‘വരുമൊരു നാൾ സുഖം, മറ്റൊരുനാൾ ദുഃഖം’


ജീവിതം സുഖദുഃഖ സമ്മിശ്രമാണെന്ന് നമുക്കെല്ലാമറിയാം. എന്നാൽ സുഖത്തിനു വേണ്ടി സ്വപ്നാടനം നടത്താനും ദുഃഖമുണ്ടാകരുതേ എന്ന് പ്രാർത്ഥിക്കാനുമേ നാം പരിശീലിച്ചിട്ടുള്ളൂ. സുഖാവസ്ഥയ്ക്ക് മുൻതൂക്കം കൊടുത്ത് ആനന്ദവേളകൾക്കു വേണ്ടി കൊതിക്കുന്ന നമുക്ക് ദുഃഖത്തിലെ സുഖം ഒപ്പിയെടുക്കാൻ മടിയാണ്. ദുഃഖത്തിന്റെ പാനപാത്രം ഏറ്റുവാങ്ങേണ്ട അവസരങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാകാം. ആരും ഇതിൽ നിന്ന് വിമുക്തരല്ല. അധർമ്മിയും സാത്വികനും സിദ്ധനും എല്ലാം ഇത് നേരിടണം. എന്നാൽ ഓരോരുത്തരുടെയും പ്രതികരണം വ്യത്യസ്തമായിരിക്കും. ദാർശനികൻ ദുഃഖാനുഭവത്തെ ഉദാത്തീകരിക്കാൻ ശ്രമിക്കും. മറ്റുചിലർ ദുഃഖാവസ്ഥയിൽ കർമ്മചേതന നഷ്ടപ്പെട്ടവരായി തീർന്ന് നിഷ്ക്രിയത്വത്തിലേയ്ക്ക് വഴുതിവീഴും.

സ്വന്തപ്പെട്ടവരുടെ വേർപാട് വരുത്തിയ ക്ഷതം ഉണങ്ങാതെ നൊന്പരപ്പെട്ടു കഴിയുന്ന എത്രയെത്ര ജീവിതങ്ങളുണ്ട്. സ്നേഹദീപം പൊലിഞ്ഞതിനു ശേഷം തീവ്രമായ വ്യഥയിലും ശൂന്യതാബോധത്തിലും അവർ കഴിയും. അവർ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്, “എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?” ഉത്തരമില്ലാത്ത ചോദ്യമാണത്. അതു ചിലരെ കയ്പു നിറഞ്ഞവരാക്കുന്നു. മറ്റു ചിലരെ, കൂടുതൽ കരുത്താർജ്ജിച്ച് കർത്തവ്യനിരതരായി ജീവിതത്തെ നേരിടുവാൻ പ്രാപ്തരാക്കുന്നു. ഒരു ചിന്തകന്റെ വാക്കിൽ ‘വ്യസനത്തേക്കാൾ ശ്രേഷ്ഠമായത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ ഉദ്ധാരണത്തിന് ഈശ്വരൻ ഉപയുക്തമാക്കുന്നു.’ ദുഃഖമില്ലാത്ത ജീവിതം സങ്കല്പ്പിക്കേണ്ടതില്ല എന്നു മാത്രമല്ല അതു കടുപ്പമേറിയതുമായിരിക്കും. അവിടെ ഉദാരതയും ആർദ്രതയും സഹാനുഭൂതിയും കടന്നുവരികയില്ല. സ്വാർത്ഥതയിലേയ്ക്കും സങ്കുചിതത്വത്തിലേയ്ക്കും ജീവിതം ലോപിക്കും.

നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിക്കുന്നതുപോലെ ജീവിതത്തിൽ പ്രകാശം പരത്തിയ വ്യക്തിയും സാഹചര്യവും പൊടുന്നനെ നീക്കപ്പെട്ടാൽ എന്തു ചെയ്യാൻ കഴിയും? ഇനി ഒരിക്കലും ജീവിതം പഴയതുപോലെ ആകുവാൻ സാധ്യമല്ല എന്ന് നാമോർത്തു പോകും. ഭാരം കൊണ്ട് നെടുവീർപ്പിടുന്ന ഹൃദയവുമായി മരണം വരെ തുടരേണ്ടി വരുമെന്ന് ചിന്തിക്കും. ചിലപ്പോൾ ദുഃഖം കടന്നുവരുന്നത് നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ ഉണ്ടാകുന്ന മാരകമായ രോഗം മൂലമായിരിക്കും. ഇന്ന് സാർവത്രികമായിക്കൊണ്ടിരിക്കുന്ന കാൻസർ മരണത്തെ വിളിച്ചുവരുത്തുന്ന ഒന്നാണ്. അതുകൊണ്ട് അതിന്റെ പേരു പറയാൻ പോലും ചിലർ ഭയക്കുന്നു. വേർപാടായാലും മാറാരോഗമായാലും അത് വന്ന് സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു. അതൊരു യാഥാർത്ഥ്യമായി നാം അംഗീകരിച്ചേ മതിയാവൂ. അതിന്റെ നേരെ കണ്ണടയ്ക്കാനോ അതിൽ നിന്ന് ഓടിയൊളിക്കാനോ ആർക്കും സാധ്യമല്ല. ഈ യാഥാർത്ഥ്യത്തെ ഒരുവൻ ഉൾക്കൊണ്ട് കഴിയുന്പോഴാണ് ദുഃഖത്തിലും സുഖം കണ്ടെത്തുന്നത്. സുഖത്തിൽ നിന്ന് കിട്ടുന്ന ആനന്ദത്തോട് ദുഃഖത്തെ ഉൾക്കൊണ്ട് കഴിയുന്പോഴുള്ള കുളിർമ്മയെ താരതമ്യപ്പെടുത്തരുത്. സുഖത്തിലെ സുഷുപ്തി ഉപരിവിപ്ലവമായിരിക്കും. അതു ആഘോഷങ്ങളിൽ ഒതുങ്ങി നിൽക്കും. എന്നാൽ ദുഃഖത്തിലെ കുളിർമ്മ അന്തഃകരണത്തിലെ നീരരുവിയാണ്. അത് അനുഭവങ്ങളിൽ തിളങ്ങുന്ന മിന്നാമിനുങ്ങുകളായി കൂരിരുട്ടിലും വഴികാട്ടും. ദുഃഖാനുഭവങ്ങളിൽ പ്രാരംഭത്തിൽ നടുക്കവും ആഘാതവുമായിരിക്കും. എന്നാൽ സമയത്തിന് നമ്മുടെ അകതാരിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും. ജലാശയത്തിലെ ചെറിയ നീരുറവ പോലെ ശാന്തമായി മനസിലേയ്ക്ക് സാന്ത്വനം കടന്നുവരും. അപ്പോൾ സഹനത്തിന്റെ കൈത്തിരി ഹൃദയത്തിൽ കത്തിക്കുവാൻ നമ്മുടെ വിശ്വാസം നമ്മെ സഹായിക്കും. നമ്മിലേയ്ക്ക് മാത്രമായി ഒതുങ്ങാതെ അശരണരിലേക്ക് നമ്മുടെ സ്നേഹത്തിന്റെ ഹസ്തം നീട്ടുവാൻ നമുക്കപ്പോൾ സാധിക്കും. ജീവിതത്തിൽ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ആശ്വാസവും സംതൃപ്തിയും അപ്പോൾ നമുക്ക് ലഭിക്കുമെന്നതിന് തർക്കമില്ല. ജീവിതത്തിന് ഒരു പുതിയതാളവും ലയവും ലഭിക്കും. സഹനവും ധൈര്യവും ആർജ്ജിച്ച് മുന്നേറുന്പോൾ അന്ധകാരം നീങ്ങി പ്രകാശം പരക്കുന്ന അനുഭവമുണ്ടാകും. അതാണ് ദുഃഖത്തിലെ സുഖം.

പ്രസിദ്ധമായ ഒരു ബിസിനസ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ ഒരു വനിത അവരുടെ അനുഭവസാക്ഷ്യത്തിൽ എന്നോട് വ്യക്തമാക്കിയത് കുറിക്കട്ടെ. അവരുടെ ഭർത്താവ് കെട്ടിപ്പടുത്ത ബിസിനസ്. കഠിനാദ്ധ്വാനത്തിലൂടെ ഉയർത്തപ്പെട്ട സ്ഥാപനം. സത്യസന്ധവും സമർപ്പണബോധവും തൊഴിലാളികളോടുള്ള കരുതലുമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഹൃദയാഘാതം മൂലം അദ്ദേഹം അകാലചരമം പ്രാപിച്ചു. ബിസിനസ് ഏറ്റെടുക്കാൻ പ്രായപൂർത്തിയായ മക്കളില്ല. അടുത്ത ബന്ധുക്കളുമില്ല. ഒരു വീട്ടമ്മയായ ഭാര്യക്ക് ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. സ്നേഹനിധിയായ ഭർത്താവിന്റെ വേർപാടിൽ ദുഃഖാർത്തയായ അവർക്ക് അവരുടെ സങ്കടം പറഞ്ഞും അനുഭവിച്ചും തീർക്കാൻ അവസരം ലഭിക്കുന്നതിനു മുന്പേ ബിസിനസ് ഏറ്റെടുക്കേണ്ടി വന്നു. പ്രാരംഭത്തിലെ വെല്ലുവിളികളെ നേരിടുവാനുള്ള ധൈര്യം ദുഃഖത്തിൽ നിന്നു തന്നെ അവർ മെനഞ്ഞെടുത്തു. വർഷം മൂന്നു കഴിഞ്ഞിട്ടും ഇന്നും അവർ ചെയ്യുന്ന പ്രവർത്തി എന്നെ അതിശയിപ്പിച്ചു. ദിവസവും ജോലിത്തിരക്കുകളൊക്കെ കഴിഞ്ഞ് വീട്ടിലെത്തി വീട്ടുജോലികളും തീർത്ത് രാത്രി വിശ്രമത്തിനായി കിടക്കയിലേയ്ക്ക് പോകുന്നതിന് മുന്പ് അവർ അവരുടെ  ഭർത്താവുമായി സംസാരിക്കും പോലും! മരിച്ചുപോയ ഭർത്താവിനെ അടുത്ത കസേരയിൽ സങ്കൽപ്പിച്ചു കൊണ്ട് അന്നന്നത്തെ ഓഫീസിലെ പ്രശ്നങ്ങൾ, ജോലികൾ, വരുമാനം, മറ്റിടപാടുകൾ ഇവയെക്കുറിച്ചൊക്കെ അവർ ഉറക്കെ സംസാരിച്ചു കൊണ്ടേ ഇരിക്കും. അവസാനം അദ്ദേഹത്തിന്റെ മറുപടിക്കായി കുറേനേരം കാതും മനസും തുറന്ന് വയ്ക്കും. അദ്ദേഹം ദിവസവും അവരോട് സംസാരിക്കുന്നതായി അവർക്ക് അനുഭവപ്പെടുന്നു. മാർഗ്ഗനിർദേശം സ്വീകരിച്ച് അതിൻ പ്രകാരം പിറ്റേദിവസത്തെപ്പറ്റി പ്ലാൻ തയ്യാറാക്കും. അവർ വിശ്വസിക്കുന്നു ഇന്നും അവരുടെ ഭർത്താവ് തന്നെയാണ് ആ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ എന്ന്. തീവ്രമായ ദുഃഖത്തിന്റെ ക്യാൻവാസിൽ അവർ അമർത്യതയുടെ ചിത്രം വരച്ചിരിക്കുന്നു, മനസ്സെന്ന തൂലികയിലൂടെ. ഓരോ വേർപാടിനും ഓരോ ദുഃഖത്തിനും ഒരുപാട് വടക്കൻ ഗീതികൾ ഉദ്ധരിക്കാനുണ്ടാകും എല്ലാവർക്കും. പക്ഷേ അവയൊക്കെ ദുഃഖത്തിന്റെ ആഴം കൂട്ടുമെന്നല്ലാതെ ആശ്വാസപ്രദമാവുകയില്ല. ആശ്വസിക്കണമെങ്കിൽ ദുഃഖക്കടലിൽ മുങ്ങിത്തപ്പി സുഖത്തിന്റെ മുത്തുമണികൾ ഈ വനിതയെപ്പോലെ വാരിക്കൂട്ടണം.

ചിലപ്പോൾ നാം ആനന്ദത്തിന്റെ അത്യുച്ചകോടിയിൽ; പിന്നീട് വിഷാദത്തിന്റെ താഴ്്വരയിലും. ഇന്നലത്തെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. ഇന്നാകട്ടെ ഉത്സാഹം കെടുത്തുന്ന കടുത്ത വിഷാദമാണ്. ജീവിതത്തിൽ ആരോഹണവും അവരോഹണവുമുണ്ട്. ചില വ്യക്തികളെ ചിലപ്പോൾ നാം വിലയിരുത്തും. ‘ആൾ നല്ല മൂഡിലാണ്’ എന്നു പറയും. പേരിനെയല്ല, ആളിന്റെ ഭാവപ്പകർച്ചയെയാണ് ആ പദം സൂചിപ്പിക്കുക. അത്തരക്കാരിൽ പെട്ടെന്നാണ് ഭാവപ്പകർച്ച. അവരുമായി അടുത്ത് പെരുമാറുന്നത് വലിയ പ്രയാസമായിരിക്കും. എന്നാൽ നമ്മിൽ  എല്ലാവരിലും ഭാവപ്പകർച്ചയുണ്ടെന്ന് തിരിച്ചറിയുക; ഏറ്റക്കുറച്ചിൽ ഉണ്ടെന്നു മാത്രം. ഭാവപ്പകർച്ച ഉണ്ടെന്ന് മനസാക്ഷി മന്ത്രിക്കുന്പോൾ ആ ഭാവപ്പകർച്ചയ്ക്ക് കാരണമായ വിഷാദത്തെ, വീഴ്ചയെ അല്ലെങ്കിൽ സംഭവത്തെ നമ്മുടെ ജീവിതത്തിലെ ഒരു യാഥാർത്ഥ്യമായി സ്വകാര്യവൽക്കരിക്കാൻ കഴിയുമെങ്കിൽ, ഭാവപ്പകർച്ചയെന്ന ന്യൂനതയിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് കഴിയും. Personalize your grief: വിഷാദത്തെ സ്വകാര്യവൽക്കരിക്കുക. ഇത് എനിക്ക് മാത്രം എനിക്കു വേണ്ടി എന്നാൽ സൃഷ്ടിക്കപ്പെട്ട വിനയാണെന്ന് മനസിൽ ഉറപ്പിക്കുക. അതാണ് സ്വകാര്യവൽക്കരണം. അപരനെ പഴിചാരിയിരുന്നാൽ മോചനമില്ല. അപരന്മാർ സ്വയംകൃത വിനക്ക് മാധ്യമങ്ങളായേക്കാം, മുഖാന്തിരങ്ങളല്ല.

പ്രകൃതിയിൽ നിരീക്ഷിച്ചാലും മാറ്റങ്ങളുടെ വൃത്തങ്ങൾ കാണാം. സൂര്യൻ ഉദിക്കുന്നു; അസ്തമിക്കുന്നു. സമുദ്രത്തിൽ വേലിയേറ്റവും വേലിയിറക്കവും. ഋതുക്കൾ മാറി വന്നുകൊണ്ടിരിക്കുന്നു. എല്ലായിടത്തും എല്ലാറ്റിലും ചലനാത്മകത ദൃശ്യമാണ്. ഒന്നും സ്ഥിരമായി നിൽക്കുന്നില്ല. എല്ലാ തലത്തിലും കാണുന്ന മാറ്റങ്ങളുടെ ഈ പ്രതിഭാസം നമ്മെ ചിന്തിപ്പിക്കണം. ആരോഹണവും അവരോഹണവുമായി ജീവിത വൃത്തം നീങ്ങിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് അമിതമായ സ്വയം സംതൃപ്തിക്കോ നിരാശയ്ക്കോ, ദുഃഖത്തിനോ, സുഖത്തിനോ അടിമയാകരുത്. വിഷാദത്തെ മാറിപ്പോകുന്ന ഒരു പ്രതിഭാസമായി കരുതുക.

മഹാനായ എബ്രഹാം ലിങ്കൺ പലപ്പോഴും വിഷാദാത്മകമായി കാണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുഖഭാവവും വാക്കുകളും അതു തെളിയിച്ചിരുന്നു. താൻ ഒറ്റപ്പെട്ടവനും നിസ്സഹായനുമെന്ന തോന്നൽ അദ്ദേഹത്തിൽ കൂടെക്കൂടെ കടന്നുവന്നിരുന്നു എന്ന് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അതിനെ ചെറുക്കുവാൻ അദ്ദേഹം
വളരെ പണിപ്പെട്ടിരുന്നു. ദുഃഖത്തെ ഉൾക്കൊണ്ട് ആത്മവി
ശ്വാസം വീണ്ടെടുത്തപ്പോഴൊക്കെ അദ്ദേഹം ഈ അവസ്ഥ
യെ കീഴടക്കിയിരുന്നു. ദുഃഖത്തിന് നമ്മെ കീഴടക്കാൻ സാധ്യമല്ല. മനുഷ്യമനസ്സിന്റെ അടിസ്ഥാനഭാവം ദുഃഖമാണ്. അതിനെ മറയ്ക്കുന്പോഴാണ് സുഖമുണ്ടാകുന്നത്. ഈ തിരിച്ചറിവുണ്ടാകുെമങ്കിൽ ദുഃഖത്തിന് നാം ഒരു പുതിയ നി‍‍ർവചനം നൽകാൻ നിർബന്ധിതരായിത്തീരും.

അഞ്ചു പെൺമക്കളുണ്ടായിരുന്ന ഒരു പിതാവ് അതീവ സന്തുഷ്ടനായിരുന്നു. കാരണം പലരും അദ്ദേഹത്തോട് പറഞ്ഞു, പെൺമക്കളേ മാതാപിതാക്കളെ വാർദ്ധക്യത്തിൽ ശുശ്രൂഷിക്കുകയും കരുതുകയും ചെയ്യുകയുള്ളൂ എന്ന്. അവരെ അദ്ദേഹം പൊന്നുപോലെ നോക്കി വളർത്തി. കാലം കഴിഞ്ഞു. അഞ്ചുപേരും ഇഷ്ടപ്പെട്ട പുരുഷന്മാരുടെ കൂടെ വീട്ടിലൊരക്ഷരം ഉരിയാടാതെ ഒളിച്ചോടി. ഒന്നും ബാക്കിയായി വീട്ടിൽ നിന്നില്ല. ഒരു ദിവസം വാർദ്ധക്യത്തിലായ ഭാര്യയും എവിടേക്കോ കയറിപ്പോയി. അയാൾ മാത്രം അവശേഷിച്ചു. സഹിക്കാനാവാത്ത വേദന ആ മനുഷ്യൻ കടിച്ചമർത്തി തന്റെ ദുഃഖത്തെ ഒരു സ്വകാര്യദുഃഖമാക്കി തീർത്തു. മക്കളോടുള്ള അമിതസ്നേഹത്തിന്റെ പരിണിതഫലമാണ് ആ ദുർവിധി എന്നയാൾ തിരിച്ചറിഞ്ഞു. അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു ഒറ്റയാനായി അദ്ദേഹം ഇന്നും കഴിയുന്നു. ആ ദുഃഖത്തിലും ഒരു സുഖമുണ്ടു പോലും!

ദുഃഖങ്ങൾക്ക് അറുതി വരുത്താൻ ശ്രമിക്കുന്നതാണ് ആപത്ത്. അതു വന്നുകയറി പൊയ്ക്കൊള്ളട്ടെ. പേമാരിക്ക് ഒരു ശാന്തതയുണ്ടല്ലോ; വേലിയേറ്റത്തിന് വേലിയിറക്കവും!

You might also like

Most Viewed