ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണകൾ
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ അതാത് സർക്കാരുകൾ തങ്ങളുടെ പ്രിയപ്പെട്ടവരേയും അഭ്യുദയകാംഷികളേയും തങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്തു തന്നവരേയും തിരുകിക്കയറ്റുന്നത് പുതിയ കാര്യമല്ല. ഏതെങ്കിലും ഒരു സർക്കാർ ഭരണത്തിലേറേണ്ട താമസം ഭരണക്കാർ തങ്ങൾക്ക് പ്രിയപ്പെട്ടവരെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലെടുക്കുന്നതും വിവിധ കോർപ്പറേഷനുകളിലെ ചെയർമാൻ സ്ഥാനങ്ങൾ വീതം വച്ചെടുക്കുന്നതും സാധാരണയായി മാറിയിരിക്കുന്നു. കോർപ്പറേഷനുകളിൽ മന്ത്രിപുംഗവന്മാർ ലക്ഷ്യമിടുന്ന അഴിമതികൾക്ക് ഒത്താശ ചെയ്തു നൽകുകയും അതുവഴി കിട്ടുന്ന ധനം പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് ഈ രീതി. പേഴ്‌സണൽ സ്റ്റാഫുകൾക്ക് രണ്ടു വർഷം കാലാവധി പൂർത്തിയാക്കിയാൽ പെൻഷന് അർഹത നേടുമെന്നതിനാൽ രണ്ടു വർഷത്തിനുശേഷം മറ്റൊരു പ്രിയപ്പെട്ടവന് ആ പദവി കൈമാറ്റം ചെയ്യുന്ന രീതിയുമുണ്ട്.
ഇപ്പോഴിതാ ഇതൊക്കെ പോരാഞ്ഞിട്ട് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പോലെ തങ്ങളെ വിവിധ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിടാതെ കൂടെ നിന്ന ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തെ നിർണായകമായ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ തീറെഴുതി നൽകുന്ന പുതിയ പ്രവണതയ്ക്കും ഉമ്മൻ ചാണ്ടിയുടെ സർക്കാർ തുടക്കമിട്ടിരിക്കുന്നു. സോളാർ−ബാർ കോഴ−മറ്റ് അഴിമതിയാരോപണങ്ങൾ എന്നിവയുടെ സമയത്ത് തങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളെടുത്ത് വലിയ ജയിലഴികൾക്കു വെളിയിൽ തന്നെ തുടരാൻ തങ്ങളെ സഹായിച്ച ഉദ്യോഗസ്ഥർക്കാണ് സർക്കാർ വലിയ സ്ഥാനങ്ങൾ നൽകി ആദരിച്ചിരിക്കുന്നത്. ചാണ്ടി സർക്കാർ ആരംഭിച്ച ഈ കീഴ്‌വഴക്കം ഇനി വരാനിരിക്കുന്ന സർക്കാരുകളും പിന്തുടരുമെന്ന് ഉദ്യോഗസ്ഥർ ധരിച്ചാൽ അഴിമതിക്ക് ഉദ്യോഗസ്ഥ വർഗം നൽകുന്ന പിന്തുണ പതിന്മടങ്ങ് വർദ്ധിക്കാനാണ് സാധ്യത. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉദ്യോഗസ്ഥ−രാഷ്ട്രീയ നേതൃത്വബാന്ധവം അരക്കിട്ടുറപ്പിച്ചതുപോലെ ഇപ്പോഴിതാ പുതിയകാലത്തിലും രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സിൽബന്ദിവൃന്ദത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
സംസ്ഥാന വിവരാവകാശ കമ്മീഷനിലേക്ക് സർക്കാർ കഴിഞ്ഞയാഴ്ച നടത്തിയ നിയമനങ്ങളായിരുന്നു അതിൽ ആദ്യത്തേത്. മുൻ വിജിലൻസ് ഡയറക്ടറായ വിൻസൺ എം പോളിനെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതായിരുന്നു അതിൽ ആദ്യത്തേത്. നിലവിലുള്ള മുഖ്യ വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസിന്റെ കാലാവധി ഈ വർഷം ഏപ്രിൽ 23−ന് അവസാനിക്കാനിരിക്കുകയും മറ്റ് അഞ്ച് കമ്മീഷണർമാരിൽ നാലുപേരുടെ കാലാവധി കഴിഞ്ഞ വർഷം അവസാനിക്കുകയും ചെയ്തിരുന്നു. 2011 ഏപ്രിൽ 23−ന് കമ്മീഷണറായി പ്രവർത്തനമാരംഭിച്ച കെ.നടരാജൻ അദ്ദേഹത്തിനെതിെര വിജിലൻസ് അന്വേഷണം വന്നതിനെ തുടർന്ന് തൽസ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. വിവരാവകാശ കമ്മീഷണനിൽ കെട്ടിക്കിടക്കുന്ന പരാതികളുടേയും സെക്കൻഡ് അപ്പീലുകളുടേയും എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് (11,445 സെക്കൻഡ് അപ്പീലുകളാണ് കമ്മീഷനിൽ കെട്ടിക്കിടക്കുന്നത്.) ആറാഴ്ചയ്ക്കുള്ളിൽ കമ്മീഷണർമാരുടെ നിയമനം സാധ്യമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ ഈ നിർദ്ദേശത്തെ തുടർന്നാണ് കിട്ടിയ അവസരം മുതലെടുത്ത് തങ്ങൾക്ക് വേണ്ടപ്പെട്ട വിൻസൺ എം പോളിനേയും തങ്ങളുടെ മറ്റ് പാർട്ടി ആശ്രിതരേയും നിർണായക സ്ഥാനങ്ങളിലേയ്ക്ക് സർക്കാർ നിർദ്ദേശിച്ചത്.
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ തെരഞ്ഞടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിലെ മൂന്നംഗങ്ങളിൽ രണ്ടു പേരായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും വിൻസൺ എം പോളിന്റെ നിയമനത്തെ പിന്തുണച്ചപ്പോൾ പ്രതിപക്ഷനേതാവായ വി.എസ് അച്യുതാനന്ദൻ നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. പോളിനെ നിയമിക്കാനുള്ള നിർദ്ദേശത്തിന്റെ കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് ഗവർണർ പി സദാശിവമാണ്. എന്തുകൊണ്ടാണ് വിൻസൺ എം പോൾ ഭരണക്കാർക്ക് പ്രിയപ്പെട്ടവനായതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്− ബാർ കോഴ അഴിമതിക്കേസിൽ കെ.എം മാണിക്കെതിരെ കേസ്സെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തിയതിൽ പോൾ നിർണായക റോൾ ആണ് പുലർത്തിയതെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപിച്ചിരുന്നതാണ്. ഇതിന് പ്രത്യുപകാരമായി പോളിന് ഉന്നതമായ ഒരു സ്ഥാനം സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അന്നേ പ്രതിപക്ഷം ആരോപിക്കുകയും ചെയ്തിരുന്നു. ബാർ കോഴക്കേസിൽ മാണിക്കും ബാബുവിനുമെതിരെ നിലകൊണ്ട വിജിലൻസ് എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നതിൽ ഒത്താശ ചെയ്തുകൊടുത്തതും ജേക്കബ് തോമസിനെതിരെ ചില ആരോപണങ്ങൾ പുറത്തുവിട്ടതിലും പോളിനും കൈയുണ്ടായിരുന്നെന്ന് ചിലരൊക്കെ പറയുന്നുമുണ്ട്. പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറായി ഇപ്പോഴെ നിയമിക്കാൻ നിർദ്ദേശം നൽകുന്നതിലൂടെ ഇനി വരുന്നത് ഇടതുപക്ഷ സർക്കാർ ആണെങ്കിൽ പോലും നിർണായകമായ പല രേഖകളും ചേരാതെ നോക്കുന്ന കാര്യത്തിൽ പോളിന്റെ സഹായമുണ്ടാകുമെന്ന് ചാണ്ടി പ്രതീക്ഷിക്കുന്നുമുണ്ടാകും.
ഇതിനേക്കാൾ ബഹുരസമാണ് വിവരാവകാശ കമ്മീഷനിലേയ്ക്ക് പേര് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മറ്റ് പല അംഗങ്ങളുടേയും കാര്യം. രാഷ്ട്രീയ പ്രവർത്തകരാണ് പേര് നിർദ്ദേശിക്കപ്പെട്ട മറ്റ് അഞ്ച് പേരും. ഹൈക്കോടതിയും സുപ്രീംകോടതിയും വിവരാവകാശ കമ്മീഷണർ സ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്നതിനു നിർദ്ദേശിച്ചിട്ടുള്ള മാനദണ്ധങ്ങളുടെ നഗ്നമായ ലംഘനമാണിത്. കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും മലപ്പുറത്തു നിന്നുള്ള സ്‌കൂൾ അദ്ധ്യാപകനുമായ അബ്ദുൾ മജീദ്, ആലപ്പുഴ ഡി.സി.സി സെക്രട്ടറി അബി കുര്യാക്കോസ്, മുൻ പി. എസ്.സി അംഗവും ജനതാദൾ −യുവിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ അങ്കത്തിൽ അജയകുമാർ, കേരളാ കോൺഗ്രസ് മാണിയുടെ നോമിനിയും പബ്ലിക് പ്രോസിക്യൂട്ടറുമായ റോയിസ് ചിറയിൽ, വിശ്വകർമ്മ സഭയുടെ പ്രസിഡന്റും മുൻ പി. എസ്.സി അംഗവുമായ പി.ആർ ദേവദാസ് എന്നിവരാണ് വിവരാവകാശ കമ്മീഷനിലേക്ക് പേര് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നവർ. സർക്കാരിന് വിവരാവകാശ കമ്മീഷണർ സ്ഥാനത്തേയ്ക്ക് ലഭിച്ച 243 അപേക്ഷകളിൽ നിന്ന് ഇവരെ തെരഞ്ഞെടുത്തതിന് അടിസ്ഥാനമാക്കിയ മാനദണ്ധം സർക്കാർ വെളിപ്പെടുത്തണമെന്ന് ഇതിനകം തന്നെ വിവരാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു കഴിഞ്ഞു. ആർ.ടി.ഐ നിയമത്തിന്റെ 12(5)−ന്റേയും 15(5)−ന്റേയും നഗ്നമായ ലംഘനവും കോടതി ഉത്തരവുകളുടെ ലംഘനവുമാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നതെന്ന് ഇതിനകം വിവരാവകാശ പ്രവർത്തകരായ അഡ്വക്കേറ്റ് ഡി.ബി ബിനുവും ജോമോൻ പുത്തൻപുരയ്ക്കലും പ്രതികരിച്ചു കഴിഞ്ഞു. ജോമോൻ ഇതു സംബന്ധിച്ച് ഗവർണർക്ക് പരാതി നൽകിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി നിയമനചട്ടങ്ങൾ അട്ടിമറിച്ചുകൊണ്ട് നടത്തിയ മറ്റ് നിയമനങ്ങളും ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണകൾ തന്നെ. ഫെബ്രുവരി 29−ന് സർവീസിൽ നിന്നും വിരമിച്ച ചീഫ് സെക്രട്ടറി ജിജി തോംസനെ കാബിനറ്റ് റാങ്കോടു കൂടി മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേശകനായി മാർച്ച് ഒന്നുമുതൽ നിയമിച്ചുകൊണ്ട് ഉത്തരവായതാണ് അതിൽ ഏറ്റവും പ്രധാനം. ഈ സ്ഥാനത്ത് നിലവിൽ റിട്ടയർമെന്റിനുശേഷം കാബിനറ്റ് റാങ്കില്ലാതെ നിയമിക്കപ്പെട്ട മുൻ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തരം, വിജിലൻസ്) എൽ രാധാകൃഷ്ണനാണുണ്ടായിരുന്നു. അദ്ദേഹത്തെ അടിയന്തിരമായി സംസ്ഥാന ഇന്നവേഷൻ കൗൺസിലിന്റെ ചെയർമാനായി നിയമിച്ചുകൊണ്ടാണ് ജിജി തോംസണ് പുതിയ ലാവണം മുഖ്യമന്ത്രി ഒരുക്കി നൽകിയത്. ജേക്കബ് തോമസ് ഐ.പി.എസ് മുഖ്യമന്ത്രിക്കും കെ.എം മാണിക്കുമൊക്കെ നടത്തിയ പരോക്ഷ പ്രസ്താവനകൾ മുൻനിർത്തി ജേക്കബ് തോമസിനെതിരെ മറ്റൊരു കാരണം പറഞ്ഞ് (സ്വകാര്യ കോളെജിൽ അനുമതിയില്ലാതെ ക്ലാസ് എടുക്കാൻ പോയതിൽ ജേക്കബ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു ജിജി തോംസൺ പറഞ്ഞത്) നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയാണല്ലോ ചീഫ് സെക്രട്ടറി പദവി ജിജി ഒഴിഞ്ഞതു പോലും. മുഖ്യമന്ത്രിയുടെ ശത്രുവിനുള്ള കുരുക്ക് ഒരുക്കാൻ അദ്ദേഹം കാട്ടിയ ശുഷ്‌കാന്തി ആർക്കും കണ്ടില്ലെന്നു വെയ്ക്കാനാവില്ല.
ജിജി തോംസൺ മുഖ്യമന്ത്രിയുടെ മുഖ്യഉപദേഷ്ടാവായി തുടരുന്നതിനൊപ്പം തന്നെ ഇപ്പോൾ അദ്ദേഹം വഹിച്ചുപോരുന്ന കേരളാ ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) ചെയർമാൻ സ്ഥാനവും തുടർന്നും വഹിച്ചുപോരുമെന്നാണ് ഈ ലേഖകൻ അറിയുന്നത്. സർക്കാർ അധികാരത്തിൽ തുടരാൻ ഇനി കേവലം മാസങ്ങൾ മാത്രം ശേഷിച്ചിരിക്കുന്ന ഒരു അവസ്ഥയിലും തെരെഞ്ഞടുപ്പ് ചട്ടങ്ങൾ താമസിയാതെ നിലവിൽ വരുമെന്നതിനാലും ജിജിയെ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചതിനു പിന്നിൽ വ്യക്തമായ ചില അജണ്ടകളുണ്ട്. ഇനി ഭരണതലത്തിൽ തീരുമാനങ്ങളൊന്നും സർക്കാർ എടുക്കാനില്ലെന്നതിനാൽ സംസ്ഥാന സർക്കാരിന് എന്ത് ഉപദേശം നൽകാനാണ് വലിയ ശന്പളത്തിൽ ജിജിയെ പുനരധിവസിപ്പിക്കുന്നതെന്ന് ഇതിനകം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ചോദ്യമുതിർക്കുകയും ചെയ്തിട്ടുണ്ട്. പാമോലിൻ കേസ്സിൽ പ്രതി ചേർക്കപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയാക്കിയതിനു പുറമേ, തന്റെയൊപ്പം തന്നെ വിരമിച്ചശേഷവും നിലനിർത്താനുള്ള ചാണ്ടിയുടെ യത്‌നം കാണുന്പോൾ ഈ ഉദ്യോഗസ്ഥൻ ചാണ്ടിക്ക് വ്യക്തിപരമായി ഉണ്ടാക്കിക്കൊടുത്തിരിക്കാവുന്ന നേട്ടങ്ങൾ കുറവല്ലെന്നു വ്യക്തം.
ഇതിനൊക്കെ പുറമേയാണ് കേന്ദ്ര സർക്കാർ ചട്ടങ്ങൾ പോലും ലംഘിച്ചുകൊണ്ട് ഡി.ജി.പിമാരുടെ നാല് പുതിയ പോസ്റ്റുകളും രണ്ട് പുതിയ അഡീഷണൽ ചീഫ് സെക്രട്ടറിമാരേയും നിയമിച്ച നടപടി. കെ.എം മാണിക്കെതിരെയുള്ള കോഴയാരോപണത്തിന് തെളിവുണ്ടെന്ന് പ്രഥമഘട്ട അന്വേഷണത്തിൽ വ്യക്തമാക്കിയ വിജിലൻസ് എസ്.പി ആർ സുകേശനും ബാറുടമ ബിജു രമേശും തമ്മിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ച എ. ഡി.ജി.പി ശങ്കർ റെഡ്ഢിയും സോളാർ കേസ്സിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ എ.ഡി.ജി.പി എ ഹേമചന്ദ്രനും ഡി. ജി.പിമാരായി നിയമിക്കപ്പെട്ടവരിലുണ്ട്. ഹേമചന്ദ്രന്റെ അന്വേഷണം സോളാറിലെ സാന്പത്തിക കുറ്റകൃത്യങ്ങളിലേയ്ക്ക് മാത്രമായി ഒതുങ്ങിയപ്പോൾ ഭരണതലത്തിലുള്ളവർ സോളാർ കേസ്സ് പ്രതികളുമായി നടത്തിയ ഇടപാടുകളും അഴിമതിക്കഥകളുമാണ് കുഴിച്ചുമൂടപ്പെട്ടത്. നിലവിലുള്ള നാല് ഡി. ജി.പിമാരുെട എണ്ണം ആറാക്കി മാറ്റിയതു പോലും കേന്ദ്ര കേഡർ സ്ട്രങ്ത്ത് റിവ്യൂവിനു മുന്നിൽ പരിശോധനയ്ക്ക് നിൽക്കുന്ന സമയത്താണ് പൊതുഭരണവകുപ്പ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ അനുമതി പോലും വാങ്ങാതെ ഡി.ജി.പിമാരുടെ എണ്ണം എട്ടാക്കി മാറ്റാൻ ഏകപക്ഷീയമായി തീരുമാനമെടുത്തിരിക്കുന്നത്.
ഒരു കാര്യം പകൽ പോലെ വ്യക്തം. തങ്ങളെ സഹായിച്ച ഉദ്യോഗസ്ഥരെ തങ്ങൾ ഭരണത്തിൽ നിന്നും പോകുന്നതിനു മുന്പു തന്നെ അർഹിക്കുന്ന രീതിയിൽ സഹായിക്കാമെന്ന മനോഭാവമാണ് ചാണ്ടി സർക്കാരിൽ പ്രകടമാകുന്നത്. തെരഞ്ഞെടുപ്പിനു മുന്പ് ഉത്ഘാടനങ്ങളുടെ മഹാമഹം സംഘടിപ്പിച്ചുകൊണ്ട് വികസനത്തിന്റെ വീരകഥകളുടെ പരസ്യപ്രചാരണം പൊടിപൊടിക്കുന്ന സർക്കാർ ഇപ്പോളത്തെ നിയമനങ്ങളുടെ സുവ്യക്തമായ ഒരു സന്ദേശമാണ് ഉദ്യോഗസ്ഥവൃന്ദത്തിനു നൽകിയിട്ടുള്ളത്− തങ്ങളെ സഹായിക്കുന്നവർ ഉയർത്തെപ്പടും, തങ്ങളെ ഇകഴ്ത്തുന്നവർ ശിക്ഷിക്കപ്പെടും! ഇത് വരുംനാളുകളിൽ ഉദ്യോഗസ്ഥ സമൂഹത്തിന്റെ സത്യസന്ധതയെ തന്നെ അപകടത്തിലാക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല.