കരകയറാനാകാത്ത കടത്തിൽ!
1984−85 മുതൽ ഇന്ന് വരേയ്ക്കുള്ള റവന്യൂ കമ്മിയാണ് കേരളത്തിൽ സാന്പത്തിക പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. മാറിവരുന്ന സർക്കാരുകൾ പ്രീണനങ്ങൾ അവസാനിപ്പിക്കാത്തപക്ഷം കേരളം കടക്കെണിയിൽപ്പെട്ട് നിലംപരിശാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
“ഒരു നിശ്ചയവുമില്ലെയൊന്നിനും വരുമോരോദശ വന്നപോലെപോം”− എന്ന് കവി പാടിയത് ഇപ്പോൾ യു ഡി എഫ് സർക്കാരിന്റെ കാര്യത്തിലും ശരി തന്നെയാണെന്ന് ഭരണത്തിന്റെ പോക്കു കാണുന്നവർക്ക് തോന്നിപ്പോകും. വികസന പദ്ധതികൾ വലിയ കാലതാമസം നേരിടുന്നുവെന്നത് ഒരു വശത്ത്. വികസന പദ്ധതികൾക്കായി സ്ഥലമൊഴിഞ്ഞുകൊടുത്തവർക്കായി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജുകൾ വർഷങ്ങൾ പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങുന്നുവെന്നത് മറുവശത്ത്. ഇതിനൊക്ക പുറമേ ഇടയ്ക്കിടെ എൻഡോസൾഫാൻ ഇരകളേയും ആദിവാസികളേയുമൊക്കെ ഇടയ്ക്കിടെ സമരത്തിനായി തെരുവിലിറക്കിക്കൊള്ളാമെന്ന നേർച്ചയും വേറെയുണ്ട്. പക്ഷേ കൂനിന്മേൽ കുരു പോലെ വലിയ സാന്പത്തിക പ്രതിസന്ധിയും ഇപ്പോൾ സർക്കാരിനെ കാത്തിരിക്കുന്നുണ്ട്. കടമെടുത്ത് മാത്രം ദിവസേനെ കഴിഞ്ഞുപോകുന്ന കേരളത്തിന്റെ അവസ്ഥ വരും ദിവസങ്ങളിൽ കൂടുതൽ ദയനീയമായി മാറാനുള്ള സാധ്യതകളാണ് ഇപ്പോൾ കാണുന്നത്.
ഏതാനും ദിവസങ്ങൾക്കു മുന്പ് സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) കെ. എം എബ്രഹാം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായ വിശ്വാസ് മേത്തയ്ക്ക് അതിനിശിതമായ ഭാഷയിൽ ഒരു കത്തെഴുതിയിരുന്നു. റവന്യൂ വകുപ്പിന്റെ പിടിപ്പുകേടു മൂലം സംസ്ഥാന ഖജനാവിലേയ്ക്ക് എത്തേണ്ടിയിരുന്ന തുകയുടെ 32 ശതമാനം മാത്രമാണ് ഖജനാവിലേയ്ക്ക് എത്തിയതെന്നായിരുന്നു കുറ്റപ്പെടുത്തൽ. കഴിഞ്ഞ വർഷത്തിൽ ഇതേ കാലയളവിൽ ലഭിച്ച വരുമാനത്തിൽ നിന്നും 6.3 ശതമാനമായിരുന്നുവത്രേ ഇക്കഴിഞ്ഞ നവംബർ മാസത്തെ റവന്യൂ വരുമാനം. സംസ്ഥാന ഖജനാവിലേയ്ക്ക് ഈ വർഷം സ്വരൂപിക്കേണ്ടിയിരുന്ന 51,078 കോടി രൂപയിൽ 1974.92 കോടി രൂപയാണ് റവന്യൂ വകുപ്പിനു കീഴിൽ പല കേസ്സുകളിലും േസ്റ്റ ഓർഡറുകളിലും പെട്ടു കിടക്കുന്നത്. അതിൽ തന്നെ 1873 കോടി രൂപ വിൽപ്പന നികുതി കുടിശ്ശികയും കാർഷികാദായ നികുതിയും അബ്കാരികൾ നൽകേണ്ടുന്ന ബാക്കി തുകയും മോട്ടോർ വാഹന നികുതിയും വ്യക്തികൾക്ക് നൽകപ്പെട്ട വായ്പയുടെ കുടിശ്ശികയും സംസ്ഥാന സർക്കാരിനു കീഴിലുള്ള ധനകാര്യ ഏജൻസികളും ബോർഡുകളും കോർപ്പറേഷനുകളും നൽകേണ്ടുന്ന തുകയുമൊക്കയാണ്. സർക്കാരിന്റെ നികുതിയുടെ സിംഹഭാഗവും വരുന്നത് പെട്രോൾ, മദ്യം, ഭാഗ്യക്കുറി എന്നിവയിലൂടെയാണെങ്കിലും റവന്യൂ റിക്കവറിയിലൂടെ ലഭിക്കേണ്ടുന്ന തുകയും വളരെ പ്രധാനം തന്നെയാണ്. മുൻ വർഷങ്ങളിലെന്ന പോലെ തന്നെ ഈ വർഷവും സംസ്ഥാന സർക്കാർ സാന്പത്തികകാര്യത്തിൽ നൂൽപ്പാലത്തിലൂടെ തന്നെയാണ് നീങ്ങുന്നതെന്ന് വ്യക്തം.
വായ്പയെടുത്ത തുക ഉപയോഗിച്ച് പൊതുജനാരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമൊക്കെ കെട്ടിപ്പൊക്കി കേരളാ മോഡലിന് രൂപം നൽകിയ സർക്കാർ പക്ഷേ കേരളത്തിന്റെ വർദ്ധിച്ച പ്രതിശീർഷ ഗാർഹിക ഉപഭോഗത്തിന്റേയും കുടിയേറ്റത്തിൽ നിന്നുണ്ടായ ധനലബ്ധിയുടേയുമൊക്കെ പങ്ക് ഖജനാവിലേക്ക് നികുതി രൂപത്തിൽ തിരിച്ചെത്തിക്കുന്നതിൽ പരാജയമായെന്നാണ് ഇതിന്റെ ചുരുക്കം. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും അഴിമതിയും കെടുകാര്യസ്ഥതയും മൂലം നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ആശുപത്രികളിലേയും സൗജന്യങ്ങൾ അർഹിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ നാം തയാറാകാതിരുന്നത് വലിയ സാന്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുകയും ചെയ്തു. പൊതുകടം ഉപയോഗിച്ച് സൃഷ്ടിച്ച സാമൂഹ്യ ആസ്തികൾ ഖജനാവിലേക്ക് ഒന്നും തന്നെ തിരിച്ചെത്തിക്കാതായതോടെ സാന്പത്തിക പ്രതിസന്ധിയിലേയ്ക്ക് കേരളം നീങ്ങിത്തുടങ്ങി. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം നമ്മുടെ പൊതു കടം മൂന്നിരിട്ടിയായി വർദ്ധിച്ചിരിക്കുന്നു! കേരളത്തിന്റെ പൊതു കടം 2012−13−ൽ 1,03,560 കോടി രൂപയായിരുന്നത് 2013−14−ൽ 1,17,596 കോടി രൂപയായി ഉയർന്നു. ശന്പളത്തിനും പെൻഷനും പലിശ നൽകാനുമൊക്കെ കടമെടുക്കേണ്ട ഗതികേടിലേയ്ക്ക് സംസ്ഥാനം കൂപ്പുകുത്തി. 2012−13−ൽ 17,313 കോടി രൂപയായിരുന്ന സർക്കാരിന്റെ ശന്പള ബിൽ 2013−14−ൽ രണ്ടായിരം കോടി രൂപയിലധികം വർദ്ധിച്ച് 19,327 കോടി രൂപയിലെത്തി. ക്ഷേമ ആനുകൂല്യമൊക്കെയായി പെൻഷൻ ചെലവാകട്ടെ 2012−13−ൽ 8868 കോടി രൂപയായിരുന്നത് 2013−14−ൽ 9971 കോടി രൂപയായി വർദ്ധിച്ചു. ഇതിന്റെയൊക്കെ പ്രത്യാഘാതം നാം കൺമുന്പിൽ തന്നെ കാണുന്നുണ്ട്. നമ്മുടെ റവന്യൂ വരുമാനത്തിന്റെ ഏതാണ്ട് 60 ശതമാനത്തോളം സമൂഹത്തിലെ 5 ശതമാനത്തിൽ താഴെ മാത്രം വരുന്ന സർക്കാർ ജീവനക്കാർക്ക് പെൻഷനും ശന്പളവും നൽകാൻ മാത്രമായി നീക്കി വെയ്‌ക്കേണ്ടി വരികയും അവന്റെ മക്കൾ എഞ്ചിനീയറിങ്−മെഡിക്കൽ സ്ഥാപനങ്ങളിൽ മെറിറ്റിൽ സർക്കാരിന്റെ സന്പൂർണ്ണ സബ്‌സിഡി ആനുകൂല്യങ്ങൾ പറ്റിക്കൊണ്ട് കുറഞ്ഞ ചെലവിൽ പഠിക്കുകയും ചെയ്യുന്നു.
അക്കൗണ്ടന്റ് ജനറലിന്റെ കണക്കനുസരിച്ച് ഏതാണ്ട് 15,000 കോടി രൂപയോളം പിരിച്ചെടുക്കാനുള്ള നികുതികളുടെ അരിയേഴ്‌സ് സംസ്ഥാനത്ത് ഇന്നുണ്ട്. ഇത് കിട്ടേണ്ടത് പലതും സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നു തന്നെയാണ്. കുറെയെണ്ണത്തിന്റെ കാര്യത്തിൽ കോടതിയുടെ സ്‌റ്റേകളുമുണ്ട്. ഇക്കാരണങ്ങളൊക്കെ കൊണ്ടു തന്നെ ഈ സാന്പത്തിക വർഷം തുടങ്ങിയതു മുതൽ സാന്പത്തിക ഞെരുക്കത്തിലായിരുന്നു സർക്കാർ. പക്ഷേ അടിയന്തരമായി പരിഹാരം കാണാനാകുന്ന പലതും മുന്നിലുണ്ടെങ്കിലും അവയെല്ലാം അവഗണിച്ചുകൊണ്ടാണ് സാന്പത്തിക പ്രതിസന്ധിയെപ്പറ്റി സർക്കാർ വേവലാതിപ്പെടുന്നതെന്നതാണ് ദയനീയമായ കാര്യം. നികുതി വെട്ടിപ്പ് തടയാനാവശ്യമായ സംവിധാനങ്ങൾ ശക്തമാക്കുന്ന നടപടി ഉണ്ടായിട്ടില്ലെന്നു മാത്രമല്ല രാഷ്ട്രീയ നേതാക്കളിൽ നിന്നും നികുതി വെട്ടിപ്പിന് സഹായകമായ നീക്കങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരിക്കുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പലർക്കും നീതിപൂർവ്വം പ്രവർത്തിക്കാനാകാത്ത ഒരു സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. താഴേയ്ക്കിടയിൽ നിന്നും മേലെ നിന്നുമൊക്കെ നികുതി ഒഴിവാക്കിക്കൊടുക്കാനുള്ള സമ്മർദ്ദം ഉദ്യോഗസ്ഥർക്കുമേൽ പതിക്കുന്നുണ്ട്. കൈക്കൂലി വാങ്ങിെക്കാണ്ട് നികുതിക്കുടിശ്ശിക ഒഴിവാക്കിക്കൊടുക്കാൻ ശ്രമിക്കുന്ന സർക്കാർ ഉള്ളപ്പോൾ നികുതി വരുമാനം കുറയുന്നതിനെപ്പറ്റി അവർ തന്നെ ആശങ്കപ്പെടുന്നതിൽ എന്തുകാര്യം. പോരാത്തതിന് പല വകുപ്പുകളുടേയും തോന്ന്യാസങ്ങൾ കൊണ്ടുണ്ടാകുന്ന അധിക ചെലവുകൾ വേറെയും. അഞ്ചു ലക്ഷത്തോളം പേർക്കാണ് ട്രഷറിയിൽ നിന്നും ശന്പളം കൊടുക്കുന്നത്. ഇതിൽ സർക്കാർ ജീവനക്കാരും സ്വകാര്യ എയ്ഡഡ് സ്ഥാപന ജീവനക്കാരും ഉൾപ്പെടുന്നു. അതിന്റെ 50 ശതമാനത്തോളം വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. യൂണിവേഴ്‌സിറ്റികൾ കൂടി ഇതിനൊപ്പം ചേർത്താൽ അത് വീണ്ടും വർദ്ധിക്കും. സർക്കാർ പുതിയ സ്‌കൂളുകളും ബാച്ചുകളുമൊക്കെ കണക്കുകൾ പരിശോധിക്കാതെ അനാവശ്യമായി വാരിക്കോരി നൽകുന്പോൾ അതിനനുസരിച്ച് വലിയ സാന്പത്തിക നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതി കൊണ്ടു മാത്രം പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് സർക്കാർ എന്ന കാര്യം പലപ്പോഴും സർക്കാർ തന്നെ വിസ്മരിക്കുന്നുവെന്നതാണ് വാസ്തവം. സർക്കാർ സേവനങ്ങളൊക്കെ സൗജന്യമാണെന്ന മട്ടിലാണ് രാഷ്ട്രീയ നേതാക്കളും ഭരണകർത്താക്കളുമൊക്കെ ജനങ്ങളോട് പറയുന്നത്. സർക്കാർ ചെലവുകൾക്കായുള്ള മുഴുവൻ പണവും നികുതികളിലൂടെ ജനങ്ങളിൽ നിന്നു തന്നെ പിരിച്ചെടുക്കുന്നതാണെന്ന യാഥാർത്ഥ്യം അവിടെ വിസ്മരിക്കപ്പെടുന്നു. സർക്കാർ സേവനങ്ങളുടെ നിലവാരം മെച്ചപ്പെട്ടതാകണമെങ്കിൽ നികുതി വരുമാനം കൂടുകയും സർക്കാർ ചെലവ് കുറയ്ക്കുകയും വേണമെന്ന അടിസ്ഥാന തത്വം പാലിക്കപ്പെടാതെ പോകുകയും ചെയ്യുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം വിൽപ്പന നികുതിയും മൂല്യവർധിത നികുതിയും സംഭാവന ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് വിദേശമദ്യവും രണ്ടാം സ്ഥാനത്ത് പെട്രോളിയം ഉൽപ്പന്നങ്ങളും മൂന്നാം സ്ഥാനത്ത് മോട്ടോർ വാഹനങ്ങളും നാലാം സ്ഥാനത്ത് സിമെന്റും അഞ്ചാം സ്ഥാനത്ത് റബ്ബറുമാണുള്ളത്. ആറും ഏഴും സ്ഥാനത്താണ് ജുവലറിയും മരുന്നും. പക്ഷേ മറ്റു പല മേഖലകളിലും വലിയ തോതിൽ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് നിർമ്മാണരംഗത്ത് വലിയ കുതിപ്പുണ്ടാകുന്പോഴും സാനിട്ടറി വലിയ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ നികുതി വരുമാനത്തിൽ നിന്നുള്ള കുറവ് വ്യക്തമാക്കുന്നത്. കേരളത്തിലെ അഞ്ച് പ്രധാന അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ പ്രതിദിനം 4000−ത്തിലധികം ചരക്കുലോറികളും മറ്റ് പതിനഞ്ച് ചെറിയ ചെക്ക് പോസ്റ്റുകളിലൂടേയും നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നിരിക്കേ, ഈ ചെക്ക് പോസ്റ്റുകളിലെ അഴിമതിക്ക് തടയിട്ടാൽ തന്നെയും നമ്മുടെ റവന്യൂ വരുമാനം ഉയർത്താനാകും. പബ്ലിക് എക്‌സ്‌പെൻഡിച്ചർ കമ്മിറ്റി നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനുള്ള പല നിർദ്ദേശങ്ങളും മുന്നോട്ടു വച്ചെങ്കിലും അവയും കടലാസിൽ തന്നെ. 1)നികുതിയേതര വരുമാനത്തിന്റെ 49 ശതമാനത്തോളം ലഭിക്കുന്ന ലോട്ടറി നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുകയും വ്യാജ ക്ലെയിമുകൾ തടയാനും തട്ടിപ്പുകൾ തടയാനും സംവിധാനമൊരുക്കുക 2) വനത്തിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളെടുക്കുക 3) മോട്ടോർ വാഹന വകുപ്പിൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അടക്കം വിവിധ ആവശ്യങ്ങൾക്കായുള്ള ഫീസ് വർദ്ധിപ്പിക്കൽ 4) പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ പല മേഖലകളിൽ നിന്നുമുള്ള (പെറ്റിക്കേസുകളുടെ പിഴ, റോഡ് നിയമം പാലിക്കാത്തതിലെ പിഴ തുടങ്ങിയവ) ഫീസുകളുടെ വർദ്ധനവ് 5) അനധികൃത കരിങ്കൽ ക്വാറികൾക്ക് പിഴയൊടുക്കി രജിസ്ട്രേഷൻ നൽകിക്കൊണ്ടും മൂന്നുവർഷത്തിലൊരിക്കൽ നിരക്ക് പുതുക്കിക്കൊണ്ടും അധികവരുമാന സാധ്യത 6) മെഡിക്കൽ −എഞ്ചിനീയറിങ് കോളെജുകളിലെ ഫീസുകൾ വർഷം തോറും 5 ശതമാനം നിരക്കിൽ വർധിപ്പിക്കുക 7) ജലസേചന വകുപ്പിൽ നിരക്കുകൾ വർദ്ധിപ്പിക്കുക (1974−ൽ തീരുമാനിച്ച നിരക്കുകളാണ് ഇപ്പോഴും അവിടെ നിലനിൽക്കുന്നത്), 8) ജയിലിൽ മൈക്രോ−മിനി സംരംഭങ്ങൾ തുടങ്ങി റവന്യു വരുമാനം ഉയർത്തുക. ഇത്തരത്തിൽ നികുതിയേതര വരുമാനം ലഭ്യമാകുന്ന ഏതാണ്ട് 25−ഓളം ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നും ശേഖരിക്കാവുന്ന വരുമാനമെത്രയേന്ന് കമ്മിറ്റി കണ്ടെത്തി സർക്കാരിന് വിവരം നൽകിയിട്ട് വർഷമൊന്നായെങ്കിലും ഇതു സംബന്ധിച്ച് നടപടിക്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല.
ഇ-ഭരണത്തിലേയ്ക്ക് പോകുന്തോറും സർക്കാർ ഒഴിവാക്കേണ്ടതായ പല തസ്തികകളും ഇന്ന് നിലവിലുണ്ട്. ഇത്തരത്തിലുള്ള 30,000−ത്തോളം തസ്തികകൾ ധനകാര്യവകുപ്പിന്റെ ഉന്നതാധികാര സമിതി നേരത്തെ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ തസ്തികകൾ ഒഴിവാക്കുന്ന പക്ഷം പ്രതിവർഷം സർക്കാരിന് 300 കോടി രൂപയുടെ ചെലവ് കുറയ്ക്കാനാകുമെന്നാണ് അവരുടെ കണ്ടെത്തൽ. വിദ്യാഭ്യാസ വകുപ്പിലാണെങ്കിൽ ഏതാണ്ട് 3580 സ്‌കൂളുകൾ സാന്പത്തികമായി ലാഭകരമല്ലാത്തവയാണെന്ന് കണ്ടെത്തിയിരുന്നു. ആദിവാസി മേഖലയിലുള്ള സ്‌കൂളുകൾ ഒഴിച്ചു നിർത്തിക്കൊണ്ട് ഇത്തരം സ്‌കൂളുകളെ മൂന്നു കിലോമീറ്റർ പരിധിയിലുള്ള മറ്റ് സ്‌കൂളുകളുമായി യോജിപ്പിക്കുന്ന പക്ഷം പ്രതിവർഷം ഇത്തരം അൺ ഇക്കണോമിക് സ്‌കൂളുകൾക്ക് 450 കോടി രൂപ ശന്പള ഇനത്തിൽ ലാഭിക്കാനാകും. സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങൾ അനുവദിക്കുന്നതിലൂടെ ശന്പള ഇനത്തിലും പെൻഷനായുമെല്ലാം വലിയൊരു തുക സർക്കാരിന് അനുവദിച്ചു നൽകേണ്ടതായി വരുന്നു. ഭാവിയിൽ പുതുതായി അത്തരത്തിലുള്ള എയ്ഡഡ് സ്ഥാപനങ്ങൾ പാടില്ലെന്ന് പബ്ലിക് എക്‌സ്‌പെൻഡിചർ കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ പുതിയ ബാച്ചുകൾ തുടങ്ങണമെങ്കിൽ അത് അൺഎയ്ഡഡ് സ്ട്രീമിലായിരിക്കണമെന്നും കമ്മിറ്റി നിർദ്ദേശം വെച്ചു. പക്ഷേ ഒന്നും കണക്കിലെടുക്കാതെയാണ് സർക്കാർ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സാന്പത്തിക പ്രതിസന്ധിക്ക് എപ്പോഴും സർക്കാർ കാരണമായി പറയുന്നത് പെൻഷനും ശന്പളവും കൊടുക്കുന്നതാണ്. അങ്ങനെയാണെങ്കിൽ എന്തിനാണ് സർക്കാർ വീണ്ടും വീണ്ടും എയ്ഡഡ് കോളെജുകൾ അനുവദിക്കുന്നത്? അനിയന്ത്രിതമായ വലിയ അളവിലുള്ള പെൻഷൻ നൽകുന്നുണ്ടെങ്കിൽ അത് ഒരു നിശ്ചിത പരിധിയിലേയ്ക്ക് എത്തിക്കുന്നതിനെപ്പറ്റി ആലോചിക്കേണ്ടതുണ്ട്. സർക്കാർ ജീവനക്കാർക്ക് പുറത്തുള്ളവരേയും പെൻഷൻ പോലുള്ള സംവിധാനങ്ങളിലേക്ക് കൊണ്ടു വന്ന് വാർദ്ധക്യകാലത്ത് സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുകയാണ് വാസ്തവത്തിൽ ചെയ്യേണ്ടത്. 30,000 രൂപയ്ക്കുമേൽ പെൻഷൻ നൽകാനാവില്ലെന്ന് സർക്കാർ പരിധി വെയ്ക്കണം. സർക്കാരിന്റെ നികുതിപ്പണം ഉപയോഗിച്ച് ശന്പളം നൽകുന്ന സ്ഥാപനങ്ങളിലെ നിയമനങ്ങളടക്കം പബ്ലിക് സർവ്വീസ് കമ്മീഷനിലേയ്ക്ക് മാറ്റപ്പെടുകയും വേണം.
ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധി 1984−85 കാലയളവിൽ കേരളത്തിൽ റവന്യൂ കമ്മി വരാൻ തുടങ്ങിയ സമയം മുതൽ ആരംഭിച്ചതാണ്. അന്നു മുതൽ ഇന്നുവരെ റവന്യൂ കമ്മി കൂടിക്കൂടി വരികയാണ്. ഇനിയും ഇതിനൊക്കെ ശാശ്വതമായ ഒരു പരിഹാരം പ്രീണനരഹിതമായി കണ്ടെത്തിയിെല്ലങ്കിൽ സർക്കാരിനെ സാന്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിൽ നിന്നും രക്ഷിക്കാൻ ഒരു മാർഗ്ഗത്തിനും സാധിക്കാതെ വരും.