നിങ്ങളുടെ മേൽക്കൂര ചോരുന്നുണ്ടോ?
അച്ചടിമാധ്യമങ്ങളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള പരസ്യത്തിലെ ചോദ്യമാണിത്. ‘നിങ്ങളുടെ മേൽക്കൂര ചോരുന്നതോ?’ സിമന്റ് കന്പനിക്കാരും ചോർച്ച അടയ്ക്കുന്ന സാങ്കേതികവിദ്യ അവകാശപ്പെടുന്ന ചില ഏജൻസികളുമാണ് മേൽപ്പറഞ്ഞ ചോദ്യമുന്നയിച്ച് വായനക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. പക്ഷേ ഈ ചോദ്യത്തിൽ അന്തർലീനമായിരിക്കുന്ന ഒരു സത്യമുണ്ട്. മേൽക്കൂരയിലെ ചോർച്ച മഴക്കാലത്ത് മാത്രം അനുഭവപ്പെടുന്നു. അതുപോലെ നമ്മുടെ വ്യക്തിത്വത്തിന്റെ തനിമ വെളിപ്പെടുന്നത് പ്രതിസന്ധികളും പ്രശ്നങ്ങളും നമ്മെ അഭിമുഖീകരിക്കുന്പോഴാണ്. മഴ പെയ്യുന്നതുവരെ മേൽക്കൂരയിലെ വിള്ളലുകളും സുഷിരങ്ങളും നമുക്ക് ദൃശ്യമല്ല. തന്മൂലം മേൽക്കൂര ഭദ്രമായി എന്ന് നമുക്ക് തോന്നും. എന്നാൽ കടുത്ത മഴയിൽ മഴത്തുള്ളികൾ അവിടവിടെ വാർന്നൊലിക്കുന്പോൾ മാത്രമേ ചോർച്ചയുണ്ട് എന്ന് മനസിലാകൂ. നമ്മുടെ അന്തഃകരണത്തിൽ ചില വിള്ളലുകളും ഓട്ടകളുമുണ്ടെന്ന് പ്രതിസന്ധിയുടെ നിമിഷങ്ങളിൽ മാത്രമേ നമുക്ക് ബോധ്യമാകൂ.
അപ്പോൾ നമ്മുടെ പോരായ്മകളും അപര്യാപ്തകളും ഒന്നൊന്നായി തെളിഞ്ഞു വരും. നമ്മുടെ അവിശ്വാസം, അസഹിഷ്ണുത, ഭയം, ഭീരുത്വം, സംശയങ്ങൾ, കപടസ്നേഹം ഇവയെല്ലാം മഴത്തുള്ളികൾ ചോർന്ന് ഒലിക്കുന്നതുപോലെ നമ്മുടെ സംഭാഷണങ്ങളിലും പെരുമാറ്റങ്ങളിലും ബന്ധങ്ങളിലും പ്രത്യക്ഷപ്പെടുന്നത് അപ്പോഴാണ്. കഷ്ടതകളും പ്രതിസന്ധികളും നമ്മുടെ ആളത്വത്തിന്റെ മാറ്റ് ഉരച്ചു നോക്കുന്ന അവസരങ്ങളും മുഖാന്തിരങ്ങളുമാണ്. ജീവിതം പ്രശാന്തമായി ഒഴുകി നീങ്ങുന്പോൾ നമ്മുടെ ശരിയായ ആളത്വം വെളിപ്പെട്ടു എന്ന് വരികയില്ല. അപ്പോൾ നാം ആദർശവാദികളും അനുകരണാർഹരുമായി കരുതപ്പെടാം. ഉപദേശങ്ങൾ നൽകുന്നതിനും തത്വശാസ്ത്രം അവതരിപ്പിക്കുന്നതിനും ഉത്സാഹികളും ഉത്സുകരുമായി നാം അങ്ങനെയുള്ള കാലഘട്ടത്തിൽ കാണപ്പെടാം. എന്നാൽ ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളെ നേരിടുന്പോൾ, വ്യക്തിത്വത്തിന്റെ വിള്ളലുകൾ തെളിയുകയും ചോർച്ചയുണ്ടാകുന്നതുപോലെ അസഹിഷ്ണുതയും അക്ഷമയും മുറുമുറുപ്പും പരാതികളും അമർഷവും ഈർഷ്യതയുമെല്ലാം വെളിപ്പെട്ടു വരികയും ചെയ്യും.
അപ്പോൾ ഒരുവന് തോന്നിയേക്കാം വെള്ളം കഴുത്തോളമെത്തിയിരിക്കുന്നുവെന്ന്, കാലുറയ്ക്കാത്ത ചേറ്റിൽ താഴുന്നുവെന്ന്, ആഴമുള്ള ജലപ്രവാഹത്തിൽ അകപ്പെട്ടുവെന്ന്. ഏതെല്ലാം മേഖലകളിലാണ് നമുക്ക് തിരുത്തലുകളും ജാഗ്രതയും വേണ്ടത് എന്ന് തിരിച്ചറിയുവാനുള്ള അവസരമായി പ്രതിസന്ധി ഘട്ടങ്ങളെ ഉപയോഗപ്പെടുത്തുമെങ്കിൽ ഇത്തരം ആശങ്കകൾ നമ്മെ വേട്ടയാടുകയില്ല. അസ്വസ്ഥരും സംശയാലുക്കളും ന്യായാന്യായങ്ങളെ ചോദ്യം ചെയ്യുന്നവരും അവയെ വെല്ലുവിളിക്കുന്നവരുമായി തീരുന്നതിൽ കഴന്പില്ല. ചോർച്ചയുള്ള മേൽക്കൂര അടച്ച് ഭദ്രമാക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ അനിവാര്യം.
ഇന്ന് അനേകരെ അലട്ടുന്ന പ്രശ്നം അവരുടെ ആകുലതകളാണ്; ചോർച്ച. അവരുടെ മാനസികാസ്വസ്ഥതയ്ക്ക് ആകുലതകൾ ഭീഷണിയായി തീർന്നിട്ടുണ്ടാകാം. ഉത്കണ്ഠ മൂലം ഉറക്കം തന്നെ നഷ്ടമായേക്കാം. ചുമതലകൾ കൃത്യസമയത്ത് നിറവേറ്റാൻ കഴിയാതെ പരാജിതരായി അവർ നിരാശയിൽ ആണ്ടുപോയേക്കാം. ഒരു മെഡിക്കൽ ഡോക്ടറുടെ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ ഇവിടെ ശ്രദ്ധേയമാണ്. ‘എന്നെ സമീപിച്ച പല രോഗികളുടെയും പ്രശ്നം അവരുടെ ഉത്കണ്ഠയായിരുന്നു. തന്മൂലം അവർക്ക് ഉറക്കമില്ലായ്മയും മറ്റ് പല അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഭാവിയിലേയ്ക്ക് ദൃഷ്ടി ഉയർത്തിക്കൊണ്ട് ‘അങ്ങനെ സംഭവിച്ചാൽ’ അല്ലെങ്കിൽ ‘അങ്ങനെ സംഭവിച്ചില്ലെങ്കിൽ’ എന്തു ചെയ്യും’ എന്നാണ് ചോദിക്കുന്നത്. ഉദാഹരണത്തിന് ഒരു സ്ത്രീ കുറേ നാളായി ഉത്കണ്ഠയിലായിരുന്നത് ഭാവിയിൽ ഏതെങ്കിലും ഒരു നാളിൽ അവരുടെ ഭർത്താവിന് മറ്റൊരു സ്ഥലത്തേക്ക് ജോലിമാറ്റം ഉണ്ടായാൽ എന്തുചെയ്യുമെന്നായിരുന്നു. മറ്റൊരാളുടെ പ്രശ്നം: നല്ല ശന്പളവും പദവിയുമുള്ള ജോലിയിൽ നിന്ന് അയാളെ പിരിച്ചു വിട്ടാൽ എന്തു സംഭവിക്കും എന്നായിരുന്നു. ആകുലതകൾ അധികവും ഭാവിയിൽ സംഭവിച്ചേക്കാവുന്ന കാര്യങ്ങളെപ്പറ്റിയാണ്. ആ ഡോക്ടർ ഇങ്ങനെയുള്ള ചിന്തകളെ വിശേഷിപ്പിച്ചത് ‘ഭാവിയിൽ നിന്ന് കടമെടുക്കുന്ന പൊല്ലാപ്പുകൾ’ എന്നാണ്.
നമ്മുടെ വെല്ലുവിളി ഈ ഉത്കണ്ഠകളെ എങ്ങനെ അതിജീവിക്കാമെന്നതാണ്. ചിന്താശീലവും ധാരണാശേഷിയുമുള്ള മനുഷ്യർക്ക് അത് സാധിക്കാവുന്നതേ ഉള്ളൂ. മറ്റു ജീവജാലങ്ങളുടെ ജീവിതത്തിൽ മേൽക്കൂരയിൽ ചോർച്ചയില്ല, അവകൾക്ക് അതിനാൽ ഉത്കണ്ഠയുമില്ല. കാരണം അവയ്ക്ക് ചിന്താശക്തിയില്ല. ചിന്തിക്കാനും വിഭാവനം ചെയ്യുവാനുമുള്ള കഴിവ് മനുഷ്യന്റെ സിദ്ധിയാണ്. അതുകൊണ്ടുതന്നെ ആകുലതകളെ അതിജീവിക്കാനുള്ള കഴിവും മനുഷ്യനുണ്ട്. ആ കഴിവ് വേണ്ടവണ്ണം പ്രയോഗിക്കുന്നില്ല എന്നതാണ് നമ്മുടെ പ്രശ്നം.
ഈയിടെ എന്നെ സമീപിച്ച ഒരു കുടുംബത്തിന്റെ ചിത്രം വിചിത്രമാണ്. അച്ഛനും അമ്മയും രണ്ട് ആൺമക്കളും. മക്കൾ രണ്ടും കൗമാരപ്രായത്തിലാണ്. അച്ഛൻ ഒരു സിവിൽ എഞ്ചിനീയറാണ്. ഭേദപ്പെട്ട ശന്പളവും ചുറ്റുപാടുകളുമുണ്ട്. അമ്മ ഉന്നത ബിരുദധാരിയാണെങ്കിലും വീട്ടമ്മയാണ്. മൂത്തമകൻ അനുസരണയില്ലാതെ, പഠിത്തത്തിൽ ശ്രദ്ധയില്ലാതെ ഉഴപ്പി നടക്കുന്നു. സ്കൂളിൽ പോകുന്നത് വളരെ വിരളമായിട്ടാണ്. തന്നെക്കാൾ മുതിർന്ന ആളുകളുമായുള്ള കൂട്ടുകെട്ടാണ് അയാൾക്കുള്ളത്. കളികളിലാണ് കൂടുതൽ ശ്രദ്ധ. ആസക്തിയിലേക്ക് വളരെ വേഗം നടന്നടുക്കുകയാണയാൾ. പുകവലി, മദ്യപാനം, മയക്കുമരുന്ന് ഇവയൊക്കെ ശീലമാണ്. ആരു പറഞ്ഞാലും അനുസരിക്കുകയില്ല. അച്ഛനും മകനും തമ്മിൽ സംസാരമേ ഇല്ല. ഒരർത്ഥത്തിൽ അച്ഛന് പണമുണ്ടാക്കണമെന്നല്ലാതെ മക്കളുടെ ഉയർച്ചയിൽ വലിയ ശ്രദ്ധയൊന്നുമില്ല. മക്കളെക്കരുതി ഒരു സാധനം പോലും അവർ ആവശ്യപ്പെട്ടാൽ തന്നെയും അദ്ദേഹം വാങ്ങിക്കൊടുക്കാറില്ല. ഒരു പിശുക്കനാണദ്ദേഹം. ഒരു ദിനാർ ചെലവായാലും അതിന് കണക്ക് പറയും. ഇതൊന്നുമല്ല അമ്മ അച്ഛനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എങ്കിലും അവർ പരാതിപ്പെടാറില്ല. പരാതിപ്പെട്ടതു കൊണ്ട് പ്രയോജനമില്ലെന്ന് അവർക്കറിയാം. അച്ഛനോട് ഈ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി: ‘എന്റെ അച്ഛൻ ഇങ്ങനെയായിരുന്നു. അതുകൊണ്ട് ഈ നിലപാടിൽ തെറ്റുള്ളതായി ഞാൻ കാണുന്നില്ല. എന്റെ അച്ഛന്റെ സ്വഭാവം എന്നിലും എന്റെ സ്വഭാവം എന്റെ മകനിലും പ്രതിഫലിക്കുന്നതിൽ എന്താണ് തെറ്റ്? ഇത് മനസിലാക്കി ജീവിക്കേണ്ടത് എന്റെ ഭാര്യയാണ്. അവളോട് എന്തു പറഞ്ഞാലും അവൾക്ക് മനസിലാവുകയില്ല.’ പാവം സ്ത്രീ ഇന്നൊരു രോഗിയാണ്; കടുംപിടുത്തക്കാരനായ ഭർത്താവിനെ ഓർത്ത്, അനുസരണയില്ലാത്ത വഴിപിഴച്ച ജീവിതം നയിക്കുന്ന മൂത്തമകനെയോർത്ത്, വഴിതെറ്റിലേക്ക് കണ്ണും നട്ടിരിക്കുന്ന ഇളയ മകനെ ഓർത്ത്. ഈ കുടുംബത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ട് എന്ന് മനസിലാക്കാൻ വായനക്കാർ പണിപ്പെടേണ്ട കാര്യമില്ല.
ഇവിടെ ആർക്കാണ് പ്രശ്നം? ‘എന്നെ ഒതുക്കാൻ നോക്കണ്ട, ഞാൻ ശരിയാവുകയില്ല’ എന്ന് പറയുന്ന മകനോ? ഇത് തന്നെ പറയുന്ന അച്ഛനോ? അതോ അദ്ദേഹത്തിന്റെ അച്ഛനോ? സംഗതികൾ അപഗ്രഥിച്ച് നോക്കിയപ്പോൾ വർഷങ്ങളായി ആ കുടുംബത്തിൽ തന്നെ ഇത് ഒരു പാരന്പര്യ രോഗമാണ്. ശാപഗ്രസ്തമായ ഒരു കുടുംബം. സാധുക്കളായ നിരവധി പേരെ ദ്രോഹിച്ച് അവരുടെ ശാപം ഏറ്റുവാങ്ങിയ ഒരു കുടുംബം. ഇവിടത്തെ ചോർച്ച എങ്ങനെ അവസാനിപ്പിക്കാം. പ്രായശ്ചിത്തമാണ് പരിഹാരം. തങ്ങളുടെ പൂർവ്വീകർ ഉപദ്രവിച്ച സാധുകുടുംബങ്ങളോട് പ്രായശ്ചിത്തം ചെയ്യാതെ മേൽക്കൂരയുടെ വിള്ളലുകൾ അടയുകയില്ല. ഈ സത്യം ആ കുടുംബം തിരിച്ചറിയേണ്ടിയിരിക്കുന്നു. ക്രിസ്തു ശിഷ്യനായ തോമസ് ഭാരതത്തിൽ വന്നപ്പോൾ പല്ലു തേക്കാൻ ഉമിക്കരി കൊടുത്ത കുടുംബമാണ് തങ്ങളുടേത് എന്ന് വീന്പിളക്കി പാരന്പര്യത്തിന്റെ മഹിമ വിളന്പി നടക്കുന്ന കുടുംബനാഥൻ അറിയുന്നില്ല, കാൽ കീഴിലെ മണ്ണ് ഉതിർന്നു പോകുന്നത്. ജീവിതസായാഹ്നത്തിലെത്തുന്പോൾ തിരിഞ്ഞു നോക്കി പരിതപിച്ചതു കൊണ്ട് എന്തു പ്രയോജനം. ഈ കുടുംബം സമൂഹത്തിന് ഒരു ചുവന്ന ചോദ്യചിഹ്നമാണ്. സമാന അനുഭവങ്ങളുള്ളവർ ഉറക്കെ ചിന്തിച്ച് ഓട്ടയടക്കാൻ തക്കവണ്ണം പ്രായശ്ചിത്തത്തിലേക്ക് പ്രവേശിച്ചാൽ നന്ന്.
ജീവിതധാരയിലെ ചോർച്ചകൾ ഒഴിവാക്കാനുള്ള ചില പ്രായോഗിക
നിർദേശങ്ങളാണ് ഇനി കുറിയ്ക്കുന്നത്.
1. നമ്മോടുതന്നെ നമുക്ക് മതിപ്പുണ്ടാകണം: നാളേയ്ക്കായി വിചാരപ്പെടുന്നവർക്ക് ഈ മതിപ്പുണ്ടാക്കാൻ സാധ്യമല്ല. ചിലപ്പോൾ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളോർത്താണ് നമ്മുടെ മതിപ്പ് നാം തന്നെ നഷ്ടപ്പെടുത്തുന്നത്. മോൺടേഗ് എന്ന ഫ്രഞ്ചു സാഹിത്യകാരൻ എഴുതി, ‘എന്റെ ജീവിതം ദുരന്തങ്ങളുടെ ഒരു പരന്പരയായിരുന്നു; പക്ഷെ, അവയിൽ ഏറിയ പങ്കും ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് മാത്രം.’ അതുകൊണ്ട് നാം ഭയപ്പെടുന്ന കാര്യത്തെക്കുറിച്ച് സ്വയം ചോദിക്കുക. അത് സംഭവിക്കാൻ എത്രമാത്രം സാധ്യതകളുണ്ട്? എത്രയോ വട്ടം ഇത് മുന്പ് ഭയപ്പെട്ട കാര്യമാണെങ്കിലും സംഭവിക്കാതെ പോയി! അങ്ങനെ തന്നെ ഇനിയും ഉണ്ടാകാവുന്നതേ ഉള്ളൂ. സ്വയം ധൈര്യപ്പെടുക. നമ്മോടു തന്നെ ഒരു മതിപ്പ് അപ്പോൾ നമുക്കുണ്ടാകും.
2. ഉത്കണ്ഠ നീട്ടി വെക്കുക: കാര്യങ്ങൾ ശരിയായി അറിയുന്നതിന് മുന്പ് തന്നെ ഭാവിയെപ്പറ്റി പലതും സങ്കല്പിച്ചും നിരൂപിച്ചും തത്രപ്പെടുന്നവരുണ്ട്. ശ്വാസകോശത്തിന് അസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാളുടെ എക്സ്റേ എടുത്തപ്പോൾ കണ്ട നിഴലിന്റെ രൂപം അൽപം ആശയങ്കയുളവാക്കി. ഡോക്ടർ പറഞ്ഞു, ‘ക്ഷയരോഗം കൊണ്ടും ട്യൂമർ കൊണ്ടും ആകാം. ബയോപ്സി എടുത്ത ശേഷമേ ഖണ്ധിതമായി പറയാൻ കഴിയൂ’ പക്ഷെ അതു കേട്ടപ്പോൾ മുതൽ രോഗി ആകുലപ്പെടാൻ തുടങ്ങി. പ്രത്യക്ഷപ്പെട്ടതു ട്യൂമർ ആണെങ്കിൽ, അത് ക്യാൻസർ ബാധിച്ചതാണെങ്കിൽ തന്റെ അവസ്ഥ ഭയാനകമാണ്. എന്തും സംഭവിക്കാം. നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. ഇപ്രകാരം ചിന്തിച്ച് നിരാശപ്പെട്ടു. എന്നാൽ ഏതാനും ദിവസങ്ങൾക്കു ശേഷം ബയോപ്സിയുടെ ഫലം വന്നപ്പോൾ ഭയപ്പെട്ട ക്യാൻസർ ഇല്ലായിരുന്നു. അതുകൊണ്ട് സാങ്കല്പിക കാര്യങ്ങൾ ചിന്തയിൽ കടത്തിവിട്ട് ഉത്കണ്ഠപ്പെടേണ്ടതായിട്ടില്ല. ഉത്കണ്ഠ നീട്ടിവെയ്ക്കുകയാണ് ഉത്തമം.
3. ഭയത്തെ ധീരമായി നേരിടുക: ഭയത്തെ ക്രിയാത്മകമായി നേരിട്ട് അപഗ്രഥനം ചെയ്യാൻ ശ്രമിക്കണം. ഈ ചോദ്യങ്ങൾ ഒരു കടലാസിൽ എഴുതി അവയ്ക്ക് ഉത്തരം കാണാൻ ശ്രമിക്കുക.
സംഭവിക്കുന്നതിൽ എന്താണ് ഏറ്റവും ദോഷമായിട്ടുള്ളത്?
അതിനുള്ള സാധ്യതകൾ എത്രമാത്രം?
അത് സംഭവിക്കുന്നുവെങ്കിൽ അതിന് എങ്ങനെ സ്വയം ഒരുങ്ങാൻ കഴിയും?
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്പോൾ നമ്മുടെ മനസ് ക്രിയാത്മകമായി ഭയത്തെ നേരിടാൻ ഒരുങ്ങുകയാണ്. അത് നമുക്ക് കൂടുതൽ ഭദ്രതാബോധവും ആത്മവിശ്വാസവും നൽകും.
കൂടെക്കൂടെ നമ്മുടെ ജീവിതത്തിന്റെ മേൽക്കൂര ചോരുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതു തന്നെ. ചോർച്ച അനുഭവപ്പെടുന്നുവെങ്കിൽ അവ മാറ്റുന്നതിനുള്ള മാർഗ്ഗങ്ങളെ പറ്റി ചിന്തിച്ചിരിക്കണം. ജീവിതത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്പോഴാണ് ചോർച്ചയുടെ വ്യാപ്തി ബോധ്യപ്പെടുന്നത്. പ്രതിസന്ധികളെ ഭയന്ന് ഓടി ഒളിക്കാൻ ശ്രമിക്കുകയാണെങ്കിൽ, പ്രതിസന്ധി പിറകെ ഓടി എവിടെയെങ്കിലുമിട്ട് നമ്മെ പിടികൂടും. അത് ഒഴിവാക്കാൻ സധൈര്യം പ്രതിസന്ധികളുടെ മുന്നിൽ നെഞ്ച് വിരിച്ച് നിൽക്കുക. പ്രതിസന്ധികളെ കീഴടക്കാൻ കഴിയുന്നുവെങ്കിൽ ആ വിജയം ആഘോഷിക്കുക. പ്രതിസന്ധികളുടെ മുന്നിൽ നാം പരാജയപ്പെടുന്നുവെങ്കിൽ ആ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുക. അടുത്ത പ്രാവശ്യം വിജയം സുനിശ്ചിതം!