നുഴഞ്ഞു കയറുന്ന ഭീകരത!


കഴിഞ്ഞ നവംബർ 26−നാണ് പാനായിക്കുളം സിമി ക്യാന്പ് കേസ്സിലുൾപ്പെട്ട അഞ്ചു പേർ കുറ്റക്കാരാണെന്ന് നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി കോടതി കണ്ടെത്തിയത്. നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) 2006 ഓഗസ്റ്റ് 15−ന് ആലുവയ്ക്കടുത്ത പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തിൽ ഒരു രാജ്യവിരുദ്ധ യോഗം സംഘടിപ്പിച്ചതായിരുന്നു കേസ്സിന്റെ അടിസ്ഥാനം. അന്ന് മൊത്തം പതിനേഴ് പേരാണ് ക്യാന്പിന്റെ പേരിൽ അറസ്റ്റിലായതെങ്കിലും ഒരു ഭരണകക്ഷി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അവരെയൊക്കെ ജാമ്യത്തിൽ വിടുകയായിരുന്നു. പക്ഷേ ഇവരിൽ പലരും ഒളിവിൽ പോകുകയോ രാജ്യത്തെന്പാടും നടന്ന വിവിധ ഭീകരവാദ കേസ്സുകളിൽ പിന്നീട് അറസ്റ്റിലാകുകയോ ചെയ്തപ്പോഴാണ് പോലീസിന് തങ്ങൾക്ക് സംഭവിച്ച അബദ്ധം മനസ്സിലായത്. അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട കോട്ടയം ഈരാറ്റുപേട്ട സ്വദേശി പി എ ഷാദുലിയും എറണാകുളത്തെ അൻസാറുമൊക്കെ പാനായിക്കുളം യോഗത്തിൽ പങ്കെടുത്തവരായിരുന്നു. ഇപ്പോൾ പാനായിക്കുളം കേസ്സിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നവരുടെ കൂട്ടത്തിൽ ഷാദുലിയും അയാളുടെ സഹോദരി ഭർത്താവ് ഈരാറ്റുപേട്ട സ്വദേശി അബ്ദുൾ റാസിക്കും ആലുവ സ്വദേശി അൻസാർ നദ്‌വിയും പാനായിക്കുളംകാരൻ നിസാമുദ്ദീനും ഈരാറ്റുപേട്ടക്കാരൻ ഷമാസുമാണ് ഉൾപ്പെട്ടിട്ടുള്ളത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, ഗൂഢാലോചന, പൊതുജനപ്രക്ഷോഭത്തിനുള്ള പ്രകോപനപരമായ ആഹ്വാനം, ആ ലക്ഷ്യത്തിനായുള്ള സംഘടിതമായ യോഗം ചേരൽ എന്നിവയാണ് കുറ്റവാളികളിൽ ആരോപിക്കപ്പെട്ടത്. എന്തായാലും ഈ കണ്ടെത്തൽ എൻ.ഐ.എ കോടതി ശരിവെയ്ക്കുകയും അഞ്ചു പേർക്കെതിരെ ശിക്ഷ വിധിക്കുകയും ചെയ്തതോടെ കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും സിമി പ്രവർത്തിച്ചുവരികയാണെന്ന വാസ്തവം വെളിപ്പെടുകയും ചെയ്തു.

തീവ്രവാദ കേസ്സുകളിൽ കേരളാ പോലീസ് വച്ചുപുലർത്തുന്ന അലംഭാവം വ്യക്തമാക്കുന്നതായിരുന്നു പാനായിക്കുളം സിമി ക്യാന്പിന്റെ അന്വേഷണം. ബിനാനിപുരം പോലീസ് നടത്തിയ അന്വേഷണത്തിലൊന്നും തന്നെ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന നിരോധിത സംഘടനയ്ക്ക് ക്യാന്പുമായുള്ള ബന്ധം കണ്ടെത്താനായിരുന്നില്ല. ഒടുവിൽ കേരളാ പോലീസിന്റെ തീവ്രവാദവിരുദ്ധ സംഘം ഈ കാര്യം ചൂണ്ടിക്കാട്ടുന്നതുവരെ കേരളാ പൊലീസ് പൂർണമായും അക്കാര്യത്തെപ്പറ്റി അജ്ഞരായിരുന്നു. ഇക്കാര്യം കണ്ടെത്തിയശേഷവും ബിനാനിപുരം പോലീസ് പ്രതികൾക്കെതിരെ തീവ്രവാദ യോഗമെന്ന നിലയിൽ കേസ്സെടുത്ത് അവരെ ‘’ബുദ്ധിമുട്ടിക്കേണ്ടതില്ല’’ എന്ന നിലപാടാണ് ആദ്യം സ്വീകരിച്ചിരുന്നത്. പക്ഷേ അഹമ്മദാബാദ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ പിതാംപൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാനായിക്കുളത്തും വാഗമണ്ണിലുമൊക്കെ ഇക്കൂട്ടർ നടന്ന യോഗങ്ങൾക്ക് ഈ നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. രാജ്യവിരുദ്ധ പരാമർശങ്ങളാണ് ഈ യോഗങ്ങളുടെയെല്ലാം തന്നെ പ്രത്യേകത. പ്രദേശത്തെ യുവാക്കളെ വിളിച്ചു ചേർത്ത് രാജ്യത്തിനെതിരെ പോരാടാൻ അവരെ പ്രേരിപ്പിക്കാൻ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുകയായിരുന്നു അവരുടെ പരിപാടി.

അലിഗഢ് മുസ്ലിം സർവ്വകലാശാല കേന്ദ്രീകരിച്ച് അവിടത്തെ ഫിസിക്‌സ് ഗവേഷണ വിദ്യാർത്ഥി മുഹമ്മദ് അഹമ്മദുള്ള സിദ്ദീക്കി 1977−ൽ ആരംഭിച്ച സിമി 1978−ലാണ് കേരളത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നത്. അക്കാലയളവിൽ ഐഡിയൽ സ്റ്റുഡന്റ്‌സ് ലീഗ് എന്ന പേരിൽ ഒരു വിദ്യാർത്ഥി സംഘടന മാത്രമേ കേരളത്തിലെ മുസ്ലിം വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിച്ചിരുന്നുള്ളു. സാമൂഹ്യനീതിയും ഇസ്ലാം മതബോധനവുമെല്ലാം വിദ്യാർത്ഥികളിൽ പ്രചരിപ്പിച്ചിരുന്ന സിമി അതിവേഗമാണ് കേരളത്തിൽ വേരുപിടിച്ചത്. മുസ്ലിം യുവാക്കൾ അതിലേക്ക് ധാരാളമായി ആകർഷിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം ക്രിയാത്മകമായ സംവാദങ്ങൾക്ക് വഴിവച്ചിരുന്ന കാലം കൂടിയായിരുന്നു അത്. ആദ്യകാലത്ത് ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ആശിർവാദത്തോടെ പ്രവർത്തിച്ചിരുന്ന സിമി പക്ഷേ 1981−ൽ യാസർ അരാഫത്ത് ഇന്ത്യ സന്ദർശിച്ച സമയത്ത് അദ്ദേഹത്തിനെതിരെ കരിങ്കൊടി കാട്ടിയതോടെ അരാഫത്ത് അനുകൂലികളായ ജമാഅത്തെ ഇസ്ലാമിയ്ക്ക് അവർ അസ്പർശ്യരായി. യുവാക്കളുടെ ഈ സംഘത്തിന് പക്ഷേ ഭീകരവാദപ്രവർത്തനമോ തീവ്രവാദപരമായ നയങ്ങളോ അക്കാലത്തുണ്ടായിരുന്നില്ല. അതിനെല്ലാം നാന്ദി കുറിച്ചത് ആലുവ സ്വദേശിയായ ഏയ്‌റോനോട്ടിക്കൽ എഞ്ചീനീയർ സി.എ.എം ബഷീർ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് 1991−ൽ എത്തിയതോടെയാണെന്നാണ് മുൻ സിമി പ്രവർത്തകർ പോലും സാക്ഷ്യപ്പെടുത്തുന്നത്.

1991−ൽ മുംബയിൽ നടന്ന സിമി ആൾ ഇന്ത്യാ കൺവെഷനിൽ കനിഷ്‌ക സ്‌ഫോടനക്കേസിലെ പ്രതി മഞ്ജിത്ത് സിംഗും പാക് അധിനിവേശ കശ്മീരിലെ വിഘടനവാദി നേതാവ് ആമിർ ആസിമും പ്രത്യേക ക്ഷണിതാക്കളായിരുന്നുവെന്നതും മുംബയ് റിക്ലമേഷൻ ഗ്രൗണ്ടിൽ നടന്ന ആ സമ്മേളനത്തിലാണ് മിഷൻ 2 കെ (ജിഹാദിനായി 18−30 വയസ്സുള്ള സിമി അംഗങ്ങളെ തയാറാക്കുക) അവതരിപ്പിക്കപ്പെട്ടതെന്നതും അതാണ് പ്രസ്ഥാനത്തിന്റെ ഭീകരതയുടെ വഴിത്തിരിവായതെന്നുമാണ് കണക്കാക്കപ്പെടുന്നത്. 2001−ൽ സിമി നിരോധിക്കപ്പെട്ട് രണ്ടു വർഷത്തിനുശേഷം 2003 ഓഗസ്റ്റിൽ മുംബയിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളുടെ സൂത്രധാരൻ സി.എ.എം ബഷീർ ആണെന്ന് കണ്ടെത്തപ്പെട്ടതിനെ തുടർന്നാണ് ബഷീർ കേരളത്തിലും തീവ്രവാദപ്രവർത്തനങ്ങൾക്ക് പ്രവർത്തകരെ സജ്ജരാക്കിയിരുന്നുവെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേർന്നത്. ഇതിന് സാധൂകരണമായതാകട്ടെ ചെന്നൈയിൽ അറസ്റ്റ് ചെയ്യപ്പെട്ട ഇമാം അലി എന്ന ഹരിപ്പാടുകാരനായ ഹരികുമാറിന്റെ (ഇയാൾ പിന്നീട് ബംഗലുരുവിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു) പൊലീസിനോടുള്ള വെളിപ്പെടുത്തലുകളുമാണ്. 1993−ൽ മലപ്പുറത്ത് അഞ്ചു ദിവസത്തോളം താൻ സിമി പ്രവർത്തകർക്ക് ബോംബ് നിർമ്മാണത്തിൽ പരിശീലനം നൽകിയെന്നായിരുന്നു ഇമാം അലിയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ സിമിക്കുണ്ടായിരുന്ന വലിയ വേേരാട്ടേമാണ് തീവ്രവാദം പ്രചരിപ്പിക്കാൻ ഏറ്റവും വളക്കൂറുള്ള മണ്ണ് കേരളത്തിലുണ്ടെന്ന തിരിച്ചറിവിലേക്ക് ബഷീറിനെ കൊണ്ടെത്തിച്ചതെന്നു വേണം കരുതാൻ. ഇന്ത്യയൊട്ടുക്ക് സിമിക്ക് 400ൽ താഴെ അൻസാറുകൾ (സഹായി) മാത്രമുണ്ടായിരുന്നപ്പോൾ കേരളത്തിൽ മാത്രം 120−ഓളം പേരാണ് അവർക്കുണ്ടായിരുന്നതെന്നത് അതിനു തെളിവ്.

2001−ലെ നിരോധനത്തിനുശേഷം പഴയ നേതാക്കളിൽ പലരും ജമാഅത്തെ ഇസ്ലാമിയിലേക്കും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലേക്കുമൊക്കെ ചേക്കേറിയെങ്കിലും പുതിയ പേരുകളിലും രൂപത്തിലുമെല്ലാം പ്രവർത്തനം സജീവമാക്കാനുള്ള ശ്രമങ്ങളിൽ അവർ ഏർപ്പെട്ടിരുന്നുവെന്നതിന്റെ തെളിവാണ് 2006 ഓഗസ്റ്റ് 15−ന് ആലുവയ്ക്കടുത്ത പാനായിക്കുളത്ത് സിമി പ്രവർത്തകർ രാജ്യവിരുദ്ധ യോഗം ചേർന്നത്. ഇവരിൽ രണ്ടു പേർ അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ അറസ്റ്റിലായപ്പോൾ മാത്രമാണ് കേരളം തങ്ങളെ ചൂഴ്ന്നുനിൽക്കുന്ന ഭീതിദമായ അവസ്ഥയെപ്പറ്റി ആദ്യമായി തിരിച്ചറിഞ്ഞത്. 2007−ൽ സിമി വാഗമണ്ണിൽ നടത്തിയ ക്യാന്പിൽ പങ്കെടുത്ത പലരും പിന്നീട് ജയ്പൂർ, ഗുജറാത്ത് സ്‌ഫോടനക്കേസ്സുകളിലും പ്രതിചേർക്കപ്പെട്ടുവെന്നു കൂടി വന്നതോടെ നാം അകപ്പെട്ടിരിക്കുന്നത് എത്രത്തോളം വലിയ ഗർത്തത്തിലാണെന്ന് നാം തിരിച്ചറിയുകയും ചെയ്തു.

സിമിയുടെ സാന്നിദ്ധ്യത്തെപ്പറ്റിയും അത് വിവിധ ഒളിസംഘടനകളിലൂടെ ഇപ്പോഴും പ്രവർത്തിച്ചുവരുന്ന കാര്യവുമൊക്കെ പിന്നീടാണ് കേരളം കാര്യമായി പരിശോധിക്കാൻ ആരംഭിച്ചത്. സിമിയുടെ നിരോധനം തുടരേണ്ടതുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി 2012 മേയ് ആദ്യവാരം ഡൽഹി ഹൈക്കോടതി ട്രിബ്യൂണൽ തിരുവനന്തപുരത്തു നടത്തിയ സിറ്റിങ്ങിലും എൻ.ഐ.എയും സംസ്ഥാന പോലീസും ഈ സംഘടന ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും സജീവമാണെന്ന സൂചനകളാണ് നൽകിയത്. അന്ന് നിരോധനം തുടരേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നതിന് ഉപോൽബലമായി നൽകിയ തെളിവുകളിൽ സിമിയുടെ സംസ്ഥാന അദ്ധ്യക്ഷനായി 1993−95 കാലയളവിൽ പ്രവർത്തിച്ച ഡോക്ടർ ഔസാഫ് അഹ്‌സൻ നടത്തിവന്നിരുന്ന കോഴിക്കോട്ടെ അദർ ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ചില പുസ്തകങ്ങൾ പ്രൊഫസർ ടി.ജെ ജോസഫ് കൈവെട്ടു കേസിലെ പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കാര്യവും അദർ ബുക്‌സിൽ നിന്ന് ചില വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്ത കാര്യവും നന്മ ബുക്‌സ് എന്ന മറ്റൊരു പ്രസാധകശാല പ്രസിദ്ധപ്പെടുത്തിയ ‘’ഇസ്ലാമും ദേശീയതയും’’ എന്ന പുസ്തകവുമൊക്കെയാണ് പരാമർശിക്കപ്പെട്ടത്. 2008−ൽ മലയാളികളെ കാശ്മീരിൽ ലഷ്കറെ തോയിബയുടെ കൂലിപ്പട്ടാളമായി റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതും 2006−ൽ ആലുവയിലെ പാനായിക്കുളത്ത് സിമി പ്രവർത്തകർ രാജ്യവിരുദ്ധ യോഗം ചേർന്നതും 2007−ൽ ഇടുക്കിയിലെ വാഗമണിൽ നടത്തിയ സിമി പരിശീലന ക്യാന്പുമൊക്കെ നിരോധനം തുടരാനുള്ള കാരണങ്ങളായി എൻ.ഐ.എ കണക്കാക്കി. നിരോധനം നീട്ടണമെന്ന ആവശ്യവുമായി കേരളത്തിന്റെ നോഡൽ ഓഫീസറായി ഡൽഹി ഹൈക്കോടതി ട്രിബ്യൂണലിനു മുന്നിൽ ഹാജരായ അന്നത്തെ ഐ.ജി.പി (ആഭ്യന്തര സുരക്ഷ) അനന്തകൃഷ്ണൻ ഐ.പി.എസ് സിമി നിരോധനം തുടരണമെന്ന് ആവശ്യപ്പെട്ടതിൽ നിന്നും പുതിയ പല രൂപഭാവങ്ങളിലും ഈ നിരോധിത സംഘടന പ്രവർത്തിച്ചു വരുന്നുണ്ടെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

സിമിയുടെ രാജ്യവിരുദ്ധ നിലപാടുകൾ പലതും പാനായിക്കുളം കേസ്സിൽ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്നും വ്യക്തമായിരുന്നു. ‘’കശ്മീരിന്റെ മോചനത്തിനായി വിശുദ്ധ യുദ്ധം നടത്തുന്നവരെ ഇന്ത്യൻ സേന കൊന്നൊടുക്കുകയാണെന്നും ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കാനാണ് സിമി നിലകൊള്ളുന്നതെന്നും’’ ‘’ബ്രിട്ടീഷ് കാലഘട്ടത്തിനു മുന്പ് നിലനിന്നിരുന്ന മുഗൾ−നൈസാം കാലഘട്ടത്തിലേക്കും ഇന്ത്യയുടെ യഥാർത്ഥ സ്ഥിതിയിലേക്കും നയിക്കാനാണ് സിമി പൊരുതുന്നതെന്നും’’ ‘’ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകൂടം ന്യൂനപക്ഷങ്ങൾക്കെതിരെ കരിനിയമങ്ങൾ പ്രയോഗിക്കുകയാണെന്നും’’ മറ്റുമുള്ള നിരവധി പരാമർശങ്ങൾ പാനായിക്കുളം യോഗത്തിൽ പ്രതികൾ നടത്തിയ പ്രസംഗങ്ങളിലുണ്ടായിരുന്നു. കോടതി അവ രാജ്യവിരുദ്ധ പ്രസ്താവനകളാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനു പുറമേ പാകിസ്ഥാൻ അനുകൂല ലഘുരേഖകൾ, ദേശവിരുദ്ധ വികാരം വളർത്തുന്ന പുസ്തകങ്ങൾ, സിഡികൾ എന്നിവയടക്കം 69 രേഖകളുമുണ്ടായിരുന്നു. എന്നാൽ കോടതി വിട്ടയച്ച 11 പേർക്കെതിരെ യോഗത്തിൽ അവർക്ക് പങ്കാളിത്തമുണ്ടെന്ന് തെളിയിക്കാൻ എൻ.ഐ.എയ്ക്ക് കഴിയാതെ പോയി. ക്യാന്പിനെപ്പറ്റി കാര്യങ്ങൾ തുറന്നുപറഞ്ഞ അബ്ദുൾ റഷീദ് മൗലവി മാപ്പുസാക്ഷിയുമായി.

മോഹഭംഗം സംഭവിച്ച പല സിമി പ്രവർത്തകരും പുതിയ പേരുകളിലും രൂപങ്ങളിലും കേരളത്തിൽ ഇപ്പോഴും ആശയ പ്രചാരണവും കൂട്ടായ്മകളുമൊക്കെ സംഘടിപ്പിച്ചുവരുന്നുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ചാരിറ്റബിൾ ട്രസ്റ്റുകളായും ട്രോമ കെയർ സർവ്വീസുകളായും പാലിയേറ്റീവ് കെയർ സെന്ററുകളായും കൗൺസിലിങ്−വ്യക്തിത്വവികാസ കേന്ദ്രങ്ങളായുമൊക്കെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ മേഖലകളിൽ ഇവർ സജീവമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ സിമിയേക്കാൾ ശക്തമായി ആശയപ്രഘോഷണം നടത്തുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളുടെ വരവ് സിമിയുടെ മാറ്റ് കേരളത്തിൽ കുറച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. ഗാസയും ഇസ്രായേലും അമേരിക്കയുമൊക്കെ ബാബറി മസ്ജിദ് എന്ന പോലെ അവർക്ക് സമുദായത്തിൽ പടർന്നേറാനുള്ള ഉപാധികളാണ്. പുതിയ സാഹചര്യത്തിൽ രാജ്യത്ത് മോഡിഭരണത്തിനു കീഴിൽ അസഹിഷ്ണുത പടർന്നേറാൻ തുടങ്ങിയതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരക്കാർക്ക് മേൽക്കൈ നേടാനും കഴിയുന്നുണ്ടെന്നതാണ് സത്യം. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ അതിജീവനത്തിനായുള്ള ആഘോഷമാക്കി മാറ്റുന്നതിൽ അവരൊക്കെ തന്നെയും വിജയിക്കുന്നുമുണ്ട്. അവരുടെ അജണ്ട തിരിച്ചറിയാത്ത ചില ആക്ടിവിസ്റ്റുകളാകട്ടെ അതിനൊപ്പം കിടന്ന് തുള്ളുന്ന കാഴ്ചയും കാണാനുണ്ട്!

You might also like

Most Viewed