അതിരുകളില്ലാത്ത സ്നേഹം-ക്രൂശിലെ സ്നേഹം
അനുകന്പാർദ്രമായി മനുഷ്യരാശിയ്ക്കു വേണ്ടി തുടിക്കുന്ന സ്നേഹം നിറഞ്ഞ ഒരു ഹൃദയത്തെയാണ് കാൽവറിയിലെ ക്രൂശിൽ ദുഃഖവെള്ളിയാഴ്ച ദർശിക്കുന്നത്. ഇന്ന് ദുഃഖവെള്ളിയാണ്. ലോകമെന്പാടുമുള്ള ക്രിസ്തുവിന്റെ അനുയായികൾ തന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന പുണ്യദിനം. ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി ആകാശം ചായിച്ച് ഇറങ്ങിവന്ന ദൈവപുത്രൻ അനുഭവിച്ച അതിവേദനകളെ അനുസ്മരിപ്പിക്കുന്ന ഈ നാളിൽ, തന്റെ ശരീരത്തിൽ അവശേഷിച്ച അവസാനത്തെ തുള്ളിരക്തം വരെ പാപികൾക്കുവേണ്ടി, പരിശുദ്ധനായവൻ ചൊരിഞ്ഞ പുണ്യകർമ്മത്തിന്റെ സ്മരണ ഉയർത്തുന്ന ഇന്ന്, തന്റെ ശരീരവും രക്തവും ഭാഗിച്ച് തന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത ശിഷ്യർക്കായി നൽകിയ അവസാന അത്താഴത്തിന്റെ മറവിൽ മാനവരാശിയിൽ അന്യം നിന്നുപോയ അതിരുകളില്ലാത്ത സ്നേഹത്തെക്കുറിച്ച് ചിന്തിക്കുന്നത് ഉചിതമായിരിക്കും.
സ്നേഹം ഒരു ഊർജ്ജമാണ്. അതിന് അതിരും അളവും കൽപ്പിക്കാതെയിരിക്കുന്പോൾ സ്നേഹത്തിന്റെ ഒഴുക്ക് അനിർവചനീയമായിരിക്കും. പക്ഷേ ലോകം ചുരുങ്ങി ഒരു വിരൽത്തുന്പിലെത്താവുന്ന അകലത്തിലെത്തി നിൽക്കുന്പോൾ സ്നേഹത്തിന്റെ രൂപവും ഭാവവും മാറി. ഒരു കാലിപ്പുകയിലയുടെ ലഹരി മാത്രമേ ഇന്ന് സ്നേഹത്തിനുള്ളൂ. ഉപാധികളോടെയുള്ള സ്നേഹമാണിന്ന് എവിടെയും! സ്നേഹത്തിന്റെ ഊഷ്മളത എവിടെയും നഷ്ടമായിക്കൊണ്ടിരിക്കുന്നു. സ്നേഹത്തെക്കുറിച്ച് ചർവ്വിതചർവ്വണം നടത്തുന്ന മഹാത്മാക്കളെന്നഭിമാനിക്കുന്നവർ പോലും ‘തൻകാര്യം’ വരുന്പോൾ ‘പൊൻകാര്യ’മായിക്കരുതി സ്നേഹത്തിന് അതിർവരന്പുകൾ കൽപ്പിക്കുന്നു. ലോകചരിത്രത്തിൽ, തങ്ങൾക്കു നേരിട്ട ദുരന്തങ്ങളെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കുന്ന അവസരങ്ങളാക്കിത്തീർത്ത പല മഹാത്മാക്കളുമുണ്ട്. അടിപതറാതെ പ്രത്യാശയുടെയും പരസ്പര സ്നേഹത്തിന്റെയും ദീപനാളം ഉയർത്തിപ്പിടിച്ച് കൊണ്ട് അവർ മുന്നേറി. ചിതയിൽ നിന്ന് ഉയിർക്കുന്ന ഫിനിക്സ് പക്ഷിയെപ്പോലെ അവർ പറന്നുയർന്നു. കഷ്ടപ്പാടുകളുടെ കൊടുംചൂടിൽ കുരിശു മരണം വരിച്ച ക്രിസ്തുവും മൂന്നാം നാൾ കല്ലറയിൽ നിന്ന് ഉയിർത്തേഴുന്നേറ്റത് ഈ പ്രത്യാശയുടെയും അപാരമായ സ്നേഹത്തിന്റെയും ദൂത് മനുഷ്യന് സധൈര്യം നൽകുവാനാണ്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആഗോളപ്രസിദ്ധനായ ആംഗലേയ കവി ജോൺമിൽട്ടൻ ഭക്തിയും അച്ചടക്കവും സംസ്കാരവും നിറഞ്ഞ ഒരു കുടുംബത്തിലായിരുന്നു ജനിച്ചത്. വിദ്യാലയ കാലഘട്ടത്തിൽ തന്നെ കവിതാവാസന അദ്ദേഹത്തിൽ തളിരിട്ടു. എന്നാൽ അദ്ദേഹത്തിന്റെ കാഴ്ച നാൽപത്തിമൂന്നാമത്തെ വയസ്സിൽ പൂർണ്ണമായി നഷ്ടപ്പെട്ടു. ഒരെഴുത്തുകാരനെ സംബന്ധിച്ച് അത് വലിയ ഒരു ആഘാതമായിരുന്നു. വ്യാകുലചിത്തനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കവിത്വം ഉണർന്നു. ‘അന്ധതയെക്കുറിച്ച്’ എന്ന കാവ്യത്തിന് അദ്ദേഹം ജന്മം നൽകി. നിരാശാചിത്തർക്ക് പ്രത്യാശ പകരുന്നതിലുപരി സ്നേഹത്തിന്റെ ഊഷ്മളത ആളിക്കത്തിക്കുന്നതായിരുന്നു ആ കാവ്യം. ഹൃദയ ദ്രവീകരണത്തിനുള്ള ആ ചെറുകാവ്യം വിശ്വപ്രസിദ്ധമായിത്തീർന്നു. അനേകർക്ക് ആശ്വാസമരുളുന്ന ആ സ്നേഹഗീതത്തെ വെല്ലാൻ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇനിയും ഒരു ഗീതകമുണ്ടായിട്ടില്ല. അന്ധത ബാധിച്ചതിനു ശേഷമാണ് പ്രശസ്തങ്ങളായ ‘പറുദീസാ നഷ്ടവും’ ‘പറുദീസാ വീണ്ടെടുപ്പും’ അദ്ദേഹം രചിച്ചത്. ‘അന്ധതയെക്കുറിച്ച്’ എന്ന അദ്ദേഹത്തിന്റെ കവിതയുടെ ആദ്യഭാഗത്ത് തന്റെ കാഴ്ച നഷ്ടപ്പെട്ടതിനെപ്പറ്റിയുള്ള പരാതി അദ്ദേഹം പ്രകടമാക്കുന്നു. എങ്കിലും തുടർന്ന് അദ്ദേഹം പറയുന്നു, ‘എന്നെ അന്ധനാക്കിയ ദൈവം എന്നിലൂടെ എന്തെങ്കിലും നന്മയുണ്ടാകണമെന്ന് അഭിലഷിക്കുന്നുണ്ടോ? ഉണ്ടെങ്കിൽപ്പിന്നെ എന്തിനാണ് ഈവിധം എന്നെ ക്രൂരമായി ശിക്ഷിച്ചത്?’ എന്നാൽ അദ്ദേഹം കവിത ഉപസംഹരിക്കുന്പോൾ പറയുന്നു, ‘ദൈവം എന്നോടാവശ്യപ്പെടുന്ന ത്യാഗം ഞാൻ വിനയപൂർവ്വം സ്വീകരിക്കണം. അവിടത്തെ അഭീഷ്ടം പിറുപിറുപ്പു കൂടാതെ സ്വീകരിക്കാൻ അവിടുന്ന് എന്നോട് ആവശ്യപ്പെടുന്നു.’ ഒരിക്കലും വറ്റാത്ത ഉറവയുള്ള ദൈവസ്നേഹത്തിന് ദീർഘക്ഷമയോടെ കീഴടങ്ങുക എന്നത് ഒരു ജീവിതസാഫല്യമായി മിൽട്ടൻ കരുതി. ക്രൂശിലെ സ്നേഹത്തിന്റെ ആഴം എത്രയെന്ന് തിരിച്ചറിയുവാൻ മിൽട്ടൻ തന്റെ മനസിനെ പ്രാപ്തമാക്കി.
ഇതുപോലെ ജീവിതാന്ത്യത്തിൽ ബാധിച്ച അന്ധതയെ കീഴടക്കിയ ഒരു മഹാത്മാവായിരുന്നു കേരളീയർക്ക് സുപരിചിതനായ കെ.പി. കേശവമേനോൻ. അന്ധത ബാധിച്ച ശേഷം പല വിശിഷ്ടകൃതികളും അദ്ദേഹം രചിച്ചു. ‘ശ്രീ യേശുദേവൻ’ എന്ന മഹത്തായ കൃതി ക്രിസ്തുവിന്റെ ജീവിതമൂല്യങ്ങളെ സാംശീകരിച്ചുകൊണ്ട് ഭക്ത്യാദരപൂർവ്വം രചിച്ച ഒന്നാണ്. ക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ ഭാഗങ്ങൾ മറ്റൊരാളെക്കൊണ്ട് വായിപ്പിച്ച് കേട്ടശേഷം രചിച്ച കൃതിയാണിത്. നിറഞ്ഞു തുളുന്പുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ശ്രീ മേനോൻ. അഗ്നിശോധനകളിൽ കൂടി കടന്നുപോയ ആ ജീവിതം ക്രിസ്തുവിന്റെ അനന്തമായ സ്നേഹത്തിന്റെ മാസ്മരശക്തിയിൽ ലയിച്ചലിഞ്ഞു പോയി. പരിമിതികളെക്കുറിച്ച് പരാതിപ്പെടാതെ പരിമിതികളുടെ മൈൽക്കുറ്റിയ്ക്കുമപ്പുറത്ത് പ്രത്യാശയുടെ കിരണങ്ങൾ അളവറ്റ സ്നേഹത്തിലൂടെ ദർശിച്ച മഹാനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ സമീപിക്കുന്നവർക്ക് സാന്ത്വനത്തിന്റെയും പ്രോത്സാഹനത്തിന്റെയും സന്ദേശം അദ്ദേഹം നൽകി. അകളങ്കമായ ഈശ്വരവിശ്വാസവും ശുഭാപ്തി ചിന്തകളുമാണ് അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയത്.
ക്രിസ്തു ക്രൂശിൽ കിടന്ന് പിടയുന്പോഴും മൊഴിഞ്ഞ വചനങ്ങൾ സ്നേഹത്തിൽ ചാലിച്ചതായിരുന്നു. തന്നെ ഉപദ്രവിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന സ്വഭാവം ‘പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ’ എന്ന സ്നേഹമന്ത്രം ഉരുവിടാൻ ആ സ്നേഹനിധിക്ക് മാത്രമേ കഴിയൂ. തന്റെ അമ്മയോടും അരുമശിഷ്യനായ യോഹന്നാനോടും കാട്ടിയ സ്നേഹമസൃണമായ കരുതലിന്റെ ശബ്ദം ഏത് മനസിനെയാണ് അലിയിക്കാത്തത്? മനുഷ്യനിർമ്മിതമായ കല്ലറയിൽ ഒതുങ്ങാതെ ഉയിർത്തേഴുന്നേറ്റ് മരണത്തേയും ജീർണതയേയും ജയിച്ച്, പുതുജീവൻ പ്രാപിക്കുന്ന സന്ദേശമാണ് ഞായറാഴ്ചത്തെ തന്റെ ഉയിർപ്പ് (Easter). ശിഷ്യർ വന്നു നോക്കിയപ്പോൾ കണ്ട ഒഴിഞ്ഞ കല്ലറ പുനരുത്ഥാനത്തിന്റെ പ്രത്യക്ഷമായ തെളിവായിരുന്നു. സ്നേഹത്തിന്റെ പാരമ്യതയിലുള്ള മരണം സമാധാനത്തിന്റെ ദിവ്യസന്ദേശം നൽകുന്ന പുനരുത്ഥാനത്തിനായിട്ടായിരുന്നു എന്ന് വ്യക്തമാണിവിടെ.
അപാരമായ, നിരുപാധികമായ സ്നേഹത്തിൽ എന്തെങ്കിലും കത്തിജ്വലിച്ചാലും അവ കരിഞ്ഞ് ചാന്പലാകുന്നില്ല. പുതുജീവൻ പ്രാപിച്ച് പുതുശക്തി പ്രാപിച്ച് തിരികെയെത്തുമെന്ന സന്ദേശമാണ് ക്രൂശിലെ സ്നേഹം നൽകുന്നത്. സ്നേഹത്തിലൂടെയെ സംതൃപ്തി ലഭിക്കുകയുള്ളൂ. ക്രുശിൽ കിടന്നുകൊണ്ട് ക്രിസ്തു ഉരുവിട്ട മറ്റൊരു വാചകം ശ്രദ്ധിക്കുക: ‘സകലവും നിവർത്തിയായി (It is finished)’ നിരാശയിൽ നിന്ന് ഉടലെടുത്ത ഒരു ജല്പനമായി ഈ മൊഴിയെ പരിഹസിക്കരുത്. സംതൃപ്തിയുടെ പ്രതിഫലനമാണീ മൊഴിയിൽ അന്തർലീനമായിരിക്കുന്നത്.
കൈയിലിരിക്കുന്ന ഒരു സ്ഫടികപാത്രം അശ്രദ്ധ മൂലം താഴെ വീണ് ഉടയുന്പോൾ, It is finished (തീർന്നു) എന്ന് നിരാശാജല്പനം ചെയ്യുന്നവരുണ്ട്. മാരകമായ രോഗത്തോട് മല്ലടിച്ചു കൊണ്ടിരുന്ന ഒരു വ്യക്തി മരണത്തിന് കീഴടങ്ങുന്പോൾ, It is finished (തീർന്നു) എന്ന് വ്യസനരോദനം നടത്തുന്നവരുമുണ്ട്. എന്നാൽ ഈ വചനം അങ്ങനെയല്ല. വളരെ നാളുകളായി മനസിൽ കൊണ്ടു നടന്ന ഒരാഗ്രഹം, ഒരു നല്ല ചിത്രം വരയ്ക്കണമെന്ന അദമ്യമായ ഒരു ചിത്രകാരന്റെ ആഗ്രഹം, സഫലമായിക്കഴിയുന്പോൾ ആ ചിത്രത്തെ നോക്കി ആ ചിത്രകാരൻ സംതൃപ്തിയോടെ മൊഴിയുന്നു. ‘It is finished നിവർത്തിയായി’ ക്രിസ്തുവിന്റെ പ്രവർത്തിയും അതുതന്നെയായിരുന്നു. ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നവർ പഠിക്കേണ്ട പാഠവും അതുതന്നെ. സംതൃപ്തിയോടെ എത്ര പ്രാവശ്യം സ്വന്തം ജീവിതത്തിൽ ‘നിവർത്തിയായി’ എന്ന് പറയുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്ന് വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും. സ്നേഹത്തിലൂന്നിയ ഉദ്യമങ്ങളുടെ സാഫല്യത്തിൽ മാത്രമേ ഈ മൊഴി ഉരുവിടാൻ സാധിക്കൂ, അതും തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹത്തിലൂടെ.
ഒരു ചിന്തകൻ പ്രസിദ്ധനായ ഒരു ഭിഷഗ്വരനോട് എന്താണ് ഹൃദ്രോഗം എന്ന് ഒരിക്കൽ ചോദിച്ചു. ഡോക്ടർ പല രോഗങ്ങളുടെ പേര് പറഞ്ഞു, മയോ കാർഡൈറ്റിസ്, വാൽവുലർ ഹാർട്ട് ഡിസീസ്, കോൺജനീറ്റൽ ഹാർട്ട് ഡിസീസ് ഇങ്ങനെ പല പേരുകളും. ചിന്തകൻ ഇതിന് മറുപടിയായി പറഞ്ഞു, ഹൃദയത്തിൽ സ്നേഹമില്ലാ എന്നതാണ് ഏറ്റവും വലിയ ഹൃദ്രോഗം. ഇന്ന് ഹൃദ്രോഗികളുടെ എണ്ണം വളരെ വർദ്ധിച്ചിട്ടുണ്ട്. നമ്മുടെ ജീവിതക്രമവും ഭക്ഷണവും രീതിയുമെല്ലാം അതിന് കാരണങ്ങളുമാണ്. എന്നാൽ ആ ചിന്തകൻ ചൂണ്ടിക്കാട്ടിയ രോഗത്തിന്റെ വ്യാപ്തിയാണ് ഇന്ന് നമ്മുടെ സമൂഹത്തെയും ഭവനങ്ങളെയും പിടിച്ചുലയ്ക്കുന്നത്. ഒരു വ്യക്തിയുടെ ഏറ്റവും വലിയ ദുഃസ്ഥിതി അയാളെ സ്നേഹിക്കുവാനും അയാൾക്ക് സ്നേഹിക്കുവാനും ആരും ഇല്ല എന്നുള്ളതാണ്. സ്വാർത്ഥതയുടെ മൂടുപടമണിഞ്ഞ സ്നേഹമാണ് ഇന്നു ചുറ്റുപാടും. ഉപാധികളില്ലാത്ത ക്രൂശിലെ സ്നേഹം ഇന്ന് ഒരിടത്തുമില്ല. പ്രതാപത്തിൽ പടുത്തയർത്തിയ ദേവാലയത്തിന്റെ കൊത്തളങ്ങളിൽ പോലും!
മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങൾ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിങ്ങനെ മൂന്നെണ്ണമാണെന്നാണ് സാധാരണ വിവക്ഷിക്കാറുള്ളത്. എന്നാൽ നാലാമതൊന്നു കൂടിയുണ്ട്. അതാണ് സ്നേഹം. അതില്ലാതെ പോയാൽ മനുഷ്യൻ മൃഗത്തിന്റെ നിലവാരത്തിലേയ്ക്ക് നിപതിക്കുന്നു. നിറഞ്ഞ സ്നേഹത്തിന്റെ ചുറ്റുപാടിൽ വളരുന്ന കുട്ടികളും സ്നേഹമില്ലാതെ വളരുന്ന കുട്ടികളും തമ്മിൽ വ്യക്തിത്വത്തിൽ ഉണ്ടാകുന്ന അന്തരം തന്നെ ഇതിനുദാഹരണമാണ്. മഹാകവി കുമാനാശാൻ പാടിയിട്ടുണ്ട്:
സ്നേഹം നരകത്തിൻ ദ്വീപിൽ
സ്വർഗ്ഗഗേഹം പണിയും പടുത്വം
നമ്മുടെ ഭവനങ്ങളെ പറുദീസകളാക്കി മാറ്റുന്നത് സ്നേഹമാണ്; നരകതുല്യമാക്കിത്തീർക്കുന്നത് സ്നേഹരാഹിത്യവും. വ്യക്തികളെ രോഗികളാക്കി മാറ്റുവാൻ സ്നേഹമില്ലായ്മയ്ക്ക് കഴിയും; രോഗവിമുക്തരാക്കുവാൻ സ്നേഹത്തിനും. അമേരിക്കയിലെ കോടീശ്വരനായിരുന്ന റോക്ക് ഫെല്ലർ വളരെയേറെ ധനം സന്പാദിച്ചു. പക്ഷേ അദ്ദേഹത്തിന് ആരോടും സ്നേഹമില്ലായിരുന്നു. ആരിൽ നിന്നും സ്നേഹം അദ്ദേഹത്തിന് ലഭിച്ചുമില്ല. ഒരിറ്റു സ്നേഹത്തിനു വേണ്ടി അദ്ദേഹം ദാഹിച്ചു. സ്നേഹമെന്ന വികാരം അനുഭവിക്കാനോ അറിയാനോ റോക്ക് ഫെല്ലറിന് കഴിഞ്ഞില്ല. സ്വന്തം കുടുംബാംഗങ്ങൾ പോലും അദ്ദേഹത്തെ വെറുത്തു. അന്പത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം ഒരു രോഗിയായി തീർന്നു. ആഹാരം കഴിക്കാൻ സാധിക്കാതെയായി. ഉറക്കം നഷ്ടപ്പെട്ടു. ചികിത്സകൾ പലതും നടത്തി നോക്കി. ഫലം ശൂന്യം. ഒടുവിൽ ഒരു ഡോക്ടർ ഒരു ചികിത്സ നിർദ്ദേശിച്ചു. പണത്തെക്കുറിച്ച് വിചാരിച്ച് മനസ് പുണ്ണാക്കാതെ എല്ലാവരോടും സ്നേഹവും കാരുണ്യവും ഉപാധികളില്ലാതെ കാണിക്കുക. ഇതായിരുന്നു ചികിത്സ.
റോക്ക് ഫെല്ലർ ആ നിർദ്ദേശം പൂർണ്ണമായി അനുസരിച്ച് പ്രാവർത്തികമാക്കാൻ സന്നദ്ധനായി. ‘റോക്ക് ഫെല്ലർ ഫൗണ്ടേഷൻ’ സ്ഥാപിച്ചു. അതിന്റെ പ്രവർത്തനങ്ങൾ സ്നേഹത്തിലൂടെയും ജീവകാരുണ്യത്തിലൂടെയുമായിരുന്നു. മാരകരോഗം നിർമ്മാർജ്ജനം ചെയ്യാനുള്ള ഗവേഷണങ്ങൾ, നിർദ്ധന വിദ്യാർത്ഥികൾക്കുള്ള ധനസഹായം എന്നിങ്ങനെ കോടിക്കണക്കിന് പണം നല്ല കാര്യങ്ങൾക്കായി വിനിയോഗിച്ചു. പുതിയ ജീവിതമാരംഭിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് എന്തെന്നില്ലാത്ത ഉന്മേഷവും സംതൃപ്തിയും കൈവന്നു. മറ്റുള്ളവരുടെ ഉന്നമനം കണ്ട് മനം കുളിർക്കുവാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. അന്പത്തിമൂന്നാമത്തെ വയസിൽ മരണത്തിന്റെ പടിവാതിൽക്കലെത്തിയ അദ്ദേഹം തൊണ്ണൂറ്റി എട്ട് വയസ്സുവരെ ആരോഗ്യത്തോടെ ജീവിച്ചു. നിരുപാധിക സ്നേഹത്തിന്റെ ടോണിക്കാണ് അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയത്. ക്രിസ്തുവിന്റെ നിരുപാധികസ്നേഹമാണ് അതിരുകൾക്കപ്പുറത്തേക്ക് ചിറകു വിരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
സരസ്സ കവിയായിരുന്ന ശങ്കരത്തിൽ എ.വി മാത്യു രചിച്ച ‘ക്രൂശിലെ സ്നേഹം’ എന്ന പദ്യസമാഹാരത്തിന്റെ തുടക്കമിങ്ങനെയാണ്:
‘ഹന്തചിന്ത പരിഗ്രസ്ഥ ചിത്തമേ
നൊന്തു നൊന്തു പരിഭ്രമിക്കായ്ക നീ
സന്തതം നിന്നെ നോക്കുന്നു ക്രൂശിന്മേൽ
അന്തരീക്ഷത്തിൽ പൊന്തി നിന്നെൻ ഭവാൻ’
മരണമില്ലാത്ത സ്നേഹത്തിന്റെ ഉടമകളായിത്തീരുവാൻ നമുക്കും ഭാഗ്യമുണ്ടാകട്ടെ.