ചുമ്മാ ആ മസിലൊക്കെ ഒന്ന് വിടുന്നേ


സോഷ്യൽ മീഡിയയിൽ കഴിഞ്ഞാഴ്ച ഏറ്റവും വൈറൽ ആയ വീഡിയോ തിമിർത്തു പെയ്യുന്ന ചെണ്ട മേളത്തോടൊപ്പം ഉറഞ്ഞു ചാടി ആസ്വദിക്കുന്ന ഒരു കൊച്ചു പെണ്ണിന്റേതാണ്. മുഖ്യധാരാ മാധ്യമങ്ങൾ തെരഞ്ഞു പിടിച്ച് ആ കൊച്ചു മിടുക്കിയുടെ ഊരും പേരും കണ്ടു പിടിച്ചു. അടൂരുകാരി ഒരു പാർവ്വതി. അമ്മവീട്ടിലെ കുടുംബക്ഷേത്രത്തിൽ ഉത്സവം കൂടാൻ ചിറ്റയോടും അമ്മായിയോടുമൊപ്പം പോയതാണ്. മേളം മുറുകിയപ്പോ കൂടെ നിന്ന ചിറ്റ കയ്യേൽ പിടിച്ചു വലിച്ചു നിർത്താൻ നോക്കിയിട്ടും ശരീരം അടങ്ങിയില്ല. അറിഞ്ഞങ്ങ് ആടിത്തിമിർത്തു. ആ വീഡിയോ ഞാനൊരു പാട് വട്ടം കണ്ടു. (കാണാത്തവർ നിർബന്ധമായും 4പിഎം ഫേസ്ബുക് പേജിൽ പോയി കാണണം).

എന്ത് കൊണ്ടാവും ആ വീഡിയോ വൈറൽ ആയിട്ടുണ്ടാവുക. േസ്റ്റജിൽ അല്ലാതെ, കള്ളു കുടിക്കാതെ, ഭ്രാന്തില്ലാതെ ഒരാൾ അത്രമേൽ ആഹ്ലാദിച്ചു മേളത്തിൽ ലയിച്ചു ചേർന്ന് നൃത്തം ചെയ്യുന്നത് നമുക്കൊരു അപൂർവ്വ കാഴ്ചയായത് കൊണ്ടാണ്. ഇനി നമുക്കോരോരുത്തർക്കും ചോദിക്കാം നമ്മളെപ്പോളാ ഇങ്ങിനെയൊന്നു അറിഞ്ഞു ചാടിത്തിമിർത്തത് എന്ന്.

ഈയിടെ ഡൽഹിയിൽ ഉണ്ടായിരുന്നപ്പോൾ രണ്ടു കല്യാണഘോഷയാത്രകൾ കണ്ടു. കുതിര വണ്ടിയിലേറിയ വരനു ചുറ്റും നല്ല താളലയത്തോടെ നൃത്തം ചവിട്ടുന്നത് മധ്യവയസ്സു പിന്നിട്ട സ്ത്രീയും പുരുഷനും അടങ്ങിയ വരന്റെ ബന്ധുക്കളാണ്. അടുത്തിടെ ഒരു ലെബനീസ് സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ വരന്റെ അമ്മാവന്മാരും അനന്തിരവന്മാരും സുഹൃത്തുക്കളും കൂടി ഗംഭീര ‘ധബ്കെഹ്’(Dabkeh) ഡാൻസ്. എന്ത് മനോഹരമായാണ് അവർ കല്യാണങ്ങളെ ആഘോഷ സമൃദ്ധമാക്കുന്നത്. നിങ്ങൾ ഏതു സമൂഹത്തിലേക്കും നോക്കൂ അവർ കുടുംബ സമേതം നൃത്തമാടുന്ന ഒരു പാട് ആഘോഷങ്ങൾ അവരുടെ ജീവിതത്തിലുണ്ട്.

ഇനി മലയാളികളിലേക്കു നോക്കൂ. എപ്പോഴാണ് നമ്മളൊന്ന് ആടിയിട്ടുള്ളത്? സിരകളിൽ മേളം കൊണ്ട് മുറുക്കുന്ന ഗാനമേള ആണെങ്കിലും സദസ്സിന്റെ ഏറ്റവും പുറകിലാണ് ഡാൻസ് ചെയ്യുന്നവരുടെ സ്ഥാനം. കൂടുതൽ ചാടിയാൽ അപ്പൊ പറയും ‘ഹും അവനിന്നു നല്ല പൂസാണല്ലോ’ എന്ന്. കഴിഞ്ഞ ഓണാഘോഷ പരിപാടിക്ക് സമാജത്തിൽ അടിപൊളിപാട്ട് പാടുന്പോ ഡാൻസ് ചെയ്തവരെ ബാഡ്ജ് ധാരികൾ പണിപ്പെട്ടു അടക്കി നിർത്തുന്നത് കണ്ടിട്ടുണ്ട്. ശവം പോലിരുന്നു കേൾക്കാനാണെങ്കിൽ പിന്നെ വല്ല ഗസലും വെച്ചാൽ പോരെ.

മലയാളി തന്റെ പൊതുജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ‘മറ്റുള്ളവർ എന്ത് വിചാരിക്കും’ എന്ന ഒറ്റ അളവുകോലിലാണ്. ആ വിചാരത്തിലാണ് ആ കുട്ടിയോടൊപ്പമുള്ള സ്ത്രീ ആ കുട്ടിയുടെ കൈ പിടിച്ചു വലിക്കുന്നത്. അതിന്റെ മൂർദ്ധന്യത്തിലാണ് സകല പകർന്നാട്ടങ്ങളുടെയും നായകനായ മമ്മൂട്ടിക്ക് ‘എനിക്ക് നാണം വരുന്നത് കൊണ്ടാണ് ഡാൻസ് ചെയ്യാൻ പറ്റാത്തത്’ എന്ന് സമ്മതിക്കേണ്ടി വരുന്നത്.

അങ്ങിനെ ഡാൻസ് ചെയ്യുന്നത് അസ്വാഭാവികതയല്ലേ എന്ന് ചോദിക്കുന്നവർ ഉണ്ടാവാം. സ്വാഭാവികത എന്നാൽ സമൂഹം നിശ്ചയിച്ചിരിക്കുന്ന ജീവിത താളത്തിൽ ജീവിക്കലാണ്. അത് ഒരു പാട് വിട്ടുവീഴ്ചകളുടേത്‌ കൂടിയാണ്. എത്ര മോശമായാലും പാടാനും ആടാനും ഒക്കെ തോന്നുന്പോ അതങ്ങു ചെയ്തേക്കണം (എന്ന് വെച്ച് അത് സ്റ്റേജിൽ ചെയ്യണം എന്നും അതാസ്വദിക്കാൻ ആളുകൾ വേണമെന്നും ശഠിച്ചേക്കരുത്). അഭിനന്ദിക്കാനും വിമർശിക്കാനും ഒരുന്പെട്ടിരിക്കുന്ന ഒരു സദസ്സിനു മുന്നിലെ സ്റ്റേജ് പ്രകടനമല്ല നമ്മുടെ ജീവിതം. അത് ആസ്വദിക്കേണ്ടതും അതിൽ സന്തോഷിക്കേണ്ടതും നമ്മൾ തന്നെയാണ്. അങ്ങിനെ സന്തോഷിക്കാൻ തോന്നുന്പോ ചുമ്മാ ആ മസിലൊക്കെ അങ്ങ് വിട്ടു അങ്ങ് ആർമ്മാദിക്കുക.മറ്റുള്ളവരുടെ മാർക്ക് മേടിച്ചു പാസാവാൻ ജീവിതം ഒരു പരീക്ഷയൊന്നുമല്ലാലോ...

You might also like

Most Viewed