വരാനിരിക്കുന്നത് വന്പൻ കുതിപ്പ്!
പുതിയ ഐ.ടി അടിസ്ഥാന സൗകര്യ വികസനങ്ങൾക്കു പുറമേ, പ്രധാനമന്ത്രി സ്റ്റാർട്ട് അപ്പുകൾക്ക് നൽകുന്ന ഉത്തേജന പാക്കേജുകൾ കൂടി വരുന്പോൾ മാനവവിഭവശേഷിയിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിന് ഐ.ടി രംഗത്ത് വലിയ കൊയ്ത്ത് തന്നെ സാധ്യമായേക്കും
2013−നേക്കാൾ 4.6 ശതമാനം വളർച്ചയാണ് 2015−ൽ ഇൻഫർമേഷൻ ടെക്‌നോളജി −ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് (ഐ.ടി.ബി പി.എം) ലോകവ്യാപകമായി ഉണ്ടായത്. 2.3 ട്രില്യൺ അമേരിക്കൻ ഡോളറാണ് ഇക്കാലയളവിൽ ഈ രംഗത്ത് ചെലവഴിക്കപ്പെട്ടത്. ആഗോളതലത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ 10 ശതമാനം കണ്ട് വളർച്ചയുണ്ടായപ്പോൾ 55 ശതമാനം വിപണി ഓഹരിയോടെ ഇന്ത്യ നേതൃസ്ഥാനത്തു തന്നെ തുടരുകയായിരുന്നു. ഇക്കാലയളവിൽ 146 ബില്യൺ ഡോളറിന്റെ കച്ചവടം ഈ രംഗത്ത് ഇന്ത്യയിലുണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടത്. അതായത് 2014−നേക്കാൾ 13 ശതമാനം കണ്ട് വളർച്ച. 98 ബില്യൺ അമേരിക്കൻ ഡോളറിന്റെ ഐ.ടി കയറ്റുമതി മാത്രം ആ കാലയളവിൽ ഇന്ത്യയിൽ നിന്നുണ്ടായി. ഇകൊമേഴ്‌സും മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ബിസിനസുകളേയും ഐ.ടി രംഗത്ത് ഉൾചേർത്തതോടെ ഇന്ത്യയിലെ ആഭ്യന്തര ഐ.ടി വ്യവസായരംഗം 48 ബില്യൺ അമേരിക്കൻ ഡോളറിന്റേതായി വളർന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് 35 ലക്ഷത്തോളം ജീവനക്കാർക്ക് നേരിട്ട് തൊഴിൽ നൽകുകയും ഒരു കോടി പേർക്ക് പരോക്ഷമായി തൊഴിൽ നൽകുകയും ചെയ്യുന്ന മേഖലയാണ് അത്. ഇന്ത്യയുടെ ജി. ഡി.പിയിൽ ഐ.ടി രംഗത്തിന്റെ സംഭാവനയാകെട്ട ഇക്കഴിഞ്ഞ വർഷം 9.5 ശതമാനമായി വർദ്ധിക്കുകയും ചെയ്തിരിക്കുന്നു.
ഇതിനൊക്കെ പുറമേ ലോകത്തെ നാലാമത്തെ അതിവേഗത്തിൽ വളരുന്ന ഡിജിറ്റൽ സ്റ്റാർട്ട് അപ്പുകളുടെ ഇടം കൂടിയാണ് ഇന്ന് ഇന്ത്യ. മികച്ച മാനവവിഭവശേഷി ഉണ്ടായിരുന്നിട്ടും ഐ.ടി വ്യവസായ രംഗത്തേയ്ക്ക് കടന്നുവരാൻ കേരളം അയൽ സംസ്ഥാനങ്ങളേക്കാൾ വൈകിയെങ്കിലും നിലവിൽ ഈ രംഗത്ത് തങ്ങളുടെ അവസ്ഥ ഭദ്രമാക്കുന്ന കാഴ്ചകളാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. 2010−11 കാലയളവിൽ കേവലം 2000 കോടി രൂപയായിരുന്ന കേരളത്തിന്റെ ഐ.ടി കയറ്റുമതി ഇന്നിപ്പോൾ 10,000 കോടി രൂപയിൽ അധികമായി വർദ്ധിച്ചിട്ടുണ്ട്. 246 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വാക്ക്ടുവർക്ക് പ്രോജക്ടായ സ്മാർട്ട് സിറ്റിയുടെ ആദ്യഘട്ടം വരുന്ന ഫെബ്രുവരി 20−ന് ഉൽഘാടനം ചെയ്യപ്പെടുന്നതോടെ 6500ലധികം ഐ.ടി തൊഴിലുകൾ കൂടി കേരളത്തിൽ സൃഷ്ടിക്കപ്പെടും. 6.5 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് ഉത്ഘാടനത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ഐ.ടി കെട്ടിടവും സ്മാർട്ട് സിറ്റിയിൽ തന്നെയാണ് വരാൻ പോകുന്നത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഐ.ടി വിഭാഗമായ സാൻഡ്‌സ് ഇൻഫ്രയാണ് 30 നിലയുള്ള ഈ കെട്ടിടം സ്മാർട്ട് സിറ്റിയിൽ വരുന്ന 30 മാസത്തിനുള്ളിൽ നിർമ്മിക്കുക. സ്മാർട്ട് സിറ്റിയുടെ ഉൽഘാടന ചടങ്ങിനൊപ്പം ഈ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങും നടക്കുമെന്നാണ് സ്മാർട്ട് സിറ്റി മാനേജിങ് ഡയറക്ടർ ബാജു ജോർജ് പറയുന്നത്. 2020ഓടെ സംസ്ഥാനത്ത് അഞ്ച് ലക്ഷം ഐ.ടി തൊഴിലവസരങ്ങളാണ് ഇപ്പോൾ സർക്കാർ ലക്ഷ്യമിടുന്നത്.
ടി.സി.എസ്, ഇൻഫോസിസ്, കോഗ്‌നിസന്റ്, വിപ്രോ, യു.എസ് ടെക്‌നോളജി, ഓറക്കിൾ, ഏണസ്റ്റ് ആന്റ് യങ്, ഐ.ബി.എസ് സോഫ്റ്റ് വെയർ സർവ്വീസസ്, നെസ്റ്റ്, ടാറ്റാ എക്‌സി ലിമിറ്റഡ് എന്നിവരാണ് കേരളത്തിലെ പ്രധാന തൊഴിൽ ദായകരായ ഐ.ടി സ്ഥാപനങ്ങൾ. ബി.പി.ഒകളിൽ സതർലാൻഡും സെറോക്‌സ് എ.സി.എസും ഇ.എക്‌സ്.എൽ (ഒ.പി.ഐ) തുടങ്ങി പതിനഞ്ചോളം കന്പനികൾ ബി.പി.ഒ രംഗത്തും സജീവമാണ്. കൊച്ചിയിലേയ്ക്കും കേരളത്തിലേയ്ക്കും ഐ.ടി കന്പനികളെ ആകർഷിക്കുന്ന പ്രധാന കാര്യം കേരളം വളരുന്ന ഒരു ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി പ്രദേശമാണെന്നതാണ്. ജീവിതനിലവാരം മറ്റു നഗരങ്ങളിലേതിനേക്കാൾ മെച്ചപ്പെട്ടതാണെങ്കിലും കൊച്ചിയിലെ ജീവിതചെലവാകട്ടെ മറ്റു നഗരങ്ങളേക്കാൾ താരതമ്യേനെ കുറവുമാണ്. ടിയർ 2 നഗരമായതിനാൽ ജീവിതചെലവിൽ കുറവുള്ളതിനാൽ കന്പനികൾക്ക് തങ്ങളുടെ ശന്പളത്തിൽ ബംഗലുരു പോലുള്ള നഗരങ്ങളിൽ നിന്നും 20−30 ശതമാനം കുറവു വരുത്താനാകും. ഇതിനു പുറമേയാണ് കൊഴിഞ്ഞുപോക്ക് നിരക്കിലെ കുറവ്. പ്രമുഖ കന്പനികളുടെ കാര്യത്തിൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് കേരളത്തിലെ കൊഴിഞ്ഞുപോക്ക് നിരക്ക്. പുതിയ ഒരാളെ പരിശീലിപ്പിച്ചെടുക്കാൻ കുറഞ്ഞത് ആറു മാസക്കാലമെങ്കിലുമെടുക്കുമെന്നതിനാൽ കൊഴിഞ്ഞുപോക്ക് നിരക്ക് കുറഞ്ഞിരിക്കുന്നത് കന്പനികൾക്ക് അനുഗ്രഹമാകുകയും ചെയ്യുന്നു.
നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ് വെയർ ആന്റ് സർവ്വീസസ് കന്പനീസ് (നാസ്‌കോം)ന്റെ 2015 വർഷത്തെ സ്ട്രാറ്റജിക് റിവ്യൂ പ്രകാരം ഇന്ത്യയിലെ 35 ലക്ഷം ഐ.ടി.ഐ.ടി അനുബന്ധ തൊഴിലാളികളിലൂടെ 146 ബില്യൺ ഡോളർ നേടാനാകുമെന്നാണ് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യസംരംഭക വ്യവസായമായി ഐ.ടി വികസിച്ചു കഴിഞ്ഞുവെന്നാണ് അത് വ്യക്തമാക്കുന്നത്. ഏഴായിരത്തോളം ഡിജിറ്റൽ സോഫ്‌റ്റ്്വെയർ പ്രോഡക്ട് കന്പനികളടക്കം മൊത്തം 20,000ത്തോളം കന്പനികളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ചെലവു കുറഞ്ഞ ഐ.ടി വ്യവസായത്തിന്റെ കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങൾക്കു മുന്നിൽ തന്നെയാണെന്നതാണ് ഇന്ത്യയിൽ ഐ.ടി വ്യവസായത്തിന് ഇനിയും വളരാനുള്ള സാധ്യതകളൊരുക്കി നൽകുന്നത്. 58 ലക്ഷം ബിരുദധാരികളും ലോകത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ ജനവിഭാഗവും ചെലവു കുറഞ്ഞ തൊട്ടടുത്ത രാജ്യത്തേക്കാൾ 30 ശതമാനത്തോളം ചെലവു കുറഞ്ഞ ഉൽപാദനം കൈവരിക്കുന്ന രാജ്യമെന്ന പദവിയുമൊക്കെ ഇന്ത്യയിൽ ഈ വ്യവസായത്തിനുള്ള പ്രാമുഖ്യം തെളിയിക്കുന്നു. കേരളത്തിൽ സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കപ്പെടുന്ന 2020−ഓടെ ഇന്ത്യയിലെ ഐ.ടി ബി.പി.എം വളർച്ച 300 ബില്യൺ ഡോളറായി (ആഭ്യന്തര ഉൽപാദനവും കയറ്റുമതിയും) വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ടിയർ 2, ടിയർ 3 നഗരങ്ങളിൽ വലിയ വളർച്ചയും ഒരു കോടി പുതിയ തൊഴിലും സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കേരളത്തിന്റെ അവസ്ഥയും ശോഭനമാണെന്ന് ഇതിൽ നിന്നു വ്യക്തം. കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്ന 360−ഓളം കന്പനികൾ ഏതാണ്ട് 45,000 തൊഴിലുകൾ നിലവിൽ ഐ.ടി രംഗത്ത് സൃഷ്ടിച്ചിട്ടുണ്ട്. 10,000 കോടി രൂപയോളമാണ് കേരളത്തിൽ നിന്നുള്ള ഇപ്പോഴത്തെ ഐ.ടി കയറ്റുമതി. ഇത് 2020 ആകുന്പോഴേക്കും ഒന്പതു ശതമാനം കണ്ട് വളർന്ന് 110 ബില്യണിലെത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടലുകൾ. നിലവിൽ ഐ. ടി വ്യവസായങ്ങൾക്കാവശ്യമായ സ്‌പേസിന് വലിയ ദൗർലഭ്യം നേരിടുന്ന കേരളത്തിൽ സ്മാർട്ട്‌സിറ്റിയുടേയും (65 ലക്ഷം ചതുരശ്ര അടി) ടെക്‌നോപാർക്കിന്റേയും (72 ലക്ഷം ചതുരശ്ര അടി നിലവിൽ; 25 ലക്ഷം ചതുരശ്ര അടി നിർമ്മാണത്തിൽ) ഇൻഫോപാർക്കിന്റേയും (150 ലക്ഷം ചതുരശ്ര അടി) നിർമ്മാണം പൂർത്തിയാകുന്പോൾ ലഭിക്കുന്ന ഐ.ടി സ്‌പേസിനു പുറമേ, കോഴിക്കോട്ടെ സൈബർ പാർക്കിൽ നിന്നും ടി. സി.എസിന്റേയും ഇൻഫോസിസിന്റേയും യു എസ്.ടിയുടേയും പുതിയ കാന്പസുകളിലൂടേയും വലിയ സ്‌പേസുകളാണ് സൃഷ്ടിക്കപ്പെടാൻ പോകുന്നത്.
കൊച്ചി, ചേർത്തല, തൃശൂർ എന്നിവിടങ്ങളിലെ വിവിധ പാർക്കുകളിലായി മൊത്തം 363 ഏക്കർ സ്ഥലമാണ് ഇൻഫോപാർക്കിനുള്ളത്. ഇവിടെ 200 ഏക്കറിൽ വികസനപ്രവർത്തനങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. നാലു വർഷത്തിനുള്ളിൽ ഒന്നരലക്ഷം തൊഴിൽ അവസരങ്ങൾ ഇൻഫോപാർക്കിൽ സൃഷ്ടിക്കപ്പെടുമെന്നാണ് ഇൻഫോപാർക്ക് സി. ഇ.ഒ ഋഷികേശ് നായർ പ്രത്യാശിക്കുന്നത്. നിലവിൽ 3000 കോടി രൂപ വരുമാനമുണ്ടാക്കുന്ന ഇൻഫോപാർക്ക് വാർഷിക കയറ്റുമതിയിൽ 3032 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 2017−ഓടെ 2500 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളും ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് ഉണ്ടാകുമെന്നാണ് സർക്കാർ പറയുന്നത്. വൻകിട സ്വകാര്യ നിക്ഷേപകർക്ക് പാർക്കിൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവദിക്കുകവഴി വലിയ മൂലധനം ഇക്കാലയളവിൽ കേരളത്തിലെത്തിക്കാനാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അതേ സമയത്ത് ഇൻഫോ പാർക്കിന്റെ ഉപകേന്ദ്രം എന്ന നിലയ്ക്ക് ആരംഭിച്ച തൃശൂർ കേന്ദ്രം ഇപ്പോൾ ഒരു ഐ.ടി ഹബ്ബായി സ്വയം വികസിക്കാനുള്ള സാധ്യത തെളിഞ്ഞുവരികയാണ്. തൃശൂരിലെ ഇൻഫോ പാർക്കിന്റെ ഉപകേന്ദ്രത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ കെട്ടിടത്തിന്റെ ഉൽഘാടനം ജനുവരി 21−ന് നടന്നു. ആറേക്കറിൽ 3.3 ലക്ഷം ചതുരശ്രയടിയിലാണ് ഇന്ദീവരം എന്ന പേരിൽ പുതിയ ഐ.ടി ബിൽഡിങ് ഉൽഘാടനം ചെയ്തിട്ടുള്ളത്. ഈ പുതിയ കെട്ടിടത്തിന്റെ വരവോടെ മാത്രം 3000 തൊഴിലവസരങ്ങൾ നേരിട്ട് സൃഷ്ടിക്കപ്പെടുകയും 15,000 പേർക്ക് പരോക്ഷമായി തൊഴിലവസരം സൃഷ്ടിക്കപ്പടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരിലെ ഇൻഫോ പാർക്ക് കേന്ദ്രത്തിന് പ്രവർത്തന ചെലവും മറ്റ് അനുബന്ധ ചെലവുകളും കൊച്ചി കേന്ദ്രത്തിൽ നിന്നും കുറവാണെന്നതാണ് വാസ്തവം.
സ്മാർട്ട് സിറ്റി വരുന്ന ഫെബ്രുവരി 20−ാം തീയതി ഉൽഘാടനം ചെയ്യപ്പെടുന്നതോടെ തെന്നിന്ത്യയിലെ ഐ.ടി ഹബ്ബായി കൊച്ചി മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇതോടെ കേരളത്തിന്റെ ഐ.സി.ടി വളർച്ചയുടെ 75 ശതമാനവും കൊച്ചി ആവാഹിച്ചെടുക്കുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ കൊച്ചിയ്ക്കുള്ള പ്രത്യേകതയാണ് ഇതിൽ പ്രധാനം. വി.എസ്.എൻ.എല്ലിന്റെ രണ്ട് കമ്യൂണിക്കേഷൻ കേബിളുകളായ എസ്.എ. എഫ്.ഇ, എസ്.സി.എ. എം.ഇ.ഡബ്ല്യു.ഇ 3 കൊച്ചിയിലാണ് കടലിനടിയിലൂടെ കണക്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുവഴി വി.എസ്.എൻ.എല്ലിന്റെ ഗിഗാബൈറ്റ് റൗട്ടറുമായി ഒപ്റ്റിക്കൽ ഫൈബറിലൂടെ സ്മാർട്ട്‌സിറ്റിയെ ബന്ധിപ്പിക്കാനാകും. ഉയർന്ന ടെലി സാന്ദ്രതയും ഒപ്റ്റിക് ഫൈബർ കേബിളുകളുടെ ബന്ധിപ്പിക്കലുകളും കൊച്ചിയെ കമ്യൂണിക്കേഷൻ ഹബ്ബാക്കി മാറ്റുന്നുണ്ട്. ഐ.ടി സ്‌പേസിനായി ധാരാളം ആവശ്യക്കാരും കന്പനികളുമൊക്കെയുണ്ടെങ്കിലും കൊച്ചിയിൽ ഇനിയും മതിയായ രീതിയിൽ അടിസ്ഥാന സൗകര്യം ഒരുക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കൊച്ചിയിൽ ഐ.ടി സ്‌പേസിന് വലിയ ഡിമാന്റ് ഉണ്ടെങ്കിലും അത് ഇവിടെ ലഭ്യമായിട്ടില്ല. അതുകൊണ്ടാണ് പുറമേ നിന്നു നോക്കുന്പോൾ ഐ.ടി രംഗത്ത് കൊച്ചി പിന്നിൽ നിൽക്കുന്നത്. ടിയർ 2 ലൊക്കേഷനുകളിൽ കൊച്ചി ഒന്നാം സ്ഥാനത്താണെങ്കിലും (പൂനെയായിരുന്നു നേരത്തെ ടിയർ 2വിൽ ഒന്നാം സ്ഥാനത്തെങ്കിലും ആ നഗരം ഇപ്പോൾ ടിയർ 1ലേക്ക് മാറി) കൊച്ചിയിലെ സാധ്യതകളെപ്പറ്റി ഇപ്പോഴും ക്ലയന്റ്‌സിന് അവബോധം നൽകേണ്ടതായി വരുന്നുവെന്നതും സ്മാർട്ട് സിറ്റിയും ഇൻഫോ പാർക്കും നേരിടുന്ന വെല്ലുവിളിയാണ്. കോയന്പത്തൂർ, ജയ്പൂർ, ഭുവനേശ്വർ തുടങ്ങിയ പ്രദേശങ്ങളാണ് കൊച്ചിയുമായി താരതമ്യപ്പെടുത്തുന്ന മറ്റിടങ്ങൾ. മെട്രോ റെയിൽ, ഷോപ്പിങ് മാളുകൾ, കോസ്‌മോപൊളിറ്റൻ ജീവിതശൈലി, റിക്രിയേഷണൽ ആക്ടിവിറ്റീസിനുള്ള ഇടങ്ങൾ എന്നിവയൊക്കെ കൊച്ചിയിലുണ്ടായി വരുന്നുവെന്നത് കൂടുതൽ മെച്ചപ്പെട്ട ഐ.ടി വളർച്ചയ്ക്ക് അനുകൂലമായ ഘടകങ്ങളായി വിപണനം ചെയ്യപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട.
2020−ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 5000 കോടി രൂപയുടെ പദ്ധതിയാണ് സ്മാർട്ട് സിറ്റി. പദ്ധതി പൂർത്തിയാകുന്പോൾ 90,000 പേർക്ക് തൊഴിൽ ലഭ്യമാക്കാനാകുമെന്നാണ് കന്പനിയുടെ വാഗ്ദാനം. ദുബൈ ഹോൾഡിങ്‌സ് കന്പനിയുടെ അനുബന്ധ കന്പനിയായ സ്മാർട്ട് സിറ്റി ഇന്ത്യ എഫ്.ഇസെഡ്.എൽ.എൽ. സിയും കേരള സർക്കാരുമാണ് നിർമ്മാണത്തിലെ പാർട്‌നർമാർ. സ്മാർട്ട് സിറ്റിക്ക് 84 ശതമാനം ഓഹരിയും കേരള സർക്കാരിന് പദ്ധതിയിൽ 16 ശതമാനം ഓഹരിയുമാണ് ഉള്ളത്. പ്രൊമോട്ടർമാരായ ദുബൈ ഹോൾഡിങ്‌സിന് ദുബൈയിൽ നോളെജ് ക്ലസ്റ്ററുകൾ വികസിപ്പിക്കുകയും അതിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്ത അനുഭവപരിചയമുണ്ട്. ദുബൈയിൽ പതിനൊന്ന് ക്ലസ്റ്ററുകളുള്ളതിൽ അവിടെ 5000 കന്പനികളും 50,000 ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്. മീഡിയ, ഫിനാൻസ്, ഐ.ടി, വിദ്യാഭ്യാസം, ഗവേഷണവികസനം, സയൻസസ്, നിർമ്മാണം തുടങ്ങിയ വിവിധ മേഖലകളുണ്ട്. ദുബൈ സ്റ്റുഡിയോ സിറ്റി, ഇന്റർനെറ്റ് സിറ്റി, മീഡിയ സിറ്റി, നോളെജ് വില്ലേജ്, ബയോടെക് പാർക്ക് മുതലായവ ദുബൈയെ അന്താരാഷ്ട്ര കന്പനികളുടേയും നോളെജ് സെന്ററുകളുടേയും ഒരു കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ഈ അനുഭവ പരിചയമാണ് ദുബൈ ഹോൾഡിങ്‌സ് കൊച്ചിയിലേയ്ക്ക് സ്മാർട്ട് സിറ്റി എത്തിക്കുന്നത്. മാസ്റ്റർ ഡവലപ്പറായ സ്മാർട്ട് സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്‌ചൈർ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ കാനഡ ആസ്ഥാനമായ ബി+എച്ച് രൂപകൽപ്പന ചെയ്ത മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് സ്മാർട്ട് സിറ്റിയുടെ നിർമ്മാണം. മൊത്തം 246 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്മാർട്ട് സിറ്റിയുടെ നിർമ്മാണത്തിനായി എൻ.സി.സി ലിമിറ്റഡിനാണ് സിവിൽ വർക്കിനും സ്ട്രക്ചറൽ വർക്കിനുമുള്ള കരാർ നൽകിയിരിക്കുന്നത്. സ്മാർട്ട് സിറ്റി കൊച്ചിയിൽ ഐ.ടി, മീഡിയ, ഫിനാൻസ്, റിസർച്ച് ആന്റ് ഇന്നവേഷൻ മേഖലയിൽ നിന്നുള്ള നോളെജ് ക്ലസ്റ്ററുകളാകും ഉണ്ടാകുക. കാക്കനാട്ടെ സ്മാർട്ട് സിറ്റിയുടെ പദ്ധതി പ്രദേശത്ത് 6.5 ലക്ഷം ചതുരശ്ര അടിയുള്ള എസ്.സി.കെ 01 എന്ന ആദ്യ കെട്ടിടത്തിന്റെ ഉൽഘാടനമാണ് ഫെബ്രുവരി അവസാനവാരത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഒരു ലക്ഷം ചതുരശ്ര അടി ഫ്‌ളോർ ഏരിയയുള്ള ആറ് ഫ്‌ളോറുകളാകും ഉണ്ടാകുക. ലീഡ് പ്ലാറ്റിനം റേറ്റിങ് എസ്.സി.കെ 01 നോളെജ് അധിഷ്ഠിത വ്യവസായങ്ങൾക്കുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ഒരുങ്ങുന്നത്. എസ്. സി.കെ 01ന്റെ താഴത്തെ നിലയിൽ ഫുഡ് ആന്റ് ബെവറേജസ്, റീടെയ്ൽ വ്യാപാരത്തിനുള്ള സൗകര്യവും നോളെജ് വർക്കേഴ്‌സിന്റെ സൗകര്യത്തിനായി ഒരുക്കുന്നുണ്ട്. കൊച്ചിയുടെ റിയൽ എേസ്റ്ററ്റ് രംഗത്തെ ശേഷിയിൽ തന്നെയാണ് വാസ്തവത്തിൽ സ്മാർട്ട് സിറ്റി പോലൊരു പ്രോജക്ട് നടപ്പാക്കുന്പോൾ റിയൽ എേസ്റ്ററ്റ് ഡവലപ്പർമാരുടെ കണ്ണ്. അടിസ്ഥാന സൗകര്യവികസനം നടത്തുന്നതിനൊപ്പം വിവിധ ക്ലയന്റുകളെ അതുവഴി ആകർഷിച്ച് ഐടിയിലും മറ്റ് ഐ.ടി ഇതര വ്യവസായങ്ങളിലും മുതൽമുടക്ക് സമാഹരിക്കുകയുമാണ് സ്മാർട്ട് സിറ്റി വാസ്തവത്തിൽ ചെയ്യുന്നത്. നാലു ഘട്ടങ്ങളായിട്ടാണ് സ്മാർട്ട് സിറ്റി പൂർത്തീകരിക്കുക. മൊത്തം 88 ലക്ഷം ചതുരശ്ര അടിയിൽ 65 ലക്ഷം ചതുരശ്ര അടിയാണ് ഐ ടിയ്ക്കും അനുബന്ധ വ്യവസായങ്ങൾക്കുമായി മാറ്റി വെയ്ക്കുന്നതെങ്കിൽ ബാക്കി ഭാഗം ഹോട്ടൽ, ആശുപത്രി, ക്ലബുകൾ, അപ്പാർട്ടുമെന്റുകൾ, വില്ലകൾ, സ്‌കൂളുകൾ, മാൾ, മൾട്ടിപ്ലക്‌സുകൾ എന്നിവയ്ക്കാണ് മാറ്റിവച്ചിരിക്കുന്നത്. ഹോളിഡേ ഗ്രൂപ്പ്, പ്രസ്റ്റീജ് ഗ്രൂപ്പ്, ലുലു സാൻഡ്‌സ് ഇൻഫ്രാ, ജെംസ് ഇന്റർനാഷണൽ സ്‌കൂൾ, എൽടൺ ടെക്‌നോളജീസ് തുടങ്ങിയ സ്ഥാപനങ്ങളൊെക്ക തന്നയും വിവിധ കെട്ടിട സമുച്ചയങ്ങൾ സ്മാർട്ട് സിറ്റിയിൽ നിർമ്മിക്കുന്നുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിക്കു മുന്നിലുണ്ടായിരുന്ന ഒരു പ്രധാന വിഘ്‌നവും റിയൽ എേസ്റ്ററ്റിന്റെ വിൽപന സംബന്ധിച്ചുണ്ടായ തടസ്സവാദങ്ങളും നദിയാൽ വേർതിരിക്കപ്പെട്ട പ്രദേശത്തിന് ഒറ്റ സെസ് പദവി നൽകുന്നതു സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളുമായിരുന്നു. സ്മാർട്ട് സിറ്റി പ്രദേശത്തെ ഫ്രീഹോൾഡ് ഭൂമിയുടെ 12 ശതമാനം വിൽക്കാനുള്ള അനുവാദം ടീകോം ഇൻവെസ്റ്റ്‌മെന്റിന് നൽകണമെന്ന കാര്യത്തിലായിരുന്നു പ്രധാന തർക്കം. സർക്കാർ 12 ശതമാനം ഭൂമി നൽകാൻ തയാറാണെന്ന് പറഞ്ഞെങ്കിലും അത് പ്രത്യേക സാന്പത്തിക മേഖലാ പ്രദേശത്ത് തന്നെയായിരിക്കുമെന്ന് വ്യക്തമാക്കുകയായിരുന