സന്തോഷത്തോടെ കൊടുക്കുന്നവനെ ഉടയവൻ സ്നേഹിക്കുന്നു
ദാനധർമ്മങ്ങളുടെ പുണ്യമാസമാണ് റമദാൻ മാസം. തന്റേതു എന്ന് ഭാവിച്ചിരുന്നവയെ മറ്റുള്ളവർക്കു കൂടെ ഭാഗിക്കേണ്ട മാസം. സ്വന്തമെന്ന് പറയാൻ തൃണപ്രാണനായ മനുഷ്യന് എന്താണുള്ളത്? എല്ലാം അവിടുത്തെ ദാനമല്ലേ! അത് പിടിച്ചടക്കി വെച്ച് തൻ കാര്യത്തിനായി മാത്രം ഉപയോഗിക്കുന്നത് നന്ദികേടാണെന്ന് തിരിച്ചറിയേണ്ട സമയമാണിത്.
പങ്കുവെയ്ക്കാൻ നിർബന്ധിക്കുന്പോൾ വൈമനസ്യത്തോടെ ദാനം ചെയ്യുന്നതിൽ കഴന്പില്ല. മനസറിഞ്ഞ് സന്തോഷത്തോടെ കൊടുക്കുന്പോഴാണ് സൃഷ്ടാവ് തന്റെ സൃഷ്ടിയിൽ പ്രീതിപ്പെടുന്നത്. കേറിക്കിടക്കാൻ ഒരു ഇടമില്ലാതിരുന്ന എനിക്കിപ്പോൾ മാളികകൾ പലതുണ്ട് എന്ന് വീന്പിളക്കുന്നവർ വയലിലെ പൂ പോലെ മനുഷ്യൻ മുളയ്ക്കുന്നു എന്നും വെയിലിൽ വാടിപ്പോകുന്നുവെന്നുമുള്ള സത്യം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. കോടികളും ലക്ഷങ്ങളും മുടക്കി ആഡംബര ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ പേരിനും പെരുമയ്ക്കുമായി കാട്ടുന്ന വെപ്രാളം അടുത്ത ശ്വാസത്തിന് എന്ത് ഗ്യാരണ്ടി എന്നതിനെ ഓർത്തുകൊണ്ടായിരുന്നാൽ നന്ന്. ‘കുംഭകോണം’ ഒരു സ്ഥല നാമമായിട്ടല്ല നാമിന്ന് മനസിലാക്കുന്നത്. നമ്മുടെ സമൂഹഗാത്രത്തിൽ വ്യാപകമായി ബാധിച്ചിരിക്കുന്ന ഒരു മാരകരോഗമായിട്ടാണ്. ഉന്നതതലങ്ങളിൽ തുടങ്ങി ഏറ്റം താഴ്ന്ന തലങ്ങളിൽ വരെ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകൾ മാത്രമാണ് ഇന്ന് കേൾക്കുവാനുള്ളത്. കോഴയും അഴിമതിയും സർവസാധാരണമായ കാര്യങ്ങൾ മാത്രം. പണം സന്പാദിക്കാനുള്ള വെന്പലിൽ സദാചാരത്തെയും മാനുഷികമൂല്യങ്ങളെയും കാറ്റിൽ പറത്തുന്ന അവസ്ഥ. ധനം ശക്തിയേകുന്നു; അധികാരം നൽകുന്നു; സ്വാധീനം വർദ്ധിപ്പിക്കുന്നു; ഉന്നതശ്രേണികളിൽ എത്തിച്ചേരാൻ സഹായിക്കുന്നു. അങ്ങനെയെങ്കിൽ ഏതു കുത്സിത മാർഗത്തിനും നീചകർമ്മത്തിനും വിലക്ക് കൽപ്പിക്കേണ്ടതില്ല! ഇതാണ് ഇന്നത്തെ ജീവിതദർശനം.
ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് നമ്മുടെ ഇന്നത്തെ ദുഃസ്ഥിതിക്ക് കാരണം. മദർതെരേസായെ ലോകമെങ്ങുമുള്ള ജനങ്ങൾ ജാതിമത ഭേദമന്യേ ആദരിച്ചിരുന്നു; ഇന്നും ആദരിക്കുന്നു. അവരുടെ ജനസ്വാധീനം അത്ഭുതാവഹമായിരുന്നു. അത് അവരുടെ സന്പത്തിന്റെ പ്രതാപം കൊണ്ടായിരുന്നില്ല. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയേയും അദ്ദേഹത്തിന്റെ ശിഷ്യനായ ബിനോബാഭാവയേയും ജനകോടികൾ സ്നേഹബഹുമാനങ്ങളോടെ അനുസ്മരിക്കുകയും അവരുടെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നത് അവർ വിശ്വോത്തരന്മാരായിരുന്നുവെന്നത് കൊണ്ടല്ല. അവരിൽ പ്രകടിതമായിരുന്ന പല ശ്രേഷ്ഠഗുണങ്ങളുടെയും വിശിഷ്ട സ്വഭാവങ്ങളുടെയും അടിസ്ഥാനത്തിലാണ്. അവർ ഉയർത്തിപ്പിടിച്ച ഉന്നതങ്ങളായ ജീവിതദർശനങ്ങളും ധാർമ്മിക മൂല്യങ്ങളുമാണ് അവരെ നമ്മുടെ ആരാധനാ പാത്രങ്ങളാക്കി തീർത്തത്. ജീവിച്ച സമൂഹത്തിലെ അഴുക്കുചാലുകളിൽ വീണുപോകാതെ സ്വയം കാത്തുസൂക്ഷിച്ച മഹത് വ്യക്തികൾ എക്കാലത്തുമുണ്ടായിരുന്നു. പ്രലോഭനങ്ങൾക്ക് വിധേയരാകാതെ അവർ ആദർശങ്ങളെ മുറുകെ പിടിച്ചു. അവർ ഒഴുക്കിനെതിരെ നീന്തി വിജയം വരിച്ച ആദർശധീരരാണ്. അവരെ ലോകമുള്ളിടത്തോളം കാലം ആദരിക്കും. കറപുരളാത്ത കൈകളും ഒളി മങ്ങാത്ത വ്യക്തിത്വവുമുള്ള ജനസേവകരാണ് ഇന്ന് ജനനായകരായി നമുക്കാവശ്യം. അവരുടെ ഉപദേശങ്ങളും അനുഭവങ്ങളും കേൾക്കുവാനും അവ പിന്തുടരുവാനും മറ്റുള്ളവർ ഉത്സുകരായിരിക്കും.
അമേരിക്കൻ പ്രസിഡണ്ടുമാരിൽ സമരാധ്യനായ വ്യ
ക്തിയായിരുന്നു തോമസ് ജഫേഴ്സൺ. അന്പത്തെട്ടാം വയ
സിലാണദ്ദേഹം പ്രസിഡണ്ടാകുന്നത്. എട്ടു കൊല്ലം ആ സ്ഥാനത്ത് പ്രവർത്തിച്ചു. മഹത്തും സുദീർഘവുമായ ജന
സേവനത്തിന്റെ ചരിത്രമാണദ്ദേഹത്തിനുള്ളത്. അധികാര
ത്തിന്റെ ഉത്തുംഗ പദവിയിൽ കഴിഞ്ഞ അദ്ദേഹം പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് വിരമിച്ച് സ്വകാര്യ ജീവിതമാരംഭിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നുള്ളവർ ഓർക്കേണ്ടതുണ്ട്. “പൊതുജനസേവനം അനുഷ്ഠിച്ച കാലത്ത് എന്റെ സ്വകാര്യ മുതൽ വർദ്ധിപ്പിക്കുന്നതിന് ഞാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ല. എന്റെ കൈകൾ ഒഴിഞ്ഞതാണെങ്കിലും അവയ്ക്ക് യാതൊരു മാലിന്യവും പറ്റിയിട്ടില്ല. കൊടുത്തു ശീലിച്ച കൈകൾ തിളങ്ങുന്നവയുമാണിപ്പോൾ.” അമേരിക്കൻ പ്രസിഡണ്ടിന്റെ അധികാരവും സ്വാധീനവും അത്യധികമാണ്. ധനമാണ് എല്ലാറ്റിനും വലിയതെന്ന് അ
ദ്ദേഹം കരുതിയിരുന്നെങ്കിൽ മേൽപ്പറഞ്ഞ വാക്കുകൾ ഉരുവിടാൻ അദ്ദേഹത്തിന് ശക്തി ലഭിക്കുകയില്ലായിരുന്നു.
മതങ്ങൾക്കും തത്വശാസ്ത്രങ്ങൾക്കും മനുഷ്യന്റെ മേൽ സത്പ്രേരണ ചെലുത്തുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്? ജെഫേഴ്സൺ അതിൽ അടിയുറച്ച് വിശ്വസിച്ചു. ജീവിതം സത്പന്ഥാവിൽ നയിക്കുന്നതിനാവശ്യമായ ചില കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘ഈശ്വരനിൽ വിശ്വസിക്കുക, പരസ്നേഹം പുലർത്തുക, സഹായഹസ്തം നീട്ടിക്കൊടുക്കുക, അനീതി ഒരിക്കലും ചെയ്യാതിരിക്കുക, സത്യത്തിൽ ഉറച്ചു നിൽക്കുക, പ്രതീക്ഷകൾ പരാജയപ്പെടുന്പോൾ ദൈവത്തെയോ മറ്റുള്ളവരെയോ പഴി പറയാതിരിക്കുക’ ഈ മൂല്യങ്ങളെ മുറുകെപ്പിടിച്ചതു കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതവും സേവനവും വിജയകരമായിത്തീർന്നത്. ഈ പുണ്യമാസത്തിന്റെ അന്തഃസത്തയും മേൽപ്പറഞ്ഞ മൂല്യങ്ങൾ തന്നെയാണ്. അവയിൽ പ്രധാനപ്പെട്ടതാണ് ‘സന്തോഷത്തോടെ കൊടുക്കുക’ എന്നത്.
ദാനശീലനായ ഭർത്താവ് കിട്ടുന്ന പണമെല്ലാം മറ്റുള്ളവർക്ക് കൈയയച്ച് നൽകുന്നു എന്ന് പരാതിപ്പെട്ട് വീട്ടിൽ ലഹളയുണ്ടാക്കി. ലഹള അടിപിടിയിൽ എത്തി. ഒടുവിൽ ഒത്തുതീർപ്പിനായി എന്റെ അടുത്തും. സത്യം വെളിപ്പെടുത്തി ഭർത്താവിങ്ങനെ പറഞ്ഞു: “സാർ, വരുമാനത്തിന്റെ കണക്ക് മുഴുവൻ സൂക്ഷിക്കുന്നത് എന്റെ ഭാര്യയാണ്. ഒരു ദിനാറിന്റെ പോലും കളവ് ഞാൻ കാണിക്കാറില്ല. വരുമാനത്തിന്റെകൃത്യം 10 ശതമാനം ദശാംശമായി മറ്റുള്ളവർക്ക് നൽകും. അതെന്റെ ഒരു ജീവിതധർമ്മമാണ്. അതിെലന്താണ് തെറ്റ്? എല്ലാ മതങ്ങളുടെയും അന്തഃസാരം ദശാംശം നൽകണമെന്ന് നിഷ്കർഷിക്കുന്നില്ലേ! അതുകൊണ്ട് സാന്പത്തിക ക്ലേശമൊന്നും ഞങ്ങൾക്കുണ്ടായിട്ടില്ല. സാർ ഇവളെ ഈ കാര്യം പറഞ്ഞ് മനസിലാക്കുക. എന്റെ ശ്രമം പരാജയപ്പെട്ടു.” ഭാര്യയുടെ മറുപടി, “സാറെ, ദശാംശം കൊടുക്കേണ്ടത് സാധുക്കൾക്കല്ലേ; അല്ലെങ്കിൽ ദേവാലയത്തിലേക്കല്ലേ? ഇദ്ദേഹം ദശാംശത്തിന്റെ തുക നൽകുന്നത് കൂട്ടുകാർക്ക് കടമായിട്ടാണ്. ചിലപ്പോൾ അവർ തിരിച്ചു നൽകാറില്ല. ചിലപ്പോൾ സ്ത്രീകൾക്കാണ് ഒരു കാരണവും കൂടാതെ. പിന്നെങ്ങനെയാണ് ഞാൻ പിണങ്ങാതെ ഇരിക്കുന്നത്?’
സന്പത്ത് പങ്കുവെയ്ക്കേണ്ടത് എങ്ങനെയെന്നും ആർക്കാണെന്നും പഠിപ്പിക്കേണ്ട ഗതികേടിലായി ഞാൻ. പേരും പ്രശസ്തിയും ആഗ്രഹിച്ച് സാധുക്കൾക്ക് സഹായം നൽകുന്ന പലരേയും നമുക്ക് കാണാം. പത്രത്താളുകളിൽ പ്രത്യക്ഷപ്പെടാൻ കൊട്ടിഘോഷിച്ച് സാധുജന സേവനം നടത്തുന്നത് തെറ്റാണ് എന്നല്ല ഇതിനർത്ഥം. പ്രത്യുപകാരമായി ഒന്നും പ്രതീക്ഷിക്കാതെ മനസു തുറന്ന് കൊടുക്കുന്പോഴാണ് ദൈവാനുഗ്രഹം അനവരതമായി നമുക്ക് ലഭിക്കുന്നത്. ഈശ്വരൻ പ്രസാദിക്കുന്നതും അങ്ങനെയുള്ള അവസരങ്ങളിലാണ്.
പ്രസിദ്ധനായ ഒരു എഞ്ചിനീയറും അദ്ദേഹത്തിന്റെ സ്നേഹിതനും കൂടി ഒരിക്കൽ നയാഗ്രാ വെള്ളച്ചാട്ടം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു. എഞ്ചിനീയർ പറഞ്ഞു. ഇതുവരെ ഉപയോഗപ്പെടുത്താത്ത ഭൂമിയിലെ ഏറ്റവും വലിയ ഊർജ്ജസ്രോതസാണ് ആ കാണുന്നത്. അദ്ദേഹത്തിന്റെ ശാസ്ത്ര − സാങ്കേതിക ജ്ഞാനം ആ പ്രവാഹത്തെ എപ്രകാരം വ്യാഖ്യാനിച്ചുവെന്ന് നമുക്ക് അനുമാനിക്കാം. സ്നേഹിതൻ മറുപടിപറഞ്ഞു. ഞാൻ താങ്കളോട് വിയോജിക്കുന്നു. ഇതുവരെയും ഉപയോഗപ്പെടുത്താത്ത ഏറ്റവും വലിയ ഊർജസ്രോതസ് മനുഷ്യന്റെ ആത്മാവും മനസുമാണ്. അവ സദുദ്ദേശപരമായി വിനിയോഗിക്കപ്പെട്ടിരുന്നുവെങ്കിൽ എത്ര പ്രയോജകീഭവിക്കുമായിരുന്നു. എഞ്ചിനീയർ പ്രതികരിച്ചു: താങ്കൾ പറഞ്ഞത് ശരിയാണ്. മതമെന്നുള്ളത് പൗരാണിക രഹസ്യങ്ങളുടെ കലവറയായി മാത്രം വർത്തിച്ചു കൂടാ. മതം ദൈനംദിന ജീവിതത്തിൽ ആത്മമനസുകളിൽ ദിവ്യശക്തി ഉത്തേജിപ്പിച്ച് അത് മാനവരാശിക്ക് എപ്രകാരം ഉപയോഗപ്പെടുത്താമെന്ന് മനുഷ്യരെ ബോധവൽക്കരിക്കുന്ന ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ പഠനശാലകളായി മാറണം. ആ എഞ്ചിനീയർ തുടർന്നു: “എനിക്ക് ഗിരിനിരകളെ തുരന്ന് തുരങ്കങ്ങൾ നിർമ്മിക്കാം. നദികൾക്ക് കുറുകെ പാലങ്ങൾ പണിയാം. വെള്ളച്ചാട്ടങ്ങളെ തടഞ്ഞു നിറുത്തുന്ന അണക്കെട്ടുകൾ ഉണ്ടാക്കാം. പക്ഷേ മനുഷ്യമനസിനെ സംസ്കരിച്ച് നന്മയുടെ കൂടാരത്തിലേക്ക് നയിക്കുവാനോ നല്ല ഫലം കായ്ക്കുന്ന തോപ്പുകളാക്കി മാറ്റാനോ സാധ്യമല്ല. അത് ധ്യാനത്തിലൂടെയും നോന്പിലൂടെയും ദാനധർമ്മങ്ങളിലൂടെയുമേ സാധ്യമാകൂ.” പ്രസിദ്ധനായ വാഷിംഗ്ടൺ കൂപ്പർ ആയിരുന്നു ആ എഞ്ചിനീയർ.
ഭൗതിക മണ്ധലത്തിലെ എല്ലാ ഊർജ സ്രോതസുകളെയും നാം ഇന്ന് ഉപയോഗപ്പെടുത്തിയിരിക്കുന്നു. നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത വണ്ണം അവയിൽ നിന്നുള്ള ശക്തി ഭീകരത്വം പ്രാപിച്ചിരിക്കുന്നു. മാന്ത്രികക്കുടത്തിൽ ഒളിച്ചിരുന്ന ഭൂതത്തെ പുറത്തുവിട്ട അവസ്ഥ. ലക്ഷ്യബോധവും നൈതിക ചിന്തയുമുണർത്തുന്ന ആദ്ധ്യാത്മിക ശക്തി ആർജ്ജിക്കാതെ പ്രാകൃതിക ശക്തികൾ മാത്രം വികസിപ്പിച്ചെടുത്തതാണ് ഇന്നത്തെ നമ്മുടെ പ്രതിസന്ധി. ആയുധനിർമ്മാണ വിരാമക്കരാറുകൾ എങ്ങനെ സാധ്യമാകുമെന്ന ചിന്തയിലാണ് രാഷ്ട്രനേതാക്കൾ. സാംസ്കാരിക പുരോഗതി കൈവരുത്താതെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ കുതിച്ചുകയറ്റം നമ്മെ നാശത്തിലെത്തിച്ചിരിക്കുന്നു. ആദ്ധ്യാത്മിക ശക്തിയുടെ സാധ്യതകളെ മനസിലാക്കിയവരും പ്രയോജനപ്പെടുത്തിയവരുമായ അനേകർ ചരിത്രത്തിലുണ്ട്. മഹാത്മജി അവരിൽ അഗ്രഗണ്യനാണ്. ഒരു എഞ്ചിനീയർക്കോ, ഭൗതിക ശാസ്ത്രജ്ഞനോ മനഃശാസ്ത്രജ്ഞനോ കൈവരിക്കാൻ കഴിയാത്ത നേട്ടമായിരുന്നു അദ്ദേഹത്തിന്റേത്. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും അദ്ദേഹം ആർജിച്ച ആത്മബലം അത്ഭുതാവഹമായിരുന്നു. സൂര്യൻ അസ്തമിക്കാത്ത ഒരു സാമ്രാജ്യത്തെ അക്രമരഹിതമായ മാർഗത്തിലൂടെ പരാജയപ്പെടുത്തി രക്തം ചിന്താതെ ഒരു ജനതക്ക് സ്വാതന്ത്ര്യം ലഭ്യമാക്കി. അദ്ദേഹം ലോകത്തിന് വെളിപ്പെടുത്തിയ ധാർമികവും ആദ്ധ്യാത്മികവുമായ ശക്തിയുടെ മഹത്വം ഇനിയും നാം മനസിലാക്കേണ്ടിയിരിക്കുന്നു.
ഇന്ന് ശക്തിപ്രകടനങ്ങളുടെ മുന്നേറ്റമാണ്. രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, മതസംഘടനകളും ശക്തി പ്രകടന രംഗങ്ങൾ സൃഷ്ടിക്കുന്നു. പണത്തിന്റെ കൊഴുപ്പും അധികാരത്തിന്റെ ശക്തിയും പ്രകടിപ്പിക്കുന്നതിൽ ഇവരെല്ലാം മത്സരിക്കുകയാണ്. ആയുധ ശക്തികൊണ്ട് മറ്റ് രാജ്യങ്ങളെ മുട്ടുമടക്കിക്കാമെന്ന് ഗർവ്വ് പുലർത്തുന്ന രാഷ്ട്രങ്ങളുമുണ്ട്. ഇവിടെയാണ് ധാർമ്മികതയുടെ പ്രസക്തി ഏറുന്നത്. നമ്മെ നവീകരിക്കാനും ശാക്തീകരിക്കുവാനും ആത്മശക്തിക്ക് കഴിയുമെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
ഈ തിരിച്ചറിവ് ഉണ്ടാകണമെങ്കിൽ നാം നമ്മെത്തന്നെ ആത്മസംസ്കരണത്തിന് വിധേയരാക്കണം. ആത്മസംസ്കരണം പ്രാപ്യമാകുന്നത് ധ്യാനം, നോന്പ്, മിതഭാഷണം, പ്രാർത്ഥന ഇവകളിലൂടെയാണ്. അപ്പോൾ ‘ഞാൻ’ ഒതുങ്ങിയിട്ട് ‘നീ’ എന്ന ചിന്ത നമ്മെ ഭരിക്കും. എന്റേത് നമ്മുടേതാണെന്ന വികാരം നമ്മെ ഭരിക്കും, അവിടെയാണ് പങ്കു വെയ്ക്കലെന്ന മഹത് കർമ്മം ആരംഭിക്കുന്നത്. മനസറിഞ്ഞുള്ള പങ്കുവെയ്ക്കൽ, മനസിൽ തട്ടിയുള്ള ദാനധർമ്മം അപ്പോൾ ജീവിതശൈലിയായി മാറും. അവിടെയാണ് ദൈവപ്രസാദമുണ്ടാകുന്നത്. പരിശുദ്ധമായ റമദാൻ മാസത്തിന്റെ ഭാവുകങ്ങൾ വായനക്കാർക്ക് നേരുന്നു.