വി­നയത്തോ­ളം വലു­താ­യി­ സ്വഭാ­വ മഹി­മയിൽ ഒന്നു­മി­ല്ല


രോപദേശങ്ങൾ പ്രഖ്യാപിക്കുന്നു: ‘അറിവ് മനുഷ്യന് വിനയം നൽകുന്നു. വിനയമുള്ളവൻ സമൂഹത്തിൽ ബഹുമാനിതനായിത്തീരുന്നു. അതുവഴി ധനവും ധനം വഴി സുകൃതങ്ങളും തന്മൂലം സൗഭാഗ്യവും ലഭിക്കുന്നു.’ ലോകം മുഴുവൻ ദിവ്യമായ ഈദ് പെരുന്നാളിന്റെ ഉജ്ജ്വല പ്രഭയിൽ മുഴുകി നിൽക്കുന്പോൾ ഈ സാരോപദേശം എത്ര അന്വർത്ഥമാണ്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ വ്യക്തിത്വം ശുദ്ധി ചെയ്യപ്പെട്ട ഇത്തരുണത്തിൽ വിനയമെന്ന വലിയ സ്വഭാവമഹിമ കൈവരിക്കാൻ കഴിഞ്ഞവരാകണം നാമൊക്കെ.

എന്താണ് വിനയം എന്ന വാക്കുകൊണ്ട് മനസിലാക്കേണ്ടത്? ആത്മസംയമനം, അഹംഭാവമില്ലായ്മ, പ്രതിപക്ഷ ബഹുമാനം, സംഭാഷണത്തിൽ മിതത്വം, പെരുമാറ്റത്തിൽ മര്യാദ തുടങ്ങിയ ഗുണങ്ങളുടെ സമ്മോഹനമായ സമ്മേളനമാണ് വിനയം. അഹങ്കാരമില്ലാതെ അന്തസോടെ പെരുമാറുന്നതും സംസാരിക്കുന്നതും വിനയത്തിൽ ഉൾപ്പെടും.

എന്നാൽ വിനയത്തിന്റെ കള്ളനാണയവും മനുഷ്യവിപണിയിലുണ്ട്. വിനയമില്ലാത്ത പലരും അതുണ്ട് എന്ന് നടിക്കും. പലരും പലപ്പോഴും വിനയം അഭിനയിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ്. ഞാൻ അറിവിൽ കുറവുള്ളവനാണ് എന്ന് പറയുന്ന ആളിന്റെ ഉള്ളിലിരുപ്പ് താൻ മികച്ചവനാണെന്നാണ്. പഞ്ചപുച്ഛമടക്കി നിൽക്കുന്ന ആളിന്റെ ഉള്ളിൽ അഹന്ത തിളച്ചു മറിയുന്നുണ്ടാവും. ആത്മാർത്ഥമായ വിനയവും പൊള്ളയായ വിനയവും തിരിച്ചറിയാൻ പാടുപെടേണ്ട കാര്യമില്ല.

അവനവന്റെ നേട്ടങ്ങളെപ്പറ്റിയോ ഗുണഗണങ്ങളെപ്പറ്റിയോ സൽപ്രവർത്തികളെപ്പറ്റിയോ കൊട്ടിഘോഷിക്കുന്നത് വിനയത്തിന്റെ ലക്ഷണമല്ല. പഴമക്കാരുടെ ഒരു ചൊല്ലുണ്ട്, ‘നിന്റെ ഗുണത്തപ്പറ്റി നിന്റെ വായിൽ നിന്ന് ഒന്നും പുറപ്പെടാതിരിക്കട്ടെ! അത് മറ്റുള്ളവർ കണ്ടും കേട്ടും പ്രശംസിക്കട്ടെ.’ നമ്മുടെ ഗുണം മറ്റുള്ളവർ അറിയാതിരിക്കില്ല. വിനയം കൊണ്ട് അതിനെ നാം ആവരണം ചെയ്യുന്പോൾ ആ മറവിൽക്കൂടി അധികം ശോഭയോടെ അത് പുറത്തുകാണും. ഒരുകാലത്ത് വിനയം സംസ്കാരത്തിന്റെ പ്രാഥമിക പാഠമായി അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിൽ ഇന്ന് ആ സ്ഥിതിക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. എല്ലാ ജീവിതമേഖലകളിലും കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതി വിശേഷമാണിന്ന് ഉള്ളത്. ശക്തിപ്രകടനങ്ങളുടെയും പോർവിളികളുടെയും കാലമാണിത്. വിനയം ബലഹീനതയായോ മണ്ടത്തരമായോ വ്യാഖ്യാനിക്കപ്പെടുന്ന കാലഘട്ടം!

രാഷ്ട്രീയത്തിലായാലും സാമുദായിക രംഗത്തായാലും ഉത്തമരായ നേതാക്കളുടെ അഭാവമാണ് നമ്മുടെ പ്രശ്നം. ജനങ്ങളുടെ അവകാശത്തിൻ മേൽ ആധിപത്യം ഉറപ്പിക്കാനും കുത്സിത മാർഗങ്ങൾ പ്രയോഗിക്കുവാനും വെന്പുന്നവരാണ് ഇന്നത്തെ നേതാക്കൾ എന്ന് തോന്നിപ്പോകുന്നു. നേതൃത്വത്തിന് പ്രഥമവും പ്രധാനവുമായ ഗുണം വിനീത മനസാണ്. ഈ യാഥാർത്ഥ്യം വിസ്മരിക്കുന്പോൾ നേതൃസ്ഥാനത്ത് ഇരിക്കുന്നവരും അവരെ വഹിക്കുന്ന സമൂഹവും അപകടത്തിലേയ്ക്ക് നീങ്ങാതിരിക്കില്ല. വിനയം സ്വായത്തമാക്കാനും നിലനിറുത്താനും കഴിയണമെങ്കിൽ മറ്റു പല ഗുണങ്ങളും കൈവരിക്കേണ്ടിയിരിക്കുന്നു. അതിൽ ഒന്നാമത്തേത് സത്യസന്ധതയാണ്. വസ്തുതകളെ അവയുടെ നിജസ്ഥിതിയിൽ കാണുവാൻ കഴിയണം. ഇതിന് പുറമെ ജീവിതത്തെ സംബന്ധിച്ച് സ്വന്തമായി സമഗ്രമായ വീക്ഷണം വളർത്തിക്കൊണ്ടു വരികയും വേണം. അനുഭവമാണ് നമ്മുടെ ഏറ്റവും വലിയ ആചാര്യൻ. ദുരനുഭവങ്ങൾ നമ്മുടെ അഹന്തതയെ അമർത്തും. അത് പലപ്പോഴും വിനയത്തിലേയ്ക്ക് വഴിതെളിക്കും. ആലോചനയില്ലാത്ത പ്രവർത്തി കൊണ്ട് ദുരനുഭവങ്ങളെ വിളിച്ച് വരുത്തുകയല്ല ചെയ്യേണ്ടത്. മനനത്തിലൂടെ അവയെ തടയുകയാണ് വേണ്ടത്.

ആമയുടെയും മുയലിന്റെയും ഓട്ടപ്പന്തയം പ്രസിദ്ധമാണല്ലോ. ഓട്ടത്തിൽ വിരുതനായ മുയലിന്റെ അഹന്തയും ആമയോടുള്ള പുച്ഛവും മുയലിൽ നിന്ന് വിനയഭാവവുമെടുത്തു കളഞ്ഞു. നേരേമറിച്ച് ഓട്ടത്തിൽ പിറകോട്ടായിരുന്ന ആമ ആ മത്സരത്തിൽ പങ്കെടുക്കാൻ കാണിച്ച സന്മനസു തന്നെ വിനയത്തിന്റെ ലക്ഷണമാണ്. ഒരിക്കലും ഓടി മുയലിനെ പരാജയപ്പെടുത്താൻ തനിക്ക് സാധിക്കുകയില്ല എന്ന സത്യം ഉൾക്കൊണ്ടു തന്നെ മുയലിനെ വിജയിപ്പിക്കുന്നതിനും  കിരീടമണിയിക്കുന്നതിനും  കരുവാകാൻ ആമ തന്നെത്തന്നെ വിനയപ്പെടുത്തി. ഫലം മറിച്ചായില്ലേ? ജീവിതത്തിലെ പല ഓട്ടപ്പന്തയങ്ങളിലും നമുക്കും ഈ അനുഭവമുണ്ടായിക്കൂടാ എന്നില്ല. വിനയപ്പെട്ടാൽ അതിനുള്ള സാധ്യതകൾ ഏറെ.

1964ലെ പത്താം ക്ലാസ് ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കിൽ പഠിച്ച ‘ദി ബാലാഡ് ഓഫ് ഫാദർ ഗിലിഗൻ’ എന്ന വടക്കൻ പാട്ടിന്റെ സാരാംശം ഇന്നും എന്റെ മനസിൽ തളംകെട്ടി നിൽക്കുന്നു. ഗില്ലിഗൻ അച്ചൻ തന്റെ ഇടവകയെ ആത്മാർത്ഥമായി സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത പൊതുജനങ്ങളുടെ ഹൃദയം വിനയത്തിലൂടെ കവർന്നെടുത്ത ഒരു വന്ദ്യപുരോഹിതനായിരുന്നു. തന്റെ ഇടവകയിലെ ജനങ്ങൾക്ക് സാംക്രമികരോഗം പിടിപെട്ട് ആളുകൾ ഓരോരുത്തരായി മരിക്കാൻ തുടങ്ങി. മരണത്തിന് മുന്പുള്ള അന്ത്യകൂദാശ നൽകേണ്ടത് പുരോഹിതന്റെ കടമയാണ്. തന്റെ കുതിരപ്പുറത്ത് മരണാസന്നരായി കിടക്കുന്ന ഓരോ രോഗിയേയും സന്ദർശിച്ച് ഈ കർമ്മം നിർവഹിക്കുന്നതിൽ അച്ചൻ ബദ്ധശ്രദ്ധനായിരുന്നു. വിശപ്പും ദാഹവുമടക്കാതെ രാത്രിയിലെ അന്ത്യയാമങ്ങളിൽ വരെ അദ്ദേഹത്തിന് ഈ കർമ്മത്തിൽ ഏർപ്പെടേണ്ടി വന്നു. ഒരുദിവസം രാത്രി നന്നേ വൈകി വീട്ടിലെത്തി വിശ്രമിക്കാനായി ചാരുകസേരയിൽ കിടക്കുന്പോൾ ഒരു രോഗിയുടെ ബന്ധു ഓടിയെത്തി അന്ത്യകൂദാശയ്ക്കായി അച്ചൻ പെട്ടെന്ന് വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടു. ഉടൻ എത്തിക്കോളാമെന്നദ്ദേഹം വാക്കുനൽകി. പക്ഷേ ക്ഷീണം കൊണ്ട് അദ്ദേഹം അവിടെ കിടന്ന് ഉറങ്ങിപ്പോയി. വാക്കു പാലിക്കാൻ പറ്റിയില്ല. ഉറക്കമുണർന്നപ്പോഴേക്കും നേരം വെളുത്തിരുന്നു. അച്ചൻ പെട്ടെന്ന് ഒരുങ്ങി കുതിരപ്പുറത്ത് വേഗത്തിൽ രോഗിയുടെ ഭവനത്തിലെത്തി. അപ്പോഴേക്കും രോഗി മരിച്ചിരുന്നു. അന്ത്യകൂദാശ നൽകാൻ കൃത്യസമയത്ത് എത്താതിരുന്ന കുണ്ഠിതത്തോടെ അദ്ദേഹം ബന്ധുക്കളോട് ക്ഷമാപണം യാചിച്ചു. അപ്പോൾ തന്നെ ക്ഷണിക്കാൻ വന്ന ബന്ധു പറയുന്നു. ‘അച്ചൻ ഈ വെള്ളകുതിരപ്പുറത്ത് കഴിഞ്ഞ രാത്രിയിൽ വന്ന് രോഗിയ്ക്ക് അന്ത്യകൂദാശ നൽകിയല്ലോ? അതു കഴിഞ്ഞാണ് രോഗി മരിച്ചത്.’ അച്ചന് അത്ഭുതമായി. ആലോചിച്ചപ്പോൾ മനസിലായി തന്റെ വേഷത്തിൽ ഒരു മാലാഖ വന്ന് അച്ചനുവേണ്ടി കർമ്മം നടത്തിയിരിക്കുന്നു. വിനയത്തോടെ ഗില്ലിഗൻ അച്ചൻ നന്ദി പറഞ്ഞു ദൈവത്തിന്. അദ്ദേഹം മരിച്ച ആളിന്റെ മൃതശരീരം അടക്കം ചെയ്യുന്ന ശുശ്രൂഷയും നടത്തി. വീട്ടിലെത്തി അതേ ചാരുകസേരയിൽ വിശ്രമിക്കാനായി കിടന്നു. ഒരു പ്രാവിന്റെ നിഷ്കളങ്കതയോടെ ആ കസേരയിൽ കിടന്ന് അദ്ദേഹം അന്ത്യവിശ്രമത്തെ പുൽകി. ഹൃദയസ്പർശിയായ ഈ വടക്കൻ പാട്ടിലെ സാരാംശത്തിൽ നിന്ന് ഒരു ഗുണപാഠമുൾക്കൊള്ളാൻ ഞങ്ങളുടെ ഇംഗ്ലീഷ് അദ്ധ്യാപകൻ നുറൂദ്ദീൻ സാർ ഞങ്ങളെ നിർബന്ധിച്ചു. ‘വിനയം സ്വർഗത്തെ ചായിച്ച് ഭൂമിയിലിറക്കും.’ അതല്ലേ അവിടെ നടന്നത്. സ്വർഗീയാനുഭൂതി ഭൂമിയിൽ ആരംഭിക്കണം. അതിന് ഉപോൽബലകമായ പ്രധാന ഗുണമാണ് വിനയം.

വിനയം പരിപുഷ്ടമാക്കപ്പെടുന്നതിന് സുഹൃത്തുക്കളും സന്പുഷ്ടമായ സുഹൃദ് ബന്ധങ്ങളും അത്യന്താപേക്ഷിതമാണ്. മറ്റുള്ളവരുടെ പ്രീതിയും അംഗീകാരവും അവരുടെ സ്നേഹവും ആദരവും നാം അഭിലഷിക്കുന്നു. ഇത് കൈയും കെട്ടിയിരുന്ന് കൈവരിക്കാവുന്ന ഒന്നല്ല. അതിനായി ആത്മാർത്ഥമായി ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്. നമ്മുടെ പ്രവ‍ർത്തിയിലും  പെരുമാറ്റത്തിലും ഉള്ള  വിനയഭാവമാണ് മറ്റുള്ളവരെ നമ്മിലേയ്ക്ക് ആകർഷിക്കുകയോ നമ്മിൽ നിന്ന് അവരെ അകറ്റുകയോ ചെയ്യുന്നത്. യഥാർത്ഥ സൗഹൃദം വിനയത്തിലൂടെ നേടിയെടുക്കാം.

ഇത് സംബന്ധമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

1. നാം പരിചയപ്പെടുന്നവരുടെ പേരുകൾ ഓർമ്മയിൽ വയ്ക്കുക. ചിലർക്ക് ഇതിന് വലിയ കഴിവുണ്ട്. അവർക്കത് എളുപ്പമാണ്. പരിചയപ്പെടുന്ന ആളിന്റെ പേരും മുഖവും തമ്മിൽ ബന്ധപ്പെടുത്തി ചിന്തിച്ച് രണ്ടു മൂന്നു വട്ടം അത് മനസിൽ ഉറപ്പിക്കുക. അപ്പോൾ ഓർക്കാൻ എളുപ്പമായിത്തീരും. കുറേക്കാലം കഴിഞ്ഞ് അദ്ദേഹത്തെ കണ്ടുമുട്ടുന്പോൾ പേരു വിളിച്ച് സംബോധന ചെയ്യാൻ നമുക്ക് കഴിയും. അപ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന സന്തോഷം അനൽപ്പമായിരിക്കും. ഇപ്പോഴും എന്റെ പേര് ഓർത്തിരിക്കുന്നു എന്ന് സന്തോഷത്തോടെ അനുസ്മരിച്ച് സൗഹൃദം ഊട്ടി ഉറപ്പിക്കാൻ ഇരുവർക്കും ഇങ്ങനെ സാധിക്കും.

2. മറ്റുള്ളവരുമായി സംസാരിക്കുന്പോഴും സന്പർക്കം പുലർത്തുന്പോഴും സൗഹാർദ്ദം പുലർത്തുക. ഇത് നമ്മെപ്പറ്റി അവരിൽ നല്ല അഭിപ്രായം ഉളവാക്കുന്നതിന് സഹായിക്കും. അധികാര പീഠത്തിലും സാന്പത്തിക ഔന്നത്യത്തിലും കഴിയുന്ന പലരും സന്ദർശകരോട് ഗൗരവഭാവം പുലർത്തുന്നു. സന്ദർശകരിൽ ഒരിക്കലും ഇത് മതിപ്പുളവാക്കുകയില്ല. എന്നു മാത്രമല്ല പുച്ഛവും വെറുപ്പും ഉണ്ടാക്കുകയും ചെയ്യും. നേരേമറിച്ച് സൗഹാർദ്ദത്തോടെ സന്ദർശകരെ സ്വീകരിച്ചാൽ അവരിൽ നമ്മെപ്പറ്റി മതിപ്പും ആദരവും ഉണ്ടാകാതെയിരിക്കില്ല.

3. ‘എനിക്കെല്ലാം അറിയാം’ എന്ന ഭാവത്തോടെ മറ്റുള്ളവരോട് സംസാരിക്കുന്പോൾ കേൾക്കുന്നവൻ നമ്മെ പ്രാരംഭത്തിൽ തന്നെ വിലയിരുത്തിക്കഴിയും. തങ്ങൾക്കെല്ലാം അറിയാം, തങ്ങളുടെ തൊഴിലിനെപ്പറ്റി മാത്രമല്ല, രാഷ്ട്രീയം, കല, സാഹിത്യം, ശാസ്ത്രം, മതം ഇവയെപ്പറ്റിയൊക്കെ അറിവ് നേടിയിട്ടുണ്ട് എന്ന മട്ടിലാണ് അവരുടെ സംസാരം. ഏതു വിഷയത്തെപ്പറ്റിയും അഭിപ്രായം കയറിപ്പറയും. ഇത്തരക്കാരെ സമീപിക്കുവാൻ ആരും ഇഷ്ടപ്പെടുകയില്ല. കഴിയുമെങ്കിൽ ഒഴിവാക്കാൻ ശ്രമിക്കും. മറ്റുള്ളവരുമായി സംഭാഷണം നടത്തുന്പോൾ അവർ പറയുന്നത് കേൾക്കുവാനാണ് നാം ശ്രമിക്കേണ്ടത്. ആവശ്യമുള്ളപ്പോൾ മാത്രം നമ്മുടെ അഭിപ്രായം പറയുക. നമ്മെ കാണുന്നതും നമ്മോട് സംസാരിക്കുന്നതും അത്യധികം സന്തോഷമുണ്ടാക്കുന്ന അനുഭവമായി മറ്റുള്ളവർ കരുതത്തക്കവിധത്തിലായിരിക്കണം നമ്മുടെ പെരുമാറ്റം.

4. നമ്മുടെ പരിചയക്കാർക്കോ സ്നേഹിതർക്കോ സന്തോഷകരമായ അനുഭവം വല്ലതുമുണ്ടെങ്കിൽ അവരെ അനുമോദിക്കാൻ മറക്കരുത്. അതുപോലെ അവർക്ക് ദുഃഖകരമായ വല്ലതും നേരിട്ടാൽ അനുശോചനം അറിയിക്കാനും സഹതാപം പ്രകടിപ്പിക്കാനും മറക്കരുത്. ആദ്യത്തേത് സന്തോഷത്തെ വർദ്ധിപ്പിക്കുന്നതു പോലെ രണ്ടാമത്തേത് ദുഃഖത്തെ ലഘൂകരിക്കും.

5. പല തരത്തിലുള്ള പ്രയാസമനുഭവിക്കാത്തവർ നമ്മെ സമീപിച്ചെന്നു വരും. ‘എനിക്കതിൽ ഒന്നും ചെയ്യാൻ കഴിയുകയില്ല എന്ന ഭാവത്തോടെ വർത്തിക്കാതെ അനുഭാവപൂ‍‍ർവ്വം അവർ പറയുന്നത് കേൾക്കുവാനും അവരുടെ മനസിന് ശക്തിയും ശാന്തിയും പകരുന്ന വാക്കുകൾ പറയുവാനും കഴിഞ്ഞാൽ അവർ നമ്മെ വിസ്മരിക്കുകയില്ല.

6. പരസ്പരമുള്ള സന്ദർശനങ്ങളും കൂടിക്കാഴ്ചകളും സൗഹൃദം വളർ‍ത്താൻ സഹായിക്കും. തിരക്കിട്ട ജോലിക്കിടയിലും കൃത്യാന്തര ബാഹുല്യത്തിലും സുഹൃത്തുക്കളെ കാണുവാനും സംസാരിക്കുവാനും സമയം കണ്ടെത്തണം.

7. മറ്റുള്ളവരെ ഇഷ്ടപ്പെടുവാൻ ശ്രമിക്കണം. അവരെ ഇഷ്ടമാണെന്ന നിലയിൽ അവരോട് സംസാരിക്കണം. അങ്ങനെ പല പ്രാവശ്യം ചെയ്യുന്പോൾ ഇതും തനി
യെ വന്നുകൊള്ളും. സുഹൃത്തുക്കളെ സന്പാദിക്കുന്നത് അങ്ങനെയാണ്.

നമ്മുടെ ജീവിതം ധന്യമാക്കുന്നത് ബാങ്കു ബാലൻസ് എത്രയാണ് എന്നതിലല്ല; എത്ര ഉത്തമരായ സുഹൃത്തുക്കളെ നേടാൻ കഴിഞ്ഞു എന്നതിലാണ്. അതിന് വിനയമെന്ന മഹത് ഗുണം സ്വഭാവത്തിൽ വിളങ്ങി നിൽക്കണം.

You might also like

Most Viewed