നീതിപീഠത്തിന്റെ കണ്ണ് തുറക്കുമോ?


അക്കയ് പദ്മശാലി എന്ന കർണാടകക്കാരിയും സൂര്യ വിനോദ് എന്ന തിരുവനന്തപുരംകാരിയും പരസ്പരം അറിയാനിടയില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കുറച്ചുകാലം ലൈംഗിക തൊഴിലാളിയായി ജീവിക്കുകയും പിന്നീട് ലൈംഗിക ന്യൂനപക്ഷങ്ങളായ ട്രാൻസ്‌ജെണ്ടറുകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന ആക്ടിവിസ്റ്റായി ഒരു സംഘടനയ്ക്ക് ജന്മം നൽകിയ ആളുമാണ് അക്കയ്. പുരുഷനായി പിറന്ന് സ്ത്രീയായി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരിയെന്ന നിലയിലും പ്രശസ്ത. സൂര്യാ വിനോദ് എന്ന തിരുവനന്തപുരംകാരിയും മൂന്നാം ലിംഗക്കാരി തന്നെയാണ്. 28 വയസ്സ്. ടെലിവിഷൻ റിയാലിറ്റി ഷോ ആക്ടറും ചലച്ചിത്ര താരവും മിമിക്രിതാരവുമൊക്കയായി പ്രവർത്തിക്കുന്നു. സംഗമ എന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന തകച്ചൽ എന്ന പ്രസ്ഥാനത്തിന്റെ ബ്രാഞ്ച് മാനേജറാണ് അവർ ഇന്ന്. ഇരുവരും പിറന്നത് ആണിന്റെ മേൽവിലാസത്തിലാണെങ്കിലും തങ്ങളുടെ മനസ്സ് പെണ്ണിന്റേതാണെന്ന് വൈകാതെ തിരിച്ചറിഞ്ഞു. പക്ഷേ സമൂഹത്തിനും ഭരണകൂടത്തിനും അത് ഇന്നത്തെപ്പോലെ തന്നെ അന്നും അത് ഉൾക്കൊള്ളാനുള്ള മനസ്സുണ്ടായിരുന്നില്ല. അതുകൊണ്ട് അക്കയും സൂര്യയുമൊക്കെ സമൂഹത്തിനു മുന്നിൽ പരിഹാസപാത്രങ്ങളായി. അക്കയ് പുറത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും പെൺവേഷത്തിൽ നടന്നതിന് സ്വന്തം പിതാവിൽ നിന്നുപോലും ശാരീരികമായ പീഡനം അനുഭവിച്ചെങ്കിലും സൂര്യയുടെ മൂന്നാംലിംഗ വ്യക്തിത്വം പുറത്തായതിനെ തുടർന്ന് സഹോദരിയുടെ വിവാഹം പോലും മുടങ്ങി. പുറംലോകത്തിന് ഇരുവരേയും ഉൾക്കൊള്ളാനാകാത്തതുകൊണ്ടു തന്നെ സമൂഹത്തിനു മുന്നിൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഇരുവരും പരിഹാസപാത്രങ്ങളായി. ഇത്തരത്തിൽ ഇവരെപ്പോലെയുള്ള ലക്ഷക്കണക്കിനുപേർ ഇന്ത്യയിൽ പാർശ്വവത്ക്കരക്കപ്പെടാനും സമൂഹത്തിൽ നിന്ന് അകറ്റിനിർത്തപ്പെടാനുമുള്ള കാരണങ്ങളെപ്പറ്റി ചിന്തിക്കുന്പോൾ അതിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത് ഭരണകൂടവും നമ്മുടെ വ്യവസ്ഥിതിയും തന്നെയാണെന്നതാണ് സത്യം− ഇവിടെ ട്രാൻസ്‌ജെണ്ടർക്ക് അസ്തിത്വം അനുവദിച്ചു കിട്ടിയിട്ടുള്ളത് ആധാർ കാർഡിൽ മാത്രമാണ്. അല്ലാത്തിടത്തൊക്കെ ഇന്നും ട്രാൻസ്‌ജെണ്ടർ അവഗണന നേരിട്ടുകൊണ്ടേയിരിക്കുന്നു− ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിൽ പരസ്പരസമ്മതത്തോടെയാണെങ്കിൽ പോലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377−ാം വകുപ്പ് ഇപ്പോഴും അവർക്കുമേൽ മൂർച്ചയേറിയ കഠാര പോലെ തൂങ്ങിനിൽക്കുന്നു. റേഷൻ കാർഡിലോ ഡ്രൈവിങ് ലൈസൻസിലോ ഒക്കെ അവരിപ്പോഴും ആണോ പെണ്ണോ ആയി ഇരിക്കാൻ നിർബന്ധിതരായിരിക്കുകയും ചെയ്യുന്നു. 

ലോകമെന്പാടും മൂന്നാം ലിംഗക്കാരുടെ അവകാശങ്ങൾക്കായി ശബ്ദമുയരുന്പോഴും ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പോലും മൂന്നാംലിംഗക്കാർക്കു നേരെ മുഖംതിരിച്ചത് നാം നേരിൽ കണ്ടതാണ്. തികച്ചും വിവേചനപരമായ ഒരു നിലപാടാണ് സുപീംകോടതി 2013−ൽ 377−ാം വകുപ്പ് നിലനിർത്തിക്കൊണ്ട് പുറപ്പെടുവിച്ച വിധി. 2013−ലെ വിധിന്യായം പുനപ്പരിശോധിക്കണെമന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട റിവ്യൂ ഹർജികൾ തള്ളിയതിലൂടെ സുപ്രീം കോടതി വീണ്ടും തങ്ങളുടെ യാഥാസ്ഥികത്വം ജനസമക്ഷം വെളിവാക്കി. 

സ്വകാര്യതയിൽ ഒരേ ലിംഗക്കാർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്ന 377−ാം വകുപ്പ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത് 2009−ലായിരുന്നു. ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിധിന്യായം തുടർന്ന് പല അവകാശങ്ങളും ചോദിച്ചുവാങ്ങാനുള്ള ഒരു ചവിട്ടുപടിയായി മാറേണ്ടതായിരുന്നു− ലിംഗസമത്വത്തിലേക്കും ലിംഗനീതിയിലേക്കുമൊക്കെ മുന്നേറാൻ അതവർക്ക് വലിയ ഊർജ്ജം പകർന്നുകൊടുക്കാൻ ഏറെ സഹായകമാകുകയും ചെയ്യുമായിരുന്നു. എന്നാൽ യാഥാസ്ഥിതിക മതസംഘടനകൾ ഈ വിധിന്യായത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 2013−ൽ സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയുടെ വിധിന്യായം റദ്ദാക്കുകയും സ്വവർഗഭോഗം ശിക്ഷാർഹമാണെന്ന 377−ാം വകുപ്പ് ഭരണഘടനാപരമായി നിലനിൽക്കുന്നതാണെന്നും വിധിച്ചു. ഇതിനെതിരെ പുരോഗമനപരമായി ചിന്തിക്കുന്ന സംഘടനകളും വ്യക്തികളും റിവ്യൂ ഹർജി നൽകിയെങ്കിലും സുപ്രീം കോടതി തങ്ങളുടെ നിലപാടിൽ മാറ്റം വരുത്താൻ തയാറായില്ല. 

എന്തായാലും സുപ്രീം കോടതിയുടെ ഈ വിധിന്യായത്തിനെതിരെ ഇപ്പോൾ രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കൾ തന്നെ ഇതാദ്യമായി രംഗത്തുവന്നിരിക്കുന്നു. ഒരു പ്രമുഖ ദിനപ്പത്രം സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും മുൻ ധനമന്ത്രി പി ചിദംബരവും സുപ്രീം കോടതി 377−ാം വകുപ്പ് നിലനിർത്തിയതിനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. ലോകത്തെന്പാടും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം നടക്കുന്പോൾ ഇന്ത്യയിൽ സുപ്രീംകോടതി അതിനു വിഘാതം നിൽക്കുന്ന ഒരു വിധി പ്രഖ്യാപനം നടത്തിയത് തെറ്റായിപ്പോയെന്നും വിധി പ്രഖ്യാപനം പുനഃപ്പരിശോധിക്കണമെന്നും ജെയ്റ്റ്‌ലി പരസ്യമായി ആവശ്യപ്പെട്ടു. കാലത്തിനൊപ്പമോ ലോകത്തിനൊപ്പമോ അല്ല ഇന്ത്യയുടെ അക്കാര്യത്തിലുള്ള പോക്കെന്ന് തുറന്നടിക്കാനും ജെയ്റ്റ്‌ലി മറന്നില്ല. ലോകത്തെന്പാടുമുള്ള ജനത ബദൽ ലൈംഗികതയെപ്പറ്റി ചർച്ച ചെയ്യുന്പോൾ ഇന്ത്യൻ പരമോന്നതനീതിപീഠം അത്തരക്കാരെ ജയിലിടയ്ക്കണെമന്ന് പറയുന്നത് ശരിയല്ലെന്നും ഡൽഹി ഹൈക്കോടതിയുടെ വിധിയാണ് കൂടുതൽ അംഗീകരിക്കപ്പെടേണ്ടതെന്നാണ് താൻ കരുതുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഡൽഹി ഹൈക്കോടതിയുടെ വിധിന്യായം വിസ്മയകരമായിരുന്നുവെന്നും സുപ്രീം കോടതി ആ വിധിന്യായത്തിനൊപ്പം നിൽക്കുകയാണ് വേണ്ടിയിരുന്നതെന്നും മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരവും തുറന്നടിച്ചു. 

ലൈംഗിക ന്യൂനപക്ഷങ്ങൾ കടുത്ത വിവേചനം നേരിടുകയും പൊലീസിൽ നിന്നും നാട്ടുകാരിൽ നിന്നും കടുത്ത പീഡനങ്ങൾക്ക് വിധേയരാകുകയും പൊതുസമക്ഷം സ്വയം വെളിവാകാൻ പോലും മടിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് മാറ്റത്തിന്റെ വിത്തുകൾ പൊട്ടിമുളച്ചുകൊണ്ടിരുന്ന ഒരു സമയത്താണ് സുപ്രീം കോടതി അവയെല്ലാം അസ്ഥാനത്താക്കുന്ന മട്ടിലൊരു വിധിന്യായം നടത്തുകയും അതിനെ പിന്നീട് റിവ്യൂ ഹർജി വന്ന അവസരത്തിൽ പോലും ശരിവെയ്ക്കുകയും ചെയ്തത്. വിധിന്യായത്തിൽ നിയമപരമായ ദുർബ്ബലത ഉണ്ടായിട്ടുെണ്ടന്ന് പൊതുവേ ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്നതിനാൽ ഇനിയും അവ പരിഹരിക്കാനുള്ള മാർഗങ്ങൾ സുപ്രീം കോടതിക്ക് സ്വീകരിക്കാവുന്നതേയുള്ളുവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. 

വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട, നിയമപണ്ധിതർ കൂടിയായ രണ്ട് പ്രമുഖ രാഷ്ട്ര നേതാക്കൾ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തുന്പോൾ അതിനെ നിസ്സാരവൽക്കരിച്ചു കാണാൻ നമുക്കാവില്ല. സ്വവർഗരതി ഇന്ന് ലോകമാകമാനം അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. എതിർ ലിംഗത്തിൽപ്പെട്ട ഒരാളോട് യാതൊരു ലൈംഗിക അഭിവാഞ്ഛയും തോന്നാത്ത ഒരാളോട് എങ്ങനെയാണ് എതിർലിംഗത്തിലെ വ്യക്തിയുമായി ലൈംഗികബന്ധം നടത്താൻ സമൂഹത്തിന് ആവശ്യപ്പെടാനാകുക. അയാൾക്ക് അയാളുടെ ലൈംഗികത നിഷേധിക്കുന്നതിന് തുല്യമാണ് അത്. സ്വവർഗ ലൈംഗികത പുലർത്തുന്നത് ഒരു രോഗമല്ലെന്നും അത് സ്വാഭാവികമായുള്ള ലൈംഗിക ഓറിയന്റേഷൻ തന്നെയാണെന്നും ലോകം തിരിച്ചറിഞ്ഞിട്ടും ഇന്ത്യയിൽ ഇന്നും അത് മനുഷ്യന് നിഷേധിക്കപ്പെടുകയും അവനെ ജയിലിലടയ്ക്കുകയും ചെയ്യുന്നത് മധ്യകാല യുഗങ്ങളിലെ കാടത്ത നീതിക്ക് തുല്യമല്ലേ.

മതപ്രീണനത്തിന്റെ ഭാഗമായും അറിവില്ലായ്മയും മൂലം മുൻകാലങ്ങളിൽ നമ്മുടെ രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും ഇത്തരം വിഷയങ്ങളിൽ പിന്തിരിപ്പൻ നിലപാടുകൾ തന്നെയാണ് സ്വീകരിച്ചുവന്നിരുന്നത്. അതുകൊണ്ടു തന്നെ മുൻ യു.പി.എ സർക്കാരും ആദ്യം സുപ്രീം കോടതിയിൽ ഡൽഹി ഹൈക്കോടതി വിധിക്കെതിരായ നിലപാടാണ് ആദ്യം സ്വീകരിച്ചതെങ്കിലും പിന്നീട് മൂന്നാംലിംഗ സമൂഹത്തിൽ നിന്നും മനുഷ്യാവകാശപ്രവർത്തകരിൽ നിന്നുമുള്ള സമ്മർദ്ദം മൂലം കോടതി ഇക്കാര്യത്തിൽ സ്വയം തീരുമാനമെടുക്കെട്ടെയെന്ന നിലപാടിന് വിടുകയായിരുന്നു. 

മൂന്നാം ലിംഗക്കാരായ വ്യക്തികളെ അവരുടെ ലൈംഗികതയ്ക്ക് വിരുദ്ധമായി വിവാഹം കഴിപ്പിച്ചയ്ക്കുന്നതു മൂലം കേരളത്തിൽ ആത്മഹത്യകൾ പോലും നടക്കുന്നുണ്ടെന്ന് സൂര്യാ വിനോദ് ഈ ലേഖകനോട് മുന്പ് വെളിപ്പെടുത്തിയിരുന്നതാണ്. പോരാത്തതിന് മലയാള സിനിമകളിൽ ഭിന്നലിംഗശേഷിയുള്ളവരെ അപഹസിക്കുന്ന കാര്യങ്ങൾ കോമഡിയെന്ന പേരിൽ തിരുകികയറ്റിയിട്ടും സെൻസർ ബോർഡ് അതൊന്നും കണ്ട ഭാവം നടിക്കുന്നുപോലുമില്ല. പല മൂന്നാംലിംഗക്കാരും കേരളത്തിൽ തങ്ങൾക്ക് ജീവിക്കാനാകുന്നില്ലെന്ന് കണ്ടതിനെ തുടർന്ന് മുംബൈയിലേക്കും ചെന്നൈയിലേക്കുമൊക്ക പലായനം ചെയ്തുവെന്നും മറ്റു ചിലർ വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയെന്നും സൂര്യാ വിനോദ് വ്യക്തമാക്കിയിരുന്നതാണ്. ഭിന്നലൈംഗികശേഷിയുള്ളവരെ സമൂഹം വിവിധ തൊഴിലുകളിൽ നിന്നുപോലും അകറ്റിനിർത്തുന്നതിനാൽ അവർ ഉപജീവനത്തിനായി ലൈംഗിക തൊഴിലിൽ അഭയം തേടേണ്ടി വരുന്ന അവസ്ഥയും കേരളത്തിലുണ്ട്. 

377−ാം വകുപ്പ് നിലനിർത്താനുള്ള സുപ്രീം കോടതിയുടെ തീരുമാനം കാലത്തിനു യോജിക്കാത്തതാണെന്ന കാര്യത്തിൽ യാഥാസ്ഥിതിക മതപണ്ധിതർക്കൊഴികെയുള്ള മറ്റാർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. ഇപ്പോഴിതാ രാഷ്ട്രീയ നേതൃത്വവും ആ വിധിന്യായത്തിന്റെ ബലഹീനതയെ ചോദ്യം ചെയ്ത് രംഗത്തു വന്നിരിക്കുന്നു. കോടതി ഈ വസ്തുതകളെ ശരിയായ വിധത്തിൽ അപഗ്രഥിച്ച് തീരുമാനമെടുക്കേണ്ട സമയം ആഗതമായിരിക്കുന്നു. കാലം അമാന്തിക്കുന്തോറും ലക്ഷക്കണക്കിനു പേരാണ് അവകാശങ്ങൾ നിഷേധിക്കപ്പെട്ട് കഴിയാൻ വിധിക്കപ്പെടുകയെന്ന കാര്യം അതീവ ഗൗരവകരമല്ലേ ഭിന്നലൈംഗികത ഒരു ശാരീരിക അവസ്ഥയാണെന്ന സത്യം എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇന്നും അംഗീകരിക്കപ്പെടാത്തത്? ഒരു അവകാശപ്പോരാട്ടത്തിന് അവരും തെരുവിൽ ഇറങ്ങണമെന്നാണോ കോടതി പറയുന്നത്?

You might also like

Most Viewed