‘സൂര്യാസ്തമനത്തിൽ നിഴലിന് നീളം കൂടും’
സൂര്യാസ്തമന സമയത്ത് സൂര്യന് അഭിമുഖമായി നിൽക്കുന്ന വ്യക്തിയുടെ പിറകിൽ രൂപപ്പെടുന്ന നിഴലിന് നീളം കൂടും. മനുഷ്യജീവിതത്തിലും ഇത് അന്വർത്ഥമാണ്. ജീവിതത്തിന്റെ അസ്തമന കാലയളവിൽ അതായത് വാർദ്ധക്യത്തിൽ പിറകോട്ട് നോക്കി സ്വന്തം പ്രതിച്ഛായയ്ക്ക് നീളമുണ്ടോ എന്ന് പരിശോധിക്കുന്ന പ്രായമായവർ അതേക്കുറിച്ച് ജല്പനം നടത്തുകയല്ലാതെ അധികമാരോടും പറയാറില്ല. സ്വന്തം ജീവിതത്തിലെ നേട്ടവും കോട്ടവും എണ്ണിത്തിട്ടപ്പെടുത്തി ലാഭനഷ്ടം നിശ്ചയിക്കാൻ വാർദ്ധക്യത്തിലായ പലരും ധൃതി കാട്ടാറുണ്ട്, എന്തിനാണിത് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. ‘ഞാൻ എവിടെ എത്തിനിൽക്കുന്നു’ എന്ന് തിരിച്ചറിയാൻ. വാസ്തവത്തിൽ ഇങ്ങനെ ഒരു കണക്കുകൂട്ടൽ ആത്മസംതൃപ്തിക്ക് വകനൽകുമെങ്കിൽ നന്ന്. ‘ഒന്നും നേടാനായിട്ടില്ല’ എന്ന ഉത്തരത്തിലാണ് എത്തുന്നതെങ്കിൽ ശ്മശാനത്തിലേക്കുള്ള വഴി വെട്ടിത്തുറക്കാൻ മനുഷ്യമനസ്സ് വെന്പുന്നതായും കാണാം.
എബ്രഹാം ഹാരോൾഡ് മാസ്ലോ (1908-1970) ലോകം കണ്ട വലിയ മനഃശാസ്ത്രജ്ഞരിൽ മുൻനിരയിലുള്ള ഒരു അമേരിക്കൻ ചിന്തകനായിരുന്നു. ഇന്ന് (ഏപ്രിൽ ഒന്ന്) അദ്ദേഹത്തിന്റെ ജന്മദിനം. 1934ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ‘ദി ഓർഗാനിസം’ എന്ന ഗ്രന്ഥം ലോകശ്രദ്ധയാകർഷിച്ചു. ഹ്യുമാനിസ്റ്റിക് സൈക്കോളജിയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ തീർത്ഥയാത്ര ആരംഭിച്ചത് ഈ ഗ്രന്ഥപ്രകാശനത്തിന് ശേഷമാണ്. ആദ്യകാലഘട്ടങ്ങളിൽ കുരങ്ങന്മാരെപ്പറ്റിയുള്ള പഠനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. ആ പഠനത്തിലൂടെ ഒരു നിഗമനത്തിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ചില ആവശ്യങ്ങൾ മറ്റു ചിലവയെക്കാൾ പ്രാധാന്യമർഹിക്കുന്നതാണ് എന്ന് ഗവേഷണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. ഉദാഹരണത്തിന് ഒരുവന് വിശപ്പും ദാഹവും ഉണ്ടെന്നിരിക്കട്ടെ! ദാഹം ശമിപ്പിക്കാനായിരിക്കും അയാൾ ശ്രമിക്കുക. ദാഹം വിശപ്പിനെ ആദേശിക്കുന്നു! ആഴ്ചകളോളം ഒരാൾക്ക് പട്ടിണി കിടക്കാമെങ്കിലും ജലപാനമില്ലാതെ രണ്ട് മൂന്ന് ദിവസത്തിൽ കൂടുതൽ കഴിച്ചു കൂട്ടാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടു തന്നെ ദാഹത്തെ വിശപ്പിനേക്കാൾ വലിയ ആവശ്യമായി കരുതപ്പെടുന്നു. അപ്പോൾ ശ്വാസത്തിന്റെ കാര്യമോ? കഠിനമായ ദാഹമുണ്ടെങ്കിലും ശ്വസിക്കുവാൻ സാഹചര്യമില്ലാതെ വന്നാൽ ശ്വസനം ദാഹത്തെ കവച്ചു വെയ്ക്കുന്ന ആവശ്യമായിത്തീരുകയില്ലേ? ലൈംഗികതയാണ് മനുഷ്യന്റെ അടിസ്ഥാനവശ്യങ്ങൾക്ക് ആധാരമെന്ന് മനഃശാസ്ത്രജ്ഞന്മാർ കണ്ണുമടച്ചു വിശ്വസിച്ചിരുന്ന ആ കാലഘട്ടത്തിൽ, ലൈംഗീകതയേക്കാൾ പ്രാധാന്യമുള്ള മറ്റു പല ആവശ്യങ്ങളുമുണ്ട് എന്ന് തെളിയിച്ചുകൊണ്ട് അദ്ദേഹം ‘മാസ്ലോ തിയറി’ (Maslow’s Hierarchy of Needs) യ്ക്ക് രൂപം കൊടുത്തു. ഒരു നൂറ്റാണ്ട് കഴിയാറായിട്ടും മാസ്ലോയുടെ തിയറി ഇന്നും സജീവമാണ്.
മാനുഷികാവശ്യങ്ങളെപ്പറ്റിയുള്ള പഠന പ്രക്രിയയിൽ. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ അദ്ദേഹം വായു, ജലം, ആഹാരം, ലൈംഗികത ഇവയെ ഉൾപ്പെടുത്തി Physiological Needs എന്ന ആദ്യപടിയ്ക്ക് രൂപഭംഗി നൽകി. ഇവ നേടാതെ മനുഷ്യജീവിതം മുന്നോട്ടു കുതിയ്ക്കുകയില്ലെന്ന് അനുമാനിക്കാവുന്നതേയുള്ളൂ. മേൽപ്പറഞ്ഞ പ്രാഥമികാവശ്യങ്ങൾ ഏറെക്കുറെ നേടിക്കഴിയുന്പോൾ മനുഷ്യൻ കൊതിക്കുന്ന രണ്ടാമത്തെ ആവശ്യമാണ് സുരക്ഷയ്ക്കുള്ള വാഞ്ച (Safety and security Needs). ഭയത്തെയും ആശങ്കയെയും അകറ്റി താൻ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള വാഞ്ച. കിടപ്പാടം, വസ്ത്രം, ജോലി എന്നിങ്ങനെയുള്ള രണ്ടാം നിര ആവശ്യങ്ങളെ തള്ളാൻ സാധിക്കുകയില്ല ആർക്കും തന്നെ. കേറിക്കിടക്കാൻ സുരക്ഷിതമായ ഒരു വീടും, ധരിക്കുവാൻ അനുയോജ്യമായ വസ്ത്രവും, ആവശ്യങ്ങളെ നേടിയെടുക്കാൻ ധനം നൽകുന്ന ഒരു ജോലിയുമായിക്കഴിഞ്ഞാൽ രണ്ടാം ഘട്ട ആവശ്യങ്ങൾ നേടിയെന്ന് പറയാം. ഒന്നും രണ്ടും ഘട്ട ആവശ്യങ്ങളുടെ പൂർത്തീകരണത്തോടൊപ്പം മൂന്നാം ഘട്ട ആവശ്യവും തലയുയർത്തുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും തന്റേതെന്ന് അഭിമാനിക്കാനുമുള്ള എന്തെങ്കിലും ഒക്കെ. അതിനെ സാമൂഹ്യാവശ്യം (Social Needs) എന്ന് മാസ്ലോ നാമകരണം ചെയ്തു. മനുഷ്യൻ സമൂഹത്തിന്റെ ഒരു അവിഭാജ്യഘടകമാണെന്ന് ഇവിടെ തെളിയിക്കപ്പെട്ടു. ഏകാന്തത മനുഷ്യമനസിനെ ദുർചിന്തകളുടെ കൂടാരമാക്കി മാറ്റും. അതിനാൽ സാമൂഹികബന്ധം മനുഷ്യനാവശ്യമാണ്. ദൈനംദിന ജീവിതത്തിൽ കുടുംബജീവിതത്തിലേയ്ക്ക് പ്രവേശിക്കണമെന്ന വികാരവും, ഒരു മതവിഭാഗത്തിന്റെയോ സാമൂഹ്യസംഘടനയുടെയോ അംഗമായിത്തീരണമെന്ന ആഗ്രഹവും പരസ്പര അംഗീകാരമുള്ള ഒരു സുഹൃത്ത് വലയത്തിലെ കണ്ണികളാകണമെന്ന താൽപര്യവും ഇല്ലാത്തവർ ചുരുക്കമല്ലേ? അതാണ് വാസ്തവത്തിൽ സാമൂഹികാവശ്യം! ഈ മൂന്നാം പടിയ്ക്കു ശേഷം വരുന്നത് അല്പം കടുത്തതാണ്; അഭിമാനിയായിരിക്കുക (Esteem Needs). മാസ്ലോ ഇതിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ആദ്യത്തേത് മറ്റുള്ളവരിൽ നിന്ന് ബഹുമാനം നേടിയെടുക്കുക എന്നതാണ്. The need of being respected. സമൂഹത്തിൽ ഒരുവനുള്ള സ്ഥാനം, അംഗീകാരം, ശ്രദ്ധ ഇവയെല്ലാം ഈ ബഹുമാന്യതയുടെ മാനദണ്ധങ്ങളാണ്. രണ്ടാമത്തേത് സ്വാഭിമാനമാണ് (Self respect). ആത്മവിശ്വാസം, മനക്കരുത്ത്, നേട്ടങ്ങൾ, സ്വാതന്ത്ര്യം ഇവ സ്വാഭിമാനത്തിന് മാറ്റുകൂട്ടും. ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിൽ ഈ നാലാമത്തെ ജീവിതാവശ്യത്തിന് വലിയ പ്രസക്തിയുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ട മാസ്ലോയുടെ തിയറിയിൽ അവസാനം രേഖപ്പെടുത്തിയിരിക്കുന്നത് സ്വായത്തവൽക്കരണത്തെ (self - Actualization) ക്കുറിച്ചാണ്. ഒരുവന്റെ ആവശ്യങ്ങളെല്ലാം നേടിക്കഴിയുന്പോഴുള്ള അവസ്ഥയാണിതെന്ന് ദുർവ്യാഖ്യാനം ചെയ്യരുത് ഈ വാക്ക് കേൾക്കുന്പോൾ. മറ്റെല്ലാ ആവശ്യങ്ങളും ജീവിതത്തിൽ പൂർത്തിയായിക്കഴിഞ്ഞാലും എന്തോ ഒന്ന് ഇനിയും നേടിയെടുക്കാനുണ്ട് എന്നുള്ള ഉൾവലിവ് ഉള്ള അവസ്ഥയ്ക്കാണ് സ്വായത്തവൽക്കരണമെന്ന് സംജ്ഞ ചെയ്യേണ്ടത്. പൂർണ്ണതയ്ക്കുവേണ്ടിയുള്ള അന്തർദാഹം! ജീവിതവിജയത്തിന് നിദാനമായ ഈ ദാഹമാണ് ഒരു വ്യക്തിത്വത്തെ തിളങ്ങുന്നതാക്കി തീർക്കുന്നത്.
മേൽപ്പറഞ്ഞ അഞ്ചു പടികളാണ് മാസ്ലോയുടെ തിയറിയിൽ പ്രസ്താവിച്ചിട്ടുള്ളതെങ്കിലും പ്രസിദ്ധമാക്കാത്ത ഒന്നു കൂടെ അദ്ദേഹത്തിന്റെ തിയറിയിലുണ്ട് എന്നത് അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തിന് ശേഷമാണ് ലോകം മനസിലാക്കിയത്. അതാണ് ഹൈറാർക്കി ഓഫ് നീഡ്സിന്റെ മകുടത്തിൽ തിളങ്ങി നിൽക്കുന്നത്. സ്വയ വികിരണം (Self - Transcendence)! സ്വായത്തവൽക്കരണത്തിലെത്തിയ ഒരു വ്യക്തി ‘സകലവും നേടി’ എന്ന് സ്വയം തൃപ്തിയടയാതെ, താൻ നേടിയവയെ അവയുടെ നേട്ടങ്ങളോടും കോട്ടങ്ങളോടും കൂടെ പിൻതലമുറക്ക് കൈമാറുന്ന മഹത്തായ പ്രക്രിയയാണിത്. മറ്റൊരർത്ഥത്തിൽ വ്യാഖ്യാനിച്ചാൽ, ജീവിതമൂല്യങ്ങളെ മറ്റുള്ളവർക്ക് പ്രദർശിപ്പിച്ചുകൊടുത്ത് അവരേയും മൂല്യമുളളവരാക്കി തീർക്കുക എന്ന വിശുദ്ധകർമ്മമാണിത്. ജിവീതസായാഹ്നത്തിലെത്തിയവരിൽ കാണാറുള്ള ഒരു ഗുണവിശേഷമാണിത്. അതുകൊണ്ടാണ് സായാഹ്നത്തിലെ നിഴലിന് നീളം കൂടുന്നത്. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമക്കളിൽ കാണിക്കുന്ന താല്പര്യം ഇത് മൂലമാണ്. തങ്ങളുടെ ജീവിതാനുഭവങ്ങളെ ഉദാത്തമായ ജീവിതമൂല്യങ്ങളുമായി ചാലിച്ചു ചേർത്ത് നിറം പിടിപ്പിച്ച് ഇളം തലമുറക്ക് കൈമാറുന്ന ഈ പ്രക്രിയ ഏറ്റെടുക്കുന്ന സായാഹ്ന സഞ്ചാരികൾക്ക് സുഖനിദ്ര ലഭിക്കുമെന്ന് മഹത് വാക്യമുണ്ട്. നേരെ മറിച്ച് വാർദ്ധക്യകാലത്ത് മധുരസ്മരണകൾക്ക് പകരം കയ്പുനീരിന്റെ അനുഭവമാണ് അയവിറക്കാനുള്ളത് എങ്കിൽ നിഴലിന് നീളം കുറയും.
ജീവിതാന്ത്യത്തിലെ സുഖവും ദുഃഖവും നമ്മുടെ ചെയ്തികളോട് ബന്ധപ്പെട്ടിരിക്കുന്നു. നാട്ടിലെ ഒരു പകൽവീട് സന്ദർശിക്കാനിടയായ സാഹചര്യത്തിൽ എനിക്കുണ്ടായ ഒരനുഭവം പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൺപതിന്റെ ഉത്തരാർദ്ധത്തിലെത്തിയ ഒരു വന്ദ്യവയോധികനും അദ്ദേഹത്തിന്റെ സഹധർമ്മിണിയും ദിവസവും രാവിലെ ഈ പകൽ വീട്ടിലെത്തും. സന്ധ്യയാകുന്പോൾ തിരികെ അവരുടെ വാസസ്ഥലത്തേയ്ക്ക് പോകും. സന്ദർശനത്തിനായെത്തിയ ഒരു കൗൺസിലറാണെന്ന് അറിഞ്ഞപ്പോൾ അവർ എന്നോട് വാചാലരായി. സാമാന്യം നല്ല ജോലിയിലായിരുന്നു അവർ രണ്ടുപേരും. രണ്ട് ആൺമക്കൾ. അവർക്കും കുടുംബം. ഒരാൾ അമേരിക്കയിലും മറ്റേയാൾ ആസ്ട്രേലിയായിലും സ്ഥിരവാസമാക്കിയിരിക്കുന്നു. അവർ നാട്ടിലേക്ക് അവധിക്ക് വരാറേയില്ല. ഈ വയോധികർക്ക് കൂട്ട് ഒരു വളർത്തു നായ് മാത്രം. അത് പ്രദർശിപ്പിക്കുന്ന സ്നേഹം പോലും മക്കൾ കാണിക്കാറില്ല. ആണ്ടിൽ ഒരിക്കൽ മാത്രം മക്കൾ രണ്ടുപേരും ടെലഫോണിൽ ഇവരുമായി ബന്ധപ്പെടും. മാതാപിതാക്കളുടെ വിവാഹവാർഷികദിനത്തിൽ, മംഗളാശംസകൾ നേരാൻ. എന്നാൽ മാസം തോറും ഒരു തുക രണ്ട് മക്കളും മാതാപിതാക്കൾക്ക് അക്കൗണ്ടിൽ നിക്ഷേപിക്കാറുണ്ട്. “ആർക്കു വേണം ഇവരുടെ കപ്പം?” കപ്പമെന്ന് അർത്ഥമാക്കുന്നത് പണ്ട് നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന കപ്പത്തെ ഉദ്ദേശിച്ചാണ്. ‘ഞങ്ങൾക്ക് അവരുടെ സാമീപ്യമില്ലെങ്കിലും ഞങ്ങളുടെ കൊച്ചുമക്കളെ മടിയിലിരുത്തി താലോലിക്കാൻ ഉള്ള ഒരു ഭാഗ്യമെങ്കിലും കിട്ടുമോ? ഈ ജീവിതത്തിൽ അത് സാധ്യമെന്ന് തോന്നുന്നില്ല.’ എന്തിന്റെ കുറവാണ് ആ കുടുംബത്തിൽ? പണം, ഭൂസ്വത്ത്, ഇവയൊക്കെ ആവോളമുണ്ടവർക്ക്. പക്ഷേ ഒന്നുമാത്രമില്ല. സായാഹ്ന ജീവിതത്തിൽ ലഭിക്കേണ്ട സ്നേഹത്തിന്റെ ചൂട്, അതു മാത്രമില്ല! ഇങ്ങനെ പരിതപിക്കുന്ന എത്ര കുടുംബങ്ങളുണ്ട് നമ്മുടെ ഇടയിൽ. മക്കൾ മറന്നുപോയ മാതാപിതാക്കൾ, മാതാപിതാക്കളെ സ്നേഹിക്കാനും പരിചരിക്കാനും സമയമില്ലാത്ത മക്കൾ, സ്വന്തം ജീവിതത്തിരക്കിൽ ജീവിതമൂല്യങ്ങളെന്തെന്ന് തിരിച്ചറിയാൻ മനസ്സില്ലാത്ത മക്കൾ എന്നിങ്ങനെ.....
പൂർവ്വകാല ചരിത്രമന്വേഷിച്ചപ്പോൾ വെളിവാക്കപ്പെട്ട ഒരു സത്യമുണ്ട്. ഈ വയോധികർ അവരുടെ മാതാപിതാക്കളോടും ഇങ്ങനെതന്നെയായിരുന്നുപോലും! പാരന്പര്യമായി ജീവിതമൂല്യങ്ങളുടെ മാറ്ററിയാതെ ഉപരിപ്ലവമായ ജീവിതശൈലിയിലൂടെ കടന്നുപോയ തലമുറകൾ! അവർക്ക് സായാഹ്ന സൂര്യനിലെ നിഴലിന്റെ ദൈർഘ്യത്തെക്കുറിച്ച് ഒരു വിവരവുമില്ല. വെറുതെ ജീവിച്ചു പോകുന്നുവർ!
മരണമെന്ന യാഥാർത്ഥ്യത്തെ പുൽകുന്പോഴാണ് നാം മഹത്വമുള്ളവരായിരുന്നോ എന്ന് തിരിച്ചറിയുന്നത്. നിഴലിന്റെ നീളത്തെക്കുറിച്ച് അപ്പോഴാണ് മറ്റുള്ളവർ സാധാരണയായി സംസാരിക്കാറുള്ളത്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാലും സൂര്യപ്രഭ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതുപോലെ നമ്മുടെ കാലശേഷം നാമാരായിരുന്നുവെന്ന് നമുക്ക് ചുറ്റുമുള്ളവർ സംതൃപ്തിയോടെയും അഭിമാനത്തോടെയും സംസാരിക്കുന്പോഴാണ് നമ്മുടെ ആത്മാക്കൾ പുളകമണിയുന്നത്. വെറും ഭംഗിവാക്കുകൾ കൊണ്ട് മെനഞ്ഞെടുത്ത ചരമപ്രസംഗങ്ങളല്ല, ഹൃദയത്തിൽ തട്ടിയ അനുഭവങ്ങൾ തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് നമ്മെപ്പറ്റി ഉരുവിടുവാൻ സാധ്യതയൊരുക്കുമെങ്കിൽ ആ ജീവിതമാണ് ധന്യമാകുന്നത്. ജീവിതാരംഭത്തിലെ പൂക്കൾ ജീവിതാനുഭവത്തിലെ ഫലങ്ങളെ പ്രതിഫലിപ്പിക്കുന്നതാകുമെങ്കിൽ, ജീവിതത്തിലെ കോട്ടങ്ങൾ നേട്ടങ്ങളുടെ അകത്തളങ്ങളിൽ ഒതുങ്ങിയിരിക്കുന്ന പ്രതീക്ഷകളായി അവശേഷിക്കുമെങ്കിൽ, വരും തലമുറക്കുവേണ്ടി എന്തെങ്കിലുമൊരു ജീവിതമൂല്യം ബാക്കി വെച്ചേയ്ക്കാൻ ഭാഗ്യം ലഭിക്കുമെങ്കിൽ, നമ്മുടെ നിഴലുകൾക്ക് നീളം കൂടും തീർച്ച.