ആഴവും ഉറപ്പുമുള്ള ബന്ധങ്ങളുടെ അഭാവം


യന്ത്രവൽകൃത സംസ്കാരത്തിലേക്ക് നാം വേഗത്തിൽ കുതിച്ചുയരുകയാണ്. കന്പ്യൂട്ടറുകളും റോബോട്ടുകളും നമ്മുടെ സഹചാരികളും സഹകാരികളുമാവുകയാണ്. മുഖമില്ലാത്ത മനുഷ്യർ എന്ന് അവയെ വിശേഷിപ്പിക്കാറുണ്ട്. ഫാക്ടറികളിൽ മാത്രമല്ല, ആശുപത്രികളിൽ ശസ്ത്രക്രിയാ രംഗത്ത് ഡോക്ടർമാരെ സഹായിക്കുന്നതുവരെ റോബോട്ടുകളായിട്ടുണ്ട്. പടിഞ്ഞാറിന്റെ ഉപഭോഗ സംസ്കാരവും നമ്മെ കീഴടക്കിയിരിക്കുകയാണ്. ഇവയുടെ പരിണിതഫലം മനുഷ്യബന്ധങ്ങളുടെ തകർച്ചയാണ്. ആഴവും ഉറപ്പുമുള്ള ബന്ധങ്ങൾ ഇന്നില്ല. കേവലം ഉപരിപ്ലവമായ അഭിവാദനങ്ങളിലും ഹസ്തദാനങ്ങളിലും നമ്മുടെ ബന്ധങ്ങൾ പരിമിതപ്പെട്ടിരിക്കുന്നു.

കാലദേശ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടെയും വൈകാരികമായ ആഗ്രഹവും ആവശ്യവുമാണ് ഹൃദയം പകരുവാൻ ഉതകുന്ന ഉത്തമമായ സുഹൃദ്ബന്ധം. ഹൃദയം തുറക്കൽ ഓരോ വ്യക്തിയുടെയും മാനസികാവശ്യമാണ്. അത് നിഷേധിക്കപ്പെടുന്പോൾ ഹൃദയം വരളുന്നു. മനസ് മുരടിക്കുന്നു. ഉള്ളിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നു.

നൂറ്റാണ്ടുകൾക്ക് മുന്പ് ദാർശനികനായ പ്ലേറ്റോ പ്രസ്താവിച്ചു: നാം ബാല്യത്തിലായിരിക്കുന്പോൾ ഉത്തമ സ്നേഹിതരെ ആവശ്യമുണ്ട്, അപഥസഞ്ചാരത്തിൽ നിന്ന് നമ്മെ സൂക്ഷിക്കുവാൻ., യൗവനത്തിലെത്തുന്പോഴും ഉത്തമ സ്നേഹിതർ വേണം. നമ്മുടെ കർമ്മപദ്ധതികൾ വിജയിപ്പിക്കുന്നതിനും സാധ്യമാക്കുന്നതിനും. നമ്മുടെ വാർദ്ധക്യത്തിലും ഉത്തമ സുഹൃത്തുക്കൾ ആവശ്യമുണ്ട്, നമ്മുടെ വികാരവായ്പുകൾ പങ്കുവെയ്ക്കുന്നതിനും ഹൃദയഭാരങ്ങൾ ഇറക്കി വെയ്ക്കുന്നതിനും. ഈ പ്രസ്താവം എത്ര സത്യമാണ്. നമുക്കെല്ലാം ഇതിനെക്കുറിച്ചു നല്ല ബോദ്ധ്യമുണ്ട്. ഒരു ആധുനിക മനശാസ്ത്രജ്ഞൻ പറയുന്നത് ഉത്തമമായ സൗഹൃദം ആരോഗ്യത്തെ ഭദ്രമാക്കുന്നു, സന്തോഷം സാധ്യമാക്കുന്നു; മ്ലാനതയും ആകുലതയും അകറ്റുന്നു; മാത്രമല്ല ദീർഘായുസ്സ് നൽകുകയും ചെയ്യുന്നു.

സൈക്കോതെറാപ്പിസ്റ്റ് ഡോക്ടർ ഡോറിസ് ഉത്തമ സൗഹൃദത്തിന്റെ സവിശേഷതകൾ വിവരിക്കുന്നുണ്ട്. നിങ്ങൾ അപകടത്തിലോ പ്രതിസന്ധിയിലോ അകപ്പെടുന്പോൾ നല്ല സ്നേഹിതർ, സ്വന്തം പരിപാടികളെ മാറ്റിവെച്ച് നിങ്ങളുടെ സഹായത്തിന് ഓടി എത്തുന്നു. നിങ്ങളുടെ വിജയത്തിലും നേട്ടങ്ങളിലും ആത്മാർത്ഥമായി സന്തോഷിക്കുകയും കടന്ന് വന്ന് നിങ്ങളെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ വേദനിക്കുന്പോൾ ആ വേദനയിൽ നിർവ്യാജമായി പങ്കുചേരുന്നു. നിങ്ങളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യും. എന്നാൽ ആ ഉപദേശങ്ങൾ നിങ്ങൾ നിരസിച്ചാൽ തന്നെയും അവർ നിങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും. സ്നേഹിതനോട് ഹൃദയം തുറക്കുന്ന അനുഭവവും സ്നേഹിതനു വേണ്ടി ത്യാഗം അനുഷ്ഠിക്കുവാനുള്ള സന്നദ്ധതയുമാണ് ഉത്തമ സ്നേഹിതന്റെ രണ്ട് പ്രധാന ലക്ഷണങ്ങൾ.

മേൽ വിവരിച്ച തരത്തിലുള്ള സ്നേഹിതരെ ലഭിക്കുവാൻ നമുക്കെല്ലാം ആഗ്രഹമുണ്ട്. പക്ഷേ അത് സാധിക്കണമെങ്കിൽ ഒന്നാമത് നാം തന്നെ അത്തരത്തിലുള്ള ഒരു സ്നേഹിതനായി മാറണം. നമുക്ക് സാധിക്കാത്ത കാര്യം മറ്റുള്ളവരിൽ പ്രതീക്ഷിക്കുന്നത് ശരിയല്ല. നല്ല സൗഹൃദം വളർത്തുവാൻ നാം മനഃപൂർവ്വമായി ശ്രമിക്കേണ്ടതുണ്ട്. സുതാര്യതയില്ലാത്ത ബന്ധങ്ങൾ അധികനാൾ നിലനിൽക്കുകയില്ല. പൊയ്മുഖങ്ങൾ എന്നും സൗഹൃദത്തിന് തടസങ്ങളാണ്. കാപട്യത്തിന് സൗഹൃ ദത്തിൽ സ്ഥാനമുണ്ടാകരുത്. അത്തരക്കാർ ഒറ്റപ്പെടുകയല്ലാതെ ദൃഢമായ സ്നേഹബന്ധം അവർക്ക് വെച്ചു പുലർത്താൻ സാധ്യമല്ലാതെ വരും. തിരക്കാണ് സൗഹൃദത്തിന് തടസം നിൽക്കുന്ന മറ്റൊരു കാര്യം. മറ്റൊന്നും കാണാതെയും മറ്റാരെയും ഗൗനിക്കാതെയും സ്വന്തം കാര്യത്തിൽ മാത്രം മുഴുവൻ സമയവും മുഴുകിക്കഴിയുന്ന ഒരാൾക്ക് സ്നേഹിതരെ ലഭിക്കുവാൻ പ്രയാസമാണ്. അതുകൊണ്ട് നല്ല സ്നേഹിതരെ സന്പാദിക്കാനും സൗഹൃദം വളർത്താനും നാം പലതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്നാമതായി സുഹൃത്തുക്കളുമായി സന്പർക്കം പുലർത്തണം. എത്ര തന്നെ ജോലിത്തിരക്ക് ഉണ്ടായാലും അതിന് സമയം കണ്ടെത്തണം. സന്ദർശനങ്ങൾ സാധ്യമല്ലാതെ വരുന്പോൾ ഫോണിൽ കൂടിയോ മറ്റ് ആശയവിനിമയ മാർഗങ്ങളിലൂടെയോ ബന്ധപ്പെടുവാൻ ശ്രമിക്കണം. അത് വളരെ ഹൃസ്വമായിരുന്നാലും കുഴപ്പമില്ല. ചിലപ്പോൾ നാം കാത്തിരിക്കും, മറ്റൊരാൾ മുൻകൈ എടുക്കട്ടെ എന്നുള്ള വിചാരത്തോടെ. അത് ചിലപ്പോൾ ദീർഘമായ മൗനത്തിലേക്കും അകൽച്ചയിലേക്കും വഴിതെളിക്കും. അതുകൊണ്ട് നാം തന്നെ മുൻകൈ എടുത്ത് സന്പർക്കം സുഗമമാക്കണം. എല്ലാ പ്രായക്കാരുമായും സൗഹൃദം വെച്ചുപുലർത്തുന്നത് അഭികാമ്യമാണ്. ചിലർക്ക് അതിന് അസാമാന്യമായ കഴിവുണ്ട്. കുട്ടികളുമായി നല്ല ചങ്ങാത്തം പുലർത്തുന്നവർ വൃദ്ധരുമായി അടുത്തു പെരുമാറുന്നതും ആശയവിനിമയം ചെയ്യുന്നതും കാണാം. സൗഹൃദം സ്ഥിരവും ദൃഢവുമാകണമെങ്കിൽ ആത്മാർത്ഥമായ ആശയവിനിമയം ആവശ്യമാണ്. ഹൃദയവികാരങ്ങളുടെ പങ്കുവെയ്ക്കൽ, അത് അടുത്ത സുഹൃത്തുക്കൾ തമ്മിലാകുന്പോൾ ആശ്വാസം പകരുകയും പ്രചോദനം നൽകുകയും ചെയ്യും. എന്നാൽ ഇക്കാര്യത്തിൽ ഔചിത്യം പാലിക്കേണ്ടതുണ്ട്. ഇന്ന് മാതൃദിനം, പിതൃദിനം, സുഹൃത്ദിനം എന്നിങ്ങനെ വർഷം മുഴുവൻ ഓരോ ദിനങ്ങളായി ആചരിക്കാറുണ്ട്. ആ വക ദിനങ്ങൾക്കായി കാത്തിരിക്കാതെ സൗഹൃദത്തിന്റെ മാധുര്യം സാധ്യമാകുന്പോഴൊക്കെ ആസ്വദിക്കണം.

ഒരു കൊച്ചു ഗ്രാമത്തിന്റെ നാടുവാഴി മനോഹരമായ ഒരു വെള്ളിമണി നിർമ്മിച്ച് തന്റെ സദനത്തിന്റെ മുന്നിൽ ഉയർന്ന ഒരു ഗോപുരം പണിയിച്ച് അതിൽ പ്രതിഷ്ഠിച്ചു. തന്റെ ഗ്രാമവാസികളെ അദ്ദേഹം വിളിച്ചു വരുത്തി അറിയിച്ചു: അദ്ദേഹം സന്തോഷവും ആഹ്ലാദവും അനുഭവിക്കുന്പോൾ ആ വെള്ളി മണിനാദം ഉയരും. അപ്പോൾ അവരെല്ലാം അദ്ദേഹത്തോടൊരുമിച്ച് ആഹ്ലാദിക്കണം. ആനന്ദം പങ്കു വെയ്ക്കുന്പോൾ അത് ഇരട്ടിയായി അനുഭവപ്പെടുമെന്നുള്ളതാണ് ഈ നിർദേശത്തിന്റെ പിന്നിലെ മനഃശാസ്ത്രം.

ജനങ്ങൾ മണിനാദം കേട്ട് ആനന്ദത്തിൽ പങ്കുചേരാൻ കാതോർത്ത് കാത്തിരിക്കുകയായിരുന്നു. ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുപോയി. ആഴ്ചകൾ മാസങ്ങൾക്ക് പിന്മാറി, വർഷങ്ങളും പലതു കഴിഞ്ഞു. മണിനാദം മാത്രം കേൾക്കാനിടയായില്ല. അവസാനം നാടുവാഴി പ്രായാധീനനും രോഗാതുരനുമായി തീർന്നു. അദ്ദേഹത്തിന്റെ അത്യാസന്നനിലയിൽ അദ്ദേഹത്തെ സന്ദർശിക്കാൻ നാട്ടുകാരെല്ലാം ഒത്തുകൂടി. അദ്ദേഹത്തോടുള്ള അവരുടെ സ്നേഹാദരവുകൾ അണപൊട്ടി ഒഴുകി. അത്യന്തം ഹൃദയവായ്പോടെ അവ‍ർ അദ്ദേഹത്തിന്റെ മുന്പിൽ കഴിച്ചു കൂട്ടി. ആ സമയത്താണ് അദ്ദേഹത്തിന് ഒരു കാര്യം ബോദ്ധ്യമായത്. തന്റെ ഗ്രാമവാസികൾ നിഷ്കളങ്കതയോടും ആത്മാർത്ഥതയോടും കൂടി തന്നെ സ്നേഹിക്കുന്നുവെന്ന്. ഇത് അദ്ദേഹത്തിന്റെ ഹൃദയത്തെ ഏറെ സ്പർശിച്ചു. സന്തോഷം കൊണ്ട് വീ‍‍‍‍‍‍‍‍ർപ്പുമുട്ടുന്ന അവസ്ഥയിലായി. അപ്പോൾ തന്റെ പഴയ വ്യവസ്ഥ ഓർത്ത് മണിനാദം ഉയർത്താൻ അദ്ദേഹം ആശ്രിതരോട് ആവശ്യപ്പെട്ടു. ആനന്ദത്തിന്റെ മണിനാദം ആദ്യമായി അവിടെ അലയടിച്ചു. ഈ കഥ ചില പാഠങ്ങൾ നമ്മുടെ മുന്പിൽ ഉയർത്തുന്നു.

ഒന്നാമത്, മണിനാദം ഉയരുവാൻ വൈകിയതിന്റെ കാരണം ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നു എന്ന സത്യം അദ്ദേഹത്തിന് മനസിലാകാത്തതുകൊണ്ടാണ്. ആശയസംവേദത്തിലുള്ള വിടവാണിവിടെ. സ്നേഹം ഹൃദയത്തിൽ സംഗ്രഹിക്കുവാനും സൂക്ഷിച്ച് വെയ്ക്കുവാനും മാത്രമുള്ളതല്ല. പ്രകടമാക്കുവാനും പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കുവാനുമുള്ളതു കൂടെയാണ്. ഹതാശയരായി നമ്മുടെ ഇടയിൽ പലരും കഴിയുന്നതിന് കാരണം തങ്ങളെ സ്നേഹിക്കുവാനും കരുതുവാനും ആരുമില്ല എന്ന ചിന്തയാണ്. ഒരു വ്യക്തിയുടെ ഏറ്റവും വലിയ ദുരവസ്ഥ സാന്പത്തികമായ ക്ലേശമോ ശാരീരികമായ പരാധീനതകളോ അല്ല. തന്നെ സ്നേഹിക്കുവാനും തനിക്ക് സ്നേഹിക്കുവാനും ആരുമില്ല എന്ന നിരാശാബോധമാണ്.

രണ്ടാമത്തെ പാഠം ശ്രദ്ധേയമാണ്. സാമൂഹ്യവും സാന്പത്തികവുമായ കാരണങ്ങളാൽ ചിലപ്പോൾ ജീവിതപങ്കാളികൾ ദീർഘകാലം അകന്നു പാ‍‍‍‍‍‍‍‍ർക്കേണ്ട സാഹചര്യം വന്നുചേരാം. പ്രവാസലോകത്ത് ഇത് സർവ്വസാധാരണമാണ്. അത് അവരുടെ പരസ്പര ബന്ധത്തെ പലപ്പോഴും സാരമായി ബാധിക്കാറുണ്ട്. അവിടെയാണ് സ്നേഹത്തിന്റെ ചൂടുള്ള സന്ദേശങ്ങൾ മുടക്കം വരുത്താതെ കൈമാറേണ്ടതും അന്യോന്യമുള്ള നിരന്തര സന്പർക്കത്തിൽ വർത്തിക്കേണ്ടതും.

പല മാതാപിതാക്കളും മക്കളോടുള്ള സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുകയല്ലാതെ അത് പ്രകടമാക്കാൻ വിമുഖരാണ്. കാരണം, അത് കുഞ്ഞുങ്ങൾക്ക് ദോഷം ചെയ്യുമെന്നാണ് അവരുടെ ആശങ്ക. അത് ഒരു വലിയ തെറ്റിദ്ധാരണയാണ്. സ്വന്തം മാതാപിതാക്കൾ തന്നെ ആഴമായി സ്നേഹിക്കുന്നു എന്നുള്ള ചിന്ത ഏതൊരു മകനും മകൾക്കും സുരക്ഷാബോധം കൈവരുത്താതിരിക്കുകയില്ല. ജോലിത്തിരക്കിലും ഉത്തരവാദിത്വങ്ങളുടെ ബാഹുല്യത്തിലും മക്കളോടുള്ള സ്നേഹം പങ്കിടുവാൻ മാതാപിതാക്കൾ മറക്കരുത്. ഇതിന്റെ അഭാവത്തിലാണ് മക്കൾ വീട്ടിൽ വിരുദ്ധനിലപാടു സ്വീകരിച്ച് സ്നേഹത്തിനായി പുതിയ മേച്ചിൽസ്ഥലങ്ങൾ തേടി വെളിയിൽ പരതി നടക്കുന്നത്.

 

മൂന്നാമതായി നാം പഠിക്കേണ്ട പാഠം, സന്തോഷമെന്നുള്ളത് കേവലം ബാഹ്യമായ ഘടകങ്ങളുടെയും സാഹചര്യങ്ങളുടെയും ഫലമായി ലഭിക്കുന്ന ഒന്നല്ല എന്ന സത്യമാണ്. അങ്ങനെയെങ്കിൽ മേൽപ്പറഞ്ഞ നാടുവാഴിയുടെ ഭൗതികസുഖങ്ങളും ആഹ്ലാദിക്കാനുള്ള ഘടകങ്ങളും ഏറെ ആയിരുന്നു. പക്ഷേ, മറ്റുള്ളവരിൽ നിന്ന് സ്നേഹം സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്പോൾ ഉണ്ടാകുന്ന കുളിർമ്മ അനിർവചനീയമാണ്. ജീവിതത്തിൽ ആനന്ദം അനുഭവിക്കുവാൻ സാഹചര്യമില്ലാത്ത എത്രയോ പേർ നമ്മുടെ ചുറ്റിലുമുണ്ട്. അവരോട് സ്നേഹപൂർണ്ണമായ ഒരു വാക്ക് നാം പറയുന്പോൾ, കരുതലിന്റെതായ കരം നീട്ടുന്പോൾ സന്തോഷത്തിന്റെ പ്രകാശം നാം അവരിൽ പരത്തുകയാണ്. ഇതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ആഴവും ഉറപ്പുമുള്ള ആത്മബന്ധത്തിന്റെ വിത്ത് പാകുവാൻ അത്തരം ചെയ്തികൾ നമ്മെ സഹായിക്കും.

You might also like

Most Viewed