സ്വർഗം ഭൂമിയോട് സംസാരിക്കുന്നു’
ഉഷ്ണകാലത്തിമിർപ്പിലെങ്കിലും അന്തരീക്ഷം പോലും വ്രതശുദ്ധിയിൽ ലയിച്ചു നിൽക്കുന്ന ഈ നാളുകൾ പരിശുദ്ധമായ റമദാൻ മാസത്തിലെ അതിപ്രധാന നാളുകളാണല്ലോ. റമദാന്റെ അവസാനത്തെ പത്തു നാളുകളിൽ വിശുദ്ധഗ്രന്ഥം വെളിപ്പെട്ടുവെന്നും സ്വർഗം ഭൂമിയോട് സംസാരിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. പാപമോചനത്തിലൂടെയും ദാനധർമ്മങ്ങളിലൂടെയും ശുദ്ധമാക്കപ്പെട്ട മനുഷ്യമനസ്സിലെ ദൈവാംശത്തോട് സൃഷ്ടാവ് ദൂതരിലൂടെ സംഭാഷിക്കുന്ന മനോഹര മുഹൂർത്തങ്ങൾ ഈ പത്തു ദിനങ്ങളിലാണെന്ന് കരുതപ്പെടുന്നു. ആത്മശരീരമനസ്സുകളെ നൈർമല്യത്തിന്റെ നേർവെളിച്ചത്തിൽ ഉയർത്തപ്പെടുന്പോൾ ഉടയവൻ പ്രീതിപ്പെട്ട് സൃഷ്ടികർമ്മങ്ങളോട് ഇടപഴകുമെങ്കിൽ അപ്പോൾ സ്വർഗ്ഗം ഭൂമിയിൽ മുളച്ചു തുടങ്ങുമെന്ന് കരുതുന്നതിൽ തെറ്റില്ല. പരലോകത്ത് സ്വർഗം ഭാവനയിലാണെങ്കിൽ ആ സ്വർഗ്ഗത്തിന്റെ പ്രതിച്ഛായ ഇഹലോകത്തു തന്നെ ദർശിക്കുവാനും ആസ്വദിക്കുവാനും കഴിയുന്നത് മഹാഭാഗ്യം തന്നെ. ഈ സൗഭാഗ്യം ആസ്വദിക്കുവാൻ വിധിക്കപ്പെട്ടവരാണോ നാം? ഉറക്കെ ചിന്തിക്കണം.
അധികാരമുണ്ടെങ്കിലും അകതാരിൽ സ്വസ്ഥതയില്ലാത്തവരില്ലേ? സന്പന്നന്മാരെങ്കിലും സന്പത്തിൽ അപ്രമാദിത്വം അവകാശപ്പെടുന്പോഴും മനസിൽ സമാധാനമില്ലാത്തവരില്ലേ? വസ്തുവകകളും പുത്രീപുത്രസന്പത്തും ആകാരസൗഷ്ടവവുമൊക്കെ അതിരു കവിഞ്ഞുണ്ടെങ്കിലും ഉൾത്തടത്തിൽ അസ്വസ്ഥതയുടെ ഞരക്കം അനുഭവിക്കുന്നവരില്ലേ? ആലോചിച്ച് മെനക്കെടണ്ടാ. ഇതിനൊക്കെ കാരണം സ്വർഗം ഭൂമിയോട് സംസാരിക്കാത്തതാണ്; അല്ലെങ്കിൽ സ്വർഗത്തിന്റെ സംസാരം ഭൂമി കേൾക്കാത്തതുകൊണ്ടാണ്. കുടുംബം സ്വർഗതുല്യമാകണമെങ്കിൽ അത് വിശുദ്ധീകരിക്കപ്പെടണം. അവിടത്തെ ബന്ധങ്ങൾ പരസ്പര സ്നേഹത്തിന്റെ ഊഷ്മളതയിൽ ഉറപ്പിക്കപ്പെടണം. മക്കളായാലും മാതാപിതാക്കളായാലും പരസ്പര അംഗീകാരത്തോടെയും ബഹുമാനത്തോടെയും ഇടപെടണം. അതിരുകളില്ലാതെ ആശയവിനിമയം നടത്തണം. ജീവിതത്തിലെ വെല്ലുവിളികളെ കൂട്ടായി നേരിടണം. സ്വസ്ഥതയും സമാധാനവും നിറഞ്ഞ സ്വർഗ്ഗീയാനുഭൂതി അങ്ങനെയുള്ള ഭവനങ്ങളിലാണ് തളംകെട്ടി നിൽക്കുന്നത്. ഇത് തിരിച്ചറിയുന്ന ഭവനവാസികൾ സ്വർഗത്തിന്റെ ശബ്ദം കാതുകളിലാസ്വദിക്കുമെന്നതിൽ തർക്കമില്ല.
ഒരു വ്യവസായ പ്രമുഖൻ കടൽത്തീരത്തു കൂടി പ്രഭാതസവാരി നടത്തുന്പോൾ ഒരു വള്ളത്തിൽ വിശ്രമിക്കുന്ന മുക്കുവനെ കണ്ടു. മുക്കുവന്റെ മുഖത്ത് യാതൊരു ഉത്കണ്ഠയോ ആകുലതയോ ഇല്ല. മറിച്ച് നിറഞ്ഞ സംതൃപ്തിയുടെയും പ്രസന്നതയുടെയും ഭാവമാണ്. മൃദുലമായ ഒരു സോഫായിൽ ചാരിക്കിടക്കുന്ന അനുഭൂതിയിലാണ് അയാൾ വള്ളത്തിൽ ചാരിക്കിടക്കുന്നത്.
വ്യവസായ പ്രമുഖൻ താല്പര്യത്തോടെ മുക്കുവന്റെ അടുത്ത് ചെന്നു ചോദിച്ചു. “നിങ്ങൾ എന്തുകൊണ്ടാണ് മീൻ പിടിക്കാത്തത്? മത്സ്യത്തിന്റെ ഇളക്കമുള്ള ഈ സമയത്ത് അലസനായിക്കിടന്നാൽ എങ്ങനെ മീൻപടിക്കാൻ കഴിയും?” മുക്കുവൻ വളരെ തണുപ്പൻ മട്ടിൽ മറുപടി നൽകി. “ഇന്നത്തേക്കുള്ള മത്സ്യം ഞാൻ പിടിച്ചു കഴിഞ്ഞു. അതുകൊണ്ട് ഞാൻ അല്പം വിശ്രമിക്കുകയാണ്.” വ്യവസായി ചോദിച്ചു: “എങ്കിലും നിങ്ങൾക്ക് കൂടുതൽ പിടിക്കാൻ പാടില്ലേ?” മുക്കുവൻ തിരിച്ചു ചോദിച്ചു: “അതുകൊണ്ട് ഞാൻ എന്തു ചെയ്യാനാണ്?” ആർജനാസക്തിയുടെ പാരമ്യതയിൽ ചിന്തകൾക്ക് സ്ഥാനം കൊടുത്തിരിക്കുന്ന വ്യവസായിക്ക് ആ ഉത്തരം വിചിത്രമായി തോന്നി. അധികമധികം ഉൽപ്പാദിപ്പിക്കുക, കൂടുതൽ കൂടുതൽ സന്പാദിക്കുക എന്ന തത്വം ജീവിതശൈലിയാക്കിയിട്ടുള്ള അയാൾക്ക് അങ്ങനെയേ തോന്നുകയുള്ളൂ!
അയാൾ മുക്കുവനെ ബോധവൽക്കരിക്കാനുള്ള ശ്രമത്തിലായി. “കൂടുതൽ മത്സ്യം പിടിച്ചാൽ കൂടുതൽ പണമുണ്ടാക്കാം. അപ്പോൾ നിങ്ങളുടെ വള്ളത്തിന് ഒരു മോട്ടോർ ഘടിപ്പിക്കാനാകും. അപ്പോൾ തുഴയേണ്ടി വരികയില്ല. തന്നെയുമല്ല മോട്ടോർ ഘടിപ്പിച്ച ബോട്ടുമായി ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകാം. കൂടുതൽ മത്സ്യം കിട്ടാൻ അത് സഹായിക്കും. അതിനുശേഷം നിങ്ങൾക്ക് നൈലോൺ വലകൾ വാങ്ങാനാകും അപ്പോൾ വീണ്ടും കൂടുതൽ മത്സ്യം, അങ്ങനെ കൂടുതൽ പണം. പിന്നീട് താങ്കൾക്ക് രണ്ട് വള്ളങ്ങൾ വാങ്ങാൻ സാധിക്കും. ഇങ്ങനെ പരിമിതപ്പെടുത്തേണ്ടാ ഒന്നും. അനവധി വള്ളങ്ങളുടെ ഉടമയും ഒരു മത്സ്യവ്യവസായിയുമായി മാറാം. എന്നെപ്പോലെ താങ്കൾക്കും ഒരു സന്പന്നനാകാൻ കഴിയും!” ഈ പദ്ധതികളെല്ലാം വിനയത്തോടെയും ശാന്തതയോടെയും കേട്ടുകൊണ്ടിരുന്ന മുക്കുവൻ ചോദിച്ചു: “അങ്ങനെ ഒരു വലിയ സന്പന്നനായിട്ട് ഞാൻ എന്തുചെയ്യും?” വ്യവസായിയുടെ മറുപടി: “താങ്കൾക്ക് അപ്പോൾ ജീവിതം നന്നായി ആസ്വദിക്കുവാൻ സാധിക്കും.” മറുപടിയായി മുക്കുവൻ ഒരു ചോദ്യമുന്നയിച്ചു. “ഞാനിപ്പോൾ മറ്റെന്തു ചെയ്യുകയാണെന്നാണ് താങ്കൾ ധരിച്ചത്?”
ഈ പ്രതികരണം ആ വ്യവസായി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മുക്കുവൻ തുടർന്നു: “സാർ, ഞാനിപ്പോൾ സംതൃപ്തിയോടെ വിശ്രമിച്ച് ആസ്വദിക്കുകയാണ്. പ്രഭാതത്തിലെ അദ്ധ്വാനത്തിന് മുന്പ് ദൈവത്തോട് ഞാൻ അനുഗ്രഹം യാചിച്ചു. സ്വർഗം എന്നിൽ കനിഞ്ഞു. എന്റെ പ്രഭാതത്തിലെ അദ്ധ്വാനത്തോടു കൂടെയിരുന്ന് എനിക്കാവശ്യമുള്ളത് നൽകി. ആ സംതൃപ്തിയിൽ ഞാൻ വീണ്ടും എന്റെ ദൈവത്തോട് സംഭാഷണത്തിലാണ്. സ്വർഗം ഭൂമിയോട് സംസാരിക്കുന്നത് കാതോർത്ത് ഞാൻ കേൾക്കുകയാണിപ്പോൾ. എന്റെ അനിർവചനീയമായ ആത്മാനുഭൂതി പറഞ്ഞറിയിക്കാൻ സാധ്യമല്ല സർ.” വ്യവസായി ഒന്നും മിണ്ടാതെ കടന്നുപോയി. മുക്കുവനെപ്പറ്റി അയാൾ എന്താണ് ചിന്തിച്ചിരിക്കുക. സാന്പത്തിക പുരോഗതിയ്ക്കുള്ള വിശദവും വിദഗ്ദ്ധവുമായ പദ്ധതി താൻ നൽകിയിട്ടും അതു ഗൗനിക്കാതെ വേദാന്തം പറഞ്ഞ ‘മഠയൻ’ അല്ലേ ആ മുക്കുവൻ എന്ന് വ്യവസായി ചിന്തിച്ചു പോകാം. അവൻ ഒരു മുക്കുവൻ തന്നെ! അവന് അത്രയേ സാധിക്കൂ. അങ്ങനെയുള്ളവർ എങ്ങനെ പുരോഗതി പ്രാപിക്കും. ഇതൊക്കെ വ്യവസായിയുടെ കമന്റായി മാറും.
വലിയ സന്പത്തിന്റെ ഉടമയാവുക എന്നുള്ളത് ജീവിതലക്ഷ്യമായി എടുത്തിട്ടുള്ള അനേകരെ നമുക്ക് കാണാം. ആ ലക്ഷ്യം നേടുന്നതിന് ഏത് കുത്സിതമാർഗവും അവലംബിക്കും അവർ. ഏത് അധർമ്മവും പ്രവർത്തിക്കും. ആ മാർഗ്ഗത്തിൽ തന്നെ കാലിടറി അനേകരും നിലംപരിശാകുന്നു. പിന്നെയും നേട്ടം കൈവരിച്ചാലും അത് അവരെ കൂടുതൽ അധാർമ്മികതയിലേയ്ക്ക് നയിക്കുകയേ ഉള്ളൂ. ജീവിതസംതൃപ്തിയും ആത്മസന്തോഷവും മരിചീക പോലെ അവശേഷിക്കും. ആത്മസന്തോഷം കൊണ്ടാനന്ദിക്കണമെങ്കിൽ മുക്കുവനെപ്പോലെ സ്വർഗത്തിന്റെ ശബ്ദത്തിനായി കാത്തിരിക്കണം.
കുറെ വർഷങ്ങൾക്ക് മുന്പ് എന്റെ ഒരു ബന്ധുവിനെ ഉയർന്ന തസ്തികയിൽ ഗൾഫിലെ ഒരു ഓയിൽകന്പനിയിൽ ജോലിക്ക് കൊണ്ടുവരാൻ എനിക്ക് സാധിച്ചു. ചുരുങ്ങിയ സമയം കൊണ്ട് എത്രയും സന്പാദിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ചുറ്റുപാടുകൾ വീക്ഷിച്ച ശേഷം സ്നേഹിതരുടെ ബിസിനസ് വൃത്തിയിൽ ആകൃഷ്ടനായി ഒരു സ്വർണ്ണക്കട തുടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചു. എന്റെ അഭിപ്രായം തേടിയപ്പോൾ നന്നല്ല എന്ന് ഞാൻ പ്രതികരിച്ചു. എന്റെ അഭിപ്രായം വകവെയ്ക്കാതെ അദ്ദേഹം സ്വർണ്ണവ്യാപാരത്തിലെടുത്തു ചാടി. ബാങ്കിൽ നിന്ന് ഭീമമായ തുക ലോണെടുത്താണിത് ചെയ്തത്. ബിസിനസ് പാർട്ട്ണർ അദ്ദേഹത്തെ വഞ്ചിച്ചു. ബിസിനസ് പൊട്ടി. ബാങ്ക് ലോൺ അടയ്ക്കാൻ ബ്ലേഡിനെ ശരണം തേടി. പുതിയ പല ബിസിനസും പരീക്ഷിച്ചു ഒടുവിൽ വണ്ടിച്ചെക്ക് കേസിൽ കുടുങ്ങി ജയിലിലായി. ജോലിയും നഷ്ടപ്പെട്ടു. നാടുകടത്തപ്പെട്ടു. നാട്ടിൽ വീട്ടിലെ സ്വത്ത് പണയപ്പെടുത്തി, ഗൾഫിലെ കടം വീട്ടാൻ. ഹൃദയം പൊട്ടി അദ്ദേഹത്തിന്റെ പിതാവ് അകാലചരമം പ്രാപിച്ചു. തിരികെ നാട്ടിലെത്താൻ നിവർത്തിയില്ലാതെ ആരാലും അറിയപ്പെടാതെ അകലെയുള്ള ഒരു നഗരത്തിൽ വാടകയ്ക്ക് താമസമായി. എന്നിട്ടും പഠിച്ചില്ല. വീണ്ടും അവിശുദ്ധ ബന്ധങ്ങളിലൂടെ പുതിയ ബിസിനസ് മേഖലകളിലേയ്ക്ക്, റിയൽ എേസ്റ്ററ്റ് ബിസിനസിലേയ്ക്ക് വരെ എത്തി. ഒടുവിൽ ബിസിനസ് സംബന്ധമായ ഒരു യാത്രയിൽ മലേഷ്യയിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു; കോടികളുടെ ബാധ്യത മാത്രം ബാക്കി വെച്ചിട്ട് കുടുംബത്തെ കണ്ണീരിലാഴ്ത്തി അദ്ദേഹം അക്കരെയെത്തി. വഞ്ചിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജനം പിറുപിറുക്കുന്നു. പരലോകത്തും അദ്ദേഹം ബിസിനസിനുവേണ്ടി പരക്കം പായുമായിരിക്കാം! ഈശ്വരഭയമുള്ള, സമൂഹം മാനിക്കുന്ന ഒരു കുടുംബത്തിൽ പിറന്ന ഈ മനുഷ്യനോട് എത്ര വേദമോതിയാലും പ്രയോജനമില്ലായിരുന്നു. എത്രയോ പ്രാവശ്യം സ്വർഗം അദ്ദേഹത്തോട് സംസാരിച്ചു കാണും. മാതാപിതാക്കളടക്കം എത്രയോ സ്നേഹിതർ അദ്ദേഹത്തിന്റെ ചെയ്തികൾ നേരേയാവാൻ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചിട്ടുണ്ട്. എന്നിട്ടും സ്വർഗത്തിന്റെ ശബ്ദം ശ്രവിക്കാൻ ഭാഗ്യമില്ലാതെ പോയ ആ മനുഷ്യനെ ഓർത്ത് പരിതപിച്ചിട്ടെന്തു കാര്യം?
മുക്കുവന്റെ ദർശനത്തിൽ അദ്ധ്വാനവും പരിശ്രമവും വേണ്ടാ എന്നില്ല. ജീവിത സംതൃപ്തിക്ക് ഉതകുന്നതാവണം നമ്മുടെ ഉദ്യമങ്ങളും ഉത്സാഹങ്ങളും. സന്പത്ത് കൂട്ടിവെച്ച് അതിൽ സംതൃപ്തി കണ്ടെത്തുന്നവൻ ‘മൂഢൻ’ ആണ്. സുകൃതങ്ങളിൽ അതിശ്രേഷ്ഠമായ ഒന്നാണ് സംതൃപ്തി എന്നുള്ളത്. ബാഹ്യമായ എന്തെല്ലാം സ്വന്തമായാലും സംതൃപ്തി കൈവരണമെന്നില്ല. അത് ആന്തരികമായ ഒരു ഭാവമാണ്; ആത്മീയാനുഭവമാണ്. ഏതവസ്ഥയിലും സംതൃപ്തരായിരിക്കുവാൻ നാം അഭ്യസിക്കണം. സുഭിക്ഷതയിലും ദുർഭിക്ഷതയിലും കഴിയാൻ നമുക്ക് കഴിയണം. എല്ലാ സാഹചര്യങ്ങളെയും വിഭവസമൃദ്ധിയേയും വിശപ്പിനെയും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാൻ നാം പഠിക്കണം. നമ്മെ ശക്തരാക്കുന്ന അദൃശ്യമായ ശക്തിയുടെ മന്ത്രം ശ്രവിക്കാൻ കാതോർക്കുന്നവർക്ക് ഇത് സാധിക്കും. സ്വർഗം ഭൂമിയോട് സംസാരിക്കുന്ന അനർഘനിമിഷങ്ങൾ സൃഷ്ടിക്കുവാൻ നാം നമ്മെത്തന്നെ വ്രതശുദ്ധിയിലൂടെ വെടിപ്പാക്കുന്പോൾ ആ അദ്വൈത മന്ത്രം ശ്രവിക്കുവാൻ നാം സംപ്രാപ്തരാകും.
ജോർജ് ഗ്രെഷ്വിൻ എന്ന ഇംഗ്ലീഷ്കവി എഴുതിയ വരികൾ ഇവിടെ ശ്രദ്ധേയമാണ്. ‘ഒന്നുമില്ലായ്കകൾ ഏറെ; പക്ഷേ അദൃശ്യമായ ഒരു ശക്തി എന്നെ നയിക്കുന്നു.’ നാസി ഭീകരതയിൽ നരകയാതന അനുഭവിച്ച ഒരു നോർവീജിയക്കാരന്റെ സാക്ഷ്യം: ‘ആ ഭീകരാന്തരീക്ഷത്തിലും സന്തോഷവാനായിക്കഴിയാൻ എനിക്ക് സാധിച്ചു എന്നത് സ്വർഗത്തിന്റെ ശബ്ദത്തിനായി ഞാൻ എപ്പോഴും കാതോർത്തിരിക്കുന്നതു കൊണ്ടാണ്.!
എല്ലാ സാഹചര്യത്തിലും നന്മയെ കാണുന്നവരും നന്മ പുലരാൻ കാംക്ഷിക്കുന്നവരും ശ്രേഷ്ഠ വ്യക്തികൾ തന്നെ. അവരുടെ സംഖ്യ സമൂഹത്തിൽ ഒരുപക്ഷേ കുറവായിരിക്കാം. എങ്കിലും അവരുടെ സാന്നിദ്ധ്യവും സംഭാഷണവും അംഗീകരിക്കപ്പെടാതിരിക്കില്ല. പനിനീർ പുഷ്പം അതിന്റെ സൗരഭ്യം ചുറ്റിലും പരത്തുന്നതുപോലെ അവരുടെ സ്വാധീനം സമൂഹത്തിൽ ഉണ്ടാവുക തന്നെ ചെയ്യും. അത്തരക്കാർ അവസരം കിട്ടുന്പോഴൊക്കെ നന്മ പ്രവർത്തിക്കാൻ ശ്രദ്ധിക്കും. ഹൃദയ നൈർമല്യമുള്ളവർക്കേ അന്യരുടെ നന്മ കണ്ടെത്താൻ കഴിയൂ. നമുക്കില്ലാത്ത നന്മ മറ്റുള്ളവരിൽ കണ്ടാൽ അസൂയയുടെ മാറാല കൊണ്ട് അതിനെ മറയ്ക്കുന്ന ചിലരുണ്ട്. നമ്മിൽ കുടികൊള്ളുന്ന അസൂയയും സ്വാർത്ഥതയുമാണിതിന് കാരണം.
ഒരിക്കൽ ഒരു മനശാസ്ത്രജ്ഞൻ ഒരു പരീക്ഷണം നടത്തി. വെളുത്ത നിറമുള്ള ഒരു വലിയ തുണി ഒരു േസ്റ്റജിൽ വലിച്ചു കെട്ടി. അതിന്റെ മദ്ധ്യഭാഗത്ത് ഒരു ചെറിയ പൊട്ടിന്റെ വലിപ്പത്തിൽ കറുത്ത മഷികൊണ്ട് അടയാളമിട്ടു. പരീക്ഷണത്തിന് വിധേയരായവരോട് അവർ എന്തുകാണുന്നുവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിരിച്ചു കെട്ടിയ വലിയ വെള്ളത്തുണിയെന്ന് ചിലരും കറുത്ത മഷിപ്പൊട്ടെന്ന് മറ്റുചിലരും മറുപടി നൽകി. േസ്റ്റജ് നിറഞ്ഞു നിന്ന വലിയ വെള്ളത്തുണി കാണാൻ രണ്ടാമത്തെ കൂട്ടർക്ക് കഴിഞ്ഞില്ല. ഒരേ സാധനം ഒരേ സാഹചര്യത്തിൽ ഓരോരുത്തരും ദർശിക്കുന്നത് അവരവരുടെ വ്യക്തിത്വത്തിന്റെയും വീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് എന്ന് തെളിയുകയാണ് ഈ പരീക്ഷണത്തിൽ. കട്ടിയായ കൂരിരുട്ടിനെ ചിലർ പഴിക്കുന്നു. മറ്റു ചിലരാകട്ടെ ആ കൂരിരുട്ടിൽ അങ്ങിങ്ങായി പറന്നു നടക്കുന്ന മിന്നാമിനുങ്ങുകളെ അഭിനന്ദിക്കുന്നു.
മനോഹരമായ ഒരു റോസാപുഷ്പത്തിന്റെ ചിത്രത്തോടൊപ്പം ശ്രദ്ധേയമായ ഒരു കുറിപ്പ് വായിക്കുക:
Some people complain that the roses have thorns; Others rejoice that thorns have roses.
ചിലർ പരാതിപ്പെടുന്നത് റോസാച്ചെടിയിൽ മുള്ള് ഉണ്ടെന്നാണ്; മറ്റു ചിലർ സന്തോഷിക്കുന്നത് മുള്ളിനിടയിൽ റോസാപുഷ്പങ്ങൾ ഉണ്ട് എന്നതിനാലാണ്. മനസിന്റെ ആർദ്രഭാവത്തെ ആത്മനിർവൃതിയിൽ ഉൾക്കൊള്ളുന്പോഴേ മുള്ളിൽ പൂക്കൾ ദൃശ്യമാകൂ. അതിന് സ്വർഗം ഭൂമിയോട് സംസാരിക്കുന്ന ആസ്വാദ്യകരമായ അനുഭൂതിയിലായാൽ മതിയാവും!