തലച്ചോർ ഉറയ്ക്കാത്ത പാർട്ടി!

മലബാറിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്പെടലിനു കാരണം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മൂന്നു ജയരാജന്മാരും പി, ഇ പി, എം വി− ആണെന്ന ഒരു തെറ്റിദ്ധാരണ പുതിയ തലമുറയിൽപ്പെട്ട സി പി എമ്മുകാർക്കിടയിൽ പോലുമുണ്ടെന്നതാണ് സത്യം.ഇന്നലെ കുരുത്ത ഇവരല്ല യഥാർത്ഥത്തിൽ മലബാറിലെ സി പി എമ്മിന്റെ വളർച്ചയ്ക്ക് വളമിട്ടത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മലബാറിൽ ജനസ്വാധീനം ഉണ്ടാക്കാനും ആഴത്തിൽ വേരിറങ്ങാനും ഇടയാക്കിയത് മൂന്ന് ഗോപാലന്മാരായിരുന്നു−എ കെ ഗോപാലൻ, കെ പി ആർ ഗോപാലൻ , കെ പി ഗോപാലൻ. ആ പ്രമുഖരൊക്കെ തന്നെയും ഗാന്ധിയന്മാരും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചവരുമായിരുന്നു. പക്ഷേ ഈ മൂന്ന് ഗോപാലന്മാർ ഉണ്ടാക്കിയ പാർട്ടി ഇന്ന് മൂന്ന് ജയരാജന്മാരും അവരുടെ പിണിയാളന്മാരും ചേർന്ന് അക്രമരാഷ്ട്രീയത്തിലൂടെയും കടുത്ത അസഹിഷ്ണുതയിലൂേടയും ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ആളുകളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്നതാണ് ഈ ജയരാജന്മാരുടെ പ്രത്യയശാസ്ത്രം. അഹങ്കാരമാണ് ഇവർ മൂന്നു പേരുടേയും മുഖമുദ്ര. ഇവർക്ക് എന്തും പറയാം. എന്തിന്, സ്വന്തം പാർട്ടിക്കാരനും സി പി എമ്മിന്റെ സ്ഥാപകനേതാവുമായ വി എസ് അച്യുതാനന്ദനെപ്പോലും ചീഞ്ഞ കാരണവർ എന്നുപോലും പരസ്യമായി വിളിച്ചാക്ഷേപിക്കാം, നാട്ടിലെ നീതിന്യായ വ്യവസ്ഥയേയും നിയമസംവിധാനത്തെയും നോക്കുകുത്തിയായി നിർത്തി ജനാധിപത്യവ്യവസ്ഥിതിക്കു നേരെ കൊഞ്ഞനം കുത്താം. തങ്ങളെ തളയ്ക്കാൻ ആരുമില്ലെന്ന മട്ടിലാണ് ഇവരുടെ പ്രവർത്തനങ്ങൾ.
സി പി എമ്മിനെ തകർക്കാൻ വലതുപക്ഷക്കാരും കപട ഇടതുപക്ഷക്കാരും തീവ്രവാദികളുമൊക്കെ കൂട്ടുചേർന്നിരിക്കുകയാണെന്നാണ് സഖാവ് പിണറായി സഖാവിന്റെ നിരന്തര വിലാപം. പക്ഷേ ഇവരൊക്കെ എന്തൊക്കെ ഗൂഢാലോചന നടത്തിയാലും സി പി എം തകരില്ലെന്ന് പിണറായിക്കു തന്നെ അറിയാം. പക്ഷേ കേട്ടാലറയ്ക്കുന്ന ചില പ്രയോഗങ്ങൾ കൊണ്ടും അക്രമത്തിനുള്ള ആഹ്വാനങ്ങൾ കൊണ്ടും കുറ്റവാളികളെന്ന് കോടതി കണ്ടെത്തിയവരെ തള്ളിപ്പറയാൻ പോലും മടിക്കുന്ന നേതൃത്വത്തിന്റെ ദയനീയത കൊണ്ടും സി പി എം സ്വയം തങ്ങൾക്കുള്ള കുഴി കുത്തിക്കൊണ്ടിരിക്കുകയാണ് ഇന്ന്. അതിൽ അവസാനത്തെ ആണിയാണ് അരിയിൽ ഷുക്കൂറിന്റെ കൊലപാതകം സി ബി ഐയ്ക്ക് വിടാൻ ഉത്തരവിട്ടുകൊണ്ട് ജസ്റ്റിസ് കെമാൽ പാഷ പി ജയരാജനെതിരെ നടത്തിയ രൂക്ഷമായ പരാമർശങ്ങൾ. അതിനു പുറമേ കതിരൂർ മനോജ് വധക്കേസിൽ കുറ്റാരോപിതനായ ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തതോടെ യു എ പി എ നിയമം ചുമത്തപ്പെട്ട കേസ്സിൽ ജയരാജൻ അഴിക്കുള്ളിലേക്ക് നീങ്ങാനുള്ള വഴി തുറക്കപ്പെടുകയും ചെയ്തിരിക്കുന്നു. സി ബി ഐ കേസ് ഡയറി പ്രകാരം പി ജയരാജനെതിരെ പ്രഥമാദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കണ്ണൂരിലെ സി പി എമ്മിന്റെ സിംഹം ആശുപത്രിക്കിടക്കയിൽ അഭയം തേടി അറസ്റ്റൊഴിവാക്കാൻ ശ്രമിച്ച കാഴ്ചയാകട്ടെ ജുഗുപ്‌സാവഹമായാണ് നമുക്കനുഭവപ്പെട്ടത്.
സമീപകാലത്ത് കണ്ണൂരിൽ അരങ്ങേറിയ മുഴുവൻ കൊലപാതകങ്ങളുടേയും സൂത്രധാരൻ സി പി എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി ജയരാജൻ ആണെന്നാണ് സി ബി ഐ കോടതിയിൽ സമർപ്പിച്ച കേസ് ഡയറിയിൽ പറയുന്നത്. പക്ഷേ സി പി എമ്മിന് പാർട്ടിക്കായി പാർട്ടിശത്രുക്കളെ വെട്ടിനിരത്തിയ നേതാക്കളെ ഒരു കാലത്തും കൈവിടാൻ കഴിയില്ലല്ലോ. ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ കേസ്സിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ എന്തുകൊണ്ട് സി പി എം തള്ളിപ്പറയുന്നില്ലെന്ന് മുന്പൊരിക്കൽ പിണറായി വിജയനോട് ചോദിച്ചപ്പോൾ കുഞ്ഞനന്തൻ പാർട്ടിക്കോ തനിക്കോ അനഭിമതനല്ലെന്നാണ് പിണറായി മറുപടി നൽകിയത്. അവിടെയാണ് സി പി എമ്മിന്റെ പാർട്ടി നേതൃത്വം തന്നെ സംശയത്തിന്റെ നിഴലിലേക്ക് വീഴുന്നത്− നേതൃത്വത്തിന്റെ നിർ്‌ദ്ദേശപ്രകാരമാണോ ഈ അരുംകൊലകൾ അരങ്ങേറുന്നതെന്ന സംശയം ജനങ്ങൾക്കുണ്ടാകുന്നത്. പി ജയരാജനെതിെര കോടതിയും സി ബി ഐയും നടത്തിയ രൂക്ഷമായ പരാമർശങ്ങൾ ഇതുവരെ ഒളിഞ്ഞുകിടന്നിരുന്ന ഈ യാഥാർത്ഥ്യത്തെയാണോ പുറത്തേക്ക് കൊണ്ടുവരുന്നത്?
പാട്യം ഗോപാലന്റെ സഹോദരനായ പാട്യം രാജന്റെ ക്യാന്പിൽ നിന്നാണ് കതിരൂരുകാരനായ പി ജയരാജൻ (61) സി പി എമ്മിലെത്തിയത്. 1999 ഓഗസ്റ്റിലെ ഒരു തിരുവോണനാളിൽ ആർ എസ് എസ്സുകാർ ഇഞ്ചപ്പരുവത്തിൽ വെട്ടിമുറിച്ചിട്ടതോടെയാണ് ‘’വെട്ടു കൊണ്ട ജയരാജൻ’’ എന്ന പേരുമായി അതുവരെ കണ്ണൂരിൽ മാത്രമായി ഒതുങ്ങിയിരുന്ന പി ജയരാജൻ കേരളത്തിന്റെ ശ്രദ്ധയിലേക്ക് എത്തുന്നത്. ഇ പിയുടേയോ എം വിയുടേയോ പോലെ വിദ്യാഭ്യാസത്തിൽ അത്ര മുന്നിലല്ലെങ്കിലും വിവേകപൂർവമായ സംഭാഷണത്തിന്റെ കാര്യത്തിൽ പി ജയരാജൻ ഇവരേക്കാളൊക്കെ രണ്ടോ മൂന്നോ പടി മുന്നിലാണ്. ഒരു നേതാവിന്റെ ഇരുത്തത്തോടെ സംസാരിക്കാനും ചർച്ചകളിൽ പങ്കുകൊള്ളാനുമൊക്കെ കണ്ണൂർ ജില്ലാ സെക്രട്ടറിയായ ജയരാജൻ സമീപകാലത്ത് എത്തിയിരുന്നു. താൻ വെട്ടിമുറിക്കപ്പെട്ട സമയത്ത് ബി ജെ പിയുടെ ജില്ലാ പ്രസിഡന്റായിരുന്ന വാസു മാസ്റ്ററെ നമോ വിചാർ മഞ്ചിൽ നിന്നും മോചിപ്പിച്ച് സി പി എമ്മിലെത്തിക്കുന്നതിൽ നിർണായക പങ്ക് കൂടി വഹിച്ചത് പി ജയരാജനായിരുന്നു. 2010−ൽ ലൈംഗിക അപവാദത്തിൽപ്പെട്ട് പി ശശി ജില്ലാ സെക്രട്ടറി പദം ഒഴിഞ്ഞപ്പോഴാണ് പി ജയരാജന് പാർട്ടി നേതൃത്വത്തിലേക്കുള്ള വഴി തുറന്നത്. രണ്ടു തവണ എം എൽ എയായിരുന്ന ജയരാജൻ അതോടെ കണ്ണൂരിലെ രാഷ്ട്രീയ കളികളുടെ മുൻനിരപ്പോരാളിയായി. അതിനിടെ ജയരാജന്റെ രണ്ട് ആൺ മക്കളിലൊരാളുടെ കൈയിലിരുന്ന് ബോംബ് പൊട്ടിയതും കതിരൂർ മനോജ് കൊല്ലപ്പെട്ടപ്പോൾ ജയരാജന്റെ മകൻ ഫെയസ്ബുക്ക് പോസ്റ്റിലൂടെ അത് ആഘോഷിച്ചതും വാർത്തയായിരുന്നു.
പിണറായി വിജയനെതിരെയുള്ള ലാവ്‌ലിൻ കേസ്സ് സി ബി ഐയ്ക്ക് വിട്ടപ്പോൾ ഇ പി ജയരാജൻ ‘’പോടാ പുല്ലേ സി ബി ഐ’’ എന്ന് പ്രസംഗിച്ചത് ആരും മറന്നുകാണില്ല. ഇന്നിപ്പോൾ പി ജയരാജനെ സി ബി ഐ കതിരൂർ മനോജ് വധക്കേസിൽ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്പോൾ തെരഞ്ഞെടുപ്പിനു മുന്പുള്ള വലതുപക്ഷം തന്ത്രമാണ് ജയരാജനെതിരെയുള്ള നീക്കം എന്നുപറഞ്ഞ് അതിനെ തള്ളിക്കളയാനാണ് പിണറായി വിജയനടക്കമുള്ളവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുറ്റക്കാരനല്ലാത്തപക്ഷം എന്തിനാണ് ജയരാജൻ അറസ്റ്റിനെ ഭയക്കുന്നത്. മൃഗ്ീയമായ മാർഗങ്ങൾ ജയരാജനെതിരെ പ്രയോഗിച്ച് കുറ്റം സമ്മതിപ്പിക്കുമെന്നാണോ സി പി എം കരുതുന്നത്? ജയരാജനെ അറസ്റ്റ് ചെയ്യാനാവശ്യമായ മതിയായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് സി ബി ഐ കോടതിയിൽ പറഞ്ഞതും കോടതി അത് പരിശോധിച്ച് ജയരാജനെതിരെ പ്രഥമദൃഷ്ട്യാ കേസ്സെടുക്കാനുള്ള തെളിവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നതും.
സി പി എമ്മിനെ പഴയ പാരന്പര്യത്തിന്റെ പാതയിലൂടെയല്ല പുതിയകാല നേതാക്കന്മാർ നയിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി. കൊലപാതകക്കേസ്സുകളിൽ പെടുന്ന നേതാക്കൾക്കായി കേസ്സു നടത്താൻ സി പി എം പാർട്ടിപ്പണം ചെലവഴിക്കുന്നതു കാണുന്പോൾ തന്നെ ഏതൊരാൾക്കും അത് ബോധ്യപ്പെടും. ടി പി ചന്ദ്രശേഖരന്റെ ചോരയുണങ്ങുന്നതിനു മുന്പു തന്നെ കണ്ണൂരിൽ സി പി എം ഒരു പരിപാടി സംഘടിപ്പിച്ചു. ആർ എസ് എസുകാരനായ പന്നന്യൂർ ചന്ദ്രനെ കൊന്ന കേസ്സിൽ ജയിലിൽ കിടക്കുന്ന ഒരു സഖാവിന് വീടുണ്ടാക്കാൻ വേണ്ടി 20 ലക്ഷം രൂപയോളം രൂപ രസീത് അടിച്ച് പിരിവെടുപ്പു നടത്തി അവർ. ആ തുക സഖാവിനെ കൊണ്ട് ഏൽപിച്ച് കൃതാർത്ഥത കാട്ടി വിപ്ലവ പ്രസ്ഥാനം. വടക്കൻ മലബാറിലെ ഏറ്റവും വലിയ രാഷ്ട്രീയ സങ്കടം കൊലപാതക രാഷ്ട്രീയമാണ്. ഫസൽ, ഷുക്കൂർ, ടി പി ചന്ദ്രശേരൻ എന്നിങ്ങനെയുള്ളവരുടെ കൊലപാതകത്തിനുശേഷമുണ്ടായ മാധ്യമചർച്ചകൾ വാസ്തവത്തിൽ വലിയൊരു അർത്ഥത്തിൽ കണ്ണൂരിലെ ജയരാജന്മാരെ ജനങ്ങൾക്കു മുന്നിൽ അനാവൃതമാക്കിയെങ്കിലും സി പി എം അവരെയാരെയും തള്ളിപ്പറയാൻ പോലും തുനിഞ്ഞില്ല. . ജയരാജന്മാർ നിശ്ചയിക്കുകയും കൊടി സുനിമാർ നടപ്പാക്കുകയും ചെയ്യുന്ന വധശിക്ഷകളാണ് കണ്ണൂരിൽ നടന്നുകൊണ്ടിരുന്നത്. ഇക്കാലമത്രയും പാവപ്പെട്ട പാർട്ടി അണികളാണ് കൊലപാതകക്കുറ്റം ഏറ്റെടുത്തുകൊണ്ട് യഥാർത്ഥ കൊലപാതകികൾക്കായി ജയിലിൽ പോയിരുന്നത്. സാക്ഷികൾ മൊഴിമാറുന്നതു മൂലം പക്ഷേ ആരും ശിക്ഷിക്കപ്പെടാത്ത അവസ്ഥയായിരുന്നു മുന്പ്. പക്ഷേ ടി പി ചന്ദ്രശേരൻ വധക്കേസിൽ യഥാർത്ഥ കൊലപാതകികൾ ശിക്ഷിക്കപ്പെട്ടതോടെ ഈ അവസ്ഥ മാറുകയാണെന്ന് വ്യക്തമാകുകയായിരുന്നു. ജഡ്ജി നാരായണപ്പിഷാരോടിയുടെ വിധി കണ്ണൂരിലെ ജനങ്ങൾക്ക് വലിയൊരു ധൈര്യമാണ് നൽകിയത്. അവർ കൊലപാതകക്കേസ്സുകളിൽ മൊഴി നൽകാനുള്ള ധൈര്യം ആർജിച്ചു− അന്വേഷണങ്ങളുമായി വസ്തുനിഷ്ഠമായി സഹകരിക്കാനാരംഭിച്ചു. ആ പുതിയ അവസ്ഥ സി പി എമ്മിനു മാത്രമല്ല കണ്ണൂരിൽ അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ബി ജെ പിക്കും ആർ എസ് എസിനും കോൺഗ്രസിനും ഒരുപോലെ തിരിച്ചടിയാകുമെന്നുറപ്പ്.
പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റെടുത്താൽ പിണറായി വിജയൻ ആദ്യം ചെയ്യുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ പോയി എട്ടാം ബ്ലോക്കിലെ കൊടും ക്രിമിനലുകളെ കണ്ട് അനുഗ്രഹം വാങ്ങിക്കലാണെന്ന് ഒരു കാലത്ത് സി പി എമ്മിന്റെ അത്ഭുതക്കുട്ടിയായിരുന്ന അബ്ദുള്ളക്കുട്ടി ഒരിക്കൽ പരിഹസിച്ചിട്ടുണ്ട്. പോരാട്ടവീര്യമുള്ള കണ്ണൂരിൽ മഹാനേതാക്കളായ അഴീക്കോടന്റെ കുഴിമാടത്തിലും എ കെ ജിയുടെ സ്മാരകത്തിലും അഭിവാദ്യങ്ങൾ അർപ്പിച്ച് തുടങ്ങേണ്ട കർത്തവ്യം കിർമാണി മനോജിനും കൊടി സുനിക്കുമൊക്കെ അഭിവാദ്യം അർപ്പിക്കുന്നതിൽ തുടങ്ങുന്നു പാർട്ടി നേതൃത്വത്തിന്റെ പതനം. അതിനപ്പുറം എന്ത് കീഴ്‌നേതാക്കളിൽ നിന്നും പ്രതീക്ഷിക്കണം. ഇ പി ജയരാജൻ പാർട്ടിപ്പത്രമായ ദേശാഭിമാനിയെ പുഷ്ടിപ്പെടുത്താൻ ലോട്ടറി മാഫിയക്കാരനായ സാന്റിയാഗോ മാർട്ടിന്റെ കൈയിൽ നിന്നും രണ്ടു കോടി രൂപ തരപ്പെടുത്തിയതും പാലക്കാട് പാർട്ടി പ്ലീനം നടക്കുന്പോൾ വിവാദ നായകൻ ചാക്ക് രാധാകൃഷ്ണന്റെ ആശംസയില്ലാതെ എങ്ങനെ പാർട്ടി പത്രമിറക്കുമെന്ന് ചിന്തിച്ചതുമൊക്കെ അതിന്റെ തുടർച്ച തന്നെയാണല്ലോ.
‘’കാവി കടുത്താൽ ചുവപ്പാകു’’മെന്നാണ് പി ജയരാജൻ സഖാവിന്റെ പുതിയ മന്ത്രണം. പണ്ട് തന്നെ തുണ്ടം തുണ്ടമായി വെട്ടിമുറിച്ചിട്ട ഹൈന്ദവ വർഗീയ കാപാലികന്മാരെപ്പോലും പാർട്ടിയിലേക്ക് ക്ഷണിച്ച് മഹാമനസ്‌കത പ്രകടമാക്കിയതെന്ന ജയരാജനു വേണ്ടി അന്പാടിമുക്കിൽ ഭാവി ആഭ്യന്തരമന്ത്രിയായി ജയരാജനെ ചിത്രീകരിച്ചു ഫ്‌ളക്‌സുകൾ പോലും പിറവികൊണ്ടു. സി പി എമ്മിന്റെ മുൻകാല നേതാക്കളെപ്പോലെ ജീവിത സമരങ്ങളുടെ തീച്ചൂളകളിൽ നിന്ന് പിറവിയെടുത്ത കമ്യൂണിസ്റ്റുകാരല്ല ഇവരാരും തന്നെ എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നാണ് കണ്ണൂരിലെ ഈ നേതാക്കളുടെയെല്ലാം പിറവി. എ കെ ജിക്കുശേഷം പാർട്ടിയിൽ എം വി രാഘവന്റെ കടന്നുവരവോടെ സംഘ്പരിവാർ ശക്തികളെ ഒതുക്കിക്കൊട്ടാൻ അക്രമരാഷ്ട്രീയത്തിന്റെ പാത വെട്ടിത്തുറന്നതോടെയാണ് ഈ പുതിയ ഗണം പാർട്ടിയിൽ പച്ചപിടിച്ചത്. അതിന്റെ നെറികെട്ട പാരന്പര്യമാണിപ്പോൾ പാർട്ടി കാണിച്ചുകൊണ്ടിരിക്കുന്നത്. അക്രമരാഷ്ട്രീയത്തെ കേരളത്തിന്റെ പുതിയ തലമുറ അംഗീകരിക്കില്ലെന്ന് ഇനിയെങ്കിലും സി പി എം തിരിച്ചറിയാത്തപക്ഷം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് അവർ വീഴുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ജയരാജന്റെ അവസ്ഥയെങ്കിലും സി പി എമ്മിന് വീണ്ടുവിചാരം ഉണ്ടാക്കിയിരുന്നെങ്കിൽ! കൊലക്കേസ് പ്രതികളായ കാരായി സഖാക്കളെ ജനപ്രതിനിധികളാക്കി മാറ്റിയ സി പി എമ്മിൽ നിന്ന് അതൊക്കെ പ്രതീക്ഷിക്കുന്നത് മൂഢത്തമാണെന്നറിയാമെങ്കിലും ആശിക്കാൻ ആരുടേയും അനുവാദം വേണ്ടല്ലോ!