ആരോപണങ്ങളിൽ കഴന്പുണ്ടോ ?
അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനെതിരെ ഉന്നയിക്കപ്പെട്ട നിരവധി ആരോപണങ്ങളിൽ ഒന്നു മാത്രമാണ് കയർഫെഡ് അഴിമതി. ഈ ആരോപണങ്ങളിൽ എത്രത്തോളം കഴന്പുണ്ട്?
അഗ്നിപർവതം കണക്കെയാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺ കുമാർ. ഇടയ്ക്കിടെ സ്‌ഫോടനമുണ്ടാക്കി പുകയും ചാരവും ലാവയുമൊക്കെ ചീറ്റും. വി.എസ് അച്യുതാനന്ദൻ ഭരണപക്ഷത്തിനെതിരെ സ്‌കോർ ചെയ്യുന്ന അവസരത്തിലാകും മിക്കവാറും ഭരണപക്ഷം അരുൺ കുമാർ എന്ന മകനെ ഉപയോഗിച്ച് അച്യുതാനന്ദന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുക. കാലങ്ങളായി തന്നെ ഈ പ്രക്രിയ തുടർന്നുവരുന്നു. ഏറ്റവുമൊടുവിൽ ചേർത്തലയിൽ കയർഫെഡിന്റെ ഗോഡൗൺ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് അന്നത്തെ മാനേജിങ് ഡയറക്ടറായിരുന്ന അരുൺ കുമാറിന് 40.77 ലക്ഷം രൂപയുടെ അഴിമതിയിൽ പങ്കുണ്ടെന്നാണ് സംസ്ഥാന വിജിലൻസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 4.50 കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയോ സാങ്കേതിക അനുമതിയോ നേടിയിരുന്നില്ലെന്നും പൊതുമരാമത്ത് അംഗീകരിച്ച നിരക്കിലാണ് കരാർ നൽകിയതെന്ന് അരുൺ കുമാർ കയർ ബോർഡിന്റെ ഡയറക്ടർ ബോർഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് ആരോപണം. അരുൺകുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലൻസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് വിജിലൻസ് എ.ഡി.ജി.പിക്ക് സമർപ്പിക്കുകയും ചെയ്തിരിക്കുന്നു.
മക്കാവോ സന്ദർശനം മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് (ഐ.എച്ച്.ആർ.ഡി) നിയമനം വരെയും ചന്ദനഫാക്ടറി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം മുതൽ അനധികൃത വിദേശയാത്രകൾ നടത്തിയെന്ന ആരോപണങ്ങൾ വരെയും സന്തോഷ് മാധവനിൽ നിന്നും 70 ലക്ഷം രൂപ വാങ്ങിയെന്ന പരാതി മുതൽ അന്യസംസ്ഥാന ലോട്ടറിക്കായി പ്രവർത്തിച്ചുവെന്ന ആക്ഷേപം വരെയും അരുൺകുമാറിനെതിരെ കഴിഞ്ഞ കാലങ്ങളിൽ ഉന്നയിക്കപ്പെട്ടിരുന്നു. വ്യാജ സാക്ഷ്യപത്രം ഉപയോഗിച്ച് ഉദ്യോഗക്കയറ്റം നേടിയെന്നതു തൊട്ട് ഗവേഷണത്തിനു രജിസ്റ്റർ ചെയ്തുവെന്നും സ്മാർട്ട് സിറ്റി പദ്ധതിയിൽ സർക്കാരിന് നഷ്ടമുണ്ടാക്കുംവിധം കന്പനിയുമായി ഇടപാടു നടത്തിയെന്നു വരെ നീണ്ടു ആരോപണങ്ങൾ. എന്തായാലും പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അരുൺ കുമാറിനെതിരെ ഉന്നയിച്ച 11 ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച വിജിലൻസ് അതിൽ ചിലതിലൊക്കെ അരുൺ കുമാറിനെതിരെ തുടർ അന്വേഷണത്തിന് തക്കതായ തെളിവുണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അതിലൊന്നായിരുന്നു കയർഫെഡ് അഴിമതിക്കഥ.
ഇന്നും ഇന്നലെയോ തുടങ്ങിയതല്ല അരുൺ കുമാറിനെതിരെയുള്ള ആരോപണങ്ങൾ. വ്യവസായിയായ കെ.പി.പി നന്പ്യാർ കണ്ണൂർ പവർ പ്രോജക്ടിന്റെ മൊത്തം ചെലവായ 1500 കോടി രൂപയുടെ അഞ്ചു ശതമാനം (75 കോടി രൂപ) അരുൺ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ സഫലം കലാപഭരിതത്തിൽ എഴുതിയതാണ് ആരോപണങ്ങളിൽ ഗൗരവതരമെന്ന മട്ടിലുള്ള ഒന്നായി ആദ്യം പുറത്തുവന്നത്. എന്നാൽ ഈ ആരോപണം പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് അരുൺ കുമാർ അദ്ദേഹത്തിന് വക്കീൽ നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം അത് പിൻവലിച്ചുമില്ല; മാപ്പു പറഞ്ഞുമില്ല. തുടർന്ന് നന്പ്യാർക്കെതിരെ അരുൺ മാനനഷ്ടക്കേസ്സിനു പോയി. ആ കേസ്സ് നടക്കുന്ന സമയത്ത് നന്പ്യാർ കോടതിയെ അഭിമുഖീകരിക്കാൻ തയ്യാറല്ല എന്ന് അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തിന്റെ വക്കീലായ കേളു നന്പ്യാരെ അറിയിച്ചതിനെ തുടർന്ന് കേസ്സ് രാജിയായി. തുടർന്നുവരുന്ന പുസ്തകത്തിന്റെ കോപ്പികളിൽ ആ ആരോപണം ഉണ്ടാവില്ലെന്ന് കേളു നന്പ്യാർ അരുൺ കുമാറിന് വാക്കു നൽകുകയും പിന്നീട് പുസ്തകത്തിൽ നിന്നും അത് നീക്കം ചെയ്യപ്പെടുകയുമായിരുന്നു.
ആദർശധീരനായ അച്യുതാനന്ദനെ അഴിമതി ആരോപണം ഉന്നയിച്ച് ചെളിവാരിയെറിയാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രതിയോഗികൾ അരുൺ കുമാറിനെ ലക്ഷ്യം വെച്ചതെന്നാണ് അച്യുതാനന്ദന്റെ വിശ്വസ്തന്മാർ പറയുന്നത്. അച്യുതാനന്ദനെതിരെയും അദ്ദേഹത്തിന്റെ മകനെതിരെയുമുള്ള കോൺഗ്രസിന്റെ ആക്രമണങ്ങൾ ഏറ്റവും ശക്തിപ്പെട്ടത് 2011−ലെ തെരഞ്ഞെടുപ്പിന് മുന്പായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ അദ്ദേഹത്തിന്റെ പഴയ കൂട്ടാളിയായ കെ.എ റൗഫിനെ മുൻനിർത്തി അച്യുതാനന്ദൻ പട നയിച്ചുകൊണ്ടിരിക്കുന്പോഴാണ് അരുൺ കുമാറിനെതിരെയുള്ള ഒരു കൂട്ടം ആരോപണങ്ങളുമായി അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മൻ ചാണ്ടി രംഗത്തുവന്നത്. സഭയ്ക്ക് അകത്തും പുറത്തും അരുൺ കുമാറിനെക്കുറിച്ച് പ്രതിപക്ഷം ആരോപണങ്ങൾ പലതും ഉന്നയിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദൻ അവയെപ്പറ്റി ആലോചിക്കാൻ കൂട്ടാക്കിയില്ലെന്ന് ആരോപിച്ചുകൊണ്ടാണ് 2011 മാർച്ച് ഒന്നിന് പതിനൊന്ന് ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി അച്യുതാനന്ദന് ഒരു കത്ത് നൽകിയത്. ഓൺലൈൻ ലോട്ടറി വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രി കാട്ടിയ അനാസ്ഥയുടെ പിന്നിൽ അരുൺ കുമാറിന്റെ താൽപര്യവും സ്വാധീനവുമാണെന്നായിരുന്നു ഇതിനെതിരെ ആദ്യ ആരോപണം. അതിൽ തന്നെ എട്ടാമതായി അരുൺ കുമാറിന്റെ ഭാര്യ ഡോക്ടർ രജനി ബാലചന്ദ്രനുമായി ബന്ധപ്പെട്ട് മറ്റൊരു ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അരുൺ കുമാറിന്റെ ഭാര്യ ഡയറക്ടറായ ചെറി എന്റർൈപ്രസസ് എന്ന സ്ഥാപനം ഓൺലൈൻ ലോട്ടറി ബിസിനസ് നടത്തിയിരുന്നുവെന്നും അച്യുതാനന്ദൻ ഓൺലൈൻ ലോട്ടറിക്കെതിരെ പ്രചാരണം നടത്തുന്പോഴാണ് ഇത് ചെയ്‌തതെന്നുമായിരുന്നു ആക്ഷേപം. പ്രസ്തുത കന്പനി
യുടെ ഡയറക്ടർ ബോർഡംഗങ്ങളായ മറ്റുള്ളവരുമായി അരുൺ കുമാറിനുള്ള ബിസിനസ് ബന്ധങ്ങളെപ്പറ്റി അന്വേഷിക്കണമെന്നായിരുന്നു അത്. എന്തായാലും ആരോപണങ്ങളെത്തുടർന്ന് രജനി ബാലചന്ദ്രൻ തൽസ്ഥാനം ഒഴിഞ്ഞിരുന്നു. അരുൺകുമാർ ഐ.എച്ച്. ആർ.ഡിയിൽ അഡീഷണൽ ഡയറക്ടറായി തൊഴിലെടുക്കുന്പോൾ കേരളാ സർവ്വകലാശാലയിൽ ബയോഇൻഫർമാറ്റിക്‌സിൽ പി.എച്ച്.ഡിക്ക് അപേക്ഷിച്ചത് ഏഴു വർഷത്തെ അദ്ധ്യാപന പരിചയമുണ്ടെന്ന് വ്യാജരേഖ ചമച്ചിട്ടായിരുന്നുവെന്നായിരുന്നു മറ്റൊരു ആക്ഷേപം. ആദ്യം രജിസ്‌ട്രേഷൻ നൽകിയ സർവ്വകലാശാല പിന്നീട് പരാതി ഉയർന്നപ്പോൾ രജിസ്‌ട്രേഷൻ റദ്ദാക്കുകയായിരുന്നു.
ചാണ്ടിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് 2011 മാർച്ച് 9−ാം തീയതി അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദൻ “അരുൺ കുമാറിനെതിരെ ഉന്നയിച്ചുള്ള ആരോപണങ്ങൾ ഉചിതമായ ഒരു അന്വേഷണ ഏജൻസിയെക്കൊണ്ട് അന്വേഷിക്കുന്നതിനുള്ള നടപടി കൈക്കൊള്ളാൻ താൽപര്യപ്പെട്ടുകൊണ്ട്’’ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് കൈമാറി. “അരുൺ കുമാർ ഐ.എച്ച്.ആർ.ഡിയിലെ ഉദ്യോഗസ്ഥനായതിനാൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ കേരളാ ലോകായുക്ത ആക്ടിലെ 7(3) വകുപ്പ് പ്രകാരം അന്വേഷണത്തിനായി ലോകായുക്തയ്ക്ക് അയച്ചുകൊടുക്കേണ്ടതാണെന്ന്’’ ആഭ്യന്തര വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അന്നേ ദിവസം തന്നെ കോടിയേരി ബാലകൃഷ്ണൻ നൽകി. ലോകായുക്തയ്ക്ക് കൈമാറിയ ഈ അന്വേഷണം 2011 മേയിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷമാണ് വിജിലൻസിന് അന്വേഷണത്തിനായി കൈമാറിയത്. വിജിലൻസ് അന്വേഷണത്തിനെതിരെ അരുൺ കുമാർ 2011 ജൂൺ 16−ാം തീയതി ഹൈക്കോടതിയിൽ പരാതി നൽകിയെങ്കിലും കോടതി അരുൺ കുമാറിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് വിജിലൻസ് അന്വേഷണമാകാമെന്ന് 2011 സെപ്തംബർ 30−ന് വിധിച്ചു. ആ അന്വേഷണത്തെ തുടർന്നാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ ഉണ്ടായിട്ടുള്ളത്.
ഐ.എച്ച്.ആർ.ഡിയിലെ അരുണിന്റെ നിയമനത്തിൽ യോഗ്യതാ മാനദണ്ധങ്ങൾ മാറ്റിമറിച്ച് അനധികൃതമായി അദ്ദേഹത്തിന് അഡീഷ
ണൽ ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയെന്നും കേന്ദ്ര സർക്കാർ സഹായത്തോടെ ആരംഭിക്കാനിരുന്ന ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി (ഐ.സി.ടി അക്കാദമി)യുടെ ഡയറക്ടറായി അരുൺകുമാറിനെ മേയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്പായി വഴിവിട്ടു നിയമിച്ചുവെന്നും 2011 ജൂലൈ 12−ാം തീയതി നിയമസഭയിൽ പി.സി വിഷ്ണുനാഥ് ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇക്കാര്യത്തെപ്പറ്റി അന്വേഷിക്കുന്നതിനായി വി.ഡി സതീശൻ ചെയർമാനായി പ്രത്യേക നിയമസഭാ സമിതിക്ക് 2011 ജൂലൈ 20−ന് രൂപം നൽകി. ഐ.സി. ടി അക്കാദമിയുടെ ഡയറക്ടറായി അരുൺ കുമാറിനെ നിയമിച്ചുവെന്ന ആരോപണം വസ്തുതാപരമാണെന്നാണ് സമിതി വിലയിരുത്തിയത്. “ഐ.സി.ടി അക്കാദമി ഡയറക്ടർ സ്ഥാനത്തേയ്ക്ക് വി.എ അരുൺകുമാറിനെ നിയമിക്കണമെന്ന് അഭ്യർത്ഥിച്ച് നോട്ട് സമർപ്പിച്ച അന്നത്തെ ഐ.എച്ച്.ആർ. ഡി ഡയറക്ടർ വി.സുബ്രഹ്മണിയുടേയും ഐ.എച്ച്. ആർ.ഡിയുടെ ഭരണവകുപ്പായ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ നോക്കുകുത്തിയാക്കി ഇപ്രകാരം സമർപ്പിക്കപ്പെട്ട നോട്ട് അംഗീകരിച്ചു നൽകിയ അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയുടേയും വി.എ അരുൺകുമാർ ഒപ്പ് രേഖപ്പെടുത്തിയ സൊസൈറ്റി രജിസ്‌ട്രേഷന്റെ രേഖ കൗണ്ടർ സൈൻ ചെയ്ത് അംഗീകരിച്ച അന്നത്തെ ഐ.ടി സെക്രട്ടറി കെ.സുരേഷ് കുമാറിന്റേയും ഐ.ടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റേയും കൂട്ടായ കാർമ്മികത്വത്തിലാണ് ഈ ആസൂത്രിത നീക്കം നടന്നതെന്ന് സമിതി’’ വിലയിരുത്തി. അതേപോലെ ഐ.എച്ച്.ആർ. ഡിയിലെ അഡീഷണൽ ഡയറക്ടറാകാൻ യോഗ്യതയില്ലെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച സമിതി അതിനു മുന്പ് നടന്ന ജോയിന്റ് ഡയറക്ടർ തസ്തികയിൽ നിയമനത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തിയത്. അദ്ധ്യാപകനായി ഒരു ദിവസം പോലും ജോലി ചെയ്യാത്ത അരുൺ കുമാറിന് ഏഴു വർഷത്തെ അദ്ധ്യാപന പരിചയമുണ്ടെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകിയ ഐ.എച്ച്. ആർ.ഡി ഡയറക്ടറുടെ നടപടി അരുൺ കുമാറിനെ സഹായിക്കാനായിരുന്നുവെന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ. എന്നാൽ ഐ.എച്ച്.ആർ.ഡി വിദ്യാഭ്യാസ സ്ഥാപനമാണെന്നും വിദ്യാഭ്യാസപരമായ പരിശീലനവും ഇന്റേണൽ ഗൈഡിങ്ങുമടക്കം പലതും കഴിഞ്ഞ 18 വർഷമായി നൽകുന്ന തനിക്ക് അദ്ധ്യാപനപരിചയമില്ലെന്ന് എങ്ങനെ പറയാനാകുമെന്നാണ് അരുൺ കുമാറിന്റെ മറുചോദ്യം. എന്നാൽ സമിതിയിലെ ഇടതുപക്ഷ അംഗങ്ങൾ പിന്നീട് സമിതിയുടെ റിപ്പോർട്ടിന് വിയോജന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
ഐ.സി.ടി അക്കാദമി പി.പി.പി മോഡലിൽ നടപ്പാക്കുന്നതിനായി കേരളാ സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു ആദ്യം ഉത്തരവാദിത്തം നൽകിയിരുന്നതെങ്കിലും പിന്നീട് പി.പി.പി മാതൃക ഉപേക്ഷിച്ച് ഐ.എച്ച്.ആർ.ഡിയെ അതിൽ ഭാഗഭാക്കാക്കിയത് അരുൺ കുമാറിന് അതിന്റെ ഡയറക്ടർ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കമായിരുന്നുവെന്നാണ് ആരോപണം. ഐ.സി.ടി അക്കാദമിയുടെ ഡയറക്ടറെ നിയമിക്കാനുള്ള ചുമതല സർക്കാരിനാണെന്നും തന്റെ സർക്കാർ അത് ചെയ്തിട്ടില്ലെന്നുമുള്ള നിലപാട് അച്യുതാനന്ദൻ ഈ വിഷയത്തിൽ സ്വീകരിച്ചപ്പോൾ ഡയറക്ടറെ നിയമിക്കാനുള്ള ചുമതല ഐ.എച്ച്.ആർ.ഡിക്കായിരുന്നുവെന്നും താൻ അത് അംഗീകരിക്കുകയുമാണ് ഉണ്ടായതെന്ന് വിദ്യാഭ്യാസമന്ത്രി എം.
എ ബേബിയുടെ മൊഴിയും പരസ്പരവിരുദ്ധങ്ങളായതിനാൽ അതിൽ ചില ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. അരുൺ കുമാർ ഇപ്പോഴും ഐ.എച്ച്.ആർ.ഡി അഡീഷണൽ ഡയറക്ടറായി പ്രവർത്തിച്ചുവരികയാണ്. ഒരു സൊസൈറ്റി രജിസ്‌ട്രേഷനിൽ ആ സൊസൈറ്റി ആകുന്നതിനു മുന്പേ ഒരു ബോർഡ് ഓഫ് ഗവർണൻസ് പോലെ ആരൊക്കെയാണ് പ്രൊമോട്ടർമാർ എന്ന വിവരം നൽകാറുണ്ടെന്നും അതിനാലാണ് ഐ.സി.ടി ഡയറക്ടർ എന്ന പേരിൽ താൻ ഒപ്പിട്ടതെന്നും ആദ്യ ഗവേണിങ് ബോഡി യോഗത്തിൽ മാത്രമേ ആ സ്ഥാനത്ത് ഒപ്പിട്ടവർ എത്തുകയുള്ളുവെന്നും ഗവേണിങ് ബോഡി ചേർന്നില്ലെന്നും പറഞ്ഞാണ് അരുൺ കുമാർ ആ ആരോപണത്തെ പ്രതിരോധിച്ചത്.
അച്യുതാനന്ദനെ ചന്ദന മാഫിയക്കെതിരെയുള്ള പോരാട്ടങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ചന്ദനഫാക്ടറിയുടമ ഖാദർ പാലോത്തിൽ നിന്നും ഏഴു ലക്ഷം രൂപ അരുൺ കുമാർ കൈക്കൂലി വാങ്ങിയെന്നായിരുന്നു മറ്റൊരു ആരോപണം. ഖാദറിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അരുൺകുമാർ പറഞ്ഞിരുന്നുവെങ്കിലും ഇനിയും അത് കൊടുത്തിട്ടില്ല. അതേ സമയം സ്മാർട്ട് സിറ്റിയുടെ കാര്യത്തിൽ അരുൺ കുമാർ ബന്ധപ്പെട്ട് സർക്കാരിന് ലഭിക്കേണ്ട മെച്ചം ലഭിക്കാതെ പോയെന്നും വ്യവസ്ഥകൾ ഇളവു ചെയ്യാൻ അദ്ദേഹം കന്പനിയുമായി ഇടപാട് നടത്തിയെന്നും എം.എം ഹസ്സൻ ആരോപണമുന്നയിച്ച ഉടനെ തന്നെ അരുൺ കുമാർ കേസ്സിനു പോയി. എന്നാൽ കേസ്സു നടക്കുന്നതിനിടയിൽ എം.എം ഹസ്സൻ മാപ്പു പറഞ്ഞതിനെ തുടർന്നാണ് കേസ്സ് അവസാനിച്ചത്.
അരുൺ കുമാറിനെപ്പറ്റി മറ്റൊരു ആരോപണം ഉന്നയിച്ചത് വിവാദ സ്വാമിയായ സന്തോഷ് മാധവനായിരുന്നു. സന്തോഷ് മാധവൻ ഉമ്മൻ ചാണ്ടിക്ക് 2011 ജൂലൈ അഞ്ചിന് നൽകിയ പരാതിയിൽ കോട്ടയത്ത് വടയാറിൽ 120 ഏക്കർ ഭൂമി നികത്തുന്നതിന് അനുമതി ലഭിക്കുന്നതിന് അരുൺ കുമാറിന് 70 ലക്ഷം രൂപയും അരുൺ കുമാറിനൊപ്പമെത്തിയ ഗവൺമെന്റ് പ്ലീഡറായിരുന്ന ദീപ്തി പ്രസേനന് 10 ലക്ഷം രൂപയും 2006−ൽ നൽകിയെന്നായിരുന്നു ആക്ഷേപം. എന്നാൽ സന്തോഷ് മാധവൻ എന്ന വ്യക്തിയെ ഇതുവരെ ഞാൻ നേരിൽ കണ്ടിട്ടേയില്ലെന്നും ആരോപണം അസംബന്ധമാണെന്ന് സർക്കാർ പിന്നീട് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തുവത്രേ.
അരുൺ കുമാറിനെതിരെ ഉന്നയിക്കപ്പെട്ട പല ആരോപണങ്ങളിലും കഴന്പില്ലെന്ന് നേരത്തെ തന്നെ കണ്ടെത്തപ്പെട്ടിട്ടുള്ളതാണ്. പക്ഷേ ആദർശശുദ്ധിയുള്ള ഒരു നേതാവിന്റെ മകൻ എന്തുകൊണ്ടാണ് ഇത്തരം ആരോപണങ്ങളിൽ ചെന്നുപെടുന്നതെന്നത് ചിന്തനീയമാണ്. ഇപ്പോഴത്തെ വിജിലൻസിന്റെ കണ്ടെത്തലുകളിൽ അരുൺ കുമാറിനെതിരെ അഴിമതിക്ക് തെളിവുണ്ടെന്നാണ് അവർ പറയുന്നത്. വരാനിരിക്കുന്ന കാലം അതിന്റെ യഥാർത്ഥ്യങ്ങൾ വെളിപ്പെടുത്താനിരിക്കുന്നതേയുള്ളു. അതിനു മുന്പ് ഒരു വിധിന്യായത്തിന്റെ ആവശ്യമില്ലല്ലോ.