‘ഉപവാ­സം ഇന്ദ്രി­യങ്ങളെ­ കീ­ഴടക്കാ­നു­തകും’


ഇന്ദ്രിയജയം അനായാസമായ ഒന്നല്ല. ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളും ശാരീരത്തിന്റേതായ പഞ്ചേന്ദ്രിയ

ങ്ങളും ചേർന്ന് ദശേന്ദ്രിയങ്ങളാണ് മനുഷ്യമനസിന്റെ പ്രക്ഷേപണ ശക്തി നിയന്ത്രിക്കുന്നതെന്ന് മനഃശാസ്ത്രം കു
ത്തിക്കുറിച്ചിട്ടുണ്ട്. അനിയന്ത്രിതമായ ചിന്തകളുടെ ആളിക്കത്തലിൽ ഇന്ദ്രിയങ്ങൾക്ക് വലിയ പങ്കുണ്ട് എന്നർത്ഥം. ഇന്ദ്രിയജയം നേടിയവ‍ർക്ക് ജീവിത ഗതി സ്വയം നിയന്ത്രി
ക്കാനും ഇഷ്ടാനുസരണം തിരിച്ചുവിടാനും ഭാവി ഭാവന
യിൽ തെളിയിക്കുവാനും മുന്നിലിരിക്കുന്നവരുടെ ഹൃദയവിചാരം ഒപ്പിയെടുക്കാനും സാധിക്കും. ചിലന്തി വലയിലെ ചെറിയ അനക്കങ്ങൾ പോലും അദൃശ്യതയിലിരുന്ന് തിരിച്ച
റിയുന്നതുപോലെയാണിത്. ഇന്ദ്രിയങ്ങൾക്ക് ബെല്ലും ബ്രേക്കുമില്ലെങ്കിൽ മനസും ശരീരവും ആത്മാവുമെന്ന ത്രിമൂർത്ത
ഭാവത്തിന്റെ ഏകതാഭാവത്തിന് ഭംഗം നേരിടും. ഉപവാസം ഇന്ദ്രിയങ്ങളെ ജയിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഒരു കർമ്മമാണെന്ന് വേദങ്ങൾ സാക്ഷിക്കുന്നു.

‘ഉപവാസം’ എന്ന വാക്കിന് ‘കൂടെ വസിക്കുക’ എന്ന വ്യാഖ്യാനമുണ്ട്. ആരുടെ അല്ലെങ്കിൽ എന്തിന്റെ കൂടെ വസിക്കുക എന്നതാണ് ചോദ്യം. Stay in Serenity, നൈർമല്യ ഭാവത്തിൽ വസിക്കുക എന്നതാണിതിൽ നിന്ന് ഉരുത്തിരിയുന്ന ഉത്തരം. മനസ്സിന്റെ വ്യാപാരത്തിൽ നൈർമല്യത്തിന്റെ ലോല തന്ത്രികളുടെ മധുരശബ്ദം ശ്രവിക്കാൻ കഴിയുന്ന മനുഷ്യന് ഇന്ദ്രിയജയം സാധ്യമാകുമെന്ന് സാധൂകരിച്ചിട്ടുണ്ട്. ഉപവാസം അതിന് ഉപോൽബലകമാണ്. അതിചിന്തകളെ അകറ്റി ആർദ്രചിന്തകളെ കൊണ്ട് അകതാര് സന്പുഷ്ടമാക്കുന്പോൾ തെളിയുന്ന വെള്ളിപ്രഭ ഉപവാസത്തിന്റെ വിശുദ്ധിയിലൂടെ വെളിപ്പെട്ടു വരുന്നതാണ് എന്നത് മതങ്ങളെല്ലാം ഘോഷിക്കുന്ന സദൃശ്യ സന്ദേശമാണ്. ജീവിതം ഫലപ്രദവും അർത്ഥപൂർണ്ണവുമാക്കാൻ ആഗ്രഹിക്കാത്തവർ ഒരുപക്ഷേ ആരുമുണ്ടാകയില്ല. എന്നാൽ ഇന്ദ്രിയ വിജയത്തിന്റെ അഭാവത്തിൽ ഉണ്ടാകാവുന്ന അശ്രദ്ധയാലും സാഹചര്യങ്ങളുടെ വൈപരീത്യത്താലും പലരുടെയും ജീവിതം പരാജയത്തിൽ കലാശിക്കുന്നു. നമ്മുടെ ജീവിതം ഇവിടെ ഒരിക്കലായി മാത്രം നമുക്ക് ലഭിക്കുന്നതാണ്. അതിനാൽ  അത് വിജയപ്രദമാക്കുവാൻ നാം പ്രത്യേകം ശ്രദ്ധിച്ചേ മതിയാവൂ.

ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്പ് രചിക്കപ്പെട്ട ‘എന്താണ് അമൂല്യമായിട്ടുള്ളത്?’ എന്ന ഒരു ലഘുഗ്രന്ഥത്തിന്റെ ഉള്ളടക്കം ആരേയും ആകർഷിക്കുന്നതാണ്. അന്ന റോബർട്സൺ ബ്രൗൺ എന്ന് അമേരിക്കൻ വനിത രചിച്ച ഈ ഗ്രന്ഥം ഇതിനോടകം എഴുപത്തി മൂന്ന് പതിപ്പുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത്രമാത്രം പ്രചാരവും പ്രസിദ്ധിയും ആ ഗ്രന്ഥം ആർജിക്കുവാൻ കാരണം ആ ഗ്രന്ഥത്തിലെ നിർദേശങ്ങൾ കാലപ്പഴക്കം കൊണ്ട് പ്രസക്തി നഷ്ടപ്പെടാത്തവ ആയതിനാലാണ്. ഉപവാസത്തിലൂടെ നേടാവുന്ന, ഇന്ദ്രിയ വിജയത്തിന് സഹായമാകാവുന്ന അഷ്ടമൂല്യങ്ങളെ വിദഗ്ദ്ധമായി ഗ്രന്ഥം കൈകാര്യം ചെയ്തിരിക്കുന്നുവെന്ന് മനസിലാക്കുക. അവ ഇപ്രകാരമാണ്.

1. ബുദ്ധിപൂർവ്വം സമയം ഉപയോഗിക്കുക: ഒരു പ്രധാന ചോദ്യം, നമുക്ക് എത്ര സമയം ലഭിച്ചിരിക്കുന്നു എന്നുള്ളതല്ല; നമ്മുടെ സമയം നാം എങ്ങനെ വിനിയോഗിക്കുന്നുവെന്നതാണ്. ലഭിച്ചിരിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക.

2. ചെയ്യുന്ന ജോലി വിലയിരുത്തുക: നമ്മുടെ ജോലി ഏത് തരത്തിലുള്ളതാണ്? നമ്മുടെ സ്വഭാവത്തെ മെച്ചപ്പെടുത്തുന്നതും മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുന്നതുമാണോ? അല്ലെങ്കിൽ സംതൃപ്തി എന്നത് ലഭിക്കുവാൻ സാധ്യതയില്ല.

3. ദിവസവും സന്തോഷം കണ്ടെത്തുക: ഇന്ന് ഞാൻ സന്തോഷവാനാകുന്നില്ലെങ്കിൽ, ഒരിക്കലും ഞാൻ സന്തോഷവാനാകുകയില്ല. ക്ഷമയോടും ഉത്സാഹത്തോടും കൂടെ നിസ്വാർത്ഥമായി പ്രവർത്തിക്കുക, കൃതജ്ഞതാ പൂർണ്ണമായ ഹൃദയത്തോടെ അങ്ങനെ ചെയ്യുമെങ്കിൽ എനിക്ക് സന്തോഷം ലഭിക്കും. ഭൂമിയിൽ ഏതൊരു മനുഷ്യനും ലഭ്യമാകുന്ന സന്തോഷം എന്റേതായിരിക്കും അപ്പോൾ.

4. സ്നേഹം ആചരിക്കുക: യഥാർത്ഥ സ്നേഹം ഒരിക്കലും അസൂയപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ഇല്ല. സ്നേഹം തളച്ചിടേണ്ട ഒന്നല്ല. അത് വാക്കിലും പ്രവ‍ർത്തിയിലും പ്രകടമാക്കേണ്ടതാണ്.

5. ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുക: ആഗ്രഹങ്ങൾ പലതരത്തിലുണ്ട്, ഉത്കൃഷ്ടങ്ങളും ബാലിശങ്ങളുമായവ. പലപ്പോഴും നമ്മെ വലിച്ചുകൊണ്ടുപോകുന്നത് ബാലിശങ്ങളും സ്വാർത്ഥപൂരിതവുമായ അഭിലാഷങ്ങളാണ്. അവയെ നാം നിയന്ത്രിച്ചേ മതിയാവൂ. ദുരാഗ്രഹങ്ങൾ നമ്മെ അടിമപ്പെടുത്തുവാൻ അനുവദിച്ചു കൂടാ.

6. സൗഹൃദം വളർത്തുക: ഒരു നല്ല സ്നേഹിതനായിരിക്കുക എന്നത് ഏറ്റവും അഭികാമ്യമായ അനുഭവമാണ്. നല്ല സ്നേഹബന്ധം പുലർത്തുവാൻ വളരെ ക്ഷമിക്കണം. വളരെ സഹിക്കണം, വളരെ വിസ്മരിക്കണം. ഉത്തമസൗഹൃദം അനായാസമല്ല. ഒരു നല്ല ഹൃദയവും പ്രതിപക്ഷ ബഹുമാനവും അതിനാവശ്യമാണ്.

7. ദുഃഖത്തെ ഭയപ്പെടരുത്: നിരാശകൾ ജീവിതത്തിൽ അനിവാര്യമാണ്. വേദന നമ്മുടെ കൂടെപ്പിറപ്പാണ്. ദുഃഖമെന്നത് നമുക്ക് മാത്രമായി നൽകപ്പെട്ട ഒന്നല്ല. ദുഃഖത്തിന്റെ അനുഭവത്തിൽ കൂടി നാം കടന്നുപോകുന്പോൾ അത് നമ്മെ സ്ഫുടം ചെയ്യും. സ്നേഹത്തെ കൂടുതൽ മനസിലാക്കാനും അനുഗ്രഹങ്ങൾ നൽകാനും ദുഃഖം നമ്മെ പ്രാപ്തരാക്കും.

8. വിശ്വാസം മുറുകെപ്പിടിക്കുക: ഈശ്വരന്റെ ആർദ്രസ്നേഹത്തിലുള്ള അചഞ്ചലവും സുദൃഢവുമായ വിശ്വാസം, ഈ ഭൗമിക ജീവിതത്തിനുമപ്പുറമുള്ള അവസ്ഥയെക്കുറിച്ച് നിർഭയമായി വീക്ഷിക്കുവാൻ നമ്മെ പ്രാപ്തരാക്കും. മാത്രമല്ല ഇഹലോകജീവിതം ഫലപ്രദമായും അർത്ഥപൂർണ്ണമായും കഴിച്ചു കൂട്ടുവാൻ നമ്മെ ശക്തരാക്കുകയും ചെയ്യും. 

മേൽപ്പറഞ്ഞ അഷ്ടമൂല്യങ്ങൾ മനസിനെ ഏകാഗ്രമാക്കിയുള്ള ഉപവാസപ്രക്രിയയിലൂടെ ഇന്ദ്രിയജയസിദ്ധി നേടി കൈവരിക്കാവുന്നതാണ് എന്നതാണ് ഗ്രന്ഥസാരം.

ലോകശ്രദ്ധ പിടിച്ചെടുത്ത ആഗ്രയിലെ താജ്മഹൽ എന്ന സ്നേഹസ്മാരകം പണികഴിച്ചപ്പോഴുള്ള ഒരു കഥ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. അതിന്റെ പ്രധാന എഞ്ചിനയർ ഒരു ദിവസം പണിസ്ഥലത്ത് എത്തി.  പണി ചെയ്യുന്നവരുടെ ജോലി അടുത്തു ചെന്ന് നിരീക്ഷിച്ചു. പക്ഷെ, അദ്ദേഹത്തെ അവർ തിരിച്ചറിഞ്ഞില്ല. ജോലിക്കാർ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് കല്ലും മണ്ണും ചുമന്നുകൊണ്ട് പോവുകയായിരുന്നു. ഒരു പണിക്കാരനെ സമീപിച്ച് എന്താണയാൾ ചെയ്യുന്നത് എന്ന് അദ്ദേഹം ചോദിച്ചു. “എന്നോട് ഈ കല്ലുകൾ അവിടെ കൊണ്ടുപോയി ഇടാൻ പറഞ്ഞിട്ടുണ്ട്. ഞാനതു ചെയ്യുകയാണ്.” എന്നായിരുന്നു അയാളുടെ മറുപടി. ഇതേ ചോദ്യം തന്നെ രണ്ടാമത് ഒരാളോടും ചോദിച്ചു. “എനിക്ക് ഒരു കുടുംബമുണ്ട്, ഭാര്യയും മക്കളും. ഞാനീ പണി ചെയ്തില്ലെങ്കിൽ അവർ പട്ടിണിയിലാകും. അവരെ പുലർത്താൻ മറ്റ് മാർഗ്ഗമൊന്നുമില്ല. അതുകൊണ്ട് ഞാൻ മണ്ണും കല്ലും ചുമക്കാൻ നിർബന്ധിതനായിത്തീർന്നിരിക്കുന്നു.” എന്നായിരുന്നു അയാളുടെ മറുപടി. അല്പം അകലെ കൂടെ പോയിരുന്ന മറ്റൊരാളോട് അദ്ദേഹം തന്റെ ചോദ്യം ആവർത്തിച്ചു. തന്നോട് സംസാരിക്കുന്നത് ആരെന്ന് മനസ്സിലാക്കാതെ ആ ജോലിക്കാരൻ പുഞ്ചിരിയോടെ പറ‍ഞ്ഞു. “മഹാരാജാവ് ഒരു സ്നേഹസ്മാരകം പണിയുകയാണിവിടെ. അദ്ദേഹത്തിന്റെ ആ മഹത് കർമ്മത്തിൽ എന്നെക്കൊണ്ട് ആവുന്നതുപോലെ ഞാൻ സഹായിക്കുകയാണ്.” ഇത് പറയുന്പോൾ തികഞ്ഞ ആത്മസംതൃപ്തി അയാളിൽ പ്രകടമായിരുന്നു. മൂന്നുപേരും ചെയ്തിരുന്നത് ഒരേ പ്രവർത്തിയാണ്. എന്നാൽ ആ ജോലിയോടുള്ള അവരുടെ മനോഭാവം എത്ര വ്യത്യസ്തമാണെന്ന് അവരുടെ മറുപടിയിൽ നിന്ന് വ്യക്തമാണ്.

ആദ്യത്തെ ആൾ അത് മടുപ്പ് ഉളവാക്കുന്ന ഒരു മുഷിപ്പൻ പണിയെന്നാണ് ചിന്തിച്ചത്. ആ ജോലിയിൽ സന്തോഷമോ സംതൃപ്തിയോ അയാൾക്ക് തോന്നിയില്ല. രണ്ടാമത്തെ ആൾ കുടുംബം പുലർത്തുക എന്ന ഭാരം നിർവഹിക്കുന്നതിനാണ് ജോലി ചെയ്യുന്നത്. പ്രതിഫലം മാത്രമാണ് അയാളുടെ ലക്ഷ്യം. മൂന്നാമത്തെ ആൾ ആകട്ടെ, ഒരു മനോഹര സൗധം കെട്ടിപ്പടുക്കുന്നതിൽ തനിയ്ക്കുമുണ്ട് ഒരു പങ്ക് എന്ന് അഭിമാനപൂർവ്വം ചിന്തിക്കുന്നു. സൗധത്തിന്റെ പ്ലാനിനെപ്പറ്റിയോ അത് പൂർത്തിയാക്കാൻ എത്രകാലം വേണ്ടിവരുമെന്നതിനെക്കുറിച്ചോ അയാൾക്ക് ഒരു വിവരവുമില്ല. പക്ഷേ മഹാനായ ഒരു ശില്പിയാണ് അത് വിഭാവന ചെയ്ത് ആരംഭിച്ചിരിക്കുന്നത് എന്ന് അയാൾക്കറിയാം. അതുകൊണ്ട് അതിന്റെ പൂർത്തീകരണത്തിൽ പൂർണ്ണ വിശ്വാസവുമുണ്ട്. അയാൾ തന്റെ സകല കഴിവുകളും മഹത്തായ ആ സംരംഭത്തിന് നൽകി പ്രയത്നിക്കുകയാണ് ചെയ്തത്.

ഇങ്ങനെ തങ്ങളുടെ അദ്ധ്വാനത്തോടും ജോലി
യോടും വ്യത്യസ്ത മനോഭാവം പുലർത്തുന്നവ
രെ നാം കണ്ടുമുട്ടുന്നു. അദ്ധ്വാനത്തെപ്പറ്റി പരാതിയും പിറുപിറുപ്പും നടത്തുന്നവരാണ് ചിലർ. തങ്ങളുടെ വിധിയെപ്പഴിച്ചും മറ്റുള്ളവരെ കുറ്റപ്പെടുത്തിയും അവർ സംസാരിക്കുന്നു. ഈർഷ്യയും വിരസതയുമാണ് അവരുടെ ചിന്തയിലും വാക്കിലും പ്രതിദ്ധ്വനിക്കുന്നത്. എന്നാൽ ഒരു മഹത് കർമ്മമാണ് എന്നിൽ നിക്ഷിപ്തമായ ജോലി എന്നും സമർപ്പണമനോഭാവത്തോടെ ചിന്തിച്ച് കർമ്മനിരതരാകുവാൻ കഴിയുന്നത് ആത്മസംസ്കരണമെന്ന ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നവർക്ക് മാത്രമേ സാധ്യമാകൂ. ആത്മാവിന്റെ നല്ല ഫലം പുറപ്പെടുവിപ്പിക്കുവാൻ ഇന്ദ്രിയ മോഹങ്ങളെ അടക്കിയവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. കർമ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഒരുപോലെ സംസ്കരിക്കപ്പെടണമെങ്കിൽ ഉപവാസം ഒരു ഉപാധിയാണ്. അപ്പോഴാണ് പ്രയത്നശീലം മൂലധനമായി കരുതി ആത്മവിശ്വാസത്തോടെ ഒരുവന് ജീവിതത്തിൽ മുന്നേറാൻ സാധിക്കുന്നത്. കാര്യങ്ങളൊക്കെ ഒരു ക്ലേശവും സഹിക്കാതെ എളുപ്പത്തിൽ സാധിക്കണ
മെന്ന ചിന്ത ഭരിക്കുന്നവർ ഇന്ദ്രിയാഭിലാഷങ്ങൾക്ക് അടിമകളാണ്. അവർക്ക് സ്വസ്ഥത ലഭിക്കുകയില്ല. മനോസൗഖ്യത്തിന്റെയും സമാധാനത്തിന്റെയും അടിത്തറ ഇന്ദ്രിയജയത്തിലാണ്. 

മനസ്സിന്റെ സമനിലയെ വേട്ടയാടുന്ന ആകാത്തതും അരുതാത്തതും അപ്രാപ്യവുമായ ചിന്തകളെ നിയന്ത്രിക്കുന്പോഴാണ് മനസ് സ്വസ്ഥതയുടെ തീരങ്ങളിലെത്തുന്നത്. ആധുനിക മനുഷ്യൻ പ്രാപഞ്ചിക ശക്തികളെ നിയന്ത്രിക്കുവാൻ കഴിവുറ്റവ
നാണ്. പക്ഷിമൃഗാദികളെ അവൻ മെരുക്കുന്നു; അണുവിൽ അടങ്ങിയിരിക്കുന്ന ഊർജത്തെ കൈയടക്കി സ്വന്തം ഇഷ്ടത്തിന് വിനിയോഗിക്കുന്നു. ഇതൊക്കെയാണെങ്കിലും സ്വയം നിയന്ത്രിക്കുവാൻ കഴിവില്ലാത്ത ദാരുണാവസ്ഥയാണ് ഇന്ന് മനുഷ്യനുള്ളത്.

ഒരു വിദ്വാന്റെ ഭാഷ്യം “എനിക്ക് ജോലിത്തിരക്കാണ്. എനിക്ക് രണ്ട് കഴുകന്മാരെ നിയന്ത്രിച്ച് നിറുത്തണം. രണ്ട് കുതിരകളെ കടിഞ്ഞാണിട്ട് പിടിച്ച് നിറുത്തണം. രണ്ട് പ്രാപ്പിടിയന്മാരെ പരിശീലിപ്പിച്ച് സജ്ജമാക്കണം. ഒരു രക്ഷസിനെ കീഴടക്കണം. ഒരു സിംഹത്തെ മെരുക്കിയെടുക്കണം. ഒരു രോഗിയെ എപ്പോഴും പരിചരിക്കണം.” രണ്ടു കഴുകന്മാർ അദ്ദേഹത്തിന്റെ കണ്ണുകളാണ്. വേഗത്തിൽ കുതിക്കുന്ന കുതിരകളാണ് കാലുകൾ. പ്രാപിടിയന്മാരാണ് തന്റെ കൈകൾ. രക്ഷസാണ് തന്റെ നാവ്. ശക്തിക്കാധാരമായ തന്റെ ഹൃദയം സിംഹമാണ്. താൻ പരിചരിക്കേണ്ട രോഗി തന്റെ ശരീരമാണ്. 

നമ്മുടെ ഇന്ദ്രിയങ്ങൾ നിയന്ത്രിക്കപ്പെട്ടാൽ നമ്മുടെ ജീവിതം സൽപ്പാതയിലായിരിക്കും. അതിന് പരിശുദ്ധമായ ഈ റമദാൻ മാസത്തിലെ ഉപവാസം പ്രയോജകീഭവിക്കട്ടെ. വൃതശുദ്ധിയുടെ ഈനാളുകളിൽ ഈ പുണ്ണ്യ മാസതിനെ സമാധാനവും സംതൃപ്തിയും ഏവർക്കും നേരുന്നു.

You might also like

Most Viewed