മാങ്ങാത്തൊലിയായ മാഗ്നാകാർട്ട!
എന്തെന്ത് വിശേഷണങ്ങളായിരുന്നു ആ നിയമം പാസ്സാക്കിയപ്പോൾ കേരളം കേട്ടത്− ജനങ്ങളുടെ മാഗ്നാകാർട്ട, സർക്കാർ ഉദ്യോഗസ്ഥർ ഇനി സർക്കാർ അനുശാസിച്ചിരിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ സേവനങ്ങൾ നൽകണം, സേവനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം, സർട്ടിഫിക്കറ്റുകൾ അതിവേഗം കൈയിൽ− എന്നിങ്ങനെ പോയി ആ ഗീർവാണങ്ങൾ. ഇവിടത്തെ സർക്കാർ ജീവനക്കാരുടെ ആത്മാർത്ഥത വർഷങ്ങളായി കണ്ടുകൊണ്ടിരുന്നവരെ സംബന്ധിച്ചിടത്തോളം ആ പ്രഖ്യാപനം ആലീസെത്തിയ അത്ഭുതലോകം പോലെയാണ് അന്നേ ഫീൽ ചെയ്തിരുന്നതെങ്കിലും മുഖ്യമന്ത്രി ചാണ്ടിയുടെ വാചകക്കസർത്ത് കേട്ട് പലരും അത് കണ്ണുമടച്ച് അങ്ങ് വിശ്വസിച്ചു. 2012 ജൂലൈ 16−ന് സേവനാവകാശ നിയമം പാസ്സാക്കിക്കൊണ്ട് കേരളം ഇന്ത്യയിലെ 13−ാമത്തെ സംസ്ഥാനമായി മാറിയപ്പോൾ സർക്കാർ സേവനങ്ങൾ കുറച്ചു കൂടി ഉത്തരവാദപ്പെട്ട രീതിയിലാകുമെന്ന് ദോഷൈകദൃക്കുകൾ പോലും കുറച്ചൊക്കെ വിശ്വസിച്ചുവെന്നതാണ് സത്യം. പക്ഷേ എങ്ങനെ പണി ചെയ്യാതിരിക്കാമെന്ന് ചിന്തിക്കുകയും കഴിവതും ജനങ്ങളെ പരമാവധി നടത്തുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന ജീവനക്കാർക്ക് തങ്ങളുടെ ജോലി ചെയ്യാതിരിക്കാൻ സംഘടനാബലമെന്ന പ്രതിരോധമുണ്ടെന്നതിനു പുറമേ, സർക്കാരിനാകട്ടെ സർക്കാർ ജീവനക്കാരുടെ സസുഖ ജീവിതത്തിൽ ഇടപെടാനൊന്നും അത്ര താൽപര്യമൊന്നും ഇല്ലെന്നാണ് പിന്നീട് വെളിപ്പെട്ടത്. സേവനാവകാശ നിയമപ്രകാരം കൈവശാവകാശ സർട്ടിഫിക്കറ്റ് ഏഴു ദിവസത്തിനകം നൽകിക്കോളണമെന്നാണ് സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ളതെങ്കിലും കേരളത്തിലെ ഏതെങ്കിലുമൊരു വില്ലേജ് ഓഫീസിൽ പ്രസ്തുത കാലയളവിനുള്ളിൽ അത് നൽകപ്പെട്ടിട്ടുണ്ടെങ്കിൽ ആ ഓഫീസിനെ പ്രത്യേകം കണ്ട് സർക്കാരിന് ആദരിക്കാവുന്നതാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്ഥിരം പല്ലവി സർക്കാർ ജീവനക്കാരും ഒന്നടങ്കം സേവനാവകാശ നിയമത്തിന്റെ കാര്യത്തിലും ഏറ്റെടുത്തു കഴിഞ്ഞുവെന്നാണ് വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ സമീപകാലത്ത് കയറിയിറങ്ങിയവരുമായി സംവദിച്ചതിൽ നിന്നും ഈ ലേഖകന് ബോധ്യപ്പെട്ടത്. വിവിധ ഓഫീസുകൾക്കു മുന്നിൽ സേവനാവകാശ നിയമവും വിവിധ സർട്ടിഫിക്കറ്റുകൾ നൽേകണ്ടതിനായുള്ള നിശ്ചിത സമയപരിധിയുമൊക്കെ എഴുതി തൂക്കിയിട്ടുണ്ടെങ്കിലും അവയൊക്കെ ആ ഫ്‌ളക്‌സിൽ തന്നെ അന്ത്യവിശ്രമം കൊള്ളാൻ വിധിക്കപ്പെട്ടവയാണ്.
സേവനാവകാശ നിയമം നടപ്പാക്കി പത്തു മാസം പിന്നിട്ട സമയത്ത് അതിന്റെ കാര്യക്ഷമത പരീക്ഷിക്കുന്നതിനായി സർക്കാർ 2013 സപ്തംബർ ഒന്പതിന് സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ നേതൃത്വത്തിൽ ഒരു റെയ്ഡ് നടത്തിയിരുന്നു. സേവനാവകാശ നിയമം നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന പരാതികളെ തുടർന്ന് വിജിലൻസ് ഡയറക്ടർ മഹേഷ് കുമാർ സിംഗ്ലയുടെ നിർദ്ദേശപ്രകാരം എ.ഡി.ജി.പി ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ സർവ്വീസ് റൈറ്റ്‌സ് എന്ന പേരിൽ നടത്തപ്പെട്ട റെയ്ഡിൽ സംസ്ഥാനത്തെ കോർപ്പറേഷനുകൾ, മുൻസിപ്പാലിറ്റികൾ, തെരഞ്ഞെടുത്ത പഞ്ചായത്തുകൾ എന്നിവയാണ് ഉൾപ്പെട്ടിരുന്നത്. സേവനാവകാശ നിയമപ്രകാരം മൂന്നു ദിവസം മുതൽ 15 ദിവസം വരെയുള്ള കാലയളവിൽ നൽകപ്പെടേണ്ട ഏതാണ്ട് 8700 അപേക്ഷകളാണ് ആറു മാസക്കാലമായി പലയിടത്തും കെട്ടിക്കിടക്കുന്നതായി അന്ന് വിജിലൻസ് കണ്ടെത്തിയത്. എന്തിനധികം പറയുന്നു, ഉദ്യോഗസ്ഥരിൽ പലരും സേവനാവകാശ നിയമം എന്താണെന്നു പോലുമറിയാതെ വാപൊളിച്ചു നിൽക്കുന്ന കാഴ്ചയും കേരളം കണ്ടു. ജനങ്ങളുടെ മാഗ്‌നാകാർട്ട ഉദ്യോഗസ്ഥർക്ക് വെറും മണ്ണാങ്കട്ടയാണെന്ന് സാരം!
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തങ്ങൾ നൽകുന്ന അപേക്ഷകളിൽ കൃത്യസമയത്ത് വിവരം ലഭിക്കുന്നില്ലെന്നും നൽകപ്പെടുന്ന പരാതികൾ അവഗണിക്കപ്പെടുകയാണെന്നും കാണിച്ച് ജനങ്ങളിൽ നിന്നും ഏതാണ്ട് മുപ്പതോളം പരാതികൾ വിജിലൻസിനു ലഭിച്ചിരുന്നതിനെ തുടർന്നാണ് 2013 സപ്തംബർ ഒന്പതിന് റെയ്ഡ് നടത്തപ്പെട്ടത്. സേവനാവകാശ നിയമം ചൂണ്ടിക്കാട്ടി അപേക്ഷയെപ്പറ്റി തിരക്കുന്നപക്ഷം അത് കുറച്ചുകൂടി വൈകിക്കുന്ന സമീപനമായിരുന്നുവത്രേ ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നതെന്നാണ് ചില പരാതികളിൽ ഉണ്ടായിരുന്നത്. കൂടുതൽ പരാതികൾ ലഭിച്ച പഞ്ചായത്തുകളെ കണ്ടെത്തിയശേഷം എല്ലാ മുൻസിപ്പാലിറ്റികളേയും കോർപ്പറേഷനുകളേയും ഉൾപ്പെടുത്തിക്കൊണ്ടാണ് അന്ന് വിജിലൻസ് റെയ്ഡ് നടത്തിയത്. ഒപ്പം തന്നെ സേവനാവകാശ നിയമത്തെപ്പറ്റി ഉദ്യോഗസ്ഥർക്ക് അറിവുണ്ടോയെന്നും അപേക്ഷയിൽ അവർ കൃത്യസമയത്ത് പ്രതികരിക്കുന്നുണ്ടോയെന്നും അറിയാനുമുള്ള ശ്രമങ്ങളുമുണ്ടായി. നിശ്ചിത സമയത്തിനുള്ളിൽ സേവനം നൽകാനാവാതിരുന്നാൽ എന്തുകൊണ്ടാണ് അത് നൽകാതിരിക്കുന്നതെന്ന് ആവശ്യക്കാരന് എഴുതി നൽകാൻ നിയമം നിഷ്‌കർഷിക്കുന്നുണ്ടെങ്കിലും ആ ചട്ടം പാടെ അവഗണിക്കപ്പെട്ടതായാണ് റെയ്ഡിൽ കണ്ടത്. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലുമായിരുന്നു ഏറ്റവും കൂടുതൽ അപേക്ഷകൾ ഒരു നടപടിയുമെടുക്കാതെ കെട്ടിക്കിടക്കുന്നത് കണ്ടത്. മറ്റു പല ക്രമക്കേടുകളും റെയ്ഡിൽ കണ്ടെത്തപ്പെട്ടിരുന്നു. രജിസ്റ്ററുകളിൽ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരിക്കുക, എവിടെ പോയി എന്ന് രേഖപ്പെടുത്താതെ ജീവനക്കാരിൽ പലരും സ്ഥലത്തില്ലാതിരിക്കുക എന്നിവയ്ക്കു പുറമേ തിരുവനന്തപുരം കോർപ്പറേഷനിലെ ഒരാളെ കണക്കിൽ പെടാതെ പണം സൂക്ഷിച്ചതിന് പിടികൂടുകയും ചെയ്തു.
ഗസ്റ്റ് വിജ്ഞാപനമായി സേവനാവകാശ നിയമം സർക്കാർ പ്രസിദ്ധപ്പെടുത്തിയ സ്ഥിതിക്ക് അത് നടപ്പാക്കാൻ നിയമപരമായി ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നത് അക്ഷരാർത്ഥത്തിൽ ഉദ്യോഗസ്ഥർ തൃണവൽക്കരിക്കുകയായിരുന്നുവെന്നാണ് അന്നത്തെ റെയ്ഡിൽ ബോധ്യപ്പെട്ടത്. പക്ഷേ ഈ കൃത്യവിലോപം കാണിച്ചവർക്കെതിരെ സർക്കാർ ഏതെങ്കിലും നടപടിയെടുത്തതായി ഈ ലേഖകന് കണ്ടെത്താനായില്ല. “ജീവനക്കാരുടെ സംഘടനാബലത്തിന്റേയും ഉദ്യോഗസ്ഥ മേധാവിത്തത്തിന്റേയും പിടിയിലകപ്പെട്ട കേരളത്തിലെ സർക്കാരിന് സേവനാവകാശം നിയമം നടപ്പാക്കുന്നതിൽ യാതൊരു ആത്മാർത്ഥതയും ഇല്ലെന്നതിന്റെ ശക്തമായ തെളിവാണ് ഈ നിയമം ലംഘിച്ച ഒരു ഉദ്യോഗസ്ഥൻ പോലും കേരളത്തിൽ ഇതുവരേയും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നത്. സർക്കാർ സർവ്വീസ് സംഘടനകളാകട്ടെ തങ്ങളിൽ ആരും തന്നെ ഇതുവരേയ്ക്കും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നത് സേവനാവകാശ നിയമം കാര്യക്ഷമമായാണ് തങ്ങൾ നടപ്പാക്കുന്നതെന്ന് പറയാനാണ് ഉപയോഗപ്പെടുത്തുന്നത്,’’ വിവരാവകാശ പ്രവർത്തകനും സേവനാവകാശ നിയമത്തിന്റെ കരട് ബിൽ തയാറാക്കി മുഖ്യമന്ത്രിക്ക് നൽകിയയാളുമായ അഡ്വക്കേറ്റ് ഡി.ബി ബിനു പറയുന്നു.
സേവനാവകാശ നിയമത്തിന് ഒരു ചരിത്രമുണ്ടെന്ന കാര്യം പക്ഷേ പലരും വിസ്മരിച്ചിരിക്കുന്നു. 1997 മേയ് 24−ന് രാജ്യത്ത് നടപ്പിലാക്കാൻ തീരുമാനിച്ച പൗരാവകാശ രേഖയുടെ പിന്തുടർച്ചക്കാരനാണ് 2012 ജൂലൈ പതിനാറിന് നിയമസഭ പാസ്സാക്കിയ സേവനാവകാശ നിയമം. പൗരനും സർക്കാരും തമ്മിലുള്ള ഈ ഉടന്പടി പ്രകാരം സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകുക എന്നത് സർക്കാർ ഉദ്യോഗസ്ഥന്റെ ചുമതലയാണ്. ബ്രിട്ടനിൽ 1991−ൽ നിലവിൽ വന്ന സിറ്റിസൺ ചാർട്ടർ പ്രോഗ്രാമിൽ നിന്നാണ് അതിന്റെ പ്രചോദനം. കേരളത്തിൽ ഇ.കെ നായനാർ മുഖ്യമന്ത്രിയായിരിക്കുന്പോഴാണ് 1999 ഡിസംബർ 21−ന് എല്ലാ സർക്കാർ വകുപ്പുകളും ഏജൻസികളും പൗരാവകാശ രേഖ തയാറാക്കി പ്രസിദ്ധീകരിക്കണം എന്ന ഉത്തരവുണ്ടായത്. അതിനായി 73 വകുപ്പുകളിലും അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളിലും ദൗത്യസംഘത്തേയും നിയോഗിക്കുകയുണ്ടായി. കേരളാ മുൻസിപ്പാലിറ്റി ആക്ടിലെ 563എ പ്രകാരം എല്ലാ നഗരസഭകളും പൗരാവകാശ രേഖയ്ക്ക് രൂപം നൽകാനും സമാനമായ വ്യവസ്ഥ പഞ്ചായത്ത് രാജ് നിയമത്തിലും കൊണ്ടുവരാനും തീരുമാനവുമായി. പക്ഷേ സർക്കാരിന്റെ പൗരാവകാശ വിളംബരത്തിന് പല വകുപ്പുകളും പുല്ലുവിലയാണ് കൽപിച്ചത്. ഉദ്യോഗസ്ഥരാകട്ടെ തങ്ങൾക്ക് പാരയാകുന്ന വിളംബരത്തെ പരക്കെ അവഗണിക്കുകയും ചെയ്തു. വാഗ്ദാനം ലംഘിച്ച ഉദ്യോഗസ്ഥനെ ശിക്ഷിക്കാനാവില്ലാത്തതാണ് പൗരാവകാശ രേഖയുടെ പരാജയം.
അതിനെ മറികടക്കാനും സേവനാവകാശം ലംഘിക്കുന്ന ഉദ്യോഗസ്ഥനെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് 2012−ൽ കേരള സംസ്ഥാന സേവനാവകാശ നിയമത്തിന് രൂപം നൽകിയത്. പൗരാവകാശ രേഖയ്ക്ക് നിയമപരമായ സംരക്ഷണം കൊടുക്കുകയും അത് ലംഘിക്കപ്പെട്ടാൽ ശിക്ഷിക്കുകയും ചെയ്യുന്നതാണ് സേവനാവകാശ നിയമം. ഇതിന് ഉപോൽബലകമായതാകട്ടെ കൊച്ചിയിലെ ഹ്യൂമൻ റൈറ്റ്‌സ് ഡിഫൻസ് ഫോറം എന്ന സംഘടന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകിയ സേവനാവകാശ ബില്ലിന്റെ കരട് രൂപവും. “ഞങ്ങൾ തയാറാക്കി നൽകിയ ബില്ലിലെ സുപ്രധാനമായ പല നിർദ്ദേശങ്ങളും അവഗണിച്ചുകൊണ്ടാണ് സർക്കാർ സേവനാവകാശ നിയമം നിയമസഭയിൽ അവതരിപ്പിക്കുകയും ബിൽ സബ്ജക്ട് കമ്മിറ്റിയുടെ ഒരു ദിവസത്തെ പരിശോധനയ്ക്കുശേഷം ചർച്ച പോലുമില്ലാതെ പ്രതിപക്ഷ ബഹളത്തിനിടയിൽ സഭ പാസ്സാക്കുകയും ചെയ്തത്. വിവരാവകാശ കമ്മീഷന്റെ മാതൃകയിൽ സ്വയം ഭരണാവകാശമുള്ള സംസ്ഥാന പബ്ലിക് സർവ്വീസ് ഡെലിവറി കമ്മീഷൻ ആയിരിക്കണം രണ്ടാം അപ്പീൽ പരിശോധിക്കേണണ്ടതെന്നായിരുന്നു ഞങ്ങളുടെ ഒരു നിർദ്ദേശം. എന്നാൽ സേവനാവകാശ നിയമത്തിൽ രണ്ടാം അപ്പീൽ അധികാരി, അപ്പീലിൽ തീരുമാനമെടുക്കുന്പോൾ രേഖകൾ ഹാജരാക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്ക് സിവിൽ കോടതിയുടെ അധികാരം നൽകുന്നുവെങ്കിലും ബ്യൂറോക്രസിയിൽ നിന്നും സ്വതന്ത്രമായ ഒരു സംവിധാനം സേവനാവകാശ നിയമത്തിലില്ല,’’ ഹ്യൂമൻ റൈറ്റ്‌സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി കൂടിയായ അഡ്വക്കേറ്റ് ഡി.ബി ബിനു പറയുന്നു.
ഇന്ത്യയിലെ 12 സംസ്ഥാനങ്ങൾ പാസ്സാക്കിയ നിയമം 13−ാമത്തേതായി കേരളം പാസ്സാക്കിയപ്പോൾ മികച്ച രീതിയിൽ നിയമം രൂപപ്പെടുത്തിയ കർണാടകം പോലുള്ള സംസ്ഥാനങ്ങളുടെ സേവനാവകാശ നിയമങ്ങളിലെ വ്യവസ്ഥകൾ പലതും കേരളം വിഴുങ്ങുകയും ചെയ്തു. ഏതാണ്ട് 70−ഓളം സർക്കാർ വകുപ്പുകൾ തങ്ങൾ നൽകുന്ന സേവനങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും കേരളത്തിൽ ചട്ടങ്ങൾ നിർമ്മിച്ചത് ഒട്ടും തന്നെ യുക്തിപൂർവ്വമല്ല. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അവസ്ഥ തന്നെ നോക്കൂക. റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്യാനുള്ള റിഡക്ഷൻ സർട്ടിഫിക്കറ്റ്, മേൽവിലാസം, വീട്ടുനന്പർ എന്നിവ തിരുത്തൽ, താൽക്കാലിക കാർഡ് പോലുള്ള 14 സേവനങ്ങൾ അപേക്ഷ കൊടുക്കുന്ന അന്നേ ദിവസം തന്നെ ചെയ്തു കൊടുക്കണമെന്നാണ് പറയുന്നത്. തീർത്തും അസാധ്യമായ ഒരു കാര്യമാണതെന്ന് സിവിൽ സപ്ലൈസ് വകുപ്പു തന്നെ സമ്മതിക്കുന്നു. “ഇത്തരം സേവനങ്ങൾ അതേ ദിവസം തന്നെ ചെയ്തുകൊടുക്കണമെന്ന് നിഷ്‌കർഷിച്ചതിനാലാണ് വിജ്ഞാപനത്തിൽ അന്നേ ദിവസം തന്നെ അവ കൊടുക്കുമെന്ന് എഴുതിവെച്ചത്. പക്ഷേ കൊടുക്കാനാവില്ലെന്ന് ഞങ്ങൾക്കു തന്നെ അറിയാം,’’ ഒരു സിവിൽ സപ്ലൈസ് ഉന്നതോദ്യാഗസ്ഥൻ തുറന്നുപറയുന്നു.
പക്ഷേ ഒരു ദിവസത്തിൽ തന്നെ നൽകാവുന്ന സേവനങ്ങൾ പല വകുപ്പുകളും വൈകിപ്പിക്കുന്നതും സേവനാവകാശ നിയമത്തിൽ വ്യക്തമായി കാണാനാകും. റവന്യൂ വകുപ്പിനു കീഴിലുള്ള സേവനങ്ങളിൽ അത് വ്യക്തം. വരുമാന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റിനും നിശ്ചിത സമയപരിധി ആറു ദിവസവും കൈവശാവകാശ സർട്ടിഫിക്കറ്റിന് എഴു ദിവസവും ജാതി സർട്ടിഫിക്കറ്റിനും വാല്യുവേഷൻ സർട്ടിഫിക്കറ്റിനും മൂന്നു ദിവസവുമാണ് സമയപരിധി. “നേരത്തെ ഒറ്റ ദിവസത്തിൽ കിട്ടിയിരുന്നതാണ് ഈ സർട്ടിഫിക്കറ്റുകൾ. നേരത്തെ സർട്ടിഫിക്കറ്റ് വേണ്ടയാൾ കൈക്കൂലി നൽകി അത് വേഗം സംഘടിപ്പിച്ചെടുക്കാൻ ശ്രമിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട സേവനാവകാശം കൈക്കൂലി കിട്ടാനുള്ള അവകാശമായി അവിടെ മാറിയിരിക്കുന്നു. കൈക്കൂലി ഉദ്യോഗസ്ഥന് നിയമം വഴി ഉറപ്പാക്കിക്കൊടുത്തിരിക്കുന്നുവെന്ന് സാരം,’’ ബിനു ചൂണ്ടിക്കാട്ടുന്നു. ഇനിയുമുണ്ട് പോരായ്മകൾ. സേവനം വാഗ്ദാനം നൽകുന്നതിന് നിബന്ധനകൾ വെയ്ക്കാൻ പാടില്ലെന്ന നിയമം കേരളത്തിൽ പൂർണ്ണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പോക്കുവരവ് സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ റവന്യൂ വകുപ്പ് പറയുന്നതിങ്ങനെ: “നിയമതടസ്സമോ സാങ്കേതിക തടസ്സമോ ഇല്ലാത്ത കേസ്സുകളിൽ 40 ദിവസത്തിനകം’’. നിയമതടസ്സമുണ്ടാക്കാൻ ഉദ്യോഗസ്ഥർക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് ആർക്കാണറിയാത്തത്? പ്രസ്തുത കാര്യം അഥവാ സർട്ടിഫിക്കറ്റിനായി എന്തെല്ലാം കാര്യങ്ങൾ അപേക്ഷയുടെ ഭാഗമായി സമർപ്പിക്കണം എന്ന കാര്യം വിജ്ഞാപനത്തിൽ തന്നെ വ്യക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. ‘’നിബന്ധനകൾ വെച്ചതുകൊണ്ടാണ് ചുവപ്പുനാടക്കുരുക്കും കെടുകാര്യസ്ഥതയും നമ്മുടെ ഉദ്യോഗസ്ഥർക്കുണ്ടായത്. വീണ്ടും നിബന്ധനകൾ വെയ്ക്കുക വഴി വാസ്തവത്തിൽ എല്ലാം പഴയപടി തന്നെയാക്കുകയാണ് പല വകുപ്പുകളും,’’ ബിനു കൂട്ടിച്ചേർക്കുന്നു.
എല്ലാ പൗരന്മാർക്കും വായിച്ചാൽ മനസ്സിലാകുന്ന ഭാഷയിലാകണം വിജ്ഞാപനമെന്നിരിക്കേ പട്ടികജാതി −പട്ടികവർഗ വകുപ്പും വനം മന്ത്രാലയവും പൊലീസുമൊക്കെ അത് പുറപ്പെടുവിച്ചതാകട്ടെ ഇംഗ്ലീഷിലും. ആദിവാസി ഇംഗ്ലീഷിലുള്ള വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയിട്ടു വേണം സേവനാവകാശം തേടാൻ. ഭരണഭാഷ മലയാളം എന്ന വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ എഴുതിവെയ്ക്കുന്ന സർക്കാരിന് ജനങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യത്തിൽ ഇംഗ്ലീഷിനോടാണ് പ്രിയം.
വേറെയുമുണ്ട് തമാശകൾ. വാർധക്യകാല പെൻഷൻ സംബന്ധിച്ചുള്ള അപേക്ഷയിൽ റവന്യു ഇൻസ്‌പെക്ടർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നഗരകാര്യവകുപ്പ് വെച്ചിരിക്കുന്നത് 60 ദിവസത്തെ കാലാവധിയാണ്. മിക്കവാറും റിപ്പോർട്ട് സമർപ്പിച്ച് പെൻഷൻ കിട്ടാറാകുന്പോഴേക്കും അപേക്ഷകൻ ‘വടി’യായിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിധവകൾക്കായുള്ള അഗതി പെൻഷനും വികലാംഗ പെൻഷനുമൊക്കെ അന്വേഷണ റിപ്പോർട്ട് കൊടുക്കാനുള്ള കാലാവധിയും 60 ദിവസം തന്നെ! വീടിനു മേലേക്ക് ചാഞ്ഞിരിക്കുന്ന അപകടകരമായ വൃക്ഷങ്ങളെക്കുറിച്ചുള്ള പരാതിയിൽ മുൻസിപ്പൽ സെക്രട്ടറി ആദ്യ നോട്ടീസ് നൽകുന്നതിന് ഏഴു ദിവസമാണ് സമയപരിധി. മരം ഒടിഞ്ഞു വീണ് ആളു ചത്തുകഴിഞ്ഞ് ശവസംസ്‌കാരത്തിന് മരം മുറിക്കുന്പോഴേക്കും സർക്കാരിന്റെ ആദ്യ നോട്ടീസ് എത്തും! ഉഗ്രൻ സേവനം തന്നെ!
ഒരു ശിപായിക്കെതിരെ നടപടിയെടുക്കാൻ പോലും ഉദ്യോഗസ്ഥതലത്തിലുള്ള ഒരു സെക്രട്ടറിക്ക് കഴിയില്ലെന്ന് കേരളത്തിലെ ജീവനക്കാരുടെ സംഘടനകളുടെ ബലത്തെപ്പറ്റി അറിയാവുന്നവർക്ക് നന്നായി അറിയാം. അങ്ങനെയുള്ള അവസ്ഥയിൽ എങ്ങനെയാണ് സർക്കാർ ഉദ്യോഗസ്ഥൻ തന്നെയായ രണ്ടാം അപ്പീൽ അധികാരിക്ക് ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാനാകുക? മതിയായതും യുക്തിസഹവുമല്ലാതെ സേവനം നൽകുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയെന്ന് രണ്ടാം അപ്പീൽ അധികാരിക്ക് ബോധ്യപ്പെട്ടാൽ 500 രൂപ മുതൽ 5000 രൂപ വരെ പിഴ ചുമത്താം. ന്യായമായ കാരണങ്ങളില്ലാതെ ഉദ്യോഗസ്ഥൻ വിവരം നിഷേധിച്ചാലും ഈ ശിക്ഷ ലഭിക്കും. സേവനം നൽകുന്നതിൽ ഉദ്യോഗസ്ഥൻ കാലതാമസം വരുത്തിയാലാകട്ടെ സേവനം വൈകിക്കുന്ന ഓരോ ദിവസത്തിനും 250 രൂപാ നിരക്കിൽ 500