ജീവനൊടുക്കാൻ തീരുമാനിച്ചവനോട് നാം എന്ത് പറയും..?
അഡ്വ. ജലീൽ
ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു അതിനുള്ള സജ്ജീകരണങ്ങൾ ഒക്കെയും ചെയ്തു കഴുത്തിൽ കുരുക്കിടും മുന്നേ അത് നിങ്ങളെ അറിയിക്കാൻ വിളിക്കുന്നു എന്ന് കരുതുക. നിങ്ങൾ എന്തായിരിക്കും അയാളോട് പറയുക?
അമേരിക്കയിലെ ഒരു സൈക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണ പരീക്ഷക്കിരുന്ന കുട്ടികളോട് അദ്ധ്യാപകൻ ചോദിച്ചതാണിത്. ബാക്കി വായിക്കുന്നതിനു മുന്നേ നിങ്ങൾക്ക് ആദ്യം തോന്നുന്ന ഉത്തരം മനസ്സിൽ കരുതുക. എന്തായാലും അമേരിക്കയിലെ കുട്ടികൾ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്. മരിക്കാൻ പൊകുന്ന ആളോട് ജീവിതത്തിൽ പൊരുതി വിജയിച്ചവരുടെ പ്രചോദന കഥകൾ പറയുമെന്ന് ചിലർ. എന്റെ ജീവിതം നോക്കൂ, അതെത്ര നശിച്ചതാണ് എന്നിട്ടും ഞാൻ ആത്മഹത്യ ചെയ്യുന്നില്ലല്ലോ എന്ന് സോദാഹരണ കഥകൾ പറയുമെന്ന് വേറൊരു കൂട്ടം. മതവിധികളും, ആത്മീയയുക്തികളും, മരണാനന്തരജീവിതത്തിന്റെ ഭീകരതകളും ഒക്കെ കൂട്ടിക്കുഴച്ചുള്ള ഉപദേശങ്ങൾ ഹൃദയത്തിൽ തട്ടും തരത്തിൽ പറയുമെന്ന് വേറെ ചിലർ. നമ്മുടെയൊക്കെയും മനസ്സിൽ അവരോടു പറയാനുള്ളത് ഇവയൊക്കെ തന്നെയാവും.
കുട്ടികളുടെ ഉപദേശസാഹിത്യങ്ങൾ എല്ലാ കേട്ട് ഒടുവിൽ ആ അദ്ധ്യാപകൻ പറഞ്ഞു. ദയവ് ചെയ്തു നിങ്ങൾ അയാളോട് കൂടുതൽ സംസാരിക്കരുത്. അങ്ങിനെയൊരു സാഹചര്യത്തിൽ ഒരാൾ മറ്റൊരാളെ വിളിക്കുന്നത് എന്തങ്കിലും കേൾക്കാനല്ല, മറിച്ച് അയാൾക്ക് പറയാനുള്ളത് കേട്ടുനിൽക്കാനുള്ള ഒരാളെ തേടിയാണ്. അയാളെക്കൊണ്ട് കൂടുതൽ സംസാരിക്കാൻ പ്രചോദിപ്പിക്കുക. അയാൾക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞാൽ, ക്ഷമയോടെ അയാളുടെ പ്രശ്നങ്ങൾ അനുതാപത്തോടെ കേൾക്കാൻ ഒരാൾ ജീവിച്ചിരിപ്പുണ്ടെന്നു ബോധ്യപ്പെട്ടാൽ, ഒരാളും ആത്മഹത്യ ചെയ്യില്ല.
ബഹ്റൈനിൽ ഈ വർഷം മാത്രം ആത്മഹത്യ ചെയ്ത പ്രവാസികളുടെ എണ്ണം മുപ്പതായി. സംഘടനകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും കൗൺസലിംഗ് വിദഗ്ദ്ധന്മാരുടെയും ഒക്കെ നേതൃത്വത്തിൽ ഒരുപാട് ചർച്ചകളും പരിപാടികളും നടന്നു വരുന്നു. അവിടങ്ങളിൽ ഒക്കെ ആളുകൾ അമേരിക്കയിലെ ആ കുട്ടികളെ പോലെ വാ തോരാത സംസാരിച്ചും കൊണ്ടിരിക്കുന്നു.
ലോകത്ത് നടക്കുന്ന ആത്മഹത്യകളിൽ ബഹുഭൂരിപക്ഷവും രണ്ടു കാരണത്താലാണ്. മാനഹാനി ഭയന്നും ജീവിതവിരക്തി തോന്നിയും. ജീവിത വിരക്തി തോന്നിയല്ല ബഹ്റൈനിൽ മേൽപ്പറഞ്ഞ ഒരാളും ആത്മഹത്യ ചെയ്തത്. മറിച്ച് ജീവിതാസക്തി ചെന്നെത്തിച്ച ഇരുൾമുറികളിൽ നിന്നൊരു പിന്മടക്കം സാധ്യമല്ല എന്ന് തോന്നിയിട്ടാണ്.
ഒരാൾ മറ്റെന്തിനേക്കാളും ഏറെ സ്നഹിക്കുന്ന സ്വന്തം ജീവിതം പൂർണ്ണവിരാമം ഇടാൻ തീരുമാനിക്കുന്നത്, അടുത്ത നിമിഷം മുതൽ തന്റെ ജീവിതം കളിയാക്കപ്പെടാനും തന്നെ സ്നഹിക്കുന്നവരുടെയും ബഹുമാനിക്കുന്നവരുടെയും മുന്നിൽ അപമാനിക്കപ്പെടും എന്ന ഉത്തമബോധ്യം വരുമ്പോളുമാണ്. അതിനുള്ള കാരണം കടം മേടിച്ച പണം തിരിച്ചു കൊടുക്കാൻ പറ്റാത്തതാവാം, മറ്റൊരാളൊട് തോന്നിയ പ്രണയം പുറത്തറിഞ്ഞതാവാം, അല്ലെങ്കിൽ സാന്പത്തികമായും സാമൂഹ്യമായും താൻ കെട്ടിയുണ്ടാക്കിയ വലിയ മുഖം മൂടികൾ അഴിഞ്ഞുവീഴും എന്ന് ഉറപ്പിച്ചതിനാലാവാം. എന്ത് തന്നെയായാലും അവരുടെയൊന്നും പ്രശ്നം ഇന്നലെകളല്ല. നാളെകളാണ്. ജീവിതത്തിലെ ചെറിയൊരു പാകപ്പിഴ വരാനിരിക്കുന്ന ദിവസങ്ങളെ തകർത്തു കളയാത്ത ഒരു സാധാരണ ജീവിതാനുഭവം മാത്രമാണെന്ന് അയാൾക്ക് ബോധ്യമാവണം എന്നുണ്ടെങ്കിൽ നമ്മുടെ സമൂഹം ഒരുപാട് മാറേണ്ടതുണ്ട്. ആ മാറ്റം എന്താണെന്ന് സൂചിപ്പിക്കാൻ ചെറിയ ഒരുദാഹരണം പറയാം.
തിരക്കുള്ള ഒരു റെസ്റ്റൊറന്റിൽ വെച്ച് അബദ്ധവശാൽ ഒരാളുടെ കൈ തട്ടി ഒരു പ്ലേറ്റ് വീണുടയുന്നു. അപ്പൊൾ അവിടെയിരിക്കുന്ന മറ്റുള്ളവർ എന്ത് ചെയ്യും? ഉറപ്പായും വീണു ചിതറിയ പ്ലേറ്റിലേക്കും അയാളുടെ മുഖത്തെ ദൈന്യതയിലേയ്ക്കും നോക്കും. ചിലർ അത് വൃത്തിയാക്കിയെ- ടുക്കുന്നതു വരെയോ ആ നിർഭാഗ്യവാൻ റെസ്റ്റൊറന്റ് വിടുന്നത് വരെയോ അയാളെ നോക്കി കൊണ്ടിരിക്കും. ആ വ്യക്തി നമ്മളാണെങ്കിൽ ആ നോട്ടങ്ങൾ ഒക്കെയും നല്ല കാന്താരി അരച്ച് പഴുപ്പിച്ച കത്തി കൊണ്ട് ദേഹത്തു പച്ചയ്ക്കു കുത്തുന്നത് പൊലെയല്ലേ തോന്നുക. അവരുടെയൊക്കെയും നൊട്ടങ്ങളും ചിരികളും സംസാരങ്ങളും നമ്മെക്കുറിച്ചു തന്നെയാണെന്ന് ഉറപ്പിച്ചു ഒരു ദിനാർ പോലും വിലയില്ലാത്ത ഒരു പ്ലേറ്റിനോടൊപ്പം നമ്മുടെ അഭിമാനവും വീണു ചിതറിയതായി നമുക്ക് തോന്നും.
ഒരാളുടെ ജീവിതത്തിൽ ഒരു ചെറിയ പാകപ്പിഴ വന്നാൽ അതിനെ കുറ്റപ്പെടുത്തിയും നിന്ദിച്ചും നാം തന്നെയാണ് അയാളുടെ നാളെകളെ ഇല്ലാതാക്കുന്നത്. ആളുകൾ തിങ്ങി നിറഞ്ഞ റെസ്റ്റൊറന്റ് ആയിട്ടും, ആ പ്ലേറ്റ് കഷണങ്ങൾ പെറുക്കാൻ, പുറത്തു തട്ടി ‘സാരമില്ലെടോ, ഇതൊക്കെ സാധാരണമല്ലേ’ എന്ന് പറയാൻ ഒരാളില്ലാതാവുന്പൊൾ ആണ് ആ മുറിയിലും ജീവിതത്തിലും അയാൾ ഒറ്റയ്ക്കാവുന്നത്. ഒറ്റയാൾതുരുത്തുകളിൽ പെട്ടുപോയവർക്കു വേണ്ടത് ഉപദേശങ്ങളല്ല. കൂടെ നിൽക്കലാണ്, അവരെ കേൾക്കലാണ്. ഒരു കാര്യം ചോദിച്ചു നിർത്താം.
ഇനി മുന്നോട്ട് പോവില്ല എന്ന് തോന്നുമ്പോൾ മിണ്ടാൻ ഒരു ആത്മാർത്ഥ സുഹൃത്ത് ഉണ്ടല്ലോ... ല്ലേ..?