മഴവില്ലിനും മൊഴിയാനൊരു സന്ദേശമുണ്ട്!


ഏഴു നിറങ്ങളുള്ള മഴവില്ല് ചക്രവാളത്തിൽ വിരിയുന്പോൾ എത്ര മനോഹരമാണത് ആസ്വദിക്കാൻ! കവികളെയും കലാകാരന്മാരെയും മാത്രമല്ല സാധാരണക്കാരെയും ആകർഷിക്കുന്ന ചേതോഹരമായ ദൃശ്യമാണത്. മഴവില്ലിന്റെ കൃത്യമായ ആകൃതിയും വ്യക്തമായ വർണ്ണപ്പൊലിമയും ആരെയാണ് സന്തോഷിപ്പിക്കാത്തത്! പക്ഷേ ആകാശപ്പരപ്പിൽ മഴവില്ല് വിരിയണമെങ്കിൽ മഴയും വെയിലും സമ്മേളിക്കണം. പ്രകാശം പരത്തുന്ന വെയിലിനോടൊപ്പം തണുപ്പും നനവുമുള്ള മഴത്തുള്ളികളും ഉണ്ടാകണം.

മഴവില്ലിന്റെ പിന്നിലെ ശാസ്ത്ര രഹസ്യം വിശകലനം ചെയ്യുവാനല്ല ഞാൻ ഒരുന്പെടുന്നത്. ഒരു ജീവിതസത്യം വെളിപ്പെടുത്തുവാനാണ് എന്റെ ശ്രമം. വൈരുദ്ധ്യങ്ങളായ അനുഭവങ്ങളിൽ നിന്നാണ് പലപ്പോഴും അപ്രതീക്ഷിതമായ അനുഭൂതികൾ ഉണ്ടാകുന്നത്. ജീവിതത്തിൽ സന്തോഷമുണ്ട്; ഒപ്പം സന്താപവും കടന്നെത്തും. നന്മയുടെ വെയിൽ മാത്രമല്ല, തിന്മയുടെ നനവും ജീവിതത്തിന്റെ ഓഹരിയാണ്. അങ്ങനെയങ്കിൽ, ഏതു സാഹചര്യത്തേയും സമചിത്തതയോടും ദീർഘവീക്ഷണത്തോടും കുടെ നേരിടുന്നതിലാണ് ജീവിതവിജയം സ്ഥിതി ചെയ്യുന്നത്. നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളോടും അനുഭവങ്ങളോടും നാം എന്തു മനോഭാവം പുലർത്തുന്നു എന്നതാണിവിടെ പ്രധാനം.

ഉല്ലാസവും ആഹ്ലാദവും നിറഞ്ഞ് നിൽക്കുന്പോൾ വിഭാവന ചെയ്യാത്ത വേദനയും നിരാശയും നിറഞ്ഞ പലതും സംഭവിച്ചേക്കാം. നല്ലവർ ചിലപ്പോൾ തിന്മയെ മാത്രം നേരിടുന്നതായി കാണാം. അനർത്ഥങ്ങൾ മാറാതെ അവരെ പിൻതുടർന്നേക്കാം. അപ്പോൾ മിക്കവരും സാഹചര്യങ്ങളെ പഴിക്കുന്നു. വിധിയെ ശപിക്കുന്നു. പ്രതിഷേധവും അമർഷവും ഉയർത്തുന്നു. നിഷ്ക്രിയരായി വർത്തിക്കുന്നു. മനുഷ്യ നിയന്ത്രണങ്ങൾക്കതീതമായി ജീവിതം തിരിഞ്ഞ് മറിയുന്ന ഇത്തരം അവസരങ്ങളിൽ നമ്മുടെ പ്രതികരണം എന്തായിരിക്കണം. ആലോചിച്ച് തലപുകയ്ക്കുന്നതു കൊണ്ട് എന്ത് ഫലം? പ്രപഞ്ച സൃഷ്ടിയിൽ മനുഷ്യന് മാത്രം കഴിവുള്ള ഒന്നുണ്ട്: സാഹചര്യങ്ങളെ വിലയിരുത്തുവാനും ഭവിഷ്യത്തുകളെ കണക്കിലെടുക്കുവാനുമുള്ള കഴിവ്. ഒരു വരദാനമാണ് അത് മനുഷ്യകുലത്തിന്. ചെറുപ്പം മുതലേ അത് ശരിയായി ഉപയോഗിക്കുവാനുള്ള പരിശീലനം നേടേണ്ടതാണ്. ചില മാതാപിതാക്കൾ അക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. മറ്റുചിലർ മക്കളെ അമിതമായി സ്നേഹിച്ച് അവരെക്കൊണ്ട് ഒന്നും ചെയ്യിക്കാതെ എല്ലാം മാതാപിതാക്കൾ തന്നെ ചെയ്യുന്നു. മക്കൾക്ക് സ്വയം ചിന്തിക്കുവാനോ വിലയിരുത്തുവാനോ ഉള്ള അവസരം നൽകുന്നില്ല. അങ്ങനെ വളരുന്ന മക്കൾ ഭാവിയിൽ സാഹചര്യങ്ങളുടെ ഇരകളായി മാറുകയും ജീവിതത്തിൽ പരാജയങ്ങളും നിരാശകളും പേറുകയും ചെയ്യും. 

പായ് കെട്ടിയ ചെറുവഞ്ചികൾ ധാരാളമുള്ള ഒരു തടാകം ശ്രദ്ധിക്കുക. നല്ല തെളിവുള്ള ഒരു ദിവസം പായ് വിടർത്തി അവ ഓടിക്കുന്നത് കൗതുകമാർന്ന വിനോദമാണ്. ഉല്ലാസവും ഉന്മേഷവും ഉണർത്തുന്ന വഞ്ചിയോട്ടം. കാറ്റ് ഒരു വശത്തേക്ക് മാത്രമാണ് വീശുന്നത്. എങ്കിലും വഞ്ചിഓടങ്ങൾ പല ഭാഗത്തേക്കുമായി കുതിയ്ക്കുന്നു. അതെങ്ങനെ സംഭവിക്കുന്നു? ഓരോ ഓടത്തിന്റെയും പായ് എങ്ങനെ നിവർത്തുകയും തിരിയ്ക്കുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ ഗതി നിർണയിക്കുന്നത്. അതിനാൽ നാവികന്റെ കഴിവും പരിചയവും അവിടെ വലിയ പങ്ക് വഹിക്കുന്നു. കാറ്റിനെ നിയന്ത്രിക്കാൻ വഞ്ചിക്കാരന് സാധ്യമല്ല. കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശുന്നു. അത് എവിടെനിന്ന് വരുന്നുവെന്നോ എവിടേക്ക് പോകുന്നുവെന്നോ നാം അറിയുന്നില്ല. പ്രകൃതിയുടെ ഒരു വലിയ പ്രതിഭാസമാണ് കാറ്റ്. അതിനെ നിയന്ത്രിക്കാൻ നമുക്ക് അസാധ്യമായതുപോലെ ജീവിതത്തിലെ ചില വൻകാറ്റുകളെ നമ്മുടെ ഇഷ്ടാനുസരണം തിരിച്ചു വിടാൻ നമുക്ക് സാധ്യമല്ല. എന്നാൽ ആ കാറ്റിൽ നമ്മുടെ ജീവിതനൗക എങ്ങനെ തിരിയ്ക്കാമെന്നുള്ളത് നമ്മുടെ കൈകളിലിരിക്കുന്ന കാര്യമാണ്. ആ കാറ്റിനെ നമുക്ക് അനുകൂലമാക്കി എടുക്കാൻ കഴിയുന്നതിലാണ് നമ്മുടെ ജീവിതവിജയം ഇരിക്കുന്നത്. നമ്മുടെ സാഹചര്യങ്ങളെ എപ്പോഴും നമുക്ക് അനുകൂലമാക്കാൻ സാധിച്ചു എന്ന് വരികയില്ല. എന്നാൽ നമ്മുടെ മനോഭാവം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. It is not our position, but our disposition that determines our destiny. നമ്മുടെ ഭാഗധേയം നി‍‍‍‍ർണയിക്കുന്നത് നമ്മുടെ സ്ഥാനമാനങ്ങളല്ല, മറിച്ച് നമ്മുടെ മനോഭാവമാണ്.

ഒരു നാടുവാഴി തന്റെ യാത്രാവീഥിയിൽ ഒരു ഭീമാകാരമായ കല്ല് ഉരുട്ടി വയ്പിച്ചു. അത് ആരെങ്കിലും മാറ്റിയിടാൻ ശ്രമിക്കുമോ എന്നറിയാനായിരുന്നു. അത് നിരീക്ഷിക്കുവാൻ രഹസ്യമായി ആളിനെയും ഏർപ്പെടുത്തി. അതുവഴി കടന്നു പോയ പലരും ആ തടങ്കൽപ്പാറയെ പറ്റി പിറുപിറുക്കുകയും ശപിക്കുകയും ചെയ്തു. അത് മാറ്റിയിട്ട് വഴി സുഗമമാക്കാൻ ശ്രമിക്കാത്ത അധികാരികളെ ചിലർ പഴിച്ചു. അങ്ങനെ ശപിച്ചും പഴിച്ചും അനേകർ കടന്നുപോയി. ആ കല്ല് അവിടെ നിന്നു മാറ്റുവാൻ ആരും ഒരുന്പെട്ടില്ല. അവസാനം ഒരു സാധു ക‍ർഷകൻ അതുവഴി വന്നു. മാർഗ്ഗ തടസമായി കിടന്ന കല്ല് അയാളുടെ ശ്രദ്ധയിൽ പെട്ടു. വഴിമാറി പോകാതെ ആ കല്ല് ഉരുട്ടി മാറ്റുവാൻ തന്നെ അയാൾ ശ്രമിച്ചു. വളരെ പണിപ്പെട്ട് ആ കല്ല് ഉരുട്ടി വഴിയുടെ ഓരത്ത് കുഴിയിലേക്ക് തള്ളിയിട്ടു. അങ്ങനെ തടസം മാറി. ആ കല്ലു നീക്കിയപ്പോൾ അതിന്റെ കീഴിൽ ഒരു സഞ്ചി കണ്ടു. അതിൽ സ്വർണനാണയങ്ങളായിരുന്നു. കൂടെ ഒരു കുറിപ്പും കണ്ടെത്തി. ശ്രമസാധ്യമായ ഈ കാര്യം ചെയ്യുന്ന ആൾക്ക് നാടുവാഴി നൽകുന്ന സമ്മാനമാണിത് എന്നാണ് ആ കുറിപ്പിൽ എഴുതിയിരുന്നത്. ആ കർഷകന് ആശ്ചര്യവും ആനന്ദവുമായി. ഇരുട്ടിലെ നിക്ഷേപവും മറവിടങ്ങളിലെ ഗുപ്ത നിധിയുമാണ് തനിക്ക് ലഭിച്ചതെന്നോർത്ത് അയാൾ സന്തോഷിച്ചു. നിക്ഷേപം ലഭിക്കുമെന്നുള്ള ആഗ്രഹം കൊണ്ടോ പ്രതീക്ഷ കൊണ്ടോ അയാൾ പ്രവർത്തിക്കുകയായിരുന്നില്ല. അഭിമുഖീകരിച്ച അസൗകര്യത്തെ ക്ലേശം സഹിച്ചാലും നീക്കം ചെയ്ത് തനിയ്ക്കും മറ്റുള്ളവർക്കും വഴി സുഗമമാക്കുക എന്ന ദൗത്യമാണ് ആ വ്യക്തി തിരഞ്ഞെടുത്തത്. പക്ഷേ ആ ക്ലേശവും അദ്ധ്വാനവും വൃഥാ ആയില്ല. അപ്രതീക്ഷിതമായ ഒരനുഗ്രഹവും അത് കൈവരുത്തി. ഇത്തരം പാഠങ്ങൾ വേദനയുടെയും അസ്വസ്ഥതയുടെയും താഴ്്വരയിൽ മാത്രമേ നമുക്ക് പഠിക്കുവാൻ കഴിയൂ, ഓരോ പ്രതിസന്ധിയുടെയും മറവിൽ ചില നിക്ഷേപങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ലക്ഷ്യബോധത്തോടും ഉത്തമ വിശ്വാസത്തോടും പ്രതിസന്ധിയെ നേരിടുന്പോൾ മഴവില്ലിന്റെ മനോഹാര്യതയെന്നവണ്ണം മറവിലിരിക്കുന്ന നിക്ഷേപങ്ങൾ പ്രാപ്യമാകും.

ഘോരമായ കൂരിരുട്ട്. ഇരച്ചു പെയ്യുന്ന പേമാരി. കാതടപ്പിക്കുന്ന കൊടുങ്കാറ്റ്. ആരെയും സ്തബ്ധരാക്കുന്ന അന്തരീക്ഷം. അപ്പോഴാണ് ഒരു ചെറിയ പക്ഷി ഉന്മിഷിതനായി  ശ്രുതിമധുരമായ ഗാനങ്ങൾ ഉതിർക്കുന്നത്. ആ പക്ഷിയെ രാപ്പാടിക്കുരുവി (നൈറ്റിംഗേൽ) എന്ന് വിളിക്കുന്നു. വിപരീത സാഹചര്യങ്ങൾ അതിനെ ഭയപ്പെടുത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നില്ല. മറിച്ച് ആവേശത്തോടെ രാഗാലാപം ചെയ്യുവാൻ അതിന് കഴിയുന്നു. കലുഷിതമായ അന്തരീക്ഷത്തിനിടയിലും ഒരു മധുര ശ്രുതിയുണ്ടെന്ന് തെളിഞ്ഞില്ലേ?

നിശാഗന്ധിയെന്ന പുഷ്പവും നമ്മെ ആകർഷിക്കുന്നു. അന്ധകാരം വ്യാപിച്ചിരിക്കുന്പോഴാണ് അന്തരീക്ഷത്തിൽ സുഗന്ധം പരത്തുന്ന നിശാഗന്ധി വിരിയുന്നത്. തമോശക്തി അതിന്റെ ഇതളുകളെ വികസിപ്പിക്കുകയും സുഗന്ധം വ്യാപിപ്പിക്കാൻ സഹായിക്കുകും ചെയ്യുന്നു. പ്രകൃതിയിലെ ഈവക യാഥാർത്ഥ്യങ്ങൾ മനുഷ്യജീവിതത്തിലും പ്രതിഫലിച്ച് കാണുന്നുണ്ട്. നിരാശാജനകമായ അനുഭവങ്ങൾ പല വ്യക്തികളെയും തളർത്തുകയല്ല, അവരുടെ കർമ്മചേതനയെ ഉണർത്തുകയാണ് ചെയ്യുന്നത്. പേമാരിയ്ക്കും ഇടിമിന്നലുകൾക്കും മുന്പ് മാരിവില്ല് തെളിയുന്നതുപോലെ പ്രതിസന്ധികളുടെ പെരുന്പറ മുഴങ്ങുന്പോഴും ആശയുടെ കിരണങ്ങൾ മനോമുകുരത്തിൽ തെളിഞ്ഞു നിൽക്കുന്നത് തിരിച്ചറിയാൻ കഴിയുന്നവരായിത്തീരുന്പോൾ നാം ധന്യരാകും.

വാഹനാപകടം മൂലം ശരീരത്തിന്റെ  അരയ്ക്കു കീഴ്ഭാഗം പൂർണമായി തളർന്നുപോയ വെല്ലൂരിലെ ഡോക്ടർ മേരി വറുഗീസിനെപ്പറ്റി വളരെ പേർ കേട്ടിട്ടുണ്ടാകും. ആ മഹതിയുടെ ജീവചരിത്രം (Take my hands) ഇംഗ്ലീഷിലും മറ്റു പല യുറോപ്യൻ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ്. വീൽ ചെയറിൽ മാത്രം സഞ്ചരിക്കാൻ കഴിഞ്ഞിരുന്ന ആ ഡോക്ടർ കുഷ്ഠരോഗികളായി അംഗവൈകല്യം വന്നവരുടെ അവയവങ്ങൾ ഉപയോഗക്ഷമമാക്കുവാൻ തക്കവണ്ണമുള്ള ശസ്ത്രക്രിയ, വീൽ ചെയറിൽ ഇരുന്നുകൊണ്ട്, മണിക്കൂറുകളുടെ അദ്ധ്വാനമെടുത്ത് ചെയ്യുമായിരുന്നു. സ്വന്തം പരിമിതികളും പരാധീനതകളും മറ്റുള്ളവരെ പരിചരിക്കുന്നതിന്  തടസ്സമായി അവർ കണ്ടില്ല. പലപ്പോഴും അവശയായി ജീവിതം തന്നെ ദുസ്സഹമായി അവർക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം രാപ്പാടിയെപ്പോലെ പ്രത്യാശ നിറഞ്ഞവളായി മഴവില്ലിന് മൊഴിയാനുള്ള സന്ദേശമുൾക്കൊണ്ടുകൊണ്ട് മുന്നേറുവാൻ അവർക്ക് കഴിഞ്ഞിരുന്നു. തനിക്ക് ആശ്വാസം പകരാൻ എത്തുന്നവർ ഡോക്ടറിലൂടെ ആശ്വാസം കണ്ടെത്തുക ഒരു പതിവായിരുന്നു. പൂർണ്ണ ആരോഗ്യവതിയായി ജീവിച്ച് കർമ്മം ചെയ്യുന്നതിൽ നിന്നും എത്രയോ മടങ്ങ് അധികം വൈകല്യം സംഭവിച്ച അവസ്ഥയിൽ അവർക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു. തനിക്ക് നേരിട്ട ദുരന്തത്തെ ഓർത്ത് ശപിക്കുന്നതിനോ അതേപ്പറ്റി ഓർത്ത് തന്റെ വിധിയെ പഴിക്കുന്നതിനോ ഒരുന്പെടാതെ നിശാഗന്ധിയെപ്പോലെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സുഗന്ധം പരത്താനാണ് ആ മഹതിക്ക് കഴിഞ്ഞത്.

ഒരു ജീവശാസ്ത്രജ്ഞൻ ക്ലാസിലുള്ള കുട്ടികൾക്ക് ദൃശ്യാവിഷ്കാരത്തിലൂടെ ഒരു പച്ചിലപ്പുഴു എങ്ങനെയാണ് ചിത്രശലഭമായി രൂപാന്തരം പ്രാപിക്കുന്നതെന്ന് പഠിപ്പിക്കുകയായിരുന്നു. പക്വമായ ഒരു കൊക്കൂൺ (ശലഭ കോശം) കാണിച്ചിട്ട് അദ്ദേഹം പറഞ്ഞു: അടുത്ത ഒരു മണിക്കൂറിനുള്ളിൽ കൊക്കൂൺ പൊളിച്ച് ശലഭം പുറത്തേക്കു വരും. ആരും അക്കാര്യത്തിൽ അതിനെ സഹായിക്കരുത്. സ്വന്തം പരിശ്രമവും അദ്ധ്വാനവും കൊണ്ട് അത് കരുത്താർജിച്ച് പുറത്തുവരും. എന്നിട്ടദ്ദേഹം ക്ലാസുമുറി വിട്ട് പുറത്തുപോയി. വിദ്യാ‍‍ർത്ഥികൾ ആകാംക്ഷയോടെ ചിത്രശലഭം പുറത്തേക്കു വരുന്നതും നോക്കി കാത്തിരിപ്പായി. ശലഭം കൊക്കൂണിന്റെ പുറംതോടിൽ മുട്ടിയും ഇടിച്ചും കഠിനപ്രയത്നം ചെയ്യുന്നു. ഇതുകണ്ട് മനസലിഞ്ഞ ഒരു വിദ്യാർത്ഥി, അദ്ധ്യാപകന്റെ അനുശാസനത്തെ ലംഘിച്ചു കൊണ്ട് കൊക്കൂണിന്റെ പുറംതോട് പൊട്ടിച്ചു കൊടുത്തു. ശലഭത്തിന് പിന്നെ ബുദ്ധിമുട്ടേണ്ടി വന്നില്ല. അത് പുറത്തേക്ക് വന്നു. പക്ഷേ അതിന്റെ ചിറകു വിടർത്തുന്നതിനോ പറന്നുയരുന്നതിനോ കഴിയാതെ അല്പസമയത്തിനുള്ളിൽ അത് നി‍‍ർജീവമായി. അദ്ധ്യാപകൻ മടങ്ങി വന്നപ്പോൾ സംഭവിച്ചതറിഞ്ഞ് അദ്ദേഹം പറഞ്ഞു. ആ ശലഭത്തെ അതിന്റെ പ്രയത്നത്തിൽ സഹായിച്ചു പോയത് അബദ്ധമായി. പ്രകൃതിയിൽ വച്ചിരിക്കുന്ന ഒരു നിയമത്തെ അതുമൂലം നിങ്ങൾ ലംഘിക്കുകയായിരുന്നു. കൊക്കൂണിനകത്തു നിന്ന് പുറത്തു കടക്കാനുള്ള തീവ്രമായ ശ്രമത്തിൽ കൂടി ആ ശലഭം കരുത്താർജിക്കുകയും അങ്ങനെ അതിന്റെ ചിറകുകൾക്ക് ശക്തി ലഭിച്ച് പറക്കുകയും ചെയ്യുമായിരുന്നു. ആ വിദ്യാർത്ഥി ശലഭത്തിന്റെ പോരാട്ടത്തിലും അദ്ധ്വാനത്തിലും തടസം സൃഷ്ടിച്ചു. തന്മൂലം അത് ജീവനറ്റതായി തീർന്നു 

പോരാട്ടത്തിലൂടെയും പ്രതിബന്ധങ്ങളിലൂടെയുമാണ് വളർച്ച സാധ്യമാകുന്നത്. നാം പരാജിതരാണ് എന്ന് ചിന്തിച്ചാൽ അങ്ങനെ തന്നെ സംഭവിക്കും. നാം ഒരുന്പെടുന്നില്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല നാം. നാം വിജയിക്കാനാഗ്രഹിക്കുകയും അതേസമയം നമുക്ക് കഴിവില്ല എന്ന് ചിന്തിക്കുകയും ചെയ്താൽ ആ വിജയം അകലെയായിരിക്കും. ജീവിതത്തിലെ പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. പോരാട്ടത്തിൽ വിജയം വരിക്കുന്നവർ മഴവില്ലിലെ സന്ദേശമുൾക്കൊണ്ട് വിജയിക്കും എന്ന ഉറച്ച തീരുമാനമെടുക്കുന്നവരാണ്.

You might also like

Most Viewed