പാർട്ടി ഗ്രാമങ്ങളിൽ പാർട്ടി കാണാത്തത് !
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ഒരു ഒറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല. പുതിയകാല സി.പി.ഐ (എം) നേതാക്കളോ കൊലവെറിപൂണ്ട അവരുടെ പിണിയാളുകളോ ആർ.എസ്.എസിന്റെ ചോരക്കൊതിക്കും ഫാസിസത്തിനുമെതിരെ പ്രതിരോധം തീർക്കാനിറങ്ങിയപ്പോൾ പിറവിയെടുത്തവയാണ് അവയെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. അവയ്ക്ക് പിന്നിൽ ചരിത്രത്തിന്റെ സാഹസികതയും ഫ്യൂഡൽ വ്യവസ്ഥിതിക്കും ജന്മിത്തത്തിനുമെതിരെയുള്ള പ്രതിഷേധങ്ങളുടെ സമരാഗ്നി ഉറങ്ങിക്കിടപ്പുണ്ട്. കയ്യൂരിലേയും കാവുന്പായിയിലേയും കരിവെള്ളൂരിലേയും ചുവന്നമണ്ണിൽ ചവിട്ടിയാണ് കേരളം ഫ്യൂഡൽ വ്യവസ്ഥയുടെ പെരുംനുകങ്ങൾ പൊട്ടിച്ച് ആധുനികതയിലേക്കും പുതിയ സാമൂഹ്യവ്യവസ്ഥിതിയിലേക്കുമുള്ള ആദ്യചുവടുവയ്പുകൾ നടത്തിയത്. ജീവനും ജീവിതവും പണയപ്പെടുത്തിയുള്ള, പൂർവികരുടെ ചോര വീണ ആ യാത്രകൾ ഇല്ലായിരുന്നുവെങ്കിൽ പ്രാകൃതവും ഭീകരവുമായ ഒരു ഇരുണ്ട യുഗത്തിൽ അടിഞ്ഞുപോകുമായിരുന്നു കേരളം. ജന്മിത്തത്തിനും നാടുവാഴിത്തത്തിനും അതിക്രമങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നടന്ന ആ സമരങ്ങൾ കാഴ്ചക്കാരിലേക്ക് പകരുവാൻ ലൈവ് ടെലിവിഷൻ സംപ്രേക്ഷണങ്ങളോ സോഷ്യൽ മീഡിയ ഗിമ്മിക്കുകളോ ഈവൻ്റ് മാനേജ്‌മെന്റ് സംഘങ്ങളോ ഉണ്ടായിരുന്നില്ല. നവകേരള യാത്രയെന്ന ഏച്ചുകെട്ടി മുഴച്ചുനിൽക്കുന്ന അഹംഭാവപ്രകടനത്തിന്റെ ആൾബലമോ പണക്കൊഴുപ്പിന്റെ ഒഴുക്കോ ആയിരുന്നില്ല ആ സമരങ്ങളെ നയിച്ചിരുന്നത്. ആ സമരങ്ങളിൽ ധീരരക്തസാക്ഷിത്വം വഹിച്ച അതിസാധാരണക്കാരായ നേതാക്കൾക്ക് മനുഷ്യമനസ്സിലെ സ്‌നേഹകുടീരങ്ങളിലാണ് മഹാസ്തൂപങ്ങൾ ഉയർന്നത്. മാനവസ്‌നേഹത്തിന്റേയും നന്മയുടേയും ആദ്യകാല കമ്യൂണിസ്റ്റ് അപ്പോസ്തലന്മാർ ഊർജ്ജം സംഭരിച്ചത് ആ സ്‌നേഹകുടീരങ്ങളിൽ നിന്നായിരുന്നു. മറ്റുള്ളവരുടെ വേദനങ്ങളെ തങ്ങളുടെ വേദനകളായി കണ്ട് അവയെ അകറ്റാൻ ശ്രമിച്ച ആ സഖാക്കളിലൂടേയും അവരുടെ അവകാശപോരാട്ടങ്ങളിലൂടെയുമാണ് മലബാറിൽ മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തികേന്ദ്രങ്ങൾ പിറന്നത്. കരിവെള്ളൂരും കുഞ്ഞിമംഗലവും മുനയംകുന്നും പാടിച്ചാലും ചെറുതാഴവും ഏഴോമും എരമംകുറ്റൂരും കണ്ടോത്തും പയ്യന്നൂരും മാതമംഗലവും തില്ലഞ്ചേരിയും കതിരൂരും കയ്യൂരും ചീമേനിയുമൊക്കെ പിറന്നത് അങ്ങനെയാണ്. അല്ലാതെ ചോരയ്ക്കു ചോരയെന്ന എം.വി രാഘവൻ കാലത്തെ അക്രമരാഷ്ട്രീയത്തിന്റെയും അസഹിഷ്ണുതയുടേയും ഭാഗമായി പിറവിയെടുത്ത, നട്ടെല്ലില്ലാത്ത ഉരഗങ്ങളല്ല ഈ പാർട്ടി ഗ്രാമങ്ങളുടെ സ്ഥാപകർ. ജയരാജന്മാരോ പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ അല്ല മലബാറിന്റെ ചുവന്ന മണ്ണിനു കാരണം. മലബാറിലെ ചുവന്ന മണ്ണിന് കാവിയുടെ, ഹിന്ദുത്വയുടെ പുതിയ സംസ്‌കാരം നൽകാൻ നോക്കുന്നവരാണ് അവരെല്ലാമെന്ന് അന്പാടിമുക്കിന്റേയും ശ്രീകൃഷ്ണജയന്തിയാഘോഷങ്ങളുടേയുമൊക്കെ ദൃശ്യങ്ങൾ നമ്മെ സാക്ഷ്യപ്പെടുത്തുന്നു.
അ്രകമത്തിന്റെ പുതിയ ഭാഷ ആയുധമാക്കിയ, പാർട്ടിയുടെ ഹൈന്ദവവൽക്കരണത്തിലൂടെ കാവിപ്പടയെ പ്രതിരോധിക്കാമെന്ന് വ്യാമോഹിക്കുന്ന മൂഢന്മാരുടെ നേതൃത്വമാണ് കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളെ ഇന്ന് അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. ശത്രുവിനെ പ്രതിരോധിക്കാൻ ശത്രുവിന്റെ പ്രത്യയശാസ്ത്രത്തെ തന്നെ ആശ്രയിക്കണമെന്ന മൂഢവാദം! കേരളത്തിന്റെ സാമൂഹ്യമുന്നേറ്റങ്ങളും ചരിത്രവും രൂപപ്പെട്ട മലബാറിലെ പാർട്ടിഗ്രാമങ്ങളും പരിസരപ്രദേശങ്ങളും ഇന്ന് ക്വട്ടേഷൻ സംഘങ്ങളുടെ വിളനിലമായും വർഗീയമായ ചേരിതിരിവുകളുടേയും ഹിന്ദുത്വ−മുസ്ലിം തീവ്രവാദശക്തികളുടേയും കേന്ദ്രമായി അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധത്തിന്റെ പേരിൽ ബോംബ് നിർമ്മാണത്തിലേക്കും അങ്കക്കലി പൂണ്ട് ചീറിയടുക്കുന്ന അഭിനവ സഖാക്കന്മാരുടെ ഗോഷ്ടികളിലേക്കും സ്വന്തം നിലയ്ക്ക് വധശിക്ഷയടക്കം നടപ്പാക്കുന്ന പാർട്ടി കോടതികളിലേക്കും മാറുകയാണ് വിപ്ലവത്തിന്റെ പഴയ ഈറ്റില്ലമായിരുന്ന ഈ ഗ്രാമങ്ങൾ. അവകാശപ്പോരാട്ടങ്ങൾക്കുമേൽ വടിവാൾ രാഷ്ട്രീയത്തിന്റെ പുതിയ ചരിത്രമെഴുതാൻ തുനിയുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഈ വിലാപങ്ങൾ ബധിരകർണങ്ങളിലാണ് പതിക്കുന്നത്. കൊടി സുനിമാരും കിർമാണി മനോജുകളും കുഞ്ഞനന്തന്മാരും നിശ്ചയിക്കുന്ന പാതകളിലൂടെയാണ് സി.പി.എമ്മിന്റെ പുതിയ നേതൃത്വം പാർട്ടിയെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അരിയിൽ അബ്ദുൾ ഷുക്കൂർ എന്ന മുസ്ലിം ലീഗ് അനുഭാവിയുടെ കൊലപാതകത്തിലും കതിരൂർ മനോജ് എന്ന ആർ.എസ്.എസുകാരന്റെ കൊലപാതകത്തിലും കണ്ണൂരിലെ സി.പി.എം ജില്ലാ സെക്രട്ടറിയായ പി. ജയരാജന് പങ്കുണ്ടെന്ന പൊലീസിന്റേയും കോടതിയുടേയും സി.ബി.ഐയുടേയും ആരോപണങ്ങളിൽ കഴന്പുണ്ടെങ്കിൽ സി.പി.എം നേതൃത്വം ഇന്ന് എത്തിച്ചേർന്നിരിക്കുന്ന ക്വട്ടേഷൻ പ്രണയം ആർക്കും ബോധ്യപ്പെടും. ഇതിനെല്ലാം പുറമേയാണ് ആശയഭിന്നത നിലനിന്നുവെന്ന കാരണത്താൽ ആർ.എം.പി നേതാവും മുൻ സി.പി.എം നേതാവുമായിരുന്ന ടി.പി ചന്ദ്രശേരനെ വെട്ടിനുറുക്കിയത്. കേസ്സിൽ കുറ്റവാളികളെന്ന് കണ്ടെത്തപ്പെട്ടവരെപ്പോലും തള്ളിപ്പറയാൻ തയാറാകാതിരുന്ന പിണറായി വിജയനെന്ന പഴയ പാർട്ടി സെക്രട്ടറിയാകട്ടെ കേരള സമൂഹത്തിനു മുന്നിൽ തന്റെ യഥാർത്ഥ മുഖം തുറന്നുവയ്ക്കുകയും ചെയ്തു. അരിയിൽ അബ്ദുൾ ഷുക്കൂറിന്റെ കൊലപാതകത്തിലേക്ക് നീങ്ങിയ സംഭവവികാസങ്ങൾ തന്നെ ആദ്യം പരിശോധിക്കാം.
അരിയിൽ പ്രദേശത്തെ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായ രാജൻ പ്രദേശത്ത് ദേശാഭിമാനി പത്രം വിതരണം ചെയ്യുന്നതിനിടെ (അദ്ദേഹം പത്രവിതരണക്കാരൻ കൂടിയാണ്) മുസ്ലിം ലീഗിന്റെ പ്രവർത്തകരെന്ന് പറയപ്പെടുന്നവർ അയാളുടെ കാലു തല്ലിയൊടിക്കുന്നു. ഇതിനെതിരെ സി.പി.എമ്മുകാർ നടത്തിയ പ്രതിഷേധ പ്രകടനം ലീഗുകാർ അക്രമത്തിലൂടെ നേരിടുന്നു. ഇതേതുടർന്ന് അരിയിൽ പ്രദേശം സന്ദർശിക്കാൻ ജില്ലാ സെക്രട്ടറിയായ പി. ജയരാജനും ടി.വി രാജേഷും പോകുന്നു. അന്നേ ദിവസം ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു അരിയിൽ അബ്ദുൾ ഷുക്കൂർ. ഇയാൾ അന്നേ ദിവസം തന്നെ കണ്ണപുരം പഞ്ചായത്തിലെ കീഴറയിൽ വെച്ച് കൊല്ലപ്പെടുന്നു. ഷുക്കൂറിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തപ്പെട്ടുവെന്നും അയാളെ സി.പി.എം നേതൃത്വത്തിന്റെ സമ്മതത്തോടെ തെരഞ്ഞുപിടിച്ച് കൊല ചെയ്യുകയായിരുന്നുവെന്നുമാണ് ഷുക്കൂറിന്റെ മാതാവ് ആരോപിക്കുന്നത്. ഈ കേസ്സ് സി.ബി.ഐയ്ക്ക് വിടണമെന്ന ആ അമ്മയുടെ അഭ്യർത്ഥന അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് കെമാൽ പാഷ പുറപ്പെടുവിച്ച ഉത്തരവിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയിട്ടുള്ളത്. ഫസൽ വധത്തിൽ ശിക്ഷിക്കപ്പെട്ട കാരായി സഹോദരന്മാരെ ജനപ്രതിനിധികളാക്കാൻ സി.പി.എം കാട്ടിയ ചങ്കൂറ്റവും കോടതിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നുറപ്പ്.
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പോലും അംഗീകരിക്കപ്പെട്ട ഒന്നാണ് കരിവെള്ളൂരിലെ കർഷക സമരം. 1946 ഡിസംബർ 20ന് നടന്ന ഈ സമരത്തിൽ രണ്ട് പേർ രക്തസാക്ഷികളായിരുന്നു. കേരളത്തിലെ മറ്റ് ഒട്ടനവധി കർഷകസമരങ്ങൾക്കും ഊർജവും വീറും പകർന്നത് ഈ സമരമായിരുന്നു. കരിവെള്ളൂരിലെ ജനത പട്ടിണിയും പരിവട്ടവും കൊണ്ട് ബുദ്ധിമുട്ടിയിരുന്ന സമയത്ത് ജനങ്ങൾക്കായി ഉപയോഗപ്പെടുത്തേണ്ട നെല്ല് ചിറയ്ക്കൽ തന്പുരാൻ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെതിരെ പ്രദേശത്തെ കർഷകനേതാവായ എ.വി കുഞ്ഞന്പുവിന്റെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രക്ഷോഭമായിരുന്നു ആ സമരം. സായുധരായ പൊലീസ് ഇരന്പിയടുത്ത ജനത്തിനു നേരെ യന്ത്രത്തോക്കും ബയണറ്റുകളും പ്രയോഗിച്ചപ്പോൾ തിടിൽ കണ്ണനും കീനേരി കുഞ്ഞന്പുവും രക്തസാക്ഷികളായി. 1942-−44 കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂർ േസ്റ്ററ്റ് സെക്രട്ടറിയും സജീവ കമ്യൂണിസ്റ്റ് പ്രവർത്തകനും കരിവെള്ളൂർ കേസ്സിലെ ഒന്നാം പ്രതിയുമായിരുന്ന എ.വി കുഞ്ഞന്പുവാണ് മലബാറിൽ അങ്ങോളമിങ്ങോളം കമ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടമുണ്ടാക്കി നൽകിയത്.− പാർട്ടിഗ്രാമങ്ങളുടെ പിറവിയുടെ കഥ ആരംഭിക്കുന്നതും അവിടെ നിന്നു തന്നെ, കൂത്താളിയും കുറുന്പ്രനാടുമൊക്കെ നടന്ന കർഷക സമരങ്ങൾക്ക് ഊർജ്ജം പകർന്നതും കുഞ്ഞന്പു തന്നെയായിരുന്നു. നിസ്വാർത്ഥ സേവനത്തിലൂടെ ജനനന്മയ്ക്കായി പ്രവർത്തിച്ചവരുടെ കൂട്ടത്തിൽ മൊറാഴ കർഷക പ്രക്ഷോഭത്തിലെ സുബ്രഹ്മണ്യ ഷേണായി മുതൽ കെ.പി ഗോപാലൻ വരെയും കെ.പി.ആർ ഗോപാലൻ മുതൽ എ.കെ.ജി വരെയുമുണ്ട്. സി.വി ദാമോദരനെപ്പോലുള്ളവരുടെ പ്രവർത്തനമാകട്ടെ കുഞ്ഞിമംഗലം പോലുള്ള പ്രദേശങ്ങളിൽ പിൽക്കാലത്ത് പാർട്ടിയുടെ വളർച്ചയ്ക്കിടയാക്കി. ഒപ്പം തന്നെ തൊഴിലാളികളുടെ നേതൃത്വത്തിൽ രൂപം കൊണ്ട പയ്യന്നൂർ ബീഡിത്തൊഴിലാളി സഹകരണസംഘവും (ദിനേൾ ബീഡിയുടെ നിർമ്മാതാക്കൾ) കയർ വ്യവസായ സഹകരണസംഘവുമാെക്കെ പാർട്ടിക്ക് ആളും ബലവും നൽകി. ജനങ്ങൾക്ക് ജീവിക്കാൻ സൗകര്യവും ഭക്ഷണവുമൊക്കെ ഉണ്ടാക്കി നൽകിയത് പാർട്ടി ആയതിനാലാണ് ഇവിടെ പാർട്ടിഗ്രാമങ്ങൾ പിറവിയെടുത്തത്. പക്ഷേ ഇന്ന് പാർട്ടിഗ്രാമങ്ങൾ എന്നത് പാർട്ടിയുടെ ആധിപത്യം നിറയുന്നതും മറ്റ് പാർട്ടികൾക്ക് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകാത്തതുമായ അസഹിഷ്ണുത നിലനിൽക്കുന്ന ഇടങ്ങളായി മാറിയിരിക്കുന്നു. മറ്റു പാർട്ടിക്കാരുടെ സംഘടനാ പ്രവർത്തനങ്ങൾ പോലും പാർട്ടിഗ്രാമങ്ങളിൽ അനുവദിക്കാൻ സി.പി.എം സമീപകാലം വരെ തയാറായിരുന്നില്ല. പക്ഷേ സി.പി.എമ്മിൽ നിന്നും ബി ജെ പിയിലേക്കുള്ള അണികളുടെ കുത്തൊഴുക്ക് മാറി ചിന്തിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചതിന്റെ ഫലമാണ് ഇപ്പോൾ കാവിപ്പടയെ അനുകരിക്കുന്ന പ്രവൃത്തികളുമായി അവർ മുന്നോട്ടു പോകാൻ കാരണം.
കൊടി സുനിമാരും കിർമാണി മനോജുകളും കുഞ്ഞനന്തന്മാരും മറ്റ് ക്വട്ടേഷൻ സംഘ നേതാക്കളുമൊക്കെ എ.കെ.ജിക്കും കെ.പി.ആർ ഗോപാലനും കെ.പി ഗോപാലനും എ.വി കുഞ്ഞന്പുവിനുമൊക്കെ മേലെ സ്ഥാനം നേടുകയും നേതൃത്വത്തിന്റെ വിപ്ലവാഭിവാദ്യങ്ങൾ അവർക്കായി മാറുകയും ചെയ്യുകയാണെന്നതിന്റെ തെളിവാണ് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ ജയിലിൽ ചെന്ന് അഭിവാദ്യം ചെയ്യുന്ന നേതാക്കളുടെ കാഴ്ചകൾ.
ടി.പിയുടെ വധത്തോടെയാണ് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് സി.പി.എം ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നത് ചർച്ച ചെയ്യപ്പെട്ടതെങ്കിലും കഴിഞ്ഞ പത്തു വർഷമായിട്ടെങ്കിലും സി.പി.എം ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചുവരുന്നുണ്ടെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ളവർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ബോംബ് നിർമ്മാണത്തിനും വെട്ടുന്നതിനായുള്ള ആയുധങ്ങൾ നിർമ്മിക്കുന്നതിനും പാർട്ടിക്ക് പാനൂർ, തലശ്ശേരി, ചൊക്ലി പ്രദേശങ്ങളിൽ ചിലരുണ്ടെന്ന് തൊല്ലൊരു അഭിമാനത്തോടെ തന്നെ മുന്പൊരു പാർട്ടി പ്രവർത്തകൻ ഈ ലേകനോട് പാർട്ടിഗ്രാമങ്ങൾ സന്ദർശിക്കുന്ന വേളയിൽ പറഞ്ഞിരുന്നതാണ്. പാനൂരിനോട് ചേർന്നു കിടക്കുന്ന വളയം പ്രദേശത്ത് ബോംബുകൾ വാണിജ്യാടിസ്ഥാനത്തിൽ തന്നെ നിർമ്മിച്ചുകൊടുക്കുന്ന കേന്ദ്രമുണ്ടെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്.
പാർട്ടി ഗ്രാമങ്ങളിൽ വർഗ്ഗീയതയുടെ പുതിയ നിറം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവാണ് എസ്.ഡി.പി.ഐയും മറ്റും സ്വന്തം പാർട്ടിഗ്രാമങ്ങൾ നിർമ്മിക്കാൻ ഇപ്പോൾ സി.പി.എമ്മിനോട് മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്ച. മുന്പ് നാദാപുരത്തേക്കും കാസർകോട്ടേക്കും മാത്രം ഒതുങ്ങിയിരുന്ന ലീഗ്− സി.പി.എം സംഘർഷങ്ങൾ ഇപ്പോൾ മലബാറിന്റെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. സി.പി.എം ഒരു ഈഴവ −മൃദുഹിന്ദുത്വ പാർട്ടിയായി മാറ്റപ്പെട്ടുവെന്നുള്ള വിചാരമാണ് സി.പി.എം ഗ്രാമങ്ങൾക്കെതിരെ മറ്റു ഗ്രാമങ്ങൾ പിറവിയെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പോരാത്തതിന് നമോവിചാർ മഞ്ചിൽ നിന്നുള്ളവരുടെ സി.പി.എമ്മിലേക്കുള്ള കുടിയേറ്റവും ചെറുതല്ലാത്ത വർഗീയ വിചാരഗതികൾക്ക് ശക്തി പകർന്നിട്ടുണ്ട്. ഇത്തരമൊരു ഗ്രാമമാണ് ഷൂക്കൂർ കൊല്ലപ്പെട്ട അരിയിൽ ഗ്രാമവും.
ആധുനികകേരളത്തിന്റെ നവോത്ഥാനത്തിൽ മുഖ്യപങ്ക് വഹിച്ച ഒരു പ്രസ്ഥാനം വർഗീയ വിഷം ചീറ്റുകയും കൊടി സുനിമാരാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഒരു ക്വട്ടേഷൻ സംഘമായി അധഃപതിക്കുകയും ചെയ്യുന്നത് സാധാരണക്കാരായ പ്രവർത്തകരെ നിരാശയുടെ പടുകുഴിയിലേക്കാണ് തള്ളുക. പാർട്ടിഗ്രാമങ്ങളിലുള്ളവർക്ക് പാർട്ടിയോടാണ് യഥാർത്ഥ കൂറ്. മനുഷ്യസ്‌നേഹമാണ് അവരെ ഒന്നിപ്പിച്ചുനിർത്തുന്നത്. അവരെ ക്വട്ടേഷൻ സംഘങ്ങളുടെ കൂട്ടുകാരാക്കാനും വർഗീയമായി ചേരിതിരിവുകൾ സൃഷ്ടിക്കാൻ നോക്കിയാലും വരുംകാലത്തിൽ പാർട്ടി കേവലം അക്രമികളുടെ ഒരു സംഘമായി മാറിയേക്കാം− പാർട്ടിഗ്രാമങ്ങളോ നാളെ നാദാപുരം പോലെ വർഗീയ സംഘർഷങ്ങളുടെ പ്രളയകേന്ദ്രങ്ങളുമായേക്കാം. സി.പി.എമ്മിന് ഇനി തൊഴിലാളിപക്ഷത്തു നിൽക്കുന്ന വിപ്ലവപാർട്ടിയുടെ പഴയ മുഖം വീണ്ടെടുക്കാനാകുമോ?