അന്പലമുറ്റത്തെ കുന്പസാരക്കൂടുകൾ
എം.ടിയുടെ വാരണാസി എന്ന നോവലിൽ പരാമർശിച്ചിട്ടുള്ള ഒരു സംജ്ഞയാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. ‘അന്പലമുറ്റത്തെ കുന്പസാരക്കൂടുകൾ’. പ്രേമബദ്ധരായ കോകദ്വന്ദത്തിലെ കാമുകിയുടെ മനസിൽ മുൻകാല ജീവിതത്തിലെ ചില ഇറുക്കുന്ന അനുഭവങ്ങൾ ഉള്ളത് ഒന്ന് ഇറക്കിവെയ്ക്കാൻ ക്ഷേത്രദർശന സമയത്ത് ഒരു കുന്പസാരക്കൂട് അന്പലമുറ്റത്ത് ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചുപോയി എന്ന ആശയത്തെ സന്പുഷ്ടമാക്കിയിരിക്കുകയാണ് അക്ഷരവിരുതനായ എം.ടി. ഇവിടെ കുന്പസാരക്കൂടുകൊണ്ട് അർത്ഥമാക്കുന്നത് തിങ്ങിവിങ്ങി നിൽക്കുന്ന പാപപങ്കിലമായ മനോസ്പന്ദനങ്ങളെ ഇറക്കിവെയ്ക്കാനുള്ള ഒരിടം എന്നാണ്.
മനുഷ്യജീവിതത്തിന് ഇന്ന് വേഗത കൂടുതലാണ്. ഒരു വാഹനം അമിതവേഗത്തിലായാലുണ്ടാകുന്ന അപകട സമാനമാണ് ജീവിതത്തിലെ അമിതവേഗത മൂലമുണ്ടാകുന്ന വൈധരണികളും. വാഹനത്തിലെ ‘ഷോക്ക് അബ്സോർബർ’ പോലെയാണ് ജീവിതയാത്രയിലെ മനുഷ്യബന്ധങ്ങൾ. പക്ഷേ ബന്ധങ്ങൾ ഊഷ്മളമാകണമെങ്കിൽ സുതാര്യത അനിവാര്യമാണ്; സുതാര്യതയ്ക്ക് നിർമ്മല മനസാക്ഷിയും. മനസ് കഴുകപ്പെടുന്പോഴാണ് നിർമ്മല മനസാക്ഷി തിളങ്ങുന്നത്. മനസ് കഴുകപ്പെടാൻ കുന്പസാരക്കൂടുകൾ പ്രയോജകീഭവിക്കും.
ശാസ്ത്രനേട്ടങ്ങൾ നമ്മുടെ ജീവിതക്രമത്തെ ബാധിച്ചിരിക്കുന്നു. ശ്രമകരമായിരുന്ന പലതും അനായാസമായി. മണിക്കൂറുകൾ കൊണ്ട് എത്തിച്ചേർന്നിരുന്നിടങ്ങളിൽ പറന്നെത്താൻ ഇന്ന് മിനിട്ടുകൾ മതി. ദിവസങ്ങളോളം കാത്തിരുന്ന് തപാലിലൂടെ വിശേഷങ്ങൾ അറിഞ്ഞിരുന്ന സംവിധാനത്തിനു പകരം ഇന്ന് സെക്കന്റുകൾക്കുള്ളിൽ ഭൂഖണ്ധത്തിന്റെ ഏതു കോണിൽ നിന്നും ആളെ മുഖദാവിൽ കണ്ട് സംസാരിക്കാമെന്ന സവിശേഷതയായി. വീട്ടിലിരുന്ന് ഇന്റർനെറ്റിലൂടെ ബാങ്ക് ഇടപാടുകളുൾപ്പെടെ എന്തും നടത്താം. ജീവിതം സുഖപ്രദമായി. മെഷീനുകൾ നമുക്ക് ധാരാളം സമയം ലാഭിച്ചു തന്നിരിക്കുന്നു. എന്നാൽ ഈ മാറ്റങ്ങളൊക്കെ വ്യക്തിബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്. കന്പ്യൂട്ടറും ഫോണും തദനുബന്ധമായ മറ്റു സംവിധാനങ്ങളും നടത്തിയ വിപ്ലവകരമായ മാറ്റങ്ങളിലൂടെ, മനുഷ്യരെ ആശ്രയിക്കാതെ ഭൂരിഭാഗം കാര്യങ്ങളും ചെയ്യാമെന്നായി.
കേരളത്തിലെ ഗ്രാമങ്ങളിൽ പണ്ട് കണ്ടിരുന്ന കയ്യാലകൾ അപ്രത്യക്ഷമായിരിക്കുന്നു. അവയുടെ സ്ഥാനത്ത് ചെറുതും വലുതുമായ മതിൽക്കെട്ടുകൾ. ഒപ്പം കൂറ്റൻ ഗേറ്റുകളും. ആരും ഉള്ളിലേയ്ക്ക് കടക്കാതിരിക്കത്തക്കവണ്ണം ശക്തമായ പ്രതിരോധം. അയൽവാസിയുമായുള്ള ബന്ധം തുലോം കുറഞ്ഞു. കവലകളിലും മുറുക്കാൻ കടകളിലും കാപ്പിക്കടകളിലും ഒത്തുചേർന്നിരുന്ന് വെടി പറഞ്ഞ് ആസ്വദിച്ചിരുന്ന ജനക്കൂട്ടത്തെ ഇന്ന് കാണാനില്ല. കയ്യാലയ്ക്കപ്പുറത്ത് നിന്ന് വിശേഷങ്ങൾ മണിക്കൂറുകളോളം പങ്കുവച്ചിരുന്ന വീട്ടമ്മമാർ അവരവരുടെ വീടുകളിലേയ്ക്ക് ഒതുങ്ങി ടി.വിയുടെ മുന്പിൽ സമയം ചെലവാക്കാൻ പഠിച്ചു. വിവാഹത്തിനും മരണത്തിനും മറ്റ് വിശേഷങ്ങൾക്കും നാട്ടുകാരുടെയും വീട്ടുകാരുടെയും സഹായമില്ലാതെ കാര്യങ്ങൾ നടത്താമെന്നായി. ബന്ധുവീടുകളിൽ പോയി അന്തിയുറങ്ങിയിരുന്ന കാലം മറഞ്ഞു. കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളായി നമ്മുടെ ഇടയിലുണ്ടായിട്ടുള്ള മാറ്റങ്ങളെ പ്രകീർത്തിച്ച നാവു കൊണ്ടു തന്നെ മനുഷ്യബന്ധങ്ങൾ ശിഥിലമായി എന്ന വിലാപവും നടത്തേണ്ടിവന്നിരിക്കുന്നു. കൂട്ടായ്മയുടെ സ്ഥാനത്ത് സ്വാർത്ഥത കൂടി. സുഖം കൂടിയപ്പോൾ സന്തോഷമില്ലാതായി. പഴയവർക്ക് സന്തോഷമുണ്ടായിരുന്നു. സുഖം കുറവും. ഇന്ന് മറിച്ചാണ്.
മനുഷ്യമനസ്സിന് സന്തോഷം ലഭിക്കുന്നത് മറ്റുള്ളവരിൽ നിന്നാണ്. ഭൗതികമായ ഒന്നിനും സന്തോഷം നൽകാൻ സാധിക്കുകയില്ല. ഇന്ന് മനുഷ്യൻ സ്വയം ഒതുങ്ങിക്കൂടി സന്തോഷം തേടി അലയുന്നു. സന്തോഷമില്ലാത്തവന്റെ അസ്വസ്ഥതകൾ പ്രകടമാകുന്നത് വിവാഹമോചനം, ആത്മഹത്യ, മദ്യപാനം, ആൾദൈവങ്ങളുടെ പിറകെയുള്ള ഓട്ടം ഇവകളിലൂടെയാണ്.
എല്ലാവരും തിരക്കിലാണ്. തിരക്കിൽ ബന്ധങ്ങൾ തകരുന്നു. കുടുംബങ്ങൾ ഹോട്ടലുകൾ പോലെയാകുന്നു. ആശയവിനിമയ ദാരിദ്ര്യമുള്ള ഹോട്ടൽമുറികൾ പോലെ. മരണവീട്ടിൽ പോലും വലിയ നിലവിളിയില്ല. മരണം താൽക്കാലിക ദുഃഖം മാത്രം നൽകുന്ന സ്ഥിതിവിശേഷമായി. ചില മരണങ്ങൾ പോലും ആഘോഷങ്ങളായി നാം മാറ്റുന്നു. ഗാഢമായ ബന്ധമുണ്ടെങ്കിലെ വേർപാടിന്റെ വേദന രുചിച്ചറിയാൻ പറ്റൂ. ഉൾക്കാഴ്ച നഷ്ടപ്പെട്ട മനുഷ്യൻ ഒഴുക്കിനൊത്തു നീന്തുന്ന (Passive attitude) ജീവിതശൈലിയിലാണിന്ന്. പ്രായം കൂടുന്തോറും സുരക്ഷിതത്വം നഷ്ടപ്പെടുന്നു. അമിതമായ ഉത്കണ്ഠ അപ്പോൾ മനസിനെ കീഴടക്കുന്നു. തദ്വാരാ വിഷാദരോഗത്തിലേയ്ക്ക് മനുഷ്യൻ നടന്നടുക്കുന്നു. കൂട്ടായ്മയിലൂടെ ഉള്ള ആനന്ദം (community pleasure) ഇന്ന് കുറവാണ്. ഇവന്റ് മാനേജ്മെന്റ് മനുഷ്യബന്ധങ്ങളിൽ വിടവുകൾ സൃഷ്ടിച്ചിരിക്കുന്നു.
ഫെയ്സ്ബുക്കിലൂടെയുള്ള സൗഹൃദങ്ങൾ പുതിയ തലമുറയുടെ ഹരമാണ്. നമുക്ക് ചുറ്റിനും നാം അറിയുന്ന, നമ്മെ അറിയുന്ന ആളുകളുമായി സൗഹൃദം ഉണ്ടാക്കുന്നതിനേക്കാൾ താൽപര്യം വളരെ അകലെ നമ്മെ അറിയാത്തവരുമായി ബന്ധമുണ്ടാക്കാനാണ്. സോഷ്യൽ മീഡിയയിലെ പതിയിരിക്കുന്ന അപകടങ്ങളെ ഇന്നത്തെ തലമുറ ചതിക്കുഴിയിൽ വീഴുന്പോഴേ തിരിച്ചറിയുന്നുള്ളൂ. അയൽവാസികളെയും ബന്ധുക്കളെയും നാട്ടുകാരെയും ഒഴിവാക്കി സോഷ്യൽ നെറ്റ് വർക്കുകൾ ഇന്ന് സൗഹൃദങ്ങൾക്ക് പുതിയ മാനം നൽകിയിരിക്കുന്നു.
മൊബൈലിന്റെ ഉപയോഗം ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നായി മാറി. തെങ്ങിൽകയറുന്പോഴും പശുവിന്റെ പാലു കറക്കുന്പോഴും കിണർ ഇറയ്ക്കുന്പോഴും എളിയിൽ തിരുകി വെച്ചിരിക്കുന്ന മൊബൈൽ ശബ്ദിക്കുന്നു. മിസ്ഡ് കോൾ തകർത്ത എത്ര ജീവിതകഥകളുണ്ട് നമുക്ക് ചുറ്റിനും. ബ്ലാക്ക് മെയിലിലൂടെ തകർന്ന എത്ര വ്യക്തിബന്ധങ്ങളുണ്ട് ഓർമ്മയിൽ എടുക്കാൻ! സോഷ്യൽ നെറ്റ് വർക്കിലൂടെ ലഭിക്കുന്ന ലഹരി കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു. രഹസ്യബന്ധങ്ങൾ വർദ്ധിക്കുന്നു. അത് കാത്തുസൂക്ഷിക്കുന്പോഴുള്ള ടെൻഷൻ മാനസികാരോഗ്യം ഇല്ലാതാക്കുന്നു.
എങ്ങനെയും പണമുണ്ടാക്കാനുള്ള വ്യഗ്രത ഒരു പുതിയ പ്രവണതയാണ്. ബിൽ ഗേറ്റ്സിന്റെ ഭാഷ്യത്തിൽ പണത്തിനു വേണ്ടിയുള്ള പരാക്രമം ഒന്നുകിൽ ഭ്രാന്തിൽ അല്ലെങ്കിൽ ജയിലിൽ എത്തിക്കും. വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ അസ്വാദന ജീവിതശൈലി നാമൊക്കെ മറന്നിരിക്കുന്നു. വളരെ വേഗത്തിൽ ലഭിക്കുന്ന ലൈംഗിക സുഖം ഇന്റർനെറ്റിലൂടെ സാധ്യമാണ്. അത് മനസിനെ ഭ്രാന്തമാക്കി വോയറിസം (Voyeurism) എന്ന രോഗത്തിന് വഴിതെളിക്കും. വോയറിസം ബാധിച്ചവർക്ക് ലൈംഗിക അരാജകത്വമുണ്ടാകും.
മൊബൈലിന്റെ വരവോടെ ഭവനസന്ദർശനങ്ങൾ കുറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിൽ ഫോണിൽ മാത്രം.! ‘ഞങ്ങൾ ഒരു വീടുപോലെ കഴിഞ്ഞവർ’ പഴയ തലമുറക്കാർ പറയാറുണ്ട്. വിശേഷദിവസങ്ങളിലെ ഭക്ഷണം പരസ്പരം പങ്കുവെയ്ക്കുമായിരുന്നു. ഇടയ്ക്കിടെയുള്ള സന്ദർശനങ്ങളും കൊടുക്കൽ വാങ്ങലുകളും സൗഹൃദ സംഭാഷണങ്ങളും ബന്ധങ്ങളെ ശക്തമാക്കും. ജീവിതത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ, തിരക്കു പിടിച്ച ഓട്ടം കഴിയുന്പോൾ മറ്റുള്ളവരുടെ സാന്നിദ്ധ്യത്തിനായും സൗഹൃദത്തിനായും കൊതിക്കും. പക്ഷേ അപ്പോഴേക്കും ബന്ധങ്ങളെല്ലാം ദുർബലമായിട്ടുണ്ടാകും. ദുർബലമായ അകന്ന കണ്ണികളെ വിളക്കാൻ പ്രയാസമാണ്. വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ ഇങ്ങനെയാണുണ്ടാകുന്നത്.
കടമകൾ നിർവ്വഹിക്കാതെ ഒളിച്ചോടി പോകുന്നവർക്ക് ബന്ധങ്ങൾ ആരോഗ്യകരമാകില്ല. അച്ഛനമ്മമാരോടുള്ള കടമ, സഹോദരങ്ങളോടുള്ള കടമ ഇതൊക്കെ രക്തബന്ധത്തിന് നാം കൊടുക്കുന്ന പ്രതിഫലങ്ങളാണ്. അതിന് വില കൽപ്പിക്കാത്തവരുടെ എണ്ണം ഇന്ന് കൂടി വരുന്നു. പണ്ട് വൃദ്ധമാതാപിതാക്കൾ മരണം വരെ വീട്ടിലെ സർവാധികാരികളായിരുന്നു. ഇന്ന് മക്കൾക്ക് സാന്പത്തികമായും തൊഴിൽപരമായും പണ്ടത്തെപ്പോലെ മാതാപിതാക്കളെ ആശ്രയിക്കേണ്ടി വരില്ല. ഒരുവന്റെ ആയുസല്ല വാർദ്ധക്യത്തിന്റെ അളവുകോൽ. തുടർന്ന് ജീവിക്കാനുള്ള ഇച്ഛാശക്തി എപ്പോൾ കുറയുന്നുവോ അന്ന് വാർദ്ധക്യം ആരംഭിക്കും. ജീവിതസായാഹ്നത്തിൽ മക്കളുടെ സംരക്ഷണം കിട്ടിയില്ലെങ്കിൽ മാതാപിതാക്കൾ തങ്ങളുടെ സ്വത്ത് പണയപ്പെടുത്തി വിലയുടെ 80 ശതമാനം വരെ ലോൺ എടുക്കാവുന്ന നിയമം ഇന്ത്യാ ഗവൺമെന്റ് പാസാക്കി ബാങ്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. Reverse mortgage എന്ന ഈ നടപടി പ്രകാരം മരണശേഷമേ തുക ഈടാക്കാനായി ബാങ്ക് നടപടി സ്വീകരിക്കൂ. ഇത് വൃദ്ധമാതാപിതാക്കൾക്ക് ഒരു ആശ്വാസമാണ്. മാസം തോറും ചെലവിന് മക്കൾ തന്നില്ലെങ്കിലും വിഷമിക്കാനില്ല.
പ്രായമാകുന്തോറും നിരാശ പലർക്കും കൂടി വരുന്നത് കാണാം. ‘ഇനി എന്നെ ആർക്കും വേണ്ട, എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലല്ലോ’ എന്നുള്ള ചിന്ത. ചന്ദനമരം 80 വർഷം കഴിയുന്പോഴാണ് സുഗന്ധം പരത്തുന്നത്. പ്രായമാകുന്തോറും കൂടുതൽ പ്രശോഭിതരാകാൻ ശ്രമിച്ചാൽ മറ്റുള്ളവർ നമ്മുടെ സാന്നിദ്ധ്യം ഇഷ്ടപ്പെടും. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന ഡിസ്പോസബിൾ ഐറ്റംസ് പോലെ മാതാപിതാക്കളെ പ്രായമാകുന്പോൾ വൃദ്ധസദനമെന്ന വെയ്സ്റ്റ് ബോക്സിലേയ്ക്ക് വലിച്ചെറിയുന്ന മക്കൾ, അവർക്ക് പ്രായമാകുന്പോൾ കുന്പസാര കൂടുകൾ അന്വേഷിച്ച് അലയും.
ആധുനികത ബന്ധത്തെ തകർത്ത ഒരു സജീവകഥ വിവരിക്കട്ടെ. ദീർഘനാൾ പ്രണയത്തിലായിരുന്ന കാമുകീകാമുകന്മാർ. എന്നാൽ യുവാവ് ഇന്ന് വിഷാദരോഗിയാണ്. 28 വയസ് പ്രായം. സാന്പത്തികമായി ഉയർന്ന കുടുംബം. ഗൾഫിൽ വർഷങ്ങളായി ജോലി ചെയ്തു വരുന്ന പിതാവ്. ഡിഗ്രിയും എം.ബിഎയും കഴിഞ്ഞു. പഠിത്ത കാലത്ത് പ്രണയത്തിലായ യുവതിയുമൊത്ത് അയാൾ ജീവിക്കാൻ തുടങ്ങി. ഇന്ന് വ്യാപകമാകുന്ന Co-habitation രീതിയിൽ അവർ അഞ്ചുവർഷം ഒരുമിച്ച് താമസിച്ചു. അവന്റെ വീട്ടുകാർ അറിഞ്ഞില്ല. പക്ഷേ അവളുടെ വീട്ടുകാർക്ക് അറിയാമായിരുന്നു. അവർ അതിനെ പ്രോത്സാഹിപ്പിച്ചു. വിവാഹാലോചനയ്ക്കായി അവൻ വീട്ടുകാരെ നിർബന്ധിച്ചു. പെണ്ണിന്റെ വീടും സാഹചര്യവും ചെറുക്കന്റെ വീടുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. സംസാരത്തിലൊക്കെ തെറ്റലുകൾ വന്നു. അഞ്ചുവർഷമായി ഒന്നിച്ച് താമസിച്ച വിവരമൊന്നും അവൻ വീട്ടുകാരോട് പറഞ്ഞില്ല. സാധാരണ ഭാര്യാഭർത്താക്കന്മാർക്കിടയിലുണ്ടാകുന്ന പിണക്കം അവരുടെ ഇടയിലുമുണ്ടായി. കുറേ ദിവസം അവർ തമ്മിൽ സംസാരിക്കാതെയായി. ഓഫീസ് സംബന്ധമായ ബിസിനസ് ടൂറിന് വിദേശത്തേക്ക് പോകേണ്ടി വന്നു അവന്. തിരിച്ചു വന്നപ്പോൾ അവൻ അറിയുന്നത് അവൾ വേറെ മാറി താമസിക്കുന്നു. അവളുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരിക്കുന്നു. ഈ വാർത്ത അവനെ തകർത്തു കളഞ്ഞു. മാനസികാഘാതം മൂലം ഉറക്കമില്ലാതായി. നിരാശയിൽ ആത്മഹത്യാ ശ്രമം നടത്തി. പക്ഷേ വിജയിച്ചില്ല. വിഷാദരോഗത്തിനടിമയായി തീർന്ന അവനെ കൂട്ടുകാർ നാട്ടിൽ അവന്റെ വീട്ടിെലത്തിച്ചു. പ്രതികാരത്തിന്റെ ദാഹവുമായി അവൻ സമനില നശിച്ച ഒരു യുവാവിനെപ്പോലെ കത്തിയുമായി പെൺകുട്ടികളെ പരതിനടക്കുന്ന ഒരു ചോരക്കൊതിയനായി മാറി. തകർന്ന ബന്ധത്തിന്റെ പരിണിതഫലം ഒരു ജീവിതം തന്നെ താറുമാറാക്കി.
ഇവിടെയാണ് കുന്പസാരകൂടുകളുടെ ആവശ്യകത. പള്ളികളിലും അന്പലമുറ്റങ്ങളിലും മാത്രമല്ല പൊതുസ്ഥലങ്ങളിലൊക്കെ കുന്പസാരക്കൂടുകൾ വേണം ഇന്ന്. മനസു തുറക്കാൻ, മനസ് കഴുകാൻ, മനസ് ശുദ്ധീകരിക്കാൻ! പുരോഹിതരില്ലെങ്കിലും മദ്ധ്യവർത്തികളില്ലെങ്കിലും മദ്ധ്യസ്ഥരില്ലെങ്കിലും സ്വന്തം മറുമനസ്സിനോട്, അവനവന്റെ മനസാക്ഷിയോട് കുറ്റങ്ങൾ സ്വയം ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് പ്രായശ്ചിത്തം നടത്തുവാൻ പുതുതലമുറ തയ്യാറായില്ലെങ്കിൽ പ്രകാശം അകലെ!
കുന്പസാരക്കൂടുകൾ ഉയരട്ടെ, സമൂഹമദ്ധ്യത്തിൽ മാത്രമല്ല, ഓരോ ഭവനങ്ങളിലും. അപ്പോൾ കുടുംബവും സ്വർഗ്ഗമായി മാറും.