എന്തിനാണ് നമുക്കീ ജുഡീഷ്യൽ സാഹിത്യം?

സമയവും ധനവും അപഹരിക്കുന്നുവെന്നല്ലാതെ ജുഡീഷ്യൽ കമ്മീഷനുകളെക്കൊണ്ട് നാട്ടുകാർക്ക് യാതൊരു പ്രയോജനവുമില്ല. ഒരു വ്യഥാ വ്യായാമം മാത്രമാണത് കഴിഞ്ഞ ആഗസ്റ്റ് 26ന് വൈപ്പിനിൽ നിന്നും ഫോർട്ടുകൊച്ചിയിലേക്കുള്ള ബോട്ട് ഒരു മത്സ്യബന്ധന ബോട്ടിലിടിച്ച് കായലിൽ മുങ്ങി എട്ടു പേർ മുങ്ങിമരിച്ചതിനെ തുടർന്ന് കൊച്ചി കോർപ്പറേഷന്റെ മുന്നിൽ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സമരം ശക്തമായിരുന്നു. കോർപ്പറേഷന്റെ ഫെറി സർവ്വീസിലുള്ള ക്രമക്കേടുകൾ പലതും പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണത്തിനാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മേയർ ടോണി ചമ്മിണിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്തിക്കൊണ്ടുള്ള അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭ സമരത്തിനൊടുവിൽ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മേയർ സെപ്തംബർ 10ന് പ്രഖ്യാപനം നടത്തി. അതോടെ സ്ഥിതിഗതികളൊക്കെ ശാന്തമായി. ഇനി എല്ലാം മുറ പോലെ നടക്കും. ഏതെങ്കിലും ഒരു റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു ജുഡീഷ്യൽ കമ്മീഷൻ സ്ഥാപിക്കപ്പെടും. അവർ കുറെക്കാലം തെളിവെടുപ്പും മറ്റുമൊക്കെയായി തേരാപാര നടക്കും. ഒടുവിൽ സംഭവമൊക്കെ ജനം മറന്നു കഴിഞ്ഞൊരു സമയത്ത് ചില മാർഗനിർദ്ദേശങ്ങളും കണ്ടെത്തലുകളുമൊക്കെയായി ഒരു റിപ്പോർട്ട് സമർപ്പിക്കും. അത് പലപ്പോഴും സർക്കാരുകൾ തുറന്നുനോക്കുക പോലും ചെയ്യാതെ എവിടെയെങ്കിലും പൂട്ടിവയ്ക്കുകയും ചെയ്യും.
വിരമിച്ച ജഡ്ജിമാർക്ക് അടയിരിക്കാൻ പറ്റിയ ഏറ്റവും നല്ല ലാവണമാണ് ജുഡീഷ്യൽ കമ്മീഷനുകളെന്ന് ഇതിനകം തന്നെ കേരളം കണ്ടറിഞ്ഞതാണ്. ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കാനുള്ള കാലാവധി നിശ്ചയിക്കുമെങ്കിലും കമ്മീഷനുകളുടെ കാലാവധി പലപ്പോഴും നീണ്ടുകൊണ്ടേയിരിക്കും. ചിലരാകട്ടെ റിപ്പോർട്ട് നൽകുന്ന കാര്യം പോലും മറന്നുപോകുകയും ചെയ്യും. പക്ഷേ ജുഡീഷ്യൽ കമ്മീഷനുകൾ രൂപീകരിക്കുന്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളും സർക്കാർ സംവിധാനങ്ങളുമൊക്കെ ജഡ്ജിമാർ മുറ പോലെ കൈപ്പറ്റുമെന്നത് വേറെ കാര്യം. സംസ്ഥാന സർക്കാർ രൂപീകരിച്ചശേഷം കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 88 ജുഡീഷ്യൽ കമ്മീഷനുകളാണത്രേ രൂപീകരിച്ചിട്ടുള്ളത്. അതിൽ ബഹുഭൂരിപക്ഷം റിപ്പോർട്ടുകളിലും സർക്കാർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നത് വേറെ കാര്യം. ജുഡീഷ്യൽ അന്വേഷണത്തെ തുടർന്ന് നടപടിയെടുക്കപ്പെട്ടതും തുച്ഛം. ഇടമലയാർ കേസ്സിൽ ജസ്റ്റിസ് കെ സുകുമാരന്റെ അന്വേഷണത്തെ തുടർന്ന് ആർ ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടതാണ് ഇതിന് ഒരു അപവാദം. സോളാർ സമരം കൊടുന്പിരി കൊണ്ട സമയത്ത് മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ നിന്നും പ്രതിപക്ഷം പിന്നാക്കം പോകുന്നതും ഒരു സിറ്റിങ് ജഡ്ജിയെക്കൊണ്ടുള്ള അന്വേഷണം ആവശ്യപ്പെടുന്നതും നാം കണ്ടതാണ്. പിന്നീട് വിരമിച്ച ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ശിവരാജന്റെ അദ്ധ്യക്ഷതയിൽ സോളാർ ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. പനന്പിള്ളി നഗറിലെ ഹൗസിങ് ബോർഡ് കെട്ടിടത്തിന്റെ എട്ടാം നിലയിൽ അതിനായി ഒരു ഓഫീസും ജീവനക്കാരുമൊക്കെ സൃഷ്ടിക്കപ്പെട്ടു. തെളിവെടുപ്പുകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. എന്താണ് ഈ കമ്മീഷൻ ആത്യന്തികമായി കണ്ടെത്താൻ പോകുന്നതെന്നത് ആർക്കുമറിയില്ല. അത് എന്താണവോ? മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സരിത എസ് നായരും തമ്മിലുള്ള ബന്ധം? ടീം സോളാറിന് സർക്കാർ വഴിവിട്ട സഹായം നൽകിയിരുന്നുവോ എന്ന കാര്യം? മന്ത്രിമാരും സരിതയും തമ്മിലുള്ള അവിഹിതബന്ധങ്ങൾ? എന്തായാലും മൊഴി നൽകാൻ വരുന്നവർ അവരവർക്ക് തോന്നുന്ന കാര്യങ്ങളൊക്കെ കമ്മീഷനു മുന്നിൽ പറയുകയും കമ്മീഷൻ അതൊക്കെ രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുന്നുണ്ട്. സോളാറിനെപ്പറ്റി ജനം പൂർണ്ണമായും മറന്നുകളയുന്ന ഒരു വേളയിൽ ഈ റിപ്പോർട്ട് സമർപ്പിക്കപ്പെടുകയും അതും ആരുടേയും കണ്ണിൽപ്പെടാതെ എവിടെയെങ്കിലും ചിതലരിച്ചു പോകാനാണ് സാധ്യത.
ജുഡീഷ്യൽ കമ്മീഷനുകൾ നൽകുന്ന റിപ്പോർട്ടുകൾ ആറു മാസത്തിനുള്ളിൽ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്നാണ് ചട്ടം. പക്ഷേ അതൊന്നും പറഞ്ഞപോലെ നടക്കാറില്ല. 2009 മേയ് 17ന് തിരുവനന്തപുരത്തെ ചെറിയതുറയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ പോലീസ് വെടിവെയ്പ്പുകളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ തിരുവനന്തപുരം ജില്ലാ ജഡ്ജി കെ രാമകൃഷ്ണൻ 2011 ജൂലൈ ആറിന് റിപ്പോർട്ടു സമർപ്പിച്ചെങ്കിലും ഇനിയും അത് നിയമസഭയുടെ മേശപ്പുറത്തുവച്ചിട്ടില്ലെന്നത് അപ്പറഞ്ഞതിനെ സാധൂകരിക്കുന്നു. “ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നവർ പോലും അധികാരത്തിലെത്തിയാൽ അവയെപ്പറ്റി ചിന്തിക്കാറില്ലെന്ന് മാത്രമല്ല റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ പോലും ശ്രമിക്കാറില്ല,’’ വിവരാവകാശ പ്രവർത്തകൻ അഡ്വക്കേറ്റ് ഡി.ബി ബിനു പറയുന്നു. അതിനർത്ഥം കേവലം പ്രഹസനമായ ഒരു അന്വേഷണത്തിനായി ഖജനാവിൽ നിന്നും ലക്ഷക്കണക്കിനു രൂപ വെറുതെ ചെലവാക്കി സമയം മെനക്കെടുത്തുന്നുവെന്നു തന്നെയാണ്. സോളാർ കുംഭകോണത്തിൽ ജുഡീഷ്യൽ അന്വേഷണമല്ല ശരിയായവിധത്തിലുള്ള പോലീസ് അന്വേഷണമോ അത് പ്രാവർത്തികമാകാത്തപക്ഷം സി.ബി.ഐ അന്വേഷണമോ ആണ് ഉചിതമെന്ന് നിയമപണ്ധിതർ പോലും പറഞ്ഞതാണെങ്കിലും പ്രതിപക്ഷം ഉമ്മൻ ചാണ്ടിയെ രക്ഷിക്കാനെന്നോണം ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം എന്ന ആവശ്യത്തിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു.
സിറ്റിങ് ജഡ്ജിമാരെക്കൊണ്ടുള്ള അന്വേഷണത്തിനുമുണ്ട് പുലിവാലുകൾ. ഹൈക്കോടതിക്കാണെങ്കിൽ തോന്നിയപോലെ സർക്കാർ പ്രഖ്യാപിക്കുന്ന കമ്മീഷണനുകൾക്ക് വിട്ടുകൊടുക്കാൻ സിറ്റിങ് ജഡ്ജിമാർ കുറവാണ്. മാത്രവുമല്ല 1.24 ലക്ഷം കേസ്സുകൾ (94,000 സിവിൽ കേസ്സുകളും 30,000 ക്രിമിനൽ കേസ്സുകളും) കോടതിയിൽ കെട്ടിക്കിടക്കുന്ന അവസരത്തിൽ ഒരു ജഡ്ജിയുടെ അഭാവം പോലും അവസ്ഥ ദയനീയമാക്കും. ഇതിനെല്ലാം പുറമേ ജുഡീഷ്യൽ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ സർക്കാരുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തള്ളാനും കൊള്ളാനുമാകുകയും ചെയ്യും. റിപ്പോർട്ടുകളിലെ ശുപാർശകൾക്ക് നിയമപരമായ മൂല്യവുമില്ല.
1996 ഒക്‌ടോബർ മുതൽ 2011 ഫെബ്രുവരി വരെ 22 അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളാണ് നടപടി റിപ്പോർട്ട് സഹിതം നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുള്ളത്. പക്ഷേ അവയിലെ നിർദ്ദേശങ്ങളൊന്നും തന്നെ പ്രാവർത്തികമായിട്ടില്ലെന്നതാണ് വാസ്തവം. പക്ഷേ ജുഡീഷ്യൽ കമ്മീഷനുകളുടെ നിയമനവും റിപ്പോർട്ട് സമർപ്പിക്കലുമെല്ലാം ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം മുതക്കേ കേരളം കണ്ടുകൊണ്ടിരുന്നതാണെന്നതാണ് വാസ്തവം. ഇ.എം.എസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആന്ധ്ര അരിവാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അന്നത്തെ ഭക്ഷ്യമന്ത്രിയായ കെ.സി ജോർജിനെതിരെ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത്. അന്വേഷണം പ്രഖ്യാപിച്ചിട്ടും കെ.സി ജോർജ് അധികാരത്തിൽ തന്നെ തുടർന്നു. ജസ്റ്റിസ് പി.ടി രാമൻ നായരാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാന ഖജനാവിന് ആന്ധ്ര അരി വാങ്ങിയ ഇടപാടിലൂടെ നഷ്ടമുണ്ടായി എന്നായിരുന്നു റിപ്പോർട്ടെങ്കിലും ഇ.എം.എസ് മന്ത്രിസഭ റിപ്പോർട്ട് തള്ളിക്കളയുകയാണുണ്ടായത്. ജോർജാകട്ടെ മന്ത്രിസഭ പിരിച്ചുവിടും വരേയ്ക്ക് അധികാരത്തിൽ തുടരുകയും ചെയ്തു. രണ്ടാമത്തെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതും ഇ എം എസ് രണ്ടാംതവണ മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവിൽ തന്നെയായിരുന്നു. ധനമന്ത്രി പി കെ കുഞ്ഞിനെതിരെയായിരുന്നു അഴിമതിരോപണം. കുഞ്ഞ് രാജിവച്ചൊഴിഞ്ഞെങ്കിലും കോടതിയിൽ പോയി തനിക്ക് അനുകൂലമായ വിധി സന്പാദിച്ചു. അതോടെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കപ്പെട്ടു.
ജുഡീഷ്യൽ അന്വേഷണങ്ങൾ മാലപ്പടക്കം പോലെ പൊട്ടി മന്ത്രിസഭകൾ രാജിവെയ്‌ക്കേണ്ട അവസ്ഥയുണ്ടായ കഥയൊക്കെ പഴകി. ഇ.എം.എസ് മന്ത്രിസഭയുടെ കാലത്തായിരുന്നു ജുഡീഷ്യൽ കമ്മീഷൻ അന്വേഷണക്കാര്യത്തിലെ രാജികൾ. അന്നത്തെ മന്ത്രി ബി വെല്ലിങ്ടണ്ണിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച കൂട്ടത്തിൽ ഇ.എം.എസ് ടി.വി തോമസിനും എം.എൻ ഗോവിന്ദൻ നായർക്കും പി.ആർ കുറുപ്പിനുമൊക്കെ എതിരെ കൂടി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെ കെ.ആർ ഗൗരിയമ്മയ്ക്കും ഇന്പിച്ചിബാവയ്ക്കും എം.കെ കൃഷ്ണനും മത്തായി മാഞ്ഞൂരാനുമെതിരെ കൂടി അന്വേഷണം വേണമെന്ന് പ്രതിപക്ഷം പ്രമേയം പാസ്സാക്കുകയും ഇ.എം.എസ് മന്ത്രിസഭ തുടർന്ന് രാജിവെയ്ക്കുകയും ചെയ്യുകയായിരുന്നു. നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന നീലലോഹിതദാസൻ നാടാർക്കെതിരെ ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചയുടനെ അദ്ദേഹം രാജിവച്ചതും വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിലെ പി.ജെ ജോസഫിനും ടി.യു കുരുവിളയ്ക്കുമെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചയുടനെ അവർ രാജിവെച്ചൊഴിഞ്ഞതും സമീപകാല സംഭവങ്ങൾ. നീലലോഹിതദാസൻ നാടാർക്കെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോ നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ശശിധരനെ 2000 ഫെബ്രുവരി 28നാണ് നിയമിച്ചത്. എന്നാൽ അന്വേഷണം നടന്നുകൊണ്ടിരിക്കേ, 2001 ഫെബ്രുവരി 28ന് സർക്കാർ കമ്മീഷനെ പിരിച്ചുവിട്ടിരുന്നു. അന്വേഷണം പ്രഹസനമാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഹൈക്കോടതി ജഡ്ജിമാർ സന്പൂർണ യോഗം ചേർന്ന് ഇനി മുതൽ സിറ്റിങ് ജഡ്ജിമാരുടെ സേവനം കമ്മീഷനുകൾക്ക് നൽകില്ലെന്ന തീരുമാനം എടുത്തത്. പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിളയ്‌ക്കെതിരെ ഭൂമിയിടപാട് സംബന്ധിച്ച് ജസ്റ്റിസ് കെ.കെ നരേന്ദ്രന്റെ കമ്മീഷൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് 2010 മാർച്ച് ഒന്നിന് നിയമസഭയുടെ മേശപ്പുറത്തു വച്ചു. അന്വേഷണം പ്രഖ്യാപിച്ചശേഷം രാജിവെയ്ക്കാത്ത മന്ത്രിമാരും നിരവധി. ബ്രഹ്മപുരം ഡീസൽ പവർ പ്രോജക്ട് പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്ന് ജസ്റ്റിസ് ഭാസ്‌കരൻ നന്പ്യാർ കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടും കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി തന്നെ സി.വി പത്മരാജൻ തുടർന്നുവെങ്കിൽ ഇടമലയാർ കേസ്സിൽ ജസ്റ്റിസ് കെ. സുകുമാരൻ അന്വേഷണം നടക്കുന്നവേളയിലും മന്ത്രി ബാലകൃഷ്ണപിള്ളയും രാജിവച്ചില്ല. സോളാർ ജുഡീഷ്യൽ കമ്മീഷനെ വച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അടക്കം എല്ലാം അന്വേഷിക്കുമെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടിയാകട്ടെ രാജി വെയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണുണ്ടായത്.
നിയമസഭയുടെ മേശപ്പുറത്തുവച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടുകളിൽ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന കാര്യം ഭരണാധിപന്മാർക്കു പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ്. ചില കമ്മീഷനുകൾ വസ്തുനിഷ്ഠമായ അന്വേഷണങ്ങൾ നടത്തി ക്രിയാത്മകമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അവയൊന്നും കേരള സമൂഹം വിശദമായി ചർച്ച ചെയ്യുകയോ ഭരണാധിപന്മാർ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയോ ഉണ്ടായിട്ടില്ല. കേരളത്തെ ഇളക്കിമറിച്ച സംഭവങ്ങളിൽ പലതിലും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. 1994 നവംബർ 25ന് കണ്ണൂർ ജില്ലയിലെ കൂത്തുപറന്പിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവെയ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് പത്മനാഭൻ കമ്മീഷന്റെ അന്വേഷണമാണ് അതിലൊന്ന് (റിപ്പോർട്ട് 1997 ജൂലായ് 7ന് നിയമസഭയുടെ മേശപ്പുറത്ത് വച്ചു). 1995 മെയ് 14, ജൂലൈ 10 തീയതികളിൽ വിഴിഞ്ഞത്തുണ്ടായ വർഗ്ഗീയ സംഘട്ടനങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ആർ ഗോപാലകൃഷ്ണപിള്ള കമ്മീഷന്റെ റിപ്പോർട്ട് അഞ്ചു വർഷങ്ങൾക്കുശേഷം 2000 ജൂലായ് 17നാണ് നിയമസഭയുടെ മേശപ്പുറത്തു െവച്ചത്. കുമരകം ബോട്ടപകടത്തെപ്പറ്റി നിരവധി നിർദ്ദേശങ്ങളോടെ ജസ്റ്റിസ് കെ. നാരായണകുറുപ്പ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് 2004 ഡിസംബറിൽ സഭയുടെ മേശപ്പുറത്തുവച്ചെങ്കിലും നിർദ്ദേശങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ല. കല്ലുവാതുക്കൽ മദ്യദുരന്തത്തെപ്പറ്റി ജസ്റ്റിസ് വി.പി മോഹൻ കുമാർ കമ്മീഷന്റെ റിപ്പോർട്ട് 2005 മാർച്ചിലും വിദ്യാർത്ഥിയായ രജനീ എസ് ആനന്ദിന്റെ മരണത്തെപ്പറ്റി ജസ്റ്റിസ് സി ഖാലിദ് കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് 2007 മാർച്ചിലും തട്ടേക്കാട് ബോട്ട് ദുരന്തപ്പറ്റിയുള്ള ജസ്റ്റിസ് എ എം പരീതുപിള്ള കമ്മീഷന്റെ റിപ്പോർട്ട് 2008 ഡിസംബറിൽ സഭയുടെ മേശപ്പുറത്തുവച്ചെങ്കിലും ഇനിയും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ ഭരണവർഗമോ പ്രതിപക്ഷമോ ചർച്ച ചെയ്യാൻ പോലും താൽപര്യം പ്രകടിപ്പിച്ചു കണ്ടില്ല. പല ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകളുടേയും നിർദ്ദേശങ്ങൾ അവഗണിക്കപ്പെടുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 27 പേർ കൊല്ലപ്പെട്ട കുമരകം ബോട്ട് അപകടത്തെക്കുറിച്ചുള്ള തന്റെ റിപ്പോർട്ട് കണക്കിലെടുത്തിരുന്നുവെങ്കിൽ 42 പേർ കൊല്ലപ്പെട്ട തേക്കടി ബോട്ട് ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേപോലെ തന്നെ തീരദേശത്തെ വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ വിവിധ കമ്മീഷനുകൾ സമർപ്പിച്ച നിർദ്ദേശങ്ങളും അവഗണിക്കപ്പെട്ടു.
പല കമ്മീഷനുകൾക്കും കാലാവധി നീണ്ടു പോയിട്ടുള്ളതായും കാണാനാകും. ബ്രഹ്മപുരം അഴിമതി സംബന്ധിച്ച അന്വേഷണത്തിന്റെ കാലാവധി 1997 ഡിസംബർ നാലു മതൽ 1999 ഏപ്രിൽ 15 വരെ രണ്ടു വർഷക്കാലമായിരുന്നുവെങ്കിൽ ശിവഗിരിയിൽ 1995 ഒക്‌ടോബർ 11നുണ്ടായ അനിഷ്ട സംഭവങ്ങളെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് വി ഭാസ്‌കരൻ നമ്പ്യാർ 1996 ഒക്‌ടോബർ അഞ്ചു മുതൽ 1999 സെപ്തംബർ അഞ്ചു വരെ ഏതാണ്ട് മൂന്നര വർഷക്കാലമാണ് സമയമെടുത്തത്. കല്ലുവാതുക്കൽ മദ്യദുരന്തത്തെപ്പറ്റിയുള്ള ജസ്റ്റിസ് വി പി മോഹൻ കുമാറിന്റെ അന്വേഷണം 2000 ഡിസംബർ മുതൽ 2003 മേയ് മാസം വരെയാണ് നീണ്ടതെങ്കിൽ കോഴിക്കോട് മാറാട് കടപ്പുറത്ത് 2003 മെയ് 2നുണ്ടായ കൊലപാതകങ്ങളെക്കുറിച്ച് ജില്ല ജഡ്ജി തോമസ് പി ജോസഫ് അന്വേഷിച്ചത് 2003 ഓഗസ്റ്റ് മുതൽ 2006 ഫെബ്രുവരി വരെയാണ്. ചില കേസ്സുകളെപ്പറ്റിയുള്ള അന്വേഷണത്തിന് ദീർഘകാലം ആവശ്യമാണെന്നതു നേരു തന്നെ; പക്ഷേ അതിവേഗം പൂർത്തിയാക്കാവുന്ന ചില അന്വേഷണങ്ങൾ പോലും നീണ്ടു പോകുന്നത് സർക്കാർ പണം വെറുതെ കളയാനേ കാരണമാകൂ. തോമസ് പി ജോസഫ് കമ്മീഷൻ മാറാട് സമാധാനം പുനസ്ഥാപിക്കുന്നതിനായി നിർദ്ദേശിച്ച കാര്യങ്ങൾ കടലാസ്സിൽ മാത്രമായി ഒതുങ്ങി.
സിറ്റിങ് ജഡ്ജിമാർ എണ്ണത്തിൽ കുറവായതിനാൽ വിരമിച്ച ജഡ്ജിമാരെയാണ് പൊതുവേ ജുഡീഷ്യൽ കമ്മീഷനായി സർക്കാർ നിയമിക്കാറുള്ളത്. ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകളായി പ്രവർത്തിക്കാൻ സിറ്റിങ് ജഡ്ജിമാരെ നൽകാനാവില്ലെന്ന് 2001ൽ ജസ്റ്റിസ് ശശിധരൻ കമ്മീഷനെ പാതിവഴിയിൽ പിരിച്ചുവിട്ടതിനെ തുടർന്ന് ഹൈക്കോടതി ജഡ്ജിമാരുടെ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. അതിനുശേഷം പലവട്ടം സർക്കാർ സമ്മർദ്ദം ചെലുത്തിയിട്ടും കുമരകം, തേക്കടി ബോട്ടപകടങ്ങൾ, കല്ലുവാതുക്കൽ ദുരന്തം, കുരുവിളയ്‌ക്കെതിരായ അഴിമതിയാരോപണം, സോളാർ കേസ് തുടങ്ങിയ സംഭവങ്ങളിൽ ഒറ്റ സിറ്റിങ് ജഡ്ജിയെപ്പോലും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയില്ല താനും. പല കമ്മീഷ