നാണയവും നാഴികമണിയും
ലണ്ടൻ നഗരത്തിലെത്തിയ ഒരാൾ താൻ സന്ദർശിച്ച രണ്ടു മ്യൂസിയങ്ങളെപ്പറ്റി പരാമർശിക്കുന്നു. ഒന്ന്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് മ്യൂസിയം. നാണയങ്ങളെപ്പറ്റിയും വിനിമയോപാധികളെക്കുറിച്ചുമുള്ള അനവധി ദൃശ്യങ്ങൾ കണ്ടു. രണ്ടാമത് സന്ദർശിച്ചത് നാഴികമണി നിർമ്മാണ മ്യൂസിയമായിരുന്നു. അവിടെയും കൗതുകം നിറഞ്ഞതും വിജ്ഞാനം പകരുന്നതുമായ പലതും കണ്ടു. അദ്ദേഹം ഈ രണ്ട് സ്ഥാപനങ്ങളെയും ബന്ധിച്ച് ചിന്തിച്ചു: നാണയവും നാഴികമണിയും അഥവാ സന്പത്തും സമയവും രണ്ടും തമ്മിൽ ബന്ധമുണ്ട്. രണ്ടും ഈശ്വരന്റെ ദാനങ്ങളാണ്. മനുഷ്യജീവിതത്തിലെ രണ്ട് പ്രധാന ഘടകങ്ങൾ. ധനം നഷ്ടമായാൽ വീണ്ടും ആർജിക്കാം. എന്നാൽ സമയം നഷ്ടമായാൽ ആരു വിചാരിച്ചാലും അത് തിരികെ കിട്ടുകയില്ല. മനുഷ്യൻ തന്റെ സമയത്തിന്റെ സിംഹഭാഗവും സന്പത്ത് ഉണ്ടാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്നു. സന്പത്തു നേടിയാൽ തന്റെ സമയം ആഹ്ലാദപൂർണമാക്കുവാൻ അത് ചെലവാക്കുകയും ചെയ്യുന്നു. അവ തമ്മിൽ ഒരു സന്തുലിതാവസ്ഥ പുലർത്താൻ കഴിയാത്തതാണ് പലരുടെയും പ്രശ്നം. അത് അവരെ പരാജയത്തിലേയ്ക്ക് എത്തിക്കുന്നു.
സന്പത്തിനോട് ബന്ധപ്പെടുത്തി ചില ധാരണകൾ നമുക്കുണ്ട്. ധനം വർദ്ധിച്ചാൽ അതോടൊപ്പം സന്തോഷവും സംതൃപ്തിയും ജീവിതഭദ്രതയും കൈവരുമെന്ന് പൊതുവെ കരുതപ്പെടുന്നു. അതുകൊണ്ട് ഏതു വക്രത നിറഞ്ഞ മാർഗത്തിലൂടെയായിരുന്നാലും ധനം സന്പാദിക്കുക എന്നുള്ളത് അനേകരുടെ ജീവിതലക്ഷ്യമായി തീർന്നിരിക്കുന്ന കാലഘട്ടമാണിത്. യഥാർത്ഥത്തിൽ ധനം സന്തോഷം തരുമോ? ദാരിദ്ര്യത്തിലും പരാധീനതയിലും കഴിയുന്ന ഒരാൾക്ക് കുറേ പണം ലഭിച്ചാൽ തീർച്ചയായും സന്തോഷവും കൃതാർത്ഥതയും അനുഭവപ്പെടും. എന്നാൽ ജീവിതത്തിൽ ഒരു നിലവാരം എത്തിക്കഴിഞ്ഞ ശേഷം ധനത്തിന്റെ വർദ്ധന കൂടുതൽ സന്തോഷം കൈവരുത്തുകയില്ല എന്ന പരമാർത്ഥം പലരുടെയും സാക്ഷ്യമാണ്. ഏഷ്യയിലെയും ബ്രിട്ടനിലെയും ഏറ്റവും വലിയ കോടീശ്വരനും ഇന്ത്യൻ വംശജനും ആയ ലക്ഷ്മിനിവാസ് മിത്തൽ പ്രകടിപ്പിച്ച അഭിപ്രായം പ്രസക്തമാണ്. ഒരു ഘട്ടം കഴിഞ്ഞാൽ പണം ഒന്നും അല്ല. കാരണം ഒരു പരിധിവരെ മാത്രമേ നിങ്ങൾക്ക് ചെലവിടാൻ പറ്റൂ.
നമ്മുടെ ധനം നമുക്ക് പൊതുവായ വിധത്തിൽ സന്തോഷം നൽകുമെങ്കിലും നമ്മുടെ മനസിൽ ശാന്തിയും സന്തോഷവും പൂർണ്ണമായി കെടുത്തിക്കളയാൻ അത് മുഖാന്തിരമായേക്കാം. പണത്തിന്റെ പിന്നാലെയുള്ള പരക്കം പാച്ചിലിൽ ജീവിതത്തിലെ ചില മൂല്യങ്ങളേയും കടമകളെയും അവശ്യം ആവശ്യമായ ചില കർമ്മങ്ങളെയും നാം അപ്പോൾ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്തു എന്നു വരാം.
പണത്തെക്കുറിച്ച് നാം ഓർത്തിരിക്കേണ്ട ചില അടിസ്ഥാന പ്രമാണങ്ങളുണ്ട്. പണത്തിനു മേൽ ശരിയായ നിയന്ത്രണം പാലിച്ചാൽ മാനസിക സംഘർഷം നിശ്ചയമായും കുറഞ്ഞിരിക്കും. ധനസംബന്ധിയായ നിരവധി കാര്യങ്ങൾ അപ്പോൾ നമ്മുടെ നിയന്ത്രണത്തിലായിത്തീരും. ഉദാഹരണമായി ഷെയർ മാർക്കറ്റിലെ ഗതിവിഗതികളും രാഷ്ട്രീയ വ്യതിയാനങ്ങളും നമ്മുടെ കൈപ്പിടിയിൽ നിൽക്കുന്നവയല്ല. എന്നാൽ നമ്മുടെ നിക്ഷേപം എത്രയായിരിക്കണമെന്നത് നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരാവുന്ന കാര്യമാണ്. നമ്മുടെ സാന്പത്തിക പരിഗണനയിൽ സാധാരണയായി കടന്നുവരുന്ന നാല് വാക്കുകളുണ്ട്; വരവ്, ചിലവ്, കടം, സന്പാദ്യം. ഈ നാല് കാര്യങ്ങളെക്കുറിച്ചും ശരിയായ അവബോധവും പൊരുത്തവും പുലർത്തിയാൽ ജീവിതം വിജയകരമാക്കുവാൻ കഴിയും. പരിശുദ്ധിയുടെ നിറവിൽ ആചരിക്കപ്പെടുന്ന ഈ നോന്പുകാലഘട്ടത്തിൽ ഈ പൊരുത്തത്തെപ്പറ്റി ചിന്തിച്ച് പൊരുത്തക്കേട് ഒഴിവാക്കാനുള്ള ആത്മാർത്ഥമായ ശ്രമമുണ്ടായാൽ നന്നായിരിക്കും.
നമ്മുടെ വരവിനനുസൃതമായി ചിലവു ചെയ്യുന്ന ശീലം വളർത്തിയെടുത്താൽ പല സാന്പത്തിക പ്രശ്നങ്ങളും ഒഴിവായിക്കിട്ടും. നമ്മുടെ കീശയെ കാലിയാക്കുന്ന പല ഇനങ്ങളും നാം തിരിച്ചറിയണം. അതുപോലെ തന്നെ ആവശ്യവും ആഢംബരവും തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയേണ്ടതുണ്ട്. ആവശ്യങ്ങൾ ഒഴിവാക്കാവുന്നതല്ല. എന്നാൽ ആഢംബരങ്ങൾ ഒഴിവാക്കാം. പലപ്പോഴും ആഢംബരങ്ങളെ ആവശ്യങ്ങളുമായി കൂട്ടിക്കുഴയ്ക്കുന്ന പ്രകൃതമാണ് പലർക്കുമുള്ളത്. തിരിച്ചടയ്ക്കാനുള്ള സാധ്യത വ്യക്തമായി കാണാതെ വായ്പകളും കടങ്ങളും വരുത്തി വെയ്ക്കുന്നത് സ്വയം കെട്ടുന്ന കെണിയാണ്. ‘സാധ്യമല്ല’ എന്ന മറുപടി പറയാൻ മനക്കട്ടിയില്ലാത്ത ദുർബല വ്യക്തിത്വമുള്ളവരാണ് കടക്കെണിയിൽ അകപ്പെടുന്നത്. സ്വന്തം വീട്ടുകാരിൽ നിന്നുള്ള സമ്മർദ്ദമായാലും അവയോട് ‘സാധ്യമല്ല’ എന്ന ഉത്തരം പറയുവാനുള്ള ധൈര്യം ഒരു കലയായി അഭ്യസിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് പ്രവാസ ലോകത്ത് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന പ്രവാസികൾ. കടക്കെണി നിരവധി ആളുകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം സന്പാദ്യമായി മിച്ചം വെയ്ക്കുന്ന സ്വഭാവം പ്രവാസി വളർത്തിയെടുത്തില്ലെങ്കിൽ, തിരികെ നാട്ടിലെത്തുന്പോൾ ഗതികേടിലാകും. വ്യക്തി ജീവിതത്തിലായാലും കുടുംബജീവിതത്തിലായാലും സാന്പത്തിക അച്ചടക്കം അനിവാര്യമാണ്. സമയത്തെക്കുറിച്ചും ധനത്തെക്കുറിച്ചും കാര്യവിചാരകത്വ ബോധം ഉണ്ടാകണം.
എന്റെ ഒരു ഉത്തമസുഹൃത്തായിരുന്ന ഒരു പ്രവാസി വ്യവസായിയെക്കുറിച്ചുള്ള ഓർമ്മകൾ ഇവിടെ ശ്രദ്ധേയമാണ്. 30ൽ പരം റെസ്റ്റോറന്റുകൾ ഇന്ത്യയിലും വിദേശത്തുമായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു. മാത്രമല്ല മറ്റനവധി ബിസിനസ് സ്ഥാപനങ്ങൾ. 4000 ൽ പരം ജീവനക്കാർ. അദ്ദേഹം എപ്പോഴും നല്ല വസ്ത്രം, അതും സ്യൂട്ട് ധരിച്ചാണ് നടക്കുന്നത്. നല്ല ചൂടുകാലത്തും ഷൂസ്, കോട്ട്, ടൈ ഇവ അണിഞ്ഞ് ഒരു എക്സിക്യൂട്ടീവ് ലുക്കിലാണ് എപ്പോഴും അദ്ദേഹം. സ്വന്തം വീട്ടിൽ സന്ദർശകരെ സ്വീകരിക്കുന്നതുപോലും സ്യൂട്ടണിഞ്ഞാണ്. അതുകൊണ്ട് ജനം അദ്ദേഹത്തിന് ഒരു ഓമനപ്പേരു നൽകി. ‘കോട്ടച്ചായൻ’. കോട്ടച്ചായനെന്ന് അദ്ദേഹത്തെ വിളിക്കുന്നതും അദ്ദേഹത്തിന് താൽപര്യമായിരുന്നു. പക്ഷേ അച്ചായന് ‘കോട്ട്’ ഒരു ദൗർബല്യമയിരുന്നതു പോലെ സ്വന്തം ഭാര്യയും ഒരു ദൗർബല്യമായിരുന്നു. ഒരു ധാരാളിയായിരുന്നു അവർ. ആഢംബര ഭ്രമം ബാധിച്ച സ്ത്രീ. ദിവസം മൂന്ന് നേരം അവർ ഡ്രസ് മാറും. സ്റ്റാർ ഹോട്ടലിൽ നിന്നേ ഭക്ഷണം കഴിക്കൂ. ഓരോ ദിവസത്തെയും ദുർവ്യയം കണക്കാക്കിയാൽ നാം അതിശയിച്ചു പോകും. ഭർത്താവിനെ ചൊൽപ്പടിയ്ക്ക് നിറുത്താനുള്ള എല്ലാ വിരുതും അവർക്കുണ്ട്. ‘കോട്ട്’ എന്നാണ് സ്വന്തം ഭർത്താവിനെ നാമകരണം ചെയ്യുന്നത്. ‘Coat come here’ എന്ന ഭാര്യയുടെ കമന്റ് കേട്ടാലുടൻ കോട്ടച്ചായൻ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് ഭാര്യയുടെ തിരുസന്നിധിയിൽ നിൽപ്പായി. രണ്ട് മക്കളുണ്ട്, രണ്ടും ആൺമക്കൾ. അവർക്ക് ആ വീട്ടിൽ ഒരു വിലയുമില്ല. അതുകൊണ്ടു തന്നെ രണ്ടുപേരും കുടുംബസമേതം വാടകവീടുകളിലായിരുന്നു താമസം. ഒടുവിൽ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യത്തിന്റെ വിസ്തൃതി കുറയാൻ തുടങ്ങി. മതിലുകൾ ഇടിഞ്ഞു തുടങ്ങി. സർവ്വതും പൂട്ടി. എന്നിട്ടും ആഢംബരപ്രിയയായ പത്നി പത്തി മടക്കിയില്ല. ഉള്ള സ്വത്തുക്കൾ പണയപ്പെടുത്തി ബാങ്കിൽ നിന്നും ഭീമമായ ഒരു തുക ലോണെടുത്തു. തവണകൾ അടയ്ക്കാൻ നിവർത്തിയില്ലാതെ വന്നപ്പോൾ സ്വത്തു മുഴുവൻ ജപ്തി ചെയ്തു. മക്കൾ അച്ഛനെയും അമ്മയെയും പകുത്തെടുത്തു. കോട്ടച്ചായൻ മൂത്തമകന്റെ കൂടെ, കഥാപാത്രം ഇളയ മകനോടൊപ്പം. അധികം താമസിയാതെ ഹൃദയം പൊട്ടി കോട്ടച്ചായൻ മരിച്ചു. ശവപ്പെട്ടിയിൽ കിടക്കുന്ന കോട്ടച്ചായൻ അപ്പോഴും സ്യൂട്ട് ധരിച്ചിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്ന ഞാനും സംഗീതസംവിധായകൻ എം.കെ അർജുനൻ മാഷും മുഖത്തോടുമുഖം നോക്കി മന്ത്രിച്ചു, നാണയവും നാഴികമണിയും കരുതി കൈകാര്യം ചെയ്തില്ലെങ്കിലുള്ള ദുരവസ്ഥയെക്കുറിച്ച്.
സാമൂഹ്യജീവിയായ മനുഷ്യൻ സൗഹൃദം ഏറ്റവും പ്രിയപ്പെടുന്നു. ഒരാൾ പറയുന്നു, “ഏറെ സൗഹൃദം കൊണ്ട് ജീവിതം സുശക്തമാക്കുക. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവം.” സൗഹൃദം വ്യക്തിത്വത്തെ പുഷ്ഠിപ്പെടുത്തുക മാത്രമല്ല, രോഗത്തെ പ്രതിരോധിക്കാനും ദീർഘായുസ്സ് കൈവരുത്തുവാനും സഹായിക്കുന്നു. ഇത് കേവലം ഊഹാപോഹത്തിൽ നിന്നോ, സാങ്കല്പിക ഭാവനയിൽ നിന്നോ ഉണ്ടായ ഒരു പ്രസ്താവനയല്ല. ശാസ്ത്രീയ നിരീക്ഷണങ്ങളിൽ നിന്നും വസ്തുനിഷ്ഠമായ പഠനങ്ങളിൽ നിന്നും തെളിഞ്ഞിട്ടുള്ളതാണ്. എന്നാൽ ധനികന്, സന്പത്തിനെ മുറുകെപ്പിടിച്ചിരിക്കുന്ന ഒരുവന് സൗഹൃദം വെച്ചു പുലർത്താൻ മനസില്ല, സമയവുമില്ല. രോഗത്തിന്റെ ആഘാതത്തിലും വേർപാടിന്റെ തീരാദുഃഖത്തിലും പിടിച്ചു നിൽക്കാൻ ധനത്തിന് പരിമിതികളുണ്ട്. അപ്പോഴൊക്കെ പലർക്കും അത്താണിയായിത്തീരുന്നത് ഉത്തമ സുഹൃത്തുക്കളുടെ സാന്ത്വനങ്ങളും സന്ദർശനങ്ങളുമാണ്. പ്രത്യേകിച്ചും സമാനമായ അനുഭവങ്ങളിൽ കൂടെ കടന്നുപോയിട്ടുള്ളവരാണ് ആ സുഹൃത്തുക്കളെങ്കിൽ അവരുടെ വാക്കുകൾക്കും സാന്നിദ്ധ്യത്തിനും വലിയ വിലയാണ്. മനഃശാസ്ത്ര ഗവേഷണത്തിൽ വ്യാപൃതനായ ഷെല്ലി ടെയില്ർ പ്രസ്താവിക്കുന്നു: “ആരോഗ്യം സംരക്ഷിക്കുന്നതിൽ ഉത്തമ സുഹൃത്തുക്കൾക്ക് നൽകാവുന്ന സംഭാവന, ധനത്തേക്കാൾ വളരെ വലുതാണ്. വില കൊടുക്കാതെ ലഭിക്കുന്ന ഉത്തമ ഔഷധമാണ് നമ്മുടെ സാമൂഹിക ബന്ധങ്ങൾ.” ആരോഗ്യ പരിപോഷണത്തിന് സുഹൃത്ത് ബന്ധങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് നൂറുകണക്കിന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ധനത്തിന്റെ പിന്നാലെ പരക്കം പായുന്നവർ, പണത്തിന് മീതെ പരുന്തും പറക്കുകയില്ല എന്ന് പറഞ്‍ഞ് പരത്തുന്നവർ അവരുടെ സമയം, നാഴിക മണി, നല്ല സുഹൃത്ത് ബന്ധങ്ങളെ സൃഷ്ടിക്കാൻ ഉപയോഗിക്കുമെങ്കിൽ അവരിൽ പല സിദ്ധികളുമുണ്ടാകും. അപകടകാരികളായ രോഗങ്ങളെ അതിജീവിക്കാനുള്ള ശേഷി, രോഗ പ്രതിരോധ ശക്തി, ശക്തമായ മാനസികാരോഗ്യം, ദീർഘായുസ് ഇവ അവയിൽ പല സിദ്ധികളാണ്. നിങ്ങൾക്ക് ഒരാളോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകം അയാളെ ഒറ്റപ്പെടുത്തുകയാണ്.
ധനത്തോടുള്ള പ്രേമം, ഒന്നിനും സമയമില്ല എന്ന തോന്നൽ ഇവ ആകുലത, വിഷാദം തുടങ്ങിയ മാനസികരോഗങ്ങൾക്ക് കാരണമായിത്തീരും. വാർദ്ധക്യത്തിലെ ഓർമ്മക്കുറവ് പോലും ശക്തമായ സൗഹൃദബന്ധമുള്ളവർക്ക് ശക്തമാകാറില്ല.
ഈ പുണ്യമാസത്തിൽ ശക്തമായ കുറെ സുഹൃത്ത് ബന്ധങ്ങൾക്കായി ശ്രമിക്കുന്നത് ഭൗതിക നേട്ടങ്ങളുടെ പിന്നാലെ പായുന്നതിനേക്കാൾ ആത്മസംതൃപ്തി ലഭിക്കുന്നതിന് ഉപകരിക്കും.