ഭൗതിക സുഖസൗകര്യങ്ങളും മനുഷ്യബന്ധങ്ങളും
കാറൽ മാക്സ് മുതലാളിത്ത സമൂഹത്തിന്റെ ന്യൂനതകളെ ഉയർത്തിക്കാട്ടി വ്യക്തിയുടെ അന്യവൽക്കരണത്തെപ്പറ്റി പഠിപ്പിച്ചു. നിരന്തരം യന്ത്രവുമായി ഇടപഴകുന്ന തൊഴിലാളി അയാൾ അറിയാതെ തന്നെ തന്റെ സ്വത്വത്തിൽ നിന്ന് അകലുന്നു. ചിന്തയിലും പ്രവർത്തിയിലും യന്ത്രത്തിന് തുല്യമായി വികാരവിചാരങ്ങളില്ലാതെ തൊഴിലാളിയും ഒരു വ്യക്തിക്ക് ഉണ്ടാകേണ്ട നൈസർഗിക ഭാവങ്ങളിൽ നിന്ന് അകലുന്നു. ഇതാണ് കാറൽ മാക്സ് തെളിയിച്ചത്. മറ്റൊരു ഭാവത്തിൽ മഹാത്മാഗാന്ധിയും ഈ അപകടത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. അമിതമായി യന്ത്രത്തെ ആശ്ര
യിക്കേണ്ടി വരുന്പോൾ മനുഷ്യർ തമ്മിലുണ്ടാകുന്ന അനഭിലഷണീയമായ അകൽച്ച ചൂണ്ടിക്കാട്ടി ഗാന്ധിജിയും അമിതമായ യന്ത്രവൽക്കരണത്തെ എതിർത്തിരുന്നു. വികസന വിരോധികളായ സമൂഹത്തിലെ ഒരു വിഭാഗം ഇവരെ രണ്ടുപേരെയും മുദ്രകുത്തി വിമർശിക്കുകയും എതിർക്കുകയും ചെയ്തിരുന്നു. യന്ത്രവൽകൃത സമൂഹ നിർമ്മിതിയെ മാറ്റി നിർത്തി നമ്മുടെ സമൂഹത്തിന് ഇന്ന് മുന്നോട്ട് പോകാൻ സാധ്യമല്ല. ഇന്റർനെറ്റും മൊബൈലും എ.ടി.എം കാർഡുമൊന്നുമില്ലാത്ത ഒരു ജീവിതരീതിയെക്കുറിച്ച് നമുക്കിനി ചിന്തിക്കാനേ സാധ്യമല്ല. എന്നാൽ യന്ത്രങ്ങളും സാങ്കേതികവിദ്യകളും വളർന്നപ്പോൾ മനുഷ്യബന്ധങ്ങളിൽ വിള്ളലുകൾഉണ്ടായിട്ടുണ്ടോ? തീർച്ചയായും ഉണ്ട്. മനുഷ്യന്റെ ആഴമേറിയ പാരസ്പര്യ ബന്ധത്തിന് ഇവറ്റകൾ അഗാധമായ പോറലുകളും വിടവുകളും സൃഷ്ടിച്ചിട്ടുണ്ട് എന്ന സത്യം ബുദ്ധിയുള്ള മനുഷ്യർ തിരിച്ചറിയണം. ഇല്ലെങ്കിൽ മനുഷ്യത്വം എന്ന ഉള്ളിലെ ‘കാന്പ്’ കയ്പുള്ളതായി മറുരൂപപ്പെടും.
തുറന്ന കന്പോളത്തിൽ വികസിത ആഗോളവൽക്കരണം ഒട്ടേറെ ഭൗതിക സുഖസൗകര്യങ്ങൾ മനുഷ്യന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അതുമൂലം ദരിദ്രമാക്കപ്പെട്ട ജനകോടികൾ മറുവശത്തുണ്ട് എന്ന സത്യം മൂടിക്കെട്ടാൻ പറ്റില്ല. മാനസികരോഗങ്ങൾ വർദ്ധിക്കുവാൻ ഈ ഭൗതികസുഖസൗകര്യങ്ങൾ കാരണമായിട്ടുണ്ട്. കേരളത്തിലെ തന്നെ ജനസംഖ്യയിൽ പതിനഞ്ചു ശതമാനത്തോളം ചെറുതും വലുതുമായ മാനസികരോഗങ്ങൾക്ക് അടിമയായിട്ടുണ്ട് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആത്മാർത്ഥത നഷ്ടപ്പെട്ട കൃത്രിമ ബന്ധങ്ങളാണ് ഈ മാനസികരോഗങ്ങളുടെ പ്രധാന ഹേതുവെന്ന് മനഃശാസ്ത്രജ്ഞർ സമർത്ഥിച്ചിട്ടുണ്ട്.
പാഠശാലകളിൽ മനുഷ്യബന്ധങ്ങളുടെ ആവശ്യകതയെക്കുറിച്ച് ഇന്ന് നിരന്തരമായ ക്ലാസുകളെടുക്കാറുണ്ട്. പക്ഷേ ആര് ശ്രദ്ധിക്കാൻ! കടകന്പോളങ്ങളിലൊക്കെ പുഞ്ചിരി തൂകി വിനയമായി ഇടപെടുന്ന ജോലിക്കാരെ കാണാം. പക്ഷേ ആ ചിരികളൊക്കെ കൃത്രിമമല്ലേ? ഉപഭോക്താക്കളെ വശീകരിക്കാൻ വേണ്ടി മാത്രമുള്ള പ്ലാസ്റ്റിക് ചിരിയല്ലേ അവയിൽ ഭൂരിഭാഗവും. ഈ ജോലിക്കാരിൽ ഭൂരിഭാഗവും സ്വകാര്യജീവിതത്തിൽ നീറുന്ന മനസുകളുമായിട്ടാണ് നമ്മെ സന്തോഷിപ്പിക്കാൻ പാടുപെട്ട് ചിരി വിടർത്തുന്നതും നല്ല വാക്കുകളാൽ നമ്മെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതും. വിമാനത്തിൽ യാത്ര ചെയ്യുന്പോൾ ഇത് പ്രത്യേകം ശ്രദ്ധേയമാണ്. പൊതുവെ സൗന്ദര്യമുള്ള എയർഹോസ്റ്റസുമാർ ഓരോ യാത്രക്കാരനോടും ഹൃദ്യമായും താഴ്മയായും ഇടപെടാൻ ശ്രമിക്കുന്നു. ഒരു കണക്കിന് അതും ഒരുതരം അഭിനയമല്ലേ? അവർക്ക് നൽകിയ പരിശീലനമാണ് അത്തരം പെരുമാറ്റ രീതികൾ! എന്നാൽ ഇവരൊക്കെ സ്വന്തം വീടുകളിലെത്തുന്പോൾ ഇത്തരം ഔപചാരികതകളിലൂടെ കുടുംബാംഗങ്ങളോട് ഇടപെട്ടാലത്തെ അവസ്ഥ എന്തായിരിക്കും? ഔപചാരികമായ പെരുമാറ്റ രീതികളാണോ വീടുകളിൽ അനുവർത്തിക്കേണ്ടത്? എല്ലാ കുറവുകളോടും കൂടെ ഒരു വ്യക്തിയെ അംഗീകരിക്കേണ്ടത് സ്വന്തം കുടുംബത്തിലാണ്. ഇല്ലെങ്കിൽ അത് കുടുംബമല്ല. പുറംപൂ
ച്ചുകളുടെ വിഴുപ്പ് അലക്കി മനസ് ശുദ്ധമാക്കേണ്ട കുളിക്കടവാണ് കുടുംബം. പക്ഷേ ആധുനികതയുടെ ആളിപ്പടർപ്പിൽ ഇന്ന് കുടുംബങ്ങളിൽ ഉള്ളു തുറന്ന സംവേദനങ്ങളില്ല. മനസ് തുറക്കലില്ല, പങ്കു വെയ്ക്കലില്ല. ഉണ്ടെങ്കിൽ തന്നെ വിദ്വേഷത്തിന്റെയും പകയുടെയും ചെറുതാക്കലിന്റെയും പരിഹാസത്തിന്റെയും വിപരീത സംവേദനങ്ങളാണ് അവയൊക്കെ. ഇത് കുടുബാംഗങ്ങളുടെ മാനസികാരോഗ്യത്തെ വികലമായി സ്വാധീനിക്കും. നമ്മളിൽ ഭൂരിഭാഗം പേർക്കും ഈ തിരിച്ചറിവില്ല. ജീവിച്ച് മുന്നേറുവാനുള്ള ആക്രാന്തത്തിൽ നെട്ടോട്ടം ഓടുന്ന മനുഷ്യന് ഈ തിരിച്ചറിവിനായി ഒന്ന് നിന്നുകൊടുക്കാൻ സമയമില്ല പോലും!
പണമുണ്ടാക്കാനുള്ള ഉപകരണമായി ഭാര്യയെ കണ്ട ഒരു ഭർത്താവിന്റെ കഥ ഒരു കൗൺസിലർ ഈയിടെ എന്നോട് വിവരിച്ചു. ഭാര്യ നേഴ്സ്, ഭർത്താവ് പട്ടാളത്തിലായിരുന്നു. തുടക്കത്തിൽ രണ്ടുപേരും കൂടി വിദേശത്തു പോയി. ഭാര്യയ്ക്ക് നല്ല ശന്പളം. സാന്പത്തികമായി പിന്നോക്കം നിന്നിരുന്ന ഭർത്താവിന്റെ കുടുംബം പതിയെ രക്ഷപ്പെട്ടു. മക്കളെ വളർത്താനായി ഭർത്താവ് നാട്ടിലേക്ക് താമസം മാറ്റി. മക്കളും ഭർത്താവും നാട്ടിൽ, ഭാര്യ വിദേശത്ത്. ഭാര്യയുടെ ശന്പളം മാസം തോറും കുറവു കൂടാതെ ഭർത്താവിന്റെ അക്കൗണ്ടിൽ എത്തും. പതിയെ മദ്യപാനവും ദുർന്നടപ്പും അയാളിൽ വേരുപിടിച്ചു. നിയന്ത്രണമില്ലാത്ത ജീവിതം. പണം പലിശയ്ക്ക് കൊടുത്ത് കൂടുതൽ പണക്കാരനായി. ബന്ധങ്ങൾക്ക് അപ്പോൾ വിലയില്ലാതായി. ഭർത്താവിന്റെ ദുർന്നടപ്പ് നാട്ടുകാരിലൂടെ ഭാര്യ അറിഞ്ഞു. ഭർത്താവിന്റെ സമ്മതമില്ലാതെ ജോലി ഉപേക്ഷിച്ച് അവർ നാട്ടിലെത്തി. അതോടെ കുടുംബപ്രശ്നം ശക്തമായി. എന്നും വഴക്ക്. കിട്ടിക്കൊണ്ടിരുന്ന വരുമാനം നിന്നുപോയതിന്റെ വിഷമവും പ്രതിഷേധവും ഭർത്താവ് ഭാര്യയോടുള്ള കഠിനമായ പ്രതികാരം നിറഞ്ഞ പെരുമാറ്റത്തിലൂടെ പ്രകടിപ്പിച്ചു. വർഷങ്ങളായി ഭാര്യ ഉണ്ടാക്കിക്കൊടുത്ത പണം കൊണ്ട് പണിത വീടും സ്ഥലവും എല്ലാം ഭർത്താവിന്റെ പേരിൽ. ബാങ്ക് അക്കൗണ്ടും അയാൾക്ക് മാത്രം. ആ സ്ത്രീ തകർന്നുപോയി. അവർക്ക് മാനസികരോഗം ക്രമേണ വെളിപ്പെട്ടു വന്നു.
മരുന്നുകൊണ്ട് മാനസികരോഗങ്ങളെല്ലാം മാറ്റാമെന്ന് കരുതരുത്. ഇവർക്ക് മരുന്ന് ഏശിയതേ ഇല്ല. മരുന്ന് മാനസികരോഗങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ അതുകൊണ്ട് മാത്രം അസുഖം ഭേദമാകണമെന്നില്ല. മനസിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് മനുഷ്യബന്ധങ്ങളിൽ ഉണ്ടായിട്ടുള്ള വിള്ളലുകളെയും മുറിവുകളെയും സൗഖ്യമാക്കി ഊഷ്മളമായ ബന്ധങ്ങൾ പുനഃസ്ഥാപിച്ചെങ്കിലേ മാനസികാരോഗ്യം വീണ്ടെടുക്കാനാകൂ. മരുന്നിനോടൊപ്പം സാന്ത്വനവും ഉറച്ച ബന്ധങ്ങളും ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് അടിമപ്പെട്ടവരെ വേഗത്തിൽ സൗഖ്യമാക്കുവാൻ സഹായിക്കുന്നതായി ഇന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചില കുടുംബങ്ങളിൽ കുട്ടികൾക്ക് പോലും ഈ ആഴമേറിയ സ്നേഹം ലഭിക്കാറില്ല. തങ്ങളുടെ അന്തസ്സനുസരിച്ച് കുട്ടികൾ ഉയർന്ന പദവികളിൽ എത്തിച്ചേരണമെന്ന് ശഠിക്കുന്ന മാതാപിതാക്കളുണ്ട്. മറ്റ് ചില ഇടങ്ങളിൽ മാതാപിതാക്കൾക്ക് എത്തിച്ചേരാൻ പറ്റാതിരുന്ന സ്ഥാനങ്ങളിൽ മക്കൾ എത്തിപ്പറ്റണമെന്ന് വാഞ്ഛിക്കുന്നവരുണ്ട്. ഒരു കുട്ടിയുടെ കഴിവും അഭിരുചിയും ഇവിടെ ആരും പരിഗണിക്കുന്നില്ല. പ്രതീക്ഷക്കനുസരിച്ച് വളരാത്ത കുട്ടികൾ വീട്ടിനുള്ളിൽ അവഗണിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന അനേക അനുഭവങ്ങൾ ഈ ലേഖകന്റെ കൗൺസിലിംഗ് അനുഭവത്തിലുണ്ടായിട്ടുണ്ട്. തൽഫലമായി കുട്ടികൾക്ക് അമിതമായ ഉത്കണ്ഠയും കുണ്ഠിതവും ഉണ്ടാവുകയും അവർ വിഷാദരോഗത്തിന് അടിമകളായിത്തീരുകയും ചെയ്യുന്നു.
എഞ്ചിനീയറിംഗ് പഠനം ഒരു കണക്കിന് പൂർത്തിയാക്കിയ ഒരു ചെറുപ്പക്കാരൻ ഇന്ന് വിഷാദരോഗിയാണ്. ഫൈനൽ പരീക്ഷ എഴുതുവാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു അയാൾ. മുൻപരീക്ഷകളിൽ ഭൂരിഭാഗം പേപ്പറുകൾക്കും തോറ്റിരിക്കുകയാണ്. ഇഷ്ടമില്ലാതെയാണ് ആ കോഴ്സിന് ചേർന്നത്. അവന്റെ പപ്പായുടെ ഇഷ്ടമായിരുന്നു എഞ്ചിനീയറിംഗിന് പോകണമെന്നത്. മകന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കാതെ പെരുമാറിയ പപ്പാ എല്ലാം അവനെ നിർബന്ധിച്ച് ചെയ്യിക്കുകയായിരുന്നു. പത്താം ക്ലാസിൽ ഉയർന്ന മാർക്കോടെ പാസായ കുട്ടിക്ക് ഒരു അദ്ധ്യാപകൻ ആകണമെന്നായിരുന്നു ആഗ്രഹം. അന്ന് പപ്പായും മമ്മിയും അത് ശരിവെച്ചു. ഒരു കോളേജ് പ്രൊഫസർ ആകുന്നത് സ്വപ്നം കണ്ട് അവൻ വളർന്നു. പ്ലസ് ടുവിനും നല്ല വിജയം. ഉടൻ പപ്പ തീരുമാനിച്ചു. അകലെയുള്ള കോളേജിൽ പോയി പഠിക്കുന്നതിനേക്കാൾ അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ ചേരണം. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമെടുത്ത് ഡോക്ടറേറ്റ് എടുക്കണമെന്നായിരുന്നു അവന്റെ മോഹം. അത് നടന്നില്ല. അവിടെത്തുടങ്ങി അവന്റെ പ്രശ്നങ്ങൾ. മനസില്ലാമനസോടെ പപ്പായോടുള്ള കടുത്ത പ്രതിഷേധം മനസിൽ സൂക്ഷിച്ച് അവൻ പഠനം തുടർന്നു. പതിയെ വിഷാദരോഗത്തിലേയ്ക്ക് വഴുതിവീണു. അച്ഛനും അമ്മയും ഇതിറഞ്ഞതേ ഇല്ല. പപ്പ എടുത്ത തീരുമാനത്തിന് മതിയായ കാരണങ്ങൾ കാണുമായിരിക്കാം. പക്ഷേ അത് മകനെ ബോദ്ധ്യപ്പെടുത്താൻ അദ്ദേഹം മറന്നു. ആത്മബന്ധം തകരാൻ ഇത് കാരണമായി. തകർന്ന ബന്ധവും അടിച്ചമർത്തപ്പെട്ട വികാരങ്ങളും അവനെ വിഷാദരോഗിയാക്കി. മകന്റെ ചേഷ്ടകൾ കണ്ട് മനംനൊന്ത മാതാപിതാക്കൾ ഇപ്പോൾ ചികിത്സക്കായി നെട്ടോട്ടമാണ്. ആ വീട്ടിലിപ്പോൾ പരസ്പരം ആരും സംസാരിക്കാറില്ല. ആശയവിനിമയം വാട്സ്അപ്പിലൂടെയാണ്.
ഒരു വ്യക്തിയെ ഉപാധികൾ കൂടാതെ അംഗീകരിക്കുന്പോഴാണ് അവന്റെ മാനസികാരോഗ്യം വർദ്ധിക്കുന്നത്. കഴിവുകളുടെ പേരിൽ മാത്രം അംഗീകരിക്കപ്പെടുന്നത് ശരിയല്ല. ബുദ്ധിജീവികൾ പോലും ശരിയായി കൈകാര്യം ചെയ്യപ്പെട്ടില്ലെങ്കിൽ ചിലപ്പോൾ മാനസികവൈകല്യമുള്ളവരായിത്തീരും.
മനുഷ്യർ പൊതുവേ സ്വാർത്ഥരും സ്വയംസ്നേഹികളുമാണ്. അവരെ പരസ്നേഹത്തിന്റെ പന്ഥാവിലേയ്ക്ക് നടത്തണമെങ്കിൽ പരസ്പര സ്നേഹത്തിലും കരുതലിലും വളർത്തേണ്ടിയിരിക്കുന്നു. ഈ സൗരയൂഥത്തിന്റെ ഊർജത്തിന്റെ ഉറവിടം സൂര്യനെന്നതുപോലെ പരസ്പരസ്നേഹത്തിന്റെ പാഠശാല കുടുംബമാണ്. കുടുംബബന്ധങ്ങളെ യന്ത്രവൽക്കരിച്ചാൽ ഗതി മാറും. മുഖാമുഖം കണ്ടുകൊണ്ട് വാത്സല്യത്തിന്റെയും കരുതലിന്റെയും വാക്കുകളിലൂടെ ബന്ധം ഊട്ടി ഉറപ്പിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ എത്ര പ്രായമായാലും ചെറുപ്പത്തിൽ പഠിച്ച ജീവിതമൂല്യങ്ങളെ മുറുകെപ്പിടിക്കും. ഭൗതിക സുഖസൗകര്യങ്ങളുടെ പകിട്ടിൽ അവർ ആടിയുലയുകയില്ല. മനുഷ്യബന്ധങ്ങളുടെ വിലയെന്തെന്ന് മനസ്സിലാക്കാൻ അവർക്ക് കഴിയും. തീയിൽ കുരുത്തവൻ വെയിലത്ത് വാടുകയില്ല. പരസ്പര ബന്ധം ഊഷ്മളമെങ്കിൽ ദുഃഖവും സുഖമായി മാറും.