വേണം, കടുത്ത ശിക്ഷകൾ!
കുട്ടികൾക്കെതിരെ ലൈംഗിക അക്രമം നടത്തുന്നവരെ വന്ധ്യംകരിക്കണമെന്ന് കഴിഞ്ഞ ഒക്‌ടോബർ 25−ന് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ. കൃപാകരൻ പറഞ്ഞതിൽ കാര്യമുണ്ട്. താൻ എന്തുകൊണ്ടാണ് അത്തരമൊരു പരാമർശം നടത്തിയതെന്നതിന് കൃപാകരൻ വ്യക്തമായ മറുപടിയുമുണ്ട്. ‘’ഇത്തരം അക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള നിയമങ്ങൾ കുട്ടികൾക്കെതിരായ അക്രമങ്ങളിൽ നിന്നും കുറ്റവാളികളെ പിന്തിരിപ്പിക്കുന്നതായി തോന്നുന്നില്ല. അവരെ വന്ധ്യംകരിക്കണമെന്ന എന്റെ നിർദ്ദേശം പ്രാകൃതമായി തോന്നിയേക്കാം. പക്ഷേ പ്രാകൃതമായ രീതിയിലുള്ള അതിക്രമങ്ങൾക്ക് പ്രാകൃതമായ മാതൃകയിലുള്ള ശിക്ഷാനടപടികളും ആവശ്യമായി വരുന്ന കാലമാണിത്’’ കൃപാകരൻ വ്യക്തമാക്കി. ശരിയാണ്, 2008 മുതൽ 2014 വരെയുള്ള കാലയളവിൽ കുട്ടികൾക്കെതിരെ ലൈംഗികഅതിക്രമങ്ങൾ നടത്തിയവരിൽ ശിക്ഷിക്കപ്പെട്ടത് കേവലം 2.4 ശതമാനം കുറ്റവാളികൾ മാത്രമാണ്. മാത്രവുമല്ല ഇക്കാലയളവിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ 400 ശതമാനം കണ്ട് വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2008−ൽ 22,500 കേസ്സുകളാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ 2014−ൽ അത് 89,423 ആയി വർദ്ധിച്ചിരിക്കുന്നു. ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള നിയമം 2012−ൽ നിലവിൽ വന്നതിനുശേഷവും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ യാതൊരു കുറവും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല അനുദിനം അത് വർദ്ധിച്ചുവരികയുമാണ്. കുട്ടികൾക്കെതിരെ ഇന്ത്യയിൽ പ്രതിദിനം ശരാശരി എട്ട് ലൈംഗിക അതിക്രമങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഈ കുറ്റവാളികൾ പലപ്പോഴും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. അത്തരമൊരവസ്ഥയിൽ പലപ്പോഴും തങ്ങളുടെ കുട്ടികളെ ഉപദ്രവിച്ചവർക്കെതിരെ സ്വയം ശിക്ഷാനടപടിയെടുക്കാൻ മാതാപിതാക്കൾ പോലും നിർബ്ബന്ധിതരായി മാറുന്ന കാലമാണിത്. 2001 ഫെബ്രുവരി 29−ന് മഞ്ചേരിയിൽ 13−കാരിയായ കൃഷ്ണപ്രിയ എന്ന കൗമാരക്കാരിയെ അഹമ്മദ് കോയ എന്ന നാട്ടുകാരൻ മൃഗീയമായി ബലാൽക്കാരം ചെയ്ത് കൊലപ്പെടുത്തിയതും ജാമ്യത്തിലിറങ്ങി സ്വൈര്യവിഹാരം നടത്തിവന്നിരുന്ന അഹമ്മദ് കോയയെ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ കൊലപ്പെടുത്തിയതും സംശയത്തിന്റെ ആനുകൂല്യത്തിൽ ശങ്കരനാരായണനെ കോടതി വെറുതെ വിട്ടതും നാം മറന്നിട്ടില്ലല്ലോ.
ജസ്റ്റിസ് കൃപാകരന്റെ ഇപ്പോഴത്തെ വന്ധ്യംകരണ പരാമർശങ്ങളെ തുറന്ന മനസ്സോടെ തന്നെ വേണം നോക്കിക്കാണാൻ. പ്രത്യേകിച്ചും ഇന്ത്യയൊട്ടുക്ക് കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ മുന്പെന്നതിനേക്കാൾ ഭീകരമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നവരെ രാസവസ്തു ഉപയോഗിച്ച് വന്ധ്യംകരിക്കുന്ന രീതി നിലവിലുണ്ടെന്ന് കൃപാകരൻ വിധിന്യായ പരാമർശത്തിൽ പറയുന്നുണ്ട്. തമിഴ്‌നാട്ടിൽ ഒരു ബാലനെ പീഡിപ്പിച്ച വിദേശി കേസ്സ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കൃപാകരൻ ഈ പരാമർശങ്ങൾ നടത്തിയത്. ഡൽഹിയിൽ കഴിഞ്ഞയാഴ്ച കുട്ടികളെ ബലാൽക്കാരം ചെയ്ത സംഭവമായിരുന്നു വാസ്തവത്തിൽ ഇത്തരമൊരു പരാമർശം നടത്താൻ പ്രേരിപ്പിച്ചത്. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയും കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷയോ വന്ധ്യംകരണമോ ശിക്ഷ നൽകുന്നവിധം നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്.
വധശിക്ഷയും വന്ധ്യംകരണവുമെല്ലാം പ്രാകൃതമായ ശിക്ഷാരീതികളാണെന്നു പറഞ്ഞ് ആക്ടിവിസ്റ്റുകളെന്ന് നടിക്കുന്ന കപട മനുഷ്യാവകാശപ്രവർത്തകർ രംഗപ്രവേശം ചെയ്യുന്ന കാലമാണിത്. മനുഷ്യനെതിരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്ന അക്രമികളുടെ മനുഷ്യാവകാശത്തിനായി നിലകൊള്ളുന്നവരാണ് വാസ്തവത്തിൽ മനുഷ്യാവകാശധ്വംസനം നടത്തുന്നത്. നിരപരാധികളെ ബോംബ് വെച്ച് കൊല്ലുകയും നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ ക്രൂരമായ ലൈംഗികഅതിക്രമത്തിന് വിധേയരാക്കിയശേഷം കൊലപ്പെടുത്തുകയും ചെയ്യുന്നവരെ എങ്ങനെയാണ് മനുഷ്യഗണത്തിൽ പെടുത്താനാകുക? വന്ധ്യംകരണം ഇത്തരം പീഡനങ്ങൾ ഒഴിവാക്കുന്നതിൽ വലിയൊരു അളവു വരെ സഹായകമാകുന്നുണ്ടെന്നാണ് ഇത്തരത്തിലുള്ള ശിക്ഷാനടപടികൾ പ്രാവൃത്തികമാക്കിയ അമേരിക്കയിലെ സംസ്ഥാനങ്ങളിലേയും പോളണ്ട്, റഷ്യ, എസ്‌റ്റോണിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേയും അനുഭവങ്ങൾ തെളിയിക്കുന്നത്. വന്ധ്യംകരണ നടപടികൾക്ക് ആദ്യം അനുമതി നൽകിയ ദക്ഷിണ കൊറിയയിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ വലിയ കുറവാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ രണ്ടു വർഷമായി പ്രതിദിനം കുട്ടികൾക്കെതിരായ എട്ട് ലൈംഗിക അതിക്രമക്കേസ്സുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഏറ്റവുമധികം കേസ്സുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് രാജസ്ഥാനിലാണ് (936). മഹാരാഷ്ട്രയും (926) ഉത്തരപ്രദേശും (869) മധ്യപ്രദേശും (829) കേരളവുമാണ് (596) തൊട്ടുപിന്നിലുള്ളത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് തടയിടാനുള്ള പോസ്‌കോ നിയമം 2012 നവംബറിൽ പ്രാബല്യത്തിൽ വന്നശേഷം 2015 മാർച്ച് വരേയ്ക്കും 6816 കേസ്സുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ 166 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെങ്കിൽ 389 പേരെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു. ഈ നിയമത്തിനു കീഴിൽ ഒരാൾ പോലും കേരളത്തിൽ ഇക്കാലയളിൽ ശിക്ഷിക്കപ്പെട്ടില്ലെന്നു മാത്രമല്ല മൂന്നു പേരെ കോടതി വെറുതെ വിടുന്ന സാഹചര്യവും ഉണ്ടായി.
കുട്ടികൾക്കെതിരായ പീഡനങ്ങളിൽ ബലാൽക്കാരങ്ങൾക്കു പുറമേ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ രതിക്ക് വിധേയമാക്കിയ നിരവധി കേസ്സുകളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ എടവനക്കാട്ടെ ഹിദായത്തുൽ ഇസ്ലാം സ്‌കൂളിലെ അറബി അദ്ധ്യാപകനായ വി.എ ഇബ്രാഹിം തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വിധേയനാക്കിയെന്ന് ഒരു വിദ്യാർത്ഥി പരാതി നൽകിയതിനെ തുടർന്ന് വിദ്യാർത്ഥിക്ക് മറ്റൊരു സ്‌കൂളിലേക്ക് പഠനം മാറ്റേണ്ടി വന്നതിനു പുറമേ അദ്ധ്യാപകനെതിരായ പരാതി പിൻവലിക്കാൻ വധഭീഷണി വരെ മുഴക്കുകയും ചെയ്യുകയുണ്ടായി. സ്വന്തം വീട്ടിൽപോലും കുട്ടികൾ സുരക്ഷിതരല്ലെന്നാണ് സർവശിക്ഷാ അഭ്യാനും കേരളാ മഹിളാ സമ്യാ സൊസൈറ്റിയും ചേർന്ന് 2013−ൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കിയത്. രക്ഷിതാക്കളും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ കുട്ടികൾക്ക് വില്ലന്മാരായി മാറിയത്.
ഒന്നര വയസ്സുകാരിയെപ്പോലും മദ്ധ്യവയസ്‌കനും വൃദ്ധനും താലോലിക്കാൻ നൽകാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്ന അവസ്ഥയാണിന്ന് കേരളത്തിൽ. വീട്ടിനുള്ളിലാകട്ടെ സ്വന്തം അച്ഛന്റെ കടന്നുകയറ്റങ്ങൾ ചെറുക്കുന്നതിനു പകരം അതിന് ഭയത്തോടെ മകൾ നിർബ്ബന്ധിതയാകുന്ന അവസ്ഥ. അച്ഛനെ രക്ഷിക്കാൻ അമ്മ കൂടി രംഗത്തെത്തുന്പോഴാകട്ടെ പലപ്പോഴും മകൾ നിരാശ്രയയായിത്തീരുകയും ചെയ്യുന്നു. പ്രായപൂർത്തിയാകാത്ത മകളെ സ്വയം പ്രാപിച്ചശേഷം നൂറുകണക്കിനു പേർക്ക് കാഴ്ച വച്ച് പണം സന്പാദിച്ച പറവൂർ പെൺവാണിഭത്തിലെ അച്ഛനും പ്രകൃതിവിരുദ്ധ പീഡനത്തിന് കുട്ടിയെ വിധേയമാക്കിയശേഷം അവനെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകനും നമ്മുടെ സമൂഹത്തിൽ കുട്ടികൾ അരക്ഷിതരാണെന്ന ഭീതി എല്ലാവരിലേക്കും പടർത്തിയിരിക്കുന്നു. കേരളത്തിൽ വീട്ടിനുള്ളിൽ പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ അഭയകേന്ദ്രങ്ങളിലെത്തിക്കാൻ കഴിയാത്തവിധത്തിൽ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ എണ്ണം ഇന്ന് വർദ്ധിച്ചിരിക്കുന്നുവെന്നതാണ് വാസ്തവം. ഏഴാം ക്ലാസുകാരിയായ സ്വന്തം മകളെ വാരാന്ത്യങ്ങളിൽ പല പുരുഷന്മാരുടേയും വീടുകളിലെത്തിച്ച് അവളെ മയക്കിക്കിടത്തി പുരുഷന്മാർക്ക് കാഴ്ച വച്ചിരുന്ന കോട്ടയംകാരിയുടെ കഥയും സ്വന്തം അമ്മാവനാൽ നിരന്തരം ലൈംഗിക പീഡനത്തിനിരയായി കൊണ്ടിരിക്കുന്ന വിഷമത്താൽ പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ച തിരുവനന്തപുരത്തുകാരിയായ പന്ത്രണ്ടു വയസ്സുകാരിയുടേയും കഥകൾ കേരളത്തിന്റെ മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചവയാണ്.
2008 മുതൽ 2015 ജൂൺ വരെയുള്ള ഏഴു വർഷ കാലയളവിൽ ഏറ്റവുമധികം കുട്ടികൾക്കെതിരായ അതിക്രമങ്ങൾ നടന്നത് 2014−ലായിരുന്നു. 2286 കേസ്സുകളാണ് ഇക്കാലയളവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ഈ വർഷം ജൂൺ വരെ മാത്രം അത് 1050−ൽ എത്തുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ 709 കുട്ടികൾ ബലാത്സംഗത്തിനിരയാകുകയും ഈ വർഷം ജൂൺ വരെ മാത്രം 322 കുട്ടികൾ ബലാത്സംഗത്തിനിരയാകുകയും ചെയ്തുവെന്ന് തിരിച്ചറിയറിയുന്പോഴാണ് കേരളം അകപ്പെട്ടിരിക്കുന്ന ദുരന്തം വെളിപ്പെടുന്നത്. മൊബൈൽ ഫോണും ഇന്റർനെറ്റും കുട്ടികൾക്കായി ലൈംഗിക കെണികളൊരുക്കുന്പോൾ മറുവശത്ത് ഉറ്റവരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും വരെ വിദ്യാർത്ഥികൾ പീഡനങ്ങൾക്ക് വിധേയമാകുന്ന ദയനീയ സാഹചര്യം ഇന്ന് സംജാതമായിരിക്കുന്നുവെന്നാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് തടയിടാനായി പ്രവർത്തിക്കുന്ന ചൈൽഡ് ലൈൻ ഇതിനെ നോക്കിക്കാണുന്നത്. കേരളത്തിൽ 40 ശതമാനം ആൺകുട്ടികളും 39 ശതമാനം പെൺകുട്ടികളും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു കാലയളവിൽ ബാലലൈംഗിക പീഡനത്തിന് വിധേയരായിട്ടുണ്ടാകുമെന്നാണ് കേരളാ സോഷ്യൽ സെക്യൂരിറ്റി മിഷൻ നടത്തിയ ഒരു സർവേയിൽ വെളിപ്പെട്ടത്. പെൺകുട്ടികളെന്ന പോലെ തന്നെ ആൺകുട്ടികളും കേരളത്തിൽ ബാലലൈംഗിക പീഡനങ്ങൾക്ക് വിധേയമാകുന്നുണ്ടെന്ന് അവർ പറയുന്നു.
വിനോദസഞ്ചാരത്തിന്റെ വളർച്ചയും കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് വലിയൊരു പരിധി വരെ ഇന്ന് കാരണമാകുന്നുണ്ടെന്നാണ് തിരുവന്തപുരത്തെ കേരള മഹിളാ സമഖ്യ എന്ന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സൊസൈറ്റി കോവളം കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളിൽ വ്യക്തമായത്. സർവേയിൽ പങ്കെടുത്ത 705 കുട്ടികളിൽ 39 പേർ വിദേശ വിനോദസഞ്ചാരികളുടെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും പ്രദേശത്തെ ഏഴു ശതമാനത്തോളം കുട്ടികൾ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങൾക്കം വിധേരായിട്ടുണ്ടെന്നും പഠനം കണ്ടെത്തിയിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കടുത്തുള്ള മസാജ് കേന്ദ്രങ്ങളിൽ പലതിലും കുട്ടികളെയാണ് വിദേശികൾക്ക് മസാജിനായി എത്തിക്കുന്നത്. അവരിൽ പലരും പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് പണത്തിനായി സമ്മതിക്കാറുണ്ടെന്നത് യാഥാർത്ഥ്യമാണ്. അതിനിടെ കുറ്റകൃത്യങ്ങളിലുൾപ്പെട്ട കുട്ടികളെ നല്ലനടപ്പിനായി എത്തിക്കുന്ന ജുവൈനൽ ഹോമുകളിൽ പോലും അവർ ലൈംഗികാതിക്രമങ്ങൾക്കും കൊടിയ പീഡനങ്ങൾക്കും വിധേയരാകുന്നുണ്ടെന്നാണ് സമീപകാല റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബാല ലൈംഗിക പീഡനം തടയുന്നതിന് സർക്കാർ തലത്തിലും പദ്ധതികൾ ആവിഷ്‌കരിച്ചു വരുന്നുണ്ട്. സ്‌കൂൾ തലത്തിലുള്ള പീഡനം തടയുന്നതിനായി അദ്ധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനു പുറമേ, കുട്ടികൾക്ക് കൗൺസിലിങ് നൽകുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സംഘങ്ങളും സർക്കാർ രൂപീകരിച്ചു വരുന്നുണ്ട്. സ്‌കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ശക്തിപ്പെടുത്തുന്നതോടെ സ്‌കൂൾ തലത്തിലുള്ള പീഡനങ്ങൾക്കും വലിയൊരു പരിധി വരെ തടയിടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പക്ഷേ രക്ഷിതാക്കളും അദ്ധ്യാപകരും തന്നെ കുട്ടികളുടെ പീഡനങ്ങൾക്ക് കാരണമാകുന്ന അവസ്ഥയിൽ അവയ്ക്ക് തടയിടുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യേകിച്ചും വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയിൽ കുട്ടികൾ നിശ്ശബ്ദത പാലിക്കാൻ നിർബന്ധിതമാകുകയും ചെയ്യുന്നു.
വധശിക്ഷയ്ക്കും വന്ധ്യംകരണമെന്ന ശിക്ഷാരീതിക്കുമെല്ലാം വിദേശരാജ്യങ്ങളിൽ ബാലപീഡനങ്ങൾക്ക് അറുതി വരുത്താൻ സാധിക്കുന്നുണ്ടെന്നിരിക്കേ, ജസ്റ്റിസ് എൻ കൃപാകരന്റെ പരാമർശങ്ങൾ പ്രത്യേക പ്രാധാന്യത്തോടെ തന്നെ സർക്കാർ നോക്കിക്കാണേണ്ടതുണ്ട്. മനുഷ്യാവകാശ പ്രവർത്തകർ പലരും എല്ലായ്‌പ്പോഴുമെന്നപോലെ ഇപ്പോഴും ഈ നടപടികൾക്കെതിരെ ശബ്ദമുയർത്തി സ്വന്തം പേരിനായി യത്‌നിക്കുമെന്നുറപ്പാണ്. പക്ഷേ നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ തങ്ങളുടെ ലൈംഗിക അഭിവാഞ്ഛയ്ക്ക് ഉപയോഗപ്പെടുത്തി, അവരുടെ ജീവിതം തന്നെ നശിപ്പിക്കുന്നവർക്കെതിരെ ഏറ്റവും കടുത്ത ശിക്ഷാനടപടികൾ തന്നെ വരേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. പ്രത്യേകിച്ചും കുട്ടികൾക്കെതിരായ പീഡനങ്ങൾ ഇത്ര കണ്ട് വർദ്ധിച്ചിരിക്കുന്ന ഒരു അവസ്ഥയിൽ.