ഇത് പേഴ്‌സണൽ കാര്യമല്ല!


കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ജോലി എന്താണെന്ന കാര്യത്തിൽ ഇപ്പോൾ നാട്ടുകാർക്ക് ബലമായ സംശയമുണ്ട്. മന്ത്രിമാർ നടത്തിവരുന്ന അധോലോകപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ഈ പേഴ്‌സണൽ ഡോണുകളാണെന്നാണ് പുറത്തുള്ള സംസാരം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജിക്കു, ജോപ്പൻ തുടങ്ങിയ വിചിത്രനാമധാരികളായ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും സലിംരാജ് എന്ന ഗൺമാനും മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പെണ്ണുങ്ങളെ വളയ്ക്കാൻ നോക്കിയ ഒരുവനും പുറത്താക്കപ്പെട്ടതിനുശേഷമാണ് മന്ത്രി കെ.ബാബുവിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ പ്രൈവറ്റ് സെക്രട്ടറി സുരേഷ് ഇപ്പോൾ കോഴയിടപാടിലെ ഒരു പ്രധാനിയായി പൊങ്ങിവന്നിരിക്കുന്നത്. ബാർ ഹോട്ടൽ അസോസിയേഷന്റെ വർക്കിങ് പ്രസിഡന്റ് ബിജു രമേശും അദ്ദേഹത്തിന്റെ ജനറൽ മാനേജരും ചേംബറിന്റെ വൈസ് പ്രസിഡന്റായിരുന്ന മുഹമ്മദ് റസീഫും ചേർന്ന് അന്പതു ലക്ഷം രൂപയുടെ കോഴപ്പണം മന്ത്രി ബാബുവിന്റെ ഓഫീസിലെത്തിച്ചപ്പോൾ ഈ പണം കൈപ്പറ്റിയത് ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ സുരേഷ് പൈ ആയിരുന്നുവേത്ര. സുരേഷ് പൈ താൻ കൈപ്പറ്റിയ പണം വൈകാതെ തന്നെ മന്ത്രിയുടെ കാറിൽ കൊണ്ടു ചെന്നുവെയ്ക്കുന്നതും ബിജു കണ്ടുവേത്ര. സ്വാഭാവികമായും നികുതിദായകരായ നാട്ടുകാർക്ക് ന്യായമായി ഒരു സംശയമുണ്ടാകാം− നമ്മുടെ മന്ത്രിമാർ സർക്കാർ ചെലവിൽ 30 പേഴ്‌സണൽ സ്റ്റാഫുകളെ വെച്ചിരിക്കുന്നത് ക്രിയാത്മകമായ ഭരണം സാധ്യമാക്കുന്നതിനാണോ അതോ കേരളമൊട്ടാകെ നടന്ന് പലരിൽ നിന്നും കോഴ കൈപ്പറ്റി തങ്ങളുടെ ബോസിനെ ഏൽപ്പിക്കാനാണോ എന്നതാണത്.

കേരളത്തിലെ ചട്ടങ്ങൾ പ്രകാരം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷനേതാവിനും ചീഫ്് വിപ്പിനും നിയമപ്രകാരം 30 പേരെ പേഴ്‌സണൽ സ്റ്റാഫിലെടുക്കാമെന്നാണ് നിയമം. ഇവരിൽ എ വിഭാഗത്തിൽപ്പെട്ട 17 പേർ പേഴ്‌സണൽ അസിസ്റ്റന്റ് മുതൽ മേലോട്ടുള്ള തസ്തികകളിലുള്ളവരാണ്. ക്ലർക്ക്, പ്യൂൺ എന്നിവരുൾപ്പെട്ട ബി വിഭാഗത്തിലുള്ളവരായി മറ്റ് 13 പേരെയും നിയമിക്കാം. ഈ 13 പേരുടെ സംഘത്തിനു മാത്രമാണ് സെക്രട്ടറിയേറ്റ് സർവീസിൽ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടാകേണ്ടിയിരിക്കേണ്ടതുള്ളു. മന്ത്രിമാർക്കൊപ്പം ഭരണപരവും നയപരവുമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിൽ സഹായിക്കുന്ന, ഉന്നത ശന്പളം വാങ്ങുന്ന പേഴ്‌സണൽ സ്റ്റാഫിലെ ഉന്നതർക്ക് യാതൊരു വിദ്യാഭ്യാസ യോഗ്യതയും വേണ്ട എന്നു ചുരുക്കം. അതായത് ഇവരുടെ പ്രധാന ദൗത്യം മന്ത്രിമാർ ചെയ്യുന്ന കടുംകൈയ്ക്ക് കൂട്ടുനിൽക്കുകയോ അവർക്ക് ലഭിക്കുന്ന കോഴപ്പണം അടങ്ങിയ പെട്ടി ചുമക്കുകയോ കോഴ തരപ്പെടുത്തിക്കിട്ടാൻ പലരുമായും ബന്ധപ്പെടുകയോ മന്ത്രിമാർ ആവശ്യപ്പെടുന്ന കോഴപ്പണത്തിന്റെ കണക്ക് എത്തിക്കുകയോ ഒക്കെ ആണ്. മറ്റു ജോലികളൊക്കെ അവർക്കുണ്ടെന്ന് മന്ത്രിമാർ വാദിച്ചാൽ തന്നെയും ഇപ്പോഴത്തെ അവസ്ഥ വെച്ചുനോക്കുന്പോൾ ഇതാണ് ഇവരുടെയൊക്കെ പ്രധാന ജോലിയെന്ന് തോന്നാം. പ്രത്യേകിച്ചും സോളാർ സരിതയുമായുള്ള ഇടപാടിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ജോപ്പനും ജിക്കുവും പുറത്താക്കപ്പെട്ടതെങ്കിൽ സലിം രാജ് പുറത്താക്കപ്പെട്ടത് കളമശ്ശേരി ഭൂമി തട്ടിപ്പിന്റെ പേരിലായിരുന്നു. അക്കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി മൊബൈൽ ഫോണില്ലാതിരുന്നതിനാൽ ഈ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ മൊബൈൽ ഫോണുകളിലൂടെയായിരുന്നുവത്രേ ചാണ്ടിയുടെ എല്ലാ ഇടപാടുകളും സംഭാഷണവുമൊക്കെയും. ഭരണാധികാരിയുടെ പേരിൽ ഏതുസമയത്തും ബലിയാട് ആകാൻ കൂടി സദാ സന്നദ്ധരായിരിക്കണം അതീവ വിശ്വസ്തർ എന്ന് അവർ വാഴ്ത്തിപ്പാടുന്ന ഈ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ എന്നാണ് സോളാർ ഇടപാടിലെ ബലിയാടുകളുടെ കഥ വ്യക്തമാക്കുന്നത്.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ശന്പളം നൽകുന്നത് സർക്കാരാണെങ്കിലും പി. എ തൊട്ട് മുകളിലേക്കുള്ളവർക്ക് വിദ്യാഭ്യാസയോഗ്യത പറയുന്നില്ല. ആരേയും നിയമിക്കാം. 2013 ജൂൺ 28−ന് പൊതു ഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ൈപ്രവറ്റ് സെക്രട്ടറിക്കും സ്‌പെഷ്യൽ ൈപ്രവറ്റ് സെക്രട്ടറിക്കും അഡീഷണൽ ൈപ്രവറ്റ് സെക്രട്ടറിക്കും 40,640−57,440 രൂപയാണ് പുതുക്കിയ ശന്പള സ്‌കെയിൽ. ഇതിനെല്ലാം പുറമേ രണ്ടു വർഷം സർവ്വീസിൽ തുടർന്നാൽ ഇവർക്ക് ശന്പളത്തിന് ആനുപാതികമായി സർക്കാർ പെൻഷനും അവകാശമുണ്ട്. ഈ മാനദണ്ധം മറയാക്കി രണ്ടു വർഷം കഴിഞ്ഞാൽ പേഴ്‌സണൽ സ്റ്റാഫിനെ മാറ്റി പഴയവർക്ക് പെൻഷൻ തരപ്പെടുത്തിക്കൊടുക്കുന്ന ഏർപ്പാടും നടന്നുവരുന്നുണ്ട്. ഇക്കണ്ട പേഴ്‌സണൽ സ്റ്റാഫുകളെയൊക്കെ നിയമിക്കുന്നതിന് യാതൊരു മാനദണ്ധവും എന്തുകൊണ്ട് സർക്കാർ വകുപ്പുകളിൽ നിന്നുമെടുക്കുന്നില്ല എന്ന ചോദ്യത്തിന് മന്ത്രിമാർ നൽകുന്ന ഉത്തരം ഇക്കൂട്ടരുടെ വിശ്വാസ്യത പ്രധാനമാണെന്നാണ് (ഇടതുഭരണകാലത്ത് സ്വന്തം മരുമകളെ പേഴ്‌സണൽ സ്റ്റാഫ് അംഗമാക്കി മാതൃക കാട്ടിയ ശ്രീമതി ടീച്ചർ എന്ന മാതൃകാ അമ്മായിയമ്മയേയും നമ്മൾ കണ്ടതാണല്ലോ). അങ്ങനെയെങ്കിൽ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുക്കുന്ന ഈ പേഴ്‌സണൽ സ്റ്റാഫ് കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ മന്ത്രിമാർ നിർബന്ധിതരാണെന്ന കാര്യം പക്ഷേ അവരാരും പറയുന്നില്ലെന്നതാണ് കടുംകൈ. 

വിദ്യാഭ്യാസ യോഗ്യതയൊന്നും അല്ലെങ്കിലും കോഴ വാങ്ങിക്കാൻ നടക്കുന്നവർക്ക് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലല്ലോ. സർക്കാർ ഭരണത്തിലെത്തിയ സമയത്ത്, തിരുവഞ്ചൂർ രാധാകൃഷ്ണന്റേയും കെ.സി ജോസഫിന്റേയും അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റുമാരായ രണ്ടു പേർ പത്താം ക്ലാസ് പരീക്ഷ പോലും ജയിച്ചിട്ടില്ലാത്തവരായിരുന്നു. മഞ്ഞളാംകുഴി അലിയുടെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്റുകളും മൂന്ന് ഓഫീസ് അസിസ്റ്റന്റുകളും ഇപ്പോൾ കോഴയാരോപണത്തിൽപ്പെട്ട് രാജിവെച്ച കെ.എം മാണിയുടെ ഒരു പേഴ്‌സണൽ അസിസ്റ്റന്റും പത്താം ക്ലാസ് ജയിച്ചിട്ടില്ലായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ എ വിഭാഗത്തിൽപ്പെട്ട സ്റ്റാഫ് അംഗങ്ങളിൽ നാലു പേർക്ക് പ്ലസ്ടുവിൽ താഴെ മാത്രമാണ് വിദ്യാഭ്യാസ യോഗ്യത. അന്ന് മന്ത്രി ജയലക്ഷ്മിയുടെ പ്യൂണായി എത്തിയവരിൽ നാല് പേരെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റുമാരാക്കി മാറ്റുകയും ചെയ്തുവത്രേ. ഈ യോഗ്യതയൊന്നുമില്ലാത്തവരെ പേഴ്‌സണൽ സ്റ്റാഫിൽ അംഗങ്ങളാക്കുന്നതിനു പിന്നിൽ തങ്ങളുടെ നിലവാരത്തിനൊത്തവർ തങ്ങൾക്കൊപ്പം സദാസമയവും വേണമെന്ന തോന്നൽ മന്ത്രിമാർക്കുള്ളതുകൊണ്ടാണെന്നും കരുതുന്നവരുണ്ട്. തൊഴിൽ സംബന്ധമായി പല മന്ത്രിമാർക്കൊപ്പവും സഞ്ചരിച്ചതിൽ നിന്നും അവരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ നിലവാരം നമ്മുടെ സങ്കൽപങ്ങളേക്കാൾ മോശപ്പെട്ടതാണെന്ന തിരിച്ചറിവും ഈ ലേഖകന് ഉണ്ടായിട്ടുണ്ടെന്നതാണ് സത്യം. 

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാകുന്നവരിൽ കെ.പി.സി.സി ഭാരവാഹികൾ പോലും ഉണ്ടെന്നതാണ് വാസ്തവം. അവരാകട്ടെ 50,000−വും 60,000−വുമൊക്കെ ശന്പളം സർക്കാർ ജനാവിൽ നിന്നും കൈപ്പറ്റുകയും ചെയ്യുന്നു. മുന്പൊരിക്കൽ പേഴ്‌സണൽ സ്റ്റാഫിന്റെ ശന്പള ഇനത്തിൽ വലിയൊരു തുക വിനിയോഗിക്കുന്നുണ്ടെന്ന വിവാദം പുകഞ്ഞതിനെത്തുടർന്ന്, നാട്ടുകാർക്കു മുന്നിൽ നല്ലപിള്ള ചമയാൻ മുൻ ചീഫ്‌വിപ്പ് പി.സി ജോർജ്ജ് തന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും കുറച്ചുപേരെ വെട്ടിക്കുറച്ചിരുന്നു. പക്ഷേ വിവാദം ഒടുങ്ങിയ മുറയ്ക്ക് ആ പേഴ്‌സണൽ സ്റ്റാഫിനെ തിരിച്ചെടുക്കാൻ ജോർജ് തന്നെ അപേക്ഷ നൽകുകയും ചെയ്തു! എല്ലാവർക്കുമാകാമെങ്കിൽ താൻ മാത്രം എന്തിനു പുണ്യാളൻ ചമഞ്ഞ് നാണംകെടണമെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോൾ അന്ന് പി.സി ജോർജിന്റെ മറുപടി.

പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കാണെങ്കിൽ തങ്ങൾക്കില്ലാത്ത ജോലി ഉണ്ടാക്കി പണിയെടുത്തുവെന്ന് വരുത്തിത്തീർക്കാനുള്ള ഉദ്യോഗസ്ഥരുടെ ബുദ്ധി ഇല്ലാത്തതിനാൽ തങ്ങളുടെ പേഴ്‌സണൽ കാര്യങ്ങൾക്കും ബിസിനസുകൾക്കുമായി പോകുകയാണ് നല്ലതെന്ന തോന്നലുമാണുള്ളത്. സ്വന്തം ബിസിനസ്സുകൾ നടത്തുന്നതിന് സർക്കാർ ഖജനാവിൽ നിന്നും ശന്പളം കൂടി കിട്ടുന്ന തൊഴിൽ ലോകത്ത് വേറെ ഏതുണ്ട്? അവരിൽ ചിലർ സ്വന്തം നാട്ടിൽ പല ബിസിനസുകളും ചെയ്തു കഴിയുകയാണ്. അതുപോെല കെ.പി.സി.സി ഓഫീസിലിരിക്കുന്ന 90 ശതമാനം ജീവനക്കാരും ഇന്ന് മന്ത്രിമാരുടെ സ്റ്റാഫുകളാണെന്നത് വേറെ കഥ. ഇവരിൽ പലരും മന്ത്രിമാരുടെ ഓഫീസിലേയ്ക്ക് ഒരിക്കൽ പോലും എത്തിനോക്കാത്തവരുമാണത്രേ! പ്രതിവർഷം ഒന്നരക്കോടി രൂപയ്ക്കടുത്താണ് ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ ശന്പളത്തിനായി സർക്കാർ ജനാവിൽ നിന്നും ചെലവഴിക്കുന്നത്. ചില മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കാകട്ടെ ഒരു മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായി മരിക്കുകയെന്നതാണ് ജീവിതാഭിലാഷമെന്നതിനാൽ മറ്റു മന്ത്രിമാർക്കായുള്ള ചാരപ്പണികളിൽ ഏർപ്പെടുന്നുണ്ടെന്നും ചില മന്ത്രിമാർ തന്നെ അടക്കം പറയുന്നു. നാട്ടുകാരുടെ നികുതിപ്പണം വല്ലവന്റേയും കീശയിലെത്തിക്കുന്ന മഹത്കർമ്മമാണ് ഓരോ പേഴ്‌സണൽ സ്റ്റാഫ് നിയമനവും! 

എന്താണ് ഇതിനൊരു പരിഹാരമാർഗ്ഗം? പേഴ്‌സണൽ സ്റ്റാഫിന്റെ നിയമനത്തിനു മിനിമം യോഗ്യത െവയ്ക്കുകയും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ഒരു പട്ടിക ചീഫ് സെക്രട്ടറി ഓരോ മന്ത്രിമാർക്ക് കൊടുക്കുകയും ആ പട്ടികയിൽ നിന്നും വിശ്വസ്തരെ അവർ തന്നെ കണ്ടെത്തി നിയമിക്കുകയും ചെയ്താൽ ഈ കൊള്ളരുതായ്മകൾക്ക് ഒരു പരിധി വരെ തടയിടാനാകും. ചില മന്ത്രിമാരുടെ ഓഫീസുകൾ ക്രിയാത്മകമായി പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം സമ്മതിക്കുന്നു. പക്ഷേ ഭൂരിപക്ഷം മന്ത്രിമാരുടേയും പേഴ്‌സണൽ സ്റ്റാഫുകളുടെ കാര്യത്തിൽ അവസ്ഥ ഭീകരമാണ്. നികുതിദായകന്റെ പണം കോഴപ്പണപ്പെട്ടി ചുമക്കുന്നവനു ശന്പളം നൽകാനുള്ളതല്ലെന്ന മിനിമം പ്രതിബദ്ധതയെങ്കിലും തങ്ങളുടെ ജനപ്രതിനിധികളിൽ നിന്നും പാവം നാട്ടുകാർ പ്രതീക്ഷിക്കുന്നുണ്ട്.

You might also like

Most Viewed