വികസന വണ്ടിയിൽ ചതഞ്ഞരഞ്ഞവർ!
ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസനവണ്ടി ജില്ലകളിലൂടെ രണ്ടാം ഘട്ട പര്യടനം നടത്താൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചു ദിവസങ്ങളായി. നമ്മുടെ സർക്കാർ നമ്മളോടൊപ്പം എന്ന ഇൻഫർമേഷൻ പബ്ലിക് സർക്കാർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രചാരണ പരിപാടിയായാണ് വികസന വണ്ടി എന്ന പേരിലുള്ള പര്യടന വണ്ടി സർക്കാരിന്റെ അഞ്ചു വർഷത്തെ വികസന−ക്ഷേമ പ്രവർത്തനങ്ങൾ വർണ്ണിച്ചുകൊണ്ട് കേരളത്തിലെ നിരത്തുകളിലൂടെ ഓടുന്നത്. പ്രചാരണ വാഹനത്തിന്റെ കൂറ്റൻ എൽ. സി.ഡി സ്‌ക്രീനിൽ സർക്കാരിന്റെ അഞ്ചു വർഷത്തെ വികസനപ്രവർത്തനങ്ങളൊക്കെ നാട്ടുകാർക്ക് മതിവരുവോളം കാണാം. ഈ വികസന യാത്ര കേരളത്തിന്റെ എല്ലായിടത്തു കൂടിയും പോകുന്നുണ്ട്. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം വികസനമായിരുന്നുവെന്ന മട്ടിലാണ് വികസനവണ്ടിക്കൊപ്പമുള്ള മൾട്ടിമീഡിയ പ്രദർശനങ്ങളുടേയും കലാപ്രകടനങ്ങളുടേയും ഉള്ളടക്കം. ഇത്തരമൊരു പ്രചാരണം തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തി സരിതയും മാണിയും സി.എൻ ബാലകൃഷ്ണനുമൊക്കെ ഉണ്ടാക്കിയ “കോടികളുടെ അഴിമതി വികസനഗാഥകൾ’’ മറച്ചുെവയ്ക്കുകയാണെന്നു തോന്നുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം.
പക്ഷേ നമ്മുടെ വികസനത്തിന്റെ ഇതുവരെയുള്ള വഴികൾ നോക്കിയാൽ അതിലുടനീളം വികസനം മൂലം വഴിയാധാരമാക്കപ്പെട്ടവരുടെ വിങ്ങലുകൾ കേൾക്കാനാകും. മാറിവരുന്ന ഭരണകൂടങ്ങൾ വികസനത്തിന്റെ പേരിൽ ജനങ്ങളുടെ അവരുടെ ഭൂമിയിൽ നിന്നും കുടിയിറക്കിയപ്പോൾ അവരുടെ ജീവിതം എന്നെന്നേക്കുമായി ഇരുളടഞ്ഞു പോകുകയായിരുന്നു. ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലും ദേശീയപാത 45 മീറ്ററാക്കുന്നതു മൂലവും പുതിയ കുടിയിറക്കലുകൾ വരാനിരിക്കുന്പോൾ മുൻ കാലങ്ങളിൽ വികസന പദ്ധതികൾക്കായി ഭൂമി നഷ്ടപ്പെട്ടവരുടെ അവസ്ഥ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. പാവപ്പെട്ടവനെ കുടിയിറക്കാൻ യാതൊരു ദാക്ഷിണ്യവും കാണിക്കാത്ത സർക്കാരുകൾ പക്ഷേ പണക്കാരന്റെ കാര്യം വരുന്പോൾ അലൈൻമെന്റുകൾ മാറ്റി വികസനരേഖ പോലും തിരുത്തിയെഴുതുന്നുണ്ടെന്നതാണ് സത്യം. കൊച്ചി പുതിയ കൊച്ചിയായപ്പോൾ ത്യാഗം ചെയ്തവർ പലരും ആജീവനാന്ത ദുരിതത്തിലായി. ആയിരക്കണക്കിനുപേരുടെ നെടുവീർപ്പുകളിൽ നിന്നും വേദനകളിൽ നിന്നുമാണ് പുതിയ കൊച്ചി യാഥാർത്ഥ്യമായതെന്ന് ആരെങ്കിലും ഓർക്കാറുണ്ടോ? അതാണ് വികസനത്തിന് ഒരു സാധാരണക്കാരൻ അവന്റെ ജീവിതം കൊണ്ട് നൽകുന്ന നരബലി!
2000−ത്തിൽ ഗോശ്രീ പാലം പദ്ധതിക്കായി ഒന്നേമുക്കാൽ സെന്റ് ഒഴിഞ്ഞതിന് ടാക്‌സി ഡ്രൈവറായ വി.ബി ജയനു ലഭിച്ചത് ‘തുച്ഛ’മായ നഷ്ടപരിഹാരം മാത്രം. കേവലം രണ്ടേ മുക്കാൽ ലക്ഷം രൂപ. സെന്റിന് 40,000 രൂപ െവച്ചാണ് സർക്കാർ അന്ന് വിലയിട്ടത്. ആ തുകയ്ക്കു പുറമേ മൂന്നു ലക്ഷം രൂപയോളം കടവുമെടുത്താണ് ബോൾഗാട്ടിയിലെ പഴയ ചെളിക്കുണ്ടു ഭൂമിയിൽ മൂന്നു സെന്റ് സ്ഥലം ജയനു വാങ്ങാനായത്. ഭാര്യയുടെ സ്വർണം മുഴുവൻ അതോടെ പണയത്തിലായി. നേരത്തെ ആ പാലത്തിന്റെ പരിസരത്ത് ജീവിച്ചിരുന്നവർ ചെറുകിട മത്സ്യബന്ധനവും കൊച്ചുകൊച്ചു തൊഴിലുകളുമൊക്കെയായി കഴിഞ്ഞിരുന്നവരായിരുന്നു. സ്ഥലം നഷ്ടപ്പെട്ടതോടെ പലർക്കും ജീവനോപാധിയും നഷ്ടമായി. ആദ്യം കിട്ടിയ രണ്ടേമുക്കാൽ ലക്ഷം രൂപ പോരെന്ന് കാണിച്ച് കേസ്സിനു പോയപ്പോൾ വർഷങ്ങൾക്കുശേഷം 1,40,000 രൂപ കൂടി അനുവദിച്ചു കിട്ടിയെങ്കിലും അതുകൊണ്ട് പുതിയകാലത്ത് എന്താകാൻ? അന്ന് ആ പ്രദേശത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 33 കുടുംബങ്ങളിൽ 10 പേർക്ക് മാത്രമേ മാലിപ്പുറത്ത് മൂന്നു സെന്റ് സ്ഥലം ലഭിച്ചുള്ളു. വല്ലാർപാടം, മുളവുകാട്, പന്പുകാട് എന്നിവിടങ്ങളിൽ മൂന്നു സെന്റ് സ്ഥലം വീതം ബാക്കിയുള്ളവർക്കും നൽകാമെന്ന് പഞ്ചായത്ത് പറഞ്ഞിട്ട് ഇപ്പോൾ കാലങ്ങളായെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. ജയനേക്കാൾ ദയനീയമാണ് അന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരിൽ പലരുടേയും അവസ്ഥ.
കൊച്ചിയിലേയ്ക്ക് വികസനത്തിന്റെ വണ്ടി വന്നത് ജയനെപ്പോലെ നിരവധി പേരുടെ നെഞ്ചത്തു കൂടിയായിരുന്നു. അതിൽ പലരും ഞെരിഞ്ഞമർന്നു; പലർക്കും ജീവനോപാധികൾ നഷ്ടമായി; വീടിന്റെ ചുവരുകൾക്കുള്ളിൽ സുരക്ഷിതരായിരുന്ന പലരും ചേരിപ്രദേശങ്ങളിൽ തലമുറകളായി കഴിയാൻ വിധിക്കപ്പെട്ടു. നേവൽബേസും ഷിപ്പ്‌യാർഡും എഫ്.എ. സി.ടിയുമൊക്കെ കേരളത്തിന്റേയും ഇന്ത്യയുടേയും വികസനത്തിന്റെ ചാലകശക്തികൾ തന്നെ. പക്ഷേ അവയൊക്കെത്തന്നെയും വികസനത്തിന്റെ പേരിൽ കുടിയിറക്കിയത് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ഒരുപാട് ജീവിതങ്ങളെയാണ്. തുച്ഛമായ നഷ്ടപരിഹാരത്തുകയുമായി തെരുവിലേക്കിറങ്ങിയ പലരും എവിടെയാണെന്ന് പോലും കണ്ടെത്താനാകാതെ എവിടെയൊക്കെയോ പോയി ജീവിക്കുന്നു. പക്ഷേ ഒന്നുണ്ട് അവരുടെ തലമുറയിൽപ്പെട്ടവരിൽ പലരും ഇന്നും എങ്ങുമെത്താതെ കൊച്ചിയിലെ ചേരിപ്രദേശങ്ങളിലുള്ള തുണ്ടു ഭൂമികളിൽ വസിക്കുന്നു; ചിലർ ഭരണകൂട ക്രൂരതയുടെ പര്യായങ്ങളെന്നോണം മുറിവേറ്റ തങ്ങളുടെ ജീവിതത്തിന്റെ നൊന്പരങ്ങളിൽ തട്ടിത്തടഞ്ഞ് സമയം പോക്കുന്നു.
വല്ലാർപാടം കണ്ടെ്‌യ്‌നർ ടെർമിനലിനായും നാലുവരിപ്പാതയ്ക്കായും ഒഴിപ്പിക്കപ്പെട്ട മൂലന്പിള്ളിക്കാർ നിരന്തര സമരത്തിലൂടെയാണ് അവരുടെ പുനരധിവാസത്തിന്റെ അവകാശങ്ങൾ നേടിയെടുത്തുകൊണ്ടിരിക്കുന്നത്. സ്മാർട്ട്‌സിറ്റിക്കും മൂലന്പിള്ളിക്കും പുനരധിവാസ പാക്കേജുകൾ നൽകാൻ സർക്കാർ ബാധ്യസ്ഥരാകുകയായിരുന്നു. മാധ്യമങ്ങളുടെ നിരന്തരമായ ഇടപെടൽ പൊതു ശ്രദ്ധയിൽ നിന്നും ആ പ്രശ്‌നം മാഞ്ഞുപോകാതിരിക്കാൻ സഹായിച്ചെങ്കിൽ മനുഷ്യസ്‌നേഹികളുടെ കൂട്ടായ്മ മറ്റുപലയിടത്തും വികസനത്തിന്റെ ഇരകൾക്കായി ഒരുമിക്കേണ്ടതുണ്ട്. ദേശീയ ഹൈവേ വികസനത്തിന്റെ പേരിൽ എത്രയോ പേർ വീതി കൂട്ടലിന്റെ പേരിൽ വീണ്ടും കുടിയൊഴിപ്പിക്കപ്പെടാനായി ഭയന്നു നിൽക്കുന്നു. വികസനത്തിന്റെ ഇരയാക്കപ്പെട്ട് വാടകവീടിന്റെ വാടക നൽകാൻ പോലും ഗതിയില്ലാത്തവിധത്തിൽ ജീവിതം പൊറുതിമുട്ടി ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന രാജമ്മ താമസിച്ചിരുന്നത് ഇപ്പോൾ വാഹനങ്ങൾ കുതിച്ചുപായുന്ന ദേശീയപാതാ 17−ന് അരികിലുള്ള 5.55 സെന്റ് ഭൂമിയിലാണ്. 2002−ൽ ദേശീയപാതാ നാലുവരിപ്പാതയാക്കാനുള്ള നടന്ന സ്ഥലമെടുപ്പിൽ അവരുടെ ഏക വരുമാനമാർഗമായ വീട്ടുമുറ്റത്തെ ചെറിയ ഷെഡ്ഢും വീടുമടക്കം മുഴുവൻ സ്ഥലവും സർക്കാർ ഏറ്റെടുത്തു. ഇരുവീടുകൾക്കുമായി സർക്കാർ 1,74,980 രൂപയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചത്. വളരെ തുച്ഛമായ ഈ തുക പോലും രണ്ടു ഗഡുക്കളായി മൂന്നു വർഷത്തോളം താമസിച്ചാണ് അവർക്ക് ലഭിച്ചത്. ആ തുകയിൽ പകുതിയിലധികവും ഇടപ്പിള്ളി സഹകരണബാങ്കിലെ കടം വീട്ടാനാണ് വിനിയോഗിച്ചത്. ബാക്കി തുക മാറ്റ് കടബാധ്യതകൾ തീർക്കുന്നതിനും. സ്ഥലമെടുപ്പ് തുടങ്ങിയ വാർത്തയറിഞ്ഞ ഭർത്താവ് ഹൃദയാഘാതത്താൽ മരണപ്പെട്ടതോടെ മൂന്നു മക്കളടങ്ങുന്ന കുടുംബം നാടിന്റെ വികസനത്തിന്റെ പേരിൽ തെരുവാധാരമായി. മാനസികരോഗിയായ ഒരു മകൻ നാടുവിട്ടു പോയെങ്കിൽ മറ്റൊരു മകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഇപ്പോൾ ശേഷിച്ച ഒരു മകനൊപ്പമാണ് താമസം. മുഖ്യമന്ത്രിയുടെ ഭൂരഹിതകേരളം പദ്ധതി പ്രകാരം അവർക്ക് മൂന്നു സെന്റ് ഭൂമി കാസർകോട്ട് അനുവദിച്ചെങ്കിലും എറണാകുളത്ത് കഴിഞ്ഞുവരുന്ന അവർക്ക് അത് ഏറ്റെടുക്കാനാവില്ലായിരുന്നു. ആ ഭൂമി എറണാകുളം ജില്ലയിലേയ്ക്ക് മാറ്റി കിട്ടിയിരുന്നുവെങ്കിൽ അവരുടെ ജീവിതം കുറച്ചെങ്കിലും ശരിയാംവിധം മുന്നോട്ടു പോയേനെ.
ചേരാനെല്ലൂരിൽ അറുപതുകാരനായ നടയ്ക്കപ്പറമ്പ് എൻ.എ കുഞ്ഞു മുഹമ്മദിന്റെ മൂന്നു സെന്റ് ഭൂമിയിൽ പണിത താഴെ കടയും മുകളിൽ ഒറ്റമുറി വീടുമുള്ള കെട്ടിടം ദേശീയപാതയ്ക്കായി ഏഴര മീറ്റർ സ്ഥലം കൂടി ഏറ്റെടുക്കുന്നതോടെ വീണ്ടും പൊളിക്കേണ്ടതായി വരും. ദേശീയപാതയ്ക്കായുള്ള ആദ്യസ്ഥലമെടുപ്പിൽ മൊത്തമുണ്ടായിരുന്ന ഒന്പതു സെന്റ് ഭൂമിയിൽ ആറു സെന്റ് ഭൂമിയും അതിലെ ഏഴുമുറികളുള്ള വീടുമാണ് നഷ്ടമായത്. സ്ഥലമെടുപ്പിനായി കുറ്റിയടിച്ചുകൊണ്ടിരിക്കുന്പോഴായിരുന്നു ഉമ്മയുടെ മരണം. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ഉമ്മയുടെ രേഖകൾ−അവകാശ സർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റ്−ഒക്കെയായി വരാനായിരുന്നു ആവശ്യം. എട്ടുമക്കളായിരുന്നു അവർക്ക്. അതു ശരിയാക്കി വരുന്പോഴേക്കും ചേച്ചി ബീവാത്തു മരിച്ചു. പിന്നെ അതിന്റെ രേഖകൾ ശരിയാക്കി വരുന്പോഴേക്കും ജ്യേഷ്ഠൻ മരിച്ചു, പിന്നെ അനിയന്റെ മരണം. ആദ്യ ഒഴിപ്പിക്കലിന്റെ കാശു കിട്ടാൻ ഒടുവിൽ കോടതിയിൽ പോകേണ്ട അവസ്ഥയായി. ജില്ലാ സഹകരണ ബാങ്കിൽ നിന്നും അഞ്ചു ലക്ഷം രൂപയോളം വായ്പയെടുത്താണ് ഇപ്പോഴുള്ള കെട്ടിടം പണിതത്. അടുത്ത വീതി കൂട്ടലിൽ അതും നഷ്ടമാകുമെന്ന ഭീഷണിയാണ് കുഞ്ഞുമുഹമ്മദിന്റെ കുടുംബത്തിനുമേൽ ഇപ്പോൾ കഠാര പോലെ തൂങ്ങുന്നത്. “നിർദ്ദിഷ്ട ദേശീയപാതാ വികസന ബി.ഒ.ടി പദ്ധതിയുടെ പേരിൽ ഭയാശങ്കയിലാണ് ഇന്ന് നിർദ്ദിഷ്ട റോഡരുകിൽ താമസിക്കുന്നവരെല്ലാം തന്നെ. ഏതാനും വർഷങ്ങൾക്കിടയിൽ പലവട്ടം കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ ജീവിക്കേണ്ടി വരുന്നവരുടെ നെഞ്ചിലെ കനൽ കണ്ടില്ലെന്ന് നടിക്കരുത്. വൻ ആഘാതം സൃഷ്ടിക്കുന്ന ഈ പദ്ധതി പുനപ്പരിശോധിക്കാൻ സർക്കാർ ആർജവം കാട്ടണം,’’ ദേശീയപാതാ വികസന സംയുക്ത സമരസമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്നാന്പിള്ളി പറയുന്നു.
മറ്റുള്ളവരുടെ അവസ്ഥയും ഭിന്നമല്ല. മൂലന്പിള്ളിയിൽ നിന്ന് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനും നാലുവരിപ്പാതയ്ക്കുമായി അഞ്ചു വർഷം മുന്പ് കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങൾ സമരങ്ങളിലൂടെ തങ്ങൾക്ക് അർഹതയുള്ള പാക്കേജ് നേടിയെടുത്തെങ്കിലും അവരിൽ കേവലം 18 കുടുംബങ്ങൾ മാത്രമാണ് വീട് നിർമ്മിച്ച് താമസം തുടങ്ങിയിട്ടുള്ളത്. 2008 മാർച്ചിലാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതെങ്കിലും പുനരധിവാസത്തിനായി കണ്ടെത്തിയ ഭൂമിയെ സംബന്ധിച്ച തർക്കങ്ങൾ വിനയാകുകയായിരുന്നു. 2011−ൽ മാത്രമാണ് പട്ടയവിതരണം പൂർത്തിയാക്കാനായത്. തൃക്കാക്കര, തുതീയൂർ പ്രദേശങ്ങളിൽ ഇപ്പോഴും പുനരധിവാസഭൂമിയിൽ അടിസ്ഥാനസൗകര്യവികസനം ഇനിയും നടന്നിട്ടില്ല. 108 കുടുംബങ്ങൾക്കാണ് ഇവിടെ പുനരധിവാസഭൂമി നൽകിയിട്ടുള്ളത്. ചതുപ്പ് പ്രദേശമായ ഇവിടെയാണ് നോർത്ത് മേൽപ്പാലം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ കൊണ്ടു തള്ളിയത്. വല്ലാർപാടം പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി നഷ്ടമായവരിൽ ഏറ്റവുമധികം പേരെ പുനരധിവസിപ്പിച്ചത് ഇവിടെയാണ്. പാക്കേജ് വിജ്ഞാപനം ചെയ്തിട്ട് അഞ്ചു വർഷമായിട്ടും കുടുംബങ്ങൾ ഇപ്പോഴും വാടകവീടുകളിലും ബന്ധുക്കളുടെ വീടുകളിലും താൽക്കാലിക കുടിലുകളിലുമൊക്കെയാണ് കഴിയുന്നത്. ഭാഗികമായി മാത്രമേ 18 കുടുംബങ്ങൾക്കായി പാക്കേജ് നടപ്പാക്കപ്പെട്ടിട്ടുള്ളു. ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽപ്പെട്ട ഒരാൾക്ക് തുറമുഖത്ത് തൊഴിൽ കൊടുക്കാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാത്തതു മാത്രമല്ല പുനരധിവാസ ഭൂമിയിൽ വീടുകൾ നിർമ്മിക്കപ്പെടാതിരിക്കാനുള്ള കാരണം. ഏറ്റെടുത്ത ഭൂമിയുടെ തുകയായി നൽകപ്പെട്ട നഷ്ടപരിഹാരത്തുക പലരും ഒഴിപ്പിക്കപ്പെട്ട തൊഴിൽ നഷ്ടപ്പെട്ട കാലയളവിൽ മറ്റുകാര്യങ്ങൾക്കായി വിനിയോഗിച്ചു. പലപ്പോഴും വാടക കുടിശ്ശികയായാണ് നൽകപ്പെട്ടിരുന്നതിനാൽ നഷ്ടപരിഹാരത്തുകയിൽ നിന്നാണ് അന്നന്നത്തെ കാര്യങ്ങൾ നടന്നുപോയിരുന്നത്. 25 വർഷത്തേക്ക് കൈമാറ്റ അവകാശമില്ലാത്ത പട്ടയമാണ് കുടിയിറക്കപ്പെട്ടവർക്ക് നൽകപ്പെട്ട ഭൂമിയുടേത് എന്നതിനാൽ അത് ഈടായി സ്വീകരിക്കാൻ ബാങ്കുകളും തയ്യാറാകുന്നില്ല. പുനരധിവാസ പാക്കേജ് ലഭിച്ചിട്ടും ജീവിതം ദുസ്സഹമായ മനുഷ്യരുടെ കഥയാണ് അവ പറയുന്നത്.
വേദനയുടെ നേർച്ചിത്രങ്ങളാണ് ഓരോ പുനരധിവാസ കഥകളും. റിഫൈനറിക്കായി 1989−ൽ 25 സെന്റ് സ്ഥലവും വീടും 1,20,000 രൂപയ്ക്ക് വർഷങ്ങൾക്കു മുന്പ് വിട്ടുകൊടുത്ത് പെരുന്പാവൂരിനടുത്ത അയ്മുറിയിലേക്ക് താമസം മാറ്റിയ 50−കാരനായ ചുമട്ടുതൊഴിലാളി കെ.എ രാജനും ഇപ്പോൾ റിഫൈനറിയുടെ പുതിയ പ്ലാന്റിനായി കുടിയൊഴിപ്പിക്കപ്പെടാൻ പോകുന്ന 70 ഏക്കർ സ്ഥലത്തെ 80 കുടുംബങ്ങളും തമ്മിലുള്ള ഏക വ്യത്യാസം ഇന്ന് പുനരധിവാസ തുകയും ഭൂമിയും ചോദിച്ചുവാങ്ങാനുള്ള ഒരു അവകാശം അവർക്കു ലഭിച്ചിരിക്കുന്നുവെന്നതു മാത്രമാണ്. പക്ഷേ ഈ അവകാശങ്ങളെപ്പറ്റി അറിയാത്ത പാവപ്പെട്ടവർ പലരും ചതിക്കപ്പെടുന്നു. ചതി അല്ലെങ്കിലും ഭരണകൂടത്തിന്റെ പര്യായമായി മാറുകയാണല്ലോ.
വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നതിൽ ആർക്കും എതിർപ്പുകളില്ല. പക്ഷേ പുനരധിവാസം നൽകാതെ അവരെ ഭരണകൂടങ്ങൾ വഞ്ചിക്കുന്പോൾ ജനാധിപത്യത്തിലുള്ള വിശ്വാസമാണ് അട്ടിമറിക്കപ്പെടുന്നത്. ആ വിശ്വാസത്തിന്റെ പുനസ്ഥാപനമായിരുന്നു ഉമ്മൻ ചാണ്ടിയുടെ വികസന വണ്ടി നാടു നീളെ പ്രചാരണഓട്ടം സംഘടിപ്പിക്കുംമുന്പേ പരിഗണിക്കപ്പെടേണ്ടിയിരുന്നത്. ഇനിയെങ്കിലും സർക്കാർ ഈ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ സഹാനുഭൂതിയോടെ പഠിച്ചിരുന്നുവെങ്കിൽ വരാനിരിക്കുന്ന വലിയ സമരങ്ങളെങ്കിലും ഒഴിവാക്കപ്പെട്ടേനെ.