ആദിവാസിയുടെ ചെലവിൽ അർമ്മാദിച്ചവർ ആരൊക്കെ ?


2013 ഏപ്രിൽ 12−ന് അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്തിലെ വടക്കേ കടന്പാറ ഊരിലെ ആറര മാസം പ്രായമുള്ള കാളിയമ്മ മരിക്കുന്പോൾ തൂക്കം വെറും രണ്ടര കിലോ മാത്രമായിരുന്നു. ജനിച്ചപ്പോഴാകട്ടെ രണ്ടു കിലോയും. കോട്ടത്തറ ൈട്രബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മാർച്ച് 22−ന് പ്രവേശിക്കപ്പെട്ട കാളിയമ്മ ഏപ്രിൽ 12−ന് മരിച്ചു. പോഷകാഹാരക്കുറവു മൂലം മെലിഞ്ഞ കൈകാലുകളും കുഞ്ഞു തലയും ദുർബ്ബലമായ ശരീരവുമായി ജനിച്ച കാളിയമ്മയുടെ മരണം വാർത്തയായതോടെ ആദിവാസി ഊരിലേയ്ക്ക് രാഷ്ട്രീയക്കാരുടേയും സാമൂഹ്യസംഘടനകളുടേയും പ്രവാഹമായി. അതോടെ ആദിവാസി ഊ

രിലെ മറ്റു കുഞ്ഞുങ്ങളുെട മരണവാർത്തകളും പുറത്തുവരാൻ തുടങ്ങി. അന്നത്തെ കേന്ദ്ര കുടിവെള്ള−ശുചിത്വ മന്ത്രി ജയറാം രമേഷും സാമൂഹ്യക്ഷേമമന്ത്രി എം.കെ മുനീറും ആരോഗ്യമന്ത്രി വി.എസ് ശിവകുമാറും ആദിവാസിക്ഷേമ മന്ത്രി പി. കെ ജയലക്ഷ്മിയും തങ്ങളുടെ തെറ്റുകുറ്റങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് ഊരുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തി. അട്ടപ്പാടിക്കായി 175 കോടി രൂപയുടെ ഒരു കേന്ദ്ര പാക്കേജും 125 കോടി രൂപയുടെ സംസ്ഥാന സർക്കാർ പാക്കേജും പ്രഖ്യാപിക്കപ്പെട്ടു. അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം ഒരു സമഗ്ര ആരോഗ്യ പാക്കേജും ആ മരണത്തെ തുടർന്ന് രൂപപ്പെട്ടു. കൂലിപ്പണിക്കാരായ ശെൽവന്റേയും വീരമ്മയുടേയും മകൾ അങ്ങനെ ഭരണകൂട നയ മാറ്റത്തിനായുള്ള ഒരു രക്തസാക്ഷിയായി മാറിയെന്നും ഇനി അട്ടപ്പാടിയിൽ ഇത്തരം മരണങ്ങളൊന്നും ആവർത്തിക്കപ്പെടില്ലെന്നുമാണ് അന്നത്തെ സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകൾ കണ്ടപ്പോൾ പുറംകാഴ്ചക്കാർക്ക് തോന്നിയത്. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പലതും പിന്നീട് നടപ്പാക്കപ്പെടുന്ന കാഴ്ചയും നമ്മൾ കാണുകയുണ്ടായി.

പക്ഷേ ഭൂമിയിലെ ഈ നരകം ഇനിയും തങ്ങളുടെ ദുരിതത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടിട്ടില്ലെന്ന വസ്തുതയാണ് ഇപ്പോഴും ആദിവാസി ഊരുകളിൽ തുടരുന്ന ശിശുമരണങ്ങളിൽ നിന്നും വെളിപ്പടുന്നത്. 2014−ൽ അട്ടപ്പാടിയിൽ മൊത്തം 24 കുരുന്നുകൾ കൂടി പോഷകാഹാരക്കുറവു മൂലം മരണത്തിന് കീഴടങ്ങിയപ്പോൾ ഈ വർഷം ജനുവരി മുതൽ 2015 ഒക്‌ടോബർ 23 വരെ മാത്രം 22 കുരുന്നുകൾ ഈ ഊരുകളിൽ പോഷകാഹാരക്കുറവുമൂലവും അനുബന്ധപ്രശ്‌നങ്ങൾ മൂലവും മരണപ്പെട്ടിരിക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 23−ന് രാവിലെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു കേവലം ഒരു കിലോ ഭാരം മാത്രമുള്ള 11 ദിവസം പ്രായമായ ഒരു കുഞ്ഞ് ഏറ്റവുമൊടുവിൽ മരണമടഞ്ഞത്. ഊരുകളിലെ ശിശുമരണങ്ങളടക്കം ഈ വർഷം ഇതുവരെ മാത്രം 22 പേർ മരണങ്ങൾ നടന്നുവെങ്കിലും സർക്കാർ കണക്കുകൾ പ്രകാരം അത് കേവലം 12 ആണെന്നാണ് അട്ടപ്പാടി മേഖലയിൽ ആദിവാസി വികസനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ തന്പിന്റെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറയുന്നത്. സർക്കാർ പുനരധിവാസ പ്രവർത്തനങ്ങളിലെ അപാകതകളും ആരംഭശൂരത്വത്തിനുശേഷം മരവിച്ചുപോയ പല പദ്ധതികളുമാണ് ഈ ദുസ്ഥിതിയ്ക്കിടയാക്കുന്നതെന്നാണ് അവർ പറയുന്നത്. റോഡ് വികസനത്തിനും ആശുപത്രികളുടെ കെട്ടിടങ്ങൾ, ക്വാർട്ടേഴ്‌സുകൾ തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിനുമൊക്കെയാണ് ഫണ്ടുകൾ പലതും വിനിയോഗിച്ചതെങ്കിലും ആദിവാസിയുടെ ജീവിതം മെച്ചപ്പെടുത്തുന്ന നിലയിലേയ്ക്ക് ആ പാക്കേജുകൾ വരാതിരുന്നതാണ് ഇത്തരമൊരു അവസ്ഥ സംജാതമാകാൻ കാരണമെന്ന് രാജേന്ദ്രപ്രസാദ് ആരോപിക്കുന്നു. ആദിവാസിയുടെ കൃഷിഭൂമി അന്യാധീനപ്പെട്ടുപോയതും പരന്പരാഗത കൃഷി വ്യവസ്ഥയിൽ നിന്നും അവൻ അകന്നതുമാണ് യഥാർത്ഥത്തിൽ അവന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കിടയാക്കിയതെന്ന അടിസ്ഥാന പ്രശ്‌നത്തെ സർക്കാർ ഇനിയും അഭിസംബോധന ചെയ്തിട്ടില്ലെന്നാണ് ഇത്തരം സംഘടനകൾ പറയുന്നത്. പാരന്പര്യ തൊഴിലായ കാർഷികവൃത്തിക്കേറ്റ പ്രഹരമാണ് അട്ടപ്പാടിയെ രൂക്ഷമായി ബാധിച്ചിരിക്കുന്നതെന്നത് ഒരു യാഥാർത്ഥ്യമാണ്. ഒട്ടുമിക്ക ആദിവാസി കുടുംബങ്ങളും സർക്കാർ സഹായമില്ലാതെ തന്നെ മുൻകാലങ്ങളിൽ റാഗി, പച്ചക്കറികൾ, ചോളം എന്നിവയൊക്കെ കൃഷി ചെയ്യുമായിരുന്നു. കാർഷികവൃത്തിയെ ഉപജീവിച്ചു കഴിഞ്ഞിരുന്നതിനാൽ അവർക്ക് ഭക്ഷണ ദൗർലഭ്യതയോ അനീമിയ പോലുള്ള രോഗങ്ങളോ അത്ര വ്യാപകമായിരുന്നില്ല. എന്നാൽ കടുത്ത വനനശീകരണം മൂലം പ്രദേശത്തെ ജലനിരപ്പ് താഴ്ന്നതു മൂലം കൃഷി അസാധ്യമാകുകയും ഭക്ഷ്യവിളകളിൽ നിന്നും അവർ നാണ്യവിളകളിലേക്ക് കൃഷി മാറ്റുകയും ചെയ്തു. പല ആദിവാസി ഊരുകളും ഇന്ന് തരിശുഭൂമികളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്റഗ്രേറ്റഡ് ൈട്രബൽ ഡവലപ്‌മെന്റ് പ്രോജക്ടിനു കീഴിൽ ജൂനിയർ ഹെൽത്ത് നഴ്‌സുമാർ അടങ്ങിയ സംഘം 2013 ഏപ്രിൽ 10 മുതൽ നടത്തിയ സർവേയിൽ (അഗളിയിലെ 7159 വീടുകളിലുള്ള 22, 223 ആദിവാസികളെ കേന്ദ്രീകരിച്ചായിരുന്നു സർവേ) 448 പേർക്ക് അനീമിയയും 69 പേർക്ക് പോഷകാഹാരക്കുറവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പോഷകാഹാരക്കുറവും അനീമിയയും ഏറ്റവുമധികം കണ്ടെത്തപ്പെട്ടത് കൗമാരദശയിലുള്ള പെൺകുട്ടികളിലും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലും മുലയൂട്ടുന്ന അമ്മമാരിലും ഗർഭിണികളിലുമായിരുന്നു.

2013−ലെ ആദിവാസി ശിശുമരണങ്ങളെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ടി.കെ.എ നായരുടെ നേതൃത്വത്തിലുള്ള സംഘമെത്തി പഠനം നടത്തി അധികം വൈകാതെ തന്നെ, ആറു മാസത്തിനകം ആദിവാസികൾക്ക് ഭൂമി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നുവെങ്കിലും അതിനുശേഷം ഇപ്പോൾ ഒന്നര വർഷം പിന്നിട്ടിട്ടും സ്ഥിതിഗതികളിൽ യാെതാരു മാറ്റവും ഉണ്ടായിട്ടില്ല. അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കുന്ന പ്രശ്‌നത്തിനു പുറമേ, ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകാൻ വനാവകാശ നിയമപ്രകാരമുള്ള ബുദ്ധിമുട്ടുകൾ ഒക്കെ തന്നെയും പ്രവർത്തനങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തി.

പാലക്കാട്ടു നിന്നും അറുപതു കിലോമീറ്ററോളം വടക്കോട്ടു സഞ്ചരിച്ചാൽ ആരോഗ്യകേരളത്തിൽ നിന്നും അനാരോഗ്യകേരളത്തിലേക്കുള്ള മണ്ണാർക്കാട്−ആനക്കട്ടി വളവെത്തും. അവിടെ നിന്നാണ് ഭൂമിയിലെ നരകത്തിലേക്കുള്ള പാത. അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്തിലേക്കുള്ള നീളുന്ന പൊടിമൺ പാതയ്ക്കിരുവശത്തും സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ മൂലം മരണമടഞ്ഞ ഒരുപാടു കുഞ്ഞുങ്ങളുടെ ആത്മാക്കൾ അലഞ്ഞുതിരിയുന്നുണ്ടാകാം. കഴിഞ്ഞ മൂന്നു വർഷക്കാലത്തു മാത്രം നൂറിനടുത്ത് കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവു മൂലവും അനീമിയ മൂലവും ഈ ഊരുകളിൽ മരണപ്പെട്ടത്. പതിനായിരം കുടുംബങ്ങളിലായി 35,000−ത്തോളം ആദിവാസികളാണ് ഈ ഊരുകളിലുള്ളത്. അവരിൽ ആറായിരത്തോളം പേർ കുട്ടികളാണ്. അവരിൽ 500−ലേറെപ്പേർക്ക് പോഷകശോഷണം കാണപ്പെടുന്നുണ്ട്. ഇതിനു പുറമേയാണ് ആദിവാസികളെയാകമാനം ബാധിച്ചിട്ടുള്ള അനീമിയ എന്ന പ്രശ്‌നം. കൃഷി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ ഒരു പ്രതിഭാസമാണത്. എല്ലാ കുട്ടികൾക്കും തന്നെ വരൾച്ചാ മുരടിപ്പ് ദൃശ്യമാണ്. ഗർഭിണികളിലേയും അമ്മമാരുടേയും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവും അഞ്ചിലും ഏഴിലുമൊക്കെ താഴെയായാണ് കാണപ്പെടുന്നത്. അതുമൂലമാണ് സമയം തെറ്റി, നേരത്തെയുള്ള പ്രസവങ്ങൾ അവിടെ വർദ്ധിക്കുന്നത്. അമ്മമാർക്കിടയിലെ പോഷകശോഷണം പരിഹരിക്കാൻ ആസൂത്രണം ചെയ്ത പദ്ധതികളൊന്നും തന്നെ അവിടെ കൃത്യമായി നടപ്പിലാക്കപ്പെട്ടിട്ടിെല്ലന്നാണ് ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. കഴിഞ്ഞ ആറുമാസക്കാലയളവിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതു മൂലം ഗർഭിണികളുടെ അബോർഷനുകൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്ന് രാജേന്ദ്രപ്രസാദ് പറയുന്നു. 50−നു മേലെ അബോർഷനുകളാണ് ആദിവാസി ഊരുകളിൽ ഇക്കാലയളവിൽ മാത്രം ഉണ്ടായിട്ടുള്ളത്. ഗർഭാവസ്ഥയിൽ ഏഴുമാസത്തിനു മുന്പാണ് ഈ അബോർഷനുകൾ സംഭവിച്ചിട്ടുള്ളത്. ആദിവാസികൾക്കിടയിൽ ജനസംഖ്യ കുറയുന്നുവെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഇപ്പോൾ വിലാപങ്ങളുടേയും കുറ്റസമ്മതങ്ങളുടേയും പ്രവാഹമാണ്. സംസ്ഥാന സർക്കാർ അട്ടപ്പാടിയ്ക്കായി സമഗ്ര പാക്കേജ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു കൊല്ലത്തോളം മാത്രമാണ് അത് ക്രിയാത്മകമായി നടന്നത്. ആശുപത്രികളിൽ ഇപ്പോൾ റഫറൻസ് കേസ്സുകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ദിവസേനെ ഏഴ് റഫറൻസ് കേസ്സുകളെങ്കിലും ഇപ്പോൾ പാലക്കാട്ടേയ്ക്ക് പോകുന്നുണ്ട്. ഒക്ടോബർ 23−ന് മരണപ്പെട്ട കുട്ടി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെട്ടതാണ്. കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് ആഴ്ചയിൽ മൂന്നു ദിവസം മാത്രമേ അട്ടപ്പാടിയിലുള്ളു. ഗൈനക്കോളജിസ്റ്റായി ഒരാൾ മാത്രമേയുള്ളു. ഡോക്ടർമാരുടെ എണ്ണത്തിലുള്ള ഈ കുറവ് അട്ടപ്പാടിയെ വല്ലാത്തൊരുതരം അരക്ഷിതാവസ്ഥയിലാണ് കൊണ്ടെത്തിച്ചിട്ടുള്ളത്. ഡോക്ടർമാരെ കാണാനാകാത്തതിനാൽ ആദിവാസികൾ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് എത്തുന്നതുവരെ കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ആദിവാസികളുടെ ആശുപത്രിയിലേക്കുള്ള വരവ് ഇപ്പോൾ 20 ശതമാനം കണ്ട് കുറഞ്ഞിട്ടുെണ്ടന്നാണ് രാജേന്ദ്രപ്രസാദ് പറയുന്നത്. ആശുപത്രിയിൽ നിന്നും മറ്റൊരിടത്തേക്ക് റഫർ ചെയ്യപ്പെട്ടാൽ മരിക്കുമെന്നുവരെ അവർ ഭയക്കാൻ തുടങ്ങിയിരിക്കുന്നുവത്രേ. മുന്പ് ഇത്തരമൊരു അവസ്ഥയിലാണ് തന്പ് ആദിവാസി ഊരുകളിൽ ഊരുകൂട്ടം സംഘടിപ്പിക്കുകയും സമരം സംഘടിപ്പിക്കുകയും ഇതിന് പരിഹാരം തേടി ഹൈക്കോടതിയിൽ പരാതി സമർപ്പിക്കുകയുമൊക്കെ ചെയ്തതും മാറ്റങ്ങൾ ഉണ്ടാകുകയുമൊക്കെ ചെയ്തതും. പക്ഷേ ഇപ്പോൾ സ്ഥിതിഗതി വീണ്ടും താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതിനു പരിഹാരം തേടി തന്പ് മുഖ്യമന്ത്രിയ്ക്കും വനാവകാശ കമ്മീഷനും നോഡൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.

അട്ടപ്പാടി ആദിവാസി മേഖലയിലെ ഇപ്പോഴത്തെ ദുരവസ്ഥ തങ്ങളുടെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാവോയിസ്റ്റുകളും ഈ ഊരുകളിലേക്ക് ഇറങ്ങിയിട്ടുണ്ടെന്ന സൂചനയാണ് ഈയടുത്ത് അവിടെ നടന്ന വെടിവെയ്പ്പ് നൽകുന്നത്. ആദിവാസികൾക്കായി എത്തുന്ന ഫണ്ടുകളൊന്നും അവരിലേക്ക് എത്തുന്നില്ലെന്നതാണ് മാവോയിസ്റ്റുകളുടെ വളർച്ചയ്ക്ക് അവിടെ പിന്തുണ ലഭിക്കാൻ കാരണം. അന്ന് പ്രഖ്യാപിക്കപ്പെട്ട ആരോഗ്യവകുപ്പിന്റെ പാക്കേജിൽ പ്രധാനപ്പെട്ടവ ഇവയായിരുന്നു: കോട്ടത്തറ ൈട്രബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പോഷകാഹാരക്കുറവു നേരിടുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രം, പോഷകാഹാര സപ്ലിമെന്ററി സ്‌കീം, അഗളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും കോട്ടത്തറ ആശുപത്രിയിലും നാല് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും കൂടുതൽ നഴ്‌സുമാരും ഉൾപ്പടെ 75 പുതിയ ജീവനക്കാർ, ഇവിടെ ജോലിക്കെത്തുന്ന ഡോക്ടർമാർക്ക് 20,000 രൂപ അധിക ശന്പളം, ഈ രണ്ട് ആശുപത്രികളിലും ബ്ലഡ് സ്‌റ്റോറേജ് സംവിധാനങ്ങൾ, പുത്തൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് കിടത്തി ചികിത്സയ്ക്കുള്ള സംവിധാനം, മൂന്ന് മെഡിക്കൽ യൂണിറ്റുകൾ, ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഡയറ്റീഷ്യൻ എന്നിവർ അടങ്ങിയ ന്യൂട്രീഷ്യൻ റീഹാബിലിറ്റേഷൻ സെന്റർ, ആശുപത്രിയിൽ ഔട്ട്‌പേഷ്യന്റായി എത്തുന്ന കുട്ടികളിൽ പോഷകാഹാരക്കുറവു കണ്ടെത്തിയാൽ അവർക്ക് കഴിക്കേണ്ട വസ്തുക്കളേതെന്ന് നിർദ്ദേശിക്കുകയും പോഷകാഹാര സപ്ലിമെന്റുകൾ നൽകുന്ന സംവിധാനം, കൃഷി പ്രോത്സാഹിപ്പിക്കാനും തൊഴിൽ ഉറപ്പാക്കാനും കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികൾ, പുതിയ അംഗനവാടികൾ, ലഹരിവിമുക്ത ചികിത്സാകേന്ദ്രം, മൂന്നു മാസം മുതൽ ഒരു വയസ്സു വരെ പ്രായമുള്ള ശിശുക്കളുടെ അമ്മമാർക്ക് ആയിരം രൂപ വീതം പ്രതിമാസം നൽകുന്ന സംവിധാനം തുടങ്ങിയവയാണ് അവ. ഫണ്ടിന്റെ കൃത്യമായ വിനിയോഗം നിരീക്ഷിക്കാൻ ജില്ലാ−സംസ്ഥാന തല സമിതികളും ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ആദിവാസി മേഖലയിലെ പ്രശ്‌നങ്ങൾ പൊതുസമൂഹത്തെ അറിയിച്ച തന്പിന്റെ ഒരു പ്രതിനിധിയെപ്പോലും അതിൽ ഉൾപ്പെടുത്തിയില്ലെന്നത് സംശയകരം തന്നെയാണ്. ആദിവാസി സംഘടനാ പ്രവർത്തകരെ അതിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ ഇതുവരെ പരിഗണിക്കാത്തതു തന്നെ അഴിമതിയ്ക്ക് സർക്കാർ ചൂട്ടുപിടിക്കുകയാണെന്നതിന്റെ തെളിവാണല്ലോ. ആശുപത്രിയിലേയ്ക്ക് രോഗികളെ എത്തിക്കാൻ നിയുക്തരായ ആക്ഷൻ കൗൺസിലിന്റെ പ്രതിനിധികളെപ്പോലും ഇത്തരം സമിതികളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് വേറെ കാര്യം. ജനകീയപക്ഷത്തു നിന്നും ഒരു ശക്തമായ നിരീക്ഷണ സംവിധാനം ഉണ്ടായിരുന്നുവെങ്കിൽ ആശുപത്രികളുടെ അവസ്ഥ ഇപ്പോഴത്തെപ്പോലെ താഴേയ്ക്ക് പോകുമായിരുന്നില്ല. അട്ടപ്പാടി മേഖലയിൽ ഇതുവരെ എത്ര തുക, എവിടെയൊക്കെ, എന്തിനൊക്കെ ചെലവഴിച്ചിട്ടുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം തന്പ് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ടങ്കിലും ഇനിയും അതിനുള്ള മറുപടി ലഭിച്ചിട്ടില്ല. ആദ്യം ചോദിച്ചപ്പോൾ കണക്കുകളായിട്ടില്ലെന്ന മറുപടി ലഭിച്ചതിനെ തുടർന്നാണ് ആറു മാസത്തിനപ്പുറം ഇപ്പോൾ വീണ്ടും അപേക്ഷ നൽകിയത്. കത്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് അത് നൽകാൻ കളക്ടർ അയച്ചുനൽകിയിട്ടുണ്ടെന്ന മറുപടി ലഭിച്ചിട്ട് 20 നാളുകൾ പിന്നിടുകയും ചെയ്തിരിക്കുന്നു. 2013 ജൂൺ ആറിന് നടത്തിയ 300 കോടി രൂപയുടെ പ്രഖ്യാപനത്തിൽ നിന്നും എത്ര കോടി ഏതൊക്കെ വഴി പോയിട്ടുണ്ടെന്ന് അറിയുന്പോഴെ ആദിവാസിയുടെ ചെലവിൽ ആരൊക്കെ അർമ്മാദിച്ചുവെന്ന് കൂടുതൽ വ്യക്തമാകുകയുള്ളു.

You might also like

Most Viewed