കൗമാരത്തിലെ പാപക്കറകൾ
ഇടുക്കിയിലെ പതിനാലു വയസ്സുകാരി സ്‌കൂളിൽ വെച്ച് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ധ്യാപികയും മറ്റൊരു വിദ്യാർത്ഥിനിയും ചേർന്നാണ് അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചത്. ആർത്തവചക്രം നിലച്ചിട്ട് രണ്ടു മാസക്കാലമായെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ ഡോക്ടർക്ക് കാര്യം മനസ്സിലായി. സഹപാഠിയായ പയ്യനായിരുന്നു ഗർഭത്തിനുത്തരവാദി. കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കി രക്ഷിതാവിനെ വിളിച്ചുവരുത്തിയാണ് വീട്ടിലേയ്ക്ക് പറഞ്ഞയച്ചത്. പിറ്റേന്നു മുതൽ കുട്ടി സ്‌കൂളിൽ വരാതായി. കുട്ടിയെ തിരക്കി അദ്ധ്യാപികയും മറ്റൊരു വിദ്യാർത്ഥിനിയും വീട്ടിലെത്തിയപ്പോഴാണ് കുട്ടിയും വീട്ടുകാരും വീടു പൂട്ടി “ബന്ധുവിന്റെ മരണാനന്തരച്ചടങ്ങുകളിൽ’’ പങ്കെടുക്കാനെന്ന് പറഞ്ഞ് എറണാകുളത്തേയ്ക്ക് പോയി എന്നറിഞ്ഞത്. സർക്കാർ ആശുപത്രികളെയോ അംഗീകൃത ഡോക്ടർമാരെയോ ആശ്രയിക്കാതെ അനധികൃത ക്ലിനിക്കുകളെ രക്ഷിതാവ് ആശ്രയിക്കാനിടയുണ്ടെന്ന നിഗമനത്തിൽ അദ്ധ്യാപിക രക്ഷിതാവിന്റെ ഫോൺ നന്പർ സംഘടിപ്പിച്ച് വിളിച്ചു. അദ്ധ്യാപികയുടെ ഊഹം ശരിയായിരുന്നു. ഇടപ്പള്ളിയിലെ ഒരു അനധികൃത അബോർഷൻ ക്ലിനിക്കിലാണ് കുട്ടിയെ എത്തിച്ചിരുന്നത്. ഭാഗ്യത്തിന് അവിടെ ഗർഭഛിദ്രം നടത്തുന്നതിനു മുന്പായി അദ്ധ്യാപികയുടെ കോൾ എത്തിയതു മൂലം കുട്ടിക്ക് അത്യാഹിതമൊന്നും സംഭവിക്കാതെ സർക്കാർ അംഗീകൃത ആശുപത്രിയിലേയ്ക്ക് മാറ്റാനായി. അല്ലെങ്കിൽ അനധികൃത ഗർഭഛിദ്ര ക്ലിനിക്കിൽ ഏതെങ്കിലുമൊന്നിൽ തീർത്തും അശാസ്ത്രീയമായ രീതിയിലുള്ള ഗർഭഛിദ്രത്തിന് വിധേയമായി കുട്ടിക്ക് ജീവാപായം തന്നെ നേരിട്ടേനെ.
മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി പെൺകുട്ടികൾ ഒന്പതും പത്തും വയസ്സുകളിൽ പോലും ഋതുമതിയായി മാറുകയും എതിർലിംഗക്കാരുമായി അതിരുകവിഞ്ഞ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും ലൈംഗികബന്ധത്തിൽ പുലർത്തേണ്ട സുരക്ഷിതമാർഗങ്ങളെപ്പറ്റി അവരിൽ പലരും അജ്ഞരാണെന്നതിന്റെ തെളിവാണ് കേരളത്തിൽ വർദ്ധിച്ചുവരുന്ന കൗമാര ഗർഭഛിദ്രങ്ങൾ. ആൺ−പെൺ ബന്ധങ്ങൾ സ്‌കൂൾ തലങ്ങളിൽ തന്നെ ലൈംഗികത പരീക്ഷിച്ചറിയാൻ തുടങ്ങുകയും കൗമാരക്കാർ പലരും സ്വന്തം വീടുകളിൽ തന്നെ പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലത്തിൽ ഗർഭഛിദ്രങ്ങൾ വർദ്ധിക്കുന്നതിൽ അത്ഭുതമില്ല. ഗർഭഛിദ്രത്തെ സംബന്ധിച്ച നിയമത്തെ സംബന്ധിച്ച അജ്ഞതയും അവിഹിതഗർഭങ്ങൾ മൂലവും പലപ്പോഴും രജിസ്‌റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരെ ആശ്രയിക്കാതെ ഗർഭഛിദ്രം ചെയ്യാൻ അനുവാദമില്ലാത്ത അനധികൃത ക്ലിനിക്കുകളെ കുട്ടികൾ ആശ്രയിക്കുന്നത് പക്ഷേ വലിയ ദുരന്തങ്ങൾക്ക് ഇടയാക്കാറുണ്ട്. ഇവയിൽ പലതും പുറംലോകം അറിയാറില്ലെങ്കിലും കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും അനധികൃത ക്ലിനിക്കുകളിലുമെല്ലാം കൗമാരക്കാരായ പലരും ഗർഭഛിദ്രത്തിന് വിധേയരാകുകയും ചിലപ്പോഴൊക്കെ അത് അപകടാവസ്ഥയിലേക്കും പിൽക്കാല പ്രശ്‌നങ്ങളിലേക്കും ചെന്നെത്താറുണ്ടെന്നതാണ് വാസ്തവം. മുംബൈയിലെ അംഗീകൃത മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി കേന്ദ്രങ്ങളിൽ പതിനഞ്ച് വയസ്സിൽ താഴെയുള്ള 111 കുട്ടികളാണ് 2013−14−ൽ ഗർഭഛിദ്രത്തിന് വിധേയരായതെങ്കിൽ 2014−15−ൽ അത് 185 ആയി ഉയർന്നിരുന്നു. മുംബൈയിൽ ഒരു സാമൂഹ്യ സംഘടന വിവരാവകാശ നിയമപ്രകാരം നേടിയ കണക്കുകൾ പ്രകാരം ഗർഭഛിദ്രം നടത്തിയ 3100 പേരിൽ 1600 പെൺകുട്ടികൾ 19 വയസ്സിൽ താഴെയുള്ളവരുമാണെന്ന് കണ്ടെത്തപ്പെട്ടിരുന്നു.
1971−ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രിഗ്‌നൻസി ആക്ട് പ്രകാരം ഇന്ത്യയിൽ നിയമപ്രകാരമുള്ള ഗർഭഛിദ്രം 20 ആഴ്ചകൾ വരെ അനുവദിനീയമാണെങ്കിലും ഗർഭഛിദ്രം നടത്താൻ 12,510 മെഡിക്കൽ സ്ഥാപനങ്ങളുണ്ടെങ്കിലും കൗമാരക്കാരികളായവർ പലരും തങ്ങളുടെ അവിഹിത ഗർഭം ഇല്ലാതാക്കാൻ അനധികൃത ക്ലിനിക്കുകളേയും ഗർഭഛിദ്ര ഗുളികകളേയുമാണ് ആശ്രയിക്കുന്നത്. ഇരുചെവിയറിയാതെ ഗർഭഛിദ്രം നടത്താനുള്ള വ്യഗ്രത പലപ്പോഴും പല കൗമാരക്കാരികളേയും വലിയ ദുരന്തങ്ങളിലേക്കാണ് തള്ളിവിടുന്നത്. വീട്ടുകാർ അറിഞ്ഞുള്ള ഗർഭഛിദ്രങ്ങൾ പോലും (കണ്ണു പരിശോധന, കുടുംബ വിനോദയാത്ര എന്നൊക്കെയാണ് ഇതിനു ഇന്ന് ഗ്രാമങ്ങളിലെ പേര്) പലപ്പോഴും ഗർഭഛിദ്രം നടത്താൻ അംഗീകരിക്കപ്പെട്ട ആശുപത്രികളിൽ നടത്തുന്നതിനു പകരം അശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിക്കുന്ന അനധികൃത ക്ലിനിക്കുകളിൽ നടത്തപ്പെടുന്നുണ്ടെന്ന കാര്യമാകട്ടെ രക്ഷിതാക്കൾക്ക് ഇക്കാര്യത്തിലുള്ള അജ്ഞതയുടെ തെളിവുമാണ്. വേണ്ടത്ര സൗകര്യങ്ങളില്ലാത്ത കേന്ദ്രങ്ങളിലാണ് കൗമാര ഗർഭങ്ങളിൽ നല്ലൊരു പങ്കും ഇല്ലാതാക്കുന്നത്. വ്യക്തിത്വം രൂപപ്പെടാത്ത കൗമാരഘട്ടങ്ങളിലെ ഗർഭവും അബോർഷനുമൊക്കെ ദൂരവ്യാപകമായ മാനസികപ്രശ്‌നങ്ങൾ ഉളവാക്കാൻ സാധ്യതയുണ്ടെന്നു മാത്രമല്ല ഇത് പിൽക്കാലത്ത് പലരുടേയും ദാന്പത്യബന്ധത്തേയും വ്യക്തിബന്ധങ്ങളേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് മനഃശ്ശാസ്ത്രജ്ഞർ പറയുന്നത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ 2012 ഒക്‌ടോബർ വരെ മാത്രം ഗർഭഛിദ്രം നടത്തിയവരുടെ സംഖ്യ 9198 ആണ്. അതിൽ 235 പേർ 19 വയസ്സിൽ താഴെ പ്രായമുള്ളവരും മൂന്നു മാസത്തിനുമേൽ ഭ്രൂണവളർച്ച നേടിയശേഷമുള്ള ഭ്രൂണഹത്യ ചെയ്തവരുടെ എണ്ണം 191−ഉം ആണ്. സർക്കാരിന്റെ അംഗീകൃത സ്ഥാപനങ്ങളിൽ മാത്രം നടത്തിയ ഭ്രൂണഹത്യകളുടെ കണക്കാണ് ഇതെന്നതിനാൽ ഇതിന്റെ ആറിരട്ടിയോളം വരും ഗർഭഛിദ്ര ഗുളികകൾ ഉപയോഗിച്ചും അനധികൃത ക്ലിനിക്കുകളും അശാസ്ത്രീയ മാർഗ്ഗങ്ങളും വഴി നടത്തുന്ന ഭ്രൂണഹത്യകൾ. ഇന്ത്യയിൽ നടക്കുന്ന 65−70 ശതമാനത്തോളം ഭ്രൂണഹത്യകൾ രഹസ്യാത്മകമായാണ് നടത്തപ്പെടുന്നതെന്നിരിക്കേ ആ സംഖ്യ ഇനിയും വർദ്ധിക്കാനാണ് സാധ്യത. മുന്പത്തേതിനേക്കാളേറെ ലൈംഗികപീഡനക്കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കൗമാരഭ്രൂണഹത്യകളുടെ എണ്ണത്തിൽ കേരളത്തിൽ സമീപകാലങ്ങളിലായി വർദ്ധനവുമുണ്ടായിട്ടുണ്ട്. 2003 മുതൽ 2012 ഒക്‌ടോബർ വരെ മാത്രമുള്ള ഒരു ദശാബ്ദക്കാലത്ത് മാത്രം 1,60,003 ഭ്രൂണഹത്യകളാണ് കേരളത്തിൽ നടന്നത്. 2005 മുതൽ 2008 വരെ മാത്രം കേരളത്തിൽ 3159 കൗമാരക്കാരികളായ പെൺകുട്ടികൾ ഔദ്യോഗിക സംവിധാനത്തെ ആശ്രയിച്ച് ഭ്രൂണഹത്യ ചെയ്തുവെന്ന് കണക്കുകൾ വെളിവാക്കുന്നു. 2008−ലെ കണക്കുകൾ ഇന്ത്യയിൽ ആ വർഷം 65 ലക്ഷം ഭ്രൂണഹത്യകൾ നടന്നതിൽ 66 ശതമാനവും സുരക്ഷിതമായ മാർഗ്ഗങ്ങളിലൂടെയല്ല നടത്തപ്പെട്ടതെന്നതാണ് പഠനങ്ങൾ വെളിവാക്കുന്നത്. ഗുഡ്മാച്ചർ ഇൻസ്റ്റിറ്റ്യൂട്ട് 2012−ൽ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ഒരു ലക്ഷം ഭ്രൂണഹത്യകളിലായി 200 പേർ മരണപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രതിവർഷം ഇന്ത്യയിൽ 25,000−ത്തോളം പേർ ഭ്രൂണഹത്യ മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.
നിയമത്തിലെ വ്യവസ്ഥ പ്രകാരം സർക്കാർ ആശുപത്രിയിലോ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലോ ഗർഭഛിദ്രം നടത്താൻ സർക്കാർ അനുവാദം നൽകിയ സ്ഥലത്തോ മാത്രമേ ഗർഭഛിദ്രം നടത്തപ്പെടാൻ പാടുള്ളുവെന്നാണ് വ്യവസ്ഥ. 12 ആഴ്ചകൾക്കു താഴെ പ്രായമുള്ള ഭ്രൂണമാണെങ്കിൽ ഒരു രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിർദ്ദേശപ്രകാരവും 12 ആഴ്ചകൾക്കു മേലെയും 20 ആഴ്ചകൾക്കു താഴെയുമാണെങ്കിൽ രണ്ട് ഡോക്ടർമാരുടെ അഭിപ്രായമാരാഞ്ഞ ശേഷവും ഭ്രൂണഹത്യ നടത്താൻ ഡോക്ടർമാരെ നിയമം അനുവദിക്കുന്നു. ഭ്രൂണം വളരുന്നപക്ഷം അത് സ്ത്രീയുടെ ആരോഗ്യത്തിന് അപകടകരമോ അത് മാനസികമായി അവരെ ബാധിക്കുകയോ ചെയ്യുകയോ കുട്ടിക്ക് വൈകല്യങ്ങൾ കണ്ടെത്തുകയോ ചെയ്യുന്നപക്ഷം ഭ്രൂണഹത്യ നടത്താൻ അനുവാദമുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയ്ക്കും അതേപോലെ ആഗ്രഹിക്കാത്ത ഗർഭവും നീക്കം ചെയ്യാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ അമ്മയുടെ ആരോഗ്യത്തെ ബാധിക്കാത്തപക്ഷം 20 ആഴ്ചയിലധികം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. ഈ നിയമത്തിന്റെ പരിധിയിൽ വരാത്ത മട്ടിൽ ഭ്രൂണഹത്യ നടത്തുന്നവരെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 312 മുതൽ 316 വരെയുള്ള വകുപ്പുകൾ പ്രകാരം ശിക്ഷിക്കാനാകും. 14 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്. അതേ പോലെ അനധികൃതമായി ഭ്രൂണഹത്യ ചെയ്യുന്ന ആശുപത്രിയുടെ ഉടമയെ എം.ടി.പി നിയമത്തിന്റെ അഞ്ചാം വകുപ്പു പ്രകാരം ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റവുമാണ്. ഭ്രൂണഹത്യ ചെയ്യപ്പെടുന്പോൾ മരണവേദന അനുഭവിച്ചു തന്നെയാണ് ഗർഭസ്ഥ ശിശു കൊല ചെയ്യപ്പെടുന്നതെന്നത് ഭ്രൂണഹത്യ നിരോധനത്തെപ്പറ്റി വാദിക്കാൻ ഒരു വിഭാഗം പേരെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഘട്ടത്തിൽ അത് ചെയ്യേണ്ടതിന്റെ ആവശ്യകതയിലാണ് ഇന്ത്യൻ നിയമം പ്രധാനമായും ഊന്നുന്നത്.
എതിർലിംഗത്തോടുള്ള ആകർഷണം അതിന്റെ പാരമ്യത്തിലെത്തുകയും കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം അവരിൽ മൂർച്ഛിക്കുകയും ചെയ്യുന്ന പ്രായമാണ് കൗമാരം. സ്വയംഭോഗത്തിൽ നിന്ന് സ്വവർഗരതിയിലേക്കും ഉഭയലൈംഗികതയിലേക്കുമൊക്കെ വഴുതി വീഴുന്ന പ്രായം. മൊബൈൽ ഫോണും ഇന്റർനെറ്റുമൊക്കെയുള്ള കാലത്ത് കൗതുകങ്ങൾ വർദ്ധിക്കാനുള്ള സാധ്യതകളും ധാരാളം. നീലച്ചിത്രങ്ങൾ മെമ്മറി കാർഡുകളിലാക്കി വിദ്യാർത്ഥികൾക്ക് ദിവസവാടകയ്ക്കായി വിതരണം ചെയ്യുന്ന കടക്കാരും സ്‌കൂൾ പരിസരങ്ങളിൽ വളരെ സജീവമാണെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. ലഹരി മരുന്നുകൾക്ക് അടിപ്പെട്ട പെൺകുട്ടികളിൽ ചിലർ സംഘത്തിലുള്ളവരുമായി ലൈംഗികവേഴ്ചകൾക്ക് വിധേയരായി രണ്ടുവട്ടം ഗർഭിണിയായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് 2011−ൽ കോഴിക്കോട് സിറ്റിയിലെ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ജയ്‌സൺ പി എബ്രഹാം വെളിപ്പെടുത്തിയത് നിസ്സാര കാര്യമല്ല. ആരാണ് തന്റെ ഗർഭത്തിനുത്തരവാദി എന്നു പോലും തിരിച്ചറിയാത്തവിധം പെൺകുട്ടി ലഹരിക്ക് അടിപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഇത്തരത്തിലുള്ള പല കേസ്സുകളിലും തന്നെ കൗമാര ഗർഭഛിദ്രങ്ങളാണ് ഒടുവിൽ പെൺകുട്ടിക്ക് മുഖം രക്ഷിക്കാൻ സഹായിക്കുന്നത്. പക്ഷേ കൗമാരപ്രായത്തിൽ ഗർഭഛിദ്രം നടത്തി എല്ലാം നിസ്സാരമായി അവസാനിപ്പിക്കാനാകുമെന്ന് ധരിക്കരുത്. ചെറിയ പ്രായത്തിൽ അനുഭവിച്ച പീഡനത്തിന്റേയും മനോവേദനയോടെ നടത്തിയ ഗർഭഛിദ്രവുമൊക്കെ കുട്ടികളിൽ മാനസികാസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കാറുണ്ടെന്നാണ് മനഃശ്ശാസ്ത്രജ്ഞർ പറയുന്നത്. പത്തനാപുരത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥിനിക്കാകട്ടെ നിശ്ചിത സമയത്തിനുശേഷമുള്ള ഗർഭഛിദ്രം വലിയ സങ്കീർണ്ണതകളിലേയ്ക്ക് നയിക്കുകയും ചെയ്തു. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വിൽക്കപ്പെടാവു എന്ന് നിബന്ധനയുള്ള ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ− മൈഫൈപ്രിസ്‌റ്റോൺ, മൈസോപ്രോസ്‌റ്റോൾ കോന്പിനേഷൻ−ആണ് അനധികൃതമായി കേരളത്തിലെ മെഡിക്കൽ സ്‌റ്റോറുകളിലൂടെ വിതരണം ചെയ്യപ്പെടുന്നത്. 350−500 രൂപ വരെ വിലയിലുള്ള ഈ മരുന്നുകൾ വ്യാപകമായി കേരളത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
ആർ.യു−486 എന്ന രാസവസ്തു ഉപയോഗിച്ചു നടത്തുന്ന രാസഗർഭഛിദ്രങ്ങൾ പലപ്പോഴും മരണത്തിനു പോലും കാരണമാകുമെന്ന വസ്തുത മറച്ചുവെച്ചാണ് പലരും ഗർഭഛിദ്രം നടത്തുന്നത്. ഗർഭം തുടരുന്നതിനാവശ്യമായ പ്രൊജക്‌ട്രോൺ ഹോർമോൺ തടയുക വഴി ഗർഭഛിദ്രം നടത്തുകയാണ് ഈ മാർഗം. ഫോളിക് അമ്ലത്തിന്റെ മെറ്റാബോളിസം തടയുന്ന എം.ടി.എക്‌സ് (മെതോട്രക്സേറ്റ്) ഉപയോഗിച്ചുള്ള ഗർഭഛിദ്രമാണ് മറ്റൊരു മാർഗം. ഇതിനുപുറമേയാണ് ഗർഭഛിദ്രം നടത്തിയവരിൽ ഉണ്ടാകാനിടയുള്ള വിഷാദരോഗവും ജീവിതത്തോടുള്ള വിരക്തിയും.
നമ്മുടെ സംസ്ഥാനത്ത് കൗമാരഗർഭിണികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് കേരളത്തിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പോരായ്മകളാണ് വാസ്തവത്തിൽ തുറന്നു കാണിക്കുന്നത്. സുരക്ഷിതമായ സെക്‌സിനെക്കുറിച്ചു പോലുമുള്ള അവബോധം കൃത്യമായി പകർന്നു നൽകുന്നതിൽ സംവിധാനം ദയനീയമായി പരാജയപ്പെടുന്നു. ഗർഭഛിദ്ര ഗുളികകളുടെ നിയന്ത്രണരഹിതമായ ഉപയോഗമാകട്ടെ തലമുറയെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളിലേക്കും കൊണ്ടെത്തിക്കാം.