അഴിമതിയുടെ ആയിരം ഫയലുകൾ!


ഫെബ്രുവരി മാസത്തിലെ മൂന്ന് മന്ത്രിസഭാ യോഗങ്ങളിൽ തിരക്കിട്ട് ക്ലിയർ ചെയ്ത എണ്ണൂറിലധികം ഫയലുകളിൽ ഒട്ടുമിക്കവയിലും അഴിമതിയുടെ ഗന്ധം കൂടിയിരിക്കുന്നു. ആ ഉത്തരവുകൾ ഏതൊക്കെയാണെന്ന് വെളിപ്പെടുന്നപക്ഷം ഭരണതലത്തിൽ നടന്ന വലിയ ഗൂഢാലോചനയുടേയും തിരിമറികളുടേയും കഥ കൂടിയാകും പുറത്തുവരിക.

 

ഭരണത്തിന്റെ അവസാന ദിനങ്ങളിലുള്ള മന്ത്രിസഭായോഗങ്ങൾ ഏതു സർക്കാരിന്റെ കാലത്താണെങ്കിലും സംഭവബഹുലമാകുമെന്നുറപ്പ്. പതിവുപോലെ ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തെ മൂന്ന് മന്ത്രിസഭാ യോഗങ്ങളും വിവിധ മന്ത്രിമാരുടെ അജണ്ടകൾ നടപ്പാക്കാനുള്ള തത്രപ്പാടുകൾ നിറഞ്ഞതായിരുന്നു.  തങ്ങളുടെ വകുപ്പുകളിൽ നടത്തിയ പല അനധികൃത നിയമനങ്ങളും സ്ഥിരമാക്കുന്നതു സംബന്ധിച്ച ഫയലുകളിൽ തീരുമാനമെടുക്കലും തങ്ങൾക്ക് പ്രത്യേക താൽപര്യമുള്ള വിഷയങ്ങളിൽ അനുകൂലമായ നടപടികൾക്ക് ശുപാർശ ചെയ്യുകയുമായിരുന്നു ഇവരിൽ പലരുേടയും പ്രഖ്യാപിത അജണ്ട തന്നെ. ഏതാണ്ട് 54,000−ത്തോളം അനധികൃത നിയമനങ്ങളാണ് സർക്കാർ ഈ മൂന്നാഴ്ചക്കാലം കൊണ്ട് റഗുലറൈസ് ചെയ്തതെങ്കിൽ ആ കാബിനറ്റ് യോഗങ്ങളിൽ ഏതാണ്ട് 13,032 പുതിയ നിയമനങ്ങളും നടക്കുകയുണ്ടായി. എറണാകുളത്തേയും കുമരകത്തേയും 425 ഏക്കർ ഭൂമി സ്വകാര്യകന്പനികൾക്ക് ടൂറിസം പദ്ധതിക്കായും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായും കൈമാറാനുള്ള തീരുമാനമെടുത്തതും ഈ യോഗങ്ങളിൽ തന്നെ. പക്ഷേ ആ തീരുമാനം മാത്രമേ വിവാദമായുള്ളുവെന്നതിനാൽ അത് മാത്രം റദ്ദാക്കിക്കൊണ്ട് ബാക്കിയുള്ളവയൊക്കെ സർക്കാർ വിദഗ്ദ്ധമായി മുന്നോട്ടുനീക്കി. ഒരു മെത്രാൻ കായലും കടമക്കുടിയും പോയാലെന്താ, കോഴപ്പണം കിട്ടിയ വേറെ ആയിരം ഇടപാടുകൾ നിഷ്പ്രയാസം മുന്നോട്ടു നീക്കാൻ കഴിഞ്ഞല്ലോ എന്നാകാം ഉമ്മൻ ചാണ്ടിയുടേയും കൂടെയുള്ള മറ്റ് മന്ത്രിമാരുടേയും മനസ്സിലിരുപ്പ്!

നെല്ലിയാന്പതിയിലെ കരുണാ എേസ്റ്ററ്റിന് കരം അടയ്ക്കാൻ പോബ്‌സൺ ഗ്രൂപ്പിന് അവകാശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവാണ് ഈ മന്ത്രിസഭാ യോഗങ്ങളിലെടുത്ത മറ്റൊരു തീരുമാനം. നെല്ലിയാന്പതിയിലെ കരുണാ എേസ്റ്ററ്റ് കൈവശം വെച്ചിരിക്കുന്ന 876 ഏക്കർ ഭൂമി അനധികൃതമാണെന്നും അത് സർക്കാരിൽ നിക്ഷിപ്തമായ ഭൂമിയാണെന്നും സർക്കാർ തന്നെ നിയോഗിച്ച ലാന്റ് ബോർഡ് സെക്രട്ടറി നൽകിയ അന്വേഷണ റിപ്പോർട്ടും, തുടർന്നുള്ള കോടതി വിധികളും അവഗണിച്ചുകൊണ്ടാണ് സർക്കാർ ഈ നീക്കം നടത്തിയിട്ടുള്ളത്. ഭൂപരിഷ്‌കരണ നിയമപ്രകാരം സർക്കാരിൽ നിക്ഷിപ്തമാകേണ്ട ഭൂമിയാണ് ചാണ്ടിയും കൂട്ടരും ഒരു ഉത്തരവിലൂടെ അട്ടിമറിച്ച്, ഭൂമിദാനം നൽകി തങ്ങൾക്ക് ചിലരോടുള്ള പ്രണയം പ്രകടമാക്കിയിരിക്കുന്നത്. ഈ ഉത്തരവും പിൻവലിക്കാൻ കെ.പി.സി.സി അദ്ധ്യക്ഷൻ സുധീരൻ മുഖ്യമന്ത്രിയോട് ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു.

ഭരണത്തിന്റെ അവസാന നാളുകളിൽ സർക്കാരുകൾ നടത്തുന്ന ഇത്തരം കള്ളക്കളികൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുൻ ഇടതു സർക്കാരിന്റെ കാലത്തും ഇത്തരത്തിലുള്ള ഇടപാടുകൾ അവസാനകാലത്ത് നടന്നിരുന്നുവെന്ന് നമുക്കറിയാം. ആറന്മുള വിമാനത്താവളത്തിനായി ആറന്മുളയെ വ്യവസായിക മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള രഹസ്യപ്രഖ്യാപനം വന്നതും അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന് ഒരു സ്ഥാപനത്തിന്റെ ഡയറക്ടറായി നിയമനം നൽകിയതും മെത്രാൻ കായൽ ടൂറിസം പദ്ധതിക്കായി അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം അനുകൂല തീരുമാനമെടുത്തതും ചക്കിട്ടപാറയിൽ കരീം ഖനന ഇടപാടുകൾ നടത്തിയതുമെല്ലാം ആ കാലത്തായിരുന്നു. അധികാരത്തിൽ നിന്നൊഴിയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ 2010 ജൂലൈ 17−ന് ഇറക്കിയ ഉത്തരവിലാണ് കുമരകം ടൂറിസ്റ്റ് വില്ലേജ് റിസോർട്ടും ആറന്മുളയിൽ ഗ്രീൻഫീൽഡ് വിമാനത്താവളവും തുടങ്ങുമെന്ന് അന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ കൈവശമുണ്ടായിരുന്ന പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. അച്യുതാനന്ദനെക്കാണ്ട് ആ തീരുമാനമെടുപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകൾ ആറന്മുള പദ്ധതി വിവാദമായ സമയത്തു തന്നെ പുറത്തുവരികയും ചെയ്തിരുന്നു. അധികാരത്തിൽ നിന്നു പുറത്തുപോകുംമുന്പ് പരമാവധി അമക്കാനുള്ള ഈ ആഗ്രഹം ഓരോരോ കാലത്തും പുതിയ രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്നു മാത്രം. 

ഫെബ്രുവരിയിലെ ആ മൂന്നാഴ്ചക്കാലത്ത് സർക്കാർ 824 ഫയലുകളിലാണ് അതിവേഗ തീരുമാനങ്ങളെടുത്തത്. ഇവയെല്ലാം അടിയന്തിരമായി തീർപ്പാക്കപ്പെടേണ്ടതും അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടതുമാണെന്ന് ആരും തന്നെ പറയില്ല. പക്ഷേ വേണ്ടപ്പെട്ടവർക്ക് തങ്ങളാലാവുന്നതൊക്കെ ചെയ്തു കൊടുക്കാനും കോഴ വാങ്ങിയിട്ടും തീരുമാനമാകാതെ കിടന്ന വിഷയങ്ങളിൽ തീരുമാനമെടുത്ത് പരമാവധി തെരഞ്ഞെടുപ്പ് ഫണ്ട് അവരിൽ നിന്നുമൊക്കെ സമാഹരിക്കാനുമുള്ള വ്യഗ്രതയാണ് മന്ത്രിസഭാ യോഗങ്ങളിലെ മന്ത്രിമാരുടെ ഈ കഠിനാദ്ധ്വാനങ്ങളിൽ തെളിഞ്ഞു കണ്ടത്. താൽക്കാലിക നിയമനങ്ങളായിരുന്ന പലതും സ്ഥിര നിയമനങ്ങളാക്കി മാറ്റിയതു വഴി തന്നെ എത്രയോ രൂപയാകും മന്ത്രിമാരുടെ കീശകളിലേയ്ക്ക് ഒഴുകിയിറങ്ങിയിട്ടുണ്ടാകുക. അവസാന കാലത്തെ മന്ത്രിസഭാ യോഗങ്ങളിലെടുത്ത പ്രധാന പദ്ധതികളെക്കുറിച്ച് പരിശോധിച്ചാലാകട്ടെ കൂടുതൽ വലിയ പണമിടപാടുകൾ എവിടെയൊക്കെ എപ്രകാരം നടന്നുവെന്ന് വ്യക്തമാകുകയും ചെയ്യും. അധികാരത്തിൽ നിന്നിറങ്ങും മുന്പ് മുൻ സർക്കാർ നടത്തിയ ഇത്തരം ഇടപാടുകൾ പരിശോധിക്കുമെന്ന് പ്രതിപക്ഷം പറയാറുണ്ടെങ്കിലും അധികാരത്തിലെത്തുന്പോൾ അവയിൽ നടപടികളൊന്നും സ്വീകരിച്ചു കാണാറില്ല. പകരം അത്തരം ഇടപാടുകൾ സാധൂകരിച്ചു നൽകാൻ എങ്ങനെ കൂടുതൽ പണം പറ്റാമെന്നതിലാകും അവരുടെ കണ്ണ്. ഇടതു സർക്കാരിന്റെ കാലത്ത് അംഗീകാരം ലഭിച്ചശേഷം പ്രതിഷേധങ്ങളെ തുടർന്നും ഉപേക്ഷിച്ച മെത്രാൻ കായൽ ടൂറിസം പദ്ധതി പോലുള്ളവ അഞ്ചു വർഷത്തിനുശേഷം വീണ്ടും പൊങ്ങിവന്നതിനു കാരണം മറ്റൊന്നല്ല. ഇനി വരാനിരിക്കുന്ന സർക്കാരിന്റെ മന്ത്രിമാരുടെ കൈകളിലേയ്ക്ക് പോകേണ്ടുന്ന പണം തങ്ങളുടെ കൈകളിൽ തന്നെ എത്തിക്കാൻ അവർ ശ്രമിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രവുമല്ല കേരളത്തിൽ അഴിമതിയുടെ കാര്യത്തിൽ സർക്കാരുകൾ മാറിയാലും മന്ത്രിമാർ തമ്മിലുള്ള ഇടപാടുകൾ സുഗമമായി തന്നെ പുരോഗമിക്കാറുണ്ടെന്നാണ് ഇടപാടുകളുടെ അണിയറ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ തന്നെ സമ്മതിക്കുന്നത്. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അനുചരനായി ഒരു കാലത്ത് പ്രവർത്തിച്ചിരുന്ന കെ.എ റൗഫ് തന്നെ മുന്പൊരിക്കൽ കുഞ്ഞാലിക്കുട്ടിയും എളമരം കരീമും തമ്മിലുള്ള ഭായി ഭായി ബന്ധം വെളിപ്പെടുത്തിയിരുന്നതാണല്ലോ!

തങ്ങളുടെ സിൽബന്ദികൾക്കു വേണ്ട സഹായങ്ങൾ കൊടുത്തു തീർത്ത് അവരിൽ നിന്നും തിരികെ സഹായങ്ങൾ നേടുന്നതിനുള്ള കാലമായി ഭരണത്തിന്റെ അവസാനനാളുകളെ കാണുന്നത് കൊടിയ അപരാധമാണെന്ന കാര്യത്തിൽ തർക്കം വേണ്ട. മെത്രാൻ കായലിലെ 378 ഏക്കറിലെ ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്കും എറണാകുളം കടമക്കുടിയിലെ 47 ഏക്കറിൽ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കും റവന്യൂ വകുപ്പ് തത്വത്തിൽ അംഗീകാരം നൽകി പുറത്തിറക്കിയ ഉത്തരവുകൾ മന്ത്രിസഭ റദ്ദാക്കിയത് വാസ്തവത്തിൽ ഇതിനെതിരെ തെരഞ്ഞെടുപ്പിനു മുന്പ് പ്രതിഷേധം ഉയരാൻ ഇടയാക്കുമെന്നും അത് യു.ഡി.എഫിന് കനത്ത ക്ഷീണമുണ്ടാക്കുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്നതാണ് സത്യം−. പ്രസ്തുത ഉത്തരവ് തെറ്റായിരുന്നുവെന്ന് അംഗീകരിക്കാൻ മുഖ്യമന്ത്രി ഇനിയും തയ്യാറായിട്ടുമില്ല. ആറന്മുള വിമാനത്താവള പദ്ധതിയുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടി കാട്ടിയ അതേ താൽപര്യം തന്നെയാണ് അദ്ദേഹം ഈ സ്വകാര്യപദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിലും കാട്ടിയത്. കുമരകം പദ്ധതിക്കായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായിരുന്നു ചരടുവലികൾ നടത്തിയിരുന്നതെന്നാണ് അണിയറ വർത്തമാനം. നെൽവയൽ തണ്ണീർത്തട നിയമവും പരിസ്ഥിതി നിയമവുമൊക്കെ അനുസരിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ തുടർന്നുള്ള വിശദീകരണം. കൊച്ചിയിലെ പല പ്രമുഖ റിയൽ എേസ്റ്ററ്റ് ഗ്രൂപ്പുകളും രായ്ക്കുരാമാനം കായൽ കൈയേറ്റങ്ങൾ നടത്തുന്നതും കേസ്സുകൾ വരുന്പോൾ അത് കോടതിയിൽ നേരിടുമെന്ന നിലപാട് എടുക്കുന്നതും കൊണ്ടു മാത്രം കേരളത്തിന്റെ കായൽ ഭൂമിയിൽ വലിയൊരു ശതമാനം ഇന്ന് സ്വകാര്യ കുത്തക കന്പനികളുടെ കൈവശമായി മാറിയിട്ടുണ്ടെന്നിരിക്കേയാണ് മന്ത്രിസഭ തന്നെ അംഗീകാരം നൽകിയ ഒരു പദ്ധതിയുടെ കാര്യത്തിൽ നിയമങ്ങൾ പാലിക്കപ്പെടാൻ പോകുന്നതെന്നത്! 

കേരള ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് വ്യക്തികൾക്കും കന്പനികൾക്കും കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. സ്വകാര്യവ്യക്തികൾക്കായി ഈ നിയമം ഇളവു ചെയ്തു നൽകാൻ സർക്കാർ കാട്ടുന്ന ഉൽസാഹത്തിനു പിന്നിൽ കേരളത്തിൽ വികസനപ്രവർത്തനങ്ങൾ വരാനുള്ള മുഖ്യമന്ത്രിയുടെ അദമ്യമായ ആഗ്രഹമാണെന്നാണ് കോൺഗ്രസുകാരും എന്തിന് മുഖ്യമന്ത്രി തന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നത്. ആറന്മുളയിൽ എബ്രഹാം കലമണ്ണിൽ എന്ന പ്രവാസി വ്യവസായി പല ന്യായങ്ങളും പറഞ്ഞ് നാട്ടുകാരിൽ നിന്നും അവിടുത്തെ പാടശേഖരങ്ങൾ വാങ്ങിക്കൂട്ടി പിന്നീടത് തമിഴ്‌നാട്ടിലെ കെ.ജി.എസ് ഗ്രൂപ്പിനു കൈമാറ്റം ചെയ്തപ്പോൾ കലമണ്ണിലിന് 200−ൽ അധികം ഏക്കർ എങ്ങനെ കൈവശം വെയ്ക്കാനായിയെന്നത് കേസ്സാകുകയും അത് കോടതിയിലെത്തുകയും ചെയ്തിരുന്നതാണല്ലോ. കുമരകത്തിന്റെ കാര്യത്തിലും കടമക്കുടി ആശുപത്രിക്കാര്യത്തിലും ഈ പ്രതിബന്ധങ്ങൾ ഉണ്ടാകാതിരിക്കുന്നതിനാണ് മുഖ്യമന്ത്രി ഒരു മുഴം നീട്ടിയെറിഞ്ഞ് ഭൂപരിധി നിയമത്തിൽ ഇളവുകൾ നൽകാൻ  മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിച്ചത്. പരിസ്ഥിതിയുടെ കാര്യത്തിലും നെൽവയൽ നീർത്തട നിയമത്തിന്റെ കാര്യത്തിലുമൊക്കെ ഭൂമി കിട്ടുന്നവർ തന്നെ വേണ്ടവിധത്തിൽ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമെന്നു മുഖ്യമന്ത്രിക്കുറപ്പുണ്ടു താനും. ഒരർത്ഥത്തിൽ കേരളത്തെ എങ്ങനെയൊക്കെ വിറ്റുതീർത്ത് പണം വാരാമെന്ന് കാഞ്ഞ ബുദ്ധി തന്നെയാണ് ഭരണകാലത്തിന്റെ ഒടുവിൽ തലപൊക്കുന്ന ഇത്തരം അതിവേഗ തീരുമാനങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത്. സ്മാർട്ട് സിറ്റി പോലെ ധാരാളം പേർക്ക് തൊഴിലവസരം ഉണ്ടാക്കുന്ന ഒരു സ്വകാര്യപദ്ധതിക്കായി ഭൂപരിധി നിയമത്തിൽ ഇളവു നൽകുന്നതുപോലെയല്ല കുമരകം ടൂറിസ്റ്റ് വില്ലേജ് പോലൊരു പദ്ധതിക്ക് ഭൂപരിധി ഇളവു നൽകുന്നതെന്ന കാര്യം മുഖ്യമന്ത്രി വിദഗ്ദ്ധമായാണ് മറച്ചുവെച്ച് ലൊട്ടുലൊടുക്ക് ന്യായങ്ങൾ പറയുന്നത്. മെത്രാൻ കായൽ നികത്താനുള്ള മന്ത്രിസഭയുെട ഉത്തരവ് ഹൈക്കോടതി പ്രദേശവാസിയായ അലക്‌സാണ്ടറിന്റെ പരാതിയെ തുടർന്ന് സ്‌റ്റേ ചെയ്തില്ലായിരുന്നുവെങ്കിൽ ഇതേ ന്യായവാദങ്ങളുമായി ഉത്തരവ് റദ്ദാക്കാതെ മുഖ്യമന്ത്രി മുന്നോട്ടു പോകുകയും ചെയ്‌തേനെ. അതിനിടെ ഇപ്പോൾ മെത്രാൻ കായലിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നു പറഞ്ഞ് മലങ്കര ഓർത്തോഡക്‌സ് സഭയും രംഗത്തെത്തിയിരിക്കുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവാന്നിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയുടെ കാലത്ത് തങ്ങൾക്ക് കൃഷി ചെയ്യുന്നതിനായി അനുവദിച്ച ഭൂമിയാണ് അതെന്നാണ് അവരുടെ വാദം. ഈ ഭൂമി കൃഷി ചെയ്യാൻ പാട്ടത്തിനെടുത്തവർ ഭൂപരിഷ്‌കരണ നിയമം മറയാക്കി അത് സ്വന്തമാക്കുകയും പിന്നീട് അത് പലർക്കായി വിൽക്കുകയും ചെയ്തുവെന്നാണ് അവരുടെ വാദം. ഈ ഭൂമിയാണ് റാക്കിൻഡോ എന്ന കന്പനി (ഈ കന്പനിയുടെ ചരിത്രം പരിശോധിക്കേണ്ടതുണ്ട്) ടൂറിസം പദ്ധതിക്കായി വാങ്ങിക്കൂട്ടിയത്. പുതിയ വാദം ഉന്നയിച്ച് മെത്രാൻ കായൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സഭ അവിടെ തങ്ങൾ കൃഷിയിറക്കുമെന്നാണ് പറയുന്നത്− പക്ഷേ സഭയുടെ കൃഷിയിറക്കലുകൾ നാം മറ്റു പലയിടങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നതിനാൽ റിയൽ എേസ്റ്ററ്റ് കൃഷി തന്നെയാകും അവരുടേയും മനസ്സിലെന്നുറപ്പ്!

എന്തായാലും യു.ഡി.എഫ് ഭരണത്തിന്റെ അവസാനകാലത്ത് മന്ത്രിസഭ തിരക്കിട്ട് ക്ലിയർ ചെയ്ത എണ്ണൂറിലധികം ഫയലുകളിൽ ഒട്ടുമിക്കവയിലും അഴിമതിയുടെ ഗന്ധം കുടിയിരിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ആ ഉത്തരവുകൾ ഏതൊക്കെയാണെന്ന് വെളിപ്പെടുന്നപക്ഷം ഭരണതലത്തിൽ നടന്ന വലിയ ഗൂഢാലോചനയുടേയും തിരിമറികളുടേയും കഥ കൂടിയാകും പുറത്തുവരിക.

You might also like

Most Viewed