ചില മൃഗാവകാശ ചിന്തകൾ!
ഗോമാംസത്തിന്റെ പേരിൽ നരഹത്യകൾ നടക്കുന്ന സംഘി ഫാസിസ്റ്റ് കാലത്തിനെതിരെ പ്രതിഷേധിക്കുന്നതിനൊപ്പം കന്നുകാലികളുടെ ചുറ്റിക കൊണ്ടുള്ള മൃഗീയവും നിഷ്‌ക്കരുണവുമായ കൊലകൾക്കെതിരെയും അറവുശാലാ ചട്ടങ്ങൾ കർശനമാക്കേണ്ടതുണ്ട് -ജെ. ബിന്ദുരാജ്
മാംസാഹാരിയാണ് ഈ ലേഖകൻ. പശുവിന്റേതോ പന്നിയുടെയോ പോത്തിന്റേതോ ആടിന്റേതോ ആയ ഏതൊരു മാംസവും ഭക്ഷിക്കുകയും ചെയ്യുന്ന ആളാണ്. പശുവോ പന്നിയോ ഏതെങ്കിലും മതവിഭാഗക്കാർക്ക് നിഷിദ്ധമാണെന്ന് കരുതി അവ കഴിക്കരുതെന്ന് ഏതെങ്കിലും തെരെഞ്ഞടുക്കപ്പെട്ട സർക്കാരുകൾ തീരുമാനമെടുക്കുന്നപക്ഷം അതിനെതിരെ ശക്തമായ പ്രതിഷേധത്തിനിറങ്ങുകയും ചെയ്യും. ഉത്തർപ്രദേശിൽ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ഒരാളെ കൊലപ്പെടുത്തുകയും മറ്റൊരിടത്ത് പശുവിന്റെ തോൽ ഉരിക്കുന്നവരെ കടുത്ത മർദ്ദനത്തിന് വിധേയമാക്കുകയും ചെയ്ത വാർത്തകൾ സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭീതിജനകമായ കാഴ്ചകളാണ് നമുക്ക് മുന്നിൽ അനാവൃതമാക്കുന്നത്. പക്ഷേ ഈ വാർത്തകൾക്കിടയിൽ നാം വിസ്മരിക്കുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. കേരളത്തിലടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും അംഗീകൃതവും അനധികൃതവുമായ അറവുശാലകളിൽ അരങ്ങേറുന്ന അതീവ ക്രൂരതയോടു കൂടിയുള്ള മൃഗ വധങ്ങളാണത്.
തീർത്തും പ്രാകൃതമായ രീതിയിലാണ് മാംസാഹാരികൾക്കായി ഇവിടെ മൃഗങ്ങൾ കൊന്നെടുക്കപ്പടുന്നത്. മൃഗങ്ങളെ കെട്ടിയിട്ട് അൽപാൽപമായി കഴുത്ത് മുറിച്ച് അവയെ കൊലപ്പെടുത്തുന്ന രീതിയും ചുറ്റിക ഉപയോഗിച്ച് അവയെ തലക്കടിച്ച് കൊലപ്പെടുത്തുന്ന രീതിയും നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ഇപ്പോഴും കേരളത്തിലെ പല അറവുശാലകളിലും അവ നിർബാധം തുടരുകയാണെന്നതാണ് സത്യം. ക്യാപ്റ്റീവ് ബോൾട്ട് പിസ്റ്റൾ അഥവാ കാറ്റിൽ ഗൺ ഉപയോഗിച്ച് മൃഗങ്ങളെ ബോധക്ഷയം വരുത്തിയശേഷം കൊല ചെയ്യുന്ന പുതിയ സംവിധാനം ആറുമാസത്തിനുള്ളിൽ നിലവിൽ കൊണ്ടുവരണമെന്നും അതുവരെ താരതമ്യനെ ഭേദമായ കഴുത്ത് അറുത്തുകൊല്ലുന്ന രീതി പിന്തുടരണമെന്നും 2013 നവംബർ 21−ന് സർക്കാർ നിർദ്ദേശിച്ചുെവങ്കിലും ഇപ്പോഴും ക്രൂരമായ ഈ കൊലപാതകരീതികളാണ് കേരളത്തിലെ ഒട്ടുമിക്ക അറവുശാലകളിലും അവലംബിച്ചുപോരുന്നത്.
അതിക്രൂരമായ കൊലപാതകങ്ങളാണ് ഇന്നും സംസ്ഥാനത്തെ അറവുശാലകളിൽ നടക്കുന്നത്. മൃഗത്തിന്റെ കൈകാലുകൾ കൂട്ടിക്കെട്ടിയശേഷം കണ്ഠനാളി മുകളിലേക്കാക്കി ഇരുവശത്തും വലിയ കരിങ്കൽ കഷ്ണങ്ങൾ ചേർത്തുവച്ചശേഷം മൂർച്ചയേറിയ കത്തികൊണ്ട് അതിന്റെ കണ്ഠനാളി മുറിക്കുന്ന രീതി മരണവേദന മുഴുവൻ അനുഭവിച്ചു തീർക്കാൻ വിധിക്കപ്പെടുന്ന മൃഗത്തിന്റെ ദൈന്യതയാണ് വെളിവാക്കുന്നതെങ്കിൽ അതിനേക്കാൾ ഭീകരമാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പോത്തിനെ നിലത്ത് വീഴിച്ച ശേഷമുള്ള അറുക്കൽ. കന്നുകാലികളെ തൂണിനോട് ചേർത്ത് കെട്ടിയശേഷം ചുറ്റിക കൊണ്ട് പലവട്ടം അതിന്റെ തലയിൽ അടിക്കുകയാണ് ചെയ്യുന്നത്. അടി വരുന്ന സമയത്ത് മുഖം വെട്ടിക്കുന്ന മൃഗത്തിന് അടി കിട്ടുക മിക്കവാറും മൂക്കിന്റെ പാളിയിലായിരിക്കും; അല്ലെങ്കിൽ കണ്ണിൽ! അഞ്ചോ ആറോ തവണ ചുറ്റിക കൊണ്ടുള്ള അടികൊണ്ട് നിലംപതിക്കുന്ന കന്നുകാലികളുടെ കഴുത്ത് ഉടനടി മുറിക്കുകയാണ് അവർ ചെയ്യുന്നത്. നിഷ്ഠുരമായ കൊലപാതകങ്ങൾക്കുശേഷം ബീഫ്, മട്ടൻ എന്നിങ്ങനെയുള്ള ഓമനപ്പേരുകളിൽ വിപണിയിലെത്തുന്ന മാംസരൂപിയായ ഈ ജീവിവർഗ്ഗം അതിന്റെ അന്തിമനിമിഷങ്ങളിൽ പോലും മനുഷ്യന്റെ ക്രൂരതയുടെ പരമകാഷ്ഠ തിരിച്ചറിഞ്ഞാണ് ലോകം വെടിയുന്നത്.
2013 നവംബറിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വസതിയിൽ പ്രഭാതഭക്ഷണ ചർച്ചയ്‌ക്കെത്തിയപ്പോൾ മൃഗസ്‌നേഹിയായ മേനകാ ഗാന്ധിയുടെ കൈവശം ഒരു വീഡിയോ ഉണ്ടായിരുന്നു. കേരളത്തിലെ അറവുശാലകളിൽ അതിക്രൂരമായി മൃഗങ്ങളെ പീഡിപ്പിച്ച് കൊല്ലുന്നതിന്റെ ദൃശ്യമായിരുന്നു അതിലുണ്ടായിരുന്നത്. ദൃശ്യം കണ്ട മുഖ്യമന്ത്രി തന്റെ ഞെട്ടൽ മറച്ചുവച്ചില്ല. അന്നേദിവസത്തെ കാബിനറ്റ് യോഗത്തിൽ തന്നെ അദ്ദേഹം അക്കാര്യം അവതരിപ്പിച്ചു. ക്രൂരമായ ഈ പീഡനമുറകൾ അവസാനിപ്പിക്കാൻ അതിനു തൊട്ടടുത്ത ദിവസം തന്നെ അനിമൽ ഹസ്ബൻഡറി വിഭാഗവുമായും ബന്ധപ്പെട്ട അധികൃതരുമായും ചർച്ച വച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ, 2013 നവംബർ 21−ാം തീയതി ചുറ്റിക കൊണ്ട് അടിച്ച് കന്നുകാലികളെ വകവരുത്തുന്നത് നിരോധിച്ചുകൊണ്ട് സർക്കാരിന്റെ ഉത്തരവുമിറങ്ങി. ക്യാപ്റ്റീവ് ബോൾട്ട് പിസ്റ്റൾ അഥവാ കാറ്റിൽ ഗൺ ഉപയോഗിച്ച് മൃഗങ്ങളെ ബോധക്ഷയം വരുത്തിയശേഷം കൊല ചെയ്യുന്ന പുതിയ സംവിധാനം ആറുമാസത്തിനുള്ളിൽ നിലവിൽ കൊണ്ടുവരുണമെന്നും അതുവരെ താരതമ്യേന ഭേദമായ കഴുത്ത് അറുത്തുകൊല്ലുന്ന രീതി പിന്തുടരണമെന്നുമായിരുന്നു സർക്കാരിന്റെ നിർദ്ദേശം. പക്ഷേ ഇവയൊന്നും തന്നെ പാലിക്കപ്പെട്ടില്ല. പോരാത്തതിന് കേരളത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 1100−ഓളം അറവു കേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങളൊന്നും ഒരുകാലത്തും നടപ്പാക്കപ്പെടുകയുമില്ല. ലൈസൻസ് ലഭിച്ചിട്ടുള്ള എഴുനൂറോളം അറവുശാലകളിലെ അവസ്ഥയും ഇന്നും വ്യത്യസ്തമല്ല. തീർത്തും പ്രാകൃതമായ രീതിയിൽ മൃഗീയമായാണ് ഇവിടേയും തീൻമേശയിലെ രുചിക്കൂട്ടിനായി കൂട്ടക്കൊലപാതകങ്ങൾ നടക്കുന്നത്.
കഴുത്തറുത്ത് കൊല്ലുന്ന രീതിയാണ് കേരളത്തിലെ ഒട്ടുമിക്ക അറവുകേന്ദ്രങ്ങളിലും ഇന്നുള്ളതെന്ന കാര്യം അനിമൽ ഹസ്ബന്ഡറി ഡിപ്പാർട്ട്‌മെന്റ് തന്നെ സമ്മതിക്കുന്നു. നിരോധിച്ചെങ്കിലും കേരളത്തിന്റെ ചില ഭാഗങ്ങളിൽ ചുറ്റിക കൊണ്ട് മൃഗത്തിന്റെ തലക്കടിച്ച് ക്ഷതമേൽപ്പിച്ചശേഷം കൊല ചെയ്യുന്നതായും അവർ സമ്മതിക്കുന്നു. ക്യാപ്റ്റീവ് ബോൾട്ട് പിസ്റ്റൾ ഉപയോഗിച്ച് മൃഗങ്ങളുടെ ബോധം ക്ഷയിപ്പിച്ചശേഷം അവയെ അറുക്കുന്നപക്ഷം അവ വേദന അറിയുകയേയില്ല. പക്ഷേ കേരളത്തിൽ ഇപ്പോഴും ഈ സാങ്കേതിക വിദ്യ അറവുശാലകളിൽ വ്യാപകമായി നടപ്പാക്കിത്തുടങ്ങിയിട്ടില്ല. ഇത്തരമൊരു സംവിധാനം ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെയുണ്ടായിട്ടും ഇന്ത്യയിൽ അത് അറവുശാലകളിൽ മൃഗങ്ങളെ വേദനാരഹിതമായി കൊല ചെയ്യുന്നതിനായി നടപ്പാക്കാതിരുന്നത് എന്തുകൊണ്ടാണ്? തുച്ഛമായ ലാഭത്തിനായി നിഷ്ഠൂരമായ കൊലപാതകങ്ങൾ നാം തുടർന്നുകൊണ്ടിരിക്കണമോ? പൂക്കോടും മണ്ണൂത്തിയിലുമൊക്കെയുള്ള വെറ്റിനറി കോളേജുകളിൽ മാത്രമേ ഇന്ന് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുള്ളുവെന്നാണ് ഈ ലേഖകൻ അറിയുന്നത്.
ഇന്ത്യയിൽ ക്യാപ്റ്റീവ് ബോൾട്ട് സ്റ്റണ്ണിങ് പിസ്റ്റൾ നിർമ്മിക്കപ്പെടുന്നില്ല. വിദേശരാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന അവ സാധാരണ വെടിവെയ്ക്കുംപോലെ, മൃഗത്തിന്റെ തലയോടിനോട് ചേർത്തുവെച്ചാണ് വെടിയുതിർക്കുക. തലച്ചോറിലേക്ക് ഈ ബോൾട്ട് എത്തപ്പെട്ടാലുടനെ തന്നെ മൃഗത്തിന് ബോധക്ഷയം സംഭവിക്കുന്നു. ഏതാണ്ട് 98,000 രൂപയോളമാണ് .22 ക്യാപ്റ്റീവ് ബോൾട്ട് സ്റ്റണ്ണിങ് പിസ്റ്റളിന്റെ വില. കേരളത്തിലെ അറവുശാലകളിലേക്ക് എന്തുകൊണ്ട് ഈ പിസ്റ്റൾ എത്തുന്നില്ല എന്നതിന്റെ ഉത്തരം അതിന്റെ വില തന്നെയാണെന്നതാണ് വാസ്തവം. ഇന്ത്യയിൽ ക്യാപ്റ്റീവ് ബോൾട്ട് സ്റ്റണ്ണിങ് പിസ്റ്റൺ നിർമ്മിക്കപ്പെടാത്തതിനാൽ വിദേശരാജ്യങ്ങളിൽ നിന്നും അത് സർക്കാർ ഇറക്കുമതി ചെയ്യേണ്ടതായി വരും. പ്രതിവർഷം 12 ലക്ഷത്തോളം കന്നുകാലികൾ കശാപ്പു ചെയ്യപ്പെടുന്ന കേരളത്തിൽ കന്നുകാലികളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ സർക്കാർ ഇതിനായി പണം കണ്ടെത്തുന്ന കാര്യത്തിൽ അമാന്തിച്ചുകൂടാ.
ചുറ്റിക വെച്ച് മൃഗങ്ങളെ അടിച്ചു വീഴ്ത്തുന്ന രീതി സർക്കാർ നിരോധിച്ചതിനെ തുടർന്ന് ആറു മാസത്തിനുള്ളിൽ തന്നെ ക്യാപ്റ്റീവ് ബോൾട്ട് പിസ്റ്റളുകൾ പ്രയോഗത്തിൽ കൊണ്ടുവരാനാണ് 2013−ൽ സർക്കാർ പദ്ധതിയിട്ടതെങ്കിലും അതിനിയും കടലാസിൽ തന്നെ ഒതുങ്ങിയിരിക്കുന്നു. ഉപകരണത്തിന് ഒരു ലക്ഷം രൂപയിൽ താഴെ മാത്രമേ വിലയുള്ളുവെങ്കിലും അറവുശാലകളിൽ അത് ഉപയോഗപ്പെടുത്താൻ വലിയ സമ്മർദ്ദം തന്നെ ചെലുത്തേണ്ടതായി വരുമെന്നതാണ് പ്രധാന തടസ്സം. ആ ഉപകരണം ഉപയോഗിച്ച് മൃഗങ്ങളെ വേദനാരഹിതമായി കൊല ചെയ്യുന്നതിന് അറുവുകാർക്ക് പരിശീലനം നൽകേണ്ടതായിട്ടുമുണ്ട്. എന്നാൽ അംഗീകൃത അറവുശാലകളിൽ മാത്രമേ പരിശീലനം നൽകാനാകുകയുള്ളുവെന്നതാണ് മറ്റൊരു പ്രശ്‌നം. അനധികൃത അറുവുശാലകളെ അംഗീകൃതമാക്കി മാറ്റാനുള്ള നടപടികളും അതോടൊപ്പം സ്വീകരിക്കേണ്ടതായിട്ടുണ്ട്.
കേരളത്തിലെ അറവുശാലകളിലുള്ള കശാപ്പുകാർ പരിശീലനം സിദ്ധിച്ചവരല്ലെന്നതാണ് മറ്റൊരു പ്രധാന കാര്യം. പരിശീലനം സിദ്ധിച്ചവരെന്ന് ഈ കശാപ്പുകാർ അവകാശപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായ രീതിയിൽ കശാപ്പു ചെയ്യുന്നതിനെപ്പറ്റി അവർ വാസ്തവത്തിൽ അജ്ഞരാണെന്നതാണ് വാസ്തവം. അറവുകാരിൽ 90−95 ശതമാനം പേർക്ക് പരിശീലനം നൽകാനുള്ള ഒരു പദ്ധതി അനിമൽ ഹസ്ബൻഡറി വകുപ്പ് പദ്ധതിയിട്ടിരുന്നുവെങ്കിലും അതും എങ്ങുമെത്തിയിട്ടില്ല.
അപരിഷ്‌കൃതരീതിയിലുള്ള കശാപ്പു ചെയ്യൽ മാത്രമല്ല കേരളത്തിലെ അറവുശാലകളുടെ പ്രശ്‌നം. കശാപ്പിനായി പാലിക്കേണ്ട ഒരു മാനദണ്ധവും അവിടങ്ങളിൽ പാലിക്കപ്പെടുന്നു പോലുമില്ല. കശാപ്പു ചെയ്യപ്പെടുന്ന കന്നുകാലിയെ കശാപ്പു ചെയ്യുന്നതിനു മുന്പ് തലേന്ന് അതിന് രോഗങ്ങളുണ്ടോയെന്ന് വിദഗ്ദ്ധമായി പരിശോധിക്കുകയും കശാപ്പിനുശേഷം മൃഗത്തിന്റെ ആന്തരികാവയവങ്ങൾ പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. വെറ്റിനറി സർജൻ പാസ്സാക്കിയാൽ മാത്രമേ മൃഗത്തിന്റെ മാംസം വിപണിയിലെത്തിക്കാൻ പാടുള്ളുവെന്നാണ് നിയമം. ഗ്രാമപ്രദേശങ്ങളിലേയും നഗരപ്രാന്തങ്ങളിലേയും അറവുശാലകൾ ഈ മാനദണ്ധങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. മാംസ പരിശോധനയ്ക്കും അറവുശാലയിലെ കന്നുകാലികളുടെ പരിശോധനയ്ക്കുമൊന്നും പ്രത്യേകമായി ഡോക്ടർമാരെയൊന്നും നിയമിച്ചിട്ടില്ല താനും. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കന്നുകാലികളെ 18 ചെക്ക് പോസ്റ്റുകളിലും ചെക്‌പോസ്റ്റ് പേഴ്‌സണലുകളും കന്നുകാലികൾക്ക് എന്തെങ്കിലും പുറമേയ്ക്ക് ദൃശ്യമാകുന്ന രോഗങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെങ്കിലും അത് കാര്യക്ഷമമാണെന്ന അഭിപ്രായം ആർക്കും തന്നെയില്ല.
അറവുശാലകൾ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി 2013 നവംബർ 21−ാം തീയതി സംസ്ഥാന സർക്കാർ നിയോഗിച്ച അറവുശാലാ മെച്ചപ്പെടുത്തൽ സമിതി എറണാകുളത്തെ കലൂരിലെ അറുവുശാലയിൽ നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ആറ് കന്നുകാലികളെ മാത്രം കയറ്റാനാകുന്ന ട്രക്കിൽ 65 കന്നുകാലികളെ നിഷ്ഠുരമായ സാഹചര്യങ്ങളിൽ തഞ്ചാവൂരിൽ നിന്നും കലൂരിലെത്തിച്ചത് നേരിട്ട് കാണാൻ സമിതിക്ക് കഴിഞ്ഞു. എത്തിക്കപ്പെട്ട കന്നുകാലികളിൽ പലതിന്റേയും കണ്ണുകളിൽ പുകയിലയും മുളകുപൊടിയും വിതറി കാഴ്ച നഷ്ടമാക്കിയ നിലയിലായിരുന്നു. ശരീരം ചതഞ്ഞരഞ്ഞ നിലയിലും നിരവധി മുറിവുകളുള്ള നിലയിലുമാണ് അവ എത്തിക്കപ്പെട്ടിരുന്നത്. 70 കന്നുകാലികൾക്ക് മാത്രം തങ്ങാൻ ഇടമുള്ള മുറിയിൽ ഏതാണ്ട് 400−ഓളം കന്നുകാലികളെയാണ് കലൂരിൽ സൂക്ഷിച്ചിരുന്നത്. കൊച്ചി കോർപ്പറേഷൻ അടിയന്തരമായി എടുക്കേണ്ട നടപടികൾ സംബന്ധിച്ച് പരിശോധനാ സമിതി നിർദ്ദേശം നൽകിയതിനെ തുടർന്ന് നവംബർ 22−ാം തീയതി കോർപ്പേറേഷൻ സെക്രട്ടറി അറവുശാലയിലെ നിയമലംഘനങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് നിർദ്ദേശം നൽകി. കുഞ്ഞിന് പാൽ കൊടുക്കുന്ന കന്നുകാലികളേയും കുഞ്ഞുങ്ങളേയും ഗർഭിണികളായ കന്നുകാലികളേയും രോഗബാധിതരായ കന്നുകാലികളേയും അറവുശാലയിലെത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് സമിതി സെക്രട്ടറിയുടെ ഉത്തരവിലുണ്ടായിരുന്നു. മൃഗങ്ങളെ അറക്കുന്നതിനു മുന്പ് വെറ്റിനറി ഡോക്ടർമാർ മൃഗങ്ങളെ വിശദമായി പരിശോധിക്കുന്നതിൽ നിയമലംഘനങ്ങൾക്കെതിരെ ജാഗരൂകരായിരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
അറവുമാലിന്യങ്ങൾ സമീപത്തും പരിസരപ്രദേശങ്ങളിലുമുള്ള ജലാശയങ്ങളിലും നിരത്തുവക്കിലുമൊക്കെ തള്ളുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങളും ഭീകരമാണ്. ശാസ്ത്രീയമായ രീതിയിൽ പരിശോധനകൾ കൂടാതെ കശാപ്പു ചെയ്യാത്തതു മൂലം മൃഗങ്ങളിലൂടെ പലവിധ രോഗങ്ങളും മനുഷ്യനുണ്ടാകാനുള്ള സാധ്യതകളുമേറെയാണെന്ന് വിദഗ്ദ്ധർ പറയുന്നു. കശാപ്പിനു മുന്പ് മൃഗങ്ങൾക്ക് വിശ്രമവും നാലു മണിക്കൂർ മുന്പ് വരെ വെള്ളവും നൽകണം. പക്ഷേ ഇവയൊന്നും തന്നെ മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. കൊല്ലാൻ പോകുന്ന ജീവിക്ക് എന്തിന് ഭക്ഷണം നൽകണമെന്ന ക്രൂരചിന്തയാണ് ലാഭേച്ഛ മാത്രം നോക്കി പ്രവർത്തിക്കുന്ന മനുഷ്യന്റെ മനസ്സിൽ.
എന്തുകൊണ്ടാണ് ഇപ്പോഴും അനധികൃത അറവുശാലകൾ ഇവിടെ പ്രവർത്തിക്കുന്നതെന്നതിന് സർക്കാരിന് വ്യക്തമായ ഒരു ഉത്തരമില്ല. അനധികൃത അറവുശാലകളുടെ എണ്ണം കിറുകൃത്യമായി പറയുന്ന സർക്കാരിന്റെ കൈയിൽ പക്ഷേ ലൈസൻസ് ഉള്ള അറവുശാലകളെത്രയെന്ന ചോദ്യത്തിന് പലരിൽ നിന്നും പല ഉത്തരങ്ങളാണ് ലഭിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ പോലും അതേപ്പറ്റി അജ്ഞരാണെന്നതാണ് വാസ്തവം. അറവുശാലകളുടെ നവീകരണത്തിന് നിർദ്ദേശങ്ങൾ നൽകപ്പെട്ടതുകൊണ്ടു മാത്രം കാര്യമില്ല. ആ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനായി സർക്കാർ ധനസഹായം നൽകുകയും കശാപ്പുകാർക്കായി പരിശീലന പദ്ധതികൾ ആവിഷ്‌കരിക്കുകയും രോഗവിമുക്തമായ മാംസമാണോ എന്ന് ക്രിയാത്മകമായി പരിശോധിക്കാനാകുന്ന സംവിധാനങ്ങൾ രൂപപ്പെടുത്തിയെടുക്കുകയും വേണം. കുറഞ്ഞപക്ഷം വേദനയില്ലാതെ കന്നുകാലികളെ കശാപ്പു ചെയ്യാൻ ക്യാപ്റ്റീവ് ബോൾട്ട് പിസ്റ്റളുകൾ കേരളത്തിലെത്തിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്.
ഏതു ഭക്ഷണം കഴിക്കണമെന്നത് ഒരാളുടെ അവകാശമാണെന്ന് പറയുന്പോൾ തന്നെ നമ്മുടെ ഭക്ഷണമാകുന്ന മൃഗങ്ങൾ മനുഷ്യത്വപരമായാണോ കൊല ചെയ്യപ്പെടുന്നതെന്ന് അറിയാനുള്ള ബാധ്യത കൂടി നമുക്കുണ്ടെന്ന് മറക്കരുത്!