നിങ്ങൾ നിരപരാധിയെങ്കിലും നിന്ദിക്കപ്പെടുന്നുണ്ടോ?- ജോൺ പനയ്ക്കൽ
25 വർഷം മദ്യത്തിനടിമയായി കഴിഞ്ഞിരുന്ന ഒരു വ്യക്തി ചില ശാരീരിക ക്ലേശങ്ങളുണ്ടായപ്പോൾ കൗൺസിലിംഗിനായി എന്നെ സമീപിച്ചു. ഒരു മണിക്കൂർ നേരത്തെ സംസാരത്തിനൊടുവിൽ അദ്ദേഹം മദ്യപാനത്തോട് വിടപറയാൻ തീരുമാനിച്ചു. ‘ഇനി മദ്യപിക്കുകയില്ല’ എന്ന
ഉറച്ച തീരുമാനത്തോടെ അദ്ദേഹം താമസസ്ഥലത്തെത്തി. സഹവാസികളായ കൂട്ടുകാരോട് മദ്യപാനം ഉപേക്ഷിച്ചു എന്ന് പറഞ്ഞപ്പോൾ അവർ അദ്ദേഹത്തെ കളിയാക്കി, നിന്ദി
ച്ചു. ‘എത്ര ദിവസത്തേക്കാണ് നിറുത്തിയത്. രണ്ട് ദിവസത്തേക്കോ? താൻ നിറുത്തിയാലും തന്റെ ദുഷിച്ച നാവ് തുടർന്നും അസഭ്യവാക്കുകളും അസത്യങ്ങളും പുലന്പിക്കൊണ്ടിരിക്കും. തന്നെ വെറുക്കുന്നവരാണ് തനിക്ക് ചുറ്റുമുള്ള ഭൂരിഭാഗം പേരും. അവർ തുടർന്നും നിന്ദിച്ചുകൊണ്ടിരിക്കും തീർച്ച. മറ്റു വല്ല കാര്യവും പറയെടോ?’ എന്നായിരുന്നു സഹമുറിയന്മാരുടെ പ്രതികരണം! മാത്രമല്ല അന്നുവരെ അയാൾ പറഞ്ഞ വാക്കുകളും സംഭവങ്ങളും കാട്ടിക്കൂട്ടിയ പ്രവർത്തികളും പരിഹാസത്തോടെ ആവർത്തിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് അവർ അദ്ദേഹത്തെ നിന്ദിക്കുന്നുണ്ടായിരുന്നു. ഉടൻതന്നെ അദ്ദേഹം നാട്ടിലുള്ള തന്റെ ഭാര്യയേയും ഏകമകളെയും വിളിച്ചു. അവർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല, മദ്യപാനം നിറുത്തിയ വിവരം. മദ്യത്തിന്റെ ലഹരിയിൽ നാട്ടിലേയ്ക്ക് വിളിച്ച് അവരെ അസഭ്യവാക്കുകൾ കൊണ്ട് അഭിഷേകംചെയ്ത ഭർത്താവിനെ വിശ്വസിക്കാൻ ആ ഭാര്യക്ക് തികച്ചും മനസില്ലായിരുന്നു. മദ്യാഭിഷേകത്തിൽ മാത്രം മകളെ ഫോണിൽ വിളിച്ച് വാത്സല്യാതിരേകത്തോടെ ഭംഗിവാക്കുകളുടെ മാലപ്പടക്കം പൊട്ടിക്കുകയും അല്ലാത്തപ്പോൾ മൗനിയായിരിക്കുകയും ചെയ്യുന്ന അച്ഛന്റെ ഈ മനംമാറ്റം ഉൾക്കൊള്ളാൻ ഡിഗ്രിക്ക് പഠിക്കുന്ന മകൾക്കും മനസില്ലായിരുന്നു. അവർ ഇരുവരും സാധാരണപോലെ അദ്ദേഹത്തെ നിന്ദിക്കുകയും പഴിചാരുകയും ചെയ്തു. അവർ കരുതി ഇദ്ദേഹം പറയുന്നത് പച്ചക്കള്ളമാണെന്ന്.
കൂട്ടുകാരുടെയും വീട്ടുകാരുടെയും പ്രതികരണത്തിലും നിന്ദാവാക്കുകളിലും ആ ഹൃദയം ഭാരപ്പെട്ടു. പിന്നെ അധികം സമയമെടുത്തില്ല അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചുപോയി. മദ്യത്തോട് വിടപറഞ്ഞ് മൂന്നുമാസം കഴിഞ്ഞാണ് അദ്ദേഹം മരിച്ചത്. കൂട്ടുകാർ പതുക്കെ അദ്ദേഹത്തെ വിശ്വസിക്കാനും സ്നേഹിക്കാനും തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു അപ്പോൾ. അവരുടെ സ്നേഹമസൃണമായ കരുതലുകൾ ആസ്വദിക്കുന്നതിന് മുന്പ് അദ്ദേഹം വിടപറഞ്ഞു. അവധിക്ക് നാട്ടിൽ പോയി മദ്യവിമുക്തമായ തന്നെ ഭാര്യയ്ക്കും മകൾക്കും വെളിപ്പെടുത്തണമെന്ന അദമ്യമായ ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ലവനായിത്തീർന്ന അദ്ദേഹത്തിന്റെ വരവും കാത്തിരുന്ന അവർക്ക് വരുമെന്ന് പറഞ്ഞ തിയ്യതിയ്ക്ക് ഒരാഴ്ച മുന്പ് അദ്ദേഹത്തിന്റെ മൃതശരീരത്തെ പുണരുവാനുള്ള ഹതഭാഗ്യമാണുണ്ടായത്. നാല് വർഷം മുന്പ് നടന്ന ഒരു സംഭവകഥയാണിത്. പരനിന്ദയുടെ ഹോമകുണ്ധത്തിൽ സ്വയം എരിഞ്ഞടങ്ങിയ ഒരു മനുഷ്യന്റെ ദാരുണമായ അന്ത്യത്തിന്റെ കഥ.
മനുഷ്യന്റെ നാവ് മൂർച്ചയേറിയ ഒരു ആയുധമാണ്. മൃഗജാലങ്ങൾക്കെല്ലാം നാവുണ്ടെങ്കിലും മനുഷ്യനു മാത്രമേ നാവുകൊണ്ട് സംസാരിക്കാനുള്ള ശക്തിയുള്ളൂ. ഈശ്വരൻ സൃഷ്ടിയിൽ മനുഷ്യന് നൽകിയ അത്ഭുതകരമായ കഴിവിലൊന്നാണിത്. നാവ് മനുഷ്യന്റെ മറ്റ് അവയവങ്ങളിൽ താരതമ്യേന ചെറുതാണെങ്കിലും അതിന് വലിയ പ്രാധാന്യമുണ്ട്. ആശയവിനിമയം ചെയ്യാനും ബന്ധങ്ങൾ ദൃഢപ്പെടുത്താനും നാവ് ചെയ്യുന്ന സേവനം വലുതാണ്. എല്ലാ തത്വചിന്തകന്മാരും മതാചാര്യന്മാരും നാവിന്റെ അത്ഭുത സാധ്യതകളെക്കുറിച്ചും അതോടൊപ്പം അത് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രബോധിപ്പിച്ചിട്ടുണ്ട്. ഭക്തനാണെന്ന് വിചാരിക്കുന്ന ഒരുവൻ തന്റെ നാവിന് കടിഞ്ഞാണിടാതെ സ്വയം വഞ്ചിക്കുന്നുവെങ്കിൽ അയാളുടെ ഭാവി വ്യർത്ഥമത്രേ. സംഭാഷണത്തിൽ പിഴവു വരുത്താത്തവൻ ശരീരത്തെയും കടിഞ്ഞാണിട്ട് നയിക്കുവാൻ കഴിവുള്ള ഉത്തമ മനുഷ്യനായിരിക്കുമെന്ന് മനഃശാസ്ത്രവും പഠിപ്പിക്കുന്നുണ്ട്.
പ്രാകൃതമനുഷ്യനെയും സംസ്കാരമുള്ള മനുഷ്യനെയും വേർതിരിക്കുന്ന ഒരുകാര്യം അവരുടെ സംഭാഷണ ശൈലിയാണ്. വ്യാജം, ദുർഭാഷണം, അട്ടഹാസം, ദൂഷണം, അശ്ലീലം, അസഭ്യം, സംസ്കാരശൂന്യമായ സംഭാഷണം ഇവ പ്രാകൃതമനുഷ്യനിൽ കാണാം. മറ്റുള്ളവരെ അംഗീകരിക്കുവാനും അവരുടെ നന്മകളെ പുകഴ്ത്തുവാനും ഇത്തരക്കാർ തുനിയാറില്ല. അവരിലുള്ള തിന്മകളെ പൊക്കിയെടുത്ത് അവരെ സമൂഹത്തിൽ നിന്ദാപാത്രമാക്കാനേ ഇങ്ങനെയുള്ളവർ ശ്രമിക്കാറുള്ളൂ. എന്നാൽ സംസ്കരിച്ച സ്വഭാവഗുണമുള്ള ഒരു മനുഷ്യന്റെ വാക്കുകളിൽ ദയയും മനസലിവും ഉണ്ടായിരിക്കും. കേൾക്കുന്നവർക്ക് നന്മയുണ്ടാകത്തക്ക വണ്ണം വാക്കുകൾ സന്ദർഭോചിതവും ശ്രോതാവിന് പ്രചോദനം ചെയ്യുന്നതുമായിരിക്കും.
നാവിന് രണ്ട് സാധ്യതകളാണുള്ളത്. അത് നന്മയായും തിന്മയായും ഉപയോഗിക്കാം. പടുത്തുയർത്തുവാനും ഇടിച്ച് തകർക്കുവാനും അതിന് കഴിയും. പ്രയോജനകരമായും വിനാശകരമായും പ്രയോഗിക്കാവുന്ന ഒന്നാണത്. ഡോക്ടറുടെ കൈയിലെ കത്തി രോഗിയുടെ ശരീരത്തിലെ ജീർണിച്ച ഭാഗം നീക്കം ചെയ്യാൻ ഉപയുക്തമാകുന്നു. കൊലയാളിയുടെ കൈയിൽ അത് സംഹാരത്തിനുള്ള ആയുധമായും തീരുന്നു. സുഹൃത്തുക്കളെ ഉണ്ടാക്കാനും ശത്രുക്കളെ ഉണ്ടാക്കാനും നാവിന് കഴിയും. അണികളിൽ ആവേശമുണർത്താനും നിരാശ പരത്താനും നാവിന്റെ പ്രയോഗം മതി. ചില വൃക്ഷങ്ങളുടെ ചുവട്ടിൽ കൂടി കടന്നുപോയാൽ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. അതുപോലെ ചില മനുഷ്യരുടെ സാന്നിധ്യവും സംസാരവും മറ്റുള്ളവരിൽ ഈർഷ്യയും അമർഷവും വെറുപ്പുമുളവാക്കുന്നു. നാവ് നന്നല്ലാത്ത ഒരു വീട്ടമ്മയുടെ ഭവനം നരകതുല്യമായിരിക്കും. കുട്ടികൾ അവരെ ഭയപ്പെടും. വീട്ടുജോലിക്കാർ അവരെ വെറുക്കും. ഗൃഹനാഥൻ വിഷമ വൃത്തത്തിലുമായിരിക്കും. എബ്രഹാംലിങ്കന്റെ ഭാര്യയുടെ നാവ് അദ്ദേഹത്തിന് ഒരു സ്വൈര്യവും കൊടുത്തിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പുഞ്ചിരിയില്ലാത്ത മുഖത്ത് നിഴലിച്ചിരുന്ന കുണ്ഠിതത്തിന് കാരണം അതായിരുന്നുവെന്നും പറയുന്നു. നാവ് നന്നല്ലാത്ത ഒരു ഓഫീസ് മേധാവി, തന്റെ കീഴ് ജീവനക്കാരാൽ വെറുക്കപ്പെടും. ഒരു നല്ല വാക്ക് അയാളിൽ നിന്ന് ഉണ്ടാകാത്തതിനാൽ അയാൾ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടവനായിപ്പോകും. സ്വന്തം നാവിനെ നിയന്ത്രിക്കാൻ കഴിയാത്ത ഒരുവന്റെ സ്ഥിതി ശോചനീയമാണ്!
എന്നാൽ വേറെ ചിലരുണ്ട്. അവരെവിടെ ചെന്നാലും മറ്റുള്ളവർ അവരെ സന്തോഷപൂർവ്വം സ്വാഗതം െചയ്യും. പനിനീർ പുഷ്പം സുഗന്ധം പരത്തുന്നതുപോലെയാണ് അവരുടെ പ്രസന്നഭാവവും, ഉത്സാഹം ജനിപ്പിക്കുന്ന വാക്കുകളും മറ്റുള്ളവരിൽ സന്തോഷമുളവാക്കുക. ചെല്ലുന്നിടത്തെല്ലാം അവർ ആഹ്ലാദവും സന്തോഷവും സൗഹൃദവും വരുത്തും. ദൈനംദിന ജീവിതത്തിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അവർക്ക് ഉത്സാഹം പകരാനുമുള്ള എത്രയെത്ര അവസരങ്ങൾ നമുക്ക് ലഭിക്കുന്നു. ഒരു പുഞ്ചിരിയും ഒരു നല്ല വാക്കും നമ്മിൽ നിന്നുണ്ടാകുന്പോൾ നാം നൽകുന്ന മറ്റ് സമ്മാനങ്ങളേക്കാൾ വിലപ്പെട്ടതായി അവർ അതിനെ കാണും. സഹപ്രവർത്തകരോട് പ്രോത്സാഹനത്തിന്റെ ഒരു വാക്ക്, ഒരു നേട്ടം കൈവരിക്കുന്പോൾ അഭിനന്ദനത്തിന്റെ ഒരു വാക്ക്, രോഗം ബാധിച്ച് അവശനായിക്കിടക്കുന്പോൾ സന്ദർശനം നടത്തി ആശ്വാസത്തിന്റെ ഒരു വാക്ക്, ഇവയൊക്കെ ചെലവില്ലാതെ നമുക്ക് ചെയ്യാവുന്നതാണ്.ല അതിന് പകരം സഹപ്രവർത്തകരെ ഇടിച്ച് താഴ്ത്താനും, കളിയാക്കാനും, നിന്ദിക്കാനും മറ്റും മറ്റുമായി നാം ഒരുന്പെടുകയാണങ്കിൽ നമ്മുടെ പ്രതിച്ഛായയ്ക്ക് നമ്മൾ തന്നെ മങ്ങലേൽപ്പിക്കുകയാണ്. നമ്മോട് ചുറ്റിപറ്റി നിൽക്കുന്നവർ നമുക്ക് എഴുതുന്ന സർട്ടിഫിക്കറ്റ് അത്ര നന്നായിരിക്കുകയില്ല. ഒരു നല്ല വാക്കും പുഞ്ചിരിക്കുന്ന മുഖവും സ്നേഹിതരുടെ എണ്ണം വർദ്ധിപ്പിക്കും.
എന്റെ ഒരു ചിരകാല സുഹൃത്തിന്റെ ജീവിതാനുഭവം ഇവിടെ പ്രസക്തമാണ്. ഭാര്യയും രണ്ട് ആൺമക്കളും. എപ്പോഴും അധമചിന്തകളാണ് അയാൾക്ക്, ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും. ഒരു നല്ല കാര്യം വീടിന്റെ ഉന്നമനത്തിനായി ഭാര്യ ചെയ്താലും ‘ഓ, അതിലെന്തിരിക്കുന്നു’ എന്ന് കമന്റടിച്ച് ആ ചെയ്തിയിലുള്ള കുറവുകൾ പരതി അത് ഉയർത്തിക്കാട്ടാനുള്ള വ്യഗ്രതയാണയാൾക്ക് എപ്പോഴും. സമർത്ഥരായ കുട്ടികൾ നല്ല മാർക്ക് കരസ്ഥമാക്കിയാലും മത്സരങ്ങളിൽ വിജയിച്ചാലും അയാൾക്ക് തൃപ്തിയില്ല; ‘ഓ മറ്റവനെ നോക്ക്, നിന്നെക്കാൾ ഭേദം’ വീട്ടിലെത്തിയാൽ വിമർശനവും നിന്ദയും മാത്രമേ അദ്ദേഹത്തിൽ നിന്ന് ഉണ്ടാകു. ഒടുവിൽ എന്തു സംഭവിച്ചു. അമ്മയും മക്കളും ഒന്നായി. അയാൾ ഒറ്റപ്പെട്ടു. മക്കൾ രണ്ടും പഠിച്ച് ഉയർന്ന ജോലിയിലെത്തി. അച്ഛനെ അവർ ഇപ്പോഴും ‘മൈൻഡ്’ ചെയ്യുകയില്ല. രണ്ടുപേരും മാറിത്താമസമായി അവരുടെ ഭാര്യമാരോടൊപ്പം മറ്റു വാടകയ്ക്കെടുത്ത വീടുകളിൽ. അമ്മ മാറി മാറി മക്കളുടെ കൂടെ കഴിയാനും തുടങ്ങി. ഇയാൾ ഇപ്പോൾ ആ മണിമാളികയിൽ ഒറ്റയ്ക്ക് താമസം. ജോലിയെടുക്കാൻ പോലും ആ വീട്ടിൽ ആരും വരികയില്ല. അവരെയും നിന്ദിക്കുന്ന പതിവാണയാൾക്ക്. ഹോട്ടലിൽ നിന്നാണ് ഇപ്പോൾ ഭക്ഷണം. ഭാഗ്യവശാൽ അസുഖമൊന്നും അയാൾക്കില്ല എന്നതു മാത്രം മിച്ചം. വണ്ടി ഓടിക്കാൻ ഒരു ഡ്രൈവറെപ്പോലും കിട്ടാത്തതുകൊണ്ട് തനിയെ വണ്ടി ഓടിച്ചാണ് അയാൾ ഈ പ്രായത്തിലും പലയിടങ്ങളിലും എത്തുന്നത്. ഒരു ഒറ്റയാനാണ് അയാൾ നാളുകളായി, നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപു പോലെ. എന്തിനിങ്ങനെ ജീവിക്കണം? പഠിച്ചതേ പാടുകയുള്ളല്ലോ? ചെറുപ്പം മുതൽ മറ്റുള്ളവരെ ഉൾക്കൊണ്ട് അവരെ അംഗീകരിക്കാത്ത ഒരു വ്യക്തിയായി ജീവിച്ച് ഇവിടെവരെ എത്തി! ഈ അനുഭവമുള്ള കുറെപ്പേെരയെങ്കിലും നമ്മുടെ സമൂഹത്തിൽ നിന്ന് പെറുക്കിയെടുക്കുവാൻ നമുക്ക് കഴിയും!
നിന്ദ സഹിച്ച് മടുത്ത പലരും വിധിയെ പഴിചാരുന്നുണ്ടാകും. നിങ്ങളെ നിന്ദിക്കുന്നവർ ഒരു സമയത്ത് നിന്ദിക്കപ്പെടുമെന്ന് ഉൾ മനസിനോട് പറഞ്ഞ് സമാധാനിക്കുന്നതിലുപരി ഒരു കാര്യം കൂടെ ഓർത്തിരുന്നാൽ നല്ലത്. പടിയിറങ്ങുന്പോൾ നാം മുന്നറിയിപ്പ് കേട്ടു എന്ന് വരാം. ചുവട് വെയ്പ് സൂക്ഷിക്കുക. Watch your steps. ചിലയിടങ്ങളിൽ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ടാകും. സൂക്ഷ്മതയില്ലെങ്കിൽ വഴുതി വീഴാൻ സാധ്യതയുണ്ടെന്നാണല്ലോ അത് നൽകുന്ന സൂചന. സൂക്ഷ്മതയില്ലാത്ത ചുവടുവെയ്പ് മൂലം അനേകർ നിന്ദാപാത്രങ്ങളായി തീരാറുണ്ട്.
ഒരു വീട്ടിൽ ദിവസവും രാത്രി ഭക്ഷണത്തിനു ശേഷം കുടുംബാംഗങ്ങൾ ഒത്തുകൂടിയിരുന്ന് അയലത്തുകാരുടെയും നാട്ടുകാരുടെയും കുറവുകളും കുറ്റങ്ങളും മാത്രം ചർച്ച ചെയ്യുക പതിവായിരുന്നു. മറ്റുള്ളവരെക്കുറിച്ച് നല്ലതൊന്നും പറയാറി
ല്ല. കഴിവുണ്ടെങ്കിലും അത് അംഗീകരിച്ചു കൊടുക്കുകയുമില്ല. ഈ വീട്ടിലെ മക്കൾ വളർന്ന് വിവാഹിതരായി കഴിഞ്ഞപ്പോൾ തങ്ങളുടെ ജീവിതസഖികളെപ്പറ്റി ഇതേ മാനത്തിൽ ചിന്തിക്കാനും സംസാരിക്കാനും ഇടപെടാനും തുടങ്ങി. കുടുംബജീവിതം പാളി. മക്കളൊക്കെ അനുസരണക്കേടിന്റെ സന്തതികളായി തൻ വഴിയ്ക്ക് തിരിഞ്ഞു. മറ്റുള്ളവരിലെ നന്മയെ മക്കൾക്ക് കാട്ടിക്കൊടുത്ത് അതിനെ പ്രശംസിക്കുകയും അനുകരിക്കാൻ നിർദേശിക്കുകയും ചെയ്യേണ്ടതിന് പകരം അവരുടെ ചെറിയ കുറവുകളെപ്പോലും ഉയർത്തിക്കാട്ടി നിന്ദിക്കുന്ന പ്രകൃതമുണ്ടായിരുന്ന കുടുംബത്തിന്റെ ഗതി ഇതാണിന്ന്. കുടുംബാംഗങ്ങൾ പരസ്പരം നിന്ദിച്ചു കൊണ്ടിരിക്കുന്നു.
കുടുംബമാണ് യഥാർത്ഥ പാഠശാല. അവിടെ നിന്നാണ് കുട്ടികൾ നല്ല പാഠങ്ങൾ ഗ്രഹിക്കേണ്ടത്. മറ്റൊരുവനെ നിന്ദിക്കുന്നത് ഒരു സ്വഭാവവൈകല്യമാണെന്ന് അറിയാവുന്ന ഇളംതലമുറ ഒരിക്കലും നിന്ദിക്കുന്നവരോ നിന്ദിക്കപ്പെടുന്നവരോ ആയിത്തീരുകയില്ല. ‘പേ വാക്കിന് പൊട്ടു ചെവി’ എന്നാണല്ലോ ചൊല്ല്. നിങ്ങൾ നിന്ദിക്കപ്പെടുന്നുവെങ്കിൽ അസ്വാരസ്യമുള്ള ഒരു മനസിന്റെ വികൃതിയാണത് എന്ന് വിലയിരുത്തി അതിൽ കുണ്ഠിതപ്പെടാതെ പൂർവ്വാധികം ശക്തമായി സ്വയം തിളങ്ങുന്നതിനും സമൂഹത്തിൽ പ്രവർത്തിക്കുന്നതിനും ശ്രമിക്കുക.