‘പരിശുദ്ധ നോന്പേ, സമാധാനത്താലെ വരിക’
ജോൺ പനയ്ക്കൽ
പരിശുദ്ധ റമദാൻ മാസം സമാഗതമാകുന്നു. ഇനിയുള്ള ഒരു മാസക്കാലം വ്രതാനുഷ്ഠാനത്തിന്റെ ദിനങ്ങളാണല്ലോ. ശരീരത്തിന് വ്യായാമം നൽകി മെരുക്കിയെടുക്കുന്നതു പോലെ മനുഷ്യമനസിനെ സംസ്കരിച്ചെടുക്കുന്നതിനുള്ള ഒരു വലിയ പ്രക്രിയയാണ് നോന്പ് അനുഷ്ഠാനം. ദുഃചിന്തകളെ അകറ്റി സുകൃത പ്രവർത്തികൾ ചെയ്ത് മനസ്സിനെ മെരുക്കുകയും സമാധാനം കൊണ്ട് നിറയ്ക്കുകയുമാണ് റമദാന്റെ ഉള്ളടക്കം. ജഢമോഹങ്ങൾക്ക് കടിഞ്ഞാണിട്ട് ആത്മശുദ്ധി കൈവരിക്കുന്ന വിശുദ്ധീകരണ പ്രക്രിയ കൂടെയാണ് ഈ അനുഷ്ഠാനത്തിൽ അന്തർലീനമായിരിക്കുന്നത്. ഞാൻ എന്ന ഭാവത്തെ നീ എന്ന ചിന്ത കൊണ്ട് ആദേശം ചെയ്ത് ആത്മമനസ്സുകളെ പരമകാരുണികനായ ജഗദീശ്വരന്റെ തൃപ്പാദങ്ങളിൽ കാണിയ്ക്ക വെയ്ക്കുന്നതിന് ഈ നോന്പുകാലം ഉതകുമെങ്കിൽ ഒരു സമാധാനപ്രഭുവായിത്തീരുവാൻ എനിക്ക് കഴിയും. അപ്പോൾ ദുരന്തങ്ങളെപ്പോലും ശാന്തവൽക്കരിക്കുവാൻ നമുക്ക് സാധിക്കും. ‘എന്റെ ദുരന്തങ്ങൾക്കായി ഞാൻ കൃതജ്ഞത അർപ്പിക്കുന്നു. എന്തെന്നാൽ അവയിൽ കൂടെ എന്നെത്തന്നെയും എന്റെ ജീവിത ദൗത്യത്തെയും എന്റെ പരിരക്ഷകനായ ദൈവത്തെയും കണ്ടെത്താൻ എനിക്ക് കഴിഞ്ഞു.’ അസാധരണത്വം നിറഞ്ഞ ഈ വാക്കുകൾ ഹതഭാഗ്യയായ ഒരു വനിതയുടെതാണ്; ഹെലൻ കെല്ലർ. അർത്ഥപൂർണ്ണവും ഫലപ്രദവുമായ ജീവിതം നയിച്ച് എൺപത്തി എട്ടാമത്തെ വയസിലായിരുന്നു അവരുടെ അന്ത്യം. അൽപമായ അസൗകര്യങ്ങളോ നിസാര പ്രയാസങ്ങളോ നേരിട്ടാൽ തന്നെ നമ്മിൽ പലരും അസ്വസ്ഥരും നിരാശരുമാവാം. അമർഷവും അരിശവും എല്ലാറ്റിനുമെതിരെ പരാതിയും പിറുപിറുപ്പുമായി പ്രതികരിക്കാം. അങ്ങനെ ജീവിതം നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും ദുർവഹമായി തീർന്നെന്നും വരാം. ഇവിടെയാണ് സ്വയം സംസ്കരണത്തിന്റെ പ്രാധാന്യമുള്ളത്. നോന്പ് അനുഷ്ഠാനത്തിലൂടെ ചിന്താമണ്ധലത്തെപ്പോലും ശുദ്ധീകരിക്കാൻ സാധിക്കും.
ഹെലൻ കെല്ലറുടെ ജീവിതത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം, ഒന്നാമത്തേത് നിരാശ പരത്തിയ ദുരന്താനുഭവം. 1880ൽ ജനിച്ച ഹെലന് 19 മാസം പ്രായമുള്ളപ്പോൾ കഠിന രോഗം ബാധിച്ചു. അക്കാലത്ത് ചികിത്സാരീതികൾ പരിമിതമായിരുന്നു. കാഴ്ചയും കേൾവിയും നഷ്ടമായി. അന്ധയും ബധിരയുമായി തീർന്നപ്പോൾ ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും ഒതുങ്ങിക്കൂടുകയായിരുന്നു. അന്ധകാരം നിറഞ്ഞ ലോകമാണ് അവർക്ക് ചുറ്റുമുണ്ടായിരുന്നത്, അത് നിശബ്ദവുമായിരുന്നു. സംസാരിക്കാനുള്ള കഴിവ് വികസിക്കാത്തതിനാൽ ഹെലൻ മൂകയായിരുന്നു. കടുത്ത നിരാശ ഉള്ളിൽ നിറഞ്ഞു നിന്നുവെങ്കിലും മൂകതയിലെ വ്രതാനുഷ്ഠാനത്തിലൂടെ ഈ പ്രതിസന്ധി അതിജീവിച്ചേ മതിയാകൂ എന്ന് അവളുടെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു. മനുഷ്യമനസിന്റെ സംഭാഷണം ശ്രവിക്കണമെങ്കിൽ ഇന്ദ്രിയങ്ങളെ ഒരുക്കി അതിനായി കാത്തിരിക്കണം. ആ കാത്തിരുപ്പാണ് വ്രതാനുഷ്ഠാനത്തിലൂടെ കൈവരുന്നതെന്ന് അനുമാനിക്കാം.
ഹെലന്റെ ജീവിതത്തിലെ രണ്ടാം ഘട്ടം 1887ൽ സള്ളിവൻ എന്ന വനിതാ അദ്ധ്യാപികയും സഹായിയും ഉത്തമ വഴികാട്ടിയായി ഹെലന്റെ ജീവിതത്തിലേക്ക് കടന്നുവരുന്പോഴാണ് ആരംഭിച്ചത്. നിരന്തരമായ പരിശ്രമത്തിലൂടെയും ക്ഷമാപൂർവ്വമായ സമീപനത്തിലൂടെയും ഹെലൻ ഈ കാലഘട്ടത്തിൽ ചുറ്റുമുള്ള ലോകത്തെയും വസ്തുക്കളെയും തിരിച്ചറിയാൻ ആരംഭിച്ചു. ഓരോ വസ്തുവിനോടും ബന്ധപ്പെടുത്തി വാക്കുകൾ മനസിലാക്കാൻ തുടങ്ങി. അങ്ങനെ നാവിൽക്കൂടിയല്ലാതെ കൈവിരലുകളുടെ സഹായത്താൽ ആശയങ്ങൾ വെളിപ്പെടുത്താമെന്ന അവസ്ഥയിലായി. ഹെലന്റെ ആത്മവിശ്വാസം വർദ്ധിച്ചു. അന്ധർക്ക് സഹായകമായ ബ്രെയിലി മാർഗത്തിൽ ഹെലൻ പഠനം നടത്തി. ബിരുദങ്ങൾ കരസ്ഥമാക്കി. അതോടുകൂടി സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി തനിക്കുണ്ട് എന്ന് അവർക്ക് ബോധ്യമായി. മനസിനെ ഏകാഗ്രമാക്കിയതു മൂലമാണ് ഈ സിദ്ധി കൈവരിക്കാൻ ഹെലന് കഴിഞ്ഞത്. ചിന്തകൾ സ്ഫുടം ചെയ്യുവാനും ആത്മവിശ്വാസം കെട്ടിപ്പടുക്കാനും ഈ ഏകാഗ്രത അവളെ സഹായിച്ചു. ഈ ഏകാഗ്രതയാണ് നോന്പ് അനുഷ്ഠാനത്തിലൂടെ നമുക്കും നേടേണ്ടത്.
തുടർന്നാണ് ഹെലൻ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചത്. അത് വളരെ ആവേശജനകവും പ്രവർത്തനനിരതവുമായിരുന്നു. ഏതാണ്ട് നാലു പതിറ്റാണ്ട് നീണ്ടു നിന്ന ഈ കാലയളവിൽ ധാരാളം എഴുതാനും പ്രഭാഷണങ്ങൾ നടത്താനും അവർക്ക് കഴിഞ്ഞു. അവരുടെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ‘എന്റെ ജീവിതകഥ’. ഒരു എഴുത്തുകാരിയോ പ്രഭാഷകയോ ആകണമെന്നതല്ലായിരുന്നു ഹെലന്റെ ലക്ഷ്യം. അന്ധതയിലും ബധിരതയിലും മറ്റ് വൈകല്യങ്ങളിലും കഴിയുന്ന ഹതഭാഗ്യരായ ആയിരങ്ങൾക്ക് പ്രത്യാശയും ജീവിതലക്ഷ്യവും കൈവരുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ലോകം ആറു പ്രാവശ്യം ചുറ്റി സഞ്ചരിച്ച് അവർ ഈ ലക്ഷ്യത്തോടെ ്രപവർത്തിച്ചു. ഹെലൻ ചെയ്ത ഒരു പ്രസ്താവന ശ്രദ്ധേയമാണ്. “Life is an exciting business and most exciting when lived for others.” ജീവിതം ആവേശഭരിതമായ ഒന്നാണ്. അത് ഏറ്റവും ഉദ്വേഗജനകമാകുന്നത് മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്പോഴാണ്. ജീവിതം മറ്റുള്ളവർക്കു കൂടെ ഉഴിഞ്ഞ് വെയ്ക്കാനുള്ള പ്രേരണാശക്തി നേടുന്നത് നോന്പിലെ ഏകാഗ്രതയും ഹൃദയനൈർമല്യവും ഈശ്വരചിന്തയും മൂലമാണെന്ന് വിശുദ്ധ ഗ്രന്ഥങ്ങൾ സാക്ഷിക്കുന്നുണ്ട്.
എന്നാൽ നമ്മുടെ നോന്പും നമസ്കാരവും വെറും ചടങ്ങുകളായി തീരുന്നുവെന്ന് തോന്നുമാറാണ് ഇന്നത്തെ അനുഷ്ഠാന ശൈലിയിൽ നിന്ന് തെളിയുന്നത്. ആഘോഷത്തേക്കാളുപരി ഇത് ഒരു അനുഷ്ഠാനമായിത്തീരണം. ‘അഹം’ എന്ന ഭാവത്തെ ഇല്ലാതെയാക്കി ‘തുഹും’ എന്ന ഭാവത്തെ പ്രതിഷ്ഠിക്കാനാണ് വ്രതാനുഷ്ഠാനവും പ്രാർത്ഥനയും. ‘ഞാനെന്ന’ ഭാവത്തെ മാറ്റി ‘നീ’ എന്ന ഭാവത്തെ ഉൾക്കൊള്ളുകയാണിതിലൂടെ. അപ്പോഴാണ് ശാശ്വതമായ സമാധാനം മനോമുകുരത്തിൽ അങ്കുരിക്കുന്നത്. നൈമിഷികമായ സമാധാനം പ്രദാനം ചെയ്യുന്ന മറ്റു പല കർമ്മങ്ങളുമുണ്ടെങ്കിലും മനുഷ്യമനസിൽ സമാധാനത്തിന്റെ വേര് ആഴത്തിൽ ഉറയ്ക്കണമെങ്കിൽ പരിശുദ്ധ നോന്പ് സമാധാനത്താലെ ഉള്ളിലേക്ക് കടന്നുവരണം.
പലരുടെയും ജീവിതത്തിൽ അലിഞ്ഞു ചേർന്ന ഒന്നുണ്ട്, പരാതിയും പിറുപിറുപ്പും. എവിടെയും എന്തിനെപ്പറ്റിയും പരാതിയാണ് അവരുടെ നാവിൽ നിന്ന് ഉയരുന്നത്. നിസാരങ്ങളായ കാര്യങ്ങളെപ്പറ്റി പോലും അവർ പിറുപിറുക്കുന്നത് കാണാം. ‘എനിക്കൊന്നിനെപ്പറ്റിയും പരാതിയില്ല’ എന്ന് നിങ്ങൾ പറഞ്ഞാൽ പരാതിപ്പെടാനുള്ള പല കാര്യങ്ങളും അവർ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ചു തരും. വികലമായ ഒരു മനസിന്റെ ലക്ഷണമാണത്. നന്മകളെയും അനുഗ്രഹങ്ങളെയും കാണാൻ കഴിയാതെ കുറവുകളെയും കുഴപ്പങ്ങളെയും മാത്രം കാണുന്ന ‘കണ്ണുരോഗ’മാണവർക്കുള്ളത്. ടൈംസ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധ ഇംഗ്ലീഷ് പത്രത്തിൽ പത്രാധിപർക്കുള്ള കത്തിൽ ഒരു വാനയക്കാരൻ എഴുതി, ‘ഞാൻ കുറെനാൾ നാട്ടിൽ ഇല്ലായിരുന്നു. ഇപ്പോൾ തിരിച്ചെത്തിയപ്പോൾ, ഒരു കാലത്ത് ഞാൻ അഭിമാനിക്കുകയും പ്രശംസിക്കുകയും ചെയ്ത എന്റെ രാജ്യത്തെ കാണുന്നത് പരാതിക്കാരുടെയും പിറുപിറുപ്പുകാരുടെയും നാടായിട്ടാണ്. മഴ കൂടുതലാണ്; തണുപ്പ് ദുസ്സഹമാണ്, എല്ലാറ്റിനും തീപിടിച്ച വില, റോഡുകൾ വൃത്തിയില്ലാത്തതും കുണ്ടും കുഴിയും നിറഞ്ഞവയുമാണ്, ടെലിഫോണിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം.. ഇങ്ങനെ നീണ്ടുപോകുന്നു പരാതിയുടെ പട്ടിക. നന്മയുടെ മുകുളങ്ങൾ കാണാതെ തിന്മയുടെ കരിമൊട്ടുകൾ മാത്രം കാണുന്ന ഒരു സംസ്കാരം നാം വളർത്തിയെടുത്തിരിക്കുന്നു. രാഷ്ട്രീയക്കാരാണ് ഇതിന്റെ സൂത്രധാരകർ. നമുക്ക് ഉണ്ടായ നന്മകളെ കാണാൻ കഴിയാതെ അപര്യാപ്തകളെക്കുറിച്ചും അസൗകര്യങ്ങളെക്കുറിച്ചും ഉള്ള പരാതികൾ പേറി നാം നടക്കുന്നു. സംസ്കരിച്ച മനസിൽ നിന്നേ നന്മയെ കാണാനുള്ള തോന്നലുണ്ടാകൂ. മനസിനെ സംസ്കരിക്കുന്ന മഹത് കർമ്മമാണ് വ്രതാനുഷ്ഠാനത്തിലൂടെ നേടുന്നത്.
ഒരു വൃദ്ധൻ പോസ്റ്റോഫീസിൽ എത്തി. അവിടെ കണ്ടുമുട്ടിയ അപരിചിതനായ യുവാവിനോടു പറഞ്ഞു. ‘കുഞ്ഞേ, ഈ മേൽവിലാസമൊന്ന് എഴുതിത്തരാമോ?’ ഒന്നും പറയാതെ ആ യുവാവ് സന്തോഷപൂർവം മേൽവിലാസമെഴുതി, മാത്രമല്ല കത്തിൽ എഴുതേണ്ട സന്ദേശവും വൃദ്ധൻ പറഞ്ഞതനുസരിച്ച് എഴുതിക്കൊടുത്തു. അതിനുശേഷം അയാൾ തലയുയർത്തി ചോദിച്ചു. ‘അപ്പൂപ്പന് ഇനിയും എന്തെങ്കിലും ചെയ്യാനുണ്ടോ?’ വൃദ്ധൻ അല്പം ആലോചിച്ചശേഷം പറഞ്ഞു, ‘കത്തിന്റെ അവസാനത്തിൽ ഇതും കൂടെ എഴുതുക. ഈ വൃത്തിയില്ലാത്ത കൈയക്ഷരത്തിന് മാപ്പ് അപേക്ഷിക്കുന്നു.’ കത്തും മേൽവിലാസവും എഴുതി സഹായിച്ചതിന് നന്ദിയല്ല, കൈയക്ഷരം മോശമായതിലുള്ള അതൃപ്തിയാണ് വൃദ്ധൻ പ്രകടമാക്കിയിരിക്കുന്നത്. ആ യുവാവിന്റെ മനസിലൂടെ കടന്നുപോയ ചിന്ത എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
ഇതു തന്നെയല്ലേ ദൈവത്തിന് നമ്മെപ്പറ്റി പലപ്പോഴും തോന്നുന്നത്? എത്രയോ നന്മകൾ നാം ആവശ്യപ്പെടാതെ നമുക്ക് ലഭിക്കുന്നു. അവയെ കാണുകയോ ഓർക്കുകയോ ചെയ്യാതെ, എന്തെങ്കിലും കുറവുകളോ അസൗകര്യങ്ങളോ നേരിടേണ്ടി വന്നാൽ അവയെപ്പറ്റി ദൈവത്തോട് വരെ പരാതിപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്ന ഒരു സ്വഭാവം ചിലരിൽ നിലനിൽക്കുന്നു. മറ്റ് പലർക്കുമുള്ളത് നമുക്കില്ല എന്ന പരാതിയാണ് കൂടുതലും. എന്നാൽ മറ്റു പലർക്കുമില്ലാത്തത് നമുക്കുണ്ട് എന്ന സത്യം നാം സൗകര്യപൂർവം മറക്കുന്നു. സംതൃപ്തിയെന്നത് നാം വളർത്തിയെടുക്കേണ്ട ഒരു ശ്രേഷ്ഠ സുകൃതമാണ്. സംതൃപ്തിയും സന്തുഷ്ടിയും ഒരു മാനസികാവസ്ഥയാണ്. അല്ലാതെ പുറമെ നിന്ന് അകത്തേക്ക് വരുന്ന ഒന്നല്ല. അസൗകര്യങ്ങളുടെയും പരിമിതികളുടെയും നടുവിലും പലർക്കും സമാധാനത്തോടെ വർത്തിക്കാൻ കഴിയുന്നതിനുള്ള മനോബലം ലഭിക്കുന്നത് വ്രതാനുഷ്ഠാനങ്ങളുടെ വേലിക്കെട്ടിൽ നിന്നാണ്.
കുളക്കോഴിയുടെ കൂട്ടിൽ ഒരു കഴുകൻ മുട്ടയിട്ടു. കുളക്കോഴിയുടെ മുട്ടകളോടൊപ്പം കഴുകന്റെ മുട്ടയും വിരിഞ്ഞിറങ്ങി. കുളക്കോഴിക്കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ അവയിലൊന്നായി കഴുകൻ കുഞ്ഞും വളർന്നു. കൂട്ടുകാർ ചെയ്യുന്നതു പോലെയെല്ലാം അതും ചെയ്തു. അവരെപ്പോലെ കാലുകൾ കൊണ്ട് മണ്ണിൽ ചികഞ്ഞ് തീറ്റ എടുത്തു. അവരുടെ ശബ്ദം അവനും അനുകരിച്ചു. കുളക്കോഴി ഉയരത്തിൽ പറക്കുകയില്ല. കഴുകനും ആ അവസ്ഥ തന്നെ തുടർന്നു. കാരണം അവന്റെ മനസിൽ അവനൊരു കുളക്കോഴിയാണ്. അതനുസരിച്ചായിരുന്നു അവന്റെ പെരുമാറ്റം. ഒരുദിവസം ആകാശപ്പരപ്പിൽ ഒരു കഴുകൻ ചിറകു വിടർത്തി പറന്നു നീങ്ങുന്നത് അവൻ കണ്ടു. ആരാണതെന്ന് അവൻ കൂട്ടുകാരോട് ചോദിച്ചു. പക്ഷികളുടെ രാജാവായ കഴുകനാണതെന്ന് മറുപടി കിട്ടി. പക്ഷേ ‘നീയൊരു കുളക്കോഴി’ എന്ന കമന്റും കിട്ടി. അങ്ങനെ അവൻ കുളക്കോഴിയെപ്പോലെ ജീവിച്ചു. കുളക്കോഴിയെപ്പോലെ ചത്തൊടുങ്ങി. കഴുകന്റെ കുഞ്ഞിനെ ഒരു കുളക്കോഴിയായി കണ്ടീഷൻ ചെയ്യുകയായിരുന്നു ഇവിടെ. He was born to win; but was conditioned to lose.
ഇത് നമ്മെ സംബന്ധിച്ചും എത്ര അർത്ഥവത്താണ്. എത്രയോ പ്രതിഭകൾ വാടിക്കരിഞ്ഞു പോകാൻ അവരുടെ കൂട്ടുകാർ മുഖാന്തിരമായിട്ടുണ്ട്. Peer Pressure (സുഹൃദ് സമ്മർദ്ദം) മൂലം അങ്ങനെയുള്ളവർ കണ്ടീഷൻ ചെയ്യപ്പെടുന്നു. തന്നിലേക്ക് തന്നെ തിരിഞ്ഞ് നോക്കാൻ മെനക്കെടാതെ, സാഹചര്യങ്ങളിൽ മാത്രം ചാരി ജീവിക്കുന്നവർ കണ്ടീഷൻ ചെയ്യപ്പെടുകയാണ്. നോന്പും വ്രതാനുഷ്ഠാനവുമൊക്കെ കണ്ടീഷനിംഗിൽ നിന്ന് രക്ഷപ്പെടാൻ നമ്മെ സഹായിക്കും. പരിശുദ്ധമായ റമദാൻ മാസത്തെ വരവേൽക്കുവാൻ വെന്പൽ കൊള്ളുന്ന വിശ്വാസികൾ, മറ്റുള്ളവരുൾപ്പെടെ ഈ പുണ്യമാസത്തിന്റെ നിറവുകളിൽ നിന്ന് ഫലം കൊയ്തെടുക്കുവാൻ പരിശ്രമിച്ചാൽ, മനഃസമാധാനം എന്ന വലിയ സിദ്ധി പ്രാപിക്കാൻ സാധിക്കും.