ചട്ടങ്ങളിലെ കല്ലുകടികൾ
വിദ്യാഭ്യാസ അവകാശ നിയമത്തിനു കീഴിൽ കേരള സർക്കാർ രൂപം നൽകിയ ചട്ടങ്ങൾ പലതും അപ്രായോഗികവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയുമാണ്
ഇക്കഴിഞ്ഞ ഡിസംബർ 16−ന് ഹൈക്കോടതിയുടെ ഒരു സുപ്രധാന വിധി വന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിനു (റൈറ്റ് ടു എജ്യൂക്കേഷൻ) കീഴിൽ കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കേരളത്തിൽ ബാധകമാക്കണമെന്നായിരുന്നു വിധിന്യായം. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിൽ 30:1 എന്ന അനുപാതത്തിലാകണം വിദ്യാർത്ഥികളും അദ്ധ്യാപകനുമെന്നും ആറു മുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ 35:1 എന്ന അനുപാതത്തിലുമായിരിക്കണമെന്നുമായിരുന്നു കോടതി വിധി. ഇത് സ്‌കൂളിലെ മൊത്തം അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും അനുപാതത്തിലല്ല മറിച്ച് ഓരോ ക്ലാസുകളേയും ആശ്രയിച്ചായിരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ) പ്രകാരം ഇത് നിലവിൽ 45:1 ആണ്. ഈ വിധിന്യായം പാലിക്കപ്പെടണമെങ്കിൽ സ്‌കൂളുകളിലെ അദ്ധ്യാപകരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തേണ്ടതുണ്ടെന്നും അത് അധിക സാന്പത്തിക ബാധ്യതയ്ക്കിടയാക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം. 2009 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ശരിയായ രീതിയിൽ നടപ്പാക്കുന്നതിൽ കേരളം ഇപ്പോഴും പിന്നോട്ടു പോയിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വിധി തെളിയിക്കുന്നത്. ആറു വയസ്സു മുതൽ 14 വയസ്സു വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി നിർബന്ധ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സ്വപ്നതുല്യമായ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്ന നിയമത്തെപ്പറ്റി കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കുറെക്കാലമായെങ്കിലും ഇപ്പോഴും അത് സംസ്ഥാനത്ത് കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത മട്ടിൽ നടപ്പിലായിട്ടില്ല. പാവപ്പെട്ടവന്റെ വിദ്യാഭ്യാസത്തിന് സംരക്ഷണം നൽകുന്ന ഈ നിയമം ഇനിയും കടലാസിൽ തന്നെ ഒതുങ്ങിയിരിക്കുകയാണെന്ന് വ്യക്തം. 2010 ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിൽ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും അത് നടപ്പാക്കാനുള്ള ബാധ്യത അതാത് സംസ്ഥാനങ്ങൾക്കായതിനാൽ കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. യു.പി.എ സർക്കാർ ഏറെ കൊട്ടിഘോഷിച്ച് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ഇനിയും അതിന്റെ യഥാർത്ഥ അർത്ഥതലത്തിൽ കേരളത്തിൽ നടപ്പാക്കുന്നതിൽ എന്തുകൊണ്ടാണ് സർക്കാർ അറച്ചുനിൽക്കുന്നത്?
എന്താണ് വിദ്യാഭ്യാസ അവകാശ നിയമം? ആരൊയൊക്കെയാണ് വിദ്യാഭ്യാസ അവകാശ നിയമം ദോഷകരമായി ബാധിക്കുക? ആറു വയസ്സിനും 14 വയസ്സിനുമിടയ്ക്ക് പ്രായമുള്ള ഒരു കുട്ടിക്ക് സാമ്പത്തികമായോ സാമൂഹികമായോ ഉള്ള പിന്നാക്കാവസ്ഥ മൂലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതെ പോകരുതെന്നും അത് ഏതുവിധേനയും അതവന് ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ നിയമം പാസ്സാക്കിയതും സംസ്ഥാനങ്ങളെ അത് നടപ്പാക്കാൻ ഉത്തരവാദപ്പെടുത്തിയതും. അടിസ്ഥാന വിദ്യാഭ്യാസത്തിനു അർഹരായ 19 കോടി കുട്ടികൾ ഇന്ത്യയിൽ ഉണ്ടെങ്കിലും അതിൽ 90 ലക്ഷം കുട്ടികൾ സ്‌കൂളിൽ എത്തുന്നില്ലെന്ന് യുനിസെഫ് കണക്കാക്കിയിരുന്നു. ഇതിനു പുറമേ സ്‌കൂളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ ശരാശരി 36 ശതമാനവുമാണ്. സ്ത്രീ വിദ്യാഭ്യാസം കൂടുതൽ പരിപോഷിപ്പിക്കാനും ബാലവേല നിരുത്സാഹപ്പെടുത്തുവാനുമുള്ള ധീരമായ ഒരു ചുവടുവെപ്പാണ് ഈ നിയമം. ഭരണഘടനയുടെ 254ാം വകുപ്പു പ്രകാരം അതുവരെ സംസ്ഥാന തലത്തിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ നിയമങ്ങളെല്ലാം മാറ്റിനിർത്തിക്കൊണ്ടാണ് ഈ പുതിയ നിയമത്തിന്റെ പിറവി. സ്‌കൂളിനു പുറത്തുള്ള ഏതാണ്ട് 92 ലക്ഷം കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്നതായിരുന്നു അതിന്റെ ആത്യന്തിക ലക്ഷ്യം. സ്‌കൂൾ പാലിക്കേണ്ടുന്ന നിയമങ്ങൾക്കു പുറമേ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ധ്യാപകർക്ക് മാന്യമായ ശന്പളം നൽകണമെന്നും നിയമം പറയുന്നുണ്ട്. നിർദ്ധന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ സ്വകാര്യ സ്‌കൂളുകളിലും 25 ശതമാനം സീറ്റുകൾ സംവരണം ചെയ്യണമെന്നും സർക്കാരിന്റെ അംഗീകാരം കിട്ടാത്ത സ്‌കൂളുകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും നിയമം പറയുന്നു. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലും ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് മൂന്നു കിലോമീറ്റർ ചുറ്റളവിലും സർക്കാർ സ്‌കൂളുകളോ എയ്ഡഡ് സ്‌കൂളുകളോ ഇല്ലാത്തപക്ഷം അൺഎയ്ഡഡ് സ്‌കൂളുകൾ പ്രവേശനം അനുവദിക്കേണ്ടതായി വരും. പഠനസംബന്ധിയായ കാര്യത്തിന് സ്‌കൂളിൽ നിന്നും വിദ്യാർത്ഥികളെ പുറത്താക്കുന്നതും ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏൽപ്പിക്കുന്നതും നിയമം കർശനമായ വിലക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ വിദ്യാലയങ്ങളിൽ ക്യാപിറ്റേഷൻ ഫീസും സംഭാവനയും വാങ്ങുന്നതും കുട്ടികളേയും രക്ഷിതാക്കളേയും പ്രവേശനം നൽകുന്നതിനായി സ്‌ക്രീൻ ചെയ്യുന്നതുമെല്ലാം നിയമം വിലക്കുന്നുണ്ട്. അദ്ധ്യാപകർക്ക് മിനിമം വിദ്യാഭ്യാസയോഗ്യത വേണമെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നു. ഒരർത്ഥത്തിൽ സ്വകാര്യ അൺഎയ്ഡഡ് സ്‌കൂളുകൾക്കും സി.ബി.എസ്.ഇ സ്‌കൂളുകൾക്കും ഏറെ ദോഷകരമായി ഭവിക്കുന്നതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ. എന്നാൽ ഈ നിയമം അതേപടി നടപ്പാക്കുന്നതിനെതിരെ ന്യൂനപക്ഷ മാനേജ്‌മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ന്യൂനപക്ഷ സമുദായക്കാർ നടത്തുന്ന സ്ഥാപനങ്ങളെ 25 ശതമാനം സീറ്റ് സംവരണത്തിന്റെ പരിധിയിൽ നിന്നും ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്.
അൺ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ന്യൂനപക്ഷം, അല്ലാത്തവ എന്നിങ്ങനെ വേർതിരിച്ചാണ് നിയമം നടപ്പാക്കുന്നത്. അങ്ങനെ വരുന്പോൾ കുറച്ചുപേർക്ക് മാത്രമാണ് അത് ബാധകമാകുന്നത്. 25 ശതമാനം ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികളെ പ്രവേശിപ്പിക്കണം എന്ന മാനദണ്ധം ന്യൂനപക്ഷത്തിന്റേതല്ലാത്ത സ്‌കൂളുകളെ മാത്രമേ ബാധിക്കുകയുള്ളു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം ഒരേ പോലെ കാണേണ്ടതായിട്ടുണ്ട്. ന്യൂനപക്ഷം, ന്യൂനപക്ഷമല്ലാത്തത് എന്ന വിവേചനം ശരിയല്ലെന്നാണ് ഇക്കാര്യത്തിൽ കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റെ വാദം.
2010 ഏപ്രിലിൽ നിയമം പ്രാബല്യത്തിൽ വന്ന് നാലു മാസങ്ങൾക്കുശേഷം 2010 ഓഗസ്റ്റിലാണ് നിയമത്തെപ്പറ്റി പഠിച്ച് നിർദ്ദേശങ്ങൾ നൽകാനും കേരള സംസ്ഥാന സർക്കാർ ലിഡാ ജേക്കബ് കമ്മീഷനെ െവയ്ക്കുന്നത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ നിയമം നടപ്പാക്കുന്പോൾ രൂപപ്പെടുത്തേണ്ട ചട്ടങ്ങൾ ഏതൊക്കെയെന്ന് നിർദ്ദേശിക്കാനും സർക്കാർ കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് 2010ൽ ഇതു സംബന്ധിച്ച് ചില ചട്ടങ്ങൾ കേരള സർക്കാർ തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കേണ്ട വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ കൊണ്ടുവന്നത്. സ്‌കൂളുകളിൽ ഉണ്ടായിരിക്കേണ്ട മിനിമം അടിസ്ഥാന സൗകര്യങ്ങൾ ഈ നിയമം ഉറപ്പാക്കുന്നുണ്ട്. അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം, വർഷത്തെ അദ്ധ്യയന ദിനങ്ങൾ, ഒരു ദിവസത്തെ മൊത്തം അദ്ധ്യയ മണിക്കൂറുകൾ, മുറികളുടെ എണ്ണം, പഠനോപകരണങ്ങളുടെ ലഭ്യത, ലൈബ്രറി, കക്കൂസ്, കുടിവെള്ളം, ഉച്ചഭക്ഷണ പദ്ധതിക്കായുള്ള അടുക്കള, ആർട്ടിനും ക്രാഫ്റ്റിനും ഫിസിക്കൽ എജ്യുക്കേഷനും പാർട്‌ടൈം അദ്ധ്യാപകർ എന്നിവയൊക്കെ തന്നെയും വിദ്യാലയങ്ങൾക്ക് നിയമം നടപ്പാക്കി മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാക്കാൻ കഴിയാത്തപക്ഷം സ്‌കൂളുകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. സംസ്ഥാന വിദ്യാഭ്യാസ നിയമത്തിനു കീഴിൽ ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് 25 ശതമാനം സംവരണം അൺഎയ്ഡഡ് സ്വകാര്യ സ്‌കൂളുകൾ നൽകണമെന്ന നിയമത്തിന്റെ വ്യവസ്ഥ ലഘൂകരിച്ചിട്ടുണ്ട്. സർക്കാർ സ്‌കൂളോ മറ്റ് എയ്ഡഡ് സ്‌കൂളുകളോ നിയമത്തിൽ പറഞ്ഞിരിക്കുന്ന അകലത്തിൽ ഇല്ലെങ്കിൽ മാത്രമേ അൺഎയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം തേടേണ്ടതുള്ളു. ഈ വിദ്യാർത്ഥികൾക്കായി സ്‌കൂൾ ചെലവിടുന്ന തുക കേന്ദ്ര സർക്കാരിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് വീട്ടുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ് പറയുന്നത്.
അൺഎയ്ഡഡ് സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് ദേശീയതലത്തിൽ വിദ്യാഭ്യാസയോഗ്യതയായി പറഞ്ഞിട്ടുള്ള യോഗ്യത നിയമം പാസ്സായി അഞ്ചു വർഷത്തിനുള്ളിൽ നേടിയിരിക്കണം. സംഭാവനയോ ക്യാപിറ്റേഷൻ ഫീസോ ഒന്നും തന്നെ അവർ വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കാൻ പാടില്ലെന്നും ടേമിന്റെ ആദ്യസമയത്ത് തന്നെ ഫീസ് ഘടന നിശ്ചയിച്ചിരിക്കണമെന്നും നിയമം പറയുന്നു. 18ാം വകുപ്പിനു കീഴിൽ അംഗീകാരത്തിനുള്ള സർട്ടിഫിക്കറ്റിനായി അൺഎയ്ഡഡ് സ്‌കൂളുകൾ നിർദ്ദേശിക്കപ്പെട്ട ഫോമിൽ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി നൽകണം. ജനുവരി 2000 മുതൽ കുട്ടികളെ തുടർച്ചയായി പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇരുത്തുന്ന വിദ്യാലയങ്ങൾക്കു മാത്രമേ സ്‌കൂൾ സ്ഥലം പരിശോധിക്കാതെ തന്നെ അംഗീകാര പത്രം നൽകുകയുള്ളു. മൂന്നു വർഷത്തിനുള്ളിൽ നിയമത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാത്തപക്ഷം സ്‌കൂളിന് പിഴ ചുമത്താനും അവരുടെ അംഗീകാരം റദ്ദാക്കാനും സർക്കാരിന് അവകാശമുണ്ട്. സർക്കാർ അദ്ധ്യാപകരും സ്വകാര്യ എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിലെ അദ്ധ്യാപകരുമൊന്നും സ്വകാര്യ ട്യൂഷനുകൾ നടത്തുന്നത് നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്. പാഠ്യപദ്ധതിയും കുട്ടികളുടെ നിലവാര പരിശോധനയും നടത്താനുള്ള അവകാശം എസ്.ഇ.ആർ.ടിക്കാണ് കേരള സർക്കാരിന്റെ വിദ്യാഭ്യാസ ചട്ടം നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളിന് ഒരു ലക്ഷം രൂപ പിഴ ചുമത്താനും എന്നിട്ടും തുടർന്ന് സ്‌കൂൾ പ്രവർത്തിക്കുകയാണെങ്കിൽ ദിവസം 10,000 രൂപ വീതം പിഴ ഈടാക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അവകാശമുണ്ടാകും.
25 ശതമാനം കുട്ടികളെ സർക്കാർ പറയുന്ന നിരക്കിൽ പഠിപ്പിക്കാൻ അൺഎയ്ഡഡ് സി.ബി.എസ്.ഇ സ്‌കൂളുകളോട് ആവശ്യപ്പെടുന്നത് വലിയ സാന്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് പല അൺഎയ്ഡഡ് സി.ബി.എസ്.ഇ സ്‌കൂളുകളുടേയും നിലപാട്. ഇത്തരം സ്‌കൂളുകളെ കേരള വിദ്യാഭ്യാസ നിയമത്തിന്റെ കീഴിൽ വരുത്തുന്നത് സി.ബി.എസ്. ഇയുടെ അഫിലിയേഷൻ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും സംസ്ഥാന സർക്കാർ നടത്തുന്ന ടെസ്റ്റിൽ വിജയിച്ചവരായിരിക്കണം അദ്ധ്യാപകർ എന്ന നിബന്ധനയും തങ്ങൾക്ക് അംഗീകരിക്കാനാവില്ലെന്നാണ് സി.ബി.എസ്.ഇ സ്‌കൂളുകളുടെ നിലപാട്. അതിനു പുറമേ സി.ബി.എസ്. ഇ സ്‌കൂളുകൾക്ക് പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നവയാണ് കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങളിലെ പല വ്യവസ്ഥകളും. 1) കേരളത്തിൽ പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളിൽ അത് രണ്ട് സിലബസ്സുകൾക്ക് ഇടയാക്കും. സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പാഠ്യപദ്ധതി 1−-8 വരെയുള്ള ക്ലാസുകളിലും സി.ബി.എസ്.ഇ നിർദ്ദേശിച്ചിട്ടുള്ള സിലബസ് 9−12 വരെയും പിന്തുടരേണ്ടതായി വരും. വിദ്യാഭ്യാസത്തിന്റെ തുടർച്ചയായും സമഗ്രവുമായ വിലയിരുത്തലിന് (സി.സി.ഇ) 1−8 വരെയുള്ള ക്ലാസുകളിൽ സംസ്ഥാന സർക്കാർ പാഠ്യപദ്ധതിയും സീനിയർ, സീനിയർ സെക്കണ്ടറി സംവിധാനം സി.ബി.എസ്.ഇ പാഠ്യപദ്ധതിയ്ക്കും വിധേയമായിരിക്കും. 3) സംസ്ഥാന പാഠ്യപദ്ധതി പ്രകാരം 18 വരെയുള്ള ക്ലാസുകൾക്കും 9−12 വരെയുള്ള ക്ലാസുകൾക്ക് സി.ബി.എസ്.ഇ പ്രകാരവും അക്രഡിറ്റേഷന് അപേക്ഷിക്കേണ്ടതായി വരും. 4) സംസ്ഥാന സർക്കാരിൽ നിന്നും എൻ.ഒ.സിയും സി.ബി.എസ്.ഇ അഫിലിയേഷനും ലഭിക്കുന്ന വിദ്യാലയങ്ങൾക്കും വീണ്ടും അംഗീകാര സാക്ഷ്യപത്രം സർക്കാരിൽ നിന്നും വാങ്ങേണ്ടതായി വരും. സർക്കാരിൽ നിന്നും യാതൊരുവിധ ധനസഹായവും ലഭിക്കാത്ത അൺഎയ്ഡഡ് സി.ബി.എസ്.ഇ സ്‌കൂളുകൾക്കുമേൽ കേരള വിദ്യാഭ്യാസ അവകാശ നിയമചട്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ദേശീയ നിലവാരത്തിലുള്ള ഒരു വിദ്യാഭ്യാസ സന്പ്രദായത്തിന്റെ വീഴ്ചയ്ക്കാകും വഴിെവയ്ക്കുക. എൻ.സി.ഇ. ആർ.ടി നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകണമെന്നാണ് പാർലമെന്റ് പാസ്സാക്കിയ നിയമം പറയുന്നതെങ്കിലും സംസ്ഥാന സർക്കാർ ഇനിയും അതേ നിലവാരത്തിലുള്ള പാഠപുസ്തകങ്ങൾ ഉണ്ടാക്കിയിട്ടുമില്ല.
സംസ്ഥാനത്ത് മലയാളം ഒന്നാം ഭാഷയായി നിർബന്ധമായി പഠിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കവും കേന്ദ്രീയ വിദ്യാലയങ്ങളുടെ ആത്യന്തിക ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുകയും ചെയ്യും. രക്ഷിതാക്കൾ വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രാൻസ്ഫറായി പോകുന്പോൾ മക്കളെ ദേശീയതലത്തിലുള്ള വിദ്യാഭ്യാസത്തിന്റെ ചുവടുപിടിച്ച് ആ പ്രദേശത്തെ സ്‌കൂളിലേക്ക് മാറ്റുക എന്ന ലക്ഷ്യമാണ് കേന്ദ്രീയ വിദ്യാലയങ്ങളുടെ പിറവിക്കു പിന്നിലുണ്ടായിരുന്നത്. ഇതിപ്പോൾ മണിപ്പൂരുകാരനായ ഒരു വിദ്യാർത്ഥി ഇവിടെ പത്താം ക്ലാസിലേക്ക് ട്രാൻസ്റായി എത്തി ഇവിടത്തെ മലയാള പാഠപുസ്തകം പഠിച്ച് പരീക്ഷയെഴുതുണമെന്നു വന്നിരിക്കുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം. വിദ്യാഭ്യാസരംഗത്ത് ഡി.പി. ഇ.പി പോലുള്ള പാഠ്യപദ്ധതികൾ ഫണ്ട് ലഭിക്കുന്നതിനായി പഠിപ്പിച്ച് കൈപൊള്ളിയ അനുഭവമുള്ള ഒരു സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസരംഗത്ത് പരീക്ഷണങ്ങൾ നടത്തുന്പോൾ അത് ആശയക്കുഴപ്പങ്ങളില്ലാതെ സുവ്യക്തതയോടെ നടത്താത്തപക്ഷം കുട്ടികളാണ് ഗിന്നിപ്പന്നികളായി രൂപാന്തരപ്പെടുകയെന്ന കാര്യം സർക്കാർ മറക്കരുത്.