പ്ലീനങ്ങൾ കാണാതെ പോകുന്നത്!


 

ജെ. ബിന്ദുരാജ്

 

തെറ്റുതിരുത്തലിനെപ്പറ്റി വാതോരാതെ പറയുന്ന സി.പി.എം എന്തുകൊണ്ടാണ് തങ്ങളുടെ യഥാർത്ഥ ആസ്തി എല്ലാവരിൽ നിന്നും മറച്ചുവെയ്ക്കുന്നത്? പാർട്ടി പണം ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട സ്ഥാപനങ്ങൾ ട്രസ്റ്റുകളും കന്പനികളും സ്വകാര്യസ്വത്തുക്കളുമായി മാറുന്നതിന്റെ രഹസ്യം എന്താണ്?

സി.പി.എമ്മിന്റെ കേരളത്തിലെ മൊത്തം ആസ്തിയെത്രയെന്ന് ചോദിച്ചാൽ അതിന് സി.പി.എം സംസ്ഥാന സെക്രട്ടറി പോലും മറുപടി പറഞ്ഞെന്നു വരില്ല. കാരണം 2013−ൽ ഇതേ ചോദ്യം അന്നത്തെ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനോട് ഈ ലേഖകൻ ചോദിച്ചതാണ്. 2013−ൽ പാർട്ടിയുടെ മൊത്തം ആസ്തി 265 കോടി രൂപയാണെന്ന് സി.പി.എം ആദായനികുതി വകുപ്പിനോട് വെളിപ്പെടുത്തിയ സമയത്താണ് അതിൽ കേരളത്തിന്റെ വിഹിതം എത്ര വരുമെന്ന് ലേഖകൻ പാർട്ടി സെക്രട്ടറിയോട് ചോദിച്ചത്. 265 കോടി രൂപയിൽ കേരളത്തിന്റെ വിഹിതവും ഉണ്ടെന്നും അതെത്രയെന്ന് തനിക്കറിയില്ലെന്നുമായിരുന്നു അന്ന് സഖാവിന്റെ മറുപടി. അങ്ങനെ വരുന്പോൾ സംസ്ഥാന ഘടകങ്ങൾ പോലും അറിയാതെയാണ് പാർട്ടി സാന്പത്തികകാര്യ വിദഗ്ധനായ എസ്. രാമചന്ദ്രൻ പിള്ള അന്ന് ആ കണക്കുകൾക്ക് രൂപം നൽകിയതെന്ന് വ്യക്തം. മാത്രവുമല്ല സി.പി.എമ്മിന്റെ കേരളത്തിലെ ആസ്തി വളരെ കുറവാണെന്ന് കണ്ടാൽ ഒരു കാര്യം കൂടി വ്യക്തമാകുമല്ലോ− പാർട്ടിയുടെ യഥാർത്ഥ ആസ്തികളൊക്കെ ട്രസ്റ്റുകളും കന്പനികളും സ്വകാര്യസ്വത്തുക്കളുമൊക്കെയായാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന കാര്യം. കൊൽക്കത്തയിലെ പുതിയ പ്ലീനത്തിൽ സർവ തെറ്റുകളും തിരുത്തി മുന്നോട്ടുപോകാനാണ് സി.പി.എമ്മിന്റെ തീരുമാനമെന്നതിനാൽ വരാനിരിക്കുന്ന വർഷങ്ങളിൽ സാന്പത്തിക കാര്യങ്ങളിലെ ഇത്തരം മഹാപരാധങ്ങൾ കൂടി തിരുത്തി അവർ പാർട്ടിയെ കൂടുതൽ സുതാര്യമാക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

സി.പി.എമ്മിന്റെ ആസ്തിക്കണക്കുകൾ 2013−ൽ പാർട്ടി വെളിപ്പെടുത്താനിടയാക്കിയതിനു പിന്നിൽ ആദായനികുതി വകുപ്പിന്റെ ഒരു അന്വേഷണമായിരുന്നു കാരണം. പശ്ചിമ ബംഗാളിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ ബിമൻ ബസുവിന്റേയും പി.ബി അംഗമായ നിരുപം സെന്നിന്റേയും അക്കൗണ്ടുകളിൽ നിന്ന് 16 കോടി രൂപ കണ്ടെത്തിയതിനെ തുടർന്ന് 2013 ജൂൺ ആദ്യവാരത്തിൽ ആദായനികുതി വകുപ്പ് അവർക്ക് കത്തയച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പശ്ചിമ ബംഗാളിലെ ഈ പി.ബി അംഗങ്ങളുടെ അക്കൗണ്ടുകളിൽ കണ്ടെത്തിയത് അവരുടെ വ്യക്തിപരമായ പണമല്ലെന്നും പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ തുക തന്നെയാണെന്നും സി.പി.എം കേന്ദ്രനേതൃത്വം പിന്നീട് ഔദ്യോഗികമായി തന്നെ വിശദീകരിച്ചു. ദേശീയതലത്തിൽ പാർട്ടിയുടെ സാന്പത്തിക കണക്കുകൾ വെളിപ്പെടുത്തുമെന്ന് 2012 ഓഗസ്റ്റിൽ പാർട്ടി പ്രഖ്യാപിച്ചിരുന്നുവെങ്കിലും എന്തുകൊണ്ട് അവ ഇനിയും പ്രസിദ്ധപ്പെടുത്തുന്നില്ലെന്ന ചോദ്യങ്ങളുയർന്നത് അതേ തുടർന്നാണ്. അതിനു മറുപടിയായാണ് 2011−2012−ലെ പാർട്ടി ആദായനികുതി വകുപ്പിന് സമർപ്പിച്ച കണക്കുകൾ പൊതുസമക്ഷം അവതരിപ്പിക്കാൻ അന്നത്തെ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. പക്ഷേ കേന്ദ്ര നേതൃത്വം അന്ന് പുറത്തുവിട്ട കണക്കുകൾ കണ്ട് പാർട്ടി സഖാക്കളും ജനങ്ങളും സത്യത്തിൽ അത്ഭുതപരതന്ത്രരായി. കണക്ക് പ്രകാരം പാർട്ടിയുടെ മൊത്തം ആസ്തി 265 കോടി രൂപ (265,38,18,501 രൂപ) ആയിരുന്നു. കെട്ടിടങ്ങളും ഭൂമിയുമടക്കം പാർട്ടിക്ക് രാജ്യത്തുള്ള സ്ഥാവര ആസ്തിയായി കണക്കാക്കിയിരിക്കുന്നതാകട്ടെ 46 കോടി രൂപ (46,60,50,882 രൂപ) മാത്രവും! 

2011−12 വർഷത്തിൽ ലെവി ഇനത്തിലും സംഭാവനയായും അംഗത്വഫീസായും പലവകവരുമാനമായും പലിശയായും പാർട്ടിക്ക് മൊത്തം ലഭിച്ചത് 103 കോടി രൂപയാണെന്നാണ് (103, 84,65,122 രൂപ) പാർട്ടി അന്ന് ആദായനികുതി വകുപ്പിനു നൽകിയ കണക്കിൽ പറയുന്നത്. 2011−ലെ കണക്കുകൾ പ്രകാരം 10,44,833 പേരാണ് രാജ്യത്ത് പാർട്ടി അംഗങ്ങളായുള്ളതെന്ന് പാർട്ടി തന്നെ വ്യക്തമാക്കുന്ന സ്ഥിതിക്ക് ഇവരിൽ നിന്നും ലഭിക്കുന്ന ലെവി കേവലം 41,63,37,169 രൂപയും അംഗത്വഫീസായി ലഭിക്കുന്നത് 20,91,262 രൂപയുമാണെന്നാണ് പാർട്ടി പറയുന്നത്. സംഭാവനയായി ലഭിച്ചതെന്ന് പറയുന്നതാകട്ടെ മൊത്തം 52,49,03,619 രൂപയും. (കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ഏതൊരാളും പാർട്ടിക്ക് ഒരു തുക ലെവിയായി നൽകേണ്ടതുണ്ടെന്നതാണ് വാസ്തവം. സാധാരണക്കാരനും തൊഴിൽരഹിതനുമായ ഒരാൾ പോലും പ്രതിമാസം അത് നൽകണം. വരുമാനത്തിന്റെ വർദ്ധനവിനനുസരിച്ച് ലെവിയും വർദ്ധിച്ചുവരും. സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്നാണ് വെയ്‌പെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യ കമ്മിറ്റിയിൽ അംഗമായവർ പ്രതിമാസ ശന്പളത്തിന്റെ ഒരു വിഹിതം പാർട്ടിക്ക് ലെവിയായി നൽകുന്നുണ്ടെന്നതാണ് സത്യം. ഇതിനു പുറമേയാണ് പാർട്ടിക്ക് ലഭിക്കുന്ന സംഭാവനകൾ). 

കേരളത്തിൽ സി.പി.എമ്മിന് ഒരു കോർപ്പറേറ്റ് സാമ്രാജ്യത്തിന്റെ മുഖമാണുള്ളത്. കൈരളി, പീപ്പിൾ, പീപ്പിൾ വി എന്നിങ്ങനെ മൂന്ന് ടെലിവിഷൻ ചാനലുകൾ, കേരളത്തിൽ ഏറ്റവുമധികം സർക്കുലേഷനുള്ള മൂന്നാമത്തെ പത്രമാണ് വിദേശത്തടക്കം നിലവിൽ ഒന്പത് എഡിഷനുകളുള്ള ദേശാഭിമാനി, വിവിധ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ, വിസ്മയ വാട്ടർ തീം പാർക്ക്, ചിന്ത പബ്ലിഷിംഗ് കന്പനി, എണ്ണമറ്റ കോഓപ്പറേറ്റീവ് സൊസൈറ്റികൾ, അവയ്ക്കു കീഴിലുള്ള മെഡിക്കൽ കോളേജുകൾ, പല പേരിലുള്ള ട്രസ്റ്റുകൾ− അവയ്ക്കു കീഴിലുള്ള ആശുപത്രികൾ, കന്പനികളായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ, ഇവയ്‌ക്കെല്ലാം പുറമേ സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ള 2000−ത്തോളം ലോക്കൽ കമ്മിറ്റി ഓഫീസുകൾ, 150−ൽ അധികം ഏരിയാ കമ്മിറ്റി ഓഫീസുകളും 14 ജില്ലാ കമ്മിറ്റി ഓഫീസുകളും. ഇതെല്ലാം കണക്കാക്കുന്പോൾ ഏറ്റവും കുറഞ്ഞത് ആയിരം കോടി രൂപയുടേതെങ്കിലും ആസ്തി സി.പി.എമ്മിന് കേരളത്തിൽ മാത്രമുണ്ടാകും. അങ്ങനെ വരുന്പോൾ പാർട്ടിക്ക് ഇന്ത്യയൊട്ടുക്ക് 46 കോടി രൂപയുടെ ആസ്തി മാത്രമുള്ളതെന്ന് നേതൃത്വം വെളിപ്പെടുത്തുന്പോൾ കേരളത്തിലെ സന്പത്തിന്റെ ബഹുഭൂരിപക്ഷവും പാർട്ടിയുടെ പല നേതാക്കളുടേയും സ്വകാര്യ സ്വത്താണെന്നു വരും. 2011−2012−ലെ ആദായനികുതി വകുപ്പിന്റെ കണക്കിൽ പാർട്ടിയുടെ സ്ഥാവര വസ്തുക്കളുടെ ആസ്തി 46 കോടി രൂപയായി കുറഞ്ഞതെന്നതിന് അന്ന് എസ്. രാമചന്ദ്രൻ പിള്ള ഈ ലേഖകന് ഒരു മറുപടി നൽകിയിരുന്നു: സി പി എമ്മിന്റെ പേരിലുള്ള ഭൂമിയും കെട്ടിടങ്ങളും അത് വാങ്ങുന്ന സമയത്ത് ചെലവിട്ട തുക ആധാരമാക്കിയാണ് തങ്ങൾ ആസ്തി കണക്കാക്കിയതെന്നും അതിൽ പാർട്ടി പ്രസിദ്ധീകരണങ്ങളോ ടെലിവിഷൻ ചാനലുകളോ ട്രസ്റ്റുകളോ കന്പനികളായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളോ ഒന്നും ഉൾക്കൊള്ളുന്നില്ലെന്നും എന്തിന് എ.കെ. ജി ട്രസ്റ്റിനു കീഴിൽ രജിസ്റ്റർ ചെയ്ത സംസ്ഥാന സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്റർ പോലും സി.പി.എമ്മിന്റെ ആസ്തിയായല്ല കണക്കാക്കിയിട്ടുള്ളതെന്നുമായിരുന്നു എസ്. രാമചന്ദ്രൻ പിള്ളയുടെ മറുപടി. അതിനർത്ഥം സി.പി.എമ്മിന്റെ നിയന്ത്രണത്തിൽ ഇന്ന് പ്രവർത്തിച്ചുവരുന്ന പ്രധാന സ്ഥാപനങ്ങളൊന്നും തന്നെ സി.പി.എം തങ്ങളുടെ ആസ്തിയായി കണക്കാക്കിയിട്ടില്ലെന്നു തന്നെയാണ്. എന്തിനധികം പറയുന്നു, പാർട്ടി മുഖപത്രമായ ദേശാഭിമാനി പോലും പാർട്ടിയുടെ ആസ്തിയായല്ല കണക്കാക്കപ്പെടുന്നത്. അത് ഒരു ൈപ്രവറ്റ് ലിമിറ്റഡ് കന്പനിയാണ്. ദേശാഭിമാനി മാത്രമല്ല പാർട്ടിയുടെ മറ്റു പത്രങ്ങളുമൊന്നും പാർട്ടി നൽകിയ കണക്കിനു കീഴിൽ വന്നിട്ടില്ല. കൈരളി −പീപ്പിൾ പോലുള്ള സ്ഥാപനങ്ങളും വേറെ കന്പനികളാണ്. പാർട്ടിയുടെ നേരിട്ടുള്ള വസ്തുക്കളിലും ആസ്തിയിലും ഇവയൊന്നും തന്നെ പെടുന്നില്ല. 2002−ൽ എറണാകുളത്ത് ആരക്കുന്നത്തുള്ള എ.പി വർക്കി മിഷൻ ആശുപത്രി സ്ഥാപിക്കാനായി ബക്കറ്റ് പിരിവിലൂടെ മാത്രം ഒരു കോടി രണ്ടു ലക്ഷം രൂപയാണ് പാർട്ടി സമാഹരിച്ചത്. വിവിധ സമയങ്ങളിലായി സമാഹരിച്ച പണം കൊണ്ട് വാങ്ങിയ 27 ഏക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രി പോലും ഇന്ന് പാർട്ടിയുടെ പേരിലല്ല. മറിച്ച് ഒരു ട്രസ്റ്റിന്റെ പേരിലാണത് പ്രവർത്തിക്കുന്നത്. 

യഥാർത്ഥത്തിൽ കേരളത്തിൽ സി.പി.എമ്മിന്റെ യഥാർത്ഥത്തിലുള്ള ആസ്തി കണക്കാക്കാനാകാത്തവിധം വലുതാണ്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ മലബാറിലെ മാത്രം സ്ഥാപനങ്ങളുടെ ആസ്തിയുടെ കണക്കെടുക്കുന്ന കാര്യത്തിൽ പോലും പ്രവർത്തകർ നിസ്സഹായരാകുമെന്നുറപ്പ്.

തലശ്ശേരി സഹകരണ ആശുപത്രി, റബ്ബർ കോഓപ്പറേറ്റീവ് ലിമിറ്റഡ് (റബ്‌കോ), വിസ്മയ വാട്ടർ തീം അമ്യൂസ്‌മെന്റ് പാർക്ക് (മലബാർ ടൂറിസം ഡവല്‌മെന്റ് കോഓപ്പറേറ്റീവ് ലിമിറ്റഡിന്റെ കീഴിലുള്ള മലബാർ പ്ലഷർ ലിമിറ്റഡാണ് 30 ഏക്കറിൽ 30 കോടി ചെലവിൽ 2008−ൽ നിർമ്മിച്ച ഈ പാർക്ക് കൈകാര്യം ചെയ്യുന്നത്), കോഓപ്പറേറ്റീവ് ആർട്‌സ് ആന്റ് സയൻസ് കോളേജ് പയ്യന്നൂർ, പയ്യന്നൂരിൽ തന്നെ കോഓപ്പറേറ്റീവ് റൂറൽ ബാങ്കും സഹകരണ ആശുപത്രിയും, തലശ്ശേരിയിൽ കോഓപ്പറേറ്റീവ് ബാങ്കും ആശുപത്രിയും ബാങ്കിന്റെ കീഴിൽ ഓഡിറ്റോറിയവും, തലശ്ശേരിയിലെ സിറ്റി സെന്റർ എന്ന ഷോപ്പിംഗ് മാൾ, മാടായി കോഓപ്പറേറ്റീവ് റൂറൽ ബാങ്കും അവരുടെ കീഴിൽ ഒരു വിവാഹ ഓഡിറ്റോറിയവും, വടകരയിൽ എം. ദാസൻ മെമ്മോറിയൽ കോഓപ്പറേറ്റീവ് ആശുപത്രി, പേരാന്പ്രയിൽ ഇ.എം.എസ് മെമ്മോറിയൽ ഹോസ്പിറ്റൽ, പെരിന്തൽ മണ്ണയിൽ ഇ.എം.എസ് മെമ്മോറിയൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, പരിയാരം മെഡിക്കൽ കോളെജ്, കണ്ണൂരിൽ ഒട്ടുമിക്ക സ്ഥലത്തും ഗ്രാമീണ സഹകരണ ബാങ്കുകൾ എന്നിങ്ങനെ നീളുന്നു അത്. 

പാർട്ടിയുടെ പണം വ്യക്തികളുടെ പേരിലും ട്രസ്റ്റുകളായും നിക്ഷേപിക്കുന്പോൾ അത് പാർട്ടിയുടെ കൈയിൽ നിന്നും നഷ്ടപ്പെട്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. സി.പി.എമ്മിന്റെ എറണാകുളം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന എ.പി വർക്കി അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഒരു വലിയ തുക ഉണ്ടായിരുന്നുവെന്നും അതിന്റെ ഒരു വിഹിതം അദ്ദേഹത്തിന്റെ മകൾക്ക് നൽകിയശേഷമാണ് പാർട്ടി അത് തിരിച്ചെടുത്തതെന്നുമുള്ള ഒരു കഥ കേട്ടിട്ടുണ്ട്. എറണാകുളം ജില്ലയിൽ അന്തരിച്ച നേതാക്കളുടെ പേരിൽ സ്വത്തു സന്പാദനത്തിന് പാർട്ടി മാർഗങ്ങൾ സ്വീകരിച്ചിരുന്നതായി ഇടത് വിമർശകനായ എൻ.എം പിയേഴ്‌സനും മുന്പ് വ്യക്തമാക്കിയിരുന്നു. അന്തരിച്ച സഖാവ് ബാലാനന്ദന്റെ പേരിൽ ഒരു ഫൗണ്ടേഷൻ രൂപീകരിക്കുകയും 70 ലക്ഷം രൂപ മുടക്കി കളമശ്ശേരിയിൽ അതിനായി സ്ഥലം വാങ്ങുകയും ചെയ്‌തെങ്കിലും അത് രജിസ്റ്റർ ചെയ്യപ്പെട്ടത് സി.പി.എം ജില്ലാ സെക്രട്ടറിയും ബാലാനന്ദൻ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗവുമായ ഗോപി കോട്ടമുറിക്കലിന്റെ പേരിലായിരുന്നു. അതേപോലെ, അന്തരിച്ച ടി.കെ രാമകൃഷ്ണന്റെ സ്മാരകം നിർമ്മിക്കാൻ എറണാകുളം പട്ടണത്തിൽ 15 സെന്റ് ഭൂമി വാങ്ങിയതും അത് രജിസ്റ്റർ ചെയ്തതും ടി.കെ രാമകൃഷ്ണൻ സാംസ്‌കാരിക കേന്ദ്രത്തിന് വേണ്ടി സി.പി.എം ജില്ലാ സെക്രട്ടറിയും സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ബോർഡ് അംഗവുമായ ഗോപി കോട്ടമുറിക്കലിന്റെ പേരിൽ തന്നെയായിരുന്നു. പക്ഷേ ഈ രണ്ട് രജിസ്‌ട്രേഷനും വ്യക്തിപരമായ പേരിലല്ലെന്നെതും പാർട്ടി സെക്രട്ടറിയുടെ പേരിലായിരുന്നുവെന്നതും പ്രധാനം. എന്നിട്ടും പാർട്ടിയുടെ കണക്കിൽ ഇത് പാർട്ടിയുടെ സ്വത്തായി പാർട്ടി കണക്കാക്കുന്നില്ല. എന്തൊരു വൈരുദ്ധ്യമാണിത്! സ്വന്തം സ്വത്ത് ഒളിപ്പിച്ചുവെയ്ക്കുന്ന തന്ത്രമല്ലാതെ മറ്റെന്താണിത്? ഇതാണോ തൊഴിലാളി വർഗപാർട്ടിയിൽ നിന്നും സാധാരണക്കാർ പ്രതീക്ഷിക്കുന്ന സുതാര്യത? 

ഈ സ്ഥാപനങ്ങളൊക്കെ തന്നെയും പാർട്ടിയുടെ ഉടമസ്ഥതയിൽ ആണെങ്കിലും അല്ലെങ്കിലും ഇവയൊക്കെ കെട്ടിപ്പടുക്കാനുള്ള പണം പാർട്ടി സമാഹരിച്ചത് തങ്ങളുടെ പ്രവർത്തകരിൽ നിന്നാണെന്നതാണ് വാസ്തവം. തുച്ഛമായ ശന്പളം വാങ്ങിയിരുന്ന തൊഴിലാളികൾ പോലും അതിലേക്ക് പണമിട്ടിരുന്നത് തങ്ങളുടെ പാർട്ടിക്ക് സ്വന്തം കെട്ടിടങ്ങളും സ്ഥാപനങ്ങളുമുണ്ടാകുന്പോൾ തങ്ങളുടെ ഭാവി തലമുറയും രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ സി.പി.എമ്മിന്റെ ആസ്തികളിൽ തന്നെയുള്ള ഈ പൊരുത്തക്കേടുകൾ സാന്പത്തികമായി നോക്കുന്പോൾ പാർട്ടി അവതരിപ്പിക്കുന്ന കണക്കുകളിൽ പല കള്ളത്തരങ്ങളുമുണ്ടെന്ന് വെളിപ്പെടുത്തുന്നു. മറ്റ് പാർട്ടികളിൽ നിന്നും വ്യത്യാസമായി കണക്കുകൾ കൃത്യമായി രേപ്പെടുത്തുന്ന പാർട്ടിയാണ് സി.പി.എം എന്ന് രാമചന്ദ്രൻ പിള്ള ഊറ്റം കൊള്ളുന്നത് നല്ലതു തന്നെ. പക്ഷേ എന്തുകൊണ്ടാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിനു പോലും സ്വന്തം സംസ്ഥാനത്തെ പാർട്ടിയുടെ ആസ്തി എത്രയെന്ന് കൃത്യമായി പറയാനാകാത്തത്? യഥാർത്ഥ ആസ്തി എന്തിനാണ് അവർ ജനങ്ങളിൽ നിന്നും മറച്ചുവെയ്ക്കാൻ ബദ്ധപ്പെടുന്നത്? പ്രത്യേകിച്ചും ജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചു വളർന്നു വലുതായ ഒരു പാർട്ടി? പ്ലീനത്തിൽ ഉൾപ്പെടുത്തേണ്ട ഒരു അടിയന്തര വിഷയം ഇതല്ലാതെ മറ്റൊന്നുമല്ല. ബ്രാഞ്ചിന്റേയും ലോക്കൽ കമ്മിറ്റിയുടേയും ജില്ലാകമ്മിറ്റിയുടേയുമൊക്കെ ചെലവും ആസ്തിയും വരുമാനവുമൊക്കെ പ്രസിദ്ധീകരിക്കുന്ന ഒരു കാലം സി.പി.എമ്മിൽ എന്നാണ് വരാൻ പോകുന്നത്? അത്രയ്ക്ക് സുതാര്യമായി ഈ പാർട്ടി മാറുന്പോൾ എന്തെല്ലാമാണ് വെളിപ്പെടാൻ പോകുന്നതെന്നത് വേറെ കാര്യം. 

You might also like

Most Viewed