വിഷമോ ഭക്ഷണമോ?
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കലും പഴകിയ ഭക്ഷണത്തിന്റെ വിൽപ്പനയും നിർബാധം തുടരുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിമിതികളെന്തൊക്കെ ?
കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടൽ ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ വറുത്തെടുക്കാൻ ഒരു തവണ മാത്രമേ എണ്ണ ഉപയോഗിക്കുകയുള്ളു. ഒറ്റത്തവണത്തെ ഉപയോഗത്തിനുശേഷം എണ്ണ എത്ര തന്നെ ബാക്കിയുണ്ടെങ്കിലും അതുടനെ തന്നെ പിന്നീട് ഉപയോഗിക്കാതിരിക്കാനായി മാറ്റിവയ്ക്കപ്പെടും. പക്ഷേ മാറ്റിവയ്ക്കപ്പെടുന്ന ഈ എണ്ണ ആ ഹോട്ടൽ നശിപ്പിച്ചു കളയുകയാണെന്ന് ധരിക്കരുത്. ആ എണ്ണ ആ ഹോട്ടലിൽ നിന്നും വൈകുന്നേരം ഏറ്റുവാങ്ങി റീപായ്ക്ക് ചെയ്ത് മറ്റ് ഹോട്ടലുകളിൽ കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മറ്റൊരു സംഘം പ്രവർത്തിക്കുന്നുണ്ട്. സ്റ്റാർ ഹോട്ടൽ ഉടമ അറിഞ്ഞുകൊണ്ടു തന്നെയാണ് ഈ കൈമാറ്റം നടക്കുന്നത്. അതിനർത്ഥം ഇതാണ്. സ്റ്റാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്പോൾ മാത്രം നല്ല എണ്ണയിലുള്ള ഭക്ഷണം ലഭിക്കും; അതേ ആൾ പുറത്ത് മറ്റൊരു റസ്‌റ്റോറന്റിലെത്തി ഭക്ഷണം കഴിച്ചാൽ ആ ഹോട്ടലിൽ നിന്നും തന്റെ ഉപയോഗത്തിനുശേഷം പുറന്തള്ളിയ അതേ എണ്ണയിൽ തന്നെയാകും അയാൾക്ക് ഭക്ഷണം ലഭിക്കുക. ഇക്കാര്യം ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് അറിയാത്തതല്ല. അറിഞ്ഞാലും ഈ ഇടപാടിനു നേരെ കണ്ണടയ്ക്കുകയാണ് അവരുടെ രീതി.
കോഴിക്കോട് ഷവർമ്മ ഭക്ഷിച്ച ഒരു ഉപഭോക്താവ് ഭക്ഷ്യവിഷബാധ മൂലം മരണപ്പെട്ടതോടെയാണ് തീൻമേശയിലെത്തുന്ന വിഷക്കൂട്ടുകളെപ്പറ്റി മലയാളി കൂടുതലായി ചിന്തിച്ചു തുടങ്ങിയത്. തുടർന്ന് കേരളമൊട്ടുക്കു ഹോട്ടൽ റെയ്ഡുകൾ നിരന്തരം അരങ്ങേറി. തമിഴ്‌നാട്ടിൽ നിന്നുള്ള പഴകിയ സുനാമി ഇറച്ചി തൊട്ട് പാകം ചെയ്തശേഷം ദിവസങ്ങളോളം ഫ്രിഡ്ജിൽ വച്ച് ചൂടാക്കി ഉപയോഗിച്ചുകൊണ്ടിരുന്നവർ വരെ പിടിയിലായി. ഹോട്ടലുകളിലെ ശുചിത്വരാഹിത്യം പരക്കെ ചർച്ച ചെയ്യപ്പെട്ടു. കക്കൂസിനടുത്തുള്ള അരിവയ്പുകേന്ദ്രങ്ങൾ, പൂപ്പൽ പിടിച്ച നിലയിലുള്ള പാത്രങ്ങൾ, തുടങ്ങി വൃത്തിഹീനമായ അന്തരീക്ഷമുള്ള പല ഹോട്ടലുകളും മെച്ചപ്പെട്ട സാഹചര്യം നിർമ്മിച്ചശേഷം മാത്രമേ പ്രവർത്തിക്കാവൂ എന്നു നിബന്ധന വന്നു. പക്ഷേ അതൊന്നും അധികകാലം നീണ്ടുനിന്നില്ല. മാധ്യമശ്രദ്ധയിൽ നിന്നും വിഷയം അകന്നതോടെ എല്ലാം പഴയ പടിയായി. കോർപ്പറേഷനുകളിലേയും മുൻസിപ്പാലിറ്റികളിലേയും പഞ്ചായത്തുകളിലേയും ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആർക്കാനും വേണ്ടി ഓക്കാനിക്കും പോലെ മാസത്തിൽ ഒന്നോ രണ്ടോ റെയ്ഡുകൾ മാത്രം നടത്തി. ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷനിൽ നിന്നും “മാസപ്പടി ആനുകൂല്യം’’ കൃത്യമായി ഓഫീസുകളിലെത്തുന്പോൾ പിന്നെ റെയ്ഡുകൾ പ്രഹസനമാകാതിരിക്കുന്നതെങ്ങനെ? മാത്രവുമല്ല മുൻസിപ്പാലിറ്റി നിയമപ്രകാരം വൃത്തിഹീനമായ ഹോട്ടൽ ഭക്ഷണം പിടികൂടിയാൽ നൽകേണ്ട പിഴയും പരിമിതം മാത്രം. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷനു കീഴിൽ 140ഓളം ഹെൽത്ത് ഇൻസ്‌പെകടർമാർ ഉള്ളവരിൽ പലരും പഴയപോലെ പ്രവർത്തനനിരതരുമല്ല. ഏതെങ്കിലും റെയ്ഡ് നടത്തിയാലുടനെ തന്നെ ഏതെങ്കിലും എം.എൽ.എയുടേയോ മന്ത്രിയുടെയോ വിളി വൈകാതെ എത്തുമെന്നതാണ് അതിനു കാരണം.
2006ൽ ഭക്ഷ്യസുരക്ഷാനിലവാര നിയമം വന്നതിൽപ്പിന്നെ അതുവരെ നിലനിന്നിരുന്ന 1954ലെ ഭക്ഷ്യ മായം ചേർക്കൽ നിയമം, 1955ലെ പഴ ഉൽപ്പന്ന നിയമം, 1973ലെ മാംസ്യഭക്ഷണ നിയമം, 1947ലെ സസ്യ എണ്ണ ഉൽപന്ന (നിയന്ത്രണ) നിയമം, 1988ലെ ഭക്ഷ്യ എണ്ണ പാക്കേജിങ് (നിയന്തണ) നിയമം, 1992ലെ പാൽ−പാൽ ഉൽപ്പന്ന നിയമം തുടങ്ങി പല നിയമങ്ങളും ഇല്ലാതായിരുന്നു. ഭക്ഷണകാര്യങ്ങളുടെ സുരക്ഷ സംബന്ധിച്ച മുഴുവൻ പ്രശ്‌നങ്ങളും അവ ഏതൊരു വകുപ്പിന്റെ കീഴിലുള്ളതാണെങ്കിലും അത് കൈകാര്യം ചെയ്യേണ്ട ബാധ്യത പൂർണ്ണമായും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) കൈകളിലേയ്ക്ക് എത്തിച്ചുനൽകി ഈ നിയമം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലാണ് ഇതിന്റെ പ്രവർത്തനം.
ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ വ്യക്തമായ നിയമങ്ങളൊക്കെ തന്നെ സർക്കാർ രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പ്രാവർത്തികമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മുക്കിനു മുക്കിനു കൂണുകൾ പോലെ മുളച്ചുപൊന്തുന്ന തട്ടുകടകൾക്കെല്ലാം തന്നെ ലൈസൻസ് കാർഡ് നൽകാനുള്ള സർക്കാരിന്റെ നീക്കങ്ങളും ഇതുവരെ എങ്ങുമെത്താത്ത അവസ്ഥയാണുള്ളത്. റെയഡ് നടത്തി പഴകിയ ഭക്ഷണം പിടികൂടുകയോ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അവ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയാൽ തന്നെയും എന്തെങ്കിലും തട്ടിക്കൂട്ട് ഏർപ്പാടുകളുണ്ടാക്കി തങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് വരുത്തിത്തീർത്ത് അതിവേഗം പ്രവർത്തനം പുനരാരംഭിക്കുവാനും ഹോട്ടലുകൾക്ക് കഴിയുന്നുണ്ട്. ഇത് ഹോട്ടലുകളുടെ മാത്രം കഥയല്ല. ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ മായം കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടി.വി അനുപമ നിരോധനം ഏർപ്പെടുത്തിയ നിറപറ ഉൽപ്പന്നങ്ങളിൽ ചിലതിലുള്ള നിരോധനത്തിനെതിരെ കോടതിയിൽ പോയി നിറപറ കന്പനി ഉത്തരവിന് സ്‌റ്റേ വാങ്ങിയത് സമീപകാല കാഴ്ചയായിരുന്നു. ലെഡിന്റെ അംശം അളവിൽ കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയൊട്ടുക്ക് നിരോധനം വന്ന മാഗി നൂഡിൽസും രണ്ടാഴ്ച മുന്പ് വിപണിയിലേക്ക് തിരിച്ചെത്തി.
ഭക്ഷ്യ വസ്തുക്കളിൽ ലാഭേച്ഛ മാത്രം ലക്ഷ്യമിട്ട് കന്പനികൾ മായം ചേർക്കൽ വ്യാപകമായി നടത്തുന്പോൾ അത് പൊതുജനാരോഗ്യത്തെ എത്രത്തോളം ദോഷകരമായാണ് ബാധിക്കുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല. മുളകുപൊടിയിൽ ഇഷ്ടികപ്പൊടി ചേർക്കുന്നതോ അരിയിൽ റെഡ് ഓക്‌സൈഡ് മിശ്രിതം ചേർത്തശേഷം പാരഫിൻ വാക്‌സ് ഉപയോഗിച്ച് പോളീഷ് നൽകുന്നതോ വെളിച്ചെണ്ണയിൽ പാരഫിൻ വാക്‌സ് ചേർക്കുന്നതോ മാത്രമല്ല ഈ പ്രശ്‌നം. സംസ്ഥാനത്തെ ഹോട്ടലുകളിൽ നൽകപ്പെടുന്ന ഭക്ഷ്യവസ്തുക്കളിൽ രുചിവർദ്ധിപ്പിക്കുന്നതിന് ചേർക്കുന്ന വസ്തുക്കളുടെ പട്ടിക കേട്ടാൽ തന്നെ നമ്മൾ നടുങ്ങിയേക്കും. കൃത്രിമ നിറങ്ങളും സിന്തെറ്റിക് രുചികളുമാണ് അവിടെ നിറയുന്നത്. മസ്തിഷ്‌ക പ്രശ്‌നങ്ങളും തലവേദനയും ഗർഭിണികൾക്ക് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് എന്ന അജിനോമോട്ടോ മാത്രമാണ് വില്ലനെന്നാണ് നമ്മളിൽ പലരുടേയും ധാരണ. അച്ചാറുകളിലും സോസുകളിലും ജാമുകളിലും ഉപയോഗിക്കുന്ന −ശ്വാസകോശരോഗങ്ങൾക്കും കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിക്കും ഇടയാക്കുന്ന −സോഡിയം ബെൻസോയേറ്റ്, ഫ്രൈഡ് ചിക്കനിലും നഗ്ഗറ്റ്‌സിലും ഫ്രൈഡ് ഭക്ഷണങ്ങളിലും ചേർക്കുന്ന− ചെവി സംബന്ധിയായ അസുഖങ്ങൾക്കും ശ്വാസതടസ്സത്തിനും ഇടയാക്കുന്ന − ടേർഷറി ബ്യൂട്ടൈയ്ൽ ഹൈഡ്രോകുനോൺ, മാംസ്യത്തിന് രുചിയും ചുവപ്പുനിറവും നൽകാൻ ഉപയോഗിക്കുന്ന −ഹീമോഗ്ലോബിനിലേക്ക് ഓക്‌സിജൻ എത്തുന്നത് കുറയ്ക്കുന്ന −സോഡിയം നൈട്രേറ്റ്, മത്സ്യം കേടുകൂടാതിരിക്കുന്നതിനുപേയാഗിക്കുന്ന− കാൻസറിന് ഇടയാക്കുന്ന− ഫോർമാലിൻ, ബിരിയാണിയിൽ ഉപയോഗിക്കുന്ന −നാഡിഞരന്പുകളെ പ്രശ്‌നത്തിലാക്കുന്ന− മെറ്റാനിൽയെല്ലാ തുടങ്ങിയവയെല്ലാം അതീവ അപകടകാരികളാണ്.
ഹോട്ടലുകളിൽ റെയ്ഡ് നടത്തുന്ന ഹെൽത്ത് ഇൻപെക്ടർമാർ പക്ഷേ ഈ ഭക്ഷ്യവസ്തുക്കളെ ഇത്തരത്തിലുള്ള കൃത്രിമ രാസവസ്തുക്കൾ ചേർക്കുന്നതിന് പരിേശാധിക്കാൻ ലാബുകളിലേക്ക് അയക്കുന്നില്ല. അവരുടെ പരിശോധന കേവലം വൃത്തിഹീനമായ അന്തരീക്ഷത്തിലും പഴകിയ ഭക്ഷണത്തിലും മാത്രമായി ഒതുങ്ങുന്നു. കേരള സർക്കാർ ഓപ്പറേഷൻ രുചി എന്ന പേരിൽ ഒരു റെയ്ഡ് സമീപകാലത്ത് നടത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് കേരളത്തിലെന്പാടുമുള്ള ഹോട്ടലുകളിൽ ഈ റെയ്ഡ് ഏതാനും മാസങ്ങൾക്കു മുന്പു നടത്തിയപ്പോൾ കൊച്ചിയിൽ അഞ്ച് വടക്കേ ഇന്ത്യൻ ചാറ്റ് ഭക്ഷണങ്ങൾ വിറ്റിരുന്ന ഷോപ്പുകളോട് പ്രവർത്തനം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ആഴ്ചകളോളം ഉപയോഗിച്ചു പഴക്കമുള്ള പാചക എണ്ണ ഉപയോഗിച്ചാണ് സമോസകൾ നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയതിനു പുറമേ, പാനിപുരിപോലുള്ളവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ഉണ്ടാക്കുന്നത് കത്രിക്കടവിലുള്ള വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന് അവർ കണ്ടെത്തിയിരുന്നു. കോഴിക്കോടും വടകരയിലും തിരുവനന്തപുരത്തും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് 3000 രൂപ മുതൽ 5000 രൂപ വരെ പിഴയും ഈടാക്കിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള റെയ്ഡുകൾക്കോ പിഴ സംവിധാനത്തിനോ ഹോട്ടലുകളുടെ നിലവാരം മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. കൂടുതൽ കടുത്ത ശിക്ഷകൾ നൽകാത്തപക്ഷം ഹോട്ടലുകൾ തുടർന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾ തന്നെ ആവർത്തിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഒരൊറ്റ ദിവസം തന്നെ റെയ്ഡിൽ നിന്നും ലക്ഷക്കണക്കിനു രൂപ പിഴയായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നേടുന്നുണ്ടെങ്കിലും ഹോട്ടലുകളെ സംബന്ധിച്ചിടത്തോളം പിഴയായി ഈടാക്കപ്പെടുന്ന തുക വളരെ നിസ്സാരമാണെന്നതാണ് വാസ്തവം.
തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമെത്തുന്ന പച്ചക്കറികളിലെ വിഷത്തിനു പുറമേ മലയാളിയുടെ ഭക്ഷണത്തിലേക്ക് ഇന്ന് സ്റ്റിറോയ്ഡുകളുടെ പ്രവാഹം മാംസം വഴിയും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൊള്ളാച്ചി, ഡിണ്ടിക്കൽ, കന്പം തുടങ്ങിയ പ്രദേശങ്ങളിലും കേരളത്തിലെ മാർക്കറ്റുകളിലേക്ക് അറക്കാനെത്തിക്കുന്ന ആടുമാടുകളെ സ്റ്റിറോയ്ഡ് ഇൻജെക്ഷനുകൾ നൽകിയാണ് എത്തിക്കുന്നതെന്നത് പരസ്യമായ ഒരു രഹസ്യമാണ്. പ്രായാധിക്യം വന്ന പല മാടുകളും യാത്രാമധ്യേ മരണപ്പെടാതിരിക്കാനുള്ള മുൻകരുതലാണ് ഈ സ്റ്റിറോയ്ഡ് ഇൻജെക്ഷനുകൾ. ഇതിനു പുറമേയാണ് സുനാമി ഇറച്ചി അഥവാ പഴകിയ ഇറച്ചിയുടെ വിൽപന. പഫ്‌സ്, കട്‌ലെറ്റ് എന്നീ ഭക്ഷണ സാമഗ്രികളുണ്ടാക്കുന്നവരാണ് പ്രധാനമായും സുനാമി ഇറച്ചി വാങ്ങുന്ന കടക്കാരിൽ പ്രധാനികൾ. കാക്കനാട്ടെ റീജിയണൽ കെമിക്കൽ ലാബോറട്ടറിയിലേക്കാണ് ഇത്തരം ഭക്ഷ്യവസ്തുക്കൾ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ എത്തിക്കുന്നത്.
ഇതിനു പുറമേയാണ് മറ്റു തരങ്ങളിൽ കൂടി മാരകമായ രാസവസ്തുക്കൾ മനുഷ്യശരീരത്തിലേക്ക് എത്തിക്കപ്പെടുന്നത്. മാംസത്തിന്റെ തൂക്കം വർദ്ധിപ്പിക്കുന്നതിനായി കൊല ചെയ്യുന്നതിനു മുന്പ് അറവുകാർ മാടുകളെ കോപ്പർ സൾഫേറ്റ് തീറ്റിക്കാറുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കോപ്പർ സൾഫേറ്റ് കണ്ടെത്തപ്പെടാനുള്ള സാധ്യത കൂടുതലായതിനാൽ ഇപ്പോൾ ചില രാസവസ്തുക്കൾ ഉപയോഗിച്ച് മാടുകളുടെ വൃക്ക തകരാറിലാക്കി അറക്കുന്നതിനു മുന്പ് ജലം ശരീരത്തിൽ തന്നെ നിലനിർത്തി തൂക്കം കൂട്ടുന്ന രീതിയും ചില അറവുകാർ പ്രാവർത്തികമാക്കാറുണ്ടത്രേ. വൃക്ക തകരാറിലാക്കുന്നതിനു മുന്നോടിയായി ധാരാളം ജലം ഇവയ്ക്ക് കുടിക്കാനായി നൽകുകയും അതുവഴി തൂക്കം വർദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതിനൊക്കെ പുറമേ മാംസത്തിന്റെ നിറം ചുവന്നിരിക്കാനായി സോഡിയം നൈട്രേറ്റ്, റെഡ് ഓക്‌ൈസഡ് എന്നിവ കൂട്ടിക്കലർത്തുന്നതും സ്വാഭാവികമായ കാര്യം മാത്രം. ഈ രാസമാലിന്യങ്ങളൊക്കെ തന്നെയും മാടിന്റെ ഇറച്ചിയിലൂടെ മനുഷ്യശരീരത്തിലേയ്ക്ക് എത്തപ്പെടുമെന്നതും അത് പിന്നീട് മാരകമായ വ്യാധികൾക്ക് ഇടയാക്കുകയും ചെയ്യുമെന്നത് അധികമാരും അറിയാത്ത കാര്യം.
പരിമിതമായ ജീവനക്കാരുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന് മാസത്തിൽ രണ്ടോ മൂന്നോ റെയ്ഡുകളുമായി ഒതുങ്ങിക്കഴിയേണ്ട അവസ്ഥയാണ് ഇന്നുള്ളത്. കോർപ്പറേഷനിലേയും മുൻസിപ്പാലിറ്റികളിലേയും പഞ്ചായത്തുകളിലേയും ഹെൽത്ത് ഇൻസ്‌പെക്ടർമാരാണെങ്കിൽ ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ചു പ്രവർത്തിക്കുന്നുമില്ല. അവർ തമ്മിൽ ഐക്യമില്ലാത്തതിനാൽ പരസ്പരം അറിയിക്കാതെയുള്ള റെയ്ഡുകളാണ് ഇന്ന് കേരളത്തിൽ നടന്നുവരുന്നത്. കൈക്കൂലി കൊടുത്താൽ ഏത് ഭക്ഷണവും ജനങ്ങളെ കൊണ്ട് തീറ്റിക്കാനാകുമെന്നും ലാഭം കൊയ്യാമെന്നും ഹോട്ടലുകാരും പഠിച്ചുകഴിഞ്ഞിരിക്കുന്നു.
വാൽക്കഷണം: തിരുവനന്തപുരം കളക്ടറുടെ പി എയുടെ വീട്ടിൽ നിന്നും മാലിന്യം നിരത്തിലേയ്ക്ക് ഒഴുക്കിവിടുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ താക്കീത് നൽകിയിട്ടും ഗുണമുണ്ടാകാതിരുന്നതിനെ തുടർന്ന് സംഗതി കേസ്സായി. പക്ഷേ അധികം വൈകാതെ തന്നെ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ട്രാൻഫർ ഓർഡറായി. ഒന്നര വർഷം മുന്പ് തൃശൂരിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിച്ചിരുന്നു കക്ഷിയെന്നത് ശരിയാണ്. പക്ഷേ അത് ലഭിക്കില്ലെന്ന് അറിഞ്ഞ് മകളെ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് കൊണ്ടു ചെന്ന് ചേർത്ത സമയത്താണ് ട്രാൻസ്ഫർ എത്തിയത്. എന്തുപറയാൻ, നേരത്തെ അപേക്ഷിച്ച ട്രാൻസ്ഫർ ഇപ്പോൾ പെട്ടെന്ന് കൊടുത്തുവെന്ന് മറുപടി കിട്ടുമെന്നല്ലാതെ ഇതിലെന്ത് പായാരം പറയാൻ?