണ് അദ്ദേഹം വിവരം അറിഞ്ഞത്. മനസു നൊന്ത് വാടകവീട്ടിലിരുന്ന് വിഷം കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു. ആ വീട്ടിലെ ആരും അദ്ദേഹത്തെ ഉൾക്കൊള്ളുവാൻ തയ്യാറാകാത്തതിന്റെ ഫലമാണ് ഈ ആത്മഹത്യ. പൊരുത്തമില്ലായ്മയുടെ മറ്റൊരു ഇര.
പൊരുത്തമില്ലാത്ത ശവക്കല്ലറകൾ പോലെ, ശ്മശാനത്തിലെ മൂകത പോലെ ഭിത്തികൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന മനുഷ്യരുടെ മനോഭാവവും പെരുമാറ്റവും സമൂഹമനസാക്ഷിക്ക് ഉൾക്കൊള്ളുവാൻ സാധിക്കില്ല. നമ്മിൽ പലരും വെള്ള തേച്ച ശവക്കല്ലറകളാണ്. പുറമെ ചന്തമുണ്ട്; അകമേ ചീഞ്ഞഴുകുന്ന മാംസവും അസ്ഥിക്കഷണങ്ങളും!